Follow by Email

Friday, September 5, 2008

കേരളീയോം കാ എക് ദേശീയ് ത്യോഹാര്‍...

“ഓണം കേരളീയോം കാ എക് ദേശീയ് ത്യോഹാര്‍ ഹേ.
യഹ് ഹര്‍ സാല്‍ ശ്രാവണ്‍ മഹീനേ മേം ആതാ ഹേ!... “

പൂക്കളവും പൂപറിക്കലും തുമ്പിതുള്ളലും പുലികളിയും ഊഞ്ഞാലാട്ടവും ഓണസദ്യയും അങ്ങനെയങ്ങനെ ഓണത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഒരോരോ വ്യക്തികളിലും നിറയുന്നത് വ്യത്യസ്ഥമായ ഓണച്ചിത്രങ്ങളാവും.എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എന്റെ മനസ്സില്‍ ആദ്യമെത്തുക കണ്ണുനീരില്‍ കുതിര്‍ന്നൊരു ദുരനുഭവവും ഒപ്പം ‘മേപ്പടി’ കുറിച്ച ഓണത്തെക്കുറിച്ചുള്ള ആ ഉപന്യാസവുമായിരുന്നു.

( പറഞ്ഞുവരുമ്പോള്‍ കുറച്ചു നീണ്ട് പോയേക്കാം. എന്നാലും കഴിവതും ബോറഡിപ്പിക്കാതെ പറയാന്‍ ഞാന്‍ ശ്രമിക്കുന്നതാണ്. പിന്നെ ഒളിമ്പിക്സിലൊക്കെ ‘നീണ്ട ചാട്ടം ‘ നടത്തുന്നവരൊക്കെ കൈഅടിച്ച് പ്രോത്സാഹനം ചോദിച്ച് വാങ്ങുന്ന പോലെ ഒരു പ്രചോദനത്തിനായി ഉദാരമായി കമന്റിട്ടും കൈയ്യടിച്ചും എന്നെ പ്രോത്സാഹിപ്പിക്കണമെന്ന് ഒരുളുപ്പുമില്ലാതെ ഞാന്‍ അപേക്ഷിക്കുന്നു. :) )

ഈ സംഭവം നടക്കുന്നത് ഓണക്കാലത്തല്ല. ഞാനൊരു ‘ജനപ്രിയ’* :) ബ്ലോഗ്ഗറാവുന്നതിന് മുന്‍പ് , ഏതാനും വര്‍ഷങ്ങള്‍ സ്കൂളില്‍ പഠിക്കാനെന്ന വ്യാജേന പോയത് നിങ്ങള്‍ക്കറിവുള്ളതാണല്ലോ? ( അറിയില്ലെന്നോ!! എന്നാലങ്ങനൊന്നുണ്ടായി. ) ആ കാലത്ത് നടന്ന ഒരു സംഭവമാണിത്. അതായത് ഓണപ്പരീക്ഷണം നടക്കുന്നതിന് ഏകദേശം ഒന്നര മാസം മുന്‍പ്. അന്നും പരീക്ഷകളോട് കാര്യമായ പേടിയൊന്നുമുണ്ടായിരുന്നില്ല. നമ്മളിനി എത്രകണ്ട് പേടിച്ചാലും ഒരു നാണവുമില്ലാതെ നമ്മെ വലക്കാന്‍ അത് സമയാസമയം കടന്നുവരും എന്നത് എനിക്കറിയാമായിരുന്നു. ( പറയുമ്പോള്‍ എല്ലാം പറയണമല്ലോ. എന്റെ പരീക്ഷകളെ ഏറ്റവുമധികം ഭയപ്പെട്ടിരുന്നത് അച്ഛനായിരുന്നു. കാരണം ഉത്തരക്കടലാസില്‍ യാതൊരു ദാക്ഷണ്യവുമില്ലാതെ അദ്ധ്യാപകരിട്ട മാര്‍ക്കറിഞ്ഞ് അച്ഛന്‍ സ്വരുക്കൂട്ടി വച്ച പ്രതീക്ഷകളൊക്കെ ഇടിവെട്ടുന്നതുപോലെ പൊട്ടിതകരുന്ന ശബ്ദം കേട്ട് അച്ഛന്‍ ഞെട്ടിവിറക്കും. പേടിച്ചലറും. ചിലപ്പോള്‍ ഒരു കമ്പനിക്ക് ഞാനും. )


