Follow by Email

Monday, June 16, 2008

പുറത്താക്കപ്പെട്ടവര്‍ ...കരയാനറിയാത്തവര്‍. ചിരിക്കാനറിയാത്തവര്‍, പരിഭവിക്കാനും പ്രതിഷേധിക്കാനുമറിയാത്തവര്‍, യാതൊരു വികാരങ്ങളും പ്രകടിപ്പിക്കാനറിയാത്തവര്‍, പരാതിപറയാന്‍ ഭാഷപോലും ഇല്ലാത്തവര്‍, കൊല്ലാന്‍ വരുന്നത്‌ കണ്ട്‌ ഒന്നുറക്കെ കരയാനും പിടയാനും കഴിയാത്തവര്‍. എങ്കിലും കാലങ്ങളായി അവര്‍ അളവുകളും തൂക്കങ്ങളും കണക്കുകളുമില്ലാതെ നമുക്ക്‌ എന്തൊക്കെയോ നല്‍കി. അവരില്‍ നിന്ന്‌ നാമെന്തൊക്കെയോ പറ്റി. നേടിയതൊക്കെ നാമാണ്‌. നല്‍കിയതൊക്കെ അവരും. മതി, ഇനി നമുക്കവയെ ഒന്നൊന്നായി വെട്ടി വീഴ്ത്താം. ഇതില്‍ കൂടുതല്‍ എന്ത്‌ നന്ദിയാണ്‌ നമുക്കവരോട്‌ കാണിക്കാനുള്ളത്‌.
-------------------------------------------------------------------------------
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്‌ അങ്കണത്തില്‍ നിന്ന്‌ പുറത്താക്കപ്പെട്ട മരമുത്തച്ഛന്‍മാര്‍. ആദ്യം പുറത്താക്കല്‍ അടുത്തത്‌ വെട്ടിനിരത്തല്‍. പ്രതികരിക്കാനും പ്രതിഷേധിക്കാനും കരിവാരം ആചരിക്കാനും ഇവര്‍ക്കാരുമില്ല.

Saturday, June 14, 2008

കഴിവതും മഹത്‌വ്യക്തികള്‍ ശനിയാഴ്ചകളില്‍ മരിക്കുക. !!!

ഒരു സംശയം. കേരളീയര്‍ പ്രഹസനങ്ങള്‍ പോലും മറന്ന്‌ തുടങ്ങിയൊ? സാധാരണ നമ്മള്‍ പ്രഹസനത്തിന്‌ വേണ്ടിയെങ്കിലും മാന്യന്‍മാരും നീതിമാന്‍മാരുമാവാറുണ്ടായിരുന്നു. 'ആളുകള്‍' എന്ത്‌ വിചാരിക്കും എന്ന്‌ ചിന്തിച്ച്‌ എത്രവലിയ 'ശരിയും' നമ്മള്‍ മനസ്സില്ലാമനസ്സോടെയെങ്കിലും ചെയ്തിരുന്നു. എല്ലാം ഒരു പ്രഹസനം. ആത്മാര്‍ത്ഥത പലപ്പോഴുമുണ്ടാവാറില്ല. എങ്കിലും അത്തരം പ്രഹസനങ്ങളിലും നമ്മള്‍ ഒരു നീതി കണ്ടിരുന്നു. ആരെങ്കിലും ഒരു വിവാഹം ക്ഷണിച്ചാല്‍, പുരവാസ്തുബലി പറഞ്ഞാല്‍, മറ്റ്‌ മംഗളകരമായ ചടങ്ങുകള്‍ക്ക്‌ ക്ഷണിച്ചാല്‍, അടിയന്തിരം, പുലകുളി, മരണം ഇവയൊക്കെ അറിഞ്ഞാല്‍ നമ്മള്‍ അതിലൊക്കെ പങ്കെടുത്തിരുന്നു. പലപ്പോഴും ചുമ്മാ ഒരു പ്രഹസനത്തിനെങ്കിലും. മുതിര്‍ന്നവരെ ആദരിക്കുന്നതും, പ്രായമായവര്‍ക്ക്‌ ബസ്സില്‍ ചെറുപ്പക്കാര്‍ എഴുന്നേറ്റ്‌ ഇരിപ്പിടം കൊടുക്കുന്നതുമൊക്കെ പലപ്പോഴും പ്രഹസനത്തിനായെങ്കിലും നമ്മള്‍ ചെയ്ത്‌ പോന്നിരുന്നു. (എല്ലാവരും പ്രഹസനക്കാര്‍ ആണെന്ന്‌ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല )

ഇത്രയൊക്കെ പറയാന്‍ കാരണമായത്‌ ഒരു പ്രമുഖ മലയാള പത്രത്തില്‍(കേരള കൌമുദി ) മഹാകവി പാലായുടെ സംസ്കാര ചടങ്ങിനെക്കുറിച്ച്‌ വന്ന വാര്‍ത്തയാണ്‌. നിങ്ങളില്‍ പലരും വായിച്ചിട്ടുണ്ടാവും നമ്മുടെ മഹാകവി പാലാ നാരായണന്‍ നായരുടെ സംസ്കാരചടങ്ങുകള്‍ക്ക്‌ കേരളത്തിലെ പ്രബുദ്ധരായ രാഷ്ട്രീയ പ്രവര്‍ത്തകരോ, സാഹിത്യ, സാംസ്കാരിക നായകരോ, കേരള സാഹിത്യ അക്കാദമി പ്രവര്‍ത്തകരോ ഒന്നും തന്നെ കാര്യമായി സഹകരിച്ചില്ലെന്ന വാര്‍ത്ത. എത്ര നെറികെട്ട കാര്യമായി അത്‌. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുമെന്ന്‌ പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന, പ്രസ്താവനയായി തന്നെ ഒടുങ്ങി. സാംസ്കാരികവകുപ്പ്‌ മന്ത്രി പോയിട്ട്‌ അദ്ദേഹത്തെ പ്രതിനിധീകരിച്ച്‌ പോലും ആരുമുണ്ടായിരുന്നില്ലെന്നത്‌ ഖേദകരമായ കാര്യമായിപ്പോയി. പൊതുമരാമത്ത്‌ മന്ത്രി ശ്രീ. മോന്‍സ്‌ ജോസഫ്‌, പാലാ എം.എല്‍.എ ശ്രീ. കെ.എം. മാണി എന്നിവരുടെയും ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. കെ.എല്‍. മോഹനവര്‍മ്മ എന്നീ സാഹിത്യനായകന്‍മാരുടെയും സാന്നിദ്ധ്യം ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ, അതിലൊതുങ്ങാമായിരുന്നോ? അവരൊക്കെത്തന്നെ അവിടെ എത്തിയത്‌ പാലായുമായുള്ള അവരുടെ തീര്‍ത്തും വ്യക്തിപരമായ ബന്ധത്തിന്‍റെ പേരില്‍തന്നെയാവും.

മന്ത്രി പുംഗവന്‍മാരുടെ കാര്യം പോട്ടെ. അവര്‍ നാട്‌ വികസിപ്പിക്കേണ്ടതിന്‍റെ ഭാരിച്ച ഉത്തരവാധിത്വം പേറുന്നവരാണല്ലോ? 97 തികഞ്ഞ്‌ ഇഹലോകവാസം പൂകിയ 'കേവലമൊരു വൃദ്ധനെ' ആദരിക്കുന്നനേരം കൊണ്ട്‌ പത്ത്‌ സെനൃ കൈയ്യേറ്റ ഭൂമി പിടിച്ചെടുത്താല്‍ അത്രയുമായി എന്ന്‌ അവര്‍ ചിന്തിക്കുന്നതില്‍ തെറ്റില്ല.

എന്നാല്‍ നമ്മുടെ സാഹിത്യനായകന്‍മാരുടെയും അല്ലെങ്കില്‍ കേരള സാഹിത്യ അക്കാദമി പ്രവര്‍ത്തകരുടെയും അസാന്നിദ്ധ്യം എന്തുകൊണ്ട്‌ ഉണ്ടായി. കടുത്ത 'കൂട്ട ദേഹാസ്വാസ്ഥ്യം'? അതോ മലയാളസാഹിത്യത്തിന്‌ സ്വല്‍പ്പം കൂടി പുഷ്ടി വരുത്താനുള്ള കൂട്ടയജ്ജത്തിലായിരുന്നോ അവര്‍? ഓര്‍ത്തുകൊള്ളൂ, സാഹിത്യ സാംസ്കാരിക കേരളം നിങ്ങളെ നോക്കി മൂക്കത്ത്‌ വിരല്‍ വച്ച്‌ ' കഷ്ടം ' എന്ന്‌ പറയും.

ഒരുകാര്യം ഉറപ്പാണ്‌. 'കേരളം വളരുന്നു' എന്നെഴുതിയ മഹാകവിയുടെ ആത്മാവ്‌ 'കേരളം ഇത്രക്ക്‌ വളരേണ്ടിയിരുന്നില്ലെന്ന്‌ ' ചിന്തിക്കുന്നുണ്ടാവും. ആദരവും അംഗീകാരവും ഇരന്ന്‌ വാങ്ങാതിരുന്ന ആ മഹാത്മാവിന്‌ ഇത്തരമൊരു യാത്രയയപ്പ്‌ ആയിരുന്നില്ല നല്‍കേണ്ടിയിരുന്നത്‌. ഇനി, ഇതൊരു വിവാദമായി ഉയരാതിരിക്കട്ടെ. ആ മഹാത്മാവിന്‌ നിത്യശാന്തി നേരാം.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ഇനീപ്പോ സംസ്കാരച്ചടങ്ങ്‌ പ്രവര്‍ത്തിദിനത്തില്‍ ആയതിലുള്ള അസൌകര്യം മാത്രമായിരുന്നു അവരുടെ അസാന്നിദ്ധ്യത്തിന്‌ കാരണമായതെങ്കില്‍ ഇങ്ങനെ എഴുതേണ്ടി വന്നതില്‍ മാപ്പ്‌। ഇനിയെങ്കിലും അവശേഷിക്കുന്ന മഹാത്മാക്കള്‍ ശനിയാഴ്ച തോറും മരിക്കാനിടവരട്ടെ എന്ന്‌ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

(പാലാ നാരായണന്‍ നായര്‍ ഒരു ബ്ളോഗ്ഗറായിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ ആദരവ്‌ അദ്ദേഹത്തിന്‌ ലഭിക്കുമായിരുന്നില്ലേ? )

"കറുക്കാനൊരുകൈ സഹായം"

പ്രിയപ്പെട്ടവരെ,

അതിപ്രശസ്തനും താരതമ്യങ്ങള്‍ക്കതീതമായ സര്‍ഗ്ഗശേഷിയുള്ളവനും ജനപ്രീയ ബ്ളോഗ്ഗറുമായ ശ്രീമാന്‍ പോങ്ങുമ്മൂടന്‍ എന്ന എന്‍റെ അവസ്ഥ ഇഞ്ചി കടിച്ച കുരങ്ങിന്‍റെ കൂട്ടായെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ. !!

ഭാര്യയുടെ പേറും കുട്ടിയുടെ 28 - കെട്ടുമൊക്കെയായി തിരക്കിലായതിനാല്‍ ബൂലോഗത്ത്‌ വരാനും പതിവുള്ള പോസ്റ്റ്‌ വായന, ഇടല്‍, ഉടക്കല്‍(തേങ്ങ) എന്നിവക്കൊക്കെ മുടങ്ങിപ്പോയതിനാലും ഇവിടെ നടക്കുന്നതൊന്നും യഥാസമയത്ത്‌ അറിയാന്‍ കഴിഞ്ഞില്ല.

നാട്ടില്‍ നിന്ന്‌ തിരിച്ച്‌ ബൂലോഗത്ത്‌ എത്തിയപ്പോഴാണ്‌ ഒട്ട്‌ മിക്ക ബ്ളോഗ്ഗറുടേതും കറുത്തിട്ടാണെന്ന്‌ ( ബ്ളോഗ്‌) മനസ്സിലായത്‌. എന്താണ്‌ കാര്യമെന്ന്‌ പിടികിട്ടിയില്ല.

ഇന്ന്‌ രാവിലെ മാതൃഭൂമി പേപ്പറില്‍ ശ്രീ. എം. ബഷീര്‍ എഴുതിയ 'ബൂലോഗം പുകയുന്നു ' എന്ന ലേഖനം വായിച്ചപ്പോഴാണ്‌ സംഗതി ഗൌരവതരമായ എന്തോ ആണെന്ന്‌ പിടികിട്ടിയത്‌. സമയവും സാഹചര്യവുമുള്ള സഹബ്ളോഗ്ഗര്‍മാര്‍ ഉണ്ടെങ്കില്‍ സംഗതിയുടെ കിടപ്പ്‌ വശം വിശദമായും ലളിതമായും ഒന്ന്‌ പറഞ്ഞ്‌ തരാമോ? സമയക്കുറവുണ്ടെങ്കില്‍ ഒരു കുഞ്ഞ്‌ ലിങ്ക്‌ ഇട്ടാലും മതി. ഉപേക്ഷ വിചാരിക്കുമോ? ജനപ്രീയ ബ്ളോഗ്ഗറായ നമ്മോട്‌ ഏതെങ്കിലും സാദാ ജനം ഇതിനെക്കുറിച്ച്‌ ചോദിച്ചാല്‍ നാമെന്ത്‌ മറുപടി പറയും?നിങ്ങളെന്നെ സഹായിച്ചില്ലെങ്കില്‍ എന്‍റെ അവസ്ഥ ഇഞ്ചി കടിച്ചത്‌ പോലെ തന്നെ തുടരും. കറുപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞോ? എനിക്കിനിയും അവസരമുണ്ടോ? എന്നെ രണ്ടാംകുടിയില്‍ പെടുത്തി മാറ്റി നിര്‍ത്തരുത്‌. സഹായിക്കണം.


എന്ന്
സഹബ്ളോഗ്ഗര്‍
പോങ്ങുമ്മൂടന്‍.

Wednesday, June 11, 2008

പാലാ ഇനി കേരളത്തിന്‍റെ ഓര്‍മ്മ...


മൂന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പുള്ള ഒരു മഴക്കാലത്താണ്‌ അവസാനമായി ഞാനദ്ദേഹത്തെ കാണുന്നത്‌।
അന്ന്‌ , വൈക്കത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടില്‍ ഞാന്‍ ചെല്ലുമ്പോള്‍ വീടിന്‍റെ പടിഞ്ഞാറുവശത്തുള്ള , ഒട്ടൊന്ന്‌ ഇരുള്‍ മൂടിയ ഒരു മുറിയില്‍ ജനാലയുടെ ഒരു പാളി തുറന്നിട്ട്‌ പുറത്ത്‌ പച്ചപ്പിലേക്ക്‌ പെയ്തിറങ്ങുന്ന മഴയെ നോക്കി അദ്ദേഹമിരിക്കുകയായിരുന്നു।


എഴുത്ത്‌ മേശയിലേക്ക്‌ നീണ്ട്‌ മെലിഞ്ഞ, ഞരമ്പുകള്‍ പിടച്ച ആ കൈകള്‍ കൂട്ടിവച്ചുള്ളയിരുപ്പ്‌ സ്വല്‍പ്പനേരം ഞാന്‍ നോക്കി നിന്നു. വിരലുകള്‍ മഴയുടെ താളത്തില്‍ ചലിപ്പിക്കുന്നുണ്ടായിരുന്നു. ( അതോ പ്രായം വിരലുകള്‍ക്ക്‌ നല്‍കിയ വിറയലോ?)

അന്ന്‌ അദ്ദേഹമൊരുപാട്‌ സംസാരിച്ചു. പഴകാലങ്ങളെക്കുറിച്ച്‌, മഴയെക്കുറിച്ച്‌, കവിതയെക്കുറിച്ച്‌, പട്ടാള - അദ്ധ്യാപക ജീവിതത്തെകുറിച്ച്‌, ചങ്ങമ്പുഴയെക്കുറിച്ച്‌, ഉള്ളൂരിനെയും ആശാനെയും കുറിച്ച്‌, സൈമണ്‍ ബ്രിട്ടോയെയും തന്‍റെ ശിഷ്യനും സഹായിയും അയല്‍വാസിയുമായ ഒരു നല്ല മനുഷ്യനെക്കുറിച്ച്‌ (നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്‍റെ പേര്‌ എന്‍റെ മനസ്സില്‍ നിന്ന്‌ മാഞ്ഞുപോയിരിക്കുന്നു. ക്ഷമിക്കുക) അങ്ങനെ അങ്ങനെ എനിക്ക്‌ മനസ്സിലായതും മനസ്സിലാകാത്തതുമായ ഒരു പാട്‌ കാര്യങ്ങളെക്കുറിച്ചൊക്കെ അദ്ദേഹമെന്നോട്‌ സംസാരിച്ചു.

മറവിയുടെ ഇടപെടലുകള്‍കൊണ്ടാവാം പലപ്പോഴും സംസാരം ഒരു വിഷയത്തില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു വിഷയത്തിലേക്ക്‌ കടന്ന്‌ കയറും. അവിടെ നിന്ന്‌ മറ്റൊന്നിലേക്ക്‌. എങ്കിലും സംസാരിക്കാന്‍ അദ്ദേഹവും കേള്‍ക്കാന്‍ ഞാനും ഇഷ്ടപ്പെട്ടിരുന്നു.
എന്നെ അതിശയിപ്പിച്ച ഒരു കാര്യം സംസാരത്തിലെ ഈ അടുക്കും ചിട്ടയുമില്ലയ്മ അദ്ദേഹം വിറയാര്‍ന്ന സ്വരത്തില്‍ കവിത ചൊല്ലുമ്പോള്‍ ഉണ്ടായിരുന്നില്ലാ എന്നതാണ്‌। കവികളെക്കുറിച്ചും, കവിതകളെക്കുറിച്ചും പറയുമ്പോള്‍ മറവി പരാജയപ്പെട്ട്‌ മാറുന്നത്‌ കാണാമായിരുന്നു।

അന്ന്‌ പോരാന്‍ നേരം അദ്ദേഹത്തെക്കുറിച്ച്‌ ഒരു ഡോക്യുമെന്‍ററി എടുക്കനുള്ള എന്‍റെ ആഗ്രഹം ഞാന്‍ അറിയിച്ചു. എന്‍റെ ആഗ്രഹപ്രകടനം ഒരു അനുവാദം ചോദിക്കല്‍ കൂടിയായിരുന്നു. അനുവാദത്തോടൊപ്പം നിറയെ അനുഗ്രഹവുമാണ്‌ ആ മഹാമനുഷ്യന്‍ എനിക്ക്‌ നല്‍കിയത്‌. എന്നാല്‍ എന്‍റെ അലസതകൊണ്ടും മറ്റ്‌ പല പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ടും അത്‌ എനിക്ക്‌ ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്ന്‌ രാവിലെ അദ്ദേഹം ഈ ലോകത്തുനിന്ന്‌ വിടപറഞ്ഞ്‌ പോയപ്പോള്‍ എന്‍റെ മനസ്സില്‍ വല്ലാതൊരു കുറ്റബോധം നിറയുന്നു. എനിക്കുറപ്പുണ്ടായിരുന്നു.അദ്ദേഹമത്‌ കാണാന്‍ ആഗ്രഹിച്ചിരുന്നെന്ന്‌. എനിക്കത്‌ നിറവേറ്റാന്‍ സാധിച്ചില്ല. ഹൃദയം നുറുങ്ങുന്ന വേദനയോടെ ഞാന്‍ അദ്ദേഹത്തിന്‍റെ ആത്മാവിനായി പ്രാര്‍ത്ഥിക്കുന്നു.

അദ്ദേഹത്തിന്‍റെ ബന്ധുജനങ്ങളില്‍ വളരെ അകലെയൊന്നുമല്ലാത്ത ഒരു കണ്ണി ആവാന്‍ കഴിഞ്ഞു എന്നതല്ല മറിച്ച്‌ അദ്ദേഹത്തിന്‍റെ കാലത്ത്‌ ജീവിക്കാന്‍ കഴിഞ്ഞു എന്നതും അദ്ദേഹത്തിന്‍റെ സ്നേഹസാന്നിദ്ധ്യം അനുഭവിക്കാന്‍ സാധിച്ചു എന്നതും അദ്ദേഹത്തിന്‍റെ പാദങ്ങളില്‍ നമസ്കരിക്കാന്‍ അവസരം ലഭിച്ചൂ എന്നതുമാണ്‌ എനിക്ക്‌ ലഭിച്ച ഭാഗ്യം എന്നും ഞാന്‍ കരുതുന്നു.

ആദരാജ്ജലികളോടെ....
---------------------------------------------------------------------------------------------
മഹാകവി പാലാ നാരായണന്‍ നായര്‍ (97) അന്തരിച്ചു। ഇന്ന്‌ (ജൂണ്‍ 11, 2008) രാവിലെ 10.30-ന്‌.