Follow by Email

Wednesday, February 20, 2008

എന്‍റെ (ബിലേറ്റഡ്‌) വിവാഹ ക്ഷണക്കത്ത്‌ :)


ഡയറി എഴുതുന്ന ശീലം പോലുമില്ലാതിരുന്ന ഞാന്‍ ആദ്യമായി എഴുതിയത്‌ എന്‍റെ വിവാഹ ക്ഷണക്കത്താണ്‌. അതും രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌. അന്നത്‌ കുറച്ച്‌ പേര്‍ക്ക്‌ രസിക്കാനും, അതിലും കുറച്ച്‌ പേര്‍ക്ക്‌ എന്നോട്‌ നീരസം തോന്നിക്കാനും കാരണമായി. ചില സ്നേഹിതര്‍ അത്‌ സ്കാന്‍ ചെയ്ത്‌ അവരുടെ സ്നേഹിതര്‍ക്ക്‌ അയച്ച്‌ കൊടുത്തു. ചിലര്‍ നല്ലവാക്ക്‌ പറഞ്ഞു. മറ്റു ചിലര്‍ ' നല്ല വാക്ക്‌ ' പറഞ്ഞു. ഏതായാലും ഇന്ന്‌ രാവിലെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ആ ക്ഷണക്കത്ത്‌ എന്നെ തേടി എന്‍റെ ഇന്‍ബോക്സില്‍ വന്നു. ആ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്ക്‌ വയ്ക്കട്ടെ....


പ്രിയ സ്നേഹിതാ,

28 വര്‍ഷം നീണ്ട ബാച്ചിലര്‍ ജീവിതത്തിന്‌ വിരാമമിട്ടുകൊണ്ട്‌ ഭര്‍തൃപദവി എന്ന മുള്‍ക്കിരീടം അണിയാന്‍ ഞാന്‍ സസന്തോഷം തീരുമാനിച്ചിരിക്കുന്നു. ഈ വരുന്ന 30- )o തീയതി അതായത്‌ 2005 ഒക്ടോബര്‍ 30 ഞായറാഴ്ച രാവിലെ 10നും 11നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ കടുത്തുരുത്തി, തളിയില്‍ മഹാദേവ ക്ഷേത്രത്തിന്‌ സമീപമുള്ള കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ്‌ മുള്‍ക്കിരീട ധാരണം.

കടുത്തുരുത്തിയില്‍ ശാരദാമന്ദിരത്തിലെ ശ്രീ. കെ. രാജീവിന്‍റെയും അദ്ദേഹത്തിന്‍റെ പത്നി ശ്രീമതി രാധാ ദേവിയുടെയും കടിഞ്ഞൂല്‍ പുത്രിയും സ്വന്തമായി 23 വയസ്സും 45 കിലോ തൂക്കവും കൂടാതെ, സമുദ്രനിരപ്പില്‍ നിന്ന്‌ 168 സെ.മീ ഉയരത്തില്‍ തിളങ്ങി വിളങ്ങി വിരാജിക്കുന്നവളുമായ സൌഭാഗ്യവതി രശ്മിയാണ്‌ എന്‍റെ വാമഭാഗം അലങ്കരിക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നത്‌.

ജന്‍മസിദ്ധമായ അല്‍പ്പത്തരം കൊണ്ട്‌ ഹരി പാലാ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന സി.എസ്‌. ഹരീഷ്‌ കുമാര്‍ എന്ന ഈയുള്ളവന്‍ ടിയാളുടെ കഴുത്തില്‍ താലികെട്ടുന്ന സുന്ദരനിമിഷത്തില്‍ എനിക്ക്‌ ഏറ്റവും പ്രീയപ്പെട്ട താങ്കളുടെ സാന്നിദ്ധ്യം ഞാന്‍ വളരെയേറെ ആഗ്രഹിക്കുന്നു. ആയതിനാല്‍ നേര്‍ത്ത ഉല്‍ക്കണ്ഠ നിറഞ്ഞ എന്‍റെ സന്തോഷം പങ്കിടാന്‍ ബദ്ധുമിത്രാദികളോടൊത്ത്‌ താങ്കള്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എനിക്ക്‌ മുന്‍പേ ഭര്‍തൃപദവി അലങ്കരിച്ച എല്ലാ മഹന്‍മാരുടേയും അനുഗ്രഹം അഭ്യര്‍ത്ഥിച്ചുകൊണ്ടും എനിക്ക്‌ ശേഷം ഭര്‍ത്താവാകാന്‍ കച്ചകെട്ടിയിരിക്കുന്ന എല്ലാ സ്നേഹിതര്‍ക്കും പ്രചോദനമേകിക്കൊണ്ടും ....

