ഒരു സംശയം. കേരളീയര്‍ പ്രഹസനങ്ങള്‍ പോലും മറന്ന് തുടങ്ങിയൊ? സാധാരണ നമ്മള്‍ പ്രഹസനത്തിന് വേണ്ടിയെങ്കിലും മാന്യന്‍മാരും നീതിമാന്‍മാരുമാവാറുണ്ടായിരുന്നു. 'ആളുകള്‍' എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് എത്രവലിയ 'ശരിയും' നമ്മള്‍ മനസ്സില്ലാമനസ്സോടെയെങ്കിലും ചെയ്തിരുന്നു. എല്ലാം ഒരു പ്രഹസനം. ആത്മാര്‍ത്ഥത പലപ്പോഴുമുണ്ടാവാറില്ല. എങ്കിലും അത്തരം പ്രഹസനങ്ങളിലും നമ്മള്‍ ഒരു നീതി കണ്ടിരുന്നു. ആരെങ്കിലും ഒരു വിവാഹം ക്ഷണിച്ചാല്‍, പുരവാസ്തുബലി പറഞ്ഞാല്‍, മറ്റ് മംഗളകരമായ ചടങ്ങുകള്‍ക്ക് ക്ഷണിച്ചാല്‍, അടിയന്തിരം, പുലകുളി, മരണം ഇവയൊക്കെ അറിഞ്ഞാല്‍ നമ്മള്‍ അതിലൊക്കെ പങ്കെടുത്തിരുന്നു. പലപ്പോഴും ചുമ്മാ ഒരു പ്രഹസനത്തിനെങ്കിലും. മുതിര്‍ന്നവരെ ആദരിക്കുന്നതും, പ്രായമായവര്‍ക്ക് ബസ്സില്‍ ചെറുപ്പക്കാര്‍ എഴുന്നേറ്റ് ഇരിപ്പിടം കൊടുക്കുന്നതുമൊക്കെ പലപ്പോഴും പ്രഹസനത്തിനായെങ്കിലും നമ്മള്‍ ചെയ്ത് പോന്നിരുന്നു. (എല്ലാവരും പ്രഹസനക്കാര്‍ ആണെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല )
ഇത്രയൊക്കെ പറയാന്‍ കാരണമായത് ഒരു പ്രമുഖ മലയാള പത്രത്തില്‍(കേരള കൌമുദി ) മഹാകവി പാലായുടെ സംസ്കാര ചടങ്ങിനെക്കുറിച്ച് വന്ന വാര്‍ത്തയാണ്. നിങ്ങളില്‍ പലരും വായിച്ചിട്ടുണ്ടാവും നമ്മുടെ മഹാകവി പാലാ നാരായണന്‍ നായരുടെ സംസ്കാരചടങ്ങുകള്‍ക്ക് കേരളത്തിലെ പ്രബുദ്ധരായ രാഷ്ട്രീയ പ്രവര്‍ത്തകരോ, സാഹിത്യ, സാംസ്കാരിക നായകരോ, കേരള സാഹിത്യ അക്കാദമി പ്രവര്‍ത്തകരോ ഒന്നും തന്നെ കാര്യമായി സഹകരിച്ചില്ലെന്ന വാര്‍ത്ത. എത്ര നെറികെട്ട കാര്യമായി അത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന, പ്രസ്താവനയായി തന്നെ ഒടുങ്ങി. സാംസ്കാരികവകുപ്പ് മന്ത്രി പോയിട്ട് അദ്ദേഹത്തെ പ്രതിനിധീകരിച്ച് പോലും ആരുമുണ്ടായിരുന്നില്ലെന്നത് ഖേദകരമായ കാര്യമായിപ്പോയി. പൊതുമരാമത്ത് മന്ത്രി ശ്രീ. മോന്‍സ് ജോസഫ്, പാലാ എം.എല്‍.എ ശ്രീ. കെ.എം. മാണി എന്നിവരുടെയും ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. കെ.എല്‍. മോഹനവര്‍മ്മ എന്നീ സാഹിത്യനായകന്‍മാരുടെയും സാന്നിദ്ധ്യം ഇവിടെ വിസ്മരിക്കുന്നില്ല. പക്ഷേ, അതിലൊതുങ്ങാമായിരുന്നോ? അവരൊക്കെത്തന്നെ അവിടെ എത്തിയത് പാലായുമായുള്ള അവരുടെ തീര്‍ത്തും വ്യക്തിപരമായ ബന്ധത്തിന്‍റെ പേരില്‍തന്നെയാവും.
മന്ത്രി പുംഗവന്‍മാരുടെ കാര്യം പോട്ടെ. അവര്‍ നാട് വികസിപ്പിക്കേണ്ടതിന്‍റെ ഭാരിച്ച ഉത്തരവാധിത്വം പേറുന്നവരാണല്ലോ? 97 തികഞ്ഞ് ഇഹലോകവാസം പൂകിയ 'കേവലമൊരു വൃദ്ധനെ' ആദരിക്കുന്നനേരം കൊണ്ട് പത്ത് സെനൃ കൈയ്യേറ്റ ഭൂമി പിടിച്ചെടുത്താല്‍ അത്രയുമായി എന്ന് അവര്‍ ചിന്തിക്കുന്നതില്‍ തെറ്റില്ല.
എന്നാല്‍ നമ്മുടെ സാഹിത്യനായകന്‍മാരുടെയും അല്ലെങ്കില്‍ കേരള സാഹിത്യ അക്കാദമി പ്രവര്‍ത്തകരുടെയും അസാന്നിദ്ധ്യം എന്തുകൊണ്ട് ഉണ്ടായി. കടുത്ത 'കൂട്ട ദേഹാസ്വാസ്ഥ്യം'? അതോ മലയാളസാഹിത്യത്തിന് സ്വല്‍പ്പം കൂടി പുഷ്ടി വരുത്താനുള്ള കൂട്ടയജ്ജത്തിലായിരുന്നോ അവര്‍? ഓര്‍ത്തുകൊള്ളൂ, സാഹിത്യ സാംസ്കാരിക കേരളം നിങ്ങളെ നോക്കി മൂക്കത്ത് വിരല്‍ വച്ച് ' കഷ്ടം ' എന്ന് പറയും.
ഒരുകാര്യം ഉറപ്പാണ്. 'കേരളം വളരുന്നു' എന്നെഴുതിയ മഹാകവിയുടെ ആത്മാവ് 'കേരളം ഇത്രക്ക് വളരേണ്ടിയിരുന്നില്ലെന്ന് ' ചിന്തിക്കുന്നുണ്ടാവും. ആദരവും അംഗീകാരവും ഇരന്ന് വാങ്ങാതിരുന്ന ആ മഹാത്മാവിന് ഇത്തരമൊരു യാത്രയയപ്പ് ആയിരുന്നില്ല നല്‍കേണ്ടിയിരുന്നത്. ഇനി, ഇതൊരു വിവാദമായി ഉയരാതിരിക്കട്ടെ. ആ മഹാത്മാവിന് നിത്യശാന്തി നേരാം.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ, ഇനീപ്പോ സംസ്കാരച്ചടങ്ങ് പ്രവര്‍ത്തിദിനത്തില്‍ ആയതിലുള്ള അസൌകര്യം മാത്രമായിരുന്നു അവരുടെ അസാന്നിദ്ധ്യത്തിന് കാരണമായതെങ്കില്‍ ഇങ്ങനെ എഴുതേണ്ടി വന്നതില്‍ മാപ്പ്। ഇനിയെങ്കിലും അവശേഷിക്കുന്ന മഹാത്മാക്കള്‍ ശനിയാഴ്ച തോറും മരിക്കാനിടവരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.
(പാലാ നാരായണന്‍ നായര്‍ ഒരു ബ്ളോഗ്ഗറായിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ ആദരവ് അദ്ദേഹത്തിന് ലഭിക്കുമായിരുന്നില്ലേ? )