Follow by Email

Thursday, December 11, 2008

ഭ്രാന്തപർവ്വം - ബെർളി വക

ചങ്ങാതികളെ,

ഭ്രാന്തപർവ്വം ഇവിടെ അവസാനിക്കുന്നു. ഇതിന്റെ പരിസമാപ്തി എന്റെ മനസ്സിലുണ്ടായിരുന്നതിനേക്കാൾ എത്രയോ മനോഹരവും രസകരവുമായാണ് ബെർളി അവതരിപ്പിച്ചിരിക്കുന്നത്. നന്ദി പറഞ്ഞ് ബെർളിയെ ഞാൻ ഇകഴ്ത്തുന്നില്ല. സന്തോഷം. സന്തോഷം മാത്രം ഞാൻ ബെർളിയെ അറിയിക്കുന്നു. ഒപ്പം ‘രണ്ടുപേരും കൂടി ഈ പരമ്പര ചളമാക്കരുതെന്ന്‘ സ്നേഹപൂർവ്വം ഉപദേശിച്ച അരവിന്ദേട്ടനോട് എന്റെ സ്നേഹം ഞാൻ അറിയിക്കുന്നു. ചളമായെങ്കിൽ പൊറുക്കുക.ഭ്രാന്തപർവ്വം.


നന്ദന്റെ ചോദ്യം കേട്ട് ജനിച്ചനാള്‍ മുതല്‍ അടിച്ച കള്ളെല്ലാം ഇറങ്ങിപ്പോയ പോലെ കുറു ചലനമറ്റു നിന്നു.

കുറുമം വീരഭദ്രീയം
ദ്രാവകേ ലോപലോചനേ..
എന്ന കഥകളിപ്പദമാണ് എനിക്കപ്പോള്‍ ഓര്‍മ വന്നത്.

ങ്ങ്ട് ക്യേറി വാടാ കഴ്വേറിയേ.. - തികച്ചും നോര്‍മലായ ആളെപ്പോലെ നന്ദേട്ടന്‍ കുറുമേട്ടനെ അകത്തേക്കു ക്ഷണിച്ചു. ആ വിളി കേട്ടു കുറുവിനും ആശയക്കുഴപ്പം തോന്നി.

അപ്പോള്‍ എവന് ഭ്രാന്താണെന്നു നീ പറഞ്ഞത് ചുമ്മാതാണോടേയ് ?

ഹേയ്.. ഇന്നലെ വരെ നല്ല ഭ്രാന്തായിരുന്നു.. ഇന്നലെ ഞാന്‍ വന്നപ്പോള്‍ എന്നോടു പറഞ്ഞതെന്താണെന്നറിയാമോ.. ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ച നന്ദേട്ടന്റെ പോസ്റ്റുകളെല്ലാം ചേര്‍ത്ത് 1200 പേജുള്ള പുസ്തകമാക്കുന്നു.. വൈക്കം മുഹമ്മദ് ബഷീര്‍ എംടി വാസുദേവന്‍ നായര്‍ക്കു നല്‍കി അത് പ്രകാശനം ചെയ്യും. അപ്പോള്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന് ബൊക്കെ കൊടുക്കാന്‍ വരാമോ എന്ന്..

മൈ ഗോഡ് !

അതെയതെ.. മൈഗോഡ്.. എനിക്കു സഹിക്കാന്‍ പറ്റിയില്ല, കുറുജീ.. ബാറിന്റെ കോണിലിരുന്ന് ഞാന്‍ വിങ്ങിവിങ്ങിക്കരയുകയായിരുന്നു..

എന്നിട്ടെന്താ ഇപ്പോള്‍ ഇങ്ങനെ ?

എനിക്കറിയില്ല.. ഇനിയിപ്പോള്‍ ചികില്‍സ വല്ലതും ഫലിച്ചോ ? എന്തായാലും നമുക്കകത്തേക്കു കയറാം..

ഞങ്ങള്‍ അകത്തേക്കു കയറി. കെട്ടുവിട്ടെങ്കിലും പേടി കാരണം മുട്ടുകൂട്ടിയിടിച്ചിരുന്നതിനാല്‍ കുറുവിനറെ കാലുകള്‍ അപ്പോഴും നിലത്തുറച്ചിരുന്നില്ല.

നന്ദേട്ടന്‍ തൊട്ടടുത്തു നില്‍ക്കുന്ന കുറുമം വീരഭദ്രീയത്തിന്റെ മുഖത്തേക്ക് വിദൂരതയിലേക്കെന്ന പോലെ നോക്കി നിന്നു. അതു കണ്ടപ്പോള്‍ എനിക്കു സമാധാനമായി. തൊട്ടടുത്തു നിലക്കുന്ന ഒരാളെ വിദൂരതയിലേക്കെന്ന പോലെ നോക്കാന്‍ നല്ല ഭ്രാന്തന്മാര്‍ക്കേ സാധിക്കൂ. കുറുമേട്ടന് ധൈര്യം പകര്‍ന്ന് ഞാന്‍ ആത്മവിശ്വാസത്തോടെ നന്ദേട്ടനോട് ചോദിച്ചു-

എല്ലാ.. ഇതാരാണെന്നു കരുതിയാ ഈ സംസാരിക്കുന്നത് ?

ഹെയ്.. പോഡാ ശവീ..ഇദു നമ്മഡെ മോണിക്കാ ലെവിന്‍സ്കിയല്ലേ.. ഹയ് ഹയ്.. എന്താ ഇപ്പോഴും ആ ഫിഗറ്.. അല്ല നിന്റെ ബ്ലോഗിന്റെ പേരെന്തുവാടി ?

കുറുമേട്ടന് ആശ്വാസമായെന്നു തോന്നി. അങ്ങേരെയെന്നല്ല ഒരാളെയും തിരിച്ചറിയാവുന്ന അവസ്ഥയിലല്ല നന്ദേട്ടന്‍. ഞങ്ങള്‍ അകത്തേക്കു കടന്നു. അനേകം ഭ്രാന്തന്മാര്‍ക്കിടയില്‍ നിന്നും ഡോക്ടറെ തിരിച്ചറിയാന്‍ ഞങ്ങള്‍ ഏറെ പ്രയാസപ്പെട്ടു.

കുറുമേട്ടനെ കണ്ടതും ഡോക്ടര്‍ കണ്ണുകള്‍ ചെറുതാക്കി ചോദിച്ചു- ബ്ലോഗറാണല്ലേ ?

യൂറോപ്യന്‍ സ്വപ്നങ്ങള്‍ വായിച്ചിട്ടുള്ള ഏതോ ആരാധകനാണെന്നു കരുതി കുറുസ് ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചു-

ബേസിക്കലി അയാം.. അല്ല, എങ്ങനെ മനസ്സിലായി ?

അല്ല.. ഒരു ഫ്രോഡ് ലുക്ക്.. മൊത്തത്തില്‍ ഒരു മൂന്നാംകിട ജാടയും നാലാംകിട ലുക്കും.. ആ ഭ്രാന്തന്റെ ഫ്രണ്ടാ ?

ഹേയ്.. അയാളെ ഈയവസ്ഥയിലാക്കിയതു ഞാനൊന്നുമല്ല..- കുറു അവശ്യമില്ലാതെ മുന്‍കൂര്‍ ജാമ്യമെടുത്തു. എനിക്കൊന്നും മിണ്ടാന്‍ പറ്റിയില്ല. ഡോക്ടര്‍ മൂക്കിന്‍ തുമ്പത്തിരുന്ന കണ്ണട തള്ളിക്കയറ്റി വച്ച് ഗൌരവത്തോടെ സംസാരിച്ചു- ഓഹോ.. അപ്പോള്‍ ഇയാളാണ് അയാള്‍ പറഞ്ഞ മറ്റെയാള്‍ അല്ലേ ?

അതെ..

ഹും.. അക്ച്വലി.. ഹി ഈസ് ഇന്‍ എ ക്രിട്ടിക്കല്‍ സ്റ്റേജ്.. അതായത് ബ്ലോഗിനും ബ്ലോഗനയ്ക്കുമിടയില്‍ വച്ച് അദ്ദേഹത്തിന് അദ്ദേഹത്തെ തന്നെ നഷ്ടപ്പെടുന്നു.. ഇന്‍ അനാട്ടമി, ഐ മീന്‍ മനശാസ്ത്രത്തില്‍ ഇതിന് ബ്ലോഗിറ്റീവ്, പ്രിമിറ്റീവ്, കൊഗ്നിറ്റീവ് അഗ്രസീവ് മയോപ്പതി എന്നു പറയും.

എന്നു വച്ചാല്‍ ?

എന്നു വച്ചാലൊന്നുമില്ല.. നമ്മള്‍ അങ്ങനെ പറയുമെന്നു മാത്രം.. നട്ടപ്രാന്ത് എന്നാണിതിന്റെ മലയാളം..

ഇതെങ്ങനെ ചികില്‍സിച്ചു ഭേദമാക്കും ?

അതുവേണോ ?- കുറു ഭീതിയോടെ ഇടപെട്ടു.

അയാള്‍ നോര്‍മലായാല്‍ അടി കിട്ടുമോ എന്ന പേടി കൊണ്ടു ചോദിക്കുന്നതാ ഡോക്ടര്‍.. വേണം.. എങ്ങിനെയും ചികില്‍സിച്ചു ഭേദമാക്കണം..

അതിന് ലോകത്തൊരാള്‍ക്കേ സാധിക്കൂ..

ബ്ലോഗിന്റെ മറുകര കണ്ടവന്‍.. ബ്ലോഗില്‍ നിന്നു പ്രിന്റ് സാഹിത്യത്തിലേക്കു കാലു പറിച്ചു ചാടിയവന്‍..
വിശാലമനസ്കന്‍ ?

അതെ..ഡോ. വിശാല്‍.. തന്റെ സിക്സ് പായ്ക്ക് ഡവലപ്മെന്റിനു വേണ്ടി വിശാല്‍ ഇപ്പോള്‍ തിരുവനന്തപുരത്തുണ്ട്.. നമുക്കദ്ദേഹത്തെ വിളിക്കാം..

മൈ ഗോഡ്.. ഡോ. വിശാല്‍ ഇദ്ദേഹത്തെ ചികില്‍സിക്കുമോ ?

വി ക്യാന്‍ ട്രൈ..

പിറ്റേന്നു ഞങ്ങള്‍ ചെല്ലുമ്പോള്‍ ഡോ.വിശാലും നന്ദേട്ടനും കൂടി ആശുപത്രിയുടെ മുറ്റത്ത് സാറ്റ് കളിക്കുകയായിരുന്നു. അവരിലാര്‍ക്കാണ് ഭ്രാന്ത് എന്നു ഞങ്ങള്‍ പോലും സംശയിച്ചുപോയി. അത്ര തന്മയീഭവിച്ച ചികില്‍സാരീതിയായിരുന്നു ഡോ.വിശാലിന്റേത്.

ട്രീറ്റ്മെന്റ് റൂമില്‍ വച്ച് അദ്ദേഹം ഞങ്ങളോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു-

നിങ്ങളുടെ പ്രിയപ്പെട്ട നന്ദന്‍ പൂര്‍ണമായും രോഗത്തിന് അടിപ്പെടാന്‍ ഇനി 12 മണിക്കൂര്‍ കൂടിയേ അവശേഷിക്കുന്നുള്ളു..

ഇന്നു രാത്രി കോഴിക്കോട് മാതൃഭൂമിയില്‍ ബ്ലോഗന യോടു കൂടിയ പുതിയ ആഴ്ചപ്പതിപ്പ് അച്ചടിക്കും. അത് രാവിലെ നന്ദന്റെ കൈകളിലെത്തുമ്പോള്‍ അതില്‍ തന്റെ സൃഷ്ടി ഇല്ല എന്നറിയുമ്പോള്‍ നന്ദന്‍ പൂര്‍ണമായും ഭ്രാന്തനായി മാറും.. പിന്നൊരിക്കലും നമുക്ക് നമ്മുടെ നന്ദനെ തിരിച്ചു കിട്ടില്ല.

കുറു ഞെട്ടി. ഞാന്‍ പണ്ടേ ഞെട്ടി. - അതിനു നമ്മള്‍ എന്താണ് ചെയ്യേണ്ടത് ? ഏതാശുപത്രിയിലാണ് കൊണ്ടുപോവേണ്ടത് ?

ഇനി എവിടെയും കൊണ്ടുപോയിട്ടു കാര്യമില്ല.. ലോകത്ത് ഏതു വലിയ ഡോക്ടര്‍ ചെയ്യുന്ന കാര്യങ്ങളും ഞാനിവിടെ ചെയ്യാം.. അതിന് എനിക്ക് ഈ രാത്രി കൂടി തരണം.. ഒരു ഭ്രാന്തനും സഞ്ചരിച്ചിട്ടില്ലാത്ത വഴിയിലൂടെ ാന്‍ സഞ്ചരിക്കും.. ഒരു ഡോക്ടറെപ്പോലെ..

അപ്പോള്‍ എന്താണു ചെയ്യേണ്ടത് ?

എനിക്ക് ഒരു പ്രിന്റിങ് പ്രസ്സിന്റെ അന്തരീക്ഷം ഒരുക്കിത്തരണം.. പിന്നെ നിങ്ങളുടെയൊക്കെ പ്രാര്‍ത്ഥനയും.. ഇപ്പോള്‍ ഉറങ്ങുന്ന നന്ദന്‍ ഉറക്കമുണരുമ്പോള്‍ കുറുമാന്‍ വീണ്ടും ബ്ലോഗനയുടെ കാര്യം പറഞ്ഞ് നന്ദനെ നമ്മള്‍ സൃഷ്ടിച്ച പ്രിന്റിങ് പ്രസ്സിലേക്ക് കൊണ്ടുവരണം.. അവിടെ വച്ചാണ് ബാക്കി..

പറഞ്ഞതുപോലെ എല്ലാം സെറ്റ് ചെയ്തു.

അവിടെ കോഴിക്കോട് മാതൃഭൂമിയില്‍ ബ്ലോഗന പ്രിന്റിങ് തുടങ്ങിയ സമയം തിരുവന്തപുരത്ത് ഡോ.വിശാലന്റെ ഡമ്മി പ്രസ്സിലും അച്ചടി തുടങ്ങി. മാതൃഭൂമി, ഡമ്മി പ്രസ്സ്, ഡമ്മി പ്രസ്സ്, മാതൃഭൂമി..

ഉറക്കത്തിലായിരുന്ന നന്ദനെ ഉണര്‍ത്തിയത് ഡോ.വിശാലന്‍ പറഞ്ഞതനുസരിച്ച് വിളിച്ച കുറുമാന്റെ ഫോണ്‍ കോളായിരുന്നു. ബ്ലോഗനയിലേക്കു കൃതി ആവശ്യപ്പെട്ടു കൊണ്ട് അതേ ശബ്ദത്തില്‍ കുറു കാര്യം പറഞ്ഞു. അുത്ത നിമിഷം നന്ദന്‍ ഡ്രസ്സ് ചെയ്തു തയ്യാറായി. നേരത്തെ തയ്യാരായി നിന്ന ഞാന്‍ നന്ദനെ ആശുപത്രിയുടെ മറ്റേ വശത്തൊരുക്കിയ ഡമ്മി പ്രസ്സിലെത്തിച്ചു. അവിടെ പത്രാധിപരായി ഇരിക്കുകയായിരുന്നു ഡോ. വിശാലന്‍. നന്ദന്‍ തന്റെ ബ്ലോഗിന്റെ പ്രിന്റ് മേശമേല്‍ വച്ചു. ഡോ.വിശാലന്‍ അതെടുത്തു മറിച്ചു നോക്കി. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അത് വലിച്ചുകീറി ഡോ.വിശാലന്‍ അലറി- കൊണ്ടുപോടാ നിന്റെ കോപ്പിലെ സാഹിത്യം.. നിനക്കൊന്നും വേറൊരു ആഗ്രഹുമില്ലല്ലോ.. കണ്ട ചവറെല്ലാം എഴുതിയിട്ട് അത് അച്ചടിക്കാനായിട്ടിങ്ങു പോന്നോളും.. ബ്ളഡി ഫൂള്‍..

നന്ദന്റെ ഭാവം മാറി- പ്രിന്റമാട്ടെ.. ? നീയെന്റെ ബ്ലോഗ് നിന്റെ ബ്ലോഗനയില്‍ പ്രിന്റമാട്ടെ..?

തുടര്‍ന്നൊരു പ്രകടനമായിരുന്നു. ആ സമയത്ത് വിശാലന്റെ അതേ മേക്കപ്പില്‍ നിര്‍ത്തിയിരുന്ന കുറുമാനെ വിശാലന്റെ കസേരയിലേയ്ക്കു തള്ളിയിടുകയും ഭ്രാന്തുമൂത്ത നന്ദന്‍ കുറുമാന്റെ മേല്‍ ചാടി വീണ് ഒന്നൊന്നര മണിക്കൂറോളം ആ ദേഹത്തെ ആക്രമിച്ച് ഏതാണ്ട് ഡെഡ്ബോഡിക്കു സമാനമാക്കുകയും ചെയ്തു.

രണ്ടു ദിവസങ്ങള്‍ക്കു ശേഷം രോഗം മാറി തികച്ചും നോര്‍മലായ നന്ദനും ഡോ.വിശാലനും മറ്റും ആശുപത്രിയില്‍ ഐസിയുവില്‍ കിടക്കുന്ന കുറുമാനെ സന്ദര്‍ശിച്ചു മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി ഞാനവരുടെ സംഭാഷണം ശ്രദ്ധിച്ചത്.- നന്ദാ എല്ലാം നന്നായി.. അവനിട്ടു രണ്ടു കൊടുക്കണമെന്നു ഞാന്‍ കുറെക്കാലമായി കരുതുന്നതാ.. ഞാന്‍ പുസ്തകമിറക്കിയ പുറകേ അവനും ഇറക്കി.. അന്നേ എനിക്കു കലിപ്പുകേറിയതാ..

എന്തായാലും ഭ്രാന്തഭിനയിച്ചതുകൊണ്ട് അവനിട്ടു ശരിക്കും കൊടുക്കാന്‍ പറ്റി.. ഇപ്പോള്‍ നോര്‍മലായതുകൊണ്ട് പഴയതൊന്നും ഓര്‍ക്കുന്നില്ലെന്നു പറഞ്ഞാല്‍ മതിയല്ലോ ! - നന്ദന്‍ ചിരിയോടെ പറഞ്ഞു.

അല്ല ഇനി കുറുമാനെങ്ങാനും ചത്തു പോവ്വോ ??

ഹേയ്.. ! അല്ല..പോവ്വോ ??

ഞാനൊന്നും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല.

(അവസാനിച്ചു.)

Wednesday, December 3, 2008

ഭ്രാന്തപർവം - ഒന്നാം ഭാഗം

നീലാകാശത്തിൽ വെൺ മേഘങ്ങങ്ങളെ തഴുകി മടുത്ത വിമാനം നിലം തൊട്ടു. നൂറുകണക്കിന് യാത്രക്കാരിൽ ഒരുവനായി, ചുവപ്പിൽ വെള്ളനിറംകൊണ്ട് ' കോഷൻ! ബ്ലോഗ്ഗർ ഇൻസൈഡ് ' എന്നെഴുതിയ ടീ-ഷർട്ടുമിട്ട് പാപഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി കുറുമാൻ ഇറങ്ങി.

എയർപോർട്ടിലെ പതിവുനൂലാമാലകൾ കഴിച്ച് ഏതാണ്ട് മുക്കാൽ മണിക്കൂറുകൾക്ക് ശേഷം അദ്ദേഹത്തെ എനിക്ക് 'വിട്ടുകിട്ടി'.

കയ്യിലിരുന്ന എയർബാഗ് കാറിന്റെ പിൻസീറ്റിലേക്കെറിഞ്ഞ്, ഭംഗിയുള്ള തുകൽ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന 'വാട്ടർ ബോട്ടിൽ' സുരക്ഷിതമായി കക്ഷത്തിൽ സൂക്ഷിച്ച് അദ്ദേഹം ഇരുന്നു. കണ്ണിൽ വിഷാദം OCR പോലെ തളം കെട്ടിക്കിടക്കുന്നു. കാർ തിരുവനന്തപുരം എയർപോർട്ടിൽ നിന്നിറങ്ങി ശംഖുമുഖം ബീച്ച് വഴി നീങ്ങിയപ്പോൾ ,കടലിലേയ്ക്ക് നോക്കി, വണ്ടി നിർത്താൻ അയാൾ ആംഗ്യം കാണിച്ചു. ഞാൻ ഓരം ചേർന്ന് വണ്ടി നിർത്തി. രാവിലെ ആയതിനാൽ ബീച്ച് തീർത്തും വിജനമാണ്. കരയ്ക്ക് കയറ്റി വച്ചിരിക്കുന്ന വള്ളത്തിന്റെ ചുവട്ടിൽ ഒരു തെരുവുനായ ചുരുണ്ട് കിടക്കുന്നു.

കുറു ഉറക്കാത്ത കാലുകൾ വലിച്ച് നടന്നു. തൊട്ടു പിറകേ ഞാനും. പിന്നെ, തിരയോട് ചേർന്ന തീരത്ത് ഞങ്ങൾ ഇരുന്നു. തിരയുടെ ഇരമ്പലുകൾക്കും ഞങ്ങളുടെ മൌനത്തെ തകർക്കാൻ സാധിക്കാതെ വന്നപ്പോൾ ആ ഉദ്യമം ഞാൻ ഏറ്റെടുത്തു.

"കുറുമേട്ടൻ ഇപ്പോൾ ധൃതിപ്പെട്ട് വരേണ്ടിയിരുന്നില്ല."

"വരണമായിരുന്നു. ഞാൻ തന്നെയാണ് വരേണ്ടിയിരുന്നത്. ഞാനാണവനെ രക്ഷിക്കേണ്ടത്... എല്ലാം എന്റെ തെറ്റായിരുന്നല്ലോ? " - കുറുമാന്റെ വിഷാദം പുരണ്ട വാക്കുകൾ എന്റെ ചെവിയിൽ അലയടിച്ചു.
കക്ഷത്തിൽ വിശ്രമിച്ചിരുന്ന വാട്ടർ ബോട്ടിൽ തുറന്ന് ഒരിറുക്ക് കുടിച്ച് കുറു ചിറിതുടച്ചു. പിന്നെ സിഗരറ്റൊന്നിനെ പച്ച ജീവനോടെ കൊളുത്തി. ഒന്നെനിക്കും നീട്ടി.

ആഞ്ഞ് പുകയൂതിക്കൊണ്ട് കുറു ചോദിച്ചു.

"എങ്ങനെയാ, എവിടുന്നാ നീ അവനെ കണ്ടുപിടിച്ചത്? ബാംഗ്ലൂരിൽ നിന്നെങ്ങനെ തിരുവനതപുരത്ത് വന്നു. നിന്റെ മനക്കട്ടിയും ബെർളിയുടെ തൊലിക്കട്ടിയുമൊക്കെ അവനുമുണ്ടാവുമെന്ന് വിശ്വസിച്ചാണ് അന്ന് ഞാൻ അവനെയും വിളിച്ചത്.... ഇങ്ങനെയാവുമെന്നറിഞ്ഞിരുന്നെങ്കിൽ..."

“സാരമില്ല കുറുമേട്ടാ, മനപ്പൂർവ്വമല്ലല്ലോ? നിങ്ങൾ യാത്രകഴിഞ്ഞ് വന്നതല്ലേയുള്ളു. വീട്ടിൽ പോയി കുളിച്ച് കാപ്പികുടി കഴിഞ്ഞിട്ട് സംസാരിക്കാം. മാത്രവുമല്ല. വീട്ടിൽ ചെല്ലുമ്പോൾ അയാളെ നേരിൽ കാണുകയും ചെയ്യാമല്ലോ.“

ഞങ്ങൾ തിരിച്ച് കാറിനടുത്തേയ്ക്ക് നടന്നു.

“ ഇവിടെ ഇന്ത്യൻ കോഫീ ഹൌസിൽ കേറി ഒരു 'നിപ്പനടിക്കണോ'? “- ഞാൻ ചോദിച്ചു.

“വേണ്ടടാ.. ആദ്യമൊന്ന് കുളിക്കണം. മാത്രവുമല്ല. ആവശ്യത്തിന് ഞാൻ കഴിച്ചിട്ടുമുണ്ട്. അതിനു മേളിലേക്ക് ചായകൂടി ഒഴിക്കണ്ട.. “

കാർ നീങ്ങി. വീണ്ടും ഞങ്ങൾക്കിടയിലേയ്ക്ക് മൌനം കടന്നുവരാൻ അനുവദിക്കാതെ ഞാൻ പറഞ്ഞു.

“ കുറുമേട്ടാ, പാവം നന്ദേട്ടൻ. അന്നത്തെ വിളി അയാൾ ശരിക്കും വിശ്വസിച്ചിരുന്നിരിക്കണം. അന്ന് തന്നെ പുള്ളി അദ്ദേഹത്തിന്റെ ഓഫീസിൽ പാർട്ടിയൊക്കെ നടത്തി. കുറേ പണം ചിലവായി. പോരാത്തതിന് വിവാഹം കഴിഞ്ഞതല്ലേ ഉണ്ടായിരുന്നുള്ളു. ഭാര്യയോടും ഭാര്യവീട്ടുകാരോടുമൊക്കെ ഈ 'ബ്ലോഗന' വിശേഷം പാവം പറഞ്ഞിരുന്നുവെന്നാണറിഞ്ഞത്. പുള്ളിക്കാരന്റെ അമ്മായി അപ്പനും അളിയന്മാരുമെല്ലാം ചേർന്ന് നാട്ടുകാരേയും കൂട്ടി പൌരസ്വീകരണമൊക്കെ ഏർപ്പെടുത്തിയിരുന്നു. ആനപ്പുറത്തിരുത്തി ആലവട്ടവും വെഞ്ചാമരവും തരുണീമണികളുടെ താലപ്പൊലിയുമൊക്കെയായി അല്ലേ സ്വീകരിച്ചാനയിച്ചത്. ആനപ്പുറത്തേറിയ നന്ദേട്ടന്റെ നെഞ്ച് അഞ്ചിഞ്ച് വിരിഞ്ഞിരുന്നതായും പറയപ്പെടുന്നു. യൂട്യൂബിലൊക്കെ ആ വീഡിയോ കാണാൻ പറ്റുമെന്ന് കേൾക്കുന്നു...കുറുമേട്ടൻ കണ്ടിരുന്നോ? “

“ഇല്ല.“

കാർ പേട്ടയിലെത്തി.

“ കുറുമേട്ടാ നേരേ പോയാൽ പാളയം. നമുക്ക് ഇടത്തോട്ടാണ് പോവേണ്ടത്. ഇവിടെനിന്ന് ഒരു 4 കിലോമീറ്റർ മാത്രം വീട്ടിലേയ്ക്ക്.. “

ഊം..

കുറുമേട്ടൻ മൂളി. വാട്ടർ ബോട്ടിൽ തുറന്ന് ഒരിറക്ക് കൂടി കുടിച്ചു.

“ നീ പറഞ്ഞില്ല. നന്ദനെ എവിടെ വച്ചാണ് നീ കണ്ടുമുട്ടിയത്? “

“മാതൃഭൂമിയിലെ രാജേഷാണ് എന്നെ വിളിച്ചു പറഞ്ഞത്. നന്ദേട്ടൻ അവരുടെ ഓഫീസിൽ ചെന്നിരുന്നു. എങ്ങനെയോ സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് റിസപ്ഷനിലെത്തി. പിന്നെയാണ് കുറുമേട്ടാ പുകിലായത്. നന്ദേട്ടൻ റിസപ്ഷനിസ്റ്റിന്റെ 'വക്ഷസ്സാംബുരങ്ങളിൽ' നോക്കി ആർത്തിയോടെ ബ്ലോഗന, ബ്ലോഗന എന്നു പറഞ്ഞെത്രെ. ആ പെൺകുട്ടി പേടിച്ചലറി. ആരായാലും പേടിക്കും കെട്ടോ..അന്നത്തെ വേഷം കണ്ടാൽ. ആകെ മുഴിഞ്ഞു നാ‍റി, നീണ്ട,ജഡ പിടിച്ച താടിയും മുടിയുമായി.. ഹോ! ഓർക്കാനേ വയ്യ...പാവം. “

“എന്നിട്ട്?“ - കുറു

“ എന്നിട്ടെന്താ. അവർ പിടിച്ച് പോലീസിൽ ഏൽ‌പ്പിക്കാൻ തുടങ്ങിയതാണ്. അപ്പോഴാണ് രാജേഷ് അവിടേക്ക് വരുന്നത്. ഭാഗ്യം കൊണ്ട് അയാൾ 'ബ്ലോഗനയും അക്കിടി പറ്റിയ ബ്ലോഗേഴ്സും ' എന്ന എന്റെ ആ പോസ്റ്റ് വായിച്ചിരുന്നല്ലോ? ബ്ലോഗന എന്ന വാക്ക് കേട്ടപ്പോൾ രാജേഷ് ഒരു സംശയം തോന്നി എന്നെ വിളിച്ചു. ഇങ്ങനെ ഒരു ഭ്രാന്തൻ അവരുടെ ഓഫീസിൽ എത്തിയിട്ടുണ്ട്..ആകെ ബഹളമാണ് 'ബ്ലോഗന ബ്ലോഗന ' എന്നൊക്കെ പറയുന്നുണ്ട്. നിന്റെ പരിചയക്കാര് വല്ലതുമാണോന്ന് നോക്കാൻ പറഞ്ഞു. “

“ സത്യം പറയാലോ കുറുമേട്ടാ, എനിക്കെന്നാ അതിയാനെ കണ്ടിട്ട് മനസ്സിലായേയില്ല. എങ്കിലും പെൺകുട്ടിയുടെ 'വക്ഷസ്സാംബുരത്തിൽ' നോക്കി അങ്ങനെ വിളിക്കുന്നത് കേട്ടപ്പോളേ എനിക്ക് അതൊരു ബ്ലോഗറാണെന്ന് മനസ്സിലായി. പിന്നെ ശബ്ദവും തലയുടെ ആ ഓഞ്ഞ ഷേപ്പും എല്ലാം കൂടി കണ്ടപ്പോൾ ആളെ പിടികിട്ടി... ഉടൻ തന്നെ വണ്ടിയിൽ കയറ്റി ഓഫീസിൽ കൊണ്ടിരുത്തി. അപ്പോൾ തന്നെ ഞാൻ വീട്ടിൽ ചെന്ന് അമ്മയെയും വീട്ടിൽ സഹായത്തിനായി നിൽക്കുന്ന രമച്ചേച്ചിയേയും പാലായിലേയ്ക്ക് വിട്ടു.... വിശ്വസിച്ചെങ്ങനെ അങ്ങേരേം കൂട്ടി വീട്ടിൽ കയറും? പ്രായമായെങ്കിലും അവർക്കുമില്ലേ ‘വക്ഷസ്സാംബുരം‘? “

കുറു വാട്ടർ ബോട്ടിൽ തുറന്ന് അവശേഷിച്ചിരുന്ന മദ്യം മുഴുവൻ വായിലേയ്ക്ക് കമഴ്ത്തി. പുറത്തേയ്ക്ക് വന്ന ഏമ്പക്കത്തോടൊപ്പം 'ബോട്ടിൽ ഫിൽ' ചെയ്യണം എന്ന് പറഞ്ഞു.

“ദേ മെഡിക്കൽ കോളേജ് ആയി കുറുമേട്ടാ. ഇവിടെ അടുത്തുതന്നെ ബാറുണ്ട്. നമുക്ക് വാങ്ങാം. പിന്നെ ഇനി ഒരു കിലോമീറ്റർ മാത്രമേ വീട്ടിലേക്കുള്ളു. ഒരു ടെൻഷൻ . നന്ദേട്ടനെങ്ങാനും കുറുമേട്ടനെ മനസ്സിലായാൽ...“

“ ഹേയ്! മനസ്സിലാവുമോടാ? നീ പോങ്ങുവാണെന്ന് നന്ദനറിയാമോ? “

“ ‘നന്ദപർവ്വം നന്ദനെപ്പോലും‘ തിരിച്ചറിയാത്ത നന്ദേട്ടനാണോ എന്നെ തിരിച്ചറിയുന്നത് !!! എന്ന് കരുതി കുറുമേട്ടനെ മനസ്സിലാക്കാതിരിക്കണം എന്നില്ലകെട്ടോ “

“ നീ പേടിപ്പിക്കാതെടേ... ഡോക്ടറുടെ സമയം വാങ്ങിയിട്ടുണ്ടോ നീയ്.. “

“ഉം.. 'ഡോക്ടർ മാത്യു എല്ലൂർ' . മിടുക്കനാണ്. രാവിലെ 11 മണിക്ക് ചെല്ലാനാണ് പറഞ്ഞത്. പത്തരയ്ക്ക് ഇറങ്ങിയാൽ മതി.“

ബാറിൽ നിന്ന് ബോട്ടിൽ ഫിൽ ചെയ്ത് വീട്ടുപടിക്കൽ എത്തി കാറിൽ നിന്നിറങ്ങുന്ന ഞങ്ങളെ, തുറിച്ച കണ്ണുകളാൽ ചുട്ട നോട്ടം നോക്കി , സിറ്റ് ഔട്ടിൽ നന്ദപർവ്വം നന്ദേട്ടൻ...

( തുടരും )

അടുത്ത ഭാഗം ബെർളി തോമസ് വക. എന്തും പ്രതീക്ഷിക്കാം. :)

Thursday, November 27, 2008

ഭ്രാന്തപർവ്വവും ബെർളി തോമസും.

'ഭ്രാന്തപർവ്വം' എന്ന പേരിൽ ഞാനൊരു പോസ്റ്റ് കഴിഞ്ഞ ബുധനാഴ്ച രാത്രി അതായത് നവംബർ 19-ന് എന്റെ ഈ ബ്ലോഗിൽ പോസ്റ്റുകയുണ്ടായി. എന്നാൽ പിറ്റേ ദിവസം രാവിലെ തന്നെ അറുവഷളനായ എന്റെ മനസ്സിന്റെ സമ്മർദ്ധം സഹിക്കവയ്യാതെ ആ പോസ്റ്റ് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടതായി വന്നു.

എന്റെ പ്രിയ സുഹൃത്തും ജേഷ്ഠതുല്യനുമായ നന്ദപർവ്വം നന്ദേട്ടൻ കേന്ദ്രകഥാപാത്രമായി വരുന്ന ആ പോസ്റ്റ് ഒരു പക്ഷേ അദ്ദേഹത്തിന്റെ ആരാധകരെ ചൊടിപ്പിക്കുന്നതായിരിക്കും എന്നെനിക്ക് തോന്നിയതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. :)

എങ്കിലും അത് വീണ്ടും പോസ്റ്റണമെന്നുള്ള എന്റെ അടുത്ത സ്നേഹിതരുടെ നിർബദ്ധപ്രകാരം ഞാൻ അതിന്റെ ആദ്യഭാഗം നാളെത്തന്നെ പോസ്റ്റുന്നതായിരിക്കും. നന്ദേട്ടൻ, കുറുമേട്ടൻ തുടങ്ങിയ മഹത്‌വ്യക്തികളുടെ പേര് ഞാൻ ഈ പോസ്റ്റിൽ കാര്യമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. നിങ്ങൾ സഹകരിക്കില്ലേ?

ആദ്യഭാഗത്തിന് അരദിവസമേ ആയുസ്സുണ്ടായിരുന്നുള്ളുവെങ്കിലും അതിനിടയിൽ കമന്റുതന്ന് പ്രോത്സാഹിപ്പിച്ച കാർവർണ്ണം, മാണിക്യം, വായ്നോക്കി, ചിത്രകാരൻ, ശ്രീവല്ലഭൻ, അച്ചായൻ, ടോംകിഡ്, അജേഷ് ചെറിയാൻ, ബിന്ദു കെ.പി, കനൽ, തോന്ന്യാസി തുടങ്ങിയവർക്ക് നന്ദി.

ഇനി 'ഭ്രാന്തപർവ്വവും ബെർളി തോമസും' എന്ന തലക്കെട്ടിനെക്കുറിച്ച്.

മറ്റൊന്നുകൊണ്ടുമല്ല. ഈ പോസ്റ്റിന്റെ അവസാനഭാഗം എഴുതുന്നത് പാലാക്കാരുടെ അഭിമാനവും ബൂലോഗത്തെ 'ഒറ്റക്കൊമ്പനും' ബ്ലോഗിണിമാർക്ക് 'ഉൾപ്പുളക ദായകനും' അവരുടെ കണ്ണിലുണ്ണിയുമായ സാക്ഷാൽ ബെർളി തോമസാണ്.

( പ്രതിഭയുടെ കാര്യത്തിൽ എന്നോളം വരില്ലെങ്കിലും സ്വയം പുകഴത്തലിൽ ഞങ്ങൾ കട്ടകട്ടയ്ക്ക് നിൽക്കുന്നു എന്നതിനാലാണ് ഇത്രയ്ക്ക് ഞാനദ്ദേഹത്തെ പുകഴ്ത്തിയത്. ആരും കാര്യമായിട്ടെടുക്കേണ്ട. ബെർളിക്ക് കാര്യമായെടുക്കാം :-) )

കമന്റു വെള്ളവും ആവശ്യത്തിന് നൽകി ഈ കൂട്ടുകൃഷി വിജയിപ്പിക്കില്ലേ? :)

Sunday, November 16, 2008

ബ്ലോഗനയും അക്കിടി പറ്റിയ ബ്ലോഗേഴ്സും!

ഉച്ചയൂണൂം കഴിഞ്ഞ് ഒരു സിഗരറ്റിന് തീ പിടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൊബൈൽ വിറച്ചത്. പരിചയമില്ലാത്ത നമ്പർ. സാധാരണ പരിചയമില്ലാത്ത നമ്പറുകൾ എടുക്കുന്ന ശീലം ഇല്ലാതിരുന്നിട്ട് കൂടി എന്തോ ആ കോൾ എടുക്കാൻ എനിക്കു തോന്നി. ഒരു പക്ഷേ ഊണിന് മുൻപ് സേവിച്ച 'ദഹനസഹായി'യുടെ പ്രേരണയാവാം.

" ഹലോ, ഇത് പോങ്ങുമ്മൂടൻ എന്ന പേരിൽ ബ്ലോഗെഴുതുന്ന മി.ഹരി അല്ലേ? "

" അതെ! നമ്മുടെ ബ്ലോഗ് നാമം അങ്ങനെതന്നെയാണ്. സ്നേഹമുള്ളവർ പോങ്ങു എന്നും ശത്രുക്കൾ 'പോങ്ങാ' എന്നും വിളിക്കും. . താങ്കളാരാണ് ? "

" ഞാൻ മാതൃഭൂമിയിൽ നിന്നാണ്. ബ്ലോഗിനെ ആസ്പദമാക്കി ബ്ലോഗന എന്ന ഒരു കോളം ഞങ്ങൾ ചെയ്യുന്നുണ്ട്. അതിലേയ്ക്കായി മി. ഹരിയുടെ ഒരു പോസ്റ്റ് ഞങ്ങൾ ഉപയോഗിച്ചാൽ അതിൽ താങ്കൾക്ക് എതിർപ്പെന്തെങ്കിലും?... "

(ഹ..ഹ എതിർപ്പെന്തെങ്കിലും ഉണ്ടോന്നേ!!! മാതൃഭൂമിക്കാരന്റെ വിനയം എനിക്കങ്ങ് ബോധിച്ചു. സാക്ഷാൽ ഐശ്വര്യാ റായി ഉടയാടകളുരിഞ്ഞ് മുന്നിൽ പ്രത്യക്ഷപ്പെട്ട് "ഹരീ, 'ബുദ്ധിമുട്ടാവില്ലെങ്കിൽ' എന്നോടൊത്ത് ശ്ശി നേരമൊന്ന് നേരമ്പോക്കിലേർപ്പെട്ടൂടെ " എന്ന് ചോദിച്ചാൽ " ക്ഷമിക്കണം ഐശ്വര്യപ്പെണ്ണേ, ചെറിയൊരു ബുദ്ധിമുട്ടുണ്ട്. പോയിട്ട് പത്ത് കപ്പയ്ക്ക് ഇട കിളക്കാനുള്ളതാണ്, നീ പോയിട്ട് നാളെയോ മറ്റന്നാളോ വാ " എന്ന് ഞാൻ പറയുമോ!!!!! )

" ഹേയ്.. എന്തെതിർപ്പ്. എങ്കിലും ഒരു കാര്യം പറയട്ടെ. ഞാൻ ബ്ലോഗന വായിക്കാറുണ്ട്. അതുകൊണ്ട് തന്നെ എനിക്കൊരു സംശയം. താങ്കളുദ്ദേശിക്കുന്ന ആൾ ഞാനാവില്ല. "

" അല്ല മി. ഹരി. ഞങ്ങൾക്ക് തെറ്റിയിട്ടില്ല. ഇങ്ങനെ ഒന്ന് വിളിച്ച് പറഞ്ഞിട്ട് ചെയ്യുന്നതല്ലേ ഔചിത്യം എന്നതുകൊണ്ടാണ് താങ്കളെ ഞങ്ങൾ വിളിച്ചത്. ഇടയ്ക്ക് പല പ്രാവശ്യം വിളിച്ചിരുന്നു. അപ്പോഴൊക്കെ താങ്കൾ സ്വിച്ച് ഓഫിലായിരുന്നു. ഏന്തായാലും താങ്കൾക്കെതിർപ്പില്ലാത്ത നിലയ്ക്ക് ഞങ്ങൾ മുന്നോട്ട് പോവുന്നു. ശരി ഹരി "

"അപ്പോൾ ശരി. സന്തോഷം. കാണാം."

ഞാൻ ഫോൺ കട്ട് ചെയ്തു.

അവിശ്വാസത്തോടെ തെല്ലിട ചലനമറ്റ് ഞാൻ നിന്നു.

പത്തോ ഇരുപത്തഞ്ചോ പോസ്റ്റുകളാണ് ഞാൻ ആകെ ഇട്ടത്. അവയാണെങ്കിൽ ഒന്നിനൊന്ന് തറ. ഈ മാതൃഭൂമിക്കൊക്കെ എന്ത് പറ്റി?!! സാമ്പത്തിക മാന്ദ്യം അവരെ 'ബുദ്ധിമാന്ദ്യം ' ആയാണൊ ബാധിച്ചിരിക്കുന്നത്? ഒരോരുത്തർക്കും ഓരോരോ സമയത്ത് ഓരോരോ കഷ്ടകാലങ്ങൾ !!

ആഞ്ഞൊരു പുക എടുത്ത് ഉള്ളിലെ അവിശ്വാസത്തെ ഞാൻ (പുകച്ച് ) പുറത്ത് ചാടിച്ചു.
അടുത്തൊരു വലിയോടൊപ്പം ആഹ്ലാദം ഉള്ളിൽ നിറഞ്ഞു.

അപ്പോഴാണ് സാക്ഷാൽ ബെർളിയുടെ വിളി ഫോണിനെ വിറപ്പിച്ച് കടന്നു വന്നത്.

“ പോങ്ങുമ്മൂടാ, ഞാനാ ബെർളി. വാഴ്ത്തപ്പെട്ട അൽഫോൺസാമ്മ വിശുദ്ധയായതിന്റെ ഗുണങ്ങൾ പാലാക്കാർക്ക് കിട്ടി തുടങ്ങി. പോങ്ങുമ്മൂടനറിഞ്ഞോ. അടുത്ത ബ്ലോഗനയിൽ എന്റെ പോസ്റ്റ് ആണ് വരുന്നത്. അതിനടുത്തതിൽ നമ്മുടെ സുനീഷിന്റെ. പിന്നെ പോങ്ങുമ്മൂടന്റെ. ഇച്ചിരി മുമ്പ് മാതൃഭൂമിയിൽ നിന്നെനിക്ക് വിളി വന്നു. ദൈവവിളി പോലെയാ എനിക്ക് തോന്നിയത്. ഇഞ്ഞി നമ്മൾ പാലക്കാർ ഒറ്റക്കെട്ടായി നിക്കണമെന്ന് എന്നെ ആരോ തോന്നിപ്പിച്ചു. അതാ ഞാനിപ്പോ തന്നെ പോങ്ങൂനെ വിളിച്ചെ.“

ബെർളി തുടർന്നു..

“ സഹനത്തിന്റെ അമ്മയായ അൽഫോൺസാമ്മയുടെ തിരുസന്നിധിയിയിൽ പോയി ഞാൻ മെഴുകുതിരി കത്തിച്ച് മുട്ടിപ്പായി പ്രാർത്ഥിച്ചു. അടുത്ത ഞായറാഴ്ച പോങ്ങുവും വന്ന് തിരി കത്തിക്കണം. എത്ര പേരുട്ടെ സഹനശക്തിയാണ് നമ്മൾ ഓരോ പോസ്റ്റിലൂടെയും പരീക്ഷിക്കുന്നത്. നമ്മക്കലാണ്ട് ആരെക്കൊണ്ട് ഇങ്ങനെയൊക്കെ പരീക്ഷിക്കാൻ പറ്റും. സഹനശക്തി പരീക്ഷിക്കുന്നതിൽ ഇടയ്ക്കൊക്കെ എന്നെപ്പോലും പോങ്ങു കടത്തിവെട്ടും. അതുകൊണ്ട് തന്നെ പോങ്ങു എനിക്കൊരുപകാരം ചെയ്യണം. കഴിഞ്ഞമാസം ഞാനിട്ട 27,349 പോസ്റ്റിൽ നിന്നൊരെണ്ണം ബ്ലോഗനയ്ക്കുവേണ്ടി പോങ്ങു സെലക്ട് ചെയ്യണം. അവരുടെ കണ്ണിൽ എല്ലാം മികച്ചതാ. അതൂകൊണ്ട് അവർക്കേത് സെലക്ട് ചെയ്യണം എന്ന് ഒരു തിട്ടവുമില്ല. “

“ ബെർളി അപ്പോ എനിക്കൊരു പണി തരാനാണ് വിളിച്ചതല്ലേ? ശരി ഞാൻ രാത്രി വിളിക്കാം”

ബെർളി ഫോൺ കട്ട് ചെയ്തു. ദൈവമേ ബൂലോഗത്തെ ഒറ്റയാനായ ബെർളി വരെയാണ് വിളിക്കുന്നത്. സഹിക്കാൻ വയ്യാത്ത സന്തോഷം തോന്നുന്നു.

ഏതായാലും ഈ വാർത്ത ബ്രിജ് വിഹാരം മനുവിനെ ഒന്ന് വിളിച്ച് പറഞ്ഞേക്കാം. ആ പാവം എത്ര കാലമായി എഴുത്ത് തുടങ്ങിയിട്ട്. എത്രയോ മികച്ച പോസ്റ്റുകൾ ഇട്ടു. രണ്ട് ലിംഗങ്ങളിലുമായി എത്രയെത്ര ആരാധകവൃന്ദങ്ങളെ സൃഷ്ടിച്ചു. എന്തിനേറേ, രണ്ട് തലമുറയ്ക്ക് അല്ലലില്ലാതെ കഴിയാനുള്ളത്ര കമന്റുകളും നേടി. പറഞ്ഞിട്ടെന്താ, തലേവരയില്ല. ബുദ്ധിജീവിയായി അറിയപ്പെടാനും സ്വന്തം പേര് മാതൃഭൂമിയിലൊക്കെ അച്ചടി മഷി പുരണ്ട് കാണുന്നതിനുമൊക്കെ ഒരു യോഗം വേണം.

എന്തായാലും വലിയ താമസം കൂടാതെ ബ്ലോഗിൽ 'പുര നിറഞ്ഞ് ' നിൽക്കുന്ന മനുജിയെ പ്രിന്റ് മീഡിയത്തിലേയ്ക്ക് 'എന്റെ സ്വാധീനമുപയോഗിച്ച്' കെട്ടിച്ച് വിടണമെന്ന് മനസ്സിൽ കുറിച്ച് മനുജി-യെ വിളിച്ചു.

രണ്ട് ബെല്ലിനകം തന്നെ മനു ഫോണെടുത്ത് പറഞ്ഞു

" എന്നാ ഒണ്ട് മാഷേ, വിശേഷമൊക്കെ ? ഊണൊക്കെ കഴിഞ്ഞോ? കള്ളൊക്കെ കുടിച്ചോ? "

'' ആ .., ചെറുതായിട്ടൊന്ന് , പിന്നെ മനുജി ഒരു സന്തോഷവാർത്ത..."

പറഞ്ഞു തീരുമുൻപേ മനുജി ഇടയ്ക്ക് കയറി..

" സന്തോഷത്തിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത് പോങ്ങൂ.. ഞാൻ പോങ്ങൂനെ വിളിക്കാനിരിക്കുവാരുന്നു. ഒരു വാർത്തയുണ്ട്. എന്നെ മാതൃഭൂമീന്ന് വിളിച്ചിരുന്നു. ബ്ലോഗനയിലിടാൻ അവർക്കെന്റെ ' ഇന്ദുചൂടാമണി' ഒന്ന് വേണമെന്ന്.. "

" തന്നെ?!!! " -

എന്റെ സ്വരത്തിലെ ആശ്ചര്യം കൊണ്ടുണ്ടായ ഇടറിച്ച അസൂയയായി മനുജി തെറ്റിദ്ധരിച്ചോ എന്തോ?
എനിക്കാണെങ്കിൽ ഒന്നും മനസ്സിലാവുന്നുമില്ല. പതിവില്ലാതെ ബെർളിയുടെ വിളി. സുനീഷിന്റെയും ബെർളിയുടേയും എന്റെയും പോസ്റ്റുകൾ ബ്ലോഗനയിൽ വരുന്നു. ഇപ്പോൾ മനുജിയെയും വിളിച്ച് പറഞ്ഞിരിക്കുന്നു. ഇതിലെന്തെങ്കിലും?

" ഹേയ്! എന്താ മാഷേ, ഒരു താത്പര്യക്കുറവ് പോലെ? "

" അല്ല മനുജി, ഞാൻ ആലോചിച്ചത്... "

"മാഷൊന്നും പറയണ്ട. നിങ്ങൾ എഴുതി തുടങ്ങിയതല്ലേ ഉള്ളു.. എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ.. "

" ശരി വിജയാ .. പിന്നെ , ഇതിന്റെ വക വെള്ളം, വൈകിട്ട് മനുജി വക. "

" പോങ്ങു.. കുറേക്കാലമായിട്ട് വക നമ്മുടെ തന്നെയാണല്ലോ! നിനക്ക് 'വഹിക്കൽ' മാത്രമല്ലേയുള്ളു.. "

" മനുജി, അത് പറയരുത്. ഇത്രേം വൃത്തികെട്ട സാധനം കുടിക്കുന്നതേ എത്ര കഷ്ടപ്പെട്ടാണന്നറിയാമോ? അപ്പോൾ അത് സ്വന്തം കാശ് കൊടുത്തുകൂടിയാവുമ്പോ...ഹൊ! എനിക്കത് ചിന്തിക്കാനേ വയ്യ. അപ്പോൾ നിങ്ങള് തത്ക്കാലം ഫോൺ കുത്തി കെടുത്ത്. "
" ആട്ടെ! പോങ്ങൂ..നിനക്കെന്തോ സന്തോഷവാർത്ത പറയാനുണ്ടെന്ന് പറഞ്ഞിട്ട്... "

" അതൊക്കെ നേരിൽ . ഇപ്പോൾ ദേ നമ്മുടെ തോന്ന്യാസി എന്നെ വിളിക്കുന്നുണ്ട്. "

ഞാൻ തോന്ന്യാസിക്ക് ചെവികൊടുത്തു..

"പോങ്ങേട്ടാ, ആരോടായിരുന്നു കത്തി?"

" നിന്റെ ആണ്ടിപ്പെട്ടിക്കാരി അമ്മായിയോട്. എന്താടാ കാര്യം. തിരോന്തോരത്തുനിന്ന് പോയിട്ട് നീ ഇതുവരെ വിളിക്കാത്താതെന്ത്?"

" പോങ്ങേട്ടാ, ഞാൻ സ്ക്രാപ്പ് ചെയ്തിരുന്നല്ലോ? പിന്നെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമുണ്ടായിരുന്നില്ല."

"എന്നിട്ട് ഇപ്പോൾ നീ അവടെ ആർക്കെങ്കിലും വിശേഷം ഉണ്ടാക്കിയോ. വിളിക്കാൻ?"

" പോങ്ങേട്ടൻ ബ്രാൻഡ് മാറിയാണോ കഴിച്ചേ, പതിവില്ലാത്ത ചൂട്? വിശേഷമുണ്ടണ്ണാ.. അതല്ലേ ഇപ്പോൾ വിളിച്ചേ.. പിന്നെ പോങ്ങേട്ടാ ..രാവിലെ മാതൃഭൂമിയിൽ നിന്ന് വിളിച്ചു..."

"നിർത്തെടാ.. എനിക്കറിയാം. നിന്റെ 'പട്ടിണി സമരം' എടുത്ത് അവന്മാർക്ക് ബ്ലോഗനയിൽ ഇടണം. അതിന് നിന്റെ അനുവാദം വേണം അത്രേല്ലേയുള്ളു..."

