Follow by Email

Wednesday, December 30, 2009

ഉ.ഉ.ഉ !!!

ഉടുതുണിയുരിഞ്ഞും ഉണ്ടുരസിച്ചും
ഉരുതിയോടുരചെയ്തുരവം കാട്ടിയും
ഉമ്മകൊടുത്തും ഉരസി മദിച്ചും
ഉരഗം പോലെ ഉടലില്‍ പടര്‍ന്നും
ഉപശ്ലേഷണത്തില്‍ വിരുതും കാട്ടി
ഉലാമയെന്നൂറ്റം കൊണ്ടും
ഉപപത്നിയുടെ ഉലസ്ഥത്തില്‍
ഉപലാളനം ചെയ്തുള്‍പ്പുളകം കൊണ്ടും
ഉണ്ണിത്താനേ ഉയരുക നീ....
ഉണ്ണിത്താനേ ഉയരുക നീ....

ബ്ലോഗ് കവികള്‍ പൊറുക്കുക. കവിതയെ ഇവ്വിധം മാനഭംഗപ്പെടുത്തണമെന്ന് വിചാരിച്ചിരുന്നതല്ല. മറ്റുള്ളവര്‍ ഉരിഞ്ഞാലും സ്വയം ഉരിഞ്ഞാലും ഉടുതുണി ഉണ്ണിത്താനേ കീര്‍ത്തിമാനാക്കുന്നുവെന്ന രസകരമായ അവസ്ഥയും അതിലെ ‘ഉ’കാരവും ഒരു നിമിഷം എന്നെ ഒരു കവിയാക്കി മാറ്റി. ഉണ്ണിത്താന്റെ ഉണ്ണിത്തരങ്ങള്‍ക്ക് നന്ദി.

കഴിഞ്ഞ ദിവസം തന്റെ സ്നേഹിതയും സഹപ്രവര്‍ത്തകയുമായ (?) യുവതിയോടൊപ്പം രാജ്മോഹന്‍ ഉണ്ണിത്താനെ നാട്ടുകാര്‍ വളഞ്ഞു പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയുണ്ടായി. സദാചാരത്തിന്റെ കാവലാളായി നാട്ടുകാര്‍ ഉണര്‍ന്നിരിക്കുന്നുവെന്നത് സമൂഹത്തിന് ആശ്വാസകരമായ വാര്‍ത്തയാണെങ്കില്‍ എനിക്കത് ഞെട്ടലോടെ മാത്രമേ കാണാനാവൂ. അനീതിയും പ്രാകൃതവുമായ നീക്കമാണതെന്ന് എനിക്ക് തോന്നുകയും ചെയ്യുന്നു. ഉണ്ണിത്താനെ ന്യായീകരിക്കാനോ അനാശാസ്യത്തെ പ്രോത്സാഹിപ്പിക്കാനോ അല്ല എന്റെ ശ്രമം. അല്ലെങ്കില്‍ ഒരുവന് ആശാസ്യമാവുന്ന കാര്യം ഒരു കൂട്ടത്തിന് അനാശാസ്യമായേക്കാം. അപ്പോള്‍ സ്വാഭാവികമായും ഒരുവനെയാണോ കൂട്ടത്തെയാണോ മാനിക്കേണ്ടത് എന്ന ചോദ്യമുയരുന്നു. ജനാധിപത്യ സംവിധാനത്തില്‍ എപ്പോഴും കൂട്ടത്തിന്റെ നീതിയും ശരിയുമാവും പരിഗണിക്കേണ്ടത്. എന്നാല്‍ ഇവിടെ സുമാര്‍ മൂന്ന് വട്ടമെങ്കിലും പ്രായപൂര്‍ത്തി ആയിക്കഴിഞ്ഞിട്ടുള്ള ഉണ്ണിത്താന്റെയും രണ്ട് വട്ടം പ്രായപൂര്‍ത്തിയായ ആ സ്ത്രീയുടേയും തീര്‍ത്തും സ്വകാര്യമായ ജീവിതത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയുമാണ് സദാചാരത്തിന്റെ കാവലാളുകള്‍ തകര്‍ത്തെറിഞ്ഞത്. പൊതുസ്ഥലത്തില്‍ പരസ്യമായി ശാരീരിക വേഴ്ച നടത്തിയിരുന്നുവെങ്കില്‍ നാട്ടുകാരുടെ ഇത്തരമൊരു സമീപനം കുറെയൊക്കെ ന്യായീകരിക്കപ്പെടുമായിരുന്നു. പരസ്പര താല്പര്യത്തോടുകൂടി അവര്‍ സൃഷ്ടിച്ചെടുക്കുന്ന ഇത്തിരി സ്വകാര്യതയില്‍ ഇരുവരും ലൈംഗിക ബന്ധം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ആര്‍ക്കാണ് കുറ്റം വിധിക്കാന്‍ ധാര്‍മ്മികമായി അവകാശം? അവിടെ കൂടിയവരില്‍ മനസ്സുകൊണ്ടെങ്കിലും വ്യഭിചരിക്കാത്ത എത്ര പേര്‍ ഉണ്ടാവാം? അവസരം കിട്ടിയാല്‍ ഏതവനും പൂശും. ഇല്ലെന്നുണ്ടോ? അവസരത്തിന്റെ അഭാവമാണ് ചിലരെയെങ്കിലും ഇപ്പോഴും സദാചാരിയായി നിലനിര്‍ത്തുന്നതെന്ന് ഞാന്‍ പറഞ്ഞാല്‍ അത് കടന്നു പോവുമോ?.!!! സ്വയം ചെയ്യുന്നത് ആശാസ്യവും മറ്റൊരുവന്‍ ചെയ്യുമ്പോള്‍ അനാശാസ്യവുമാവുന്ന അതിരസകരമായ ഒരു ക്രിയയാവുന്നു വ്യഭിചാരം!! പക്കാ, അസൂയ മാത്രമാണ് ഇതിനു പിന്നില്‍. അല്ലാതെ ഒരുവനും സദാചാരത്തിന്റെ രക്ഷയ്ക്കായുള്ള പരിശ്രമമൊന്നുമല്ല അവിടെ കാഴ്ച വച്ചത്. ഉണ്ണിത്താന്‍ പറഞ്ഞതു പോലെ നാട്ടുകാര്‍ അയാളുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ ശ്രമിച്ചുവെന്നുള്ള വാദമൊക്കെ ശുദ്ധ ഭോഷ്ക്കാണ്. പി.ഡി.പി കാരും ഡിഫിക്കാരുമാണ് ഇതിനു പിന്നിലെന്ന് ആക്രോശിക്കുന്നത് സ്വന്തം രാഷ്ട്രീയഭാവി സംരക്ഷിക്കാനുള്ള ഉണ്ണിത്താന്റെ ശ്രമം മാത്രമാണ്. ഈ വിഷയം രാഷ്ട്രീയ മുതലെടുപ്പിനായി എതിര്‍ പാര്‍ട്ടിക്കാര്‍ ഉയര്‍ത്തി കാണിച്ചാല്‍ അത് തെറ്റെന്ന് പറയാനാവില്ല. കാരണം ഉണ്ണിത്താന്‍ എന്നത് ഇന്ത്യ ഭരിയ്ക്കുന്ന പാര്‍ട്ടിയുടെ കേരളത്തിലെ വികട സരസ്വതി വിളയാടുന്ന നാവാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ദിരാ ഭവനില്‍ ബക്കറ്റില്‍ വെള്ളം വച്ചു കൊടുക്കുന്ന ചരിത്രം സമൂഹത്തോട് വിളിച്ചു പറഞ്ഞ് മിടുക്കനായ ഉണ്ണിത്താനിപ്പോള്‍ ആദര്‍ശ രാഷ്ട്രീയത്തിന്റെ കുപ്പായത്തില്‍ വീണ കറ കഴുകാന്‍ ഒരു കപ്പ് വെള്ളമില്ലാത്ത അവസ്ഥയിലാ‍യി. കൊടുത്താല്‍ കൊല്ലത്തല്ല മഞ്ചേരിയിലും കിട്ടുമെന്ന് റീമിക്സ് പഴമൊഴി.!!!

എന്നാല്‍ ഈ വിഷയം കേവലം ഒരു ഖദര്‍ധാരിയുടെ സദാചാരത്തകര്‍ച്ചയായി ആഘോഷിക്കാതെ സമൂഹത്തിന്റെ ലൈംഗിക ബോധത്തിലുണ്ടായിരിക്കുന്ന പാളിച്ചകളാണോ ഇത്തരം വിഷയങ്ങള്‍ ഉണ്ടാവുന്നതിനു കാരണമെന്ന് നാമൊന്ന് ചിന്തിക്കണം. ലൈംഗികതയെ പാപമായി കണക്കാക്കാത്ത ഒരു ജനതയാണ് നമ്മുടേത്. ലൈംഗികതയ്ക്ക് ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ നല്‍കിയതും ഭാരതമാണ്. കാമശാസ്ത്രത്തില്‍ വിവരിച്ചിരിക്കുന്ന പല പൊസിഷനുകളും നമ്മുടെ ക്ഷേത്രങ്ങളില്‍ ശില്പങ്ങളായി തീര്‍ന്നിട്ടുമുണ്ട്. എന്നാല്‍ ഏക പത്നീവ്രതം, ചാരിത്ര്യം തുടങ്ങിയ പദങ്ങള്‍ക്ക് നമ്മുടെ സദാചാരബോധത്തില്‍ കാര്യമായ അര്‍ത്ഥമുണ്ട്. അവ നല്ലതുമാണ്. എന്നാല്‍ ഉണ്ണിത്താനേ പോലെ സമൂഹ ശ്രദ്ധയില്‍ നില്‍ക്കുന്ന ആളുകള്‍ കാണിക്കുന്ന അപരാധങ്ങള്‍(?) മാത്രമേ ശ്രദ്ധ നേടുന്നുള്ളു. എത്രയോ ആള്‍ക്കാര്‍ മതിലുകള്‍ ചാടുന്നു. തിരക്കേറിയ സ്ഥലങ്ങളിലും മറ്റു പൊതു ഇടങ്ങളിലും എത്രയോ സദാചാരികളുടെ കരങ്ങള്‍ ‘പെണ്ണിറച്ചിയുടെ’ മിനുസം തേടി അലയുന്നു. കാമശാസ്ത്രത്തിന്റെ ജന്മനാട്ടില്‍ സമൂഹം കപടസദാചാരികളായി കഴുതകളേപ്പോലെ അമറുന്നു.

തിരുവനന്തപുരത്ത് ഏഴിലും എട്ടിലും പഠിയ്ക്കുന്ന പെണ്‍‌കുട്ടികള്‍ ക്ലാസ്സ് കട്ടുചെയ്ത് കാമലീലകളാടാന്‍ പോവുന്നുവെന്ന് വാര്‍ത്തകള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു 15 കാരിയെ ഓട്ടോ ഡ്രൈവറുടെ കൂടെ നിന്ന് പിടിച്ചു. പ്രായപൂര്‍ത്തി ആവാത്ത മറ്റൊരു പെണ്‍‌കുട്ടിയെ തട്ടിപ്പു കേസിലെ പ്രതിയായ ശബരീനാഥിന്റെയും മറ്റു രണ്ട് കൂട്ടാളികളുടെയും കൂടെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തി ആവാത്ത ആണ്‍‌കുട്ടികള്‍ തങ്ങളുടെ പ്രായപൂര്‍ത്തി ആവാത്ത ‘ഗേള്‍ ഫ്രണ്ട്സിന്’ നീലച്ചിത്രങ്ങള്‍ നല്‍കുന്നു. ചിലരെ കൈയ്യോടെ സ്കൂള്‍ അധികൃതരോ രക്ഷകര്‍ത്താക്കളോ കണ്ടുപിടിയ്ക്കുന്നു. ഭൂരിപക്ഷവും രക്ഷപെടുന്നു. ഇവയൊക്കെ സമൂഹത്തിന് വെറും വാര്‍ത്തകള്‍ മാത്രമാണ്. വാര്‍ത്താ മാധ്യമങ്ങളുടെ ഇഷ്ട വിഭവമായിരുന്ന കിളിരൂര്‍ കേസിലെ ശാരിയെയും വി.ഐ.പി-യെയും ഒപ്പം അനഘ എന്ന പെണ്‍‌കുട്ടിയെയും കുടുംബത്തിനെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്ന ‘മന്ത്രിമാരുടെ‘ പുത്രന്മാരെയും കൂടെ പുരോഹിതന്മാരുടെ കാമവെറികൊണ്ട് ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട അഭയ എന്ന കന്യാസ്ത്രീയേയും സന്തോഷ് മാധവന്മാരേയും കോഴിക്കോട്, വിതുര , സൂര്യനെല്ലി കേസുകളിലെ പെണ്‍‌കുട്ടികളെയും നാം ഈ സമയം ഓര്‍ക്കണം. ഓര്‍ക്കുവാന്‍ ഇനിയുമെത്ര?!!! ഞരമ്പുരോഗികള്‍ക്ക് ഒരു സ്വയംഭോഗത്തിനുള്ള വിഷയം മാത്രമാവുന്നു ഈ വാര്‍ത്തകള്‍. സ്ഖലനശേഷം സമൂഹത്തിന്റെ സദാചാര പ്രതിനിധികള്‍ ചാനലുകളിലൂടെയും; സമൂഹം കലുങ്കിലും മറ്റുവെടി വട്ടത്തിലുമിരുന്ന് സദാചാരത്തിന്റെ തകര്‍ച്ചയെക്കുറിച്ച് പരിതപിക്കും. തീര്‍ന്നു കഥ. വാര്‍ത്തകളില്‍ വരുന്ന പെണ്‍‌കുട്ടികള്‍ നമ്മുടെ മകളും പെങ്ങളുമല്ലാതിരിക്കുന്നിടത്തോളം നാം സുരക്ഷിതരാണ് ! . ഇതാണ് നമ്മള്‍ കപട സദാചാരികളുടെ സാമൂഹിക ബോധം !!. ഇവിടെ ആരെയാണ് കുറ്റം പറയേണ്ടത്?

ലൈംഗികമായ തൃഷ്ണകളെ അടിച്ചമര്‍ത്തി മനസ്സുകൊണ്ട് വ്യഭിചരിച്ച് അവസരം കിട്ടുമ്പോള്‍ മതിലുചാടിയും സാധിക്കാത്തവര്‍ കരഞ്ഞും കാമം തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഈ തലമുറയെ നമുക്ക് വെറുതേ വിടാം. അവര്‍ ഉണ്ടും ഉറങ്ങിയും ഭോഗിക്കാന്‍ യത്നിച്ചും ശിഷ്ടകാലം ഒടുക്കട്ടെ. ശ്രമിക്കേണ്ടത് പുതു തലമുറയ്ക്കെങ്കിലും നല്ല വഴി കാട്ടാനാണ്. അതിന് നല്ല വഴി അറിയാവുന്നവര്‍ എത്ര?!!!. എട്ടില്‍ പഠിക്കുന്ന എട്ടും പൊട്ടും തിരിയാത്ത ആണ്‍‌കുട്ടിയും പെണ്‍‌കുട്ടിയും പാഠപുസ്തകത്തിന്റെ പൊതിച്ചിലില്‍ സൂക്ഷിച്ച നീലച്ചിത്രവുമായി വീടു പറ്റുന്നുവെന്നതാണ് ഭയത്തോടെ കാണാന്‍ സദാചാരികള്‍ക്ക് കണ്ണുണ്ടാവണം. അതിനു പരിഹാരം നിര്‍ദ്ദേശിക്കാനോ ലൈംഗിക വിദ്യാഭ്യാസത്തിലൂടെ അവരുടെ അറിവില്ലായ്മകള്‍ക്കും അപക്വതകൊണ്ടുള്ള കൌതുക ബുദ്ധിയ്ക്കും കടിഞ്ഞാണിടാനോ ഒക്കെയാവണം ഒരോ വ്യക്തിയും അല്ലെങ്കിൽ സമൂഹം തന്നെയും ശ്രമിക്കേണ്ടത്. പഠിക്കേണ്ടതും ജീവിതം അറിയേണ്ടതുമായ കാലത്ത് ‘നീലനിറമുള്ള’ബുദ്ധിയുമായി സമയം പോക്കിയാൽ സ്വന്തം ഭാവി മാത്രമല്ല സമൂഹത്തിന്റെ ഭാവിയും ഇരുളടഞ്ഞതാവുമെന്ന് ഇവരെ ആരാണ് ഓര്‍മ്മിപ്പിക്കേണ്ടത്? നാളെയുടെ ഭരണയന്ത്രം തിരിക്കേണ്ട കുട്ടികള്‍ നീലച്ചിത്രത്തിന്റെ സി.ഡി സുദര്‍ശന ചക്രം പോലെ ചൂണ്ടുവിരലില്‍ തിരിക്കുന്നു. അമ്മയും പെങ്ങളുമൊക്കെ മാഞ്ഞ് മുന്നില്‍ ‘പെണ്ണിറച്ചി’ മാത്രം ദര്‍ശിക്കുന്ന പുതുതലമുറ നമുക്ക് വേണ്ട. കാര്യങ്ങള്‍ ആരും തുറന്നു പറയുന്നില്ല. ചര്‍ച്ചകളും ചിന്തകളും ഉണ്ടാവുന്നില്ല. നന്നാവാനും നന്നാക്കാനും ശ്രമിക്കാതെ സമൂഹം ഉടുതുണി ഉരിയുന്നവന്റെ പിന്നാലെ മാത്രം കൂടുന്നു. കഷ്ടം.

ഉണ്ണിത്താന്‍ രാഷ്ട്രീയക്കാരനല്ലേ, ഖദര്‍ ധാരിയല്ലേ, പൊതുജനസേവകനല്ലേ, ആദര്‍ശശുദ്ധി പാലിക്കേണ്ടവനല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ വിലപ്പോവില്ല. രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും യാതൊരു മമതയും പ്രകടിപ്പിക്കാത്തവരാണ് ഇന്നത്തെ സമൂഹം. പ്രത്യേകിച്ച് യുവതലമുറ. രാഷ്ട്രീയക്കാരെയെന്നല്ല ആരെയും ആരും മാതൃകയാക്കാനും പോവുന്നില്ല. ഇവിടെ പൊതുപ്രവർത്തനം എന്നതും ഒരു ഉപജീവനമാർഗ്ഗമാണെന്ന് ആർക്കാണറിയാത്തത്? ആദര്‍ശവും വ്യക്തിശുദ്ധിയും സാമൂഹിക ബോധവും നന്മയും മനുഷത്വവും സ്നേഹവുമൊക്കെ ഉണ്ണിത്താനും ഉണ്ണിത്താനെ പിടിച്ചവര്‍ക്കും എനിക്കും നിങ്ങള്‍ക്കും ഒക്കെ ഉണ്ടാവണം. അതുകൊണ്ട് ഉണ്ണിത്താനെ നമുക്ക് വെറുതേ വിടാം. കോടതിയ്ക്കും അതുതന്നെയെ ചെയ്യാനുണ്ടാവൂ..


2012-ല്‍ ലോകം അവസാനിക്കുന്നില്ലെങ്കില്‍ പിന്നെയും ബാക്കിയാവുന്ന ലോകത്തിനും തലമുറയ്ക്കുമായി എന്തെങ്കിലും നന്മ ചെയ്യാന്‍ നമുക്ക് ശ്രമിക്കാം. തോന്നലുകള്‍ കുറിക്കാനല്ലാതെ പരിഹാരനിര്‍ദ്ദേശത്തിന് പ്രാപ്തിയില്ലാത്തവനാണല്ലോ ഈ ലേഖകനെന്നോര്‍ത്ത് സ്വയം തലകുനിയ്ക്കുന്നു. എങ്കിലും വാത്സ്യായന മഹർഷിയെ മനസ്സിൽ ധ്യാനിച്ച് ചില ചിന്തകൾ പങ്കുവയ്ക്കാം.

ലൈംഗികത എന്നാൽ ഏറ്റവും രസകരവും ആസ്വാദ്യകരവും ഒട്ടും മുഷിപ്പിക്കാത്തതുമായ സംഗതിയാണെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ ലേഖകൻ അവകാശപ്പെടുന്നു. തന്റെ സ്നേഹം പ്രകടിപ്പിക്കാൻ മതിയായ വാക്കുകൾ കിട്ടാതെ വരുമ്പോൾ ഒരുവൻ തന്റെ പ്രണയിനിയോട് കാണിക്കുന്ന കസർത്താണ് സെക്സ് എന്നും വേണമെങ്കിൽ പറയാം . അപ്പോൾ സെക്സ് ആസ്വദിക്കാൻ വേണ്ടത് പ്രണയമുള്ള ഒരു മനസ്സാണ്. ഹൃദയം നിറയെ പ്രണയവും മനസ്സു നിറയെ ഭാവനയും മാത്രമാണ് നല്ലൊരു ലൈംഗിക ബന്ധത്തിനു വേണ്ട മൂലധനം. (സെക്സ് ഗുസ്റ്റിയല്ല. കിടപ്പറ ഗോധയും. അതിനാൽ സെക്സിലേർപ്പെടുന്നവന് 6 പൊതി മസിലിന്റെ പോലും ആവശ്യമില്ലെന്ന് ഓർക്കുക. - സൽമാൻ ഖാന് ഈ തിരിച്ചറിവ് എത്രയും വേഗം ലഭിക്കട്ടെ ).

രണ്ടുപേർ തമ്മിൽ അത്മാർത്ഥമായി പ്രണയിക്കുന്നുവെങ്കിൽ, അവർക്കിടയിൽ ശാരീരിക ബന്ധവും ഉണ്ടായെന്നു വരാം. അത് കേവലം രണ്ട് വ്യക്തികളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യമാണ്. അവരുടെ പ്രണയത്തിന് ലഭിക്കേണ്ട അവകാശവുമാണ്. അതിനാൽ മറ്റൊരുവന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് ഉളിഞ്ഞു നോക്കി സമയം കളയാതെ നമുക്ക് പ്രണയിക്കാൻ ശീലിയ്ക്കാം.

- പ്രണയാനന്തരം?
- ഭോഗം!
അതു തന്നെ.

(സമൂഹത്തിലെ മിക്ക പ്രശ്നത്തിന്റെയും പ്രധാന കാരണങ്ങൾ പ്രണയരാഹിത്യവും അസംതൃപ്തമായ ലൈംഗിക ജീവിതവുമാവുമോ?)

-------------------------------------------------------------
എല്ലാ ഭോഗികൾക്കും ഈ ‘ഭോങ്ങന്റെ’ പുതുവത്സരാശംസകൾ.

Tuesday, December 1, 2009

ബ്ലോഗനയിലെ തീവണ്ടി !

മാതൃഭൂമി ആഴ്ചപ്പതിപ്പിന് നന്ദി.

എന്റെ ബ്ലോഗ് വായിക്കാനും
അഭിപ്രായമറിയിക്കാനും
സമയം കണ്ടെത്തുന്ന
സുമനസ്സുകള്‍ക്കും നന്ദി.

എന്നെ പ്രോത്സാഹിപ്പിയ്ക്കുകയും
നല്ല നിര്‍ദ്ദേശങ്ങള്‍ നല്‍കി
എന്റെ എഴുത്തിനെ മെച്ചപ്പെടുത്താന്‍
സഹായിയ്ക്കുകയും ചെയ്യുന്ന
സഹ ബ്ലോഗര്‍മാര്‍ക്കും നന്ദി.

എന്തിനേറെ,
പോങ്ങുമ്മൂട്ടിലേയ്ക്ക്
ഒറ്റ ബ്ലോഗിണിമാര്‍ പോലും
തിരിഞ്ഞുനോക്കുന്നില്ലെന്നതില്‍
മനം നൊന്തുകഴിയുമ്പോഴും;
യാതൊരു ഉളുപ്പുമില്ലാതെ
നിരന്തരം പോസ്റ്റുകള്‍ കുറിയ്ക്കുന്ന
എനിയ്ക്കുപോലും ഞാന്‍ നന്ദി പറയുന്നു.

ഒരിക്കല്‍ കൂടി എന്റെ ഒരു പോസ്റ്റ് ബ്ലോഗനയില്‍ വന്നിരിയ്ക്കുന്നു.
സന്തോഷം. നന്ദി

സ്നേഹപൂര്‍വ്വം
പോങ്ങു
Thursday, November 26, 2009

ബ്ലോഗാറ്റിന്‍‌കര - ഒന്നാം ഭാഗം

പ്രഭാതം ലോഡായിക്കൊണ്ടിരുന്ന ഒരു സമയത്താണ് അനോണിയായി അയാള്‍ ടെക്നിക്കല്‍ സ്കൂളിനു മുന്നിലായി ബസ്സിറങ്ങുന്നത്. സ്വന്തം നാട്ടിലേയ്ക്ക് ഊരും പേരുമില്ലാത്തവനായി പ്രച്ഛന്ന വേഷത്തില്‍ ചെല്ലേണ്ടി വരുന്നതിലെ നൊമ്പരം അയാളുടെ കൃത്രിമദീക്ഷ വച്ച മുഖത്തിന്റെ വെളിവാകുന്ന പ്രദേശത്തില്‍ നിഴലിച്ചു കിടന്നിരുന്നു. അഞ്ച് മണിക്കൂര്‍ നീണ്ട യാത്ര സമ്മാനിച്ച ക്ഷീണമാറ്റാന്‍ അയാള്‍ അടുത്തുള്ള ചായക്കടയിലേയ്ക്ക് കയറി. സിഗരറ്റുപുകയില്‍ ചൂടുചായ അലിയിച്ചു കുടിക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ എതിര്‍വശത്തെ റോഡരികില്‍ പുതുതായി സ്ഥാപിച്ച മഞ്ഞ ബോര്‍ഡിലായിരുന്നു. അവിടെ കറുത്ത അക്ഷരത്തില്‍ ‘ബ്ലോഗാറ്റിന്‍‌കര- 2.കി.മീ’ എന്നെഴുതിയിരിക്കുന്നു!!!.

തന്റെ നാടായ പടിഞ്ഞാറ്റിന്‍‌കര. അതിന്ന് ‘ബ്ലോഗാറ്റിന്‍‌കര’യായിരിക്കുന്നു. വെറും മൂന്ന് മാസങ്ങള്‍ കൊണ്ട് വന്ന മാറ്റം. അത്ഭുതകരമായ മാറ്റം. - അയാള്‍ ചിന്തിച്ചു. സിഗരറ്റിന്റെയും ചായയുടെയും കാശുകൊടുക്കുമ്പോള്‍ അയാള്‍ കടക്കാരനോട് ‘ബ്ലോഗാറ്റിന്‍‌കര’യ്ക്ക് ഉടനെ ബസ്സുണ്ടാവുമോയെന്ന് ചോദിച്ചു.

‘ ഒരു മണിക്കൂറുകഴിഞ്ഞാ വണ്ടിയൊണ്ട്. ആഞ്ഞു നടന്നാ അര മണിക്കൂറുവേണ്ടല്ലോ അവിടെയെത്താന്‍. ‘ - ബാക്കി നല്‍കിക്കൊണ്ട് കടക്കാരന്‍ പറഞ്ഞു.

‘വളരെ ഉപകാരം. നടന്നോളാം’ - അയാള്‍ കടയ്ക്കു പുറത്തേയ്ക്കിറങ്ങി.

‘ അതേ ..കണ്ടിട്ടിവിടെ പുതിയതാന്നു തോന്നുന്നല്ലോ, എവിടുന്നാന്നു പറഞ്ഞില്ല. നിങ്ങളാരാ, എന്താ പേര്? ‘ - കടക്കാരന്റെ മൂന്നാല് ചോദ്യങ്ങള്‍ ഒറ്റക്കെട്ടായി അയാളെ തേടി ചെന്നു.

‘ കുറച്ച് ദൂരേന്നാ‍. അപരിചിതന്‍’ അയാള്‍ തിരിഞ്ഞു നോക്കാതെ മറുപടി പറഞ്ഞ് നടന്നു.

‘ അപരിചിതനോ!!, അങ്ങനെ ആര്‍ക്കെങ്കിലും പേരുണ്ടാവുമോ?’

‘ അത് വല്ല ബ്ലോഗറുമായിരും മത്തായിക്കുഞ്ഞേ ‘ - ചായ കുടിച്ചിരുന്ന ആരോ കടക്കാരന്റെ സംശയം ദൂരികരിച്ചതാണെന്ന് അയാള്‍ക്ക് മനസ്സിലായി. ബ്ലോഗാറ്റിന്‍‌കരയുടെ സമീപപ്രദേശത്തുള്ളവര്‍ പോലും ബ്ലോഗിനെക്കുറിച്ചും ബ്ലോഗറെക്കുറിച്ചുമൊക്കെ അറിവുള്ളവരായെന്ന വിവരം വിസ്മയത്തോടെ അയാള്‍ അറിഞ്ഞു.

കുത്തനെയുള്ള കയറ്റം കയറുമ്പോള്‍ അയാളുടെ മനസ്സില്‍ ത്രേസ്സ്യച്ചേടത്തിയുടെ ശബ്ദം ഒരശരീരി പോലെ മുഴങ്ങി.

“എന്റെ മാനേ, ഇഞ്ഞി ഒടനെയെങ്ങും നീ ഇങ്ങോട്ടൊന്നും വന്നേക്കല്ല്. ഒരുത്തനും നിന്നെ വെച്ചേക്കത്തില്ല. എന്റെ കെട്ടിയോന്റെ വലത്തേകാല് നാട്ടുകാര് തല്ലിയൊടിച്ചു കുഞ്ഞേ. ദോഷം പറയരുതല്ലോ അതിയാനത് വേണം കെട്ടോ. മനുഷേനേ മെനക്കെടുത്താതെ മൂലയ്ക്ക് കെടന്നോളുവല്ലോ. തല്ല് കൊള്ളുമ്പോ അതിയാന്‍, എന്റെ മാനേ..നീയാ ഇതിനൊക്കെ കാരണംന്നാ പറഞ്ഞത്. ഇന്നാള് നീ ഇവിടെ വന്ന് ആ കമ്പൂട്ടറേക്കുത്തി എന്തൊക്കെയോ അതിയാനെ പടിപ്പിച്ചില്ലേ. അതിപ്പിന്നെത്തുടങ്ങിയ പുകിലാ.. കഴിഞ്ഞദിവസം ആ ഇനാമ്പേച്ചിയെ റേഷന്‍ കടയ്ക്കലിട്ട് മരപ്പട്ടി കുത്തിയെന്നും കേട്ടു കൊച്ചേ. മരപ്പട്ടീടെ അനുഫവം ഇനാമ്പേച്ചി മോട്ടിച്ചെന്ന്. നല്ലപ്പം കേക്കുവാ കുഞ്ഞേ, ഒരുത്തന്റെ അനുഫവം മറ്റൊരുത്തന് മോട്ടിക്കാനുമ്മറ്റും പറ്റുവോ, വാ.. ആര്‍ക്കറിയാം. കരേലെല്ലാത്തിങ്ങക്കും പ്ലേഗായതാ ഈ കൊഴപ്പത്തിനൊക്കെ കാരണം , ഏതായാലും ന്റെ കുഞ്ഞേ... മാനിങ്ങോട്ടൊന്നും വന്നേക്കല്ല്...ചേടത്തി ഫോണിട്ടേക്കുവാ...“

ത്രേസ്യച്ചേടത്തിയുടെ ഭര്‍ത്താവാണ് ഇട്ടൂപ്പ് ചേട്ടന്‍. അയാളുടെ കാല് നാട്ടുകാര്‍ തല്ലിയൊടിച്ചെത്ര. സമാധാനപ്രിയരും ശാന്തരുമായിരുന്ന തന്റെ നാട്ടുകാര്‍ ഒരാളുടെ കാല് തല്ലിയൊടിക്കുകയോ? അതും എപ്പോഴും കാണുന്ന ഇട്ടൂപ്പ് ചേട്ടന്റെ. ദൈവം പോലും പൊറുക്കാന്‍ മടിയ്ക്കുന്ന എത്രയോ അനീതികള്‍ അയല്‍ക്കാരോടും നാട്ടുകാരോടും ആ മനുഷ്യന്‍ ചെയ്തിരിക്കുന്നു. അന്നൊന്നും ചെയ്യാന്‍ തോന്നാതിരുന്ന ‘സത്കര്‍മ്മം’ ഇപ്പോള്‍ നാട്ടുകാര്‍ എന്തിനുചെയ്തു. അപ്പോള്‍ പ്രശ്നം സങ്കീര്‍ണ്ണമാണ്. എന്താവും താന്‍ ചെയ്ത തെറ്റ്. ഇട്ടൂപ്പ് ചേട്ടന്‍ തല്ലുകൊള്ളുമ്പോള്‍ എന്തിനായിരിക്കും തന്റെ പേരു പറഞ്ഞത്? ആരാണ് മരപ്പട്ടി. ആരാവും ഈനാമ്പേച്ചി. ഒരാളുടെ അനുഭവം മറ്റൊരാള്‍ക്ക് മോഷ്ടിക്കാനാവുമോ? ചേടത്തിയുടെ ഫോണ്‍ വിളി മനസ്സിലുയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെങ്കില്‍ സ്നേഹിതരെ ആരെയെങ്കിലും കാണണം. ആരാവും ഇപ്പോള്‍ തന്റെ സ്നേഹിതര്‍. നാടൊട്ടുക്ക് ശത്രുക്കളാണെന്നല്ലേ ചേടത്തി പറഞ്ഞത്. ആപ്പിയെ കണ്ടുകിട്ടിയാ‍ല്‍ ഭാഗ്യം. അയാളെ വിശ്വസിക്കാം. ചതിക്കില്ല. എട്ടുമണി വരെ അയാള്‍ പിള്ളേച്ചന്റെ ചായക്കടയിലുണ്ടാവും. അയാളുടെ കാലുകള്‍ വേഗത്തില്‍ ചലിച്ചു. ഒരു പാടു ചോദ്യങ്ങളുടെ ഭാരവും പേറിയാണ് അയാളുടെ നടത്തം. ഒക്കെത്തിനും ഉത്തരം വേണം. തന്നെ ആരും തിരിച്ചറിയില്ലെന്ന വിശ്വാസം അയാളില്‍ ആശ്വാസം നിറച്ചു. വീട്ടമ്മമാരുടെ കണ്ണീര്‍ ഗ്രന്ഥികള്‍ക്ക് ഓവര്‍ടൈം പണികൊടുക്കുന്ന മെഗാ സീരിയലിന്റെ മേക്കപ്പ് മാനും സ്നേഹിതനുമായ അന്‍‌വര്‍ പട്ടാമ്പിയ്ക്ക് നന്ദി. അവനാണാല്ലോ തനിക്കുപോലും തിരിച്ചറിയാനാവാത്ത വിധം ഈ രൂപമാറ്റം നടത്തി തന്നത്. ആശ്വാസം ഒരു പുഞ്ചിരിയായി അയാളില്‍ വിടര്‍ന്നു.

ഇരുവശവും റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ റോഡിലൂടെ അതിവേഗം നടക്കുമ്പോള്‍ അയാള്‍ക്ക് ക്ഷീണം തോന്നിയില്ല. പ്രഭാതത്തിലെ മഞ്ഞുകണങ്ങള്‍ ഉന്മേഷത്തിന് ഇന്ധനമാവുന്നു. വൈയ്ക്കോല്‍ പാടം ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോള്‍ അയാള്‍ ഒരു നിമിഷം നിന്നു. പിന്നെ പോക്കറ്റില്‍ നിന്നും ഒരു നാണയത്തുട്ടെടുത്ത് ഭണ്ടാരത്തിലിട്ട് നടത്തം തുടര്‍ന്നു.


അയാള്‍ ഓര്‍ത്തു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ സനോണിയായി പടിഞ്ഞാറ്റിന്‍‌കരയിലേയ്ക്ക് പോയത്. അന്ന്, പതിവു നേരമ്പോക്കുകളും കള്ളുകുടിയും കൂട്ടുകാരൊത്തുള്ള കറക്കവും കഴിഞ്ഞ് രാത്രിയില്‍ വീട്ടിലെത്തുമ്പോള്‍ അയാളെ കാത്ത് ഇട്ടൂപ്പ് ചേട്ടന്‍ അവിടെയുണ്ട്. അയല്‍‌വാസി . പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന ദരിദ്രവാസി. അറുത്ത കൈയ്ക്ക് ഉപ്പു തേയ്ക്കാത്തവന്‍.- ഇട്ടൂപ്പ് ചേട്ടന്‍. താന്‍ വന്നവിവരമറിഞ്ഞുള്ള വരവാണ്.

അദ്ദേഹത്തെ കണ്ടപ്പോഴേ വരവ് ക്ഷേമാന്വേഷണത്തിനല്ലെന്ന് അയാള്‍ ഉറപ്പിച്ചു. കാറില്‍ നിന്നിറങ്ങി ഒരു മുട്ടന്‍ നമസ്കാരം ആ മാന്യദേഹത്തെ ലക്ഷ്യമാക്കി തൊടുത്തു. യഥാസ്ഥാനത്തുകൊണ്ട നമസ്കാരം ഒന്നു പുളഞ്ഞ് അവശതയോടെ നിലം പറ്റി. ഇത്തിരി കുശലപ്രശ്നങ്ങളും പിന്നെ, സ്റ്റേറ്റ്സില്‍ നഴ്സായി ജോലി ചെയ്യുന്ന, കടപ്ലാമറ്റത്തുകാരി പെങ്കൊച്ചിനെ കെട്ടി അവളോടൊപ്പം അമേരിക്കായ്ക്ക് പറന്ന തന്റെ കടിഞ്ഞൂല്‍ പുത്രന്‍ തോമസുകുട്ടിയുടെ സ്റ്റേറ്റ്സ് സമാചാരങ്ങളും ഒബാമയെ പ്രസിഡന്റാക്കുന്നതിലേയ്ക്ക് തോമസുകുട്ടി വഹിച്ച സ്തുത്യര്‍ഹമായ സേവനങ്ങളെക്കുറിച്ചും തൊണ്ടയിലെ ജലാംശം വറ്റും വരെ വിസ്തിരിച്ചതിനു പിന്നാലെ തന്റെ കൈ പിടിച്ച് മുറ്റത്തെ ഇരുട്ടിലേയ്ക്ക് നീങ്ങി നിന്ന് തല ഇരവശത്തേയ്ക്ക് വെട്ടിച്ചും ഇടയ്ക്കൊന്ന് പിന്നിലേയ്ക്ക് തിരിഞ്ഞു നോക്കിയും അതീവ രഹസ്യസ്വഭാവത്തോടെ ശബ്ദം താഴ്ത്തി ഇട്ടൂപ്പ് ചേട്ടന്‍ തന്നോട് ‘മാനേ, എന്നാ കിട്ടും ‘ !!! എന്ന് ചോദിച്ചതും അയാള്‍ ഓര്‍ത്തു.

“ ആര്‍ക്ക്; എവിടെ നിന്ന്;എന്തുകിട്ടുമോന്ന് ഇട്ടൂപ്പ് ചേട്ടാ ” - ശബ്ദത്തില്‍ ആശ്ചര്യം ആവശ്യത്തിന് കലര്‍ത്തി അയാള്‍ ചോദിച്ചു.

‘ അല്ല. ഈ മാതൃഫൂമീലൊക്കെ എഴുതിയാ എന്നാ കിട്ടും. ചിക്കിണി വല്ലോം തടയുവോ? ‘

സംഗതി അതാണ്. തോമസുകുട്ടിയുടെ അമേരിയ്ക്കന്‍ സമാചാരങ്ങള്‍ കേട്ട് തളര്‍ന്ന ഏതോ ദുര്‍ബ്ബല നിമിഷത്തില്‍ തന്റെ മകന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗന-യില്‍ എഴുതിയെന്ന വിവരം തെളിവു സഹിതം അയാളുടെ അമ്മയോ അച്ഛനോ ഇട്ടൂപ്പ് ചേട്ടന്‍ മുന്‍പാകെ നിരത്തിയിരിക്കണം. ഒരു കൌണ്ടര്‍ പൊങ്ങച്ചം.

മാതൃഭൂമിയില്‍ നിന്നും പ്രോത്സാഹനം മാത്രമേയുള്ളുവെന്ന് അദ്ദേഹത്തോട് അയാള്‍ പറഞ്ഞില്ല. പറഞ്ഞതിങ്ങനെയാണ്

“ അതായത് ഇട്ടൂപ്പ് ചേട്ടാ, 2 പേജ് കളര്‍ പരസ്യത്തിന് അവര്‍ വാങ്ങുന്നത് 1 ലക്ഷം രൂപയാണ്. എന്നാല്‍ നമ്മള്‍ കൊടുക്കുന്ന ആര്‍ട്ടിക്കിളിന് പേജൊന്നിന് 40,000 രൂപ വച്ച് 2 പേജിന് 80,000 രൂപ നമുക്ക് മാതൃഭൂമിയില്‍ നിന്ന് കിട്ടും. ഫിക്സഡ് റേറ്റാ. . ചൊവ്വാഴ്ച ആഴ്ചപ്പതിപ്പിറങ്ങും; കൃത്യം ബുധനാഴ്ച അങ്ങേയറ്റം വ്യാഴാഴ്ച നമ്മുടെ അക്കൌണ്ടില്‍ പണം വന്നിരിയ്ക്കും. “

നിലത്തേയ്ക്ക് കുന്തിച്ചിരുന്ന് താടിക്കൊരു കൈത്താങ്ങ് നല്‍കി ഇട്ടൂപ്പ് ചേട്ടന്‍ ചോദിച്ചു.

“ കൊച്ചേ, ഈ പറഞ്ഞ സാധനം എല്ലാര്‍ക്കും എഴുതികൊടുക്കാവോ? “

“ ഏത് പുല്ലനും”

“എനിക്കും?”

“സംശയമെന്ത്”

“എന്നാ നീ അതിന്റെ ഗുട്ടന്‍സ് എനിക്കൊന്നു പറഞ്ഞു താ“

“നാളെ ഞാന്‍ ചേട്ടന്റെ വീട്ടിലേയ്ക്ക് വരാം. കമ്പ്യൂട്ടറിനു മുന്നിലിരുന്നാവുമ്പോള്‍ ഗുട്ടന്‍സ് പെട്ടെന്ന് പിടികിട്ടും.“

പിറ്റേന്ന് അയാള്‍ ഇട്ടൂപ്പ് ചേട്ടന്റെ വീട്ടില്‍ പോയി. പടിഞ്ഞാറ്റിന്‍‌കരയില്‍ കമ്പ്യൂട്ടറുള്ള ഏക വീടാണ് ഇട്ടൂപ്പ് ചേട്ടന്റേത്. ഒരു മാസം 2000 ഡോളര്‍ തോമസുകുട്ടി ഇട്ടൂപ്പ് ചേട്ടന് അയച്ചുകൊടുക്കുമെത്ര. മകനും മരുമകളുമായി ‘കണ്ട് സംസാരിക്കാനാണ് ‘ കമ്പ്യൂട്ടര്‍ വാങ്ങിയത്. ബന്ധുവായ ദേവസ്യയുടെ മകന്‍ മനീഷാണ് ‘സുനാമണി’ പ്രവര്‍ത്തിപ്പിക്കാന്‍ പഠിപ്പിച്ചുകൊടുത്തതെത്രെ!

ത്രേസ്യച്ചേടത്തി നല്‍കിയ പാല്‍ക്കാപ്പി കുടിച്ചും കാച്ചിലു പുഴുങ്ങിയത് മുളകുകറിയില്‍ മുക്കി തിന്നുകൊണ്ടും അയാള്‍ ഇട്ടൂപ്പുചേട്ടന് ബ്ലോഗിങ്ങിന്റെ ബാല പാഠങ്ങളും മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള വിദ്യകളും പഠിപ്പിച്ചുകൊടുത്തു. പിന്നെ, അവിടെ നിന്ന് മടങ്ങും മുന്‍പേ, അദ്ദേഹത്തിന്റെ സ്വാഭാവം കണക്കിലെടുത്ത് ‘പരമതെണ്ടി. ബ്ലോഗ്സ്പോട്ട്.കോം’ എന്ന പേരില്‍ ഒരു ബ്ലോഗും അയാള്‍ അദ്ദേഹത്തിനായി സൃഷ്ടിച്ചു കൊടുത്തു. ബ്ലോഗ് എന്നാല്‍ സാഹിത്യമെഴുതാനുള്ളതല്ലെന്നും ഒരു ഡയറിക്കുറിപ്പുപോലെയോ അല്ലെങ്കില്‍ രസം ജനിപ്പിക്കുന്ന, നര്‍മ്മരസം തുളുമ്പുന്ന ചില കഥയില്ലായ്മകളും നേരമ്പോക്കുകളും ആഴമില്ലാത്ത ചിന്തകളും മാത്രമെഴുതാനുള്ള ഒരു ക്ണാപ്പ് സംഗതി മാത്രമാണ് ബ്ലോഗെന്നുംകൂടി പറഞ്ഞുകേട്ടപ്പോള്‍ ഇട്ടൂപ്പ് ചേട്ടന്റെ മുഖത്തുവിരിഞ്ഞ ആത്മവിശ്വാസം അയാള്‍ ഓര്‍ത്തെടുത്തു. കൂടാതെ, കോക്കസ്സ് രൂപീകരണം, ആരാധകരെ സൃഷ്ടിക്കല്‍, കമന്റ് നേടല്‍, ഇഷ്ടമില്ലാത്തവനെ അനോണിയായി ചെന്ന് തെറിപറഞ്ഞ് ഒതുക്കല്‍, വിവാദവിഷയങ്ങളില്‍ നിന്നും മനോഹരമായി, മെയ്‌വഴക്കത്തോടെ വഴുതിമാറുന്ന വിധം തുടങ്ങി ഒരുശരാശരി ബ്ലോ‍ഗര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം തന്നെ അയാള്‍ ഇട്ടൂപ്പ് ചേട്ടന് ചൊല്ലിക്കൊടുത്തു.
മനസ്സില്‍ തോന്നുന്നത് ബ്ലോഗില്‍ എഴുതുക. എങ്ങനെയെങ്കിലും അത് ബ്ലോഗനയില്‍ വരുത്തുക. അതുവഴി 80,000 രൂപ തന്റെ കീശയിലാക്കുക. ഇട്ടൂപ്പ് ചേട്ടന്റെ ചിന്തകള്‍ ഈ വഴിയ്ക്ക് സഞ്ചരിയ്ക്കുന്നതായി അദ്ദേഹത്തിന്റെ മുഖഭാവങ്ങള്‍ അയാളോട് പറഞ്ഞു.

ഓര്‍മ്മകള്‍ ഇത്രത്തോളമെത്തിയപ്പോഴേയ്ക്കും അയാള്‍ പിള്ളേച്ചന്റെ ചായക്കടയില്‍ എത്തിയിരുന്നു. പ്രതീക്ഷിച്ചപോലെ തന്നെ ആപ്പി അവിടെയുണ്ട്.


(ആരും തച്ചുകൊന്നില്ലെങ്കില്‍..... തുടരും)

Monday, November 23, 2009

പത്താം നിലയിലെ തീവണ്ടി; മുഴക്കുന്നത് നിസ്സഹായതയുടെ ചൂളംവിളി!
വിഷ്വല്‍ ഡ്രീംസിന്റെ ബാനറില്‍ ജോസ് തോമസ് നിര്‍മ്മിച്ച്, ഡെന്നീസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി ജോഷി മാത്യു സംവിധാനം ചെയ്ത ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയെക്കുറിച്ച് നന്നായി ആസ്വദിയ്ക്കാനും രസിയ്ക്കാനും കഴിയുന്ന ഒരു കൊച്ചുമലയാള സിനിമ എന്ന് ചുരുക്കത്തില്‍ പറയാമെന്നാണ് എനിയ്ക്കു തോന്നുന്നത്.

കലാകൌമുദിയില്‍, ഈ സിനിമയുടെ തിരക്കഥാകൃത്തുകൂടിയായ ഡെന്നീസ് ജോസഫ് എഴുതിയ ചെറുകഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയാണ് പത്താം നിലയിലെ തീവണ്ടി. മൂന്നു സംവിധായകര്‍ ഒത്തൊരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തം.

ചിത്തഭ്രമം (സ്കിസോഫ്രേനിയ) പിടിപെട്ട് ധര്‍മ്മാശുപത്രിയില്‍ കഴിയുന്ന ശങ്കരനാരായണന്‍(ഇന്നസെന്റ്) എന്ന റെയില്‍‌വേ ഗാംഗ്‌മാന്‍ തന്റെ മകനായ രാമുവിന് (ജയസൂര്യ)അയയ്ക്കുന്ന കത്തുകളിലൂടെ വികസിയ്ക്കുന്നതാണ് ഈ സിനിമ. ഇന്നസെന്റ് എന്ന നടന്റെ അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമുറ്റ കഥാപാത്രമായിരിയ്ക്കും ഇതിലെ ശങ്കരനാരായണന്‍. ഈ ചിത്രത്തിലൂടെ ഇന്നസെന്റ് അഭിനയത്തിന്റെ ഉത്തുംഗശൃംഗങ്ങള്‍ കീഴടക്കുന്നുവെന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തി ആവില്ല. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ നല്‍കുന്ന ദുരിതങ്ങളും ചിത്തഭ്രമത്താലുള്ള ഒരുവന്റെ അസ്വസ്ഥതയും ഒറ്റപ്പെടുന്നവന്റെ നിസ്സഹായതയുമൊക്കെ വളരെ തന്മയത്വത്തോടെ അവതരിപ്പിയ്ക്കാന്‍ ഇന്നസെന്റ് എന്ന നടന് സാധിച്ചിരിയ്ക്കുന്നു.


ജയസൂര്യ, അനൂപ് മേനോന്‍, വിജയരാഘവന്‍, ജഗന്നാഥന്‍, മീര നന്ദന്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ സംഗീതസംവിധാനവും എസ്.പി വെങ്കിടേഷിന്റെ പശ്ചാത്തല സംഗീതവും പ്രമേയത്തോട് ആശ്ചര്യകരമാം വിധം ഇഴുകിച്ചേരുന്നുവെന്നും പറയാതെ പോവുന്നത് ശരിയല്ല.

അങ്ങനെ ഏത് രീതിയില്‍ നോക്കിയാലും ശരാശരി സിനിമയ്ക്കും വളരെ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഈ കൊച്ചു സിനിമയ്ക്കുനേരേ; എന്തിന്, പണം മുടക്കി ചിത്രം കാണുന്ന ഏതു പ്രേക്ഷകനും ദൃശ്യഭാഷയുടെ വേറിട്ടൊരു അനുഭവം നല്‍കുന്ന ഈ സുന്ദരചിത്രത്തിനു നേരേ, പ്രേക്ഷകര്‍ മുഖം തിരിയ്ക്കുന്നുവെന്നത് നിരാശാജനകമാണ്.


കഥയില്ലായ്മകളും അമാനുഷിക കഥാപാത്രങ്ങളും അനാവശ്യ വിവാദങ്ങളും താരവാഴ്ചയും സംഘടനാ ബാഹുല്യവുമൊക്കെ അരങ്ങു തകര്‍ക്കുന്ന മലയാള സിനിമാലോകത്തുനിന്നും മനുഷ്യബന്ധങ്ങളുടെ വൈകാരിക തീവ്രത അതിന്റെ പാരമ്യതയില്‍ അവതരിപ്പിച്ചുകൊണ്ട് ഒരു സിനിമ പ്രേക്ഷകരെ തേടി തീയേറ്ററുകളിലെത്തുമ്പോള്‍ ആ സിനിമയ്ക്ക് മുടക്കുമുതലെങ്കിലും തിരിച്ച് ലഭ്യമാകും വിധം പ്രോത്സാഹിപ്പിയ്ക്കാന്‍ സിനിമാപ്രേമികള്‍ക്ക് ബാധ്യതയുണ്ടെന്ന് തോന്നുന്നു. ഞാനിതു പറയാന്‍ കാരണം ഈ ചിത്രത്തിനു നേരേയുള്ള പ്രേക്ഷകരുടെ സമീപനം കണ്ടാണ്.

തിരുവനന്തപുരത്തെ കൈരളി / ശ്രീ തീയേറ്ററുകളിലെ ശ്രീയിലാണ് ഈ ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്. വ്യാഴാഴ്ച ഫസ്റ്റ് ഷോ കാണാനായി ഞാന്‍ തീയേറ്ററില്‍ എത്തി. അന്‍പതില്‍ താഴെ മാത്രം വരുന്ന ആളുകള്‍ മുറ്റത്ത് അങ്ങിങ്ങായി ചിതറി നില്‍ക്കുന്നു. ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ആള്‍ക്കാര്‍ ക്യൂ നിന്നുതുടങ്ങി. ഞാന്‍ ശ്രീ തീയ്യേറ്ററിന്റെ കൌണ്ടറില്‍ ഒറ്റയ്ക്കാണ്. എന്നുവച്ചാല്‍ എനിയ്ക്കു പിന്നില്‍ ആരുമില്ല എന്നുതന്നെ അര്‍ത്ഥം. ക്യൂ കൈരളി തീയേറ്ററിന്റെ കൌണ്ടറില്‍ മാത്രം. അവിടെ കളിക്കുന്ന പടം ‘സിംഹക്കുട്ടി’!! അല്ലു അര്‍ജ്ജുന്‍ എന്ന നടന്റെ ഒരു പഴയ തെലുങ്കു ചിത്രം. ഇപ്പോള്‍ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്തുവന്നതാണിത്. അല്ലു അര്‍ജ്ജുന് ഇവിടെ തിരുവനന്തപുരത്തും ശക്തമായ ഫാന്‍സ് അസോസിയേഷനുണ്ടെന്ന് മുറ്റത്തു വച്ച ഫ്ലെക്സ് ബോര്‍ഡ് നമ്മോട് പറയുന്നുണ്ട്.

എനിയ്ക്ക് മാത്രമായി ടിക്കറ്റ് തരാന്‍ കഴിയില്ലെന്ന് ടിക്കറ്റ് വിതരണക്കാരന്‍. ഈ സിനിമ കാണാന്‍ ആളില്ലാതിരുന്നതുകൊണ്ട് അന്നേ ദിവസം മാറ്റിനി ഷോ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തില്‍ നിന്നും അറിയാനും കഴിഞ്ഞു. കുറഞ്ഞത് 5 പേരെങ്കിലും ഇല്ലാതെ എങ്ങനെ ഷോ തുടങ്ങും എന്ന ആ മനുഷ്യന്റെ ചോദ്യം ന്യായവുമാണ്. കുറച്ച് സമയം കൂടി ഞാനവിടെ നിന്നു. എന്റെ ഭാഗ്യമായി നടന്‍ ഇന്ദ്രന്‍സ് ഈ സിനിമ കാണാന്‍ വന്നു. ഞങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചു.


ഇപ്പോള്‍ തീയേറ്ററില്‍ ഞാനും ഇന്ദ്രന്‍സും മാത്രം. ‘ശുദ്ധരില്‍ ശുദ്ധന്‍‘ തന്നെയാണ് ഈ ചെറിയ,വലിയ മനുഷ്യനെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന സംസാരം. സിനിമ തുടങ്ങുമ്പോഴേയ്ക്ക് ഞങ്ങളുള്‍പ്പെടെ 8 പേര്‍ കാഴ്ചക്കാരായി എത്തിയിരുന്നു. മാറ്റിനി ഷോയില്‍ നിന്നും പിരിഞ്ഞുകിട്ടിയത് 320 രൂപ. കഷ്ടം എന്നല്ലാതെ എന്തുപറയാന്‍. ഇത്രയ്ക്ക് മോശം പ്രതികരണം നേരിടേണ്ട ഒരു സിനിമയല്ല സ്നേഹിതരേ ‘പത്താം നിലയിലെ തീവണ്ടി’.

50 ലക്ഷം രൂപ പോലും മുതല്‍മുടക്കില്ലാത്ത, നന്നായി ആസ്വദിയ്ക്കാനാവുന്ന ഒരു നല്ല മലയാള ചലച്ചിത്രത്തിന് എന്തുകൊണ്ടാണ് പ്രേക്ഷകര്‍ ഇത്ര ക്രൂരമായ ശിക്ഷ നല്‍കുന്നത്. മലയാള സിനിമയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് വിലപിച്ചുനടന്നവരെ/നടക്കുന്നവരെ തീയേറ്ററിന്റെ പരിസരത്തുപോലും കാണാനില്ല. എന്തിന് നിരൂപകരെയോ വിമര്‍ശകരെയോ പോലും ഈ സിനിമ കളിക്കുന്ന തീയേറ്ററിന്റെ പരിസരത്ത് കാണാനാവില്ല. ചിലപ്പോള്‍ അവര്‍ സിംഹക്കുട്ടിയുടെ ‘മൊഴിമാറ്റിയുള്ള ഗര്‍ജ്ജനമാസ്വദിച്ച് ‘ ഇരിക്കുകയുമാവും. ഇനി അവര്‍ എഴുതും മലയാള സിനിമ ഊര്‍ദ്ധ്വന്‍ വലിക്കുന്നുവെന്ന്. കഥാദാരിദ്ര്യം മലയാള സിനിമയെ കാര്‍ന്നു തിന്നുന്നുവെന്ന്. മൊഴിമാറ്റ ചിത്രങ്ങള്‍ പണം വാരുന്നതിനെതിരെ വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ ഇനിയും പത്രത്താളുകളില്‍ ഇടം പിടിക്കുകയും ചെയ്യും.

മലയാള സിനിമയെ രക്ഷിയ്ക്കാന്‍ മൊഴിമാറ്റ ചിത്രങ്ങളും മറ്റ് അന്യഭാഷാചിത്രങ്ങളും നിരോധിയ്ക്കണമെന്നു പറയുന്നത് പുതിയ താരങ്ങള്‍ക്ക് ഉയര്‍ന്നുവരാന്‍ മമ്മൂട്ടിയും മോഹന്‍‌ലാലും സിനിമയില്‍ നിന്നും മാറി നില്‍‌ക്കണമെന്ന് പറയും പോലെ ബാലിശമാണ്. അത്രതന്നെ വിവരക്കേടുമാണ്. എന്നാല്‍ മലയാള സിനിമയുടെ കഥാദാരിദ്ര്യത്തെക്കുറിച്ചും നിലവാരത്തകര്‍ച്ചയെക്കുറിച്ചും വാതോരാതെ ചര്‍ച്ച നടക്കുന്ന ഈ നാട്ടില്‍ ഇതുപോലൊരു നല്ല സിനിമ ഉണ്ടാവുകയും അത് കാണാന്‍ ആളില്ലാതെ പോവുകയും അതേസമയം മൊഴിമാറ്റ ചിത്രങ്ങള്‍ പ്രേക്ഷകരുടെ കീശയും മനവും കവരുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? കുഴപ്പം സിനിമയുടെ ജാതകത്തിനോ അതോ പ്രേക്ഷകരുടെ മനോഭാവത്തിനോ? ആരാണ് ഉത്തരം നല്‍കേണ്ടത്?


ഏതൊരു പ്രോഡക്ടും അത് സിനിമയാവട്ടെ, തുള്ളി നീലമാവട്ടെ വില്‍ക്കണമെങ്കില്‍ പരസ്യം വേണം. അപ്പോള്‍ ‘പത്താം നിലയിലെ തീവണ്ടി’ എന്ന സിനിമയുടെ പരസ്യത്തിലേയ്ക്ക് വരാം. ‘പത്താം നിലയിലെ തീവണ്ടി‘ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കണ്ടാല്‍ ഒരേപോലെ നമുക്ക് മനസ്സിലാവും ഈ ചിത്രത്തിന്റെ കലാപരമായ മൂല്യവും ഒപ്പം സാമ്പത്തികമായ ദാരിദ്ര്യവും. സോഡാ/മിനറല്‍ വാട്ടര്‍ കമ്പനിക്കാരന്റെ പണം വേണ്ടി വന്നു ഈ സിനിമയുടെ തുച്ഛമായ പോസ്റ്റര്‍ പോലും അച്ചടിപ്പിക്കാന്‍. സിനിമയുടെ പ്രമേയത്തോട് നീതി പുലര്‍ത്തുന്ന ഡിസൈനുകളാണ് ‘ഗായത്രി’യില്‍ നിന്നും പുറത്തുവന്നത്. എന്നാല്‍ ആ പോസ്റ്റര്‍ പ്രിന്റ് ചെയ്യാന്‍, നായകനടന്റെ വലിപ്പത്തില്‍ മിനറല്‍ വാട്ടറിന്റെ കുപ്പി തന്നെ പ്രദര്‍ശിപ്പിക്കേണ്ടി വന്നു. ചുരുക്കത്തില്‍ ‘പത്താം നിലയിലെ തീവണ്ടി’ സോഡാക്കമ്പനിയുടെ പരസ്യപോസ്റ്ററായി മാറുന്ന ഗതികെട്ട അവസ്ഥയും സിനിമാപ്രേമികള്‍ കണ്ടു.

ഒരു നല്ല സിനിമ ഇങ്ങനെ തകര്‍ന്ന് തരിപ്പണമാവുമ്പോള്‍ സിനിമയെസ്നേഹിയ്ക്കുന്ന എതൊരാള്‍ക്കും നിരാശ തോന്നുക സ്വാഭാവികമാണ്. എനിയ്ക്കും നിരാശ തോന്നുന്നു. പത്താം നിലായിലെ തിവണ്ടി മുഴക്കുന്നത് നിസ്സഹായതയുടെ ചൂളം വിളിയാണ്. അത് ഏറെക്കാലം പ്രേക്ഷകരുടെ തലച്ചോറില്‍ കുറ്റബോധത്തിന്റെ സ്വരമായി മുഴങ്ങും!

Friday, November 13, 2009

ആരോഗ്യശ്രീമതിയുടെ അനാരോഗ്യാംഗലേയം!!

പരസ്പരമുള്ള ആശയവിനിമയത്തെ സാധ്യമാക്കിത്തരുന്ന ഒരു മാധ്യമത്തെയാണ് ഭാഷ എന്നു വിളിയ്ക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. എനിയ്ക്കും. സകല ജീവജാലങ്ങള്‍ക്കും അവരവരുടേതായ ഒരു ഭാഷയുണ്ട്. അത് ശബ്ദത്തിലൂടെയോ, സ്പര്‍ശനത്തിലൂടെയോ ആംഗ്യത്തിലൂടെയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സൂചനകളിലൂടെയോ ആവാം. ഏത് രീതിയിലായാലും ഭാഷയുടെ ധര്‍മ്മം ആശയവിനിമയം തന്നെ.

പ്രാദേശികഭേദത്തിനനുസരിച്ച് ഭാഷയില്‍, പ്രത്യേകിച്ച് സംസാരഭാഷയില്‍ വ്യത്യാസം വരുന്നു. വ്യത്യസ്തമായ ലിപികളില്‍ വ്യത്യസ്തമായ ഭാഷകള്‍ അനേകം ഈ ഭൂമുഖത്തുണ്ട്. എന്നാല്‍ അവയില്‍ ഏറ്റവും മുന്തിയത് അല്ലെങ്കില്‍ ഏറ്റവും കേമന്‍ ഏതെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? കൂടുതല്‍ ജനങ്ങള്‍ സംസാരിയ്ക്കുന്ന ഭാഷയാണോ കൂടുതല്‍ മഹത്വമുള്ള ഭാഷ. കുറച്ചുപേര്‍ സംസാ‍രിയ്ക്കുന്നതും സ്വന്തമായി ലിപികള്‍ ഇല്ലാത്തതുമായ ഭാഷകള്‍ ഭൂമുഖത്തുണ്ട്. അവയെ അധമമായി കണക്കാക്കാനുമാവുമോ?

ഏത് ഭാഷയിലായാലും മനുഷ്യര്‍ക്ക് പ്രകടിപ്പിക്കാനുള്ളത് ഒരേ വികാരങ്ങളാണ്. സ്നേഹം, ബഹുമാനം, ഇഷ്ടം, കാമം, കരുണ, ദയ , പക, വിദ്വേഷം, വെറുപ്പ്, പുച്ഛം, പരിഹാസം, നിന്ദ, അസൂയ, കുശുമ്പ്, പൊങ്ങച്ചം, അഹങ്കാരം അങ്ങനെ അങ്ങനെയെല്ലാം പ്രാദേശികഭേദമെന്യേ എല്ലാ മനുഷ്യരിലും ഒരുപോലെയാണ്. അത് വ്യത്യസ്തമായ ഭാഷയില്‍, ശൈലിയില്‍ ഒരോരുത്തരും പ്രകടിപ്പിക്കുന്നുവെന്ന് മാത്രം. സംസാരിയ്ക്കുന്ന ഭാഷയേക്കാള്‍ പ്രകടിപ്പിക്കുന്ന വികാരങ്ങളും ചെയ്യുന്ന പ്രവര്‍ത്തികളുമാണ് ഒരുവന്റെ മഹത്വം തീര്‍ച്ചയായും നിശ്ചയിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ സംസാരിക്കുന്ന ഭാഷയെ കണക്കാക്കി ബഹുമാനവും ആദരവും നല്‍കുന്ന പ്രവണത കൂടിക്കൂടി വരുന്നുവെന്ന് തര്‍ക്കബുദ്ധി കൂടാതെ ചിന്തിച്ചാല്‍ നമുക്ക് കാണാനാവും.

ഒരുകാലത്ത് നമ്മുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിഷേധിച്ചവരുടെ ഭാഷയായ ഇംഗ്ലീഷ് ഇന്ന് നമുക്ക് അഭിമാനവും ആദരവും ചുളിവില്‍ ലഭ്യമാക്കുന്ന ഭാഷയായി മാറിയിരിക്കുന്നു. എന്നാല്‍ ആ ഭാഷയെ ആവശ്യങ്ങളുടെയും ചുരുക്കത്തില്‍ നിവൃത്തികേടിന്റെയും അടയാളമായേ ഞാന്‍ കാണുന്നുള്ളു. 53-ലേറെ രാജ്യങ്ങളില്‍ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച ഇംഗ്ലീഷ് ഭാഷയെ നമുക്കൊരിക്കലും മാറ്റി നിര്‍ത്താനാവില്ല. അല്ലെങ്കില്‍ ഒരുഭാഷയെയും തൊട്ടുകൂടാത്തതായി പരിഗണിക്കേണ്ടതുമില്ല. കാരണം ആശയവിനിമയം മാത്രമാണല്ലോ ഭാഷയുടെ ധര്‍മ്മം. എന്നാല്‍ അതിലേറെ പ്രാധാന്യം ഒരു ഭാഷയ്ക്കും കല്പിച്ചു കൊടുക്കേണ്ടതില്ല. സംസാരിക്കുന്ന ഭാഷ ഒരു വ്യക്തിയുടെ അന്തസ്സിന്റെയും ആ അവ്യക്തിയുടെ മഹത്വത്തിന്റെയും അടയാളമല്ല. ഏത് ഭാഷയിലായാലും അയാള്‍ എന്ത് സംസാരിക്കുന്നു എന്നതാണ് ആ വ്യക്തിയെ ആദരണീയനോ അനാദരണീയനോ ആക്കേണ്ടത്.

ഇത്രയുമൊക്കെ ഞാന്‍ പറഞ്ഞുവന്നത് നമ്മുടെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറിന്റെ ഇംഗ്ലീഷിലുള്ള പ്രഭാഷണം കേള്‍ക്കാന്‍ ഇടയായതുകൊണ്ട് മാത്രമാണ്.

മനോരമ ചാനലിലെ ‘തിരുവാ എതിര്‍വാ’ എന്ന പരിപാടിയിലാണ് ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറിന്റെ ഇംഗ്ലീഷിലുള്ള പ്രസംഗം ഞാന്‍ ആദ്യമായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്. പിന്നീട്, ഒക്ടോബര്‍ 20-നോ മറ്റോ തിരുവനന്തപുരം ബ്ലോഗേഴ്സിന്റെ ഗൂഗിള്‍ ഗ്രൂപ്പില്‍ അതൊരു ചര്‍ച്ചയായി വന്നതും കണ്ടു. ഈ വീഡിയോയുടെ യൂട്യൂബ് ലിങ്ക് പ്രശസ്ത ബ്ലോഗറായ ശ്രീ. നന്ദകുമാര്‍ (നന്ദപര്‍വ്വം) എനിക്കയച്ചു തന്നതുവഴി ഇന്നലെ വീണ്ടും ഇതെന്റെ ശ്രദ്ധയില്‍ വന്നു.

“പണിക്കന്റെ പണി ബോധിച്ചു, പക്ഷേ നാളെ മുതലിനി പണിയ്ക്ക് വരേണ്ടതില്ല“ എന്ന് അധികാരികള്‍ പറയുന്നതും കാത്തിരിയ്ക്കയാല്‍ ഇതൊരു പോസ്റ്റാക്കാനുള്ള ധാരാളം സമയം എനിയ്ക്ക് ലഭിയ്ക്കുന്നു എന്നതുകൊണ്ടും കുമ്പസാരത്തിനുശേഷം സംഭവിച്ച ഇടവേളയെ മുറിയ്ക്കുന്നതിനു വേണ്ടിയും ഞാനിതൊരു പോസ്റ്റാക്കാന്‍ തീരുമാനിച്ചു.

എന്തുകൊണ്ടായിരിക്കാം ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷ് പ്രസംഗം ഇത്രയേറെ ശ്രദ്ധ പിടിച്ചുപറ്റിയത്. അല്ലെങ്കില്‍ ഇത്രയേറെ ചിരിയുണര്‍ത്തുന്നതും പരിഹസിയ്ക്കപ്പെടുന്നതും.
തീര്‍ച്ചയായും സംസാരിച്ച സമയമത്രയും ആംഗലേയഭാഷയെ ഇഞ്ചിഞ്ചായി അവര്‍ കൊല്ലുകയായിരുന്നു. ഇംഗ്ലീഷ് സംസാരിയ്ക്കാനറിയാത്ത എനിയ്ക്കുപോലും അവര്‍ പറയുന്നത് തെറ്റാണെന്ന് തോന്നിയിരുന്നു. ഏത് ഭാഷയാണെങ്കിലും അത് അര്‍ഹിക്കുന്ന ബഹുമാനവും ആദരവും ആ ഭാഷ ഉപയോഗിക്കുന്നവര്‍ അതിന് നല്‍കണം. അല്ലെങ്കില്‍ അതറിയാത്തത് പിള്ളയോ ടീച്ചറോ ആവട്ടെ ചൊറിയുമ്പോള്‍ അറിയും. ടീച്ചര്‍ക്കിപ്പോള്‍ നല്ല ചൊറിച്ചിലുണ്ടാവും. അതെ. അറിയാത്ത ടീച്ചറും ചൊറിയുമ്പോള്‍ അറിയും.

എന്തുകൊണ്ടാവും കേരളത്തില്‍ വച്ചു നടന്ന ഡോക്ടര്‍മാരുടെ ഒരു ചടങ്ങില്‍ ശ്രീമതി ടീച്ചര്‍ക്ക് ഇംഗ്ലീഷില്‍ ഒരു പ്രസംഗം നടത്തേണ്ടി വന്നത്. സദസ്സിലുള്ളവര്‍ മലയാളികളായിരുന്നില്ലേ? ആയിരുന്നു. എന്നിട്ടും അവര്‍ ഒരു സാഹസത്തിനു മുതിര്‍ന്നു.

ഇന്ത്യന്‍ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിലൊന്നാണ് മലയാളം. ഒപ്പം കേരള സംസ്ഥാനത്തിലെ ഭരണഭാ‍ഷയും സംസാരഭാഷയും. എന്നിട്ടും ശ്രീമതി ടീച്ചറിന് തനിക്കൊട്ടും വഴങ്ങില്ലെന്ന് ഉറപ്പുണ്ടായിരുന്ന ആംഗലേയം തന്നെ ഉരുവിടേണ്ടിവന്നു. ഇതിന്റെ കാരണമാണ് നമുക്കന്വേഷിക്കേണ്ടത്. ഗൂഗിള്‍ ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലെ ബഹുഭൂരിപക്ഷം അഭിപ്രായം ടീച്ചറായിരുന്നിട്ടും അവര്‍ക്ക് നന്നായി ഇംഗ്ലീഷ് സംസാരിക്കാനായില്ലല്ലോ എന്ന നിലയിലായിരുന്നു. അതല്ല പ്രശ്നം. കേരളത്തില്‍ ജനിച്ച് , ഭരിച്ച് ജീവിക്കുന്ന അവര്‍ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യമില്ലെന്നത് എന്നെ അലട്ടുന്നുമില്ല. അതില്‍ ഞാനവരെ ആക്ഷേപിക്കുന്നുമില്ല. പക്ഷേ, ഒരുത്തരം അവര്‍ തരേണ്ടതാണ്. എന്തിന് ശ്രീമതി ടീച്ചര്‍ മലയാളം ആ വേദിയില്‍ ഉപയോഗിച്ചില്ലാ എന്ന ചോദ്യത്തിന്.

ഇനി, മേല്‍ സൂചിപ്പിച്ചതുപോലെ, ഡോക്ടര്‍മാരുടെയൊക്കെ മുന്നിലാവുമ്പോള്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍മാത്രമേ ആദരവും ബഹുമാനവും മറ്റംഗീകാരങ്ങളും കിട്ടൂ എന്ന ധാരണയിലാണ് ടീച്ചര്‍ ഈ സാഹസത്തിനു മുതിര്‍ന്നതെങ്കില്‍ ഭവതി തീര്‍ത്തും തെറ്റായ ഒരു സന്ദേശമാണ് നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ക്കൂടി പറയുന്നു , ഒരുവന്റെ മഹത്വം ഏത് ഭാഷയില്‍ സംസാരിയ്ക്കുന്നു എന്നതിലല്ല എന്ത് സംസാരിയ്ക്കുന്നു എന്നതിലാണിരിയ്ക്കുന്നത്. അല്ലെങ്കില്‍ എന്തു ചെയ്യുന്നു എന്നതിലും. (പ്രവര്‍ത്തിയില്‍ ഭാഷയുടെ ആവശ്യമേ വരുന്നില്ലല്ലോ അല്ലേ?!!!)

ഞാന്‍ ഒരു മലയാള ഭാഷാ സ്നേഹിയൊന്നുമല്ല. ഭാഷയെ ഉദ്ധരിക്കേണ്ടതും വളര്‍ത്തേണ്ടതും പ്രചരിപ്പിക്കേണ്ടതും എന്റെ ഉത്തരവാദിത്വത്തില്‍ വരുന്നതുമല്ല. എനിക്ക് സംസാരിയ്ക്കാനാവുന്ന ഏക ഭാഷ മലയാളം മാത്രമാണെന്നതാണ് ഈ ഭാഷയോട് എനിക്കുള്ള കൂറ്. കാവ്യാ മാധവന്‍ വഴങ്ങാത്തതുകൊണ്ടുമാത്രം കൊച്ചു റാണിയില്‍ ഒതുങ്ങിക്കുടുന്നവന്റെ ഗതികേട്. ഇംഗ്ലീഷ് എനിക്ക് കീഴ്പ്പെടാത്തതിനാല്‍ (കീഴ്പ്പെടുത്താന്‍ ശ്രമിച്ചിട്ടുമില്ല) മലയാളം പറഞ്ഞും കേട്ടും മനസ്സിലാക്കിയും കേരളത്തിലൊതുങ്ങിക്കൂടി കുക്ഷി നിറയ്ക്കേണ്ടി വരുന്നവന്റെ നിവൃത്തികേട്. അങ്ങനെയൊരുവന് മലയാള ഭാഷയോട് പ്രത്യേകിച്ച് മമതയൊന്നുമുണ്ടാവില്ലല്ലോ. അതുകൊണ്ടുതന്നെ മലയാളം മറക്കുന്ന ശ്രീമതി ടീച്ചറിനെ വിമര്‍ശിക്കാന്‍ ധാര്‍മ്മികമായി എനിക്കവകാശമില്ല. എങ്കിലും ശ്രീമതി ടീച്ചറിനേപ്പൊലാരാള്‍ ഇംഗ്ലീഷിനെ അപമാനിയ്ക്കാനും മലയാളത്തെ അവഗണിയ്ക്കാനും മേലിലെങ്കിലും ശ്രമിക്കാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു.

എല്ലാ ഭാഷയ്ക്കും അതിന്റേതായ മാഹത്മ്യമുണ്ട്. ഏതൊരുവനും അവനവന്റെ മാതൃഭാഷയെ സ്നേഹിച്ചുകൊണ്ട് ഇതരഭാഷയെ സ്വീകരിയ്ക്കുന്നതാണ് നല്ലത്. ഒരു ഭാഷയ്ക്കും നമ്മളിലില്ലാത്ത മഹത്വം നമുക്ക് കല്പിച്ചു തരുവാനാവില്ല.


ശ്രീമതി ടീച്ചര്‍ക്ക് ഒരു സ്നേഹോപദേശം (തീര്‍ത്തും സൌജന്യമായി):

തിരുവനന്തപുരത്ത് ഗാന്ധാരിയമ്മന്‍ കോവിലിനിന്റെ അടുത്തായി ഒരു ‘ഇറാനിയന്‍ ടീച്ചര്‍’ ഇംഗ്ഗ്ലീഷ് സംസാരിയ്ക്കാന്‍ പഠിപ്പിയ്ക്കുന്നുണ്ട്. 2 മാസം കൊണ്ട് അവര്‍ നമ്മെ ആംഗലേയത്തില്‍ മനോഹരമായി സംസാരിയ്ക്കാറാക്കും. ഞാന്‍ ആ ടീച്ചറിന്റെ അടുത്ത് ഇംഗ്ലീഷ് പഠിയ്ക്കാന്‍ പോയിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും അവര്‍ മലയാളത്തില്‍ നല്ല ഫ്ലൂവന്റായി. അതില്പിന്നെ ഞാനങ്ങോട്ട് പോയിട്ടില്ല. പക്ഷേ, ടീച്ചര്‍ക്ക് കുറെയൊക്കെ സംസാരിയ്ക്കാനാവുന്നതുകൊണ്ടും തൊലിക്കട്ടി ഉള്ളതുകൊണ്ടും അവിടുത്തെ പഠനം ഉപകരിച്ചേക്കും. ലാല്‍ സലാം. സാറി... റെഡ് സല്യൂട്ട്..

Tuesday, October 20, 2009

കുമ്പസാരം

“ ഇംഗ്ലീഷ് ബ്ലോഗുകള്‍ സജീവമായി ഏറെ കഴിഞ്ഞാണ് മലയാള ഭാഷയുടെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് മലയാളത്തിലെ ‘ബ്ലോഗിങ് വിപ്ലവം’ അരങ്ങേറുന്നത്. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്ന് പലരാല്‍ സംഭാവനചെയ്യപ്പെട്ട തികച്ചും സ്വാഭാവികമായ പ്രക്രിയയായിരുന്നു അത്. വളരെ വൈകി മാത്രം സംഭവിച്ച ഒരു പ്രക്രിയയായതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷയിലെ ബ്ലോഗുകളോട് താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും അത് രൂപമെടുത്ത പശ്ചാത്തലവും മറ്റും മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. ആദ്യകാല ബ്ലോഗര്‍മാരില്‍ ഭൂരിഭാഗവും വിശാലമനസ്കന്‍, സങ്കുചിതമനസ്കന്‍, ഇടിവാള്‍, കുറുമാന്‍, സു, വാപ്പ, തീപ്പൊരി, ഇഞ്ചിപ്പെണ്ണ് എന്നിങ്ങനെ ഓമനപ്പേരുകളുടെ മറയ്ക്കു പിന്നില്‍ നിന്ന് എഴുതിത്തുടങ്ങിവരുമായിരുന്നു. അതുകൊണ്ടുതന്നെ സ്വകാര്യത നല്‍കുന്ന സ്വാതന്ത്ര്യം മലയാളം ബ്ലോഗിങ്ങിന്റെ സ്വഭാവത്തെയും ഭാഷയെയും സ്വാധീനിച്ചു. മുന്‍‌കാല ബ്ലോഗര്‍മാരില്‍ പലരുടെയും പേരുപോലെ തന്നെ സരസമായിരുന്നു അവരുടെ ഭാഷയും. ഒട്ടും ഗൌരവമല്ലാത്ത സാഹചര്യത്തില്‍ മുഖ്യമായും വിദേശ മലയാളികളുടെ വികാരവിചാരങ്ങളായിരുന്നു ആദ്യകാല ബ്ലോഗുകളുടെ ഉള്ളടക്കം. പിന്നീടു വന്ന ബ്ലോഗര്‍മാരില്‍ വ്യാജപേരുകളുള്ളവരുടെ എണ്ണം കൂടിവരികയും ഒട്ടും ഗൌരവമല്ലാത്ത ഭാഷ തന്നെ രൂപപ്പെടുകയും ചെയ്തു. ബ്ലോഗിലെ കള്ളപ്പേരുകള്‍ നല്‍കുന്ന വന്യമായ സ്വാതന്ത്ര്യത്തിനു പിന്നില്‍ നിന്ന് ഒരു തരം കുളിമുറിയെഴുത്തായി ബ്ലോഗിനെ സമീപിച്ചവരും കുറവല്ല. അതുകൊണ്ടുതന്നെ നവമാധ്യമമെന്ന നിലയില്‍ മലയാളം ബ്ലോഗുകള്‍ ഇപ്പോഴും ശൈശവദശയിലാണെന്നു പറഞ്ഞാല്‍ തെറ്റില്ല. അതേ സമയം തുടക്കം മുതല്‍ തന്നെ സ്വന്തം പേരില്‍ എഴുതുന്നവരും വിളിപ്പേരുകള്‍ക്ക് പിന്നില്‍ മറഞ്ഞുനിന്നവരുമായി ഒരു ചെറിയ വിഭാഗം ഗൌരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തവരുമുണ്ടായിരുന്നു. അവരുടെ പാത പിന്തുടരാന്‍ അധികമാരുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല അത്തരം പോസ്റ്റുകള്‍ പ്രോത്സാഹിപ്പിയ്ക്കപ്പെട്ടതുമില്ല. മുന്‍കാല ബ്ലോഗര്‍മാരില്‍ പലരും സജീവമല്ലാതായി. പിന്‍‌മൊഴി പോലുള്ള ഏകീകൃതസ്വഭാവമുള്ള ബ്ലോഗ് അഗ്രഗേറ്ററുകള്‍ പലതും പിന്‍‌വലിയുകയും ബ്ലോഗ് കൂട്ടായ്മയുടെ പേരില്‍ കുറുമുന്നണികള്‍ രൂപപ്പെടുകയും ചെയ്തു. ഈ അടുത്തകാലത്തായി മലയാളം ബ്ലോഗുകളുടെ എണ്ണത്തിലും ഗുനനിലവാരത്തിലും ഇടിവുണ്ടായെന്ന ആ‍ാരോപണം ഈ പശ്ചാത്തലവുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. “

ഇത്രയും കാര്യങ്ങളാണ് മലയാളം ബ്ലോഗിനെക്കുറിച്ച് ‘മാതൃഭൂമി ആഴ്ചപ്പതിപ്പ്’ 2009 ഒക്ടോബര്‍ 11 ലക്കത്തില്‍ ശ്രീ.ബി.എസ്. ബിമിനിത് എഴുതിയ ‘ഒന്നും സ്വകാര്യമല്ലാത്ത ഒരു ലോകം’ എന്ന ലേഖനത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. ലേഖകന്റെ ഈ നിരീക്ഷണത്തെ തീര്‍ത്തും അവഗണിച്ചു കളയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. എന്നാല്‍ ആ‍ാധികാരികമായി അതിനെക്കുറിച്ച് മറുപടി നല്‍കാനോ അഭിപ്രായം പറയാനോ എന്നെക്കൊണ്ട് സാധിക്കില്ല എന്ന് തുറന്നു സമ്മതിച്ചുകൊണ്ടും ഈ വിഷയത്തില്‍ ഓരോ ബ്ലോഗറിന്റെയും ബ്ലോഗ് വായനക്കാരന്റെയും കാഴ്ചപ്പാടുകള്‍ അറിയാന്‍ എനിക്ക് താല്പര്യമുണ്ടെന്നറിയിച്ചുകൊണ്ടും ഞാനിത് ഒരു പോസ്റ്റാക്കുന്നു.

ഈ ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ ബ്ലോഗെഴുത്തുകാരന്‍ എന്ന നിലയില്‍ വായനക്കാരോടും ബൂലോഗത്തോടുമുള്ള എന്റെ കുമ്പസാരമാണ് ഈ പോസ്റ്റ്.

ഒരു കാര്യം സത്യമാണ്. പ്രതിഭാധനന്മാരായ പല ബ്ലോഗ് എഴുത്തുകാരും ഇന്ന് ബൂലോഗത്ത് സജീവമല്ല. അത് ഈ മാധ്യമത്തിന്റെ ശക്തിക്ഷയത്തിന് ഒരു കാരണമാവുന്നുണ്ട്. ബൂലോഗത്തെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയെ പ്രതിനിധീകരിയ്ക്കുന്ന ഞാന്‍ ബൂലോഗത്തിന്റെ അപചയത്തിന് കാരണമായവരെ പ്രതിനിധീകരീക്കുന്ന ഒരു വ്യക്തിയുമാണ്. എങ്കിലും ബ്ലോഗറെന്ന നിലയില്‍ ബ്ലോഗ് എന്ന മാധ്യമത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എന്നാലാവുന്നത് ഞാന്‍ ചെയ്യേണ്ടതുണ്ട്. ആ തിരിച്ചറിവുകൊണ്ടാണ് ഈ ലേഖനം വായിച്ചതിനുശേഷം ഞാന്‍ ഒരു പോസ്റ്റുപോലും കുറിയ്ക്കാതിരുന്നത്. എന്നേപ്പോലൊരുവന്‍ എഴുതാതിരിയ്ക്കുന്നതും ഒരു സാഹിത്യ പ്രവര്‍ത്തനമാണ്. ആണ്!!.

ഞാനും ആദ്യകാലങ്ങളില്‍ നര്‍മ്മരസത്തെ കൂട്ടുപിട്ടിച്ച് പോസ്റ്റുകള്‍ എഴുതിയവനാണ്. ഒട്ടും ഗൌരവസ്വഭാവമില്ലാത്ത അറുവഷളന്‍ കുറിപ്പുകള്‍. വായനക്കാരെ ചിരിപ്പിക്കുന്നവര്‍ക്കും ചിരിപ്പിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൂം മാത്രമാണ് സ്വീകാര്യത ലഭിയ്ക്കുക എന്ന വിചാരത്തിലാണ് ഞാന്‍ അത്തരമൊരു ശ്രമത്തിന് മുതിര്‍ന്നത്. പേരും പ്രശസ്തിയും നേടുക എന്നതാണല്ലോ മിക്ക എഴുത്തുകാരുടെയും ബ്ലോഗര്‍മാരുടെയും ആഗ്രഹം. ഞാനും അങ്ങനെ ആഗ്രഹിച്ചിരുന്നു. ഈ നിമിഷം, ഇപ്പോള്‍ ഞാന്‍ പറയുന്നു അത്തരമൊരു ആഗ്രഹത്തെ ഞാന്‍ വെടിഞ്ഞിരിയ്ക്കുന്നുവെന്ന്. ഞാന്‍ പിന്‍‌വാങ്ങുന്നു. കാരണം ‘വിശാലമനസ്കനേക്കാള്‍’ നന്നായി തമാശ എഴുതാന്‍ ആവുന്നില്ലെങ്കില്‍ ‘നര്‍മ്മം’ എന്ന ലേബലില്‍ ഞാന്‍ ഒരു പോസ്റ്റ് ഇടുന്നതില്‍ അര്‍ത്ഥമില്ല എന്നു മാത്രമാണ് എന്റെ ചിന്ത. അതുപോലെ ആനുകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തിലൂടെയും അര്‍ഹിക്കുന്ന ഗൌരവത്തോടെയും സമീപിക്കുന്ന ബെര്‍ളി തോമസിനെ മാനിക്കാതിരിക്കുന്നതെങ്ങനെ? കുഴൂര്‍ വിത്സനെയും എതിരന്‍ കതിരവനെയും റാം മോഹന്‍ പാലിയത്തിനെയും കുറുമാനെയും നട്ടപ്പിരാന്തനെയും ഇടിവാളിനെയും അരവിന്ദനെയും മനുജിയെയും തമനുവിനെയുമൊക്കെ മറക്കാനാവുമോ? പേരെടുത്തുപറയാന്‍ നിന്നാല്‍ ഒരു അന്തവുമുണ്ടാവില്ല. (മേപ്പടി കുറിച്ച പേരുകള്‍ പെട്ടെന്ന് മനസ്സില്‍ വന്നവ മാത്രം. ഇതിലുമേറെ പ്രതിഭാധനന്മാര്‍ എത്രയോ!! ) ഇവരുടെയൊക്കെ എഴുത്തിലെ വശീകരണ ശക്തിയ്ക്ക് മുന്നില്‍ ഞാനാര് എന്ന തിരിച്ചറിവ് എന്നെ ഭയപ്പെടുത്തുന്നു. അപരാധബോധത്താല്‍ എന്റെ ശിരസ്സ് കുനിയുന്നു. എന്തിനുവേണ്ടി ഞാന്‍ എഴുതണം. എവിടെയാണ് എന്റെ സ്പേസ് എന്നൊന്നും തിരിച്ചറിയാനാവാതെ ഞാന്‍ ഉഴറുന്നു.

കവിത, കഥ, ലേഖനം, അനുഭവക്കുറിപ്പുകള്‍, യാത്രാവിവരണം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ അസമാന്യമാം വിധം പ്രതിഭ പ്രകാശിപ്പിക്കുന്ന എത്രയോ പ്രഗത്ഭര്‍ ഈ ബൂലോഗത്തില്‍ നിലകൊള്ളുന്നു. യാഥാര്‍ത്ഥ പ്രതിഭകള്‍. എഴുത്തിനെ ഗൌരവത്തോടെ കാണുന്ന ഒരു എഴുത്തുകാരനും വേണ്ടത്ര പിന്തുണ നല്‍കാന്‍ ഇവിടെ ആരും ശ്രമിക്കുന്നില്ല. ഞാനടക്കമുള്ള വായനക്കാര്‍ ഇവരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. എന്നേപ്പോലുള്ള ചവറെഴുത്തുകാരനെയൊക്കെ വായനക്കാര്‍ പതിയെ അവഗണിച്ചു തുടങ്ങണം. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ബഹുമാനിയ്ക്കുകയും ഇഷ്ടപ്പെടുകയും യഥാര്‍ത്ഥ പ്രതിഭകള്‍ എന്നു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്ന പല എഴുത്തുകാരേക്കാളും കമന്റുകളും ഫോളോവേഴ്സും എനിയ്ക്കു ലഭിയ്ക്കുന്നു എന്നതില്‍ നിന്നുമാത്രം ഈ ബൂലോഗം നിലവാരത്തകര്‍ച്ച നേരിടുന്നുവെന്ന് ഞാന്‍ മനസ്സിലാക്കേണ്ടതാണ്. നിങ്ങളും. നന്നായി എഴുതാന്‍ കഴിവുണ്ടായിട്ടും ലാഘവബുദ്ധിയോടെ എഴുത്തിനെ സമീപിക്കുന്നവര്‍ എത്ര പ്രിയപ്പെട്ടവരായാലും അവരുടെ ചെവിയ്ക്കു കിഴുക്കി നേര്‍വഴിയ്ക്ക് നയിക്കാന്‍ ഒരോ ബ്ലോഗ് വായനക്കാരനും ശ്രമിയ്ക്കണം. അങ്ങനെ ശ്രമിക്കേണ്ടതല്ലേ?

ചിരിപ്പിച്ച് നിങ്ങളുടെ വയര്‍ ഉളുക്കിപ്പിക്കുമെന്ന വാശിയില്‍, ഇല്ലാത്ത അനുഭവങ്ങളെ അല്പമാത്രമായ എന്റെ ഭാവനയില്‍ വിരിയിച്ച് ഒരു പോസ്റ്റാക്കി ഞാന്‍ വിളമ്പിയാല്‍ എന്നെ നിങ്ങള്‍ ചവിട്ടണം. (പോങ്ങു എന്ന ബ്ലോഗറോട് സ്നേഹമുണ്ടെങ്കില്‍) തമാശ നിലാവരമില്ലാത്തതാണ് എന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷേ, അത് വായനക്കാരനെ രസിപ്പിയ്ക്കുന്നതാവണം ശിക്ഷിയ്ക്കുന്നതാവരുത്. വായനക്കാരനെ രസിപ്പിയ്ക്കണമെങ്കില്‍ അത് സ്വയം രസിയ്ക്കുന്നതാവണം. സ്വയം രസിയ്ക്കണമെങ്കില്‍ എഴുത്തിനെ / വിഷയത്തെ ആത്മാര്‍ത്ഥമായി സമീപിയ്ക്കണം. ആത്മാര്‍ത്ഥമായി സമീപിയ്ക്കണമെങ്കില്‍ പറയാന്‍ എന്തെങ്കിലുമുണ്ടാവണം. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ അതു പറയുന്നത് ആരാധകരെ സൃഷ്ടിക്കണമെന്ന ഗൂഢലക്ഷ്യത്തോടെയുമാവരുത്. ഒരു ബ്ലോഗര്‍ കമന്റ് കൊടുത്ത് കമന്റ് വാങ്ങാനും ശ്രമിക്കേണ്ടതില്ല.

ഞാന്‍ ഉറപ്പു തരുന്നു. ഞാന്‍ ഇനി എഴുത്തിനെ ഗൌരവമായി കാണാം. എന്നുകരുതി മേലില്‍ എന്റെ കുറിപ്പുകള്‍ നിലവാരമുള്ളതാവുമെന്ന് ആരും ധരിയ്ക്കേണ്ട. കാരണം, നന്നാവാന്‍ നല്ല പ്രതിഭ വേണം. പോസ്റ്റാന്‍ വേണ്ടി ഞാന്‍ പോസ്റ്റില്ല എന്നുമാത്രമാണ് ഞാന്‍ പറഞ്ഞതിനര്‍ത്ഥം. എനിക്ക് കമന്റുകിട്ടണമെന്ന ഉദ്ദേശത്തോടെ ആസ്വദിയ്ക്കാനാവാത്ത ഒരു പോസ്റ്റിനും വെറുതേ ‘സ്മൈലി’യിട്ട് ഞാന്‍ സാന്നിദ്ധ്യമറിയിച്ചിട്ടില്ല. ഇനി അറിയിക്കുകയുമില്ല. ‘പുതിയ പോസ്റ്റിട്ടു, വായിക്കുമല്ലോ‘ എന്നു പറഞ്ഞ് ആര്‍ക്കും മെയില്‍ അയച്ച് ഉപദ്രവമുണ്ടാക്കാനും ശ്രമിക്കില്ല. ഒരു ബ്ലോഗറെന്ന നിലയില്‍ ബ്ലോഗ് എന്ന മാധ്യമത്തോടും എന്നെ വായിക്കുന്ന ഹതഭാഗ്യരോടും ഇത്രയെങ്കിലും നീതി ഞാന്‍ ചെയ്യേണ്ടതല്ലേ?

പുതിയ ബ്ലോഗര്‍മാരേ, കമന്റുകളിലും ചതുരക്കൂട്ടില്‍ തളച്ചിട്ടിരിയ്ക്കുന്ന ഫോളോവേഴ്സിന്റെ തലയെണ്ണത്തിലും ഭ്രമിക്കാതെ നിങ്ങള്‍ സധൈര്യം പുതുമകള്‍ പരീക്ഷിയ്ക്കുക. ആരെയും അനുകരിയ്ക്കാതെ എഴുത്തിനെ അതിഗൌരവത്തോടെ സ്നേഹിയ്ക്കുക. നിങ്ങള്‍ക്ക് ബാധ്യതയാവുന്ന ആരാധകനോ, അസംഭ്യവര്‍ഷം ചൊരിയാനെത്തുന്ന അനോണിയായോ ഞാന്‍ വരില്ല. എന്റേതായ അഭിപ്രായങ്ങള്‍ പറയാന്‍, പ്രോത്സാഹനം നല്‍കാന്‍ നിങ്ങളുടെ സ്നേഹിതനായി, സനോണിയായി ഈ പോങ്ങു കാണും. ഒരു പക്ഷേ, ഞാനുള്‍പ്പടെ ബൂലോഗത്തിന് വരുത്തിവച്ച അപമാനങ്ങള്‍ക്ക് പരിഹാരമാവാന്‍ നിങ്ങള്‍ക്കായേക്കും.

പുലി എന്ന ഹിംസ്രജന്തുവിന്റെ പേരു പറയുന്നില്ല. എങ്കിലും ആദ്യകാല പ്രതിഭധനന്മാരായ ബ്ലോഗര്‍മാര്‍ ഈ ബൂലോഗത്ത് പഴയപോലെ സജീവമാകുകയും പുതിയ ബ്ലോഗെഴുത്തുകാര്‍ക്ക് ശരിയായ വഴിയും പ്രോത്സാഹനവും നല്‍കി നിലകൊള്ളുകയും ചെയ്തിരുന്നുവെങ്കിലെന്നും ഞാനിപ്പോള്‍ ആഗ്രഹിച്ചു പോവുന്നു. അങ്ങനെയങ്ങനെ ബൂലോഗത്തിനുണ്ടെന്ന് ചിലര്‍ പറയുന്ന ബാലാരിഷ്ടതകള്‍ പരിഹരിയ്ക്കാന്‍ നമുക്കൊരുമിച്ച് ശ്രമിച്ചു നോക്കാം.

അവസാനിപ്പിയ്ക്കുന്നതിനു മുന്‍പ് പുതിയ ബ്ലോഗെഴുത്തുകാരോടായി, 1988-ല്‍ ശ്രീ. ടി. പത്മനാഭന്‍ പറഞ്ഞ വാക്കുകള്‍ ഒന്നുകടമെടുത്ത് ഇവിടെ കുറിച്ചോട്ടെ?

അതിതാണ്: വായിക്കുക, നിരീക്ഷിക്കുക, ചിന്തിക്കുക. എഴുതിയേ കഴിയൂ എന്നു തോന്നുമ്പോള്‍ മാത്രം എഴുതുക. അങ്ങനെ ആദ്യമായി നിങ്ങള്‍ നിങ്ങളോടുതന്നെ നീതി പുലര്‍ത്തുക.

ഇതിനുസമാനമായ ഒരു ഉപദേശം(?) സാഹിത്യവാരഫലം കുറിച്ചിരുന്ന ശ്രീ. എം. കൃഷ്ണന്‍ നായരും നല്‍കിയിരുന്നു. ഞാനിതൊക്കെ പാലിയ്ക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യസനത്തോടെ സമ്മതിയ്ക്കട്ടെ. നിങ്ങളെങ്കിലും അങ്ങനെയാവരുത്.

( മാതൃഭൂമിയിലെ ലേഖനത്തെക്കുറിച്ച് ‘പപ്പൂസ് ‘ എന്നേക്കാള്‍ ആധികാരികമായും മനോഹരമായും കുറിച്ചിരിയ്ക്കുന്നു. പുതിയ ലക്കം ആഴ്ചപ്പതിപ്പിലെ ബ്ലോഗനയില്‍ ആ പോസ്റ്റ് ഇടം പിടിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. ആശംസകള്‍ പപ്പൂസ് )

Wednesday, September 30, 2009

ഒക്ടോബറിലേയ്ക്ക് കൂടെ വരാത്തവര്‍...

സെപ്റ്റംബര്‍ 30 | സമയം രാത്രി 10 മണി.

ഇന്നു വൈകിട്ട് തേക്കടിയില്‍ സംഭവിച്ച ബോട്ടു ദുരന്തത്തില്‍ മരണം 30 ആയെന്ന് ടി.വി വാര്‍ത്ത പറഞ്ഞു. മരണസംഖ്യ ഉയരുന്നതറിയാന്‍ കാക്കാതെ ഞാന്‍ ടിവി ഓഫ് ചെയ്തു. ഒഴിവാക്കാനവില്ലായിരിക്കാം ഒരു ദുരന്തവും. എങ്കിലും മുന്‍‌കരുതലുകള്‍ കുറെയേറെ ജീവനുകള്‍ നിലനിര്‍ത്തുമായിരുന്നോ? ആരെ കുറ്റപ്പെടുത്താന്‍. കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം?

‘അപകടത്തില്‍ പെട്ടവരില്‍ മലയാളികളില്ല’ എന്ന ഫ്ലാഷ് ന്യൂസ് എന്തോ എനിക്കത്രയ്ക്കങ്ങ് ദഹിക്കുന്നില്ല. മരണം നല്‍കുന്ന വേദനയ്ക്ക് ദേശഭേദമുണ്ടോ? ആര്‍ക്കറിയാം.

ഒക്ടോബറിലേയ്ക്ക് കൂടെ വരാന്‍ കൂട്ടാക്കാത്ത എല്ലാവരെയും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. നിങ്ങള്‍ക്കെന്റെ ആദരാഞ്ജലികള്‍. ഉറങ്ങാന്‍ കഴിഞ്ഞേക്കില്ല. എങ്കിലും കിടക്കട്ടെ.

ഒരു മലയാളിപ്പരിഷയുടെ ആത്മരോദനം.

മാസം അവസാനിയ്ക്കാറാവുമ്പോഴാണ് കേരളാപോലീസിന്റെ കര്‍ത്തവ്യബോധം കൂടുതലായി ഉണര്‍ന്നുകാണപ്പെടുന്നത്. ഒരു മാസം ഇത്ര പെറ്റി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുണ്ടെത്രെ. അതു വേണം താനും. ‘ടാര്‍ജറ്റ് അച്ചീവ് ‘ ചെയ്യാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് മാസാവസാനം കാക്കിധാരികള്‍ നടുറോഡിലേയ്ക്ക് കൂട്ടാമായിറങ്ങുക. തെറ്റുകുറ്റങ്ങള്‍ ചെയ്യാത്ത ഒരു സമൂഹത്തെയാണ് പാവം പോലീസുകാര്‍ അപ്പോള്‍ ഭയക്കുന്നതെന്ന് അവരുടെ കണ്ണുകള്‍ പറയും. എല്ലാവരും മര്യാദരാമന്മാരായാല്‍ കാക്കിധാരികള്‍ എങ്ങനെ ‘ടാര്‍ജറ്റ് അച്ചീവ്‘ ചെയ്യും?!! ഒന്നോര്‍ത്താല്‍ അവറ്റകളുടെ കാര്യം സങ്കടമാണ്.

ഇന്നലെ , ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന എന്നെ പോലീസ് കൈകാണിച്ചു. അവരുടെ നേട്ടത്തില്‍ ഒരുവനാകാനാണ് എന്നെ അവര്‍ കൈകാട്ടി ക്ഷണിച്ചതെന്ന് എനിക്കു തോന്നി. പക്ഷേ, നിര്‍ദ്ദയം ഞാന്‍ വാഹനം നിര്‍ത്താതെ പോവുകയാണ് ചെയ്തത്. കഴിഞ്ഞ മാസാവസാനവും അവര്‍ എന്റെ മുന്നില്‍ കൈനീട്ടിയതാണ്. അന്ന് ദയ തോന്നി ഞാന്‍ നിര്‍ത്തി. വണ്ടിയുടെ ‘ബുക്കും പേപ്പറു’മെല്ലാം പക്കാ. എന്നാല്‍ ‘ഹെല്‍മെറ്റ് ഇല്ലാത്തതിനാല്‍ 100 രൂപ ഖജനാവിലേയ്ക്കടയ്ക്കേണ്ടി വന്നു. രസീത് തരാതിരുന്നതിനാല്‍ അതവരുടെ പോക്കറ്റിലാണ് പോയതെന്നും വേണമെങ്കില്‍ അനുമാനിയ്ക്കാം .

എനിക്ക് പോലീസുകാരോടുള്ള വികാ‍രം സത്യത്തില്‍ ഭയമല്ല. വെറും സഹതാപം മാത്രമാണ്. ആരുടെയൊക്കെ കളിപ്പാട്ടമായി അലയുന്ന അവരോട് സഹതാപമല്ലാതെ മറ്റെന്താണ് നമുക്കു തോന്നേണ്ടത്. കേരള സര്‍ക്കാര്‍ എന്ന സര്‍ക്കസ് കമ്പനിയില്‍ പണിയെടുത്ത് പിഴയ്ക്കുകയും പിഴച്ച് പിഴച്ച് പണിയെടുക്കുകയും ചെയ്യുന്ന കാക്കിയിട്ട കോമാളികള്‍. ഭരണകര്‍ത്താക്കള്‍ക്ക് സുഗമമായി സഞ്ചരിയ്ക്കാന്‍ അവരെ വോട്ടുചെയ്ത് വിജയിപ്പിച്ച പൊതുജനത്തെ പൊതുനിരത്തില്‍ നിന്നും തിരത്തുക. ഗുണ്ടകള്‍ കൊയ്യുന്ന തലകളും അവയുടെ ഉടമയായിരുന്ന ശരീരങ്ങളും പെറുക്കുക്കൂട്ടി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ്ക്കുക. കൊയ്തെടുത്ത തല മുന്തിയവന്റെയെങ്കില്‍ അതിനുള്ള തിരക്കഥ രചിച്ച് മാധ്യമങ്ങളെ ഏല്‍പ്പിയ്ക്കുക. അന്യസംസ്ഥാനത്തും മറ്റും കീഴടങ്ങുകയോ മറ്റോ ചെയ്യുന്ന പിടികിട്ടാപ്പുള്ളികളെ ശീതീകരിച്ച വാഹനത്തില്‍ അകമ്പടി സേവിയ്ക്കുകയും അവര്‍ക്ക് തിന്നാനായി പൊറോട്ടയും കോഴിക്കാലും എത്തിയ്ക്കുകയും യാത്രാമധ്യേ ഗുണ്ടാരാജപ്പട്ടം ലഭിച്ച പുള്ളികളുടെ ബോറടി മാറ്റാന്‍ അവരോടൊത്ത് ചീട്ടുകളിച്ച് അവര്‍ക്ക് മാനസികോല്ലാസം നല്‍കുക. ഇങ്ങനെതുടങ്ങുന്ന എത്രയെത്ര ഭാരിച്ച പണികളാണ് ഒരോ കാക്കി ധാരികളും ചെയ്യേണ്ടി വരുന്നത്. അതിനിടയില്‍ വേണം തങ്ങളുടെ ഔദ്യോഗിക ഗാനമായ ‘തെറിപ്പാട്ട്’ പൊതുജനത്തെ ചൊല്ലികേള്‍പ്പിക്കാനും ഹെല്‍മെറ്റില്ലാതെ ഇരുചക്രത്തിലേറുന്നവന്റെ കീശകുത്തിക്കീറി നിയമം പരിരക്ഷിക്കാനും ഒപ്പം തങ്ങളുടെ ടാര്‍ജറ്റ് അച്ചീവ് ചെയ്യാനുമൊക്കെയുള്ള സമയം കണ്ടെത്തേണ്ടത്.

ഇതൊക്കെ അറിയാമായിരുന്നിട്ടും അവരുടെ കൈനീട്ടലിനെ അവഗണിച്ചും ഹെല്‍മെറ്റ് ഇല്ലാതെയും ഞാന്‍ ബൈക്കോടിച്ചുപോയത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്. തൂക്കുമരം വരെ ലഭിക്കാവുന്ന മുട്ടന്‍ കുറ്റം. പോലീസുകാരേ, നിങ്ങള്‍ മാപ്പാക്കുക. അത് നിങ്ങളോടുള്ള പ്രതിഷേധമായിരുന്നില്ല. മറിച്ച്, നിര്‍ബന്ധമായും ഇരുചക്രവാഹനമോടിയ്ക്കുന്നവര്‍ ഹെല്‍മെറ്റ് വയ്ക്കണമെന്ന് പറഞ്ഞ കോടതി വിധിയ്ക്കെതിരെയുള്ള എന്റെ പ്രതിഷേധമായിരുന്നു. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് തീര്‍ച്ചയായും ഭരണകൂടത്തിന്റെ കടമയാണ്. നിയമങ്ങള്‍ പാലിയ്ക്കുക എന്നത് ഏതൊരു പൌരന്റെ കര്‍ത്തവ്യവും. എന്നാല്‍ നീതിപീഠത്തിന്റെ കണ്ണ് ഇരുചക്രമോടിയ്ക്കുന്നവന്റെ ശിരസ്സില്‍ മാത്രം നട്ടിരുന്നിട്ട് കാര്യമില്ല.

ഈ വര്‍ഷം ഇന്നേവരേ നൂറ്റിയിരുപതോളം ആള്‍ക്കാരെയാണ് ഗുണ്ടകള്‍ കൊന്നൊടുക്കിയത്!!!. എത്ര ഗുണ്ടകളെ പോലീസ് ആറസ്റ്റുചെയ്തു? എത്രപേര്‍ക്ക് ശിക്ഷ ലഭിച്ചു? ഓം പ്രകാശന്‍ പോലീസുകാരോട് കുശലവും പറഞ്ഞ് ഇടയ്ക്കിടെ പ്രകാശം പരത്തുന്ന ചിരിയും പൊഴിച്ച് പോലീസ് വാഹനത്തിലിരുന്നു വിലസുന്ന കാഴ്ച മലയാളികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടതാണ്. ബഹുമാനപ്പെട്ട നീതിപീഠം അത് കണ്ടിരുന്നോ? ജയിലിലെ സുഖചികിത്സ കഴിഞ്ഞ് വര്‍ദ്ധിതവീര്യത്തോടെ അയാള്‍ പുറത്തിറങ്ങുന്ന കാഴ്ചയും താമസിയാതെ പൊതുജനങ്ങള്‍ കാണും. തേച്ചുമായ്ച്ച യഥാര്‍ത്ഥ തെളിവുകള്‍ക്കുപകരം രക്ഷപെടാനുതകവും വിധം കൃത്രിമത്തെളുവുകളുമായി കൂട്ടില്‍ നിര്‍ത്തപ്പെടുന്ന പ്രതിയെ ഏത് നീതിപീഠത്തിനാണ് ശിക്ഷിക്കാനാവുക? ഒരുകണക്കിന് പൊതുജനത്തെപ്പോലെ കഴുതകളാവുകയാണോ കോടതികളും. സാധാരണ ജനം അങ്ങനെ ചിന്തിക്കുകയോ പറയുകയോ ചെയ്താല്‍ അത് കോടതിയലക്ഷ്യമാവും പോലും. നീതി ദേവതേ..നീ ചിരിക്കുന്നോ?!! എനിക്ക് മരിക്കാനാണ് തോന്നുന്നത്.

പ്രഭാത സവാരിയ്ക്കിടെ ‘തീവ്രവാദത്തിന്റെ ദളിതരൂപം‘ ഒരു ഹതഭാഗ്യനെ കഴുത്തറത്തുകൊന്നു. മറ്റൊരുവനെ മൃതപ്രായനാക്കി. എന്ത് നീതിയാണ് ആ മനുഷ്യന്റെ കുടുംബത്തിന് നല്‍കുവാനുള്ളത്?

അഭയ, ശാരി, അനഘ മുതല്പേരുടെ ആത്മാക്കള്‍ നീതിതേടി കോടതി വളപ്പില്‍ അലയുന്നത് നീതിദേവത അറിഞ്ഞിരിക്കുമല്ലോ അല്ലേ? ഇല്ലെന്നോ?!!! എങ്കില്‍ കാഴ്ചയെ മറച്ച് കെട്ടിയിരിക്കുന്ന ആ കറുത്ത തുണി തല്‍ക്കാലമൊന്ന് പൊക്കി നോക്കൂ. കാണാം ആ അലയുന്ന ആത്മാക്കളെ. നീതി പോയിട്ട് ഒരു പുല്ലും അവര്‍ക്ക് കിട്ടില്ലെന്നത് മൂന്നരത്തരം. കാരണം ആത്മാക്കള്‍ക്ക് സ്വാധീനം ചെലുത്താനാവില്ലല്ലോ!! ഇപ്പോളെനിക്ക് മരിക്കാനല്ല ചിരിയ്ക്കാനാണ് തോന്നുന്നത്.

പറയാതിരിക്കുന്നതാണ് ഭേദം. ആരുടെ ജീവനും ഇവിടെ യാതൊരു ഉറപ്പുമില്ല നീതിപീഠമേ.. കൊലപാതകികളും ഗുണ്ടകളും അഴിമതിയും അനീതിയും സ്വജനപക്ഷപാതവും തീവ്രവാദവുമൊക്കെ അരങ്ങുവാഴുന്ന ഈ നാട്ടില്‍ ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെ സഞ്ചരിക്കുന്നതാണ് അപരാധമെങ്കില്‍ ആ അപരാധം അഭിമാനത്തോടെ ഞാന്‍ ചെയ്യും. എന്റെ തല എന്റെ സ്വന്തമാണ്. അതിന്റെ സംരക്ഷണം ഞാന്‍ തന്നെ നടത്തിക്കോളാം. ഒരു കോടതിയും എന്റെ തലയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ല. പറഞ്ഞത് വിഡ്ഡിത്തമാവാം. എങ്കിലും ഞാനതില്‍ ഉറച്ചു നില്‍ക്കുന്നു.

മദ്യപിച്ചോ, അമിതവേഗത്തിലോ അതുമല്ലെങ്കില്‍ മറ്റു ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചോ ഞാന്‍ വാഹനമോടിച്ചാല്‍ എന്നെ ശിക്ഷിക്കുന്നതില്‍ സന്തോഷമേയുള്ളു. കാരണം മേപ്പടി കുറ്റങ്ങള്‍ മറ്റൊരുവന്റെ ജീവനും ഭീഷണിയാവുന്നതാണല്ലോ. എന്നാല്‍ ഹെല്‍മെറ്റ് ഇല്ലാതെ ഞാന്‍ ഒരപകടത്തില്‍ പെട്ട് മയ്യത്തായാല്‍ നഷ്ടം എനിക്കും എന്റെ കുടുംബത്തിനും മാത്രമാവുന്നു. എന്നെ വെറുതേ വിടൂ കോടതി.

വാഹനാപകടങ്ങള്‍ കൂടുന്നതിനുള്ള പ്രധാനകാരണം നിലവാരയോ‍ഗ്യമല്ലാത്ത റോഡുകളാണ്. കോടതികളാണ് റോഡുനന്നാക്കേണ്ടതെന്നല്ല ഞാന്‍ പറഞ്ഞതിനര്‍ത്ഥം. എന്നാല്‍ റോഡുകളുടെ ഇന്നത്തെ ശോചനീയാവസ്ഥയെ പരാമര്‍ശിച്ച് സര്‍ക്കാരിനൊരു ‘ശാസന’യോ ‘വിമര്‍ശന’മോ കോടതിയ്ക്ക് നല്‍കാമല്ലോ. കോടതിയുടെ ‘ശാസനയും വിമര്‍ശനവും‘ വാര്‍ത്താപ്രാധാന്യം നേടുന്ന ഒന്നാവുമ്പോള്‍ മാധ്യമങ്ങള്‍ കുറച്ചുദിവസം അതുകൊണ്ടാടും. പൊതുമരാമത്തു മന്ത്രിയ്ക്ക് വിമാനത്തില്‍ വച്ചു നഷ്ടപ്പെട്ട നാണത്തിന്റെ മിച്ചമെന്തെങ്കിലുമുണ്ടെങ്കില്‍ ഒരു പത്തുകിലോമീറ്റര്‍ റോഡെങ്കിലും നന്നാക്കിയാല്‍ അത്രയുമായി. കോടതി പൊതുജനതാല്പര്യത്തെ മാനിയ്ക്കുന്നുവെന്ന തോന്നലും ഈ ശാസനകൊണ്ടും വിമര്‍ശനംകൊണ്ടും ഉണ്ടാവുകയും ചെയ്യും.

വൃത്തിയും വീതിയുമുള്ള വീഥികളും വിശാലമായ നടപ്പാതകളും ഉണ്ടെങ്കില്‍ എത്രയോ അപകട മരണങ്ങളെ തടയാന്‍ അത് മതിയാവും. തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിനടുത്തായി പട്ടം മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള റോഡിലൂടെ ഒരുദിവസമെങ്കിലും നമ്മുടെ ജനപ്രതിനിധികള്‍ കാല്‍നടയായി സഞ്ചരിച്ചിരുന്നുവെങ്കിലെന്നു ഞാന്‍ ആഗ്രഹിച്ചു പോവുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡും ഉയര്‍ന്നുപൊങ്ങുന്ന പൊടിപടലങ്ങളും ആയിരക്കണക്കിന് ആള്‍ക്കാരെയാണ് കഷ്ടത്തിലാക്കുന്നതെന്ന് അവര്‍ക്ക് നേരില്‍ കാണാനാവും. അതുകൊണ്ടൊന്നും ‘പ്രതി‘നിധികളുടെ കണ്ണുതുറക്കില്ലായിരിക്കാം. എങ്കിലും ഒരു നിമിഷമെങ്കിലും ദുരിതമെന്തെന്ന് അവര്‍ അനുഭവിച്ചറിയുമല്ലോ.

അതുപോലെ നാല്‍ക്കാലി വാഹനങ്ങളുടെയും കാര്യമെടുത്താല്‍ . ABS. EBD, എയര്‍ ബാഗ് തുടങ്ങിയ സുരക്ഷോപാധികള്‍ ഇന്ത്യന്‍ നിരത്തുകളിലിറങ്ങുന്ന ഏതുകാറുകള്‍ക്കും അടിസ്ഥാന സൌകര്യമായി ഏര്‍പ്പെടുത്താനുള്ള നിയമം കൊണ്ടുവരട്ടെ. (എ.സി, പവര്‍ സ്റ്റീറിങ്ങ് , പവര്‍ വിന്‍ഡോ എന്നിവ ആഡംബര ഗണത്തിലും പെടുത്തട്ടെ. ) അതുവഴി എത്ര ജീവിതങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാനാവും.

ടിപ്പര്‍ ലോറി എന്നു പറയുന്ന ‘കാലന്റെ യന്ത്ര രൂപം ‘ എത്രയോ ജനങ്ങളുടെ ആയുസ്സെടുത്തിരിക്കുന്നു. അവരുടെ വേഗത നിയന്ത്രിക്കാന്‍ പൊതുജനമാണോ ശ്രദ്ധചെലുത്തേണ്ടത്? മത്സര ഓട്ടം നടത്തുന്ന സ്വകാര്യബസ്സുകളെ നീതിപീഠം കാണുന്നുണ്ടോ? അശ്രദ്ധയോടെ സഞ്ചരിയ്ക്കുന്ന മുച്ചക്രനെ?

നീതി പീഠമേ, നമ്മുടെ സമൂഹത്തില്‍ നന്നാക്കാനും നേരെയാക്കാനും കാതലായപ്രശ്നങ്ങള്‍ ധാരാളമുള്ളപ്പോള്‍ ‘ഹെല്‍മെറ്റ്’ വേട്ടപോലെ ജനങ്ങളെ പിഴിയാന്‍ പൊലീസുകാരെ സഹായിക്കുന്നവിധമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി എന്തിനു പാവം പൊതുജനങ്ങളെയിങ്ങനെ പീഢിപ്പിക്കുന്നു. എന്തായാലും ഹെല്‍മെറ്റ് ധരിയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടില്ല. പോലീസുകാര്‍ കൈനീട്ടിയാല്‍ നിര്‍ത്താനും. അനന്തരഫലം ഞാന്‍ അനുഭവിച്ചുകൊള്ളാം.

എഴുതിയെഴുതി ബോറഡിച്ചതുകൊണ്ടുമാത്രം നിര്‍ത്തുന്നു. അല്ലെങ്കില്‍ ഞാനെന്തുപറഞ്ഞിട്ടെന്താ? ഈ സമയം ഞെക്കിപ്പിഴിഞ്ഞ് വല്ല തമാശ പോസ്റ്റും എഴുതിയിരുന്നെങ്കില്‍ എന്റെ നീതിപീഠമേ, എനിക്കു കുറേ ‘കമന്റുകള്‍’ കിട്ടുകയും ‘അമ്പട ഞാനേ’ എന്ന ഭാവത്തില്‍ അതും വായിച്ചങ്ങനെ മോണിറ്ററിനുമുന്നില്‍ കണ്ണും തള്ളി എനിക്കിരിക്കുകയുമാവാമായിരുന്നു. ഒപ്പം. വലതു വശത്തെ സമചതുരക്കൂട്ടില്‍ ‘ഫോളോവേഴ്സിന്റെ‘എണ്ണം കൂടുന്നതുമെണ്ണിരസിച്ച്, അങ്ങനെ അങ്ങനെ...

Thursday, September 24, 2009

ജി.സ്പോട്ട് - ഒരു അശ്ലീല കഥ

‘അതേ, പെട്ടന്ന് വരൂല്ലോ, ഞാനിവിടെ തനിച്ചേയുള്ളു ‘.

പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ലക്ഷ്മി ഓര്‍മ്മപ്പെടുത്തി.

‘ഉം..നീ ഗെയിറ്റകത്തൂന്ന് പൂട്ടിയേക്കൂ‘ എന്നുപറഞ്ഞ് അയാള്‍ നടന്നു.

‘വണ്ടി എടുക്കുന്നില്ലേ?’ പിന്നില്‍ ഭാര്യയുടെ ചോദ്യം.

‘ഇല്ല. നടക്കാം’ - അയാള്‍ തിരിഞ്ഞുനോക്കാതെ മറുപടി നല്‍കി.

മോചിതിനെ കാണണം. ആറുമാസത്തോളമായി അവനീ നഗരത്തില്‍ താമസമാക്കിയിട്ട്. ഇന്നുവരെയൊന്നു പോയി കാണാന്‍ കഴിഞ്ഞില്ല. തോന്നിയില്ല എന്നു പറയുന്നതാവും സത്യം. തിരക്കേറിയ നഗരവാസം തന്റെ സ്വഭാവത്തെയും മാറ്റിയെടുത്തതായി അയാള്‍ക്കുതോന്നി. നാട്ടിലായിരുന്നപ്പോള്‍ എപ്പോഴും കൂട്ടത്തോടൊപ്പമായിരുന്നു. ഗ്രാമത്തിലെ ഒട്ടുമിക്കവരെയും പേരെടുത്തറിയാം. ആരുടെ ഏതുകാര്യത്തിനും അയാള്‍ മുന്‍പന്തിയുലുണ്ടാവും. മറ്റേത് ഗ്രാമീണനെയും പോലെ തന്നെ. എന്നാലോ, ഇപ്പോള്‍ തൊട്ടടുത്ത് ആരാണ് താമസമെന്നുപോലും അയാള്‍ക്കറിയില്ല. ശബ്ദമുയര്‍ത്തി സംസാരിക്കാനോ ഉറക്കെയൊന്ന് പൊട്ടിച്ചിരിക്കാനോ എന്തിന്, വിശാലമായൊരു ഊണിനുശേഷം വിരലുകളോരോന്നായി നക്കിയെടുത്തൊന്ന് രുചിക്കാന്‍ പോലും നാഗരികസംസ്കാരം അയാളെ അനുവദിക്കുന്നില്ല.

രണ്ടുദിവസങ്ങള്‍ക്കു മുന്‍പാണ് മോചിത് അയാളെ വിളിക്കുന്നത്. അവന് അത്യാവശ്യമായി എന്തോപറയാനുണ്ടെത്രെ. ഇതുവരെ അവന്റെ താമസസ്ഥലത്ത് ചെല്ലാത്തതിലുള്ള പരിഭവവും പറഞ്ഞു. ഈ ഞായറാഴ്ച എന്തായാലും അവനെ കാണണമെന്ന് അയാള്‍ തീരുമാനിച്ചിരുന്നു. ആ കൂടിക്കാഴ്ചയ്ക്കുള്ള നടത്തമാണ് അയാള്‍ നടത്തുന്നത്.

മോചിതിനെ നേരില്‍ കണ്ടിട്ട് വര്‍ഷം ഏഴ് കഴിഞ്ഞിരിക്കുന്നുവെന്ന് അയാള്‍ ഓര്‍ത്തു. നാട്ടില്‍ അയാളുടെ അയാല്‍‌വാസിയും കുടുംബസുഹൃത്തുമായ വാസുവേട്ടന്റെ ഏകമകന്‍. നന്നായി പഠിക്കുന്നവന്‍. വിനയവും ബഹുമാനവും നിറഞ്ഞവന്‍. പോരാത്തതിന് നിത്യവും രണ്ടുനേരം ക്ഷേത്രദര്‍ശനം നടത്തുന്ന കൊടുംഭക്തന്‍. പഞ്ചായത്തുവക വായനശാലയില്‍ പുസ്തകമെടുക്കാന്‍ അവരിരുവരും ഒരുമിച്ചാണ് പോയിരുന്നത്. യഥാര്‍ത്ഥത്തില്‍ മോചിത് അയാളുടെ സ്നേഹിതന്‍ മാത്രമാണെന്ന് പറഞ്ഞുകൂടാ. അയാളുടെ അനുജനേക്കാള്‍ പ്രായത്തിലിളയവനായിരുന്ന അവനെ അനുജനെപ്പോലെ തന്നെയാണ് അയാള്‍ പരിഗണിച്ചു പോന്നതും.

പാലക്കാട് എഞ്ചിനീയറിങ്ങ് കോളേജിലേയ്ക്ക് മോചിത് പഠനത്തിനായി പോയിക്കഴിഞ്ഞാണ് അയാള്‍ക്ക് സെക്രട്ടറിയേറ്റിലെ ഗുമസ്ത പണി ലഭിക്കുന്നതും അയാള്‍ അനന്തപുരിയില്‍ താമസമാക്കുന്നതും. മോചിത് പാലക്കാടേയ്ക്ക് പോവും മുന്‍പ് അയാള്‍ നല്‍കിയ ഉപദേശം മലയാളം മറക്കരുതെന്നും വായന കുറയ്ക്കരുതെന്നും നാട്ടുനന്മ വെടിയരുതെന്നുമായിരുന്നു.

പിന്നീട് വല്ലപ്പോഴുമുണ്ടാവുന്ന ഫോണ്‍ വിളിയല്ലാതെ അവര്‍ തമ്മില്‍ ഒരിക്കലും നേരില്‍ കാണാനിടയായില്ല.

ക്യാമ്പസ് സെലക്ഷനില്‍ മോചിതിന് പൂനെയിലേതോ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ അഞ്ചക്കത്തിനുമേല്‍ ശമ്പളം തരപ്പെടുന്ന ജോലി ശരിയായ വിവരവും അയാള്‍ അറിഞ്ഞിരുന്നു. ആറു മാസങ്ങള്‍ക്കുമുന്‍പാണ് ടെക്നോപാര്‍ക്കില്‍ ജോലിയ്ക്കായി മോചിത് എത്തുന്നത്. ദേ, ഇന്നയാള്‍ അവനെ ആദ്യമായി കാണുവാന്‍ പോവുന്നു. അവനെ കാണുവാനുള്ള തിടുക്കത്തില്‍ അയാള്‍ കാലുകള്‍ വേഗം ചലിപ്പിച്ചു.

* * *
അയാളുടെ നടത്തം മോചിതിന്റെ വീടുനുമുന്നില്‍ അവസാനിച്ചു. പോര്‍ച്ചില്‍ വെള്ളനിറത്തിലുള്ള സിവിക് കാര്‍ വിശ്രമിക്കുന്നു. മനോഹരമായ വീട്. അത്യാവശത്തിന് മുറ്റം. പൂന്തോട്ടം. മുറ്റത്തിന്റെ അതിരിലായുള്ള കൂട്ടില്‍ മഞ്ഞയും പച്ചയും വെള്ളയും നിറത്തിലുള്ള കിളികള്‍.

അയാള്‍ കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ അകത്തൊരു കിളി ചിലച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം മോചിത് വാതില്‍ തുറന്നു. നീളന്‍ കാലുറയും കൈയ്യില്ലാത്ത ഒരു ബനിയനും വേഷം. ഷേവ് ചെയ്ത മുഖത്ത് കീഴ്ചുണ്ടിനു താഴെ നിന്നാരംഭിച്ച് താടിയുടെ അടിയിലേയ്ക്ക് വളര്‍ന്നിറങ്ങുന്ന രോമങ്ങള്‍കൊണ്ടുള്ള നേര്‍‌രേഖ. അവന്‍ വളര്‍ന്നിരിക്കുന്നു. ഒട്ടൊക്കെ പരിഷ്കാരിയും. അയാള്‍ ചിന്തിച്ചു.

സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്ത് മോചിത് അയാളെ അകത്തേയ്ക്ക് ക്ഷണിച്ചു. ‘ശ്രീനിയേട്ടാ‘ എന്ന അവന്റെ വിളിയില്‍ അതേ പഴയ സ്നേഹവും ബഹുമാനവും. ‘മോചീ.. നീ എന്നെ അതിശയിപ്പിക്കുന്നല്ലോ’ എന്നുപറയാന്‍ അയാള്‍ക്ക് തോന്നി.

‘എങ്കിലും എന്റെ ശ്രീനിയേട്ടാ.. ഇത്ര അടുത്തായിട്ടും ഇവിടെവരെ ഒന്നുവരാന്‍ ചേട്ടന് തോന്നിയില്ലല്ലോ?’ - അവന്‍ പരിഭവിച്ചു.

മറുപടിയായി അയാളവന്റെ തോളില്‍ സ്നേഹപൂര്‍വ്വം തട്ടി.

‘ എത്രകാലമായി നമ്മള്‍ കണ്ടിട്ടെന്നോര്‍മ്മയുണ്ടോ? വിളിക്കുമ്പോഴൊന്നും ശ്രീനിയേട്ടന ഫോണും എടുക്കാറില്ല.’

ആ അരോപണത്തെ അയാള്‍ കേട്ടില്ലെന്നുനടിച്ച് പറഞ്ഞു.

‘ മോചീ.. നീ നാട്ടിലേയ്ക്ക് പോവാറുണ്ടോ?’

‘ പിന്നേ.. കഴിവതും ഞാന്‍ എല്ലാ ആഴ്ചയും പോവും. ശ്രീനിയേട്ടനെക്കുറിച്ച് തെറി പറയാത്ത ആരും ഇപ്പോള്‍ നമ്മുടെ നാട്ടിലില്ല. ആള് അഹങ്കാരിയായി. നാടിനെ മറന്നു അങ്ങനെ അങ്ങനെ.. നമ്മുടെ മുഹമ്മദിന്റെ നിക്കാഹ് കഴിഞ്ഞു. ശ്രീനിയേട്ടന് കുറിയയച്ചിട്ടും അവനെയൊന്ന് വിളിച്ചുപോലുമില്ലെന്ന് പറഞ്ഞു. ‘

‘വേറെന്തൊക്കെയെടാ വാര്‍ത്തകള്‍’

“ ശ്രീനിയേട്ടാ,നിങ്ങളാകെ മാറിയിരിക്കുന്നു. എന്താണ് എന്തുചോദിച്ചാലും ഇങ്ങനെ ഒഴിഞ്ഞുമാറുന്നത് ‘

അയാള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.

‘ എന്താണ് നിനക്കത്യാവശ്യമായി പറയാനുണ്ടെന്നു പറഞ്ഞത് ?‘

‘ ഇങ്ങനത്തെ മുരടന്‍ ശ്രീനിയേട്ടനോടല്ല എനിക്ക് പറയാനുള്ളത്. ‘

അയാള്‍ അവനെ ചേര്‍ത്തുപിടിച്ചു പറഞ്ഞു.

‘മോചീ..നിന്നോടെനിക്ക് സ്നേഹമില്ലെന്ന് കരുതിയോ? ഞാന്‍ നമ്മുടെ നാടിനെ മറന്നെന്ന് നീ വിചാരിക്കുന്നോ? ഞാനിപ്പോഴും പഴയ ശ്രീനി തന്നെടാ. നിന്റെയും മുഹമ്മദിന്റെയുമൊക്കെ ശ്രീനിയേട്ടന്‍. മുഹമ്മദിനെ ഞാന്‍ വിളിച്ചില്ലെന്നത് നേര്. എന്നാല്‍ അവനൊരു ഫോണോഗ്രാം അയച്ചിരുന്നു. പിന്നെ.. ഒരു ദുരന്തത്തിലേയ്ക്ക് നടന്നുപോവുന്നവന് ആശംസ നേരുന്നത് നല്ലതോ?’

‘ എന്താ ശ്രീനിയേട്ടാ, വിവാഹം ഒരു ദുരന്തമാണോ?’

‘ ഹേയ് അങ്ങനെ പൂര്‍ണ്ണമായും പറയാനാവില്ല. എന്നാല്‍ ഏതാണ്ട് അതൊക്കെ തന്നെയാണ് സംഗതി. മോചീ. എന്റെ വിചാരം ഒരു പുരുഷന് രണ്ട് മരണമുണ്ടെന്നതാണ്. ഒന്ന് വിവാഹം വഴി സംഭവിക്കുന്ന മരണം. രണ്ടാമത്തേത് തീര്‍ച്ചായായും അതുതന്നെ. യഥാര്‍ത്ഥമരണം’.

‘അപ്പോള്‍ വിവാഹം കഴിയ്ക്കരുതെന്നാണോ?’

‘മോചീ.. ഞാനിവിടേയ്ക്കുവന്നത് നിന്നെ കേള്‍ക്കാനാണ്. പക്ഷേ.. നീ ഇവിടെ എന്നെക്കൊണ്ട് സംസാരിപ്പിക്കുന്നു. പറയൂ..നിന്റെ വിശേഷങ്ങള്‍’

‘ പറയാം. ശ്രീനിയേട്ടന് കുടിയ്ക്കാന്‍ എന്തെടുക്കണമെന്നാദ്യം പറയൂ’

‘എന്തുമാവാം.’

‘വിസ്കിയും റമ്മും സ്റ്റോക്കുണ്ട്. ബിയര്‍ വേണമെങ്കില്‍ വാങ്ങാം. ചായയോ കാപ്പിയോ ആവശ്യമുണ്ടെങ്കില്‍ ഞാനിപ്പോള്‍ ഉണ്ടാക്കാം.’

‘റമ്മില്‍ തുടങ്ങാം. ആട്ടെ നീ ഇതെന്നു തുടങ്ങി’

റമ്മും സോഡയും കൊറിക്കാനുള്ള കടലയും പിന്നെ ഒരു പ്ലേറ്റില്‍ കുറച്ച് മീനച്ചാറും അവന്‍ നിരത്തി. ഗ്ലാസ്സില്‍ പകര്‍ന്ന റമ്മിലേയ്യ്ക്ക് സോഡ ചേര്‍ക്കുന്നതിനിടെ അവന്‍ പറഞ്ഞു. ‘ കുടി പാലക്കാടുനിന്ന് കൂടെ കൂടിയതാണ് ശ്രീനിയേട്ടാ’

‘ചേട്ടