Follow by Email

Monday, May 9, 2016

കടുകവരാതം - 2


/ രണ്ടാം അവരാതം /

മേഘക്കാറിൽ നിന്നും ഇറങ്ങിയ പരമശിവൻ അയാൾക്കരികിലായി കശുവണ്ടിപ്പാറയിലേക്ക് പടിഞ്ഞു. കർത്താവ് കൈവെള്ളയിലെ മുറിവ് ഊതിക്കൊണ്ട് അല്പം മാറി നിന്ന് കണ്ണുകളെ കനൽക്കടലിലേക്ക് മേയാൻവിട്ടു. പടച്ചവൻ ഒരു ഹൂറിയുടെ കവിളിൽ നുള്ളി ശൃംഗാരം വിരൽത്തുമ്പിൽ പുരട്ടി. ആ വിരൽത്തുമ്പ് അയാളുടെ ചുട്ടനെറ്റിയിൽ തലോടൽ തീർത്തപ്പോൾ അയാൾക്ക് കുളിർന്നു. ശൃംഗാരപ്പുഴ അയാളുടെ ശരീരത്തിലൂടെ കൂലം‌കുത്തിയൊഴുകി അയാളെ തണുപ്പിച്ചു. കണ്ണുകളടച്ച് അയാൾ എന്റെ അല്ലാ എന്ന് പരവശൻ മട്ട് വിലാപം പൊഴിക്കുന്നത് പരമശിവൻ അടുത്തിരുന്ന് കണ്ടു. നീലകണ്ഠത്തിൽ ചുറ്റിയിരുന്ന പാമ്പിനെ അഴിച്ച് ശിവൻ പാറയിലേക്കിട്ടു. ഉഗ്രനായ ആ പാമ്പൻ പത്തി ഒതുക്കിക്കൊണ്ട് കശുവണ്ടിപ്പാറ ധരിച്ചിരുന്ന കീരിക്കാടൻ ബ്രാൻഡ് ചൂടിൽ നിന്ന് രക്ഷപരതി പടച്ചവന്റെ ഹിജാബിൻതണലിലേക്ക് ഇഴഞ്ഞു.
പാമ്പൊഴിഞ്ഞ കഴുത്തിൽ തടവിക്കൊണ്ട് ആ ഓം‌കാരമൂർത്തി അന്തരീക്ഷത്തിൽ ഉയരുന്ന മുരൾച്ചയിലേക്ക് കാതുകൾ തുറന്നിട്ടു.
‘സഖാവേ, ഇടതടവില്ലാതെ ഇങ്ങനെ ഓംകാരം മുഴക്കാൻ ഇത്രത്തോളം ഫാൻസ് നമുക്കിവിടെയുണ്ടോ? നമ്മിൽ അതിശയം ജനിപ്പിക്കുന്നവിധമാണല്ലോ അവറ്റകളുടെ പ്രകടനം. ‘ ശിവൻ ഇപ്രകാരം അരുളിച്ചെയ്തത് അയാളോടാണെങ്കിലും ഒരു മാത്രയ്ക്കെങ്കിലും ലുക്ക് കൊടുത്തത് പക്ഷേ കർത്താവിലായിരുന്നു. കർത്താവ് മറ്റൊന്നിലും ശ്രദ്ധിക്കാതെ ഏകസുഷിരവാദകനെപ്പോലെ അപ്പോഴും ഇരുകൈവെള്ളയിലെയും മുറിവ് മാറിമാറി ഊതിക്കൊണ്ടിരുന്നു.
വശത്തേക്ക് ചെരിഞ്ഞിരുന്ന് ഒരു ചന്തിയ്ക്ക് ചൂടിൽ നിന്നും അല്പനേരമോക്ഷം നൽകിക്കൊണ്ട് അയാൾ ശിവനോടായി പറഞ്ഞു - ഓംകാരമോ, പരമാ, അങ്ങ് സ്വയം മാർക്കറ്റിംഗ് നടത്തരുത്. അത് ഓംകാരമല്ല. ശീതീകരണികളുടെ മൂളക്കമാണ് സംഗതി. ആ കാണുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ കണ്ടില്ലേ? അതിലൊക്കെ സുഖിമാന്മാരായ ഭക്തമാനവർ ഉണ്ടുരമിച്ച്പാർത്തു വരികയാണ്. അവരനുഭവിക്കുന്ന കുളിർമ്മയാണ് - ഏറിയ കൂറും അങ്ങനെയാണ് - ഈ പ്രപഞ്ചത്തിന്റെ താപവും തപവും. പച്ചപ്പ് തിന്നും പ്രകൃതിയെ തിന്നും തണുപ്പ് തൂറുന്ന യന്ത്രങ്ങളാണ് ദൈവങ്ങളേ... ശീതീകരണികൾ. നെട്ടോട്ടമോടുന്ന ശകടങ്ങളിൽ വരെ ധാരാളമായുണ്ട് അവ! ഭൂമിയെ കരിക്കട്ടയാക്കും ഈ തണുപ്പുതൂറികളും കോൺ‌ക്രീറ്റുകുറ്റികളും ചേർന്ന്...
ആവി പറക്കുന്ന അയാളുടെ വാക്കുകൾ ദൈവങ്ങളെല്ലാം സങ്കടഭാവികളായിക്കൊണ്ട് കാതേറ്റു.
‘അതാണ് ഞാൻ പറഞ്ഞത്. ഭൂമി പച്ചയ്ക്കണം. ഹരിതാഭയിലാണ് മാനവസുഖം കുടികൊള്ളുന്നത്. അല്ലേ കർത്താവേ‘ - പടച്ചവൻ കർത്താവിനോട് ‘ശത്രുവിൻ ശത്രു മിത്രം‘ എന്ന ശാസ്ത്രമനുസരിച്ച് ചോദിച്ചു. കർത്താവ് ഒരിക്കൽക്കൂടി മുറിവൂതി. പിന്നെ ശിരസ്സിലെ മുൾക്കിരീടം ഒന്നിളക്കിയുറപ്പിച്ചു. ശേഷം മാനവൻ‌മാതിരി പറയുകയും ഒപ്പം ദൈവം‌ശൈലിയിൽ അരുളിച്ചെയ്യുകയും ചെയ്തു. അതിങ്ങനെയായിരുന്നു. ‘ഡിയർ പടച്ചോനെ സ്വയം വിൽപ്പനയിൽ താൻ പരമനെ കവയ്ക്കും. എന്നാൽ ഇരുവന്മാരും കേട്ടോ.. വിശ്വാസ, മത മാർക്കറ്റിംഗിൽ നമ്മുടെ പിള്ളേര് ഏറെ മുന്നാക്കമാണ്. നൂറ്റാണ്ടുകൾക്ക് തന്നെ മുൻപിൽ. പച്ചപ്പിലല്ല ശുഭ്രതയുടെ ശാന്തതയിലും സമാധാനത്തിലുമാണ് ലോകം കുളിർക്കുക. ചൂടെന്ന വ്യാധിയെ ഒറ്റ രോഗശാന്തി ശുശ്രൂഷകൊണ്ട് ഹാലേലൂയ പാടിക്കാൻ അറിയാവുന്ന ഉഗ്രനാണ് നമ്മുടെ ബ്രദർ ഉണ്ണിയവിരക്കോയപ്പിള്ള!! സ്വർഗ്ഗത്തിൽ വരെ നോട്ടീസ് കിട്ടിയിരിക്കുന്നു. കണ്ടില്ലായിരുന്നോ? – കർത്താവ് സഹ‌ദൈവങ്ങളോടായി ചോദിച്ചു. സഹദൈവങ്ങൾ ഇല്ലെന്ന മട്ടിൽ കർത്താവിന് തലയാട്ടൽ കൊടുത്തു.
അപ്പോൾ ഹിജാബിന്റെ തണലിൽ ചുരുണ്ടുകിടന്ന പാമ്പ് ആ കാഴ്ച കാണുകയുണ്ടായി. അഗ്നിയാളുന്ന കണ്ണുകളോടെ അയാൾ ദൈവങ്ങൾക്ക് നേരേ ഉയരുന്നു! കണ്ണുകളിൽ ജ്വലിക്കുന്നത് യഥാർത്ഥനെ നിലം‌പരിശാക്കുന്ന രണ്ട് സൂര്യന്മാർ. ഡബിൾ റോൾ ജ്വലനം! പുറത്തേക്ക് നീട്ടിയ ഇരട്ടവാലൻ നാവിൽ ചൂടുകൊത്തിയപ്പോൾ പാമ്പൻ നാവുവലിച്ച് ഒന്നുകൂടി ചുരുണ്ടുകൊണ്ട് അയാളുടെ നീക്കത്തിലേക്ക് കണ്ണാഴ്ത്തി.
(തുടരും)

കടുകവരാതംഉച്ചിയിൽ ഉച്ചവെയിൽ തളം കെട്ടിയപ്പോൾ അയാൾ പുറത്തേക്കിറങ്ങി. മണ്ഡരി വിളഞ്ഞു കിടക്കുന്ന തെങ്ങിൻതോപ്പും വെയിൽ തിളച്ചുപൊങ്ങുന്ന പൊയ്യാനിക്കാരുടെ പറമ്പും കടന്ന് പനമൂട്ടിൽമുത്തിക്കാവിന്റെ മുറ്റത്തെത്തി.
നട്ടുച്ചയായിരുന്നതിനാൽ ഭക്തരുടെ ബാധയിൽ നിന്ന് മുക്തയായിരുന്നു മുത്തിയമ്മ. തന്നെ ചുറ്റും നിന്ന് ആക്രമിക്കുന്ന ചുട്ട ചൂടിനെ പനയോലകൊണ്ട് പറപ്പിച്ച് മുത്തിയമ്മ മുറ്റത്ത് കുത്തിയിരിപ്പുണ്ട്. അയാൾ നിർഭക്തമായ ഒരു പുഞ്ചിരി ആ ദൈവത്തായയ്ക്ക് നൽകിയിട്ട് ശ്രീഘ്രനായി മുറ്റം വെടിഞ്ഞു. മുത്തിയമ്മ ആ പുഞ്ചിരി കണ്ടില്ല. കഴുത്തുയർത്തി തിളച്ചു തുള്ളുന്ന സൂര്യനെ നോക്കി മുറ്റനൊരു തെറി തെറ്റിക്കുകയായിരു മുത്തിയപ്പോൾ.
അയാൾ കശുവണ്ടിപ്പാറ ലക്ഷമാക്കി കുതിച്ചു. തലച്ചോറ് വെന്ത് കുഴഞ്ഞിട്ടുണ്ടാവണം. ചെവികളിൽ നിന്ന് ചൂടുകാറ്റ് പ്രവഹിക്കുന്നു. താനൊരു ആവിയെഞ്ചിനുള്ള വണ്ടിയായി അയാൾക്ക് തോന്നി. ആ തോന്നലിനെ മാനിക്കാനെന്നവണ്ണം ചൂളം വിളിച്ചു കൊണ്ട് അയാൾ ഒരു പാച്ചില് പാഞ്ഞു. മണ്ണ് കനലായി മാറിയെന്ന പാദങ്ങളുടെ അറിയിപ്പ് ചെവി കടന്ന് വെന്തു കുഴഞ്ഞ തലച്ചോറിൽ തറഞ്ഞു.
പുല്ലാനിക്കാട്ടെ പറമ്പിൽ നിന്നിരുന്ന മരങ്ങളൊക്കെ തങ്ങളെ ഉപേക്ഷിച്ചു പോയ ഇലക്കുത്തുങ്ങളെ ഓർത്ത് കരയുന്നത് പാച്ചിലിനിടയിലും അയാൾ കണ്ടു. അയാളുടെ ചങ്കിൻകൂട്ടിൽ നിന്ന് ഒരു കരയൻ കിളി സങ്കടച്ചിറകടിച്ച് തൊണ്ട പൊട്ടിച്ച് പറന്നു പോയി.
ആഞ്ഞിലിക്കുട്ടാ കരയരുതേ,
അത്തിക്കുഞ്ഞേ കരയരുതേ
മരോട്ടിമോനേ കരയരുതേ
പ്ലാവിൻമുത്തേ കരയരുതേ
ഇലഞ്ഞിക്കുട്ടീ കരയരുതേ
പൊങ്ങല്യപ്പെണ്ണേ കരയരുതേ
തേന്മാവിൻചക്കരേ കരയരുതേ...
എന്നൊക്കെയാശ്വസിപ്പിച്ച് ഓരോ മരത്തിനെയും തലോടിക്കൊണ്ട് അയാൾ ഓടി. കണ്ണുകളിൽ നിറഞ്ഞ നീര് ആവിയായി പറന്നു. ഉഷ്ണം കവിളുകളിലൂടെയുള്ള ഒഴുക്കിനെ വരെ വറ്റിക്കുന്നല്ലോയെന്നോർത്ത് അയാൾ ഉറക്കെയുറക്കെ അലറി. കണ്ണുനീരാവി കരിമേഘമായി ഉരുണ്ടുകൂടി വടക്കോട്ട് നീങ്ങി. അയാൾ പടിഞ്ഞാറോട്ടോടി കശുവണ്ടിപ്പാറയുടെ തുഞ്ചത്ത് കയറി ഇരിപ്പുറപ്പിച്ചു. പാറ ഒരു തീക്കട്ട പോലെയായിരുന്നു. ചന്തി വെന്തത് വകവയ്ക്കാതെ അയാൾ അവിടെ അമർന്നിരുന്നു. ചുറ്റും കണ്ണെത്താത്ത ദൂരം കനൽ. ഉഷ്ണം തിരയിളക്കുന്ന കനൽ. ചുട്ടുപഴുത്ത മൺകടൽ. അതിൽ നങ്കൂരം ഇട്ടു നിർത്തിയിരിക്കുന്ന കപ്പലുകളെപ്പോലെ പടുകൂറ്റൻ കോൺക്രീറ്റ് കെട്ടിടങ്ങൾ. ജീവനുള്ള ഒരു ഭീകരമൃഗത്തെപ്പോലെ അത് സദാ മുരണ്ടുകൊണ്ടിരിക്കുന്നു.
പഞ്ചാഗ്നി മധ്യേയെന്നപോലെ അയാൾ പാറപ്പുറത്തിരുന്ന് അറബിയിലും സംസ്കൃതത്തിലും ലത്തീനിലും മാറി മാറി മുദ്രാവാക്യം മുഴക്കി. അപ്പോൾ ഉർവ്വശി രംഭ തിലോത്തമമാർ, മറ്റ് അപ്സര കന്യകകൾ, മാലാഖമാർ, ഹൂറികൾ - ഈ വിധം സ്വർഗസ്ഥമായ സ്ത്രീ വൈവിധ്യങ്ങൾ ഒരു ആഡംബര മേഘത്തിൽ അവിടേക്ക് വന്നിറങ്ങി. രംഭ ഓടി വന്ന് അയാളുടെ കീഴ്ചുണ്ടിൽ തന്റെ നാവിൻ തുമ്പുകൊണ്ട് ഒരു ഹലോ കുറിച്ചു. അയാൾ രംഭയുടെ മേൽചുണ്ടിൽ പ്രത്യുചാരമായി മറുഹലോ നാവിൻ തുമ്പാൽ തീർത്തു. പിന്നാലെ സകലമാന ഹൂറികളും അതാവർത്തിച്ചു. അപ്പോഴേക്കും അയാളുടെ അധരങ്ങൾ ഇഹമുഖവാസം വെടിഞ്ഞിരുന്നു. അധരശൂന്യനായിക്കൊണ്ട് അയാൾ ആലോചിച്ചു, ഇവൾകൾ അത്രയും വാത്സ്യായന ഗുരുക്കളുടെ സ്കൂൾ ഓഫ് നേരമ്പോക്കിൽ നിന്ന് അഭ്യാസം സിദ്ധിച്ചവരത്രെ! വമ്പത്തികൾ!
- തിലൂ, നിങ്ങളുടെ ബോസുമാർ വരാൻ വൈകുമോ? ആവശാലാണ് അവറ്റകളുടെ വരവെങ്കിൽ ഉച്ചച്ചൂടും അസംഖ്യം വരുന്ന ഈ 'ഹോട്ട്' ഹൂറികളും നമ്മെ ഭക്ഷിക്കാനിടയുണ്ടെന്ന സന്ദേഹം ഉള്ളിൽ ഉദ്ധാരണം പ്രാപിക്കുന്നുണ്ട് തിലൂ...
അയാൾ തിലോത്തമയുടെ ചെവിയിൽ മറ്റാരും കാണാതെ നാവിൻ തുമ്പു കൊണ്ട് രഹസ്യമിറ്റിച്ചു.
തിലോത്തമ്മ അയാളുടെ ഇടത് മുലക്കണ്ണിൽ അധരമമർത്തി ഹൃദയത്തോട് മന്ത്രിച്ചു. ദേ, ആകാശത്തേക്ക് നോക്കൂ.. അവരെത്തി. തിലോത്തമയുടെ അധരം കം നാവുവേലയിൽ ത്രസിച്ച മുലക്കണ്ണുകൾ കൊണ്ട് അയാൾ കണ്ടു തൂവെള്ള മേഘക്കാർ കശുവണ്ടിപ്പാറയിൽ ലാൻഡ് ചെയ്യുന്നത്.
ആ മേഘക്കാറിൽ നിന്ന് ആദ്യം ഇറങ്ങിയത് പരമശിവനാണ്. തൊട്ടു പിന്നിൽ കർത്താവ്. അതിനും പിന്നിലായി പടച്ചവൻ...
....
തുടരും..

Thursday, June 18, 2015

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

എസ്.എൻ.ഡി.പി യെ ഭാവിയിൽ ആർ.എസ്.എസ് വിഴുങ്ങും എന്ന കൊടിയേരി സഖാവിന്റെ ഭയപ്പെടുത്തുന്ന  പ്രവചനം എന്റെ ഉള്ളുലച്ചു. ബ്ലോഗും ഫേസ്ബുക്കുമൊക്കെ അടച്ചുപൂട്ടി സ്വാസ്ഥ്യം നുണഞ്ഞ് സസുഖം ഞാനിങ്ങനെ ഉണർന്ന് വാഴുമ്പോഴാണ് സഖാവ് ദീർഘവീക്ഷണത്തോടെ മേപ്പടി പ്രവചനം നടത്തിയ വാർത്ത മാതൃഭൂമിയിലൂടെ അറിയാനിടവരുന്നത്. ഭാഗ്യത്തിന് ബ്ലോഗിന്റെ പാസ്സ്‌വേഡ് മറക്കാൻ നേരമായിരുന്നില്ല. എങ്കിൽ പിന്നെ ഇവിടെകയറി കൊടിയേരിയൻ പ്രവചനത്തെ മുൻ‌നിർത്തിക്കൊണ്ട്  നാലു‌പേച്ച് പേച്ചി മടങ്ങാമെന്ന് വിചാരിച്ചു. സംഗതി ആർക്കും ചേതമുള്ള കാര്യമല്ലല്ലോ!

എസ്.എൻ.ഡി.പി എന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. അതൊരു സാമുദായിക സംഘടനയാണ്. അങ്ങനെയല്ലേ? അപ്പോൾ അതിന്റെ നിലനില്പിനും വളർച്ചക്കും സംരക്ഷണത്തിനും വേണ്ടതായ പ്രവർത്തനങ്ങൾ നടത്തേണ്ട ചുമതലകൾ സമുദായാംഗങ്ങൾ തിരഞ്ഞെടുത്ത വ്യക്തികളിൽ നിക്ഷിപ്തമാണ്. അതിൽ സംഘടനയ്ക്ക് പുറത്തുനിന്ന് ആർക്കെങ്കിലും അഭിപ്രായപ്രകടനം നടത്തേണ്ട കാര്യമില്ല. സംഘടന ഒരു സമ്മേളനം നടത്തുന്നുവെങ്കിൽ ആ പരിപാടിയിൽ ആരെ പങ്കെടുപ്പിക്കണം, അല്ലെങ്കിൽ ആരെയൊക്കെ ഒഴിവാക്കണം എന്ന കാര്യങ്ങളെല്ലാം അവരുടെ മാത്രം സൌകര്യമാണ്. എന്നിട്ടും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്ന കൊടിയേരിയേപ്പൊലൊരു ദേഹം അത്തരത്തിൽ എസ്.എൻ.ഡി.പിയുടെ ആഭ്യന്തരമെന്ന് കാണാവുന്ന കാര്യത്തിന്മേൽ ചെറുതല്ലാത്തവിധം അഭിപ്രായം പ്രകടിപ്പിക്കുന്നുവെങ്കിൽ അത് കേരളനാടിന്റെ രാഷ്ട്രീയബോധത്തിനും അപ്പുറമായി നിൽക്കുന്ന അദ്ദേഹത്തിന്റെ മാനവികബോധത്തിന്റെ തെളിവായാണ് കണ്ടുമാനിക്കേണ്ടത്. എന്നാൽ സഖാവ് കൊടിയേരിയുടെ വർത്തമാനത്തിന് അത്തരം സദുദ്ദേശം നൽകുന്നത് കൊടിയ തെറ്റാവുമെന്ന് ഞാൻ ധരിക്കുന്നു.