" അതേ.. വളരെ ശരിയാണ്. പോങ്ങേട്ടൻ ഇതെങ്ങനെ അറിഞ്ഞു. ഞാൻ വേറാരോടും ഇത് പറഞ്ഞിരുന്നില്ലല്ലോ?!!! "

"ഒക്കെ അറിഞ്ഞു. നീ എല്ലാം കൂടി എനിക്കിട്ട് ആക്കരുത്. പറഞ്ഞേക്കാം. തോന്ന്യാസീ ,പോങ്ങുമ്മൂടൻ തോന്ന്യാസിയായ നിനക്കൊന്നും തടുക്കാൻ പറ്റത്തില്ല. പറഞ്ഞേക്കാം. ചമ്രം പടിഞ്ഞിരുത്തി നിന്നേക്കൊണ്ടൊക്കെ അപ്പി ഇടീപ്പിക്കും. എനിക്കിട്ട് ഞൊട്ടരുത്. "

എനിക്ക് കലിയായിരുന്നു. വായിൽ വന്നതൊക്കെ ഞാൻ ആ പാവം തോന്ന്യാസിയോട് വിളിച്ചു പറഞ്ഞു. എന്റെ ധാരണ ബെർളിയും മനുജിയും തോന്ന്യാസിയുംകൂടി പദ്ധതിയിട്ട് എന്ന് പരിഹസിക്കാൻ ആരെക്കൊണ്ടോ എന്നെ വിളിപ്പിച്ചതാണെന്നാണ്. അത് അങ്ങനെയല്ലാ എന്ന് മനസ്സിലായത് നന്ദേട്ടൻ വിളിച്ചപ്പോളാണ്. മനാമയിൽ നിന്ന് മൊട്ടേട്ടനും വിളിച്ചു. നിഷ്കളങ്കനും പണിക്കരേട്ടനും വിളിച്ചു. എന്തിനും പോന്ന തന്റേടമുള്ള ഒന്നുരണ്ട് ബ്ലോഗിണിമാരും വിളിച്ചു. (അവരുടെ തന്റേടം താങ്ങാനുള്ള കരുത്തില്ലാത്തതിനാൽ മാത്രം ആ പേരുകൾ ഞാൻ ഒഴിവാക്കുന്നു. 'ജീപ്പ് വർണ്ണം', 'ചിന്നത്രേസ്യ' , 'സഞ്ചിപ്പെണ്ണ്' തുടങ്ങിയ പ്രശസ്ത ബ്ലോഗിണിമാരാരെങ്കിലും ആണെന്ന് ആരും കരുതുകയും വേണ്ട )

ഇവരെയെല്ലാം ഇതേ കാര്യവും പറഞ്ഞ് ആരോ വിളിച്ചിരിക്കുന്നു. ആരായിരിക്കും. എല്ലാവർക്കും കോൾ വന്നിരിക്കുന്നത് ഒരേ നമ്പറിൽ നിന്ന് തന്നെ '999' -ൽ തുടങ്ങുന്ന നമ്പർ. തിരിച്ച് വിളിച്ചാൽ ഫോൺ എടുക്കുന്നുമില്ല. പ്രീ പെയ്ഡ് നമ്പർ ആയതിനാൽ ആരെന്ന് അറിയാനും കഴിഞ്ഞില്ല.

പിറ്റേ ദിവസം ആ നമ്പറിൽ നിന്ന് ഒരു മിസ്ഡ് കോൾ കിട്ടി. അപ്പോൾ തന്നെ ഞാൻ തിരിച്ചു വിളിച്ചു. " നീ മധു പകരൂ.. മലർ ചൊരിയൂ..." എന്ന പാട്ട് കേൾക്കാം. പാട്ട് തീരും മുൻപ് ഫോൺ എടുത്തു. ആരുടെയൊക്കെയോ ശബ്ദങ്ങളും ചിരികളും ചീയേഷ്സ് വിളികളും ഗ്ലാസുകൾ പരസ്പരം മുത്തം കൊടുക്കുന്ന ശബ്ദങ്ങളും വ്യക്തമായി കേൽക്കാം. പാഴായിപോയ എന്റെ കുറേ ഹലോ ഹലോ വിളികളിലൊന്ന് പെറുക്കി അങ്ങേ തലയ്ക്കൽ നിന്നാരൊ എനിക്കിട്ടെറിഞ്ഞു.

" ഹലോ " - ശബ്ദത്തിനൊരു കുഴച്ചിലുണ്ട്.
എങ്കിലും ഇന്നലെ കേട്ട അതേ ശബ്ദം തന്നെയാണതെന്ന് എനിക്ക് ബോദ്ധ്യമായി.

"നമസ്കാരം. താങ്കളാരാണ്. ഇന്നലെ ഈ നമ്പറിൽ നിന്ന് എന്നെ നിങ്ങൾ വിളിച്ചിരുന്നു. ഇപ്പോൾ എനിക്കൊരു മിസ്ഡ് കോളും കിട്ടി. സത്യത്തിൽ നിങ്ങളെ എനിക്ക് മനസ്സിലായിട്ടില്ല "

" അത്. ഞാൻ പലരേയും വിളിച്ചിട്ടുണ്ടാവും. ആദ്യം നീ ആരെന്ന് പറ "

" ഞാൻ JPBP. തിരുവനന്തപുരത്തുനിന്ന് വിളിക്കുന്നു."

" എടേ OCR, OPR, OMR, BJP, RC,DCB എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതെന്തോന്നാടാ ഈ JPBP? പുതിയ ബ്രാൻഡാ? "

സംഗതി ഉടക്ക് ലൈൻ തന്നെ. എങ്കിലും ചെറുപ്പകാലം മുതലേ കുടിയന്മാരോട് ഒരു പ്രത്യേക ബഹുമാനവും ആരാധനയുമുള്ളതുകൊണ്ട് ഞാൻ വാക്കുകളിൽ പരമാവധി വിനയം പുരട്ടി വിട്ടു..

" അല്ല JPBP എന്നത് എന്റെ ചുരുക്കപ്പേരാണ്. ജനപ്രിയ ബ്ലോഗ്ഗർ പോങ്ങുമ്മൂടൻ എന്നതിന്റെ ചുരുക്കപ്പേര്. "
" ആഹാ! നീയൊരു ബ്ലോഗറാണോ? നിനക്ക് ഭയങ്കര ജനപ്രീതിയൊക്കെയുണ്ടോ? "

ആക്കലാണെന്ന് എനിക്ക് ബോദ്ധ്യമായി. എങ്കിലും പരാക്രമം കുടിയനോടല്ല വേണ്ടു എന്നതുകൊണ്ടും എനിക്ക് ആ വ്യക്തി ആരെന്ന് അറിയാനുള്ള ആഗ്രഹവും അത്ര അധികമായിരുന്നതുകൊണ്ടും സത്യസന്ധമായി തന്നെ ഉത്തരം കൊടുത്തു..

" ലവലേശമില്ല. എപ്പോഴും ഇങ്ങനെ പറഞ്ഞാൽ എങ്ങാനും അറം പറ്റിയാലോന്ന് വിചാരിച്ചു. ആട്ടെ താങ്കളാരാണെന്ന് ഇതുവരെ പറഞ്ഞില്ല. "

"നീ തിരക്കിടാതെടാ.. ഞാനിതൊന്ന് ഫിനിഷ് ചെയ്തോട്ടെ. "

ഞാൻ കാത്തു. ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാകിയത് ഞാനറിഞ്ഞു. പിന്നെ വളരെ മാന്യമായി എന്നോട് പറഞ്ഞു.

" പോങ്ങൂ, നിനക്കെന്നെ മനസ്സിലായില്ലേ? ടാ, ഞാൻ ഒരാഴ്ചയായി നാട്ടിലുണ്ട്. ചങ്ങാതികളുമായി ഞാൻ കറക്കത്തിലായിരുന്നു. മിക്കവാറും നാളെ ഗോവയിലേയ്ക്ക് പോവും. തിരിച്ച് വന്ന് അധികം താമസിയാതെ തന്നെ ഞാനിവിടെ നിന്ന് പറക്കും. അടുത്ത വരവിൽ നമുക്ക് നേരീൽ കാണാം. ഒരു തമാശയ്ക്ക് നിന്നെയൊക്കെ വിളിച്ചതാണ്. നിനക്ക് ഫീൽ ചെയ്തൊന്നുമില്ലല്ലോ? "

എനിക്കതിശയം തോന്നി. ഇത്ര കൂതറത്തരം ചെയ്ത ആൾ എത്ര മാന്യമായും സ്നേഹത്തോടെയുമാണ് സംസാരിക്കുന്നത്. ആരാണെന്ന് എന്തേ ഇപ്പോഴും പറയാത്തത്?

" സത്യത്തിൽ ആരാണെന്ന് ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല. "

ഉറക്കെ ഒരു ചിരിയായിരുന്നു മറുപടി. പിന്നെ പറഞ്ഞു

" ടാ.. ഞാനൊരു ക്ലൂ തരാം. നീ കണ്ട് പിടിക്ക്. ഈ നമ്പറിൽ ഞാൻ കുറച്ച് ദിവസം ഉണ്ടാവും. നിനക്ക് ഏത് സമയത്ത് വേണമെങ്കിലും വിളിക്കാം. ഇന്നാ പിടി ക്ലൂ...

ഞാൻ കുപ്പിയിലുണ്ട്. തൊപ്പിയിലില്ല.
റുമേനിയയിലുണ്ട് സിംഗപ്പൂരില്ല.
മാനിലുണ്ട് ' മൈ ' ച്ചെ.. മയിലിലില്ല...

നീ കണ്ടുപിടിച്ചിട്ട് വിളി. ഞാൻ ഇവിടെ തന്നെ ഉണ്ടാവും.


എനിക്കാളെ പിടികിട്ടി. പിന്നെ കുറെ അധികം ഞങ്ങൾ സംസാരിച്ചു. ഫോൺ കട്ട് ചെയ്യുമ്പോൾ എന്റെ മുഖത്ത് ചമ്മിയ ഒരു ചിരി ഉണ്ടായിരുന്നെങ്കിലും മനസ്സിൽ ഒരു നിറവ് ഉണ്ടായിരുന്നു. രസികനായ ഒരു ചങ്ങാതിയെ ലഭിച്ചതിന്റെ, സ്നേഹമുള്ള ഒരു ചേട്ടനെ ലഭിച്ചതിന്റെ....


മിത്രങ്ങളേ, മനസ്സിലായോ ഈ രസികനെ? അതെ. അദ്ദേഹം തന്നെ.
ഇനിയും മനസ്സിലാക്കാത്തവർക്ക് ഒരു ക്ലൂ എന്റെ വക കൂടി തരാം.

പ്രശസ്തനും പ്രഗൽഭനുമായ ഈ ബ്ലോഗറിന്റെ മൊബൈൽ ഫോൺ ഗൾഫ് നാട്ടിലെ ഒരു ബാറിൽ വച്ച് നഷ്ടപ്പെട്ടു.
കുന്തം പോയാൽ കുടത്തിലും തപ്പണം എന്ന പഴമൊഴിയിൽ വിശ്വസിക്കുന്നതുകൊണ്ടും
അവിടുത്തെ ബാറുകളിലൊന്നും കുടം ഇല്ലാത്തതുകൊണ്ടും നാട്ടിൽ വന്ന് മാപ്രാണം ഷാപ്പിലെ ഓരോ കുടത്തിലും മൊബൈൽ ഫോൺ പരതിക്കൊണ്ടിരിക്കുകയാണിപ്പോൾ ഈ ആശാൻ.

ആളെ മനസ്സിലായവർ ആരെന്ന് അറിയിക്കുക. :)

Friday, October 24, 2008

അഖില ലോക ഭർത്താക്കന്മാരേ സംഘടിക്കുവിൻ...

പ്രിയ സഖാക്കളെ, ഗാന്ധിയരേ, ധന്യാത്മാക്കളേ, സ്നേഹിതരേ, പ്രിയമെഴും സഹോദരീസഹോദരന്മാരേ, നായന്മാരേ മറ്റ് നാനാ ജാതി മതസ്ഥരേ, ശത്രുക്കളേ...

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് അർദ്ധരാത്രി ആയിരുന്നല്ലോ? അതുകൊണ്ട് തന്നെ സ്വാതന്ത്ര്യലബ്ധിയെക്കുറിച്ച് ആദ്യമറിയാൻ ഭാഗ്യം ലഭിച്ചത് അപൂർവ്വം ചിലർക്ക് മാത്രമാണ്.! അതിൽ പ്രധാനികൾ ഞങ്ങളുടെ നാട്ടിലെ * ഒളിസേവ *യിൽ തല്പരരും ഒപ്പം നിശാസഞ്ചാരികളുമായ അപൂർവ്വം ചില നായന്മാർക്കും, പിന്നെ അർദ്ധരാത്രി കാട്ടുമുയലിനെയും, ലില്ലിക്കുട്ടി, ശോശാമ്മ, ഏലിച്ചേച്ചി മുതലായ ‘നാട്ടുമുയലു‘കളെയും വേട്ടയാടാനിറങ്ങുന്ന വെടിക്കാരൻ കുഞ്ഞൂഞ്ഞുചേട്ടൻ എന്ന നസ്രാണിക്കുമായിരുന്നു. ( വെടിവെയ്ക്കാൻ ലൈസൻസുള്ള ഏക തോക്കുകാരൻ നാട്ടിൽ കുഞ്ഞൂഞ്ഞു ചേട്ടൻ ആണ് )

സ്വാതന്ത്ര്യം ലഭിച്ച വിവരം അറിഞ്ഞയുടൻ സകല നായന്മാരും സമ്മന്ത വീടുകളിൽ നിന്ന് മുറ്റത്തിറങ്ങി, കഴുത്ത് നീട്ടി പൂർണ്ണചന്ദ്രനെ നോക്കി ഓരിയിട്ടു.

കുഞ്ഞൂഞ്ഞ് ചേട്ടൻ ലില്ലിക്കുട്ടിയുടെ പറമ്പിൽ നിന്ന് ബഹുമാനപൂർവ്വം ആകാശത്തേയ്ക്ക് മൂന്ന് ആചാരവെടി പൊട്ടിച്ചു.

നായന്മാരുടെ ഓരിയിടലിലും നസ്രാണിയുടെ വെടിശബ്ദത്തിലും ഞെട്ടിയുണർന്ന നാട്ടുകാർ സ്വാതന്ത്ര്യത്തെപ്പറ്റി അറിഞ്ഞു. അവർ ആഹ്ലാദാരവങ്ങൾ മുഴക്കി.

എന്തുകൊണ്ടാണ് യാതൊരു പ്രകോപനവുമില്ലാതെ ‘ജനപ്രിയ ബ്ലോഗ്ഗറായ ശ്രീമാൻ പോങ്ങുമ്മൂടൻ‘ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിന്റെ അധികമാരും അറിയാതിരുന്ന ഒരേട് ഇപ്പോൾ വെളിവാക്കിയതെന്ന് തോന്നുന്നുവോ?

എന്നാൽ കാരണമുണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ച് ആധികാരികമായി പറയാൻ ആർക്കാണവകാശം? സ്വാതന്ത്ര്യസമരസേനാനികൾക്കോ? രാഷ്ട്രീയക്കാർക്കോ മാധ്യമപ്രവർത്തകർക്കോ? അതോ പോലീസിനോ പട്ടാളത്തിനോ? അതുമല്ലെങ്കിൽ പണക്കാർക്കോ പാവപ്പെട്ടവർക്കോ?

അല്ല ചങ്ങാതികളെ. സ്വാതന്ത്ര്യത്തെക്കുറിച്ച് ആധികാരികമായി പറയാനും വേവലാതിപ്പെടാനും ഒരുകൂട്ടർക്ക് മാത്രമേ അവകാശമുള്ളു.
അത് ഭർത്താക്കന്മാർക്കാവുന്നു. എതിരഭിപ്രായമുണ്ടോ?

ഇല്ലെങ്കിൽ അഖിലലോക ഭർത്താക്കന്മാരേ സംഘടിക്കുവിൻ. നമുക്കൊന്നായി പൊരുതാം. അസമയത്ത് വീട്ടിൽ ചെന്ന് കയറുവാനും അത്യാവശ്യം കുടിച്ച് കൂത്താടുവാനും സ്നേഹിതരുമൊത്ത് യഥേഷ്ടം കറങ്ങുവാനുമുള്ള നമ്മുടെ ജന്മാവകാശങ്ങൾ നേടിയെടുക്കുവാനായി നമുക്ക് അഹോരാത്രം സമരം ചെയ്യാം. 1947 ആഗസ്റ്റ് 15ന് അർദ്ധരാത്രി സ്വാതന്ത്ര്യം ലഭിച്ചത് നമ്മൾ ഭർത്താക്കന്മാർക്കും കൂടിയാണെന്ന വിവരം നമ്മുടെ ഭാര്യമാരെ നമുക്ക് അറിയിക്കാം.

ഭർത്താക്കന്മാരേ, നമുക്ക് നഷ്ടപ്പെടുവാൻ ഒന്നുമില്ല. നേടുവാൻ ഏറെയുണ്ട് താനും. അതുകൊണ്ട് സംഘടിക്കുവിൻ...

ഈ വരുന്ന ഒക്ടോബർ 30-ന് ‘മൃഗീയമായ’ ദാമ്പത്യ ജീവിതത്തിന്റെ മൂന്നാം വാർഷികം ഞാൻ കൊണ്ടാടുകയാണ്. അല്ലെങ്കിൽ പാരതന്ത്ര്യത്തിന്റെ 3 വർഷങ്ങൾ. ആയതിനാൽ ഒക്ടോബർ 30-ന് ഭർത്താക്കന്മാരുടെ ദിനമായി ഈ എളിയവൻ പ്രഖ്യാപിച്ചുകൊള്ളുന്നു.
നിങ്ങൾ സഹകരിക്കുമോ?

ഭർത്താക്കന്മാരേ, ഡെമോക്ക്ലസിന്റെ വാൾ പോലെ ഭാര്യമാർ നമ്മുടെ തലയ്ക്ക് മീതെ ഉണ്ടെന്നകാര്യം നാം എപ്പോഴും ഓർക്കണം. ജാഗ്രതൈ..

വിശ്വസ്തതയോടെ
പോങ്ങുമ്മൂടൻ.

ഭാര്യേ..ഭര്യേ.. മൂരാച്ചി. നിന്നെ പിന്നെ കണ്ടോളാം. :)

------------------------------------------------------------

“ (ഇതൊരു റൌണ്ട് ഓടിയതാണ് കഴിഞ്ഞവര്‍ഷം. സംഭവം എവര്‍ റോളീങ്ങ് ആക്കാന്‍ ഉദ്ദേശമുള്ളതുകൊണ്ട് , വീണ്ടും പോസ്റ്റുന്നു!) “
- വിശാലേട്ടൻ - 9-16

ഞാനും അങ്ങനെ തന്നെ വിശാലേട്ടാ. :)

പ്രിയപ്പെട്ട ഭാര്യേ, എനിക്കെല്ലാ സ്വാന്തന്ത്രവും തരുന്ന, എന്തിനേറെ നിനക്ക് ശമ്പളം കിട്ടുമ്പോൾ ‘നിപ്പനടിക്കാൻ’ മാസാമാസം കാശുതരുന്ന നിന്നെ മറന്നല്ല ഞാനിതെഴുതിയത്. ഇതൊക്കെ ഒരു തമാശയല്ലേ?
ആട്ടെ. ഇതെഴുതിയതിന് ഇന്ന് വീട്ടിൽ വരുമ്പോൾ നീ ചിരവയെടുത്ത് എന്റെ ശിരസ്സിൽ തലോടുമോ? ഇല്ലല്ലേ? എന്നാൽ ഞാനിന്ന് നേരത്തേ വരാം. നിനക്കിഷ്ടപ്പെട്ട ചെമ്മീനുമായി. :)

Wednesday, October 8, 2008

ആസ്ഥാന വേശ്യ അന്നൂട്ടി


പടിഞ്ഞാറ്റിൻ‌കര എന്ന എന്റെ ഗ്രാമം മറ്റേത് ഗ്രാമം പോലെയും മനോഹരം തന്നെയായിരുന്നു. ഈ കഥ നടക്കുന്ന കാലത്തിൽ നിന്ന് ഇപ്പോൾ മാറ്റങ്ങളൊരുപാട് വന്നെങ്കിലും ആ ഗ്രാമം ഇന്നും സുന്ദരം തന്നെ.

 എന്നാൽ ഈ കഥയിലൂടെ  ആ ഗ്രാമത്തിന്റെ മനോഹാരിത-യേക്കാൾ അവളുടെ നിഷ്കളങ്കത വ്യക്തമാക്കിത്തരാനാണ് ഞാൻ ശ്രമിക്കുന്നത്. അവളുടെ നിഷ്കളങ്കത എന്നാൽ അവിടെ പാർക്കുന്ന ജനങ്ങളുടെ നിഷ്കളങ്കത.

 ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് നമുക്ക് തുടങ്ങാം. ഇതിലെ കേന്ദ്രകഥാപാത്രങ്ങളുടെ പേര്, വീട്ടു പേര് തുടങ്ങിയവ ഞാനൊന്ന് മാറ്റുന്നു. മറ്റൊന്നുകൊണ്ടുമല്ല. പണ്ട് ശൈശവദശയിലായിരുന്ന പല പിള്ളേരും ഇപ്പോൾ യുവാക്കളാവുകയും അവരിൽ പലരും ബ്ലോഗ് വായന ഒരു ശീലമാക്കുകയും ഒപ്പം ജിമ്മിലൊക്കെ പോയി കൈക്കരുത്ത് നേടുകയും ചെയ്ത വിവരം ഞാൻ മനസ്സിലാക്കുന്നു. അവരുടെ നിഷ്കളങ്കത പരീക്ഷിക്കാൻ  ലവലേശം താത്പര്യമെനിക്കില്ല. എന്നാൽ കഥയിൽ ലവലേശം വെള്ളം ചേർത്തിട്ടില്ലെന്നത് വാക്ക്.

 പണ്ട് നാട്ടിലെ ഒട്ടുമിക്ക ചെറുപ്പക്കാരും ചെറുപ്പക്കാരുടെ മനസ്സുള്ള തൈക്കിളവന്മാരും ഒത്തുചേരുന്ന ഒരിടമായിരുന്നു കാവിത്തോടിന്റെ കലുങ്ക്.  ചുരുങ്ങിയത് 15-നും 20-നും ഇടയ്ക്ക് ആൾക്കാർ വൈകുന്നേരം 5 മണി മുതൽ രാത്രി പത്തരവരെ ആ പാലത്തിലെ 4 കലുങ്കുകളിലുമായി  തമ്പടിച്ചിരുന്നു.

 ക്രൈസ്റ്റ് കോളേജിലെ പ്രൊഫസ്സറായ ജോസ്സാർ മുതൽ ചന്ദ്രത്തിലെ പൊട്ടൻ ജോസ് വരെ പാലം കമ്മറ്റിയിലെ സജീവ സാന്നിദ്ധ്യമായിരുന്നു.

 നേരമ്പോക്കുകൾ, പരദൂഷണം, പാരവയ്പ്, ബീഡി വലി, സിനിമാക്കഥ പറച്ചിൽ, രാഷ്ട്രീയം, തെറിവിളി, മാട്ടം പോക്കാനുള്ള ഗൂഢാലോചന അങ്ങനെ അങ്ങനെ എല്ലാം അവിടെ പതിവായി നടന്നിരുന്നു.

 ഞാനന്ന്  ഒന്നാം വർഷ പ്രീഡിഗ്രി സാമാന്യം തെറ്റില്ലാതെ തോറ്റ് രണ്ടാംവർഷം ആദ്യവർഷത്തേക്കാൾ നില മെച്ചപ്പെടുത്തി ശിഷ്ടജീവിതം പാലം കമ്മിറ്റിക്കായി ഉഴിഞ്ഞ് വയ്ക്കണമെന്ന മോഹവുമായി ജീവിക്കുന്നു. എന്റെ ഈ മോഹം മനസ്സിലാക്കിയതിനാലാവണം പാലം കമ്മിറ്റി സെക്രട്ടറിയായി അവർ എന്നെ തിരഞ്ഞെടുത്തത്. പ്രസിഡന്റ്  പദവി കാള പൂട്ടൽ പ്രധാന തൊഴിലാക്കിയ ക്രിഷ്ണാപ്പിക്കും നൽകി.

 ഒരു ദിവസം കണ്ടൻ സുരേഷാണ് പാലം കമ്മിറ്റിയുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട  ആ സംഭവം വിവരിച്ചത്.

 നാട്ടിലെ ആസ്ഥാന വേശ്യയായ ശ്രീമതി. അന്നൂട്ടിയുടെ വീട്ടിൽ സ്ഥിരമായി ഒരു പതിവുകാരൻ വരുന്നുണ്ടെന്നതായിരുന്നു ആ വിവരം. കലുങ്കിലിരിക്കുന്നവരിൽ ചന്ദ്രത്തിൽ പൊട്ടനൊഴിച്ച്  ബാക്കിയെല്ലാവരും ഒരുനിമിഷം ഞെട്ടിത്തരിച്ചു. എല്ലാ‍വരുടെയും ഞെട്ടൽ മനസ്സിലാക്കിയ പൊട്ടൻ ജോസ് കാര്യമെന്തെന്ന് ആംഗ്യഭാഷയിൽ ചോദിച്ചു. കണ്ടൻ സുരേഷ് കൈയ്യും കാലും നെഞ്ചും മറ്റ് ശാരീരിക ചലനങ്ങളുമെല്ലാമുപയോഗിച്ച് അന്നൂട്ടി സംഭവം വിവരിച്ചു.

 ഞെട്ടാതെ നിന്ന പൊട്ടനും ഞെട്ടിയതോടെ അടുത്ത നീക്കത്തെക്കുറിച്ചായി ആലോചന.

 “എന്നാടാ ഉവ്വേ ഇപ്പ ചെയ്യേണ്ടേ? ഇതങ്ങനെ വിട്ടാ പറ്റിയേലല്ലോ? “ കണ്ടന്റെ അനിയൻ കൊട്ടുപിടി അനിൽ.

 “ പിന്നല്ലാതെ. ഇതറിഞ്ഞ സ്ഥിതിക്ക് ഇനീപ്പം വീട്ടിപ്പോയി കെടന്നാ ഒറക്കോം മറ്റോ വരുവോ? “ ഇത് പറഞ്ഞ രാജമണിയുടെ മുഖത്ത് ബാബു നമ്പൂതിരിയുടെ ദൈന്യത.

 പാവം പൊട്ടൻ ആംകാക്ഷ പരമാവധി മുഖത്ത് തേച്ച് ‘ബ്ബേ..ബ്ബേ.. “ എന്ന ശബ്ദത്തിലൂടെ ഒരു നൂറ് ചോദ്യം ചോദിച്ച് ഓരോരുത്തരുടേയും മുഖത്തേക്ക് നോക്കി ചുറ്റി നടന്നു.

 ജോസ്സ് സാർ പറഞ്ഞു.

“ എന്തായാലും ഒരു കാര്യമുണ്ട്. അവന് വഴി നല്ല തിട്ടമാ. അല്ലെങ്കിൽ അവളുടെ വീട്ടിലെങ്ങനെ ഈ പാതിരാത്രിക്ക് ചെന്നെത്തും? പകലുപോലും കേറി ചെല്ലാൻ പ്രയാസമല്ലേ? “

 ശരിയാണ്. അന്നൂട്ടിയുടെ വീട് ഷാരിയേൽ കുന്നുമ്പുറത്തുള്ള ഒരു പുറമ്പോക്കിലാണ്. കുത്തനെ ഉള്ള മൂന്നാൽ പറമ്പ് കയറി ഇടവഴിയിലൂടെ നടന്ന് കുറേ കുത്തുകല്ല് കയറി, പൊട്ടക്കിണറിന് സമീപമുള്ള നടപ്പാതയിലൂടെ നടന്ന് വേണം അവരുടെ വീടെത്താൻ

 ജോസ്സ് സാർ തുടർന്നു

 “.. ഇനീപ്പോ നമ്മടെ കുട്ടിയെങ്ങാനുമാണോടാ കണ്ടാ അവിടത്തെ സ്ഥിരം കുറ്റി? “  

 ജോസ്സാറിത് പറഞ്ഞ് തീർന്നതും ഇരുളിൽ മുരളിച്ചേട്ടന്റെ  പാടവരമ്പത്തുനിന്ന് കുട്ടിയുടെ സ്വരം ഉയർന്ന് കേട്ടു.

 സാറേന്ന് വിളിച്ചേ വാകോണ്ട്  ***റേന്ന് വിളിപ്പിക്കരുത്. പറഞ്ഞേക്കാം.  ഒന്ന് തൂറാൻ പോയ നേരം നോക്കി  ഒരു മാതിരി മൊണഞ്ഞ വർത്തമാനം പറഞ്ഞാലുണ്ടല്ലോ.. “

 അതൊരു താക്കീതായിരുന്നു. തോളിൽ അണ്ടർവയർ തോർത്തുപോലെ തൂക്കി കൈലി ചന്തുക്കുമേലിലേക്ക് തെറുത്തുകയറ്റി കവച്ചുകവച്ച് നടന്ന് കുട്ടി തോട്ടിലേക്കിറങ്ങി പിൻഭാഗം വെടിപ്പാക്കി.

 അതിനിടയിൽ സഹകരണബാങ്കിലെ പ്യൂണും നാട്ടിലെ പ്രധാന ബുദ്ധിജീവിയുമായ പ്രൊഫസ്സറെന്ന് വിളിക്കുന്ന ബാബുവിന്റെ നിർദ്ദേശം ഞാൻ ആരാഞ്ഞു..

 “ആട്ടെ പ്രൊഫസ്സറേ, ഇക്കാര്യത്തിൽ താങ്കളുടെ അഭിപ്രായമെന്താ? നമ്മളെന്ത് ചെയ്യണം.? “

 പ്രൊഫസ്സർ ബാബു കലുങ്കിലൊന്ന് ഇളകിയിരുന്നു. കാജാ ബീഡിയൊന്നു  കത്തിച്ച് പുകവിട്ട് പുകച്ചുരുളുകൾ ഇരുളിലലിയുന്നതും നോക്കി പറഞ്ഞു..

 “ അടിസ്ഥാനപരമായി നോക്കിയാൽ നിങ്ങളുടെ ഞെട്ടലിന് യാതൊരു അടിസ്ഥാനവുമില്ല. മാത്രവുമല്ല കുറേ ചെറ്റകളായ കപടസദാചാരക്കാരുടെ കൂട്ട ഞെട്ടലായി മാത്രമേ എനിക്കിതിനെ കണക്കാക്കാനാവൂ. “

 കൈയ്യിലിരുന്ന കേരളശബ്ദം വാരിക വീശിക്കൊണ്ട്  ഒരു പുക കൂടി എടുത്ത് പ്രൊഫസ്സർ തുടർന്നു

 “ എന്തുകൊണ്ടാണ് നിങ്ങൾ ഈ പാട്ടുപുരക്കൽ കാവിൽ ആരെങ്കിലും തൊഴാൻ വന്നെന്നറിഞ്ഞ് ഞെട്ടാത്തത്? എന്തുകൊണ്ടാണ് പാളയം പള്ളിയിൽ കുർബാന കൈക്കൊള്ളാൻ വിശ്വാസികളെത്തി എന്നറിഞ്ഞാൽ ഞെട്ടാത്തത്? പോട്ടെ, പാളയം പള്ളിക്കൂടത്തിൽ പിള്ളാര് പഠിക്കാൻ വരുന്നുണ്ട് എന്ന് കേട്ടാൻ ആരെങ്കിലും ഞെട്ടുമോ?

ഇല്ലല്ലോ? അതാണ്. അതുപോലൊക്കെത്തന്നെ പവിത്രവും പരിപാവനവുമായി കാണേണ്ടതാണ് അന്നൂട്ടിയുടെ വീടും. അതൊരു സർവ്വകലാശാലയായി കരുതണം. പൂജിക്കണം. ഇങ്ങനൊന്നും ചെയ്യാനുള്ള മനവലിപ്പം ഇല്ലാത്തതാണ് നമ്മുടെ നാടിന്റെ ശാപം. കഴിഞ്ഞ കേരളശബ്ദം വാരികയിൽ ഒരു ലേഖനമുണ്ടായിരുന്നു ആരെങ്കിലും ഒരു തീപ്പെട്ടി ഉരച്ചാൽ ഞാനൊന്ന് വായിക്കാം

 അതുവരെ മിണ്ടാതിരുന്ന  ശിഷ്യൻ കലുങ്കിൽ നിന്ന് താഴെ ഇറങ്ങി പ്രൊഫസ്സറെ കൊടുങ്ങല്ലൂരമ്മയായി സങ്കല്പിച്ച് പൂരപ്പാട്ട് തുടങ്ങിപിന്നെ എന്റെ നേരേ തിരിഞ്ഞ്

 “ ഡാ പുല്ലേ, പിള്ളേ. നിനക്ക് സമാധാനമായല്ലോ? മര്യാദക്കിരുന്ന പ്രൊഫസ്സറായിരുന്നു. ഇനി തൊടങ്ങും അറക്കാൻ. കോപ്പെടപാട്.. ആരെങ്കിലും എന്തെങ്കിലും ചോദിച്ചുപോയാ അപ്പം നിവർത്തും കേരളശബ്ദം..“ ശിഷ്യൻ പിന്നെയുമെന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

 പ്രൊഫസ്സർ സംസാരം നിർത്തി. കുട്ടിയും ജോസ്സാറും കൂടുപിള്ളയും എമ്മസും മൈക്കിളേട്ടനും ആപ്പിയും ഗുരുക്കളും മാത്തുക്കുട്ടിയും ദിനേശനും തങ്കച്ചനും കൊട്ടുപിടിയും രാജമണിയും എന്തിന് പൊട്ടൻ ജോസുപോലും സംസാരം നിർത്തി.

 ശിഷ്യൻ തുടർന്നു. ഇനി കൂടുതലൊന്നും ആലോചിക്കാനില്ല. ഇന്ന് തന്നെ നമുക്കവനെ പൊക്കണം. അന്നൂട്ടിയുടെ വീട് ഇന്ന് തന്നെ വളയണം. നിങ്ങക്കറിയാവോ കൊറച്ച് ദിവസം മുൻപ് അന്നൂട്ടി ഷാരിയേ കുന്നുമ്പുറത്ത് ആട് തീറ്റിക്കൊണ്ടിരുന്നപ്പോ ഞാൻ വെറുതേ അവടടുത്തു ചെന്ന്  ഒന്ന് ലോഹ്യം ചോദിച്ചതേയുള്ളു “നെന്റമ്മയോട്  പോയി ചോദിക്കടാ “ എന്നൊരാട്ട് .. പുല്ലുതിന്നോണ്ടിരുന്ന ആട് വരെ ഞെട്ടിപ്പോയി. ആൾക്കരുകേട്ടാ എന്നാ വിചാരിച്ചേനേ.. ഒരു ശീലാവതി വന്നേക്കുന്നു വയസ്സ് 10-56 ആയി. ആർക്ക് വേണം ആ മുതുക്കിയേ

 “ പൂശകശ.. അപ്പോ അതാണ് കാര്യം. ഡാ..ശിഷ്യാ അപ്പോ കൊതിക്കെറുവാണ് കാര്യം .. “

 കണ്ടന്റെ പറച്ചിൽ ഒരു കൂട്ടച്ചിരിയോടെ ഞങ്ങൾ ഏറ്റെടുത്തു

 ശിഷ്യൻ വായിൽ നിന്ന് വീണ അബദ്ധമോർത്ത് തെല്ലു നേരം നിന്നു. പിന്നെ പറഞ്ഞു..

 “ ആ.. ഇനീപ്പോ എല്ലാ ക്ണാപ്പന്മാരുംകൊടെ എന്റെ നെഞ്ചിലോട്ട് പൊങ്കാലയിട്ടോ ആരൊക്കെയാണ് അവളുടെ പറ്റുപടിക്കാരെന്ന്  ഞാൻ വിളിച്ച് പറയണോ.. പറയണോ പ്രൊഫസ്സറേ, വേണോടാ കണ്ടാ,

 (സത്യമായും ) ഞാനൊഴിച്ച്  മിക്കവരുടേം തല കുനിഞ്ഞു

 അവസാനം കപടസദാചാരക്കമമറ്റി വീട് വളയാൻ തന്നെ തീരുമാനിച്ചു.  പക്ഷേ അന്നേ ദിവസം അന്നൂട്ടിയുടെ വീട്ടിൽ ആളുകയറിയിട്ടുണ്ടോ എന്നറിയണം. ആ ഉദ്യമം കണ്ടൻ സുരേഷ് ഏറ്റെടുത്തു.  തങ്കൻ ഹെഡ്‌ലൈറ്റ് എടുക്കാൻ വീട്ടിലേക്ക് പോയി.  ബാക്കിയുള്ളവർ പാലത്തിൽ തന്നെ ചിലവഴിച്ചു.

 മുക്കാൽ മണിക്കൂറിനകം കണ്ടൻ അവിടേക്ക് പാഞ്ഞു വന്നു.

“ ഡാ ആള്  ഇപ്പോ വന്ന് കേറിയിട്ടുണ്ട്. അപ്പോ എങ്ങനെയാ എല്ലാരു കൂടെ പോവണോ? രാജമണിയും പൊട്ടൻ ജോസും മാട്ടം പൊക്കട്ടെ. പിടുത്തം കഴിഞ്ഞ് വന്ന് നമുക്ക് കുടിക്കാമല്ലോ?

 രാജമണിയുടെയും പൊട്ടന്റെയും കൂടെ കൊട്ടുപിടിയും കൂടി. അതിനിടയ്ക്ക് തങ്കൻ ഹെഡ്‌ലൈറ്റുമായി എത്തി.

 “ ഞാനും തങ്കനും ആപ്പിയും പിള്ളയും ശിഷ്യനും എമ്മസും മാത്രം അന്നൂട്ടിയുടെ വീട്ടിലേക്ക് പോയാൽ മതി. ബാക്കിയുള്ളവർ ഇവിടെ തന്നെ ഇരിക്കട്ടെ. അതു പോരെ? “

 കണ്ടന്റെ അഭിപ്രായം എല്ലാവരും ശരിവച്ചു.  

 രാജമണിയും കൊട്ടുപിടിയും കൂടി കള്ള് നിറച്ച് വയ്ക്കാനുള്ള ബക്കറ്റ് എടുത്തുകൊണ്ട് വന്നപ്പോഴേക്കും ഞങ്ങൾ അന്നൂട്ടിയുടെ വീട് ലക്ഷ്യമാക്കി നടന്നിരുന്നു.  

 തോടിന്റെ ഇരുവശങ്ങളിലും നിറയെ ചെത്തുന്ന തെങ്ങുകളാണ്. രാത്രി 12ന് ശേഷം മാട്ടം പൊക്കിയാലേ എന്തെങ്കിലും കിട്ടു..വെളുപ്പാൻ കാലത്താണ് കള്ളു കൂടുതൽ വീഴുക. ചെത്ത്കാരൻ സോമേട്ടൻ നാളെ പട്ടിണി ആവുമല്ലോ എന്ന് ഞാൻ വെറുതേ ചിന്തിച്ചു.

 ഞങ്ങൾ അന്നൂട്ടിയുടെ വീടിന്റെ പടിക്കലെത്തി. ഓല മേഞ്ഞ ഒരു കൊച്ചു വീട്.  വീട്ടിനുള്ളിൽ ഒരു മണ്ണെണ്ണ വിളക്കെരിയുന്നുണ്ട്. വീടിന്റെ വശങ്ങൾ പനയോല  മെടഞ്ഞ് കെട്ടിയിരിക്കുന്നു. ശക്തമായ ഒരു തള്ളുതള്ളിയാൽ മറിഞ്ഞു വീഴുന്ന ബലമേ ആ വീടിനുള്ളുവെന്ന് എനിക്ക് തോന്നി.

 അന്നൂട്ടിക്ക് അമ്പതിലേറെ പ്രായം വരും. വിവാഹം കഴിച്ചിട്ടില്ല. എന്നാലും അവർക്കൊരു മകളുണ്ട്. ചെമ്പി. ചെമ്പിയും ചെമ്പിയുടെ മകൾ കറുമ്പിയും കുറച്ച് മാറി താമസിക്കുന്നു.

 കണ്ടൻ സുരേഷ്  വീടിന്റെ പടിഞ്ഞാറുവശത്തും എമ്മസും ശിഷ്യനും തെക്കുവശത്തും  വലതു വശത്ത് ആപ്പിയും വീടിന്റെ മുന്നിൽ ഞാനും തങ്കനും നിലയുറപ്പിച്ചു.

 വലതു വശത്തേക്ക് വാതിലില്ലാത്തതിനാലും പടിഞ്ഞാറുവശത്ത് ഒരു വലിയ കയ്യാല ഓട്ടത്തിന് തടസ്സമാവും എന്നതിനാലുമാണ് അവിടെ ഒരോരുത്തർ മാത്രം നിന്നത്.

 അരമണിക്കൂറോളം കാത്തുനിന്നിട്ടും  ആൾ ഇറങ്ങിവരാത്തതിനാൽ ആക്രമിച്ച് പിടിക്കുക മാത്രമാണ് ബുദ്ധി എന്ന് ഞങ്ങൾ തീരുമാനിച്ചു. ഒരോരുത്തരും കൂടുതൽ ശ്രദ്ധാലുക്കളയി.

 പിന്നെ ഒട്ടും സമയം കളയാതെ 4 വശത്തുനിന്നും കല്ലെടുത്ത് വീട്ടിലേക്കെറിയുകയും.. ഇറങ്ങിവാടാ മറ്റവനേ എന്നും മറ്റും വിളിച്ച് പറയുകയും ചെയ്തു.

 പെട്ടെന്ന് വീട്ടിനുള്ളിൽ എരിഞ്ഞ മണ്ണെണ്ണ വിളക്ക് കെട്ടു. അകത്ത് നിന്ന് യാതൊരു ശബ്ദവും കേൾക്കുന്നില്ല. ഞങ്ങൾ ഒരോ ചുവട് വീട്ടിലേക്കടുത്ത്. തെറി വിളിയുടെ കാഠിന്യം കൂട്ടി

 പെട്ടെന്ന് വീടിന്റെ വടക്ക് വശത്തെ ഭിത്തി പൊളിച്ചുകൊണ്ട് ആരോ ആപ്പിക്ക് നേരേ പാഞ്ഞടുത്തു.. പെട്ടെന്നുണ്ടായ നീക്കത്തിൽ അടി പതറി അലറി വിളിച്ചുപോയ ആപ്പിയേയും മറികടന്ന് ആ രൂപം ഇരുളിലേക്ക് മറഞ്ഞു.ഒപ്പം ഞങ്ങളും.

 വഴി പരിചയമില്ലാതിരുന്നതിനാലും ഹെഡ്‌ലൈറ്റ് തങ്കന്റെ തലയിൽ മാത്രമേ ഉണ്ടായിരുന്നതിനാലും പൊട്ടക്കിണറിനെക്കുറിച്ചുള്ള ഓർമ്മ ഒരേസമയം എല്ലാവരിലും നിറഞ്ഞതിനാലും ഞങ്ങൾ ഓട്ടം മതിയാക്കി. ഒന്നും സംസാരിക്കാതെ പതിയെ നടന്ന് പാലത്തിലെത്തി.

 ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പിന്നെ എല്ലാക്കുഴപ്പങ്ങളും ആപ്പിക്കുമേൽ ചാരി പരസ്പരം തർക്കിച്ചു.

 വലതു വശത്ത് കണ്ടൻ നിന്നായിരുന്നേൽ പുഷ്പം പോലെ അവനെ പിടിച്ചേനേ എന്ന് കണ്ടനും , നീ ഞൊട്ടിയേനേ എന്ന് ആപ്പിയും പറഞ്ഞു.

 സമയത്ത് ഹെഡ്‌ലൈറ്റ് തെളിക്കാത്തതായിരുന്നു കുഴപ്പമായത് എന്ന് പറഞ്ഞ ശിഷ്യന്റെ അമ്മയ്ക്ക് വിളിച്ച് തങ്കൻ ആ ആരോപണത്തെ തോൽ‌പ്പിച്ചു.

 നേരേ ചൊവ്വേ ഓടാനറിയാത്ത എമ്മസിനെ കൊണ്ടുപോയതാണ് കുഴപ്പമായതെന്ന് പറഞ്ഞ രാജമണിയുടെ കഴുത്തിന്റെ അളവ് എമ്മസ് എടുത്തു

 

എല്ലാവരും അവന്റെ പിന്നാലെ പായേണ്ട സമയത്ത് ശിഷ്യൻ അന്നൂട്ടിയുടെ വീട്ടിനകത്തേക്കാണ് ഓടാൻ നോക്കിയതെന്ന് പറഞ്ഞ എന്റെ നേരേ ഉടുമുണ്ട് പൊക്കി ഇവിടെ കുറിക്കാൻ പറ്റാത്ത ഒരു തെറി അവനെന്നെ വിളിച്ചു.

 പോയത് പോട്ടെ. ഇനി നമുക്ക് പോയി മാട്ടം പൊക്കാം എന്ന കൊട്ടുപിടിയുടെ നിർദ്ദേശത്തെ എല്ലാവരും മാനിച്ചു.  കുടിയും കുറ്റപ്പെടുത്തലും കഴിച്ച് എല്ലാവരും വെളുപ്പാൻ കാലം 3 മണിയോടെ വരവരുടെ വീടുകളിലേക്ക് പോയി.

 പിന്നെയും പാലം കമ്മിറ്റികൾ കൂടി. അന്നൂട്ടി സംഭവം എല്ലാവരും പതുക്കെ മറന്നു തുടങ്ങി.  അല്ലെങ്കിൽ ആരും അക്കാര്യം പറയാതിരിക്കാൻ ബോധപൂർവ്വം ശ്രമിച്ചു.

 ദിവസങ്ങൾ അഞ്ചാറ് കഴിഞ്ഞു. ഒരു ദിവസം രാവിലെ  ഉറങ്ങിക്കിടന്ന എന്നെ കുത്തിയെഴുന്നേൽ‌പ്പിച്ചത് എമ്മസായിരുന്നു.

 “ ഡാ പിള്ളേ.. അന്നൂട്ടിയുടെ കുറ്റിയെ പിടി കിട്ടി. വാ നമുക്ക് പോവാം. “

 “എമ്മാ, ആരാടാ. കാര്യം പറ “

 നീ വാ എന്ന് പറഞ്ഞ് എമ്മസ് പാഞ്ഞു. പിന്നാലെ ഞാനും. പാടം കഴിഞ്ഞ് പറമ്പിലേക്ക് കേറിയപ്പോൾ ചെറിയ തോതിൽ തെറി വിളി കേട്ടു തുടങ്ങി. എമ്മസ് പായുന്നത്  പൊറക്കലേ കുട്ടി മാപ്ലേടെ വീട് ലക്ഷ്യമാക്കിയാണ്. അവിടെ അയൽക്കാരെല്ലാം ഓടി കൂടിയിട്ടുണ്ട്.

 ഞങ്ങൾ ചെല്ലുമ്പോൾ കാണൂന്ന കാഴ്ച .

 അന്നൂട്ടി മുറ്റത്തിനു വെളിയിൽ നിൽക്കുന്ന തെങ്ങിൽ ചാരി യാതൊരു ഭാവഭേദവുമില്ലാതെ നിൽക്കുന്നു.  65 വയസ്സ് കഴിഞ്ഞ കുട്ടിമാപ്ല പിന്നിലോട്ട് കൈകൾ കുത്തി കാലുകൾ തിണ്ണയിലേക്ക് നീട്ടി തളർന്നിരിക്കുന്നു. മടിയിൽ വിശ്രമിക്കുന്ന കുടം കമഴ്ത്തിയപോലുള്ള വയറിൽ ദീപിക പത്രം.നെഞ്ചിലെ നരവീണ രോമങ്ങൾക്കിടയിൽ വെന്തിങ്ങം ഒളിച്ച് കിടക്കുന്നു.

മുറ്റത്ത് നീലയും വെള്ളയും വരകളോടുകൂടിയ ഒരു അണ്ടർവയർ. അത് പൊതിഞ്ഞുകൊണ്ടുവന്ന ഒരു തുണ്ട് പേപ്പർ ചുളുങ്ങി മാറി കിടക്കുന്നു.

 ഇടയ്ക്ക് ഒടിഞ്ഞുവീണ കഴുത്ത് പൊക്കി കുട്ടി മാപ്ല അന്നൂട്ടിയേയും മുടി അഴിച്ചിട്ട് തെറി വിളിച്ച് കരയുന്ന പെമ്പിളയേയും മുറ്റത്ത് അനാഥമായി കിടക്കുന്ന അണ്ടർവെയറിലേക്കും  ദയനീയമായി നോക്കുന്നു.

 ഇടക്ക് പെമ്പിള ഓടി വന്ന് അണ്ടർവെയറെടുത്ത് അന്നൂട്ടിക്ക് നേറേ എറിഞ്ഞ് ചീറി

 “ ഡീ എന്ത്യാനിച്ചി, അഴിഞ്ഞാട്ടക്കാരി, അവ‌‌**തിമോളേകൊണ്ടെ വച്ച് തൊടക്കടീഅവള് പൊതിഞ്ഞോണ്ടും വന്നിരിക്കുന്നു പ്ഫൂ നാറി. കൊണ്ടെ പൊറുപ്പിച്ചോടീ ഇതിയാനേ

 പിന്നെ മോഡുലേഷൻ മാറ്റി ആകാശത്തേക്ക് നോക്കി കൈകൾ വിരിച്ച്..

 “ കർത്താവേ, എത്രേം പേരേ വെള്ളിടി വെട്ടുന്നു, പാമ്പ് കടിക്കുന്നു..വണ്ടീടിക്കുന്നുഇതിയാനേ മാത്രം തമ്പുരാൻ കർത്താവിന് വേണ്ടേ

 കുട്ടി മാപ്ല്യയെ നോക്കി.

 “ മനുഷേനേ ഈ വയസാം കാലത്ത് നിങ്ങക്ക് എന്നാത്തിന്റെ ഏനക്കേടാ..നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാൻ. എന്റെ മിശിഹായേ അച്ചന്മാരും കന്യാത്രികളുമൊള്ള വീടാണെന്നും പോലെ ഇതിയാനെക്കൊണ്ട് ഓർമ്മിപ്പിച്ചില്ലല്ലോ.. “

 നാട്ടുകാരെ നോക്കി

 “.. എന്നാ ഞൊട്ടാനാട പുംഗന്മാരേ ഇവിടെ വന്ന് കാവല് നിക്കുന്നത്എന്നാടാ നാറികളെ ഇവിടെന്നാ അപ്പം കൊട ഒണ്ടോ തെളച്ചവെള്ളം മോന്തക്ക് വീഴണ്ടേ ഓടിനെടാ നാറികളേ

 എമ്മാ നീ വാ നമുക്ക് പോവാം.  

ഞങ്ങൾ നടന്നു.

 “എടാ, എന്നതാ സത്യത്തിൽ സംഭവിച്ചത്. എനിക്കൊന്നും മനസ്സിലായില്ല. “

 “  ഡാ ഉവ്വേ, കുട്ടി മാപ്ലയല്ലാരുന്നോ അവരുടെ പറ്റ് പടി.  നമ്മളുണ്ടാക്കിയ കൊഴപ്പങ്ങളെല്ലാം ആറിത്തണുത്തപ്പോൾ ആ പാവം അന്നൂട്ടി അയാളുടെ അണ്ടർവെയർ തിരിച്ച് കൊടുക്കാൻ വന്നതാ. അതിപ്പം ആ പാവത്തിന്  വെനയായി..  പെമ്പിള കയ്യോടെ പിടിച്ചു. ഹ.. ഹ“

 ‘അന്യന്റെ മുതൽ‘  തിരിച്ച് നൽകാൻ കാട്ടിയ അന്നൂട്ടിയുടെ നന്മയും അവരുടെ നിഷ്കളങ്കതയുമായിരുന്നു വീട്ടിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സിൽ.


 ഇന്ന് അന്നൂട്ടി ജീവിച്ചിരിപ്പില്ല. കുട്ടി മാപ്ല കുറേക്കാലമായി കിടപ്പിലാണ്. പെമ്പിള വയ്യെങ്കിലും അയാളുടെ കാര്യങ്ങൾ ഭംഗിയായി നോക്കുന്നു. പാലം കമ്മറ്റി ഇപ്പോൾ തീരെ സജീവമല്ല. നാട്ടിലെ പുതിയ തലമുറ വല്ലാതെ മാറിയിരിക്കുന്നു.സോമേട്ടന്റെ മാട്ടം ഇപ്പോൾ കാര്യമായി മോഷണം പോവാറില്ല.

Friday, September 5, 2008

കേരളീയോം കാ എക് ദേശീയ് ത്യോഹാര്‍...