എന്നാല്‍ എന്നെ ഭയപ്പെടുത്താന്‍ ഒരേ ഒരാള്‍ക്കേ കഴിഞ്ഞിരുന്നുള്ളു. അത് സാക്ഷാല്‍ സിസ്റ്റര്‍ ഗ്ലാഡിസ് എന്ന ഹിന്ദി ടീച്ചര്‍ക്ക്. രൂപം കൊണ്ട് ഇന്ദുലേഖയിലെ സൂരിനമ്പൂതിരിപ്പടിന്റെ മഠത്തിലമ്മ വേര്‍ഷന്‍. ( സ്വഭാവമങ്ങനെയായിരുന്നോന്ന് അറിവില്ല). ഒരോ ദിവസവും പഠിപ്പിക്കുന്നത് പിറ്റേദിവസം കാണാതെ പറയണം. ഇല്ലെങ്കില്‍ നല്ല വള്ളിച്ചൂരലിന് ഒന്നാന്തരമടി. ‘അയ്യോ, അയ്യോ’ ന്ന് ‘സംഗതി’ ഒന്നും പിഴക്കാതെ നാം പാടിപ്പോവും. ഒരോ അടിക്കും നമ്മള്‍ രണ്ടുകാലും പറിച്ച് മൂരിക്കൂട്ടന്മാര്‍ തുള്ളിക്കളിക്കണപോലെ മേലുകീഴ് ചാടും. ഒപ്പം അയ്യോ അയ്യോ സംഗതിയും. കാല് രണ്ടും നിലത്തുനിന്ന് ഉയര്‍ന്നു എന്ന് ഉറപ്പുവരുമ്പോള്‍ അടുത്ത അടി വായുവില്‍ നില്‍‌ക്കുന്ന നമ്മുടെ കൂര നോക്കിയാണ്. ഇത്തവണ ക്ലാസ്സിലെ പഠിക്കുന്ന ചില കാളികളുടെയും കാളമാരുടെടെയും ചിരികള്‍ നമ്മുടെ കരച്ചിലിനൊപ്പം ഉയര്‍ന്ന് കേള്‍ക്കാം. ഒപ്പം കര്‍ത്താവിന്റെ മണവാട്ടിയായ ഗ്ലാഡിസ്സ് ടീച്ചര്‍ കൊല്ലന്‍ കുഞ്ഞൂട്ടിയുടെ മണവാട്ടി പോലും പറയാന്‍ മടിക്കുന്ന ചില പ്രയോഗങ്ങള്‍ പരിസരം മറന്ന് പുലമ്പുകയും ചെയ്യും.


എന്നേപ്പോലെ അഭിമാനമുള്ള കുട്ടികള്‍ ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ തരണം ചെയ്തിരുന്നുവെന്നറിയാമോ? അന്നേ ദിവസം സ്കൂളില്‍ കയറാതെ പിറ്റേ ദിവസം നിര്‍ബന്ധമായും കൊടുക്കേണ്ട പ്രേമലേഖനം തയ്യാറാക്കും. (സമയം നമുക്ക് പാഴാക്കാനായില്ലല്ലോ?) മറ്റ് ഭൂരിപക്ഷം പേര്‍ നന്നായി പഠിച്ച് പറഞ്ഞ് ടീച്ചറെ കോള്‍മയിര്‍ കൊള്ളിക്കും.


ആ ദിവസം രാവിലെ തന്നെ കുളിയും കാപ്പികുടിയും കഴിഞ്ഞ് സ്കൂളിലേക്ക് പോവാനായി പൊതിച്ചോറും ബാഗിലാക്കി ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. രാവിലെ 9 മണിക്കാണ് ബസ്സ്. ഒരു കിലോമീറ്ററിനടുത്ത് കുന്നുകയറണം ബസ്സ് സ്റ്റോപ്പിലെത്താന്‍. അന്ന് പതിവിലും മുന്‍പേ ബസ്സ് സ്റ്റോപ്പില്‍ ഹാജരായി. കാരണമുണ്ട്. തലേ ദിവസം ഫെബി അബ്രാഹമിന് റോസ് നിറത്തിലുള്ള പേപ്പറില്‍ ഒന്നാന്തരം പ്രണയലേഖനമൊന്ന് എഴുതികൊടുത്തിട്ടുണ്ട്. ഈയുള്ളവനോട് സഹിക്കാനാവാത്ത പ്രണയമുണ്ടെങ്കില്‍ മുടി രണ്ടായി കെട്ടിയിട്ട് നീല റിബ്ബണ്‍ കെട്ടിവരണമെന്നാണ് മീശ മുളക്കാത്ത കാമുകന്റെ അതായത് എന്റെ കല്പന. സ്കൂളിലെ തന്നെ ഏറ്റവും സുന്ദരിയാണ് ഫെബി. അതുകൊണ്ട് അവളുടെ പ്രണയം എനിക്ക് ലഭിച്ചാല്‍ അതൊരു വലിയകാര്യം തന്നെയായിരിക്കും. അതിനേക്കാളുപരി അനീറ്റക്ക് അതൊരടിയുമാവും. രണ്ടാഴ്ച മുന്‍പ് ഞാനവള്‍ക്കുമൊരു കത്ത് കൊടുത്തിരുന്നു. അവളുടെ നിര്‍ഭാഗ്യം കൊണ്ട് ഞാന്‍ കല്പിച്ച ദിവസം അവള്‍ക്ക് മുടി പകുത്ത് കെട്ടാന്‍ തോന്നിയില്ല. ഈശ്വരാ അവളുടെ നിര്‍ഭാഗ്യം ഇന്ന് ഫെബിയുടെ ഭാഗ്യമാവുന്നു. ആ ഓര്‍മ്മയില്‍ ഉള്ള രോമങ്ങള്‍ വെടിപ്പായൊന്ന് ആഞ്ചി.


ആഞ്ചലില്‍ നിന്ന് മുക്തനാവും മുന്‍പേ പൊട്ടി മുളച്ചതുപോലെ സഹപാഠിയായ രാജമണി എന്റെ മുന്നില്‍ പ്രത്യക്ഷനായി ചോദിച്ചു.


“എടാ ഉവ്വേ... ഇന്ന് ‘ഓണം‘ കാണാതെ പറയിപ്പിക്കിയേലേ ? നീ കാണാപ്പാടം പഠിച്ചോ? പറഞ്ഞില്ലേ എല്ലാരേം ഇന്നവര് പൊരിക്കും.“


ശരിയാണ്. തലേദിവസം മുഴുവന്‍ ഫെബിയോട് ഭാവിയില്‍ പറയേണ്ട കാര്യങ്ങളെക്കൂറിച്ച് റിഹേഴ്സല്‍ നടത്തിയതുകൊണ്ട് ഇക്കാര്യം മറന്നുപോയി. വെറുതെയല്ല അവന്‍ സിവില്‍ ഡ്രസ്സിലിറങ്ങിയത്.


“ കോപ്പേ, ഞാനക്കാര്യം മറന്ന് പോയി. ഇനി എന്നാ ചെയ്യും. പോയിട്ട് ക്ലാസ്സില്‍ കയറാതിരുന്നാപ്പോരേ... പതിവുപോലെ പള്ളിപ്പറമ്പിലെ തെങ്ങിന്തോപ്പിലോ ആറ്റുതീരത്തോ പോയി കിടക്കാം. നീം വാ ? “


“ പിന്നെ, എന്റെ തലക്കെന്നാ ഓളമുണ്ടോ. അവിടെം വരെ പോയിട്ട് വരാന്‍. ഇന്ന് ആപ്പി നഞ്ച് കലക്കുന്നുണ്ട്. കുട്ടീം റിപ്പറും തലേക്കല്ലനും കൊട്ടുപിടീം ഒക്കെ മീമ്പിടിക്കാന്‍ വരും. പോയാ ഒരു കോര്‍മ്പല് മീനും കൊണ്ട് വീട്ടിപ്പോവാം. “


അവന്‍ തുടര്‍ന്നു.


“ആ രാജേഷാറ് ലീഡറായേപ്പിന്നെ പൊറത്ത്കറങ്ങി നടക്കുന്നോമ്മാരുടെയെല്ലാം പേരെഴുതി എഡ്മാസ്റ്റര്‍‌ക്ക് കൊടുക്കുന്നുണ്ട്. നക്കി. വല്ല്യ പഠിപ്പിസ്റ്റാന്ന അഹങ്കാരമാ അവന്. അവനിട്ട് വച്ചിട്ടുണ്ട്. ഞാമ്പോവാം പോണു...“


പോവുന്ന പോക്കില്‍ അവന്‍ പറഞ്ഞു


“....ന്നലെ ഞാനവന്റമ്മയ്ക്ക് വിളിച്ചു. കരഞ്ഞോണ്ട് പോയിട്ടുണ്ട്. ചെന്നൊറ്റിക്കാണും ആ കുരിശ് മാത്തനോട്. “ ( ഹെഡ്മാസ്റ്റര്‍. രാജമണി ബഹുമാനപൂര്‍വ്വം വിളിക്കുന്ന പേര് )


ടോമിച്ചനും പാപ്പച്ചന്‍ സാറും മേരിച്ചേച്ചിയും പ്രഫസര്‍ ബാബുവും പിന്നെ മറ്റ് പതിവുകാരും ബസ്സ്റ്റോപ്പിലേക്ക് എത്തി. അകലെ നിന്ന് ജോണ്‍സണ്‍ പതുക്കെ വരുന്നുണ്ട്. ബസ്സ് വരാനിനി അധിക സമയമില്ല. തിരിച്ച് വീട്ടിലേക്ക് പോയാലോന്ന ചിന്ത മനസ്സില്‍ നിറഞ്ഞു . ടെന്‍ഷന്‍ വരുമ്പോള്‍ വയറ്റിലുണ്ടാവാറുള്ള ‘ഗുളുഗുളുപ്പും’ തുടങ്ങി. ( ഇന്നും ടെന്‍ഷന്‍ വന്നാല്‍ എനിക്കതുണ്ട്. നിങ്ങള്‍ക്കോ? ) രാവിലെ വിശാലമായി കാര്യം സാധിച്ചതാണ്. എങ്കിലുമൊരു ശങ്ക.


ഗ്ഗ്ലാഡ്ഡിസ്സ്, ഉപന്യാസം, അടി, ഫെബി, നീല റിബ്ബണ്‍ എല്ലാം കൂടി മനസ്സില്‍ ഒന്നൊന്നായി മിന്നി മറഞ്ഞു. നിമിഷം‌പ്രതി ‘ഗുളുഗുളുപ്പ്’ കൂടി വരുന്നുണ്ട്. വയറ്റിനുള്ളില്‍ ഇലഞ്ഞിത്തറ മേളം നടക്കുന്നു. അവസാനം തിരിച്ച് വിടാന്‍ തന്നെ തീരുമാനിച്ചു. നേരേ വഴിയേ പോയാല്‍ ആരെങ്കിലും പരിചയക്കാര്‍ വരുന്നുണ്ടാവാം. അവരോട് സമാധാനം പറയണം. പറയുന്ന സമാധാനം അവര്‍ക്ക് ബോധിച്ചില്ലെങ്കില്‍ വലിച്ച് വീണ്ടും ബസ്സ് സ്റ്റോപ്പില്‍ കൊണ്ടെനിര്‍ത്തും. അത്രക്ക് ആത്മാര്‍ത്ഥതയാണ് നാട്ടുകാര്‍ക്ക്. ( സ്കൂളില്‍ പോക്ക് എനിക്ക് വലിയ മടി ആണെന്ന് ഒട്ടുമിക്കവര്‍‌ക്കുമറിയാം. പോവുന്നുണ്ടെങ്കിലത് വായില്‍ നോക്കാനാണെന്നും )


റിസ്കെടുക്കേണ്ടന്ന് കരുതി കുറുക്കുവഴി പോവാന്‍ തീരുമാ‍നിച്ചു. പാപ്പുച്ചേട്ടന്റെ കടക്ക് വശത്തുകൂടിയുള്ള തൊണ്ട് ( ഇടവഴി ) വഴി നേരെ തട്ടാന്മാരുടെ പറമ്പില്‍ ചാടി അവിടെനിന്ന് കുഞ്ഞുതോമായുടെ വീട്ടിനുമുന്നിലൂടെ നടന്ന് പ്ലാമറ്റത്തുകൂടി എളുപ്പത്തില്‍ വീട്ടിലെത്താം. അതുവഴി ആളുകള്‍ അധികം സഞ്ചരിക്കാറില്ല.


പതുക്കെ, ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ആരെയും ശ്രദ്ധിക്കാതെ പേനയെടുത്തുകുടഞ്ഞ് മഷി മേടിക്കാന്‍ പാപ്പുച്ചേട്ടന്റെ കടയിലേക്ക് പോവുന്ന രീതിയില്‍ ഞാന്‍ നടന്നു. പിന്നില്‍ നിന്ന് ആരെങ്കിലും വിളിക്കുമോന്ന ഭയം തൊണ്ടിലേക്ക് കടന്നപ്പോള്‍ മാറി. പിന്നെ ഒരു കുതിപ്പായിരുന്നു.. അതിവേഗം കക്കൂസിലേക്ക്...


തട്ടാന്മാരുടെ പറമ്പ്കഴിയും മുന്‍പ് ‘വരാനുള്ളത് കുറുക്കുവഴിയിലും തങ്ങില്ല‘ എന്ന് പ്രഖ്യാപിച്ചുകൊണ്ട് തൊട്ടുമുന്നില്‍ മണിയമ്മാവന്‍.


അപ്രതീക്ഷിതമായ കണ്ടുമുട്ടലിന്റെ ഞെട്ടലില്‍ എന്നില്‍ നിന്നുയര്‍ന്ന ‘അമ്മാവനെന്താ ഇതുവഴിക്ക് ‘ എന്ന ചോദ്യത്തെ തീര്‍ത്തും അവഗണിച്ച് ‘ എങ്ങോട്ടാടാ പോവുന്നത്, തിരിച്ചു പോ ബസ്സ് വരുന്നുണ്ട്. ‘ എന്നും പറഞ്ഞ് മുന്നോട്ടൊരു പാച്ചില്‍. പത്ത് ചുവട് മുന്നില്‍ ചെന്ന് തിരിഞ്ഞു നിന്ന് ‘ നിന്നോട് വരാനല്ലേ പറഞ്ഞത് ‘ എന്ന ഒരു അമറലുകൂടി.


വന്നേലും വേഗത്തില്‍ ഞാന്‍ തിരിച്ചോടി. തൊട്ട് പിന്നാലെ - ഒരു മാതിരി ഈസ്റ്റ്മാന്‍ കളര്‍ പടത്തില്‍ മാനം കയ്യിലൊതുക്കി പായുന്ന നായികയെ ബലാത്സംഗം ചെയ്യാന്‍ മുട്ടി തിരക്കിട്ടോടുന്ന ജനാര്‍ദ്ദനനെപ്പോലെ - അമ്മാവനും.


ബസ്സില്‍ പതിവുപോലെ ഗ്രാമം മുഴുവനുമുണ്ട്. ആടിയുലയുന്ന വണ്ടിയില്‍ ഇലഞ്ഞിത്തറമേളം കൊഴുക്കുന്ന വയറുമായി നിറകണ്ണുകളോടെ ഞാന്‍ നിന്നു. ഒരോ വളവ് വളയുമ്പോഴേക്കും ശരീരത്തിലേക്ക് ചായുന്ന ആള്‍ക്കാരില്‍ നിന്നും ഞാനെന്റെ ഉദരത്തെരക്ഷിച്ചുകൊണ്ടിരുന്നു. വയറിലേല്‍ക്കുന്ന നേര്‍ത്ത ഒരമര്‍ത്തല്‍പോലുമുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് ഞാന്‍ ബോധവാനായിരുന്നു.


3 കി.മീ ഇഴഞ്ഞും തുഴഞ്ഞും വണ്ടി ചേര്‍പ്പുങ്കലിലെത്തി. ആരവത്തോടെ സ്കൂള്‍ കുട്ടികളെല്ലാം അവിടെ ഇറങ്ങി. വണ്ടി പാതി ഒഴിഞ്ഞിരിക്കുന്നു. ഒട്ടുമൊഴിയാതിരുന്ന എന്റെ വയറിനെ ശപിച്ച് തെല്ല് നേരം നാലും കൂടിയ ആ കവലയില്‍ ഞാന്‍ നിന്നു. പിന്നെ വണ്ടി വന്ന വഴി തിരിച്ചു നടന്നു. വീട്ടിലേക്ക്.


ഓരോ ചുവടും സൂക്ഷിച്ച് കാല്‍മുട്ടുകള്‍ മടക്കാതെ, ചന്തി അമര്‍ത്തിപ്പിടിച്ച് ‘ ജയിന്റ് റോബോട്ട് ’ നടക്കുന്നപോലെ ഞാന്‍ നടന്നു. എന്നില്‍ നിന്ന് പുറത്തുപോവുന്ന നിശ്വാസത്തെപോലും എനിക്കപ്പോള്‍ ഭയമായിരുന്നു. എന്റെ മനസ്സില്‍ നിന്ന് ഫെബി അബ്രാഹം മാഞ്ഞുപോയിരിക്കുന്നുവെന്ന് ഞാനത്ഭുതത്തോടെ തിരിച്ചറിഞ്ഞു...


വിശന്നുപൊരിഞ്ഞിരിക്കുമ്പോള്‍ കൂടുതല്‍ വിശപ്പിക്കാനായി കൊതിയൂറുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ മനസ്സില്‍ അറിയാതെ വരുന്നതുപോലെ, കടുത്ത ദാഹം അനുഭവപ്പെടുമ്പോള്‍ നല്ല മധുരമുള്ള ഇളനീരിന്റെ രുചി നാവില്‍ നിറയുന്ന പോലെ, വെളുപ്പാന്‍ കാലത്ത് അമ്പലപ്പറമ്പില്‍ നിന്ന് ബാലെ കണ്ട് പാതി ഉറക്കത്തില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍ അറിയാതെ ശരീരം മുഴുവന്‍ പൊതിയുന്ന മെത്തയുടെ നനുനനുപ്പ് പോലെ എന്റെ മനസ്സിലപ്പോള്‍ പുറത്തെ കക്കൂസില്‍ റെഡ് ഓക്സൈഡിട്ട തറയില്‍ പതിഞ്ഞിരിക്കുന്ന ‘ഛാ4രഗ’ ( അതുപോലൊരു പേരായിരുന്നു അതിന്. കൂട്ടക്ഷരത്തിലെഴുതിയതിനാലാണോ എന്തോ അക്കാലത്തത് വായിച്ചെടുക്കന്‍കഴിഞ്ഞിട്ടില്ലെനിക്ക് ) എന്നോ മറ്റോ എഴുതിയിരുന്ന വൃ‌ത്തിയുള്ള ആ വെളുത്ത ക്ലോസ്സറ്റ് ആയിരുന്നു എന്റെ മനസ്സ് നിറയെ... ഫെബിയേക്കാള്‍ വെളുപ്പതിനുണ്ടോന്നുപോലും ഞാനപ്പോള്‍ വിചാരിച്ചിരിക്കണം.


ക്ലോസ്സറ്റിനെക്കുറിച്ചുള്ള എന്റെ ചിന്തകാരണമാവാം വയറിലെ ‘ ഗുളുഗുളുപ്പ് ‘ അതിന്റെ പാരമ്യതയിലെത്തി..ശരീരം വിയര്‍ത്തു. കണ്ണുകള്‍ നിറഞ്ഞു... ഇല്ല. എനിക്കിനി ഒരടി മുന്നോട്ട് വയ്ക്കാന്‍ കഴിയില്ല. കുറച്ച് സമയം അതേ നില്‍പ്പ് ഞാനാവഴിവക്കില്‍ നിന്നു. നേര്‍ത്ത ഒരാശ്വാസം തോന്നിയപ്പോള്‍ വീണ്ടും നടന്നു... ഹാവൂ.. ഇനീപ്പോ ഒരു കിലോമീറ്ററുകൂടി നടന്നാല്‍ വീട്ടിലെത്താം.


ഏതാണ്ട് അരകിലോമീറ്റര്‍ എത്തിക്കാണും. ഗുളുഗുളുപ്പ് വീണ്ടും തുടങ്ങി. പ്രശ്നം രൂക്ഷമാവുമെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ അവിടെ തന്നെ അനങ്ങാതെ നിന്നു. വയറുരുണ്ടു കൂടുന്നു.. ‘ ടൈറ്റാക്കി പിടിച്ചിരിക്കുന്ന പിന്നിലെ മസ്സിലുകള്‍ തെല്ലൊന്നയയ്ക്കൂ...നിനക്കൊരാശ്വാസം കിട്ടും ‘ എന്ന് എന്നോട് പറഞ്ഞത് മറ്റാരുമല്ല. എന്റെ മനസ്സുതന്നെയാണ്. അതു മാത്രമായിരുന്നു എന്റെ പിഴ. അങ്ങനെ തന്നെ ഞാന്‍ ചെയ്തു. ചന്തിയിലര്‍പ്പിച്ചിരുന്ന പ്രഷര്‍ തെല്ലൊന്ന് ഞാന്‍ റിലീസ് ചെയ്തതും അതുവരെ അടക്കിവച്ചിരുന്നതൊക്കെയും 4 മണിയടിക്കുമ്പോള്‍ ആരവത്തോടെ ക്ലാസ്സ് റൂമില്‍ നിന്ന് പായുന്ന കുട്ടികളെപ്പോലെ ഒരു പാച്ചില്‍. അതിശയോക്തി തെല്ലും കലര്‍ത്താതെ പറഞ്ഞാല്‍ ഏതാണ്ട് ഒന്നരമിനിറ്റോളം നീളുന്ന ലാവാപ്രവാഹം. ന്യൂ തീയേറ്ററില്‍ ഗോപാലകൃഷ്ണന്‍ സാറിന്റെ ഉച്ചപ്പടം കാണാന്‍ ക്യൂ നില്‍ക്കുമ്പോള്‍ പരിചയക്കാരെ കാണാനിടയായാല്‍ അവര്‍ക്ക് കൊടുക്കാറുള്ളതുപോലെ ഒരു വിഡ്ഡിച്ചിരി കണ്ണുകള്‍ നിറഞ്ഞിരുന്നിട്ടുപോലും എന്റെ ചുണ്ടില്‍ വിരിഞ്ഞു...


തെല്ലിട ശങ്കിച്ച് നിന്നിട്ട് കാവിത്തോട് ലക്ഷ്യമാക്കി ഒരോട്ടമായിരുന്നു . തോട്ടിലെത്തിയതും ബാഗ് തോട്ടിന്‍ കരയിലെറിഞ്ഞ് ഞാന്‍ വെള്ളത്തിലേക്ക് ചാടി. നിറഞ്ഞിരുന്ന കണ്ണുകളെ ഒഴുക്കുവെള്ളം തലോടി. മീനുകള്‍ ആവേശത്തോടെ എന്റെ നേരേ പാഞ്ഞടുക്കുമ്പോള്‍ എന്നിലെ ചിന്ത ഫെബി അന്ന് മുടി രണ്ടായി പിന്നിയിട്ട് നീല റിബ്ബണും കെട്ടി വന്നിരുന്നോ എന്നത് മാത്രമായിരുന്നു.

( അന്ന് തന്നെ ഞാന്‍ ഓണം എന്ന ഉപന്യാസം വീണ്ടും മനപ്പാഠമാക്കി. അഞ്ചാം ക്ലാസ്സില്‍ വച്ചും ഇത് പഠിക്കാനുണ്ടായിരുന്നല്ലോ? (അതോ ആറിലോ?) )


നല്ലൊരു ഓണക്കാലത്ത് ഇങ്ങനൊരു അനുഭവം വിവരിക്കേണ്ടി വന്നതില്‍ ക്ഷമിക്കുക.
എല്ലാവര്‍ക്കും ആഹ്ലാദകരമായ ഒരോണം ആത്മാര്‍ത്ഥമായി, സ്നേഹപൂര്‍വ്വം നേരുന്നു.

ഇതുമുഴുവന്‍ വായിച്ച് തീര്‍ത്തവര്‍ ‘സഹനശക്തിക്കുള്ള’ ഈ വര്‍ഷത്തെ പോങ്ങുമ്മൂടന്‍ അവാര്‍ഡിന് അര്‍ഹരാരായിരിക്കുന്നു... :)