കാരണം, ശ്രീനാരയണഗുരുവിനെ ആർ.എസ്.എസിന്റെ ശൂലത്തിൽ കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന കൊടിയേരിയുടെ ഉൽകണ്ഠ ഗൂഢലക്ഷ്യങ്ങളോടെ ഉള്ളതാണ്. സമുദായമെന്നാൽ വെറും ‘വോട്ടു’കൂട്ടമാണെന്ന് ധരിച്ചതുകൊണ്ട് മാത്രമുള്ള നാവാട്ടൽ മാത്രമാണ് സഖാവ് കൊടിയേരി നടത്തിയിരിക്കുന്നത്. നന്മയോ ആത്മാ‍ർത്ഥതയോ അതിലില്ല. വാ പിളർന്നുവരുന്ന ഒന്നിനുനേരേ ഇരയായി തീരാൻ മാത്രം ഭോഷ്കരാണ് നാരായണീയരെന്ന് ആരും ധരിക്കേണ്ടതില്ല. സമുദായത്തെ വിഴുങ്ങാൻ ആർ.എസ്.എസ്. പിളർത്തുന്നതിലും (പിളർത്തുന്നെങ്കിൽ) ‌ വലിപ്പത്തിലാണ് ഈ പ്രവചനത്തോടെ സഖാവ് വായ പിളർന്നിരിക്കുന്നത്. ആർ.എസ്.എസിന്റെ അതേ കൊതി തന്നെയാണ് സഖാവിനുമെന്ന് സാരം.

ആർ.എസ്.എസിനെ അല്ലെങ്കിൽ ബി.ജെ.പി.യെ സമൂഹം തൊട്ടുകൂടാത്തവരായി മാറ്റി നിർത്തണം എന്ന് ‘നാം’ ആഹ്വാനം ചെയ്യുന്നത് ‘വർഗ്ഗീയത’യെ അകറ്റി നിർത്തണം എന്ന സദുദ്ദേശത്തോടെ ആണല്ലോ സഖാവേ? ഭാരതമണ്ണിലെ ഏക വർഗ്ഗീയ പാർട്ടി ബി.ജെ.പി. ആണെന്നും ഇന്നാട്ടിലെ ഏക തീവ്രവാദി സംഘടന ആർ.എസ്.എസുമാണെന്ന് ചുമ്മാ നാം ധരിച്ച് ഭയക്കുന്നു. വിവരമില്ലായ്മ കുറ്റമല്ലെന്ന കാഴ്ചപ്പാട് സമൂഹം വച്ചുപുലർത്തുന്നതുകൊണ്ടാണ് സഖാവേ പല നേതാക്കളും കേരളത്തിലിപ്പോഴും  മിന്നി മിന്നി നിൽക്കുന്നത്. അതുപോലെ തന്നെ പല പാർട്ടികളും.

കൊടിയേരി സഖാവേ, കേരള കോൺഗ്രസ്സ് (എം) എന്ന ഒരു പാർട്ടി നാട്ടിലുണ്ട്. കെ.എം. മാണി എന്ന തസ്കരചക്രവർത്തിയും അദ്ദേഹത്തിന്റെ കുടുംബവുമാണ് ആ സംരഭം നോക്കി നടത്തുന്നത്. ഉഗ്രൻ വർഗ്ഗീയതയാണ് സഖാവേ രണ്ടില സംരഭത്തിന്റെ മൂലധനം.! അല്ലെന്ന് പറയാൻ കഴിയുമോ?  മുസ്ലീംലീഗ് എന്ന പേരിൽ  രാഷ്ട്രീയം കളിക്കുന്ന ഒരു ‘സമുദായസംഘടന’ കേരളത്തിൽ ഉള്ളതായി സഖാവ് കേട്ടിട്ടുണ്ടോ? പ്രബലരാണ് കക്ഷികൾ. ‘കോണി’വഴി കയറിപ്പോയത്  നേരേ ഖജനാവിലേക്കാണ്. നല്ല വിളവ് നൽ‌കുന്ന ഉഗ്രൻ വകുപ്പുകളാണ് അവറ്റകളുടെ പക്കൽ. നിലവിളക്ക് കണ്ടാൽ, പേപിടിച്ച നായ വെള്ളം കണ്ടതുപോൽ അസ്വസ്ഥരാവുന്ന,  ‘ഗംഗ’ എന്ന പേരിൽ ‘ഹൈന്ദവതയുടെ അഴുക്ക്’ പുരണ്ടിരിക്കുന്നതിനാൽ ഗ്രേസ് എന്ന് പുനർനാമകരണം ചെയ്ത് മന്ത്രി മന്ദിരം ഉപയോഗിച്ച് മതേതരത്വം സംരക്ഷിക്കുന്ന, പച്ച നിറം കണ്ടാൽ സരിതയുടെ  ക്ലിപ്പ് കണ്ട കൌമരക്കാരനെപ്പോലെ പൂത്തുലയുകയും ചെയ്യുന്ന മന്ത്രിമാരുള്ള ലീഗും ഉപജീവിക്കുന്നത് വർഗ്ഗീയതയിലൂടെ മാത്രമല്ലേ? അതോ മുസ്ലീം‌ലീഗ് എന്നാൽ നാട്ടിൽ മതേതരത്വം നട്ടുവളർത്തി കഴിഞ്ഞുകൂടുന്ന ഒരു കൂട്ടം സുമനസ്കരുടേയും ‘വർഗ്ഗീയബാധ തീണ്ടാത്ത’  സംശുദ്ധാത്മാക്കളുടേയും കൂട്ടമാണെന്നാണോ പാർട്ടി ധരിച്ചുവച്ചിരിക്കുന്നത്?!

അധികാരലബ്ധിക്കായി മാണിയെയും ലീഗിനെയും വരെ കൂട്ട് പിടിക്കാൻ പാർട്ടി ശ്രമം നടത്തിയിട്ടുണ്ട്. നീക്കം രഹസ്യമായിരുന്നെങ്കിലും അത് വിശ്വസനീയമാം വിധം പരസ്യപ്പെട്ടു. അക്കാര്യം ആ ഉള്ളിലിരുപ്പ് തുറന്ന് പറയാൻ ജയരാജന്മാരിൽ ഒരുവൻ തയ്യാറാവുകയും ചെയ്തു. മുസ്ലീം ലീഗിന്റെയും കേ.കോ.മാണിയുടേയും വർഗ്ഗീയതയ്ക്ക് ആർ.എസ്.എസിന്റെയോ അല്ലെങ്കിൽ  ബി.ജെ.പിയുടെയോ വർഗ്ഗീയതയിൽ നിന്നും എന്ത് വ്യത്യാസമാണ് സഖാവേ ഉള്ളത്? ലീഗിന്റെയും കേ.കോ.മാ – യുടേതുമൊക്കെ ‘ശ്രേഷ്ഠവർഗ്ഗീയ‘തയും  ആർ.എസ്.എസ്, ബി.ജെ.പി ബ്രാൻഡ് വർഗ്ഗീയത ‘ഹീന വർഗ്ഗീയത’യുമെന്ന് തരം തിരിക്കണോ? ആരുടെ വർഗ്ഗീയതയും അപലപിക്കപ്പെടേണ്ടത് തന്നെയല്ലേ? എതിർക്കപ്പെടേണ്ടതല്ലേ? ന്യൂനപക്ഷ വർഗ്ഗീയത ഭൂരിപക്ഷ വർഗ്ഗീയതയ്ക്ക് കാരണമാവുന്നുണ്ടോ എന്ന ഒരു പരിശോധന എങ്കിലും നടത്തപ്പെടേണ്ടതല്ലേ?