“ഓണം കേരളീയോം കാ എക് ദേശീയ് ത്യോഹാര്‍ ഹേ.
യഹ് ഹര്‍ സാല്‍ ശ്രാവണ്‍ മഹീനേ മേം ആതാ ഹേ!... “

പൂക്കളവും പൂപറിക്കലും തുമ്പിതുള്ളലും പുലികളിയും ഊഞ്ഞാലാട്ടവും ഓണസദ്യയും അങ്ങനെയങ്ങനെ ഓണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഒരോരോ വ്യക്തികളിലും നിറയുന്നത് വ്യത്യസ്ഥമായ ഓണച്ചിത്രങ്ങളാവും.എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എന്റെ മനസ്സില്‍ ആദ്യമെത്തുക കണ്ണുനീരില്‍ കുതിര്‍ന്നൊരു ദുരനുഭവവും ഒപ്പം ‘മേപ്പടി’ കുറിച്ച ഓണത്തെക്കുറിച്ചുള്ള ആ ഉപന്യാസവുമായിരുന്നു.

( പറഞ്ഞുവരുമ്പോള്‍ കുറച്ചു നീണ്ട് പോയേക്കാം. എന്നാലും കഴിവതും ബോറഡിപ്പിക്കാതെ പറയാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്. പിന്നെ ഒളിമ്പിക്സിലൊക്കെ ‘നീണ്ട ചാട്ടം ‘ നടത്തുന്നവരൊക്കെ കൈഅടിച്ച് പ്രോത്സാഹനം ചോദിച്ച് വാങ്ങുന്ന പോലെ ഒരു പ്രചോദനത്തിനായി ഉദാരമായി കമന്റിട്ടും കൈയ്യടിച്ചും എന്നെ പ്രോത്സാഹിപ്പിക്കണമെന്ന് ഒരുളുപ്പുമില്ലാതെ ഞാന്‍ അപേക്ഷിക്കുന്നു. :) )

ഈ സംഭവം നടക്കുന്നത് ഓണക്കാലത്തല്ല. ഞാനൊരു ‘ജനപ്രിയ’* :) ബ്ലോഗ്ഗറാവുന്നതിന് മുന്‍പ് , ഏതാനും വര്‍ഷങ്ങള്‍ സ്കൂളില്‍ പഠിക്കാനെന്ന വ്യാജേന പോയത് നിങ്ങള്‍ക്കറിവുള്ളതാണല്ലോ? ( അറിയില്ലെന്നോ!! എന്നാലങ്ങനൊന്നുണ്ടായി. ) ആ കാലത്ത് നടന്ന ഒരു സംഭവമാണിത്. അതായത് ഓണപ്പരീക്ഷണം നടക്കുന്നതിന് ഏകദേശം ഒന്നര മാസം മുന്‍പ്. അന്നും പരീക്ഷകളോട് കാര്യമായ പേടിയൊന്നുമുണ്ടായിരുന്നില്ല. നമ്മളിനി എത്രകണ്ട് പേടിച്ചാലും ഒരു നാണവുമില്ലാതെ നമ്മെ വലക്കാന്‍ അത് സമയാസമയം കടന്നുവരും എന്നത് എനിക്കറിയാമായിരുന്നു. ( പറയുമ്പോള്‍ എല്ലാം പറയണമല്ലോ. എന്റെ പരീക്ഷകളെ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് അച്ഛനായിരുന്നു. കാരണം ഉത്തരക്കടലാസില്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ അദ്ധ്യാപകരിട്ട മാര്‍ക്കറിഞ്ഞ് അച്ഛന്‍ സ്വരുക്കൂട്ടി വച്ച പ്രതീക്ഷകളൊക്കെ ഇടിവെട്ടുന്നതുപോലെ പൊട്ടിതകരുന്ന ശബ്ദം കേട്ട് അച്ഛന്‍ ഞെട്ടിവിറക്കും. പേടിച്ചലറും. ചിലപ്പോള്‍ ഒരു കമ്പനിക്ക് ഞാനും. )


എന്നാല്‍ എന്നെ ഭയപ്പെടുത്താന്‍ ഒരേ ഒരാള്‍ക്കേ കഴിഞ്ഞിരുന്നുള്ളു. അത് സാക്ഷാല്‍ സിസ്റ്റര്‍ ഗ്ലാഡിസ് എന്ന ഹിന്ദി ടീച്ചര്‍ക്ക്. രൂപം കൊണ്ട് ഇന്ദുലേഖയിലെ സൂരിനമ്പൂതിരിപ്പടിന്റെ മഠത്തിലമ്മ വേര്‍ഷന്‍. ( സ്വഭാവമങ്ങനെയായിരുന്നോന്ന് അറിവില്ല). ഒരോ ദിവസവും പഠിപ്പിക്കുന്നത് പിറ്റേദിവസം കാണാതെ പറയണം. ഇല്ലെങ്കില്‍ നല്ല വള്ളിച്ചൂരലിന് ഒന്നാന്തരമടി. ‘അയ്യോ, അയ്യോ’ ന്ന് ‘സംഗതി’ ഒന്നും പിഴക്കാതെ നാം പാടിപ്പോവും. ഒരോ അടിക്കും നമ്മള്‍ രണ്ടുകാലും പറിച്ച് മൂരിക്കൂട്ടന്മാര്‍ തുള്ളിക്കളിക്കണപോലെ മേലുകീഴ് ചാടും. ഒപ്പം അയ്യോ അയ്യോ സംഗതിയും. കാല് രണ്ടും നിലത്തുനിന്ന് ഉയര്‍ന്നു എന്ന് ഉറപ്പുവരുമ്പോള്‍ അടുത്ത അടി വായുവില്‍ നില്‍‌ക്കുന്ന നമ്മുടെ കൂര നോക്കിയാണ്. ഇത്തവണ ക്ലാസ്സിലെ പഠിക്കുന്ന ചില കാളികളുടെയും കാളമാരുടെടെയും ചിരികള്‍ നമ്മുടെ കരച്ചിലിനൊപ്പം ഉയര്‍ന്ന് കേള്‍ക്കാം. ഒപ്പം കര്‍ത്താവിന്റെ മണവാട്ടിയായ ഗ്ലാഡിസ്സ് ടീച്ചര്‍ കൊല്ലന്‍ കുഞ്ഞൂട്ടിയുടെ മണവാട്ടി പോലും പറയാന്‍ മടിക്കുന്ന ചില പ്രയോഗങ്ങള്‍ പരിസരം മറന്ന് പുലമ്പുകയും ചെയ്യും.


എന്നേപ്പോലെ അഭിമാനമുള്ള കുട്ടികള്‍ ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ തരണം ചെയ്തിരുന്നുവെന്നറിയാമോ? അന്നേ ദിവസം സ്കൂളില്‍ കയറാതെ പിറ്റേ ദിവസം നിര്‍ബന്ധമായും കൊടുക്കേണ്ട പ്രേമലേഖനം തയ്യാറാക്കും. (സമയം നമുക്ക് പാഴാക്കാനായില്ലല്ലോ?) മറ്റ് ഭൂരിപക്ഷം പേര്‍ നന്നായി പഠിച്ച് പറഞ്ഞ് ടീച്ചറെ കോള്‍മയിര്‍ കൊള്ളിക്കും.


ആ ദിവസം രാവിലെ തന്നെ കുളിയും കാപ്പികുടിയും കഴിഞ്ഞ് സ്കൂളിലേക്ക് പോവാനായി പൊതിച്ചോറും ബാഗിലാക്കി ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. രാവിലെ 9 മണിക്കാണ് ബസ്സ്. ഒരു കിലോമീറ്ററിനടുത്ത് കുന്നുകയറണം ബസ്സ് സ്റ്റോപ്പിലെത്താന്‍. അന്ന് പതിവിലും മുന്‍പേ ബസ്സ് സ്റ്റോപ്പില്‍ ഹാജരായി. കാരണമുണ്ട്. തലേ ദിവസം ഫെബി അബ്രാഹമിന് റോസ് നിറത്തിലുള്ള പേപ്പറില്‍ ഒന്നാന്തരം പ്രണയലേഖനമൊന്ന് എഴുതികൊടുത്തിട്ടുണ്ട്. ഈയുള്ളവനോട് സഹിക്കാനാവാത്ത പ്രണയമുണ്ടെങ്കില്‍ മുടി രണ്ടായി കെട്ടിയിട്ട് നീല റിബ്ബണ്‍ കെട്ടിവരണമെന്നാണ് മീശ മുളക്കാത്ത കാമുകന്റെ അതായത് എന്റെ കല്പന. സ്കൂളിലെ തന്നെ ഏറ്റവും സുന്ദരിയാണ് ഫെബി. അതുകൊണ്ട് അവളുടെ പ്രണയം എനിക്ക് ലഭിച്ചാല്‍ അതൊരു വലിയകാര്യം തന്നെയായിരിക്കും. അതിനേക്കാളുപരി അനീറ്റക്ക് അതൊരടിയുമാവും. രണ്ടാഴ്ച മുന്‍പ് ഞാനവള്‍ക്കുമൊരു കത്ത് കൊടുത്തിരുന്നു. അവളുടെ നിര്‍ഭാഗ്യം കൊണ്ട് ഞാന്‍ കല്പിച്ച ദിവസം അവള്‍ക്ക് മുടി പകുത്ത് കെട്ടാന്‍ തോന്നിയില്ല. ഈശ്വരാ അവളുടെ നിര്‍ഭാഗ്യം ഇന്ന് ഫെബിയുടെ ഭാഗ്യമാവുന്നു. ആ ഓര്‍മ്മയില്‍ ഉള്ള രോമങ്ങള്‍ വെടിപ്പായൊന്ന് ആഞ്ചി.


ആഞ്ചലില്‍ നിന്ന് മുക്തനാവും മുന്‍പേ പൊട്ടി മുളച്ചതുപോലെ സഹപാഠിയായ രാജമണി എന്റെ മുന്നില്‍ പ്രത്യക്ഷനായി ചോദിച്ചു.


“എടാ ഉവ്വേ... ഇന്ന് ‘ഓണം‘ കാണാതെ പറയിപ്പിക്കിയേലേ ? നീ കാണാപ്പാടം പഠിച്ചോ? പറഞ്ഞില്ലേ എല്ലാരേം ഇന്നവര് പൊരിക്കും.“


ശരിയാണ്. തലേദിവസം മുഴുവന്‍ ഫെബിയോട് ഭാവിയില്‍ പറയേണ്ട കാര്യങ്ങളെക്കൂറിച്ച് റിഹേഴ്സല്‍ നടത്തിയതുകൊണ്ട് ഇക്കാര്യം മറന്നുപോയി. വെറുതെയല്ല അവന്‍ സിവില്‍ ഡ്രസ്സിലിറങ്ങിയത്.


“ കോപ്പേ, ഞാനക്കാര്യം മറന്ന് പോയി. ഇനി എന്നാ ചെയ്യും. പോയിട്ട് ക്ലാസ്സില്‍ കയറാതിരുന്നാപ്പോരേ... പതിവുപോലെ പള്ളിപ്പറമ്പിലെ തെങ്ങിന്തോപ്പിലോ ആറ്റുതീരത്തോ പോയി കിടക്കാം. നീം വാ ? “


“ പിന്നെ, എന്റെ തലക്കെന്നാ ഓളമുണ്ടോ. അവിടെം വരെ പോയിട്ട് വരാന്‍. ഇന്ന് ആപ്പി നഞ്ച് കലക്കുന്നുണ്ട്. കുട്ടീം റിപ്പറും തലേക്കല്ലനും കൊട്ടുപിടീം ഒക്കെ മീമ്പിടിക്കാന്‍ വരും. പോയാ ഒരു കോര്‍മ്പല് മീനും കൊണ്ട് വീട്ടിപ്പോവാം. “


അവന്‍ തുടര്‍ന്നു.


“ആ രാജേഷാറ് ലീഡറായേപ്പിന്നെ പൊറത്ത്കറങ്ങി നടക്കുന്നോമ്മാരുടെയെല്ലാം പേരെഴുതി എഡ്മാസ്റ്റര്‍‌ക്ക് കൊടുക്കുന്നുണ്ട്. നക്കി. വല്ല്യ പഠിപ്പിസ്റ്റാന്ന അഹങ്കാരമാ അവന്. അവനിട്ട് വച്ചിട്ടുണ്ട്. ഞാമ്പോവാം പോണു...“


പോവുന്ന പോക്കില്‍ അവന്‍ പറഞ്ഞു


“....ന്നലെ ഞാനവന്റമ്മയ്ക്ക് വിളിച്ചു. കരഞ്ഞോണ്ട് പോയിട്ടുണ്ട്. ചെന്നൊറ്റിക്കാണും ആ കുരിശ് മാത്തനോട്. “ ( ഹെഡ്മാസ്റ്റര്‍. രാജമണി ബഹുമാനപൂര്‍വ്വം വിളിക്കുന്ന പേര് )


ടോമിച്ചനും പാപ്പച്ചന്‍ സാറും മേരിച്ചേച്ചിയും പ്രഫസര്‍ ബാബുവും പിന്നെ മറ്റ് പതിവുകാരും ബസ്സ്റ്റോപ്പിലേക്ക് എത്തി. അകലെ നിന്ന് ജോണ്‍സണ്‍ പതുക്കെ വരുന്നുണ്ട്. ബസ്സ് വരാനിനി അധിക സമയമില്ല. തിരിച്ച് വീട്ടിലേക്ക് പോയാലോന്ന ചിന്ത മനസ്സില്‍ നിറഞ്ഞു . ടെന്‍ഷന്‍ വരുമ്പോള്‍ വയറ്റിലുണ്ടാവാറുള്ള ‘ഗുളുഗുളുപ്പും’ തുടങ്ങി. ( ഇന്നും ടെന്‍ഷന്‍ വന്നാല്‍ എനിക്കതുണ്ട്. നിങ്ങള്‍ക്കോ? ) രാവിലെ വിശാലമായി കാര്യം സാധിച്ചതാണ്. എങ്കിലുമൊരു ശങ്ക.


ഗ്ഗ്ലാഡ്ഡിസ്സ്, ഉപന്യാസം, അടി, ഫെബി, നീല റിബ്ബണ്‍ എല്ലാം കൂടി മനസ്സില്‍ ഒന്നൊന്നായി മിന്നി മറഞ്ഞു. നിമിഷം‌പ്രതി ‘ഗുളുഗുളുപ്പ്’ കൂടി വരുന്നുണ്ട്. വയറ്റിനുള്ളില്‍ ഇലഞ്ഞിത്തറ മേളം നടക്കുന്നു. അവസാനം തിരിച്ച് വിടാന്‍ തന്നെ തീരുമാനിച്ചു. നേരേ വഴിയേ പോയാല്‍ ആരെങ്കിലും പരിചയക്കാര്‍ വരുന്നുണ്ടാവാം. അവരോട് സമാധാനം പറയണം. പറയുന്ന സമാധാനം അവര്‍ക്ക് ബോധിച്ചില്ലെങ്കില്‍ വലിച്ച് വീണ്ടും ബസ്സ് സ്റ്റോപ്പില്‍ കൊണ്ടെനിര്‍ത്തും. അത്രക്ക് ആത്മാര്‍ത്ഥതയാണ് നാട്ടുകാര്‍ക്ക്. ( സ്കൂളില്‍ പോക്ക് എനിക്ക് വലിയ മടി ആണെന്ന് ഒട്ടുമിക്കവര്‍‌ക്കുമറിയാം. പോവുന്നുണ്ടെങ്കിലത് വായില്‍ നോക്കാനാണെന്നും )


റിസ്കെടുക്കേണ്ടന്ന് കരുതി കുറുക്കുവഴി പോവാന്‍ തീരുമാ‍നിച്ചു. പാപ്പുച്ചേട്ടന്റെ കടക്ക് വശത്തുകൂടിയുള്ള തൊണ്ട് ( ഇടവഴി ) വഴി നേരെ തട്ടാന്മാരുടെ പറമ്പില്‍ ചാടി അവിടെനിന്ന് കുഞ്ഞുതോമായുടെ വീട്ടിനുമുന്നിലൂടെ നടന്ന് പ്ലാമറ്റത്തുകൂടി എളുപ്പത്തില്‍ വീട്ടിലെത്താം. അതുവഴി ആളുകള്‍ അധികം സഞ്ചരിക്കാറില്ല.


പതുക്കെ, ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ആരെയും ശ്രദ്ധിക്കാതെ പേനയെടുത്തുകുടഞ്ഞ് മഷി മേടിക്കാന്‍ പാപ്പുച്ചേട്ടന്റെ കടയിലേക്ക് പോവുന്ന രീതിയില്‍ ഞാന്‍ നടന്നു. പിന്നില്‍ നിന്ന് ആരെങ്കിലും വിളിക്കുമോന്ന ഭയം തൊണ്ടിലേക്ക് കടന്നപ്പോള്‍ മാറി. പിന്നെ ഒരു കുതിപ്പായിരുന്നു.. അതിവേഗം കക്കൂസിലേക്ക്...


തട്ടാന്മാരുടെ പറമ്പ്കഴിയും മുന്‍പ് ‘വരാനുള്ളത് കുറുക്കുവഴിയിലും തങ്ങില്ല‘ എന്ന് പ്രഖ്യാപിച്ചുകൊണ്ട് തൊട്ടുമുന്നില്‍ മണിയമ്മാവന്‍.


അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെ ഞെട്ടലില്‍ എന്നില്‍ നിന്നുയര്‍ന്ന ‘അമ്മാവനെന്താ ഇതുവഴിക്ക് ‘ എന്ന ചോദ്യത്തെ തീര്‍ത്തും അവഗണിച്ച് ‘ എങ്ങോട്ടാടാ പോവുന്നത്, തിരിച്ചു പോ ബസ്സ് വരുന്നുണ്ട്. ‘ എന്നും പറഞ്ഞ് മുന്നോട്ടൊരു പാച്ചില്‍. പത്ത് ചുവട് മുന്നില്‍ ചെന്ന് തിരിഞ്ഞു നിന്ന് ‘ നിന്നോട് വരാനല്ലേ പറഞ്ഞത് ‘ എന്ന ഒരു അമറലുകൂടി.


വന്നേലും വേഗത്തില്‍ ഞാന്‍ തിരിച്ചോടി. തൊട്ട് പിന്നാലെ - ഒരു മാതിരി ഈസ്റ്റ്മാന്‍ കളര്‍ പടത്തില്‍ മാനം കയ്യിലൊതുക്കി പായുന്ന നായികയെ ബലാത്സംഗം ചെയ്യാന്‍ മുട്ടി തിരക്കിട്ടോടുന്ന ജനാര്‍ദ്ദനനെപ്പോലെ - അമ്മാവനും.


ബസ്സില്‍ പതിവുപോലെ ഗ്രാമം മുഴുവനുമുണ്ട്. ആടിയുലയുന്ന വണ്ടിയില്‍ ഇലഞ്ഞിത്തറമേളം കൊഴുക്കുന്ന വയറുമായി നിറകണ്ണുകളോടെ ഞാന്‍ നിന്നു. ഒരോ വളവ് വളയുമ്പോഴേക്കും ശരീരത്തിലേക്ക് ചായുന്ന ആള്‍ക്കാരില്‍ നിന്നും ഞാനെന്റെ ഉദരത്തെരക്ഷിച്ചുകൊണ്ടിരുന്നു. വയറിലേല്‍ക്കുന്ന നേര്‍ത്ത ഒരമര്‍ത്തല്‍പോലുമുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് ഞാന്‍ ബോധവാനായിരുന്നു.


3 കി.മീ ഇഴഞ്ഞും തുഴഞ്ഞും വണ്ടി ചേര്‍പ്പുങ്കലിലെത്തി. ആരവത്തോടെ സ്കൂള്‍ കുട്ടികളെല്ലാം അവിടെ ഇറങ്ങി. വണ്ടി പാതി ഒഴിഞ്ഞിരിക്കുന്നു. ഒട്ടുമൊഴിയാതിരുന്ന എന്റെ വയറിനെ ശപിച്ച് തെല്ല് നേരം നാലും കൂടിയ ആ കവലയില്‍ ഞാന്‍ നിന്നു. പിന്നെ വണ്ടി വന്ന വഴി തിരിച്ചു നടന്നു. വീട്ടിലേക്ക്.


ഓരോ ചുവടും സൂക്ഷിച്ച് കാല്‍മുട്ടുകള്‍ മടക്കാതെ, ചന്തി അമര്‍ത്തിപ്പിടിച്ച് ‘ ജയിന്റ് റോബോട്ട് ’ നടക്കുന്നപോലെ ഞാന്‍ നടന്നു. എന്നില്‍ നിന്ന് പുറത്തുപോവുന്ന നിശ്വാസത്തെപോലും എനിക്കപ്പോള്‍ ഭയമായിരുന്നു. എന്റെ മനസ്സില്‍ നിന്ന് ഫെബി അബ്രാഹം മാഞ്ഞുപോയിരിക്കുന്നുവെന്ന് ഞാനത്ഭുതത്തോടെ തിരിച്ചറിഞ്ഞു...


വിശന്നുപൊരിഞ്ഞിരിക്കുമ്പോള്‍ കൂടുതല്‍ വിശപ്പിക്കാനായി കൊതിയൂറുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ മനസ്സില്‍ അറിയാതെ വരുന്നതുപോലെ, കടുത്ത ദാഹം അനുഭവപ്പെടുമ്പോള്‍ നല്ല മധുരമുള്ള ഇളനീരിന്റെ രുചി നാവില്‍ നിറയുന്ന പോലെ, വെളുപ്പാന്‍ കാലത്ത് അമ്പലപ്പറമ്പില്‍ നിന്ന് ബാലെ കണ്ട് പാതി ഉറക്കത്തില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ അറിയാതെ ശരീരം മുഴുവന്‍ പൊതിയുന്ന മെത്തയുടെ നനുനനുപ്പ് പോലെ എന്റെ മനസ്സിലപ്പോള്‍ പുറത്തെ കക്കൂസില്‍ റെഡ് ഓക്സൈഡിട്ട തറയില്‍ പതിഞ്ഞിരിക്കുന്ന ‘ഛാ4രഗ’ ( അതുപോലൊരു പേരായിരുന്നു അതിന്. കൂട്ടക്ഷരത്തിലെഴുതിയതിനാലാണോ എന്തോ അക്കാലത്തത് വായിച്ചെടുക്കന്‍കഴിഞ്ഞിട്ടില്ലെനിക്ക് ) എന്നോ മറ്റോ എഴുതിയിരുന്ന വൃ‌ത്തിയുള്ള ആ വെളുത്ത ക്ലോസ്സറ്റ് ആയിരുന്നു എന്റെ മനസ്സ് നിറയെ... ഫെബിയേക്കാള്‍ വെളുപ്പതിനുണ്ടോന്നുപോലും ഞാനപ്പോള്‍ വിചാരിച്ചിരിക്കണം.


ക്ലോസ്സറ്റിനെക്കുറിച്ചുള്ള എന്റെ ചിന്തകാരണമാവാം വയറിലെ ‘ ഗുളുഗുളുപ്പ് ‘ അതിന്റെ പാരമ്യതയിലെത്തി..ശരീരം വിയര്‍ത്തു. കണ്ണുകള്‍ നിറഞ്ഞു... ഇല്ല. എനിക്കിനി ഒരടി മുന്നോട്ട് വയ്ക്കാന്‍ കഴിയില്ല. കുറച്ച് സമയം അതേ നില്‍പ്പ് ഞാനാവഴിവക്കില്‍ നിന്നു. നേര്‍ത്ത ഒരാശ്വാസം തോന്നിയപ്പോള്‍ വീണ്ടും നടന്നു... ഹാവൂ.. ഇനീപ്പോ ഒരു കിലോമീറ്ററുകൂടി നടന്നാല്‍ വീട്ടിലെത്താം.


ഏതാണ്ട് അരകിലോമീറ്റര്‍ എത്തിക്കാണും. ഗുളുഗുളുപ്പ് വീണ്ടും തുടങ്ങി. പ്രശ്നം രൂക്ഷമാവുമെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അവിടെ തന്നെ അനങ്ങാതെ നിന്നു. വയറുരുണ്ടു കൂടുന്നു.. ‘ ടൈറ്റാക്കി പിടിച്ചിരിക്കുന്ന പിന്നിലെ മസ്സിലുകള്‍ തെല്ലൊന്നയയ്ക്കൂ...നിനക്കൊരാശ്വാസം കിട്ടും ‘ എന്ന് എന്നോട് പറഞ്ഞത് മറ്റാരുമല്ല. എന്റെ മനസ്സുതന്നെയാണ്. അതു മാത്രമായിരുന്നു എന്റെ പിഴ. അങ്ങനെ തന്നെ ഞാന്‍ ചെയ്തു. ചന്തിയിലര്‍പ്പിച്ചിരുന്ന പ്രഷര്‍ തെല്ലൊന്ന് ഞാന്‍ റിലീസ് ചെയ്തതും അതുവരെ അടക്കിവച്ചിരുന്നതൊക്കെയും 4 മണിയടിക്കുമ്പോള്‍ ആരവത്തോടെ ക്ലാസ്സ് റൂമില്‍ നിന്ന് പായുന്ന കുട്ടികളെപ്പോലെ ഒരു പാച്ചില്‍. അതിശയോക്തി തെല്ലും കലര്‍ത്താതെ പറഞ്ഞാല്‍ ഏതാണ്ട് ഒന്നരമിനിറ്റോളം നീളുന്ന ലാവാപ്രവാഹം. ന്യൂ തീയേറ്ററില്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ ഉച്ചപ്പടം കാണാന്‍ ക്യൂ നില്‍ക്കുമ്പോള്‍ പരിചയക്കാരെ കാണാനിടയായാല്‍ അവര്‍ക്ക് കൊടുക്കാറുള്ളതുപോലെ ഒരു വിഡ്ഡിച്ചിരി കണ്ണുകള്‍ നിറഞ്ഞിരുന്നിട്ടുപോലും എന്റെ ചുണ്ടില്‍ വിരിഞ്ഞു...


തെല്ലിട ശങ്കിച്ച് നിന്നിട്ട് കാവിത്തോട് ലക്ഷ്യമാക്കി ഒരോട്ടമായിരുന്നു . തോട്ടിലെത്തിയതും ബാഗ് തോട്ടിന്‍ കരയിലെറിഞ്ഞ് ഞാന്‍ വെള്ളത്തിലേക്ക് ചാടി. നിറഞ്ഞിരുന്ന കണ്ണുകളെ ഒഴുക്കുവെള്ളം തലോടി. മീനുകള്‍ ആവേശത്തോടെ എന്റെ നേരേ പാഞ്ഞടുക്കുമ്പോള്‍ എന്നിലെ ചിന്ത ഫെബി അന്ന് മുടി രണ്ടായി പിന്നിയിട്ട് നീല റിബ്ബണും കെട്ടി വന്നിരുന്നോ എന്നത് മാത്രമായിരുന്നു.

( അന്ന് തന്നെ ഞാന്‍ ഓണം എന്ന ഉപന്യാസം വീണ്ടും മനപ്പാഠമാക്കി. അഞ്ചാം ക്ലാസ്സില്‍ വച്ചും ഇത് പഠിക്കാനുണ്ടായിരുന്നല്ലോ? (അതോ ആറിലോ?) )


നല്ലൊരു ഓണക്കാലത്ത് ഇങ്ങനൊരു അനുഭവം വിവരിക്കേണ്ടി വന്നതില്‍ ക്ഷമിക്കുക.
എല്ലാവര്‍ക്കും ആഹ്ലാദകരമായ ഒരോണം ആത്മാര്‍ത്ഥമായി, സ്നേഹപൂര്‍വ്വം നേരുന്നു.

ഇതുമുഴുവന്‍ വായിച്ച് തീര്‍ത്തവര്‍ ‘സഹനശക്തിക്കുള്ള’ ഈ വര്‍ഷത്തെ പോങ്ങുമ്മൂടന്‍ അവാര്‍ഡിന് അര്‍ഹരാരായിരിക്കുന്നു... :)

Sunday, August 17, 2008

പ്രണയപാതകം

നെഞ്ചിന്റെ ഒത്ത നടുക്ക് തുടങ്ങിയ വേദന ചുമലുകളിലേക്കും കൈകളിലേക്കും വ്യാപിക്കുകയും ശരീരം വിയര്‍ത്ത് തുടങ്ങുകയും ചെയ്തപ്പോളാണ് വൃദ്ധന്‍ പിടഞ്ഞെഴുന്നേറ്റ് ലൈറ്റ് തെളിച്ച് സമീപത്തുകിടന്ന് ശാന്തമായുറങ്ങുന്ന ഭാര്യയെ നോക്കിയത്. പാവം ചുരുണ്ടുകിടന്നുറങ്ങുന്നു. കഫം കെട്ടിയ നെഞ്ച് കുറുകലോടെ ഉയര്‍ന്ന് താഴുന്നു. ശോഷിച്ച കഴുത്തില്‍ കിടക്കുന്ന നേര്‍ത്ത തിളക്കം കുറഞ്ഞ മാലയില്‍ 51 വര്‍ഷം മുന്‍പ് അയാള്‍ കോര്‍ത്ത താലി കിടക്കുന്നത് നിറഞ്ഞ കണ്ണുകളാല്‍ വൃദ്ധന്‍ കണ്ടു.
വര്‍ദ്ധിച്ചുവരുന്ന നെഞ്ചിന്റെ വേദനയേക്കാള്‍ അയാള്‍ക്കസഹനീയമായത് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സന്താനഭാഗ്യം പോലും ലഭിക്കാതെ പോയ ഭാര്യ ഒറ്റക്കാവുമല്ലോ എന്ന ചിന്തയായിരുന്നു। വിവാഹത്തിനുശേഷം ഇന്നുവരെ ഒരു ദിവസം പോലും അവര്‍ പിരിഞ്ഞിരുന്നിട്ടില്ല. ഒരിക്കല്‍ പോലും പരിഭവിക്കയും പിണങ്ങിയിരിക്കയും ചെയ്തിട്ടില്ല. കുട്ടികളുണ്ടാവാതെ പോയതില്‍ പരസ്പരം പഴിചാരുകയും പരിതപിക്കുകയും ചെയ്തിട്ടില്ല. ഊണിലും ഉറക്കത്തിലും അവര്‍ ഒന്നായിരുന്നു.... ഒന്നിച്ചായിരുന്നു...

ഉണങ്ങിയ വാഴത്തടപോലെയുള്ള അവരുടെ കഴുത്തില്‍ അയാളുടെ കൈകള്‍ മുറുകിയപ്പോള്‍ വൃദ്ധകണ്ണുകള്‍ തുറിച്ചു. അയാളുടെ കണ്ണുനീര്‍ വൃദ്ധയുടെ തുറിച്ച കണ്ണുകളില്‍ വീണൊഴുകി. അവരുടെ കണ്ണുനീരൊന്നായി ഒഴുകി. "കമലേ, മാപ്പ്, നിന്നെ തനിച്ചാക്കാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല. നീയും വേണം എന്റെ കൂടെ. നമുക്കു പോവാം. നിനക്ക് വേദനിക്കുന്നുണ്ടോ? നിനക്കെന്നോട്.... "
വാക്കുകള്‍ മുഴുവിപ്പിക്കാനാവാതെ വൃദ്ധയുടെ ചലനമറ്റ ശരീരത്തിലേക്ക് അയാള്‍ തകര്‍ന്നു വീണു.

Wednesday, August 13, 2008

ദില്ലിയില്‍ നിന്ന് വരുന്ന അതിഥി !!!


"namaskaram mashe,
sukhamano?
njan nale TVM-l ethum.
mash avide kanumallo?"

രണ്ട് ദിവസമായി ഉറങ്ങിക്കിടക്കുന്ന മൊബൈലിനെ ഞെക്കി ഉണര്‍ത്തിയപ്പോളാണ് അതുവരെ ചുറ്റിക്കറങ്ങി നിന്ന മനുജിയുടെ മെസ്സേജ് ചാടി ഇന്‍ബോക്സില്‍ കയറിയത്। ദൈവമേ, എപ്പോഴായിരിക്കും അദ്ദേഹം ഈ മെസ്സേജ് അയച്ചത്? ആള്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടാവുമോ? എന്നെക്കാണാഞ്ഞ് കഷ്ടപ്പെട്ട് പണ്ടാരമടങ്ങിക്കാണുമോ? ഇനി, ഒരു ബ്ലോഗ്ഗര്‍ക്ക് മറ്റൊരു ബ്ലോഗ്ഗറെ കണ്ടുകൂടെന്ന പഴമൊഴിയെങ്ങാനും "എത്ര ശരി" എന്ന് പറഞ്ഞ് ‘എന്റെ അച്ഛനമ്മമാരേ‘ മനസ്സില്‍ ധ്യാനിച്ച് വന്ന വഴി തിരിച്ചു വിട്ടിട്ടുണ്ടാവുമോ? അങ്ങനെ അങ്ങനെ ഒന്നിനു പിറകെ ഒന്നായി നല്ല ഒന്നാന്തരം സുന്ദരിക്കുട്ടികളായ സംശയങ്ങള്‍ മനസ്സില്‍ നിരന്നു.


കാര്യം ഞങ്ങള്‍ ചങ്ങാതികളാണെങ്കിലും ഞങ്ങളുടെ ഫോണുകള്‍ തമ്മില്‍ അത്ര ചങ്ങാത്തത്തില്ല। എന്റെ ബി।എസ്.എന്‍‌.എല്‍. കുട്ടന് കേരളത്തിനു പുറത്തുള്ള ഒരു മൊബൈലിനോടും കൂട്ട് കൂടാനിഷ്ടമല്ല. വേണമെങ്കില്‍ അത്യാവശ്യത്തിന് എസ്.എം.എസ് വിടാന്‍ അവന്‍ സമ്മതിക്കും. അതുകൊണ്ട് തത്കാലം ഒരു മെസ്സേജ് വിട്ടു. ഒപ്പം മനുജിയുടെ വീട്ടിലേക്കൊന്ന് വിളിക്കയും ചെയ്തു. അങ്ങേത്തലക്കല്‍ അമ്മയുടെ നേര്‍ത്ത ശബ്ദമാണ് കേട്ടത്.


"നമസ്കാരം അമ്മേ, ഞാന്‍ തിരുവനന്തപുരത്തുനിന്ന് ഹരിയാണ്। മനുജി അവിടെയുണ്ടോ അമ്മേ? "


"ഇല്ല മോനേ, അവന്‍ നാളെ തിരുവനന്തപുരത്തേക്ക് വരും എന്നാ പറഞ്ഞത്। കുറച്ച് മുമ്പ് വിളിച്ചിരുന്നു. ഇപ്പോള്‍ ബാംഗ്ലൂര് ഏതോ കൂട്ടുകാരന്റെ കൂടെയുണ്ട്. അവിടെയൊരു കമ്പനീല് ജോലി ആയെന്നുപറഞ്ഞു. നാളെ തിരുവനന്തപുരത്ത് ഇന്റര്‍വ്യൂ ഉണ്ട് അതുംകൂടി കഴിഞ്ഞേ ഇങ്ങോട്ട് വരു...."


" ശരിയമ്മെ, എനിക്കിപ്പോളൊരു മെസ്സേജ് വന്നിരുന്നു। രണ്ട് ദിവസമായി എന്റെ മൊബൈല്‍ ഓഫായിരുന്നു. അതുകൊണ്ട് എപ്പോഴാണ്‍ മനുജി വരുന്നതെന്ന കാര്യത്തിലൊരു സംശയം. എന്റെ ഫോണീന്ന് മനുജിയെ വിളിക്കാന്‍ കഴിയില്ല. അതാ ഇപ്പോള്‍ അമ്മയെ വിളിച്ചത്. പിന്നെ എന്തൊക്കെ അമ്മേ വിശേഷങ്ങള്‍? "


" മോനേ, അവന് അവിടെയെങ്ങാനും ഒരു ജോലി ശരിപ്പെടുമായിരിക്കുമോ? എന്നാല്‍ ഇടക്കൊക്കെ അവനെ ഞങ്ങള്‍ക്കൊന്ന് കാണാമായിരുന്നല്ലോ? എനിക്കാണേലും അവന്റെച്ഛനാണേലും തീരെ വയ്യ മക്കളെ। പ്രഷറും ഷുഗറുമൊക്കെയുണ്ട്. ഇവിടെങ്ങാനുമായിരുന്നേ ആഴ്ചയിലൊന്നെങ്കിലും അവന് വന്ന് പോവാമായിരുന്നല്ലോ? ചെറിയ ശമ്പളമായിരുന്നേലും കുഴപ്പമില്ല. ഞങ്ങള്‍ക്കവനെ കാണാന്‍ കിട്ടുമല്ലോ? അതല്ലേ വലിയ കാര്യം."


" അമ്മേ, ഉറപ്പായും ഇവിടെ എവിടെയെങ്കിലും തന്നെ മനുജിക്ക് ജോലി ശരിയാവും। നല്ല ശമ്പളത്തില്‍ തന്നെ. അമ്മ ഒട്ടും ടെന്‍ഷനാവേണ്ട. മനുജിയെപ്പോലെ ഒരാള്‍ക്ക് ജോലി ഇല്ലാതെ കഷ്ടപ്പെടേണ്ടി വരില്ല. ഇപ്പോ തന്നെ അമ്മ കണ്ടില്ലേ, ബാംഗ്ലൂര് പോയിട്ട് വെറും കൈയ്യോടെ ഇങ്ങ് പോരേണ്ടി വന്നോ? അതു പോലെ തന്നെ ഇവിടെയും അദ്ദേഹത്തിന് ജോലി ശരിയായിരിക്കും. ഒരു കമ്പനിയും മനുജിയെപ്പോലെ ഒരാളെ വെറുതേ മടക്കിയയക്കില്ല. എന്നെക്കൊണ്ടാവത് ഞാനും ചെയ്യാമമ്മേ. മനുജിയെ എവിടെ പരിചയപ്പെടുത്താന്നും എനിക്ക് അഭിമാനമേയുള്ളു... അതുകൊണ്ട് അമ്മ ധൈര്യമായിരുന്നോളൂ... ഒക്കെ ശരിയാവും. "


" ശരി മക്കളേ... തിരുവനന്തപുരത്ത് തന്നെ ശരിയായാല്‍ എനിക്ക് വല്യ സന്തോഷമായി...അവിടെയാവുമ്പോള്‍ മോനൊക്കെയുണ്ടല്ലോ?... "


" ഒരു കുഴപ്പവുമില്ലമ്മേ॥ ഇങ്ങ് വന്നോട്ടേ... നമുക്ക് ശരിയാക്കാം। അപ്പോ ഞാന്‍ പിന്നെ വിളിക്കാമമ്മേ, അച്ഛനോടും പറഞ്ഞേക്കൂ... .. പിന്നെ, മനുജി വിളിച്ചാല്‍ എന്റെ മൊബൈല് ഇനി ഓണായിരിക്കുമെന്ന് പറഞ്ഞേക്കൂ... "


" ശരി മോനേ... "


ഫോണ്‍ വച്ചിട്ടും അമ്മയുടെ നേര്‍ത്ത വിഷാദം പുരണ്ട ഒപ്പം പ്രതീക്ഷ നിറഞ്ഞ ശബ്ദമാണ് കാതില്‍। മനുജി ഇവിടെ തന്നെ തുടരണമെന്ന് അവര്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. ‘സാന്നിദ്ധ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ‘ ആ അമ്മ എന്നെ ഓര്‍മ്മിപ്പിക്കുന്നു. നമുക്കൊക്കെ പലപ്പോഴും കൊടുക്കാന്‍ കഴിയാതെ പോവുന്നതും അതു തന്നെയല്ലേ? സാന്നിദ്ധ്യം. !!! ജീവിതം കരുപ്പിടിപ്പിക്കാന്‍ നെട്ടോട്ടമോടുന്നതിനിടയില്‍ പലപ്പോഴും അതൊന്നും നമുക്ക് സാധിച്ചേക്കില്ല. ആരുടേയും കുറ്റമല്ലത്. അതിന്റെ പേരില്‍ ഒരച്ഛനമ്മമാരും നമ്മെ കുറ്റപ്പെടുത്തുന്നുമില്ല. കുറ്റപ്പെടുത്തുകയുമില്ല. എങ്കിലും അവരുടെ ഉള്ളില്‍ ആ ആഗ്രഹം വല്ലാതെ വളര്‍ന്ന് അവരെ ശല്യം ചെയ്യുന്നുണ്ടാവാം. അത് നമ്മളില്‍ നിന്നൊളിക്കാന്‍ അവര്‍ പാടുപെടുന്നുണ്ടാവാം.


എന്തായാലും മനുജി അമ്മയുടെ ആഗ്രഹം മനസ്സിലാക്കിയിരിക്കുന്നു। ബ്രിജ് വിഹാര്‍ വിട്ട് അയാള്‍ യാത്ര തുടങ്ങിയിരിക്കുന്നു. ഡെല്‍ഹി വിടാന്‍ കാരണമായി അയാള്‍ എന്തൊക്കെ പറഞ്ഞാലും എനിക്കുറപ്പുണ്ട് ആ അമ്മയുടെ സ്നേഹം തന്നെയാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഏക അല്ലെങ്കില്‍ പ്രധാന ഘടകമെന്ന്.


മൈത്രിയിലെ അഭിലാഷിനോടും അസോസിയേറ്റ്സിലെ ക്രിയേറ്റീവ് ഡയറക്ടറായ റസ്സലിനോടും ലീഡ്സിലെ എം।ഡി യായ കൃഷ്ണകുമാര്‍ സാറിനോടും മനുജിയെക്കുറിച്ച് പറഞ്ഞു വച്ചു. റെസ്യൂമേ എല്ലാവര്‍ക്കും ഫോര്‍വാഡ് ചെയ്തു. നന്ദപര്‍വ്വം നന്ദേട്ടന്‍ ബാംഗ്ലൂരില്‍ മനുജിക്ക് ജോലി ശരിയാക്കിയതു പോലെ തന്നെ മീഡിയമേറ്റിലും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെത്രെ. എവിടെയെങ്കിലും ഒരു ജോലി അദ്ദേഹത്തിന് തരപ്പെടുമെന്ന് മൂന്നരത്തരം.


എന്റെ മനസ്സു പറയുന്നു... ഇനി ബ്രിജ് വിഹാരം തുടരുന്നത് അനന്തപുരിയില്‍ നിന്നാവും।


" അതിഥി ദേവോ ഭവ!
എന്ന് വച്ചാല്‍ ദില്ലിയില്‍ നിന്ന് വരുന്ന അതിഥി
ആതിഥേയനെ ദേവനായി കണ്ട് പൂജിക്കണം :)
ഏത്? "


മനുജിക്ക് ഇങ്ങനെയൊരു എസ്।എം.എസും കീച്ചി, പച്ച ജീവനോടെ ഒരു ബ്ലോഗ്ഗറെ നേരില്‍ കാണാന്‍ പോവുന്നതിന്റെ ത്രില്ലില്‍ വയറ്റില്‍ മൂന്ന് ‘ വൈറ്റ് മിസ്ചീഫും ’ ഒഴിച്ച് ഞാന്‍ കാത്തിരുന്നു.... :)


(തുടരും। കട്ടായം)

Monday, June 16, 2008

പുറത്താക്കപ്പെട്ടവര്‍ ...കരയാനറിയാത്തവര്‍. ചിരിക്കാനറിയാത്തവര്‍, പരിഭവിക്കാനും പ്രതിഷേധിക്കാനുമറിയാത്തവര്‍, യാതൊരു വികാരങ്ങളും പ്രകടിപ്പിക്കാനറിയാത്തവര്‍, പരാതിപറയാന്‍ ഭാഷപോലും ഇല്ലാത്തവര്‍, കൊല്ലാന്‍ വരുന്നത്‌ കണ്ട്‌ ഒന്നുറക്കെ കരയാനും പിടയാനും കഴിയാത്തവര്‍. എങ്കിലും കാലങ്ങളായി അവര്‍ അളവുകളും തൂക്കങ്ങളും കണക്കുകളുമില്ലാതെ നമുക്ക്‌ എന്തൊക്കെയോ നല്‍കി. അവരില്‍ നിന്ന്‌ നാമെന്തൊക്കെയോ പറ്റി. നേടിയതൊക്കെ നാമാണ്‌. നല്‍കിയതൊക്കെ അവരും. മതി, ഇനി നമുക്കവയെ ഒന്നൊന്നായി വെട്ടി വീഴ്ത്താം. ഇതില്‍ കൂടുതല്‍ എന്ത്‌ നന്ദിയാണ്‌ നമുക്കവരോട്‌ കാണിക്കാനുള്ളത്‌.
-------------------------------------------------------------------------------
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്‌ അങ്കണത്തില്‍ നിന്ന്‌ പുറത്താക്കപ്പെട്ട മരമുത്തച്ഛന്‍മാര്‍. ആദ്യം പുറത്താക്കല്‍ അടുത്തത്‌ വെട്ടിനിരത്തല്‍. പ്രതികരിക്കാനും പ്രതിഷേധിക്കാനും കരിവാരം ആചരിക്കാനും ഇവര്‍ക്കാരുമില്ല.

Saturday, June 14, 2008

കഴിവതും മഹത്‌വ്യക്തികള്‍ ശനിയാഴ്ചകളില്‍ മരിക്കുക. !!!

ഒരു സംശയം. കേരളീയര്‍ പ്രഹസനങ്ങള്‍ പോലും മറന്ന്‌ തുടങ്ങിയൊ? സാധാരണ നമ്മള്‍ പ്രഹസനത്തിന്‌ വേണ്ടിയെങ്കിലും മാന്യന്‍മാരും നീതിമാന്‍മാരുമാവാറുണ്ടായിരുന്നു. 'ആളുകള്‍' എന്ത്‌ വിചാരിക്കും എന്ന്‌ ചിന്തിച്ച്‌ എത്രവലിയ 'ശരിയും' നമ്മള്‍ മനസ്സില്ലാമനസ്സോടെയെങ്കിലും ചെയ്തിരുന്നു. എല്ലാം ഒരു പ്രഹസനം. ആത്മാര്‍ത്ഥത പലപ്പോഴുമുണ്ടാവാറില്ല. എങ്കിലും അത്തരം പ്രഹസനങ്ങളിലും നമ്മള്‍ ഒരു നീതി കണ്ടിരുന്നു. ആരെങ്കിലും ഒരു വിവാഹം ക്ഷണിച്ചാല്‍, പുരവാസ്തുബലി പറഞ്ഞാല്‍, മറ്റ്‌ മംഗളകരമായ ചടങ്ങുകള്‍ക്ക്‌ ക്ഷണിച്ചാല്‍, അടിയന്തിരം, പുലകുളി, മരണം ഇവയൊക്കെ അറിഞ്ഞാല്‍ നമ്മള്‍ അതിലൊക്കെ പങ്കെടുത്തിരുന്നു. പലപ്പോഴും ചുമ്മാ ഒരു പ്രഹസനത്തിനെങ്കിലും. മുതിര്‍ന്നവരെ ആദരിക്കുന്നതും, പ്രായമായവര്‍ക്ക്‌ ബസ്സില്‍ ചെറുപ്പക്കാര്‍ എഴുന്നേറ്റ്‌ ഇരിപ്പിടം കൊടുക്കുന്നതുമൊക്കെ പലപ്പോഴും പ്രഹസനത്തിനായെങ്കിലും നമ്മള്‍ ചെയ്ത്‌ പോന്നിരുന്നു. (എല്ലാവരും പ്രഹസനക്കാര്‍ ആണെന്ന്‌ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല )

ഇത്രയൊക്കെ പറയാന്‍ കാരണമായത്‌ ഒരു പ്രമുഖ മലയാള പത്രത്തില്‍(കേരള കൌമുദി ) മഹാകവി പാലായുടെ സംസ്കാര ചടങ്ങിനെക്കുറിച്ച്‌ വന്ന വാര്‍ത്തയാണ്‌. നിങ്ങളില്‍ പലരും വായിച്ചിട്ടുണ്ടാവും നമ്മുടെ മഹാകവി പാലാ നാരായണന്‍ നായരുടെ സംസ്കാരചടങ്ങുകള്‍ക്ക്‌ കേരളത്തിലെ പ്രബുദ്ധരായ രാഷ്ട്രീയ പ്രവര്‍ത്തകരോ, സാഹിത്യ, സാംസ്കാരിക നായകരോ, കേരള സാഹിത്യ അക്കാദമി പ്രവര്‍ത്തകരോ ഒന്നും തന്നെ കാര്യമായി സഹകരിച്ചില്ലെന്ന വാര്‍ത്ത. എത്ര നെറികെട്ട കാര്യമായി അത്‌. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുമെന്ന്‌ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന, പ്രസ്താവനയായി തന്നെ ഒടുങ്ങി. സാംസ്കാരികവകുപ്പ്‌ മന്ത്രി പോയിട്ട്‌ അദ്ദേഹത്തെ പ്രതിനിധീകരിച്ച്‌ പോലും ആരുമുണ്ടായിരുന്നില്ലെന്നത്‌ ഖേദകരമായ കാര്യമായിപ്പോയി. പൊതുമരാമത്ത്‌ മന്ത്രി ശ്രീ. മോന്‍സ്‌ ജോസഫ്‌, പാലാ എം.എല്‍.എ ശ്രീ. കെ.എം. മാണി എന്നിവരുടെയും ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. കെ.എല്‍. മോഹനവര്‍മ്മ എന്നീ സാഹിത്യനായകന്‍മാരുടെയും സാന്നിദ്ധ്യം ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ, അതിലൊതുങ്ങാമായിരുന്നോ? അവരൊക്കെത്തന്നെ അവിടെ എത്തിയത്‌ പാലായുമായുള്ള അവരുടെ തീര്‍ത്തും വ്യക്തിപരമായ ബന്ധത്തിന്‍റെ പേരില്‍തന്നെയാവും.

മന്ത്രി പുംഗവന്‍മാരുടെ കാര്യം പോട്ടെ. അവര്‍ നാട്‌ വികസിപ്പിക്കേണ്ടതിന്‍റെ ഭാരിച്ച ഉത്തരവാധിത്വം പേറുന്നവരാണല്ലോ? 97 തികഞ്ഞ്‌ ഇഹലോകവാസം പൂകിയ 'കേവലമൊരു വൃദ്ധനെ' ആദരിക്കുന്നനേരം കൊണ്ട്‌ പത്ത്‌ സെനൃ കൈയ്യേറ്റ ഭൂമി പിടിച്ചെടുത്താല്‍ അത്രയുമായി എന്ന്‌ അവര്‍ ചിന്തിക്കുന്നതില്‍ തെറ്റില്ല.

എന്നാല്‍ നമ്മുടെ സാഹിത്യനായകന്‍മാരുടെയും അല്ലെങ്കില്‍ കേരള സാഹിത്യ അക്കാദമി പ്രവര്‍ത്തകരുടെയും അസാന്നിദ്ധ്യം എന്തുകൊണ്ട്‌ ഉണ്ടായി. കടുത്ത 'കൂട്ട ദേഹാസ്വാസ്ഥ്യം'? അതോ മലയാളസാഹിത്യത്തിന്‌ സ്വല്‍പ്പം കൂടി പുഷ്ടി വരുത്താനുള്ള കൂട്ടയജ്ജത്തിലായിരുന്നോ അവര്‍? ഓര്‍ത്തുകൊള്ളൂ, സാഹിത്യ സാംസ്കാരിക കേരളം നിങ്ങളെ നോക്കി മൂക്കത്ത്‌ വിരല്‍ വച്ച്‌ ' കഷ്ടം ' എന്ന്‌ പറയും.

ഒരുകാര്യം ഉറപ്പാണ്‌. 'കേരളം വളരുന്നു' എന്നെഴുതിയ മഹാകവിയുടെ ആത്മാവ്‌ 'കേരളം ഇത്രക്ക്‌ വളരേണ്ടിയിരുന്നില്ലെന്ന്‌ ' ചിന്തിക്കുന്നുണ്ടാവും. ആദരവും അംഗീകാരവും ഇരന്ന്‌ വാങ്ങാതിരുന്ന ആ മഹാത്മാവിന്‌ ഇത്തരമൊരു യാത്രയയപ്പ്‌ ആയിരുന്നില്ല നല്‍കേണ്ടിയിരുന്നത്‌. ഇനി, ഇതൊരു വിവാദമായി ഉയരാതിരിക്കട്ടെ. ആ മഹാത്മാവിന്‌ നിത്യശാന്തി നേരാം.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ഇനീപ്പോ സംസ്കാരച്ചടങ്ങ്‌ പ്രവര്‍ത്തിദിനത്തില്‍ ആയതിലുള്ള അസൌകര്യം മാത്രമായിരുന്നു അവരുടെ അസാന്നിദ്ധ്യത്തിന്‌ കാരണമായതെങ്കില്‍ ഇങ്ങനെ എഴുതേണ്ടി വന്നതില്‍ മാപ്പ്‌। ഇനിയെങ്കിലും അവശേഷിക്കുന്ന മഹാത്മാക്കള്‍ ശനിയാഴ്ച തോറും മരിക്കാനിടവരട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

(പാലാ നാരായണന്‍ നായര്‍ ഒരു ബ്ളോഗ്ഗറായിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ ആദരവ്‌ അദ്ദേഹത്തിന്‌ ലഭിക്കുമായിരുന്നില്ലേ? )

"കറുക്കാനൊരുകൈ സഹായം"

പ്രിയപ്പെട്ടവരെ,

അതിപ്രശസ്തനും താരതമ്യങ്ങള്‍ക്കതീതമായ സര്‍ഗ്ഗശേഷിയുള്ളവനും ജനപ്രീയ ബ്ളോഗ്ഗറുമായ ശ്രീമാന്‍ പോങ്ങുമ്മൂടന്‍ എന്ന എന്‍റെ അവസ്ഥ ഇഞ്ചി കടിച്ച കുരങ്ങിന്‍റെ കൂട്ടായെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ. !!