ഞാന്‍ നിര്‍ത്തട്ടെ,
സ്നേഹാദരങ്ങളോടെ
ഹരി പാലാ

ചുരുക്കത്തില്‍
-----------------

ഞാന്‍: സി.എസ്‌. ഹരീഷ്‌ കുമാര്‍
പരിപാടി : എന്‍റെ വിവാഹം
വധു : രശ്മി
സ്ഥലം: കമ്മ്യൂണിറ്റി ഹാള്‍, കടുത്തുരുത്തി, കോട്ടയം
തീയതി: 30 ഒക്ടോബര്‍ 2005 മുഹൂര്‍ത്തം: പകല്‍ 10നും 11നും മദ്ധ്യേ
എന്‍റെ ആഗ്രഹം: താങ്കളുടെ സാന്നിദ്ധ്യം।


Saturday, February 9, 2008

പുതിയ ബ്ളോഗറും നായയുടെ വാലും.

പുതിയ ബ്ളോഗറുടെ ഭാര്യ കുറ്റാക്കുറ്റിരുട്ടിലേക്ക്‌ കണ്ണുതുറന്ന്‌ അടുത്ത്‌ കിടക്കുന്ന ആര്യപുത്രന്‍റെ( പുതിയ ബ്ളോഗര്‍) വിരി മാറ്‌ ലക്ഷ്യമാക്കി കൈയ്യെടുത്തിടാന്‍ ശ്രമിച്ചപ്പോഴാണ്‌ അയാള്‍ കിടക്കയിലില്ലെന്ന വിവരം ആ സൌഭഗ്യവതി ഞെട്ടലോടെ അറിഞ്ഞത്‌.

പ്രത്യേകിച്ച്‌ ഒരു കാരണവുംകൂടാതെ വേലക്കാരിയായ രാധാമണിയുടെ രൂപം അവരുടെ മനസ്സില്‍ തെളിയുകയും ആ വെപ്രാളത്തില്‍ ഭര്‍ത്താവിനെ തീര്‍ത്തും സംശമില്ലാത്ത ആ തരുണീമണി ചെരിഞ്ഞ്‌ കൈനീട്ടി ഭിത്തിയിലെ സ്വിച്ചിട്ട്‌, ക്ളോക്കിലേക്ക്‌ നോക്കി. സമയം വെളുപ്പിനെ രണ്ടര ആയിരിക്കുന്നു.

'ഭഗവാനേ, ന്‍റെ ചേട്ടന്‍' കത്തുന്ന നെഞ്ചുമായി അവര്‍ കതക്‌ തുറന്ന്‌ ഹാളിലേക്കിറങ്ങി വേലക്കാരിയുടെ മുറിയുടെ കതകില്‍ ചുമ്മാ ചെവി ചേര്‍ത്ത്‌ യാതൊരു സംശയവുകൂടാതെ അങ്ങനെ ചിന്തിച്ച്‌ നില്‍ക്കുമ്പോഴാണ്‌ അവര്‍ ഭര്‍ത്താവിന്‍റെ കമ്പ്യൂട്ടര്‍ റൂമില്‍ വെളിച്ചം കാണുന്നത്‌. എന്തെടുക്കുകയായിരിക്കും ഇപ്പോള്‍ അവിടെ?

രാത്രി അത്താഴത്തിന്‌ രാധാമണി ഉണ്ടാക്കിയ അവിയല്‍ തീരെ മോശമാണെന്നും പറഞ്ഞ്‌ അത്താഴം കഴിക്കാതെ എഴുന്നേറ്റ്‌ പോയിക്കിടന്നാണ്‌. അതുകൊണ്ട്‌ ഉറങ്ങുന്നതിന്‌ മുന്‍പുള്ള 'പുഷ്‌ അപ്പ്‌ ' എടുക്കാതെകൂടിയാണ്‌ കിടന്നത്‌. ഇനീപ്പോ, രാധാമണിക്ക്‌ രുചികരമായി എങ്ങനെ അവിയലൂണ്ടാക്കാം എന്നതിനെക്കുറിച്ച്‌ പഠിപ്പിക്കുകയാണോ? സൌഭഗ്യവതിയുടെ ബുദ്ധിയുണര്‍ന്ന്‌ തുടങ്ങി.

അവള്‍ ശബ്ദമുണ്ടാക്കാതെ പതുങ്ങി പതുങ്ങി മുറിയുടെ വാതില്‍ക്കല്‍ എത്തി. ഭാഗ്യം മുറി അടച്ചിട്ടില്ല. അവള്‍ വാതിലിന്‍റെ നേര്‍ത്ത വിടവിലൂടെ അകത്തേക്ക്‌ നോക്കി. അതിശയം. അവളപ്പോള്‍ കാണുന്നത്‌ അവളുടെ ചുവന്ന സാരി തലയിലൂടെയിട്ട്‌ ചെറുനാണത്തോടെ തല ചെറുതായി കുനിച്ച്‌ മൊബൈല്‍ ക്യാമറ വച്ച്‌ സ്വന്തം ചിത്രം പകര്‍ത്തുന്ന ഭര്‍ത്താവിനെയാണ്‌.

ന്‍റെ പുലിയന്നൂര്‍ത്തേവരേ എന്‍റെ ചേട്ടനെന്തുപറ്റി. മാനസികമായി എന്തെങ്കിലും. പെട്ടെന്നാണ്‌ അവള്‍ അതോര്‍ത്തത്‌. കഴിഞ്ഞയാഴ്ച്ച അയാള്‍ തല നിറയെ പപ്പടം നനച്ചൊട്ടിച്ച്‌ കൃത്രിമകഷണ്ടിയും വരുത്തി ഫ്രഞ്ച്‌ താടിയും വച്ച്‌ " എങ്ങനൊണ്ട്‌? ഒരു കുറുമാന്‍ ലുക്ക്‌ വന്നില്ലേ" എന്ന്‌ ചോദിച്ചത്‌.

അവള്‍ കതക്‌ ശക്തിയായി തുറന്ന്‌ അയാളെ ചുട്ട നോട്ടം നോക്കി തെല്ല്‌ നേരം നിന്നും. ആദ്യമൊന്നു ചൂളിയെങ്കിലും പുതിയ ബ്ളോഗ്ഗര്‍ ഭാര്യയെ അകത്തേക്ക്‌ ക്ഷണിച്ച്‌ തന്‍റെ പുതിയ 'തോട്ടില്‍ നങ്കൂരമിട്ട കപ്പല്‍' എന്ന പോസ്റ്റ്‌ കാണിക്കയും ചെയ്തു.

അവള്‍ അത്‌ ശ്രദ്ധിക്കതെ നിലത്ത്കിടക്കുന്ന ചുവന്ന സാരിയിലേക്കും അയാളുടെ ചമ്മിച്ചുവന്ന മുഖത്തേക്കും മാറി മാറി നോക്കി.( രൂക്ഷമായിത്തന്നെ.) എന്നിട്ട്‌ വന്നേലും വേഗതയില്‍ കിടപ്പുമുറിയിലേക്ക്‌ പാഞ്ഞു. തൊട്ട്‌ പുറകേ പുതിയ ബ്ളോഗ്ഗറും.

മുറിയില്‍ അനുനയിപ്പിക്കാനെന്നവണ്ണം ഭാര്യയുടെ തോളത്തുവച്ച കൈ അവര്‍ തട്ടി മാറ്റി ചീറി " നാണമില്ലേ മനുഷ്യാ വയസ്സ്‌ കുറെ ആയല്ലോ, വല്ലവരുടെയുമൊക്കെ വായില്‍ കോലിട്ടുകിള്ളി കടിവാങ്ങിയിട്ട്‌ ഈ വക വട്ടും കാണിച്ച്‌ നടക്കുന്നല്ലോ, അപ്പോഴേ പറഞ്ഞതാ ഈ കമ്പ്യൂട്ടറിലൊക്കെ എഴുതുന്ന പിള്ളേരേ ചൊറിയരുത്‌ അവറ്റകളൊന്നും നിങ്ങളെപ്പോലെയല്ല, മിക്കോരുടെ തലേലും ആളുതാമസമുണ്ടെന്ന്‌.. അന്ന്‌ നിങ്ങളെന്താ പറഞ്ഞേ? പെണ്‍ ബുദ്ധി പിന്‍ബുദ്ധീന്ന്‌..ഇപ്പോ എന്തായി.. ഇങ്ങനെ പാതിരാത്രി മുഴുവന്‍ ഉറക്കളച്ച്‌ പുതിയ കമന്‍റുണ്ടോ കമന്‍റുണ്ടോന്ന്‌ നോക്കി... കിട്ടീല്ലേ ശരികും.? അനുഭവിച്ചോ... "

അയാള്‍ തലകുനിച്ച്‌ നിന്നു.

പണ്ടേ അങ്ങനെയാണ്‌ " കേള്‍ക്കൂ കേള്‍ക്കൂ... കേട്ടുകൊണ്ടേയിരിക്കൂ " എന്ന്‌ ഫ്‌.എം. റേഡിയോക്കാരുടെ പരസ്യം പറയുന്നതുപോലെ അയാള്‍ ഭാര്യ പറയുന്നത്‌ കേട്ടുകൊണ്ടേയിരിക്കും.

"ഹരിയേട്ടാ, ഞാന്‍ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല. നിങ്ങളൊന്നാലോചിച്ചേ, എന്തിനായിരുന്നു ഇങ്ങനെയൊക്കെ ആ അക്ഷരവാതിലിലൂടെ എഴുതിപ്പിടിപ്പിച്ചത്‌? ആരെയൊക്കെയാ നിങ്ങള്‍ കുറ്റം പറഞ്ഞത്‌? അവരെക്കുറിച്ചൊക്കെ എത്രവട്ടം നിങ്ങള്‍ വാതോരാതെ എന്നോട്‌ തന്നെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്‌.

അവരെഴുതുന്നപോലെ ഇത്ര ഹൃദയസ്പര്‍ശിയായി തനിക്കുപോലുമെഴുതാന്‍ കഴിയില്ലെന്നുമൊക്കെ പറഞ്ഞ ആളല്ലേ? എന്നിട്ട്‌ നിങ്ങള്‍ക്കെന്ത്‌ സംഭവിച്ചു. എന്തിനാണ്‌ നിങ്ങള്‍ അന്നമ്പലത്തില്‍ പോയി നസ്രാണികള്‍ക്കെതിരായി പൂജ കഴിച്ചാല്‍ വേണ്ടത്ര ഫലം ലഭിക്കുമോന്ന്‌ പൂജാരിയോട്‌ ചോദിച്ചത്‌? എന്നിട്ടെന്തിനാണ്‌ ആ കുഴൂറ്‍ വിത്സന്‍റേം, ബെര്‍ളിതോമസിന്‍റെമൊക്കെപ്പേരില്‍ ശത്രുസംഹാര പൂജ കഴിപ്പിച്ചത്‌? ആട്ടെ, അതൊക്കെ പോട്ടെ എന്തിനാണ്‌ ഇപ്പോള്‍ നിങ്ങളെന്‍റെ സാരിം തലയിലിട്ട്‌ ഫോട്ടോയെടുത്തത്‌? സത്യം പറ. "

മേക്കണ്ടത്തില്‍ ക്രിഷ്ണന്‍ ചെട്ടിയാര്‍ മകന്‍ ഹരികുമാര്‍ എന്ന എം.കെ ഹരികുമാര്‍ ഒന്ന്‌ വിയര്‍ത്തു. എന്നിട്ട്‌ പറഞ്ഞു.

" ടീ.. വാസ്തവത്തില്‍ ഈ വിശാലമനസ്കന്‍ എന്ന പേരില്‍ ബ്ളോഗെഴുത്ത്‌ നടത്തുന്ന ആ ചെറുക്കനുണ്ടല്ലോ. അവന്‍ ഇത്ര ഹിറ്റായത്‌ എങ്ങനാന്നാ നിന്‍റെ വിചാരം? എഴുത്തിന്‍റെ മെച്ചം വല്ലതുമാണോ? എവടെ. എടീ അത്‌ തലയിലിട്ടിരിക്കുന്ന ആ ചുവന്ന തുണിയുടെ പച്ചയല്ലേ? അല്ലാതെ അവന്‍റെ എഴുത്തിന്‌ എന്നാ ഗുണമുണ്ടെന്നാ? ഇനി നീ നോക്കിക്കോ ഇപ്പോ ഞാനെടുത്ത ഈ ഫോട്ടോ വച്ച്‌ ഒരു പ്രൊഫൈല്‍ അങ്ങുണ്ടാക്കും വിശാലഹൃദയനെന്നപേരില്‍. നീ നോക്കിക്കോ..ഡെയ്ലി ഒരു നൂറ്റീരുപത്‌ കമനൃ എങ്കിലും എനിക്ക്‌ കിട്ടും. എന്നോടാ ഇവന്‍മാരുടെ കളി... "

അയാള്‍ പുതിയ പ്രൊഫൈലുണ്ടാക്കാന്‍ മുറിയിലേക്ക്‌ പോയി. ഭാര്യ ഒരു ഗ്ളാസ്സ്‌ വെള്ളം കുടിച്ച്‌ ലൈറ്റ്‌ ഓഫ്‌ ചെയ്തു. ആപ്പോള്‍ പന്തീരാണ്ട്‌ കാലം കുഴലിട്ട ഒരു നായയുടെ വാല്‍ അവരുടെ കണ്‍മുന്നില്‍ തെളിഞ്ഞു.