അല്ലെങ്കിൽ തന്നെ വർഗ്ഗീയതയ്ക്കെതിരെ നാവോങ്ങാനുള്ള യോഗ്യത ഏതെങ്കിലും ഒരു സഖാവിനോ അല്ലെങ്കിൽ പാർട്ടിയ്ക്ക് തന്നെയോ നഷ്ടപ്പെട്ടിട്ട് കാലമേറെയായില്ലേ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ക‌മ്യൂണിസ്റ്റ് പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോയത് എന്തുകൊണ്ടെന്ന് ധാരണയുണ്ടോ? സി.പി.ഐ യുടെ ശേഷിക്കുറവെന്ന് പറഞ്ഞ് തള്ളരുത്. ജാതി ബലം മാത്രം നോക്കിയാണ് ഇവിടെ സ്ഥാനാർത്ഥിയെ നിർണ്ണയിച്ചത്. ‘കോടീശ്വരനായ നാടാർ’ എന്നത് മാത്രമയിരുന്നു അനന്തപുരിയിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ആ അയോഗ്യന്റെ ഏക ‘യോഗ്യത’!

കൊടിയേരി സഖാവേ, അങ്ങ് പാർട്ടിയെ ശക്തിപ്പെടുത്തുന്നത് സമുദായത്തിന് പാദസേവ ചെയ്താവരുത്. ഉമ്മൻ കോൺഗ്രസ്സിന്റെ ആ ശൈലി ക‌മ്യൂണിസ്റ്റ് പാർട്ടിക്ക് രക്ഷയാവില്ല. വെള്ളാപ്പള്ളി നടേശന്റെ വീട്ടിലും പാണക്കാടും പെരുന്നയിലും അരമനകളിലും ഒക്കെ തിണ്ണ നിരങ്ങിയാൽ സഖാവിന്റെ ചന്തി തഴമ്പിക്കുമെന്നല്ലാതെ പാർട്ടി വളരില്ല. നിശ്ചയം. ജാതിയുടേയും മതത്തിന്റെയും പേരിൽ സംഘം ചേർന്ന് വോട്ടുബാങ്കായി രൂപമെടുത്ത് വിലപേശാനിറങ്ങുന്ന സകല സമുദായകൂട്ടങ്ങളിൽ നിന്നും പാർട്ടി അകന്നു നിൽക്കണം.ജാതിയെയും മതത്തെയും പരിഗണിച്ചും കൂട്ടുപിടിച്ചും രാഷ്ട്രീയപ്രവർത്തനം നടത്താൻ സഖാവ് തുനിയരുത്. സമുദായപ്രവർത്തനം രാഷ്ട്രീയപ്രവർത്തനം അല്ലെന്നതല്ലേ സത്യം? 

എസ്.എൻ.ഡി.പി എന്ന സംഘടനകൊണ്ടുള്ള നേട്ടം വെള്ളാപ്പള്ളിക്കും കൂട്ടർക്കും മാത്രമാവുമ്പോൾ എൻ.എസ്.എസ് മൂലമുള്ള ലാഭം സുകുമാരൻ നായർക്കും ആളുടെ ആശ്രിതർക്കും മാത്രമായി ചുരുങ്ങുന്നു. പാവപ്പെട്ട ഒരു ഈഴവനോ, ദരിദ്രനായ ഒരു നായർക്കോ സമുദായ സംഘടനകൊണ്ട് യാതൊരു നേട്ടവുമില്ല. അവൻ എന്നും വിശപ്പും വിഷമവും കഷ്ടപ്പാടും മാത്രമുള്ള വെറും ഈഴവനും നായരുമൊക്കെയായി ചുരുങ്ങുന്നു. അതുപോലെ തന്നെയാണ് ഇതര ജാതി മത സംഘടനകളുടെ കാര്യവും. രാഷ്ട്രീയ പാർട്ടികളിലെ സ്ഥിതിയും മറ്റൊന്നല്ലല്ലോ സഖാവേ?

ക‌മ്യൂണിസ്റ്റ് പാർട്ടിയെക്കൊണ്ട് കൊടിയേരി സഖാവിന് ലഭിക്കുന്ന, അല്ലെങ്കിൽ ഉഗ്രമൂർത്തിയായി മേയുന്ന പിണറായിക്കും മറ്റും   ലഭിക്കുന്ന പോലുള്ള  ആദരവും അംഗീകാരവും നേട്ടങ്ങളും ലാഭങ്ങളും സുഖങ്ങളും സൌകര്യങ്ങളും പരിഗണനകളും ഒന്നുമല്ലല്ലോ ഭാര്യയെയും കുട്ടികളെയും വീട്ടിൽ തനിച്ചാക്കി സെക്രട്ടറിയേറ്റ് വളയാൻ അനന്തപുരിക്ക് വണ്ടി കയറിയ വന്ന സാദുവായ സഖാക്കൾക്ക് ?! (അത്തരം സൌകര്യങ്ങളും അവസ്ഥകളും ഒരാൾ വഹിക്കുന്ന സ്ഥാനങ്ങളുടെ അനന്തരഫലമായി അയാൾക്ക് തരപ്പെടുന്ന കാര്യങ്ങളാണെന്ന്  കാണാവുന്നതാണ്. എന്നിരുന്നാലും സ്ഥാനലബ്ധിയിലൂടെ ലഭ്യമാവുന്ന ഇത്തരം ‘കുശാലു’കളിൽ ഒരുവൻ ഭ്രമിച്ചുതുടങ്ങുമ്പോഴാണല്ലോ അഴിമതിയുടെയും അനീതിയുടേയും ആരംഭം കുറിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ വ്യക്തിഗുണമില്ലാത്ത നേതാക്കൾ എപ്പോഴും ഏതുനിലക്കും ശാപം തന്നെയായി തീരുന്നു. അത് പാർട്ടികൾക്കായാലും ജാതി മത സംഘടനകൾക്കായാലും)

പാവപ്പെട്ടവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും മോഹങ്ങളുമൊക്കെയാണല്ലോ എന്നും നേതാക്കന്മാർക്കും ജാതി, മതമേലധ്യക്ഷന്മാരുടേയും ‘വലിപ്പ’ത്തിന് വളമാവുന്നത്. സകല മുന്തിയവരും ഒന്നുതന്നെ. ദാരിദ്ര്യവും ദൈന്യതയും കഷ്ടപ്പാടുകളും ഒക്കെ കെടാതെ കാക്കേണ്ടത് അവരുടെയൊക്കെ നിലനിൽ‌പ്പിന്റെ ആവശ്യമാണ്. ‘വർഗ്ഗീയത’ എന്ന് പറയുന്ന ഉശിരൻ സാധനമുണ്ടല്ലോ, അത് ബഹുജന സൃഷ്ടിയല്ല. ഇവരെപ്പോലുള്ള എണ്ണത്തിൽ വളരെ കുറവായ നേതാക്കന്മാരുടെയും ജാതിമതമേലാളന്മാരുടെയും കുബുദ്ധിയിൽ മാത്രം വിരിയുന്ന വിഷമാണ്. ജനങ്ങൾ ഒരിക്കലും ഒരുമിക്കരുതെന്ന് അവർ ആഗ്രഹിക്കുന്നു. അതിനായി വർഗ്ഗീയത ഉൾപ്പെടെയുള്ള വിഷങ്ങൾ അവർ സമൂഹത്തിൽ തളിക്കുന്നു. ചിന്താശേഷി കുറഞ്ഞ ദുർബലമനസ്കർ വേഗം അവരുടെ ഇരയായി മാറുകയും ചെയ്യുന്നു. അങ്ങനെ, അമിതമായ വിധേയത്വവും ഭക്തിയും കൂറും ഉള്ള ശുദ്ധാത്മാക്കളാണ് നേതൃനിരയിലുള്ള ഇത്തരം ഉന്നതഹീനരുടെ ആയുധമായി മാറുന്നത്.