ഭാര്യയുടെ പേറും കുട്ടിയുടെ 28 - കെട്ടുമൊക്കെയായി തിരക്കിലായതിനാല്‍ ബൂലോഗത്ത്‌ വരാനും പതിവുള്ള പോസ്റ്റ്‌ വായന, ഇടല്‍, ഉടക്കല്‍(തേങ്ങ) എന്നിവക്കൊക്കെ മുടങ്ങിപ്പോയതിനാലും ഇവിടെ നടക്കുന്നതൊന്നും യഥാസമയത്ത്‌ അറിയാന്‍ കഴിഞ്ഞില്ല.

നാട്ടില്‍ നിന്ന്‌ തിരിച്ച്‌ ബൂലോഗത്ത്‌ എത്തിയപ്പോഴാണ്‌ ഒട്ട്‌ മിക്ക ബ്ളോഗ്ഗറുടേതും കറുത്തിട്ടാണെന്ന്‌ ( ബ്ളോഗ്‌) മനസ്സിലായത്‌. എന്താണ്‌ കാര്യമെന്ന്‌ പിടികിട്ടിയില്ല.

ഇന്ന്‌ രാവിലെ മാതൃഭൂമി പേപ്പറില്‍ ശ്രീ. എം. ബഷീര്‍ എഴുതിയ 'ബൂലോഗം പുകയുന്നു ' എന്ന ലേഖനം വായിച്ചപ്പോഴാണ്‌ സംഗതി ഗൌരവതരമായ എന്തോ ആണെന്ന്‌ പിടികിട്ടിയത്‌. സമയവും സാഹചര്യവുമുള്ള സഹബ്ളോഗ്ഗര്‍മാര്‍ ഉണ്ടെങ്കില്‍ സംഗതിയുടെ കിടപ്പ്‌ വശം വിശദമായും ലളിതമായും ഒന്ന്‌ പറഞ്ഞ്‌ തരാമോ? സമയക്കുറവുണ്ടെങ്കില്‍ ഒരു കുഞ്ഞ്‌ ലിങ്ക്‌ ഇട്ടാലും മതി. ഉപേക്ഷ വിചാരിക്കുമോ? ജനപ്രീയ ബ്ളോഗ്ഗറായ നമ്മോട്‌ ഏതെങ്കിലും സാദാ ജനം ഇതിനെക്കുറിച്ച്‌ ചോദിച്ചാല്‍ നാമെന്ത്‌ മറുപടി പറയും?നിങ്ങളെന്നെ സഹായിച്ചില്ലെങ്കില്‍ എന്‍റെ അവസ്ഥ ഇഞ്ചി കടിച്ചത്‌ പോലെ തന്നെ തുടരും. കറുപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞോ? എനിക്കിനിയും അവസരമുണ്ടോ? എന്നെ രണ്ടാംകുടിയില്‍ പെടുത്തി മാറ്റി നിര്‍ത്തരുത്‌. സഹായിക്കണം.


എന്ന്
സഹബ്ളോഗ്ഗര്‍
പോങ്ങുമ്മൂടന്‍.

Wednesday, June 11, 2008

പാലാ ഇനി കേരളത്തിന്‍റെ ഓര്‍മ്മ...


മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ഒരു മഴക്കാലത്താണ്‌ അവസാനമായി ഞാനദ്ദേഹത്തെ കാണുന്നത്‌।
അന്ന്‌ , വൈക്കത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ വീടിന്‍റെ പടിഞ്ഞാറുവശത്തുള്ള , ഒട്ടൊന്ന്‌ ഇരുള്‍ മൂടിയ ഒരു മുറിയില്‍ ജനാലയുടെ ഒരു പാളി തുറന്നിട്ട്‌ പുറത്ത്‌ പച്ചപ്പിലേക്ക്‌ പെയ്തിറങ്ങുന്ന മഴയെ നോക്കി അദ്ദേഹമിരിക്കുകയായിരുന്നു।


എഴുത്ത്‌ മേശയിലേക്ക്‌ നീണ്ട്‌ മെലിഞ്ഞ, ഞരമ്പുകള്‍ പിടച്ച ആ കൈകള്‍ കൂട്ടിവച്ചുള്ളയിരുപ്പ്‌ സ്വല്‍പ്പനേരം ഞാന്‍ നോക്കി നിന്നു. വിരലുകള്‍ മഴയുടെ താളത്തില്‍ ചലിപ്പിക്കുന്നുണ്ടായിരുന്നു. ( അതോ പ്രായം വിരലുകള്‍ക്ക്‌ നല്‍കിയ വിറയലോ?)

അന്ന്‌ അദ്ദേഹമൊരുപാട്‌ സംസാരിച്ചു. പഴകാലങ്ങളെക്കുറിച്ച്‌, മഴയെക്കുറിച്ച്‌, കവിതയെക്കുറിച്ച്‌, പട്ടാള - അദ്ധ്യാപക ജീവിതത്തെകുറിച്ച്‌, ചങ്ങമ്പുഴയെക്കുറിച്ച്‌, ഉള്ളൂരിനെയും ആശാനെയും കുറിച്ച്‌, സൈമണ്‍ ബ്രിട്ടോയെയും തന്‍റെ ശിഷ്യനും സഹായിയും അയല്‍വാസിയുമായ ഒരു നല്ല മനുഷ്യനെക്കുറിച്ച്‌ (നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ പേര്‌ എന്‍റെ മനസ്സില്‍ നിന്ന്‌ മാഞ്ഞുപോയിരിക്കുന്നു. ക്ഷമിക്കുക) അങ്ങനെ അങ്ങനെ എനിക്ക്‌ മനസ്സിലായതും മനസ്സിലാകാത്തതുമായ ഒരു പാട്‌ കാര്യങ്ങളെക്കുറിച്ചൊക്കെ അദ്ദേഹമെന്നോട്‌ സംസാരിച്ചു.

മറവിയുടെ ഇടപെടലുകള്‍കൊണ്ടാവാം പലപ്പോഴും സംസാരം ഒരു വിഷയത്തില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വിഷയത്തിലേക്ക്‌ കടന്ന്‌ കയറും. അവിടെ നിന്ന്‌ മറ്റൊന്നിലേക്ക്‌. എങ്കിലും സംസാരിക്കാന്‍ അദ്ദേഹവും കേള്‍ക്കാന്‍ ഞാനും ഇഷ്ടപ്പെട്ടിരുന്നു.
എന്നെ അതിശയിപ്പിച്ച ഒരു കാര്യം സംസാരത്തിലെ ഈ അടുക്കും ചിട്ടയുമില്ലയ്മ അദ്ദേഹം വിറയാര്‍ന്ന സ്വരത്തില്‍ കവിത ചൊല്ലുമ്പോള്‍ ഉണ്ടായിരുന്നില്ലാ എന്നതാണ്‌। കവികളെക്കുറിച്ചും, കവിതകളെക്കുറിച്ചും പറയുമ്പോള്‍ മറവി പരാജയപ്പെട്ട്‌ മാറുന്നത്‌ കാണാമായിരുന്നു।

അന്ന്‌ പോരാന്‍ നേരം അദ്ദേഹത്തെക്കുറിച്ച്‌ ഒരു ഡോക്യുമെന്‍ററി എടുക്കനുള്ള എന്‍റെ ആഗ്രഹം ഞാന്‍ അറിയിച്ചു. എന്‍റെ ആഗ്രഹപ്രകടനം ഒരു അനുവാദം ചോദിക്കല്‍ കൂടിയായിരുന്നു. അനുവാദത്തോടൊപ്പം നിറയെ അനുഗ്രഹവുമാണ്‌ ആ മഹാമനുഷ്യന്‍ എനിക്ക്‌ നല്‍കിയത്‌. എന്നാല്‍ എന്‍റെ അലസതകൊണ്ടും മറ്റ്‌ പല പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ടും അത്‌ എനിക്ക്‌ ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്ന്‌ രാവിലെ അദ്ദേഹം ഈ ലോകത്തുനിന്ന്‌ വിടപറഞ്ഞ്‌ പോയപ്പോള്‍ എന്‍റെ മനസ്സില്‍ വല്ലാതൊരു കുറ്റബോധം നിറയുന്നു. എനിക്കുറപ്പുണ്ടായിരുന്നു.അദ്ദേഹമത്‌ കാണാന്‍ ആഗ്രഹിച്ചിരുന്നെന്ന്‌. എനിക്കത്‌ നിറവേറ്റാന്‍ സാധിച്ചില്ല. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാന്‍ അദ്ദേഹത്തിന്‍റെ ആത്മാവിനായി പ്രാര്‍ത്ഥിക്കുന്നു.

അദ്ദേഹത്തിന്‍റെ ബന്ധുജനങ്ങളില്‍ വളരെ അകലെയൊന്നുമല്ലാത്ത ഒരു കണ്ണി ആവാന്‍ കഴിഞ്ഞു എന്നതല്ല മറിച്ച്‌ അദ്ദേഹത്തിന്‍റെ കാലത്ത്‌ ജീവിക്കാന്‍ കഴിഞ്ഞു എന്നതും അദ്ദേഹത്തിന്‍റെ സ്നേഹസാന്നിദ്ധ്യം അനുഭവിക്കാന്‍ സാധിച്ചു എന്നതും അദ്ദേഹത്തിന്‍റെ പാദങ്ങളില്‍ നമസ്കരിക്കാന്‍ അവസരം ലഭിച്ചൂ എന്നതുമാണ്‌ എനിക്ക്‌ ലഭിച്ച ഭാഗ്യം എന്നും ഞാന്‍ കരുതുന്നു.

ആദരാജ്ജലികളോടെ....
---------------------------------------------------------------------------------------------
മഹാകവി പാലാ നാരായണന്‍ നായര്‍ (97) അന്തരിച്ചു। ഇന്ന്‌ (ജൂണ്‍ 11, 2008) രാവിലെ 10.30-ന്‌.

Wednesday, May 14, 2008

പൂയംകുട്ടി

ബൂലോഗരേ,

പൊതുവേ വിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍ വിവാഹത്തിന്‍റെ ആദ്യനാളുകള്‍ തൊട്ട്‌ ആദ്യ കുഞ്ഞ്‌ ജനിക്കുന്നവരെ നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണ്‌ " വിശേഷമൊന്നുമായില്ലേ?" എന്നത്‌? ചിലപ്പോള്‍ തോന്നും ആത്മാര്‍ത്ഥതയേക്കാള്‍ ആക്കലാണ്‌ ഈ ചോദ്യത്തിന്‌ പിന്നിലെന്ന്‌.

കഴിഞ്ഞ 2005 ഒക്ടോബര്‍ 31 മുതല്‍ അതായത്‌ എന്‍റെ കല്യാണപ്പിറ്റേന്ന്‌ മുതല്‍ ഞാനും കേട്ടുകൊണ്ടിരുന്നത്‌ ഇതേ ചോദ്യമാണ്‌। ചിലരുടെ ചോദ്യം കേട്ടാല്‍ ചോദ്യകര്‍ത്താവിന്‌ 'ഒരവസരം' കൊടുത്താലോ എന്ന്‌ പോലും നാം ചിന്തിച്ച്‌ പോവും. അത്രക്കുണ്ട്‌ ആത്മാര്‍ത്ഥത! അത്രത്തോളം തന്നെ അനുകമ്പയും!!

എന്തായാലും കഴിഞ്ഞ ശനിയാഴ്ച രാത്രി 10.32 മുതല്‍ ഞാന്‍ ഈ ചോദ്യശരത്തില്‍ നിന്ന്‌ രക്ഷപെട്ടിരിക്കുന്നു. എന്‍റെ ഭാര്യ ഒരു ആണ്‍കുട്ടിക്ക്‌ ജന്‍മം നല്‍കിയിരിക്കുന്നു. ( ഉത്തരവാധി ഞാന്‍ തന്നെ ). പൂയം നാളില്‍ ജനിച്ച എന്‍റെ 'പൂയംകുട്ടിക്ക്‌' ' നിങ്ങളുടെ അനുഗ്രഹം ഉണ്ടാവില്ലേ?

സ്നേഹപൂര്‍വ്വം.
റവ. 'ഫാദര്‍' പോങ്ങുമ്മൂടന്‍ :)

Thursday, March 13, 2008

'നവ' ഭാരതസ്ത്രീതന്‍ 'ഭാവ'ശുദ്ധി!!!

മടിച്ച്‌ മടിച്ചാണെങ്കിലും കൊച്ചുവെളുപ്പാന്‍ കാലത്ത്‌ സുരേട്ടന്‍ വിളിച്ചപ്പോള്‍ നടക്കാന്‍ പോയത്‌ എന്തുകൊണ്ടും നന്നായി. അതുകൊണ്ടാണല്ലോ ഭാരതസ്ത്രീകളില്‍ മാത്രം കണ്ടുവരുന്നതും പുരുഷന്‍മാര്‍ക്ക്‌ അവരുടെ നഗ്നനേത്രം കൊണ്ട്‌ ഇതുവരെ കാണാന്‍ കഴിയാതിരുന്നതുമായ ഭാവശുദ്ധി എന്ന്‌ പറയുന്ന ആ സംഗതി എനിക്ക്‌ കണ്‍കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞത്‌. കണ്ടു സ്നേഹിതരേ, ആ ഭാവശുദ്ധി ഞാന്‍ കണ്ടു. ഇന്ന്‌ രാവിലെ ഏതാണ്‌ 8 മണിക്കൂറുകള്‍ക്ക്‌ മുന്‍പ്‌.!!!.

(വിശദമായി) വിശദീകരിക്കാം. :)

ഇന്നലെ രാത്രി പറഞ്ഞതിന്‍പ്രകാരം നടക്കാന്‍ പോവാനായി സുരേട്ടന്‍ രാവിലെ കൃത്യം അഞ്ചര മണിക്ക്‌ തന്നെ എന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചു. പ്രാഥമിക കര്‍മ്മങ്ങളൊക്കെ നിര്‍വ്വഹിച്ച്‌ ഞാന്‍ ബൈക്കുമെടുത്ത്‌ അഞ്ചേമുക്കല്‍ കഴിഞ്ഞതോടെ പോങ്ങുമ്മൂട്ടുനിന്ന്‌ കേശവദാസപുരത്തെത്തി. സുരേട്ടന്‍ കാത്ത്‌ നില്‍പ്പുണ്ട്‌. ബൈക്ക്‌ വഴിയരികില്‍ വച്ച്‌ സുരേട്ടന്‍ നടന്നും ഞാന്‍ 'തൊഴിച്ചും' തുടങ്ങി. ( എന്‍റെ നടത്തത്തെ നടത്തമായി സ്നേഹിതര്‍ കാണാറില്ല. അവര്‍ അതിനെ തൊഴിക്കല്‍ ആയാണ്‌ വിശേഷിപ്പിക്കുന്നത്‌. നാട്ടിലെ സ്നേഹിതരും ഇങ്ങനെ തന്നെ വിശേഷിപ്പിക്കുന്നതുകൊണ്ട്‌ ഞാനും അതങ്ങ്‌ അംഗീകരിച്ചിരിക്കുന്നു. നാട്ടില്‍ വച്ച്‌ ആരെങ്കിലും " ഡാ ഉവ്വേ, നമ്മടെ ഹരിയേ കണ്ടാരുന്നോ " എന്ന്‌ ചോദിച്ചാല്‍ ഏതെങ്കിലും സ്നേഹിതന്‍ മറുപടി കൊടുക്കുക. " ആ, അവനാ ഉമ്മച്ചന്‍റെ കടക്കലേക്ക്‌ തൊഴിച്ചിട്ടുണ്ട്‌ " എന്നായിരിക്കും. )

പട്ടത്തെ സ്വാഗത്‌ ബാറും കഴിഞ്ഞ്‌ പ്ളാമൂട്ടിലുള്ള ജിന്‍സ്‌ ബാറുവരെയുള്ള രണ്ട്‌ കിലോമീറ്റര്‍ ദൂരം ഞങ്ങള്‍ നടന്നു കഴിഞ്ഞിരിക്കുന്നു. എന്‍റെ കാല്‍ വല്ലാതെ കഴച്ചു പൊട്ടുന്നു.

"സുരേട്ടാ, മതി നമുക്ക്‌ തിരിച്ച്‌ നടക്കാം" - ഞാന്‍.

" ന്നാ ശരി, തിരിക്കാം. നാളെ നമുക്ക്‌ പി.എം.ജി യിലെ പ്രശാന്ത്‌ ബാര്‍ വരെ നടക്കണം. ഏറ്റോ?" - സുരേട്ടന്‍.
"ഏറ്റു" - ഞാന്‍.

ഞങ്ങള്‍ തിരിച്ച്‌ നടന്നു. ശ്വാസമെടുക്കാന്‍ മൂക്കിനെ മാത്രം ആശ്രയിക്കുന്നത്‌ മണ്ടത്തരമായിരിക്കുമെന്ന്‌ മനസ്സിലാക്കിയ ഞാന്‍ വായ കൂടി മൂക്കിനെ സഹായിക്കാനായി വിട്ടു കൊടുത്തു. ദിവസോം ഒരു ഫുള്ള്‌ കഴിക്കുന്നത്‌ കൊണ്ടാവാം സുരേട്ടന്‍ യാതൊരു കൂസലുമില്ലാതെ നടക്കുന്നു. നടന്ന്‌ നടന്ന്‌ അങ്ങേര്‌ ഒരു 'ഹരിപ്പാട്‌' മുന്നിലെത്തി.

ഒപ്പമെത്താന്‍ എനിക്ക്‌ കഴിയുമെന്ന്‌ തോന്നുന്നില്ല. ദുഷ്ടന്‍. എന്നേക്കാള്‍ ആറേഴ്‌ വയസ്സ്‌ മൂത്ത ആളാണ്‌. എന്നിട്ടും പോണ പോക്ക്‌ കണ്ടില്ലേ. വായൂഗുളിക വാങ്ങാന്‍ പോവുന്ന പോലെ. ഒരു നല്ല കാര്യത്തിന്‌ പോവുന്ന ആളേ പിന്നില്‍ നിന്ന് വിളിക്കുന്നത്‌ ശരിയല്ലെന്നറിയാം. എന്നാലും ഞാന്‍ വിളിച്ചു. പറഞ്ഞു.

" ചേട്ടാ ഒന്ന് നിന്നേ, ഒരു കാര്യം ചെയ്യ്‌ ഇങ്ങനെ അന്തം വിട്ട പോക്ക്‌ പോയാല്‍ ചേട്ടന്‍ അഞ്ച്‌ മിനിറ്റ്‌ കൊണ്ട്‌ കേശവദാസപുരത്തെത്തും. ഏതായലും ഈ ചാവി കൂടെ കൊണ്ടുപൊയ്ക്കോ. എന്നിട്ടവിടെ ചെന്ന് ആ ബൈക്കുമെടുത്ത്‌ ഇങ്ങു പോരെ.. ഞാനിവിടെ എവിടെയെങ്കിലും ഇരുന്നോളാം. ഇനി ഒരടി മുന്നോട്ട്വെച്ചാല്‍ ഇതാവും എന്‍റെ സമാധി സ്ഥലം "

സുരേട്ടന്‍ നടത്തം നിര്‍ത്തി. ഞാന്‍ തൊഴിച്ച്‌ തൊഴിച്ച്‌ ഒപ്പമെത്തി.

"അല്ലെങ്കി ഒരു ഓട്ടോ വിളിച്ചങ്ങ്‌ പോയാലോ?" - ഞാന്‍.

"ഡാ നന്നായി കൈവീശി നടന്നാലേ നിന്‍റെ ഈ തടി കുറയൂ. വാ നടക്ക്‌ " - കണ്ണില്‍ച്ചോരയില്ലാത്ത സുരേട്ടന്‍.

നെഞ്ചില്‍ നിന്ന്‌ ചൂട്‌ കാറ്റ്‌ ഉയര്‍ന്ന്‌ മുഖത്തൂടെ ഉരസി ഉയര്‍ന്ന്‌ പൊങ്ങുന്നു. ശരീരം നന്നായി വിയര്‍ത്തൊഴുകുന്നു. ഇത്‌ വരെ ഞാന്‍ സിദ്ധി കൂടിയിട്ടില്ലാ എന്ന അറിവ്‌ എന്നെ ആശ്വസിപ്പിക്കുന്നു. നാളെ പ്രശാന്ത്‌ ബാര്‍ വരെയും മറ്റന്നാള്‍ ഹൈനസ്സ്‌ ബാര്‍ വരെയും അത്‌ കഴിഞ്ഞ്‌ സേവ്യര്‍ ബാര്‍ വരെയും നടക്കാന്‍ സോറി തൊഴിക്കാന്‍ കഴിയുമെന്ന വിശ്വാസം എന്നില്‍ നിറയുന്നു.

"സുരേട്ടാ വാ. എന്തായാലും ശരീരമൊന്ന്‌ ആറിയിട്ടേ ഞാന്‍ പോവുന്നുള്ളു. നമുക്ക്‌ ഓരോ കട്ടന്‍ ചായ അടിച്ച്‌ പിരിയാം "

സമയം ആറേമുക്കാല്‍ കഴിഞ്ഞിരിക്കുന്നു. കോട്ടയം ഭാഗത്തേക്കുള്ള ബസ്സുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പിലായുള്ള തട്ടുകടയിലേക്ക്‌ ഞങ്ങള്‍ നടന്നു. ഏതാനും ചിലര്‍ മാത്രമാണ്‌ അവിടെയുള്ളത്‌. കുറച്ച്‌ മാറി രണ്ടുമൂന്ന്‌ ഓട്ടോറിക്ഷകള്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്നു. ബസ്സ്‌ കാത്ത്‌ നില്‍ക്കുന്ന വൃദ്ധദമ്പതികള്‍, തട്ട്കടയുടെ അടുത്തായി അടച്ച്‌ കിടക്കുന്ന ബേക്കറിയുടെ പടിയിലിരുന്ന്‌ പത്രം വായിക്കുന്ന ഒരു യുവാവ്‌, ബസ്സ്‌ സ്റ്റോപ്പില്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന കാപ്പിപ്പൊടിക്കളറുള്ള ഒരു സാന്‍റോ കാര്‍. രണ്ട്‌ കട്ടന്‍ ചായക്ക്‌ പറഞ്ഞ്‌ ഓരോ സിഗരറ്റും വാങ്ങി ഞങ്ങള്‍ ആ കാറിന്‌ മുന്നിലായി വന്ന്‌ നിന്നു.

കാര്‍ ചെറുതായി അനങ്ങിയെന്ന്‌ തോന്നിയതിനാലാവാം പെട്ടെന്ന്‌ കാറിനുള്ളിലേക്ക്‌ എന്‍റെ ശ്രദ്ധ ഒന്ന്‌ പാളിച്ചെന്നു. ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അതിനുള്ളില്‍ ഒരു മദ്ധ്യവയസ്കനിരിക്കുന്നു. കറുകറുത്ത സ്റ്റിക്കര്‍ വശങ്ങളില്‍ ഒട്ടിച്ചതുകൊണ്ട്‌ കാറിനുള്ളില്‍ തെറ്റില്ലാത്ത വെളിച്ചക്കുറവുണ്ട്‌. എങ്കിലും മുന്‍കാഴ്ചയില്‍ അയാള്‍ തനിച്ചാണെന്ന് മനസ്സിലായി.

വൈക്കം ബോര്‍ഡ്‌ വച്ച്‌ വന്ന ബസ്സിലേക്ക്‌ വൃദ്ധദമ്പതികള്‍ കയറിപ്പോയി. ഞങ്ങള്‍ക്കുള്ള കട്ടന്‍ കിട്ടി. കട്ടനും കുടിച്ച്‌ സിഗരറ്റും വലിച്ച്‌ സുരേട്ടന്‍ ചുമ്മാ കണ്ണൂറ്‍ വിഷയവും, കോടതിക്കെതിരെയുള്ള പരാമര്‍ശവുമൊക്കെ എടുത്തിട്ട്‌ പിണറായി സഖാവിന്‍റെ അച്ഛനെയും അമ്മയേയും പ്രകീര്‍ത്തിച്ചങ്ങനെ നില്‍ക്കുമ്പോഴാണ്‌ ഞങ്ങളുടെ തൊട്ടടുത്തായി പഴയ, പച്ച നിറത്തിലുള്ള ഒരു മാരുതി 800 വന്ന്‌ നിന്നത്‌.

മുന്‍സീറ്റില്‍ നിന്ന്‌ ശലീന സുന്ദരിയായ ഒരു സ്ത്രീ (പെണ്‍കുട്ടി എന്നും പറയാം) ചുറ്റുപാടുകളിലേക്കൊന്നും കണ്ണ്‌ പായിക്കാതെ ഐശ്വര്യവും അന്തസ്സും നിറഞ്ഞ മുഖഭാവത്തോടെ പുറത്തിറങ്ങി. 25വയസ്സ്‌ മതിക്കും. ഇല്ല. അതിനപ്പറത്തേക്ക്‌ പ്രായമില്ല. തോളില്‍ കുറുകി കിടക്കുന്ന തുകല്‍ ബാഗ്‌. പഴുക്കാമഞ്ഞ കളറിലുള്ള സാരി. അരക്കൊപ്പം നീളത്തില്‍ കിടക്കുന്ന മുടി. മനോഹരമായ വാച്ച്‌. നോ ലിപ്സ്റ്റിക്ക്‌. കവിളില്‍ ചെറിയൊരു നുണക്കുഴി ഇല്ലേന്നൊരു സംശയം. ചെറിയൊരു പൊട്ട്‌. നെറ്റിയും മുടിയും കൂടി ചേരുന്നിടത്ത്‌ അലക്ഷ്യമായി തൊട്ടിരിക്കുന്ന സിന്ദൂരം. (ഈശ്വരാ അന്യന്‍റെ ഭാര്യ!!) ഞാന്‍ നോട്ടം മതിയാക്കി.