നാടിനെ സമഗ്രമായി വികസിപ്പിക്കാനുള്ള കൊതികൊണ്ടൊന്നുമല്ലല്ലോ ഒരുവനും രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങുന്നത് സഖാവേ. ഒരു ഭംഗിക്കായി അങ്ങനെ ഭാവിക്കുന്നു എന്ന് മാത്രം. ജനമിപ്പോൾ ആരെയും അത്രകണ്ട് വിശ്വസിക്കുന്നൊന്നുമില്ല. നാട് നന്നാക്കാൻ ഭരണം കൂടിയേ തീരൂ എന്ന് ധരിക്കുകയോ ധരിപ്പിക്കുകയോ ചെയ്യരുത്. പ്രതിപക്ഷ പ്രവർത്തനങ്ങൾക്കും അതിനുള്ള കരുത്തുണ്ട്. ശുദ്ധമായ കരങ്ങളോടെ കണ്ണും കാതും തുറന്നിരിക്കുന്ന ഒരു പ്രതിപക്ഷത്തിന് ഭരണകക്ഷിയെ നേർവഴിക്ക് നയിക്കാനും തിരുത്താനും കഴിയും. എന്നാൽ നിർഭാഗ്യവശാൽ സർക്കാരിന്റെ ഒരു ഘടകക്ഷിയെപ്പോലെ ആയിരിക്കുന്നു സഖാവേ പ്രതിപക്ഷത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ.

പാർട്ടി പ്രഥമശത്രുവായി ബി.ജെ.പി യെയും ആർ.എസ്.എസിനെയും കാണുമ്പോൾ രക്ഷപ്പെടുന്നതും വളരുന്നതും കോൺഗ്രസ്സ് എന്ന അഴിമതി കൂട്ടമാണ്.   ഒപ്പം രാഷ്ട്രീയമായി
ബി.ജെ.പിയും കരുത്താർജ്ജിക്കുന്നു. തളർന്ന് പോവുന്നത് ക‌മ്യൂണിസ്റ്റ് പാർട്ടി മാത്രമാവും. സഖാവ് അതോർക്കണം.

ദില്ലിയിലിരിക്കുന്ന ‘മോദി’ക്കെതിരെ കുരയ്ക്കുന്നത് തിരുവനന്തപുരത്തിരിക്കുന്ന ‘ഉമ്മനെ’ ഒന്ന് കടിച്ചിട്ടെങ്കിലും ആയാൽ ജനം അത് അംഗീകരിക്കും. അല്ലെങ്കിൽ കട്ടുതീനിയുടെ (ഉമ്മന്റെ) എച്ചിൽ തിന്നുന്നവന്റെ വിധേയത്വമായി ആ കുരയെ ജനം വിലയിരുത്തും.

‘മതമില്ലാത്ത യോഗ’യുമായി സി.പി.എം വരുന്നുവെന്നും വാർത്ത കേട്ടു. പിണറായി വിജയന്റെ പ്രത്യേകതാല്പര്യത്തിലാണ് പാർട്ടി യോഗയിലും കൈവയ്ക്കുന്ന തെത്രെ?!! വല്ലാത്ത മാനക്കേടാണ് സഖാക്കളെ കാര്യങ്ങളുടെ പോക്ക്. ഉറ്റവരുടെ മരണത്തിൽ മുഴുകിയിരുന്ന് വിലപിക്കുന്ന ഒരുവൻ പോലും ഇങ്ങനെ ഒരു വാർത്ത കേട്ടാൽ ചിരിച്ചുചിരിച്ചു സിദ്ധികൂടാനിടയുണ്ട്. മതമില്ലാത്ത യോഗയെത്രെ! അല്ലെങ്കിൽ യോഗ ഏതെങ്കിലും മതത്തിന്റെ കുത്തകയാണെന്ന് ആരാണ് ഈ സാധുവായ പിണറായിയെ ധരിപ്പിച്ചത്. ‌

അയ്യപ്പനില്ലാത്ത ശബരിമലയും ഉണ്ണിക്കണ്ണനില്ലാത്ത ഗുരുവായൂർ അമ്പലവും വിശുദ്ധ സെബസ്റ്റ്യാനോസ് ഇല്ലാത്ത അർത്തുങ്കൽ പള്ളിയും ആരോഗ്യ മാതാവില്ലാത്ത വേളാങ്കണ്ണിപ്പള്ളിയും ഒക്കെ, സഖാവ് പിണറായി ക‌മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്കായി വിഭാവനം ചെയ്യുമെന്ന പ്രത്യാശയോടെ,  ഞാൻ മടങ്ങുന്നു സഖാവേ.

സഖാവും സമാധാനമായിരിക്കൂ. എസ്.എൻ.ഡി.പിയെ ആർ.എസ്.എസ് വിഴുങ്ങുകയൊന്നുമില്ല. ഇനി വിഴുങ്ങിയാൽ തന്നെ എനിമ കൊടുത്ത് നമുക്ക് വെളിക്കെടുക്കാം. ധൈര്യമായിരിക്കൂ.


Wednesday, April 8, 2015

കോട്ടയത്തുനിന്നും ഒരു ‘സുരതൻ‘ !

കോട്ടയത്ത് എത്ര മത്തായിമാരുണ്ടെന്ന് കൃത്യമായി പറയാൻ ആർക്കെങ്കിലും എളുപ്പത്തിൽ കഴിയുമെന്ന് തോന്നുന്നില്ല. എന്നാൽ കേരളത്തിൽ എത്ര ‘സുരതൻ‌’മാരുണ്ടെന്ന ഒരു ചോദ്യം നമുക്കുനേരേ ഉദ്ധരിച്ചുയർന്നു എന്നിരിക്കട്ടെ, വിളംബം കൂടാതെ ഉത്തരസ്ഖലനം നടത്തി ചോദ്യദണ്ഡിനെ തളർത്തിയൊതുക്കാൻ കഴിയുന്ന ഒരാൾ നമുക്കിടയിലുണ്ട്. ശ്രീമതി സരിത എസ്. നായർ എന്ന കൊടിയ വമ്പത്തി! ബലവമ്മാൾ!! (അബലയല്ലെന്ന് സാരം)

കോട്ടയം മണ്ഡലത്തിൽ നിന്ന് മുക്കാൽ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജനങ്ങൾ വിജയിപ്പിച്ച് പാർലമെന്റിൽ എത്തിച്ച ഒരുവനാണ് വേറിട്ട ഒരു സുരതനായി ഏറ്റവുമൊടുക്കം സമൂഹമധ്യത്തിലേയ്ക്ക് വന്നിരിയ്ക്കുന്നത്. ധനകാര്യ മന്ത്രിയായ മാണിയുടെ പുത്രൻ ജോസ് കെ. മാണി തന്നെ ആ സുരതൻ. പാർലമെന്റിൽ ഇരുന്ന് സേവനം നടത്താനായി പൊതുജനം പറഞ്ഞുവിട്ടവൻ  ടോയ്‌ലറ്റിന്റെ മറവിൽ നിന്ന് ‘രഹസ്യഭാഗം’ പുറത്തെടുത്തുകാണിച്ച് വരുന്നോ എന്ന് ക്ഷണിച്ചിരിക്കുന്നു... സരിതയെ! രഹസ്യഭാഗം എന്നാൽ ലിംഗമാവാതിരിക്കാൻ തരമില്ല. പാലാക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ‘ഇമ്മാണി’. (കെ.എം. മാണി നമ്മുടെ മാണി, പാലാക്കാരുടെ ഇമ്മാണി - ഇങ്ങനെയൊരു മുദ്രാവാക്യം എന്റെ ചെറുപ്പത്തിൽ പാലായിലെ കുട്ടികൾ മുഴക്കിയിരുന്നതായി ഓർക്കുന്നു. എത്ര അർത്ഥവത്തായിരിക്കുന്നു വരികൾ! ).

പരസ്പര സമ്മതത്തോടെ ജോസും സരിതയും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയാണ് ഉണ്ടായതെങ്കിൽ അതിൽ ആക്ഷേപം കാണേണ്ട കാര്യമില്ല. ആർക്കും.  ഒരുപക്ഷേ, തന്റെ ശരീരത്തെ മൂലധനമാക്കിയാണ് സരിത എന്ന ബിസിനസ്സുകാരി കച്ചവടം പച്ചപിടിപ്പിച്ചിരുന്നതെന്ന് തന്നെ കരുതുക. അങ്ങനെയാണെങ്കിൽ പോലും ആ  മൂലധനം ചെലുത്തുന്ന പ്രലോഭനത്തിലേയ്ക്ക് നിസ്സഹായനായി കൂപ്പുകുത്താമോ ഒരു ജനപ്രതിനിധി? പാടില്ല. വ്യക്തി താല്പര്യങ്ങളേക്കാൾ ഉയരെ ആവണം എപ്പോഴും ഒരു ജനപ്രതിനിധിയുടെ കടമകൾ. അതിന് പ്രാപ്തിയില്ലെങ്കിൽ ജോസ് ആ പണി മതിയാക്കി മാണിയ്ക്ക് മകനായും അച്ചിക്ക് കോന്തനായും കൂടിക്കൊണ്ട് സുരതൻ ആയി ജീവിതം പോക്കുക. തല്പരകക്ഷികളുമായി നിരന്തരം ഭോഗിക്കുക. ഒരാൾക്കുമുണ്ടാവില്ല പരാതി. ഒരു പക്ഷേ സ്വന്തം കുടുംബത്തിൽ നിന്ന് പോലും അങ്ങനെയൊന്ന് ഉയരില്ല. ജോസിന്റെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് സൂചിപ്പിക്കുന്നത് താങ്കളുടെ പരിപ്പ് ആ കലത്തിൽ വേവിച്ചെടുക്കാം എന്നാണല്ലോ.

ഭാഗ്യവാനെന്ന് അനസൂയമായി ആശ്ചര്യപ്പെടുന്നു!!


ഭാര്യയുടെ ആ കുറിപ്പ് താങ്കൾക്കുള്ള പിന്തുണയായി ആർക്ക് കാണാനാവും. ഒന്നുകിൽ അവർക്ക് താങ്കളെ അറിയാതെ പോവുന്നു. അല്ലെങ്കിൽ താങ്കളെ ആവശ്യത്തിലധികം അവർ അറിഞ്ഞിരിക്കുന്നു. യോഗ്യനായ ഒരു പുരുഷനേക്കാൾ അയോഗ്യനായ ഒരു അധികാരിയാണ് ഭർത്താവായി നല്ലതെന്ന പ്രായോഗികബോധവുമാവാം ആ കുറിപ്പിന് പിന്നിൽ. എന്ത് തന്നെയായാലും അതും ജോസിന്റെ പരാ‍ജയം ആണ്. (ആ നിലയ്ക്ക് ഭാഗ്യവാൻ എന്ന മേപ്പടി പ്രയോഗം തിരുത്തേണ്ടതാണ്)

മോഹൻ‌ലാലിന്റെ പേരും സുരതന്മാരുടെ ഗണത്തിൽ ഉണ്ടെന്ന് കേൾക്കുന്നു. ഒരു കുറ്റവുമില്ല. സമൂഹത്തിന് ലാലിന്റെ സുരതം ബാധ്യതയാവില്ല. കാരണം അദ്ദേഹം  പണവും പ്രശസ്തിയും മാത്രമുള്ള ഒരു കലാകാരൻ മാത്രമാണ്.  എന്നാൽ ജോസ് കെ. മാണിക്ക് പ്രശസ്തിയും പണവും മാത്രമല്ല അധികാരം കൂടിയുണ്ട്. അധികാരികളുടെ കേട് സമൂഹത്തിനെ അതിവേഗം ബാധിക്കും. അധികാരികളുടെ ദൌർബല്യങ്ങൾ നാടിനാകെ കേടാണ്. നാണക്കേടാണ്.

(മാണി സരിതയെ മാവേലിക്കരയിൽ വച്ച് രഹസ്യമായി കണ്ടിരിക്കുന്നുവെന്ന് വാർത്ത വരുന്നു ! കോഴയായി വന്ന കോടികളിൽ ഏതാനും കോടി സരിതയുടെ മടിയിൽ വീണിട്ടുണ്ടാവാം. ദില്ലിയിലെ ഫ്ലാറ്റിൽ വച്ച് കോഴിയായ പുത്രന്  സമ്മാനിച്ച വദനസുരതത്തിന്റെ ഓർമ്മകൾ മനസ്സിൽ നിന്ന് മായ്ക്കാൻ പിതാവ് നൽകുന്ന കോടികൾ !! പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി. ഒപ്പം സരിത എന്ന സുരതേശ്വരിക്കും. സകലരും വാഴ്ക. )

(വാട്സ് ആപ്പിൽ ലഭിച്ച സരിതയുടേതെന്ന് പറയപ്പെടുന്ന കത്ത്)

Monday, May 19, 2014

മോദിഫോബിയ!

മലേറിയയോ ചിക്കൻ ഗുനിയയോ ജനിപ്പിക്കുന്ന ഭീതിപോലും എന്നിൽ മോദി ജനിപ്പിക്കുന്നില്ല. ഗുജറാത്തുകാരനായ ദാമോദർദാസ് മൂൽചന്ദ് മോദി എന്ന വ്യക്തിയാണ് നരേന്ദ്രമോദിയുടെ പിതാവ് എന്ന് പറയുമ്പോൾ, അല്ല, മനുഷ്യമാംസം രുചിയോടെ ആസ്വദിച്ചിരുന്ന ഉഗാണ്ടക്കാരൻ ഈദി അമീൻ ആണ് ആളുടെ അച്ഛൻ എന്ന് വിശ്വസിച്ചുവിറച്ച് മുട്ടുകൾ കൂട്ടിയിടിപ്പിച്ച് ഞാനെന്തിന് എന്റെ മുട്ടുചിരട്ടകൾക്ക് ഡിപ്രീസിയേഷൻ വരുത്തണം! എനിക്ക് മോദിയെ പേടിക്കേണ്ട കാര്യമേയില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ, മത വിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്നവരെ തീവണ്ടികളിൽ കുത്തിനിറച്ച് അടുത്ത 5 വർഷക്കാലം മോദിയും കൂട്ടരും ഫ്രൈ ചെയ്ത് ഭക്ഷിക്കും എന്ന് അലമുറയിടാൻ മാത്രമുള്ള ബുദ്ധികൂർമ്മതയും ദീർഘദൃഷ്ടിയും എനിക്കില്ല. (ഭയം ബുദ്ധിയുടെ ലക്ഷണമാണല്ലോ! )

രാഷ്ട്രീയപാർട്ടികൾ വെട്ടിയും കുത്തിയും ബോംബെറിഞ്ഞും രാഷ്ട്രീയവൈരികളെ ‘ഓർമ്മ’യാക്കുന്ന ‘കൊലാ’പരിപാടി വിജയകരമായി നടപ്പിലാക്കി വന്നിരുന്നത് കാര്യമായ ഭയപ്പാടോ പ്രതിഷേധമോ കൂടാതെ കണ്ടുവളർന്നവരാണ് നമ്മൾ കേരളീയർ. അങ്ങനെയുള്ള മലയാളികൾ മോദിയെപ്പോലൊരു മനുഷ്യനെ ഭയക്കുന്നു എന്ന് പറഞ്ഞാൽ അത് മലയാളക്കരയ്ക്കാകെ നാണക്കേടാണ്. രക്തസാക്ഷികളോടുള്ള അനാദരവാണ്. കൊലയ്ക്ക് ഗുജറാത്ത് മോഡൽ, കേരള മോഡൽ എന്നൊന്നുമില്ല. ഇരകൾ എവിടെയാണെങ്കിലും മരണവും മരണത്തോട് അനുബന്ധമായ വേദനയും വരിക്കണം. കേരളത്തിലെ ഇരകൾക്കുള്ള നേട്ടം അവർക്ക് അതാത് പാർട്ടിയുടെ രക്തസാക്ഷിയായി പുലരാം. ഗുജറാത്തിലെ അവസ്ഥ ഈ കുറിപ്പനൊട്ട് അറിയുകയുമില്ല.

ഫേസ്ബുക്കിയന്മാരായ മലയാളികൾക്കുള്ള ഭയം നാടൻ മലയാളികൾക്ക് ഉള്ളതായി കേൾക്കുന്നില്ല. അവർ മോദിയുടെ വിജയം അംഗീകരിക്കുന്നു. തങ്ങളുടെ പാർട്ടികൾക്ക് പറ്റിയ തോൽ‌വിയിൽ വ്യസനിക്കുന്നു. കേന്ദ്രത്തിൽ പ്രാതിനിധ്യമില്ലാത്തത് കേരളത്തിന് ഏതെങ്കിലും വിധത്തിൽ ദോഷമാകുമോ എന്ന് നാടിനോടുള്ള കൂറോടെ ചിന്തിക്കുന്നു. അതുകൊണ്ട് മോദി വരുന്നേയെന്ന് അലമുറയിട്ട് ഒളിച്ചിരിക്കുകയും ഇടയ്ക്ക് തലനീട്ടി ഫേസ്ബുക്ക് വാളിലേയ്ക്ക് ഭയം ഛർദ്ദിക്കുകയും ചെയ്യണോ?
ആ ഛർദ്ദിലുണ്ട് ആരെങ്കിലും കൂടെ ഭയക്കുന്നോ?

മൻ‌മോഹൻ സിംഗിനേക്കാൾ അപകടകാരിയാവാൻ മോദിക്കെന്നല്ല ഇന്ത്യയിൽ ഇനി വരാനിരിക്കുന്ന ഒരു പ്രധാനമന്ത്രിയ്ക്കും സാധിക്ക്ല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അമ്മ കുട്ടിച്ചോറാക്കിയ നാടിന് മകൻ ഉപ്പ് വിളമ്പി. തൊട്ടുനാക്കാനുള്ള അച്ചാർ വിളമ്പാൻ കോൺഗ്രസ്സുകാർ മകളെയും മരുമകനെയും ക്ഷണിച്ചിരിക്കുന്നു ഇപ്പോൾ! ഒറ്റയ്ക്ക് ഇന്ത്യഭരിയ്ക്കാൻ ബി.ജെ.പി യെ, മോദിയെ പ്രാപ്തമാക്കിയത് കോൺഗ്രസ്സിന്റെ ദുഷിച്ച ഭരണം മാത്രമാണ്. സഹികെട്ട ജനങ്ങൾ മാറി ചിന്തിച്ചു. അവർ വച്ചു പുലർത്തുന്ന പ്രതീക്ഷക്കൊത്ത് ഉയരാൻ മോദിക്കാവട്ടെ എന്ന് ആശംസിക്കുന്നു. അങ്ങനെയായാൽ അത് നാടിന് നല്ലതാവും. ആരു ഭരിച്ചാലും വേണ്ടില്ല, നാട് നന്നായാൽ മതി. (തന്റേതായ രഷ്ട്രീയകക്ഷികളിലൂടെ ഉണ്ടാവുന്ന വികസനം മാത്രമേ അനുഭവിക്കൂ എന്ന് വാശിയുള്ള ഒരുവനെങ്കിലുമുണ്ടോ?)

ജാതിമത ഭേദമെന്യേ ഇന്ത്യ മഹാരാജ്യത്തിലെ സകല ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് പോവും എന്ന് വിശ്വസിക്കാനാണ് ഞാൻ ഈ സമയം ഇഷ്ടപ്പെടുന്നത്. എക്കാലവും അങ്ങനെയാവണമെന്നാണ് ആഗ്രഹവും.. കോൺഗ്രസ്സിന് തെറ്റുകുറ്റങ്ങൾ തിരുത്തി മടങ്ങി വരാൻ കഴിയട്ടെ. ഭരണകക്ഷിയും പ്രതിപക്ഷവും തുല്യശക്തികൾ ആവുമ്പോൾ കുറ്റമറ്റ ഭരണം കൂടുതൽ സാധ്യമാവും.

പലായനങ്ങളും നരഹത്യകളും ഇന്ത്യയിൽ നടമാടുമെന്ന് ആരും കരുതേണ്ടതില്ല. എന്തുകൊണ്ടെന്നാൽ ഇത് ഇന്ത്യയാണ്. നമ്മുടെ സാമൂഹികവും സാംസ്കാരികവുമായ പരിസരം കലാപങ്ങൾക്ക് ഇണങ്ങുന്നതേയല്ല. ഇവിടെ മതേതരത്വം തകർന്നു, തകർക്കപ്പെടാൻ പോവുന്നു എന്നൊക്കെയുള്ള വേവലാതികൾ അസ്ഥാനത്താണ്. നിലനിൽ‌പ്പിന്റെ ഭാഗമാണ് അത്തരം പ്രചരണം. മോദിയെ ഒട്ടും ഭയക്കേണ്ടതില്ല. അദ്ദേഹം ഇന്ന് ഗുജറാത്ത് മുഖ്യമന്ത്രി അല്ല. ഇന്ത്യൻ പ്രധാനമന്ത്രിയാണ്. ഇനി മോദിയാണ് ഭയക്കേണ്ടത്. ഇന്ത്യൻ ജനതയെ! മതേതരത്വം കാത്തുസൂക്ഷിച്ച് വികസനോന്മുഖമായ ഒരു ഭരണം കാഴ്ചവയ്ക്കാൻ മോദിയ്ക്ക് ആവട്ടെ. നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാൻ സാധിക്കട്ടെ. ആശംസകൾ. അഭിനനന്ദനങ്ങൾ.

പിൻ‌കുറിപ്പ് : ഈ കുറിപ്പ് എഴുതിയ ആൾ സംഘി അല്ല. മോദിഫോബിയ ഇല്ലാത്ത ഒരു ‘ഇളം’ സഖാവാണ്.