അവര്‍ തിരിഞ്ഞ്‌ ഒട്ടൊന്ന്‌ കുനിഞ്ഞ്‌ ഭര്‍ത്താവിനെ നോക്കി പുഞ്ചിരിച്ചു. ഇപ്പോള്‍ എനിക്ക്‌ വ്യക്തമായി കാണാം ആ നുണക്കുഴി. ഭര്‍ത്താവ്‌ അവളെനോക്കി കൈവീശി എന്തോ പറഞ്ഞു. അയാളുടെ കണ്ണുകളില്‍ അഭിമാനം തന്നെയാണെന്ന്‌ എനിക്ക്‌ തോന്നി. എന്തുകൊണ്ടാണ്‌ കാര്യമില്ലാത്ത ഒരു അസൂയ എനിക്കിപ്പോള്‍ അയാളോട്‌ തോന്നിയത്‌. ആദ്യമായി കാണുന്ന അയാളെ എന്തിനാണ്‌ ഞാന്‍ പല്ലിറുമ്മി 'എടാ പട്ടീ' എന്ന്‌ ആത്മാര്‍ത്ഥമായി മനസ്സില്‍ വിളിച്ചത്‌.

ആ ഭാഗ്യവാന്‍ കാര്‍ യു-ടേണ്‍ എടുത്ത്‌ പട്ടം ഭാഗത്തേക്ക്‌ പോയി. എന്‍റെ ശ്രദ്ധ അവരില്‍ തന്നെയായിരുന്നു. (സുരേട്ടന്‍റെയും അപ്രകാരമാവാനേ തരമുള്ളു.) ആ കാര്‍ അകന്ന്‌ പോവുന്നതും നോക്കി അവര്‍ അതേ നില്‍പ്പ്‌ നില്‍ക്കുന്നു. ഇപ്പോഴും സ്നേഹം നിറഞ്ഞ, അന്തസ്സുനിറഞ്ഞ, ചെറുപുഞ്ചിരി നിറഞ്ഞ ഭാവം തന്നെ അവര്‍ക്ക്‌.

ഈശ്വരാ ഇക്കാലത്തും ഇത്രയും അടക്കവും ഒതുക്കവും സ്നേഹവും നിറഞ്ഞ സ്ത്രീരത്നങ്ങളോ? മഹിളാരത്നമേ, കാലങ്ങളോളം നിന്നെ ഞാനെന്‍റെ മനസ്സില്‍ കൊണ്ട്‌ നടക്കും. തരം കിട്ടിയാല്‍ ഒന്ന്‌ പൂജിക്കയും ചെയ്യും. ഇങ്ങനെയൊക്കെ കരുതുന്നവനല്ലേ, അടിവയര്‍ തുടിച്ചെങ്കിലും സുന്ദരനല്ലേ എന്നൊക്കെ കരുതി നീ എനിക്കൊന്നും ചെയ്ത്‌ തരേണ്ടതില്ല. നിന്‍റെ ഒരു നോട്ടം പോലും നീ എനിക്ക്‌ നല്‍കേണ്ടതില്ല. എങ്കിലും നീ ഏത്‌ ബസ്സിന്‌ എങ്ങോട്ടേക്കാണ്‌ പോവുന്നതൊന്ന്‌ അറിയാനൊരു ആകാംഷ. എന്നും ഇവിടെ നിന്നാവുമോ നീ എന്നും ബസ്സ്‌ കയറിപോവുന്നത്‌? നിനക്ക്‌ കുട്ടികളുണ്ടോ? ഭര്‍ത്താവെന്ത്‌ ചെയ്യുന്നു. അയാള്‍ ദേഷ്യക്കാരനാണോ? ചട്ടമ്പി? ബസ്സ്‌ കാത്ത്‌ നില്‍ക്കുമ്പോള്‍ അപരിചിതരായ മാന്യന്‍മാര്‍ ആരെങ്കിലും ചങ്ങാത്തം കൂടാന്‍ വന്നാല്‍ അക്കാര്യം ഭര്‍ത്താവിന്‍റെ സമക്ഷം എത്തിക്കുന്ന പണി ഉണ്ടോ നിനക്ക്‌? ഇനി അങ്ങനെയെങ്ങാനും കേട്ടാല്‍ത്തന്നെ ആ മാന്യന്‍മാരേ തിരഞ്ഞ്‌ പിടിച്ച്‌ ശാരീരികമായി കൈയ്യേറ്റം ചെയ്യുന്ന തരക്കാരനാണോ അദ്ദേഹം?

മഹിളാമണീ, ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചാല്‍ അതിനുള്ള ഉത്തരം നീ എനിക്ക്‌ തരുമോ? അടുത്ത്‌ കിടക്കുന്ന സാന്‍ട്രോ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത ശബ്ദം കേട്ടപ്പോഴാണ്‌ ഒരുനിമിഷത്തേക്ക്‌ കൈവിട്ടുപോയ മനസ്സ്‌ തിരികെ വന്നത്‌. അപ്പോള്‍ കണ്ടകാഴ്ച എന്നെ വല്ലാതെ അമ്പരപ്പിച്ചുകളഞ്ഞു. (സാധാരണ ഈ നേരമൊന്നും ഞാനങ്ങനെ അമ്പരക്കാറുള്ളതല്ല. )

അതുവരെ ഭര്‍ത്താവിന്‍റെ കാര്‍ നോക്കി നിന്നിരുന്ന ആ നാരീജനം കാര്‍ കണ്‍വെട്ടത്ത്‌ നിന്ന്‌ മറഞ്ഞതും അതിവേഗത്തില്‍ സാന്‍ട്രോയുടെ ഡോര്‍ തുറന്ന്‌ ആ മദ്ധ്യവയസ്കന്‍റെ അടുത്തിരുന്നതും അയാളുടെ ഇടതുകൈ ഉയര്‍ത്തി കൈപ്പത്തിയില്‍ ഒരു ചുംബനം കൊടുത്തതും ഒരുമിച്ചായിരുന്നു. അവള്‍ പറഞ്ഞതെന്തോകേട്ട്‌ അയാള്‍ നിറഞ്ഞ്‌ ചിരിക്കുകയും അയാളുടെ തോളിലേക്ക്‌ ചാരിയ അവളെയും കൊണ്ട്‌ കാര്‍ അതിവേഗം പാഞ്ഞ്‌ പോവുകയും ചെയ്തു. ന്‍റെ പാട്ടുപുരക്കലമ്മേ.... ഒരു നിമിഷം മുന്‍പ്‌ വരെ പച്ച മാരുതിക്കാറുകാരന്‍റെ ഭാര്യയായി വന്നവള്‍ ഇപ്പോള്‍ സാന്‍ട്രോക്കാരന്‍റെ കാമുകിയായി പോവുന്നു.

കാറിനുള്ളിലെ അരണ്ടവെളിച്ചത്തില്‍ ഞാനവളില്‍ കണ്ട ഭാവം എന്തായിരുന്നു. ഇനി അതാവുമോ ഭാരതസ്ത്രീകളുടെ നവ ഭാവം. (ഇവളൊക്കെ എന്തുഭാവിച്ചാണോ ആവോ!!)

പച്ച മാരുതിക്കാരന്‍ ഇപ്പോള്‍ വീടെത്തിക്കാണുമോ? എന്തായിരിക്കും ഇപ്പോള്‍ ആ ഭാഗ്യവാന്‍റെ(?) ഭാവം.

ഞാന്‍ സുരേട്ടനെ നോക്കി. മറ്റുള്ളവരെ നോക്കി. എല്ലാവരും തന്നെ ഈ കാഴ്ചകൊളൊക്കെ ശ്രദ്ധിച്ചിരുന്നുവെന്ന്‌ എനിക്ക്‌ മനസ്സിലായി. ചിലര്‍ക്ക്‌ ഇതൊന്നും വലിയ കാര്യമല്ലെന്ന ഭാവം. മറ്റുചിലര്‍ക്ക്‌ തമാശ.

എനിക്കും വേറേ ചിലര്‍ക്കും അനുഭവയോഗമില്ലാതെ പോയല്ലോ എന്ന നിരാശ മുഖത്ത്‌. ബേക്കറിനടയില്‍ പത്രപാരായണം നടത്തികൊണ്ടിരുന്ന യുവാവ്‌ പത്രം നിലത്തിട്ട്‌ എഴുന്നേറ്റ്‌ നിന്ന്‌ മാരുതിക്കാര്‍ പോയ ഭാഗത്തേക്കും സാന്‍ട്രോ പോയ എതിര്‍വശത്തേക്കും ടെന്നീസ്‌ കളി കാണണ പോലെ മാറി മാറി നോക്കുന്നു. നോക്കിക്കൊണ്ട്‌ തന്നെ നില്‍ക്കുന്നു.

സുരേട്ടന്‍ മാത്രം ഇതൊന്നും ശ്രദ്ധിക്കാത്തവനെപ്പോലേ സിഗരറ്റില്‍ മാത്രം കോണ്‍സന്‍ട്രേറ്റ്‌ ചെയ്തിരിക്കുന്നു.

എന്നിലെ അസൂയപൂണ്ട കപടസദാചാരക്കരനുണര്‍ന്ന് ചോദിച്ചു..

"സുരേട്ടാ, നിങ്ങളിതൊന്നും കാണ്ടില്ലേ? എന്ത്‌ തെമ്മാടിത്തരമാ ചേട്ടാ ഇത്‌. ആ പാവം മനുഷ്യനെ അവള്‍ വഞ്ചിക്കുകയല്ലേ? ചേട്ടനൊരു വിഷമോം തോന്നുന്നില്ലേ? ചേട്ടാ, എനിക്കുറപ്പുണ്ട്‌, അവള്‍ ആ ഭര്‍ത്താവിനെ വഞ്ചിക്കുകയാണെന്ന്‌. ഭര്‍ത്താവിന്‌ അറിയാവുന്ന ആളായിരുന്നു സാന്‍ട്രോയിലുണ്ടായിരുന്നതെങ്കില്‍ അവര്‍ തമ്മില്‍ എന്തെങ്കിലും പരിചയം കാണിക്കില്ലേ? സാന്‍ട്രോക്കാരന്‍ കള്ളനെപ്പോലെ ആ ഗ്ളാസ്സുയര്‍ത്തിയിട്ട്‌ അങ്ങനെ ഇരിക്കുമായിരുന്നോ? ഭര്‍ത്താവിന്‍റെ കാര്‍ പോവുന്നവരെ നോക്കി നിന്നിട്ട്‌ കയറുമായിരുന്നോ?, ആ തൊലിപ്പന്‌ ഉമ്മ കൊടുക്കുമായിരുന്നോ? തോളില്‍ ചാഞ്ഞ്‌ കിടക്കുമായിരുന്നോ? ഹേയ്‌, നിങ്ങളെന്താ ഉവ്വേ ഒന്നും പറയാത്തേ" ?

സുരേട്ടന്‍ പറഞ്ഞു " എടാ, നീ ഇതിലിത്ര വികാരം കൊള്ളേണ്ട. അവളുടെ ഭര്‍ത്താവിന്‍റെ വണ്ടി മാരുതി. മറ്റേയാള്‍ കാമുകനാണെങ്കില്‍ അയാളൂടെ വണ്ടി സാന്‍ട്രോ. മാരുതി 800-നേക്കാള്‍ പവ്വറും പിക്കപ്പും കംഫര്‍ട്ടും ഗുമ്മുമൊക്കെ സാന്‍ട്രോക്കാ. അത്രേം നീ ഇപ്പോ മനസ്സിലാക്കിയാ മതി. നീ വിട്ടോ. ഞാനൊരു സിഗരറ്റും കൂടി വാങ്ങിയിട്ട്‌ പൊയ്ക്കോളാം. അപ്പോ നാളെ രാവിലെ അഞ്ചരക്ക്‌ പ്രശാന്ത്‌ ബാര്‍ വരെ. ഓക്കെ? "

"ഓക്കെ.... "

വീട്ടിലേക്ക്‌ ബൈക്കോടിച്ച്‌ പോവുമ്പോള്‍ ഞാന്‍ ആലോചിച്ചു. ഇന്ന്‌ വൈകിട്ടും അവള്‍ പതിവുപോലെ ആ ഭര്‍ത്താവിന്‍റെ നെഞ്ചില്‍ നഖം പോറിച്ച്‌ കിടന്നേക്കും. അയാളോട്‌ കിന്നരിച്ചേക്കും. അയാളുടെ നെഞ്ചില്‍ അഞ്ച്‌ രോമമുണ്ടെങ്കില്‍ അത്‌ ആഞ്ചി നിന്നേക്കും. അയാള്‍ അവളെയോര്‍ത്ത്‌ അഭിമാനിച്ചേക്കും. ഇരുളില്‍ അപ്പോള്‍ അവളുടെ ഭാവം എന്തായിരിക്കും. ?

ഏതായാലും എന്‍റെ ഇന്‍ഡിക്ക വിറ്റ്‌ ഒരു സാന്‍ട്രോ എടുക്കണം. ഒന്നിനുമല്ല വെറുതേ.... :)

Friday, March 7, 2008

'കൂടുതല്‍ നല്ല' കൂട്ടുകാരാ....

റോജി തോമസ്‌ എന്ന എന്‍റെ 'കൂടുതല്‍ നല്ല' കൂട്ടുകാരാ,

'കൂടുതല്‍ നല്ല' എന്ന പ്രയോഗം ശ്രദ്ധിച്ചോ? ബോധപൂര്‍വ്വം കൊടുത്തതാണ്‌. എല്ലാ സ്നേഹിതരും നല്ലതാണ്‌. എന്നാല്‍ ചിലപ്പോള്‍ ചിലരുടെ സാന്നിദ്ധ്യം അല്ലെങ്കില്‍ അവര്‍ നല്‍കുന്ന ഒരു നല്ല വാക്ക്‌ അതുമല്ലെങ്കില്‍ അവര്‍ അയക്കുന്ന ഒരു കത്ത്‌ ഇവയൊക്കെ നമ്മളില്‍ വലിയതോതിലുള്ള ആശ്വാസം നിറക്കും. അവരെ നമ്മള്‍ കൂടുതല്‍ നല്ല സ്നേഹിതരായി കണക്കാക്കിപ്പോവും.

പ്രിയപ്പെട്ട റോജി, താങ്കളുടെ കത്ത്‌ എനിക്ക്‌ വലിയ ആശ്വാസമാണ്‌ നല്‍കിയത്‌. മനസ്സ്‌ വല്ലാതെ അസ്വസ്ഥതപ്പെട്ടിരിക്കയായിരുന്നു. എന്താണ്‌ കാര്യമെന്നറിയില്ല. ചിലപ്പോള്‍ അങ്ങനെയാണ്‌, ഈ മനസ്സെന്ന കോപ്പ്‌ ചുമ്മാ ഒരു കാരണവും കൂടാതെ എന്നോട്‌ പിണങ്ങും. പിന്നെ അവനെ വരുതിയിലാക്കാന്‍ ഞാന്‍ പെടുന്ന പാട്‌ റോജിക്കറിയാമോ? ചിലപ്പോള്‍ നിങ്ങളെപ്പോലുള്ള (കൂടുതല്‍) നല്ല കൂട്ടുകാര്‍ നല്‍കുന്ന വാക്കുകളില്‍ നിന്ന്‌ പ്രചോദനമുള്‍ക്കൊണ്ട്‌ അവന്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കും. എങ്കിലും ഞാന്‍ അവനെ - മനസ്സിനെ - അത്രകണ്ട്‌ വിശ്വസിക്കുന്നില്ല. എനിക്കറിയാം ചെറിയ കാര്യം മതി വീണ്ടുമവന്‍ പിണങ്ങാനെന്ന്‌. എന്നുകരുതി എനിക്കവനെ അങ്ങനെ അങ്ങ്‌ ഉപേക്ഷിക്കാന്‍ കഴിയുമോ? ഒന്നുമല്ലേലും പത്ത്‌ മുപ്പത്‌ കൊല്ലം എന്‍റെ കൂടെ കഴിഞ്ഞതല്ലേ റോജി മാഷേ.. ?

ഇനി എത്ര കാലം അവന്‍ എന്‍റെ കൂടെ നില്‍ക്കുമെന്നറിയില്ല. ഈയിടെയായി അകാരണമായ ഒരു 'മരണഭയം' അവന്‍ എന്നിലുണര്‍ത്തിവിടുന്നുണ്ട്‌. ശരീരഭാരം 120 -നോടടുത്തു, ബോഡി മാസ്‌ ഇന്‍ഡെക്സ്‌ 34.5 ആയി, വ്യായാമം തുടങ്ങണം, ഭക്ഷണം കുറക്കണം, മദ്യത്തോടുള്ള സ്നേഹം കുറക്കണം, പുകവലിക്കരുത്‌, ക്യാന്‍സറിന്‍റെ വിത്ത്‌ പാകുന്ന 'ചൈനി ഖൈനി' തുടങ്ങിയ ഉല്ലാസോപാധികള്‍ വര്‍ജ്ജിക്കണം എന്നൊക്കെ പറഞ്ഞ്‌ അവന്‍ ആകെ എന്നെ വിഷമിപ്പിക്കയും ചെയ്യുന്നു. ഇതുകൊണ്ടൊക്കെ ഈ മനസ്സെന്ന പോങ്ങന്‌ എന്ത്‌ നേട്ടമാണോ ഉണ്ടാവുന്നത്‌.!!!

എന്നാപ്പിന്നെ മനസ്സ്‌ പറയുന്നത്‌ കേള്‍ക്കാമെന്ന്‌ വച്ചാലോ അപ്പോ അവന്‍ കാല്‌ മാറും. ഉദാഹരണത്തിന്‌ രാവിലെ എഴുന്നേറ്റ്‌ നടക്കാമെന്ന് വച്ചാലോ അപ്പോ അവന്‍ പറയും കുറച്ച്‌ കൂടി കഴിഞ്ഞ്‌ എഴുന്നേറ്റാല്‍ മതി, കുറച്ചുകൂടി കഴിഞ്ഞ്‌.... അല്ലെങ്കില്‍ ഇത്രയൊക്കെ ആയില്ലേ അടുത്ത തിങ്കളാഴ്ച മുതല്‍ മതി. തിങ്കളാണല്ലോ നല്ല ദിവസം. ഇനി തിങ്കളാവുമ്പോഴോ, മനസ്സ്‌ പറയും ഈ തിങ്കളല്ല, ഞാനടുത്ത തിങ്കളെന്നാണ്‌ പറഞ്ഞതെന്ന്. ഇവനെയൊക്കെ വിശ്വസിക്കുന്ന എന്നെ പറഞ്ഞാല്‍ മതിയല്ലോ.

ശരീരത്തിനെക്കൊണ്ട്‌ ഇതുവരെ വല്യശല്യമൊന്നുമില്ല കേട്ടോ മാഷേ.... 'അഴകളവുകളൊന്നും' അത്ര മികച്ചതല്ലെങ്കിലും വലിയ ഏനക്കേടൊന്നുമില്ലാതെ പോവുന്നുണ്ട്‌. പക്ഷേ, മനസ്സിങ്ങനെ എടത്തൂട്‌ നില്‍ക്കുന്നത്കൊണ്ട്‌ ഇനി നാളെ ഇവനും തലതിരിഞ്ഞുപോവുമോ എന്ന ശങ്ക എന്നെ അലട്ടുന്നുണ്ട്‌. റോജി മാഷേ, പിന്നെ ചെറിയൊരു അഭംഗി എന്തെന്ന്‌ വച്ചാല്‍ വയര്‍ സ്വല്‍പ്പമൊന്ന്‌ കൂടി. സ്വല്‍പ്പം എന്ന്‌ പറഞ്ഞാല്‍ സ്വല്‍പ്പമധികം. നാലഞ്ച്‌ വര്‍ഷക്കാലം മുന്‍പുള്ള എന്‍റെ രൂപം റോജിമാഷിനോര്‍മ്മയുണ്ടല്ലോ? അതില്‍ നിന്നൊക്കെ ഒരു പാട്‌ വളര്‍ന്നിരിക്കുന്നു ഉദരം. അന്നൊക്കെ കുളിച്ചുകൊണ്ട്‌ നില്‍ക്കുമ്പോള്‍ 'ചുന്നാമണി' കാണാമായിരുന്നു. ഇന്നതൊക്കെ പോയിരിക്കുന്നു. താഴേക്ക്‌ നോക്കിയാല്‍ പാദം പോലും കാണാന്‍ വയര്‍ സമ്മതിക്കുന്നില്ല. ആകെ ഒരാശ്വാസം വിവാഹം കഴിച്ചതുകൊണ്ട്‌ 'സംഗതി' നഷ്ടപ്പെട്ടിട്ടില്ല എന്നത്‌ മനസ്സിലാവുന്നുണ്ട്‌. കാണാന്‍ കഴിയുന്നില്ലെങ്കിലും എല്ലാം യഥാസ്ഥാനത്തുതന്നെയുണ്ടല്ലോ.!!! ഈശ്വരാ, നിനക്ക്‌ നന്ദി.

റോജി മാഷേ, കഴിഞ്ഞ പോസ്റ്റ്‌ എനിക്ക്‌ ഡിലീറ്റ്‌ ചെയ്യേണ്ടി വന്നു. അത്‌ ഇട്ടതിനുശേഷം വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു. ശരീരത്തൂടി ഒച്ചിഴയുന്ന പോലൊരു തോന്നല്‍. എന്‍റെ പോസ്റ്റുകള്‍ക്കങ്ങനെ വലിയ നിലവാരങ്ങളൊന്നും ഉണ്ടാവാറില്ല. എന്നാലും 'ആവശ്യമുണ്ടോ?' എന്ന പേരില്‍ എഴുതിയ ആ പോസ്റ്റ്‌ തീര്‍ത്തും ആവശ്യമില്ലാത്തതും തീരെ ബോറും ആയിരുന്നു എന്ന്‌ എന്‍റെ മനസ്സ്‌ പറഞ്ഞു. അല്ലെങ്കില്‍ പതിവുപോലെ മനസ്സ്‌ ഇവിടെയും എന്നെ കബളിപ്പിച്ചു. ആലോചനയില്‍ വന്നത്‌ രസകരമായിരുന്നു. അത്‌ കൊള്ളാമെന്ന്‌ മനസ്സ്‌ പറയുകയും ചെയ്തു. എന്നാല്‍ എഴുതി പോസ്റ്റ്‌ ചെയ്ത്‌ കഴിഞ്ഞപ്പോള്‍ അവന്‍ കാലുമാറി, എന്‍റെ ഉള്ളിലിരുന്ന്‌ എന്നെ പരിഹസിക്കാന്‍ തുടങ്ങി. ഡിലീറ്റ്‌ ചെയ്യുക എന്നത്‌ തന്നെയായിരുന്നു മനസ്സിനെ തോല്‍പ്പിക്കാന്‍ എന്‍റെ മുന്നിലുള്ള ഏക വഴി. ഒപ്പം അത്‌ വായിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെ സമയവും ഞാന്‍ വെറുതേ കളയേണ്ടതില്ലല്ലോ. എറിഞ്ഞുപോയ കല്ലും പറഞ്ഞുപോയ വാക്കും പോലെ അല്ലല്ലോ തൊടുത്തുവിട്ട പോസ്റ്റ്‌. അത്‌ ആവശ്യമില്ലെങ്കില്‍ നമുക്ക്‌ തടയാന്‍ കഴിയുമല്ലോ അല്ലേ മാഷേ....

റോജി താങ്കളത്‌ വായിച്ചു എന്ന്‌ പറഞ്ഞു. സമയം കളയിച്ചതില്‍ ക്ഷമിക്കുക. അതു പോലെ തന്നെ മറ്റ്‌ വായനക്കാരോടും ക്ഷമ ചോദിക്കുന്നു. പോസ്റ്റാന്‍ വേണ്ടി ഒരു പോസ്റ്റ്‌ എന്ന രീതിയില്‍ ഇനി ഒന്നും ഞാനെഴുതി നിങ്ങളുടെ വലിയ സമയങ്ങള്‍ പാഴാക്കില്ല എന്നും പറഞ്ഞുകൊള്ളട്ടെ. " ഇനി എഴുതാതിരിക്കാന്‍ വയ്യ. ഇതെഴുതിയില്ലെങ്കില്‍ ഞാന്‍ ഇല്ലാതാവും " എന്ന ഉള്‍വിളി വരുമ്പോള്‍ മാത്രമേ ഒരു വ്യക്തി എഴുതാവൂ എന്നോമറ്റോ ആണ്‌. എം. കൃഷ്ണന്‍ നായര്‍ സാര്‍ 'സാഹിത്യവാരഫലത്തില്‍' പണ്ട്‌ കുറിച്ചിരുന്നത്‌. അങ്ങനെ ഒരു ഉള്‍വിളി വന്ന് എഴുതിയതൊന്നുമായിരുന്നില്ല ആ പോസ്റ്റ്‌. പിന്നെ, റോജി മാഷിനോട്‌ ആയതുകൊണ്ട്‌ ഒരു കാര്യം പറയാം " അതേ, എന്നാ എനിക്കിന്നേവരെ അത്തരം ഒരു ഉള്‍വിളി വന്നിട്ടില്ല കേട്ടോ. "


"ഉള്‍വിളി വരുന്നവര്‍ ഭാഗ്യവാന്‍മാര്
‍എന്തുകൊണ്ടെന്നാല്‍ ബ്ളോഗുലകം അവര്‍ക്കുള്ളതാവുന്നു.. "


പ്രിയപ്പെട്ട റോജി, ഇത്‌ ഞാന്‍ താങ്കള്‍ക്ക്‌ മാത്രം എഴുതിയതാണെങ്കിലും ഞാന്‍ ഇത്‌ ഒന്ന് പോസ്റ്റിക്കോട്ടേ? ആവശ്യമുണ്ടോ എന്ന എന്‍റെ ചീറ്റിപ്പോയ പോസ്റ്റിനുള്ള ആദരാഞ്ജലികളായും, അത്‌ വായിച്ചവരോടുള്ള ക്ഷമാപണമായും ഇത്‌ ബ്ളോഗില്‍ കിടക്കട്ടെ അല്ലേ? ഒന്നുമല്ലെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്ക്‌ ശേഷം നമ്മള്‍ വീണ്ടും കൂട്ടിമുട്ടാന്‍ സഹായിച്ചത്‌ ഈ ബ്ളോഗല്ലേ? പ്രോത്സാഹനത്തിന്‌ ഒരിക്കല്‍ കൂടി നന്ദി മാഷേ.... ( ഇതും ഞാന്‍ വായിച്ച്‌ നോക്കാതെ പോസ്റ്റുന്നു. തെറ്റുകള്‍ പൊറുക്കുക )

സ്നേഹപൂര്‍വ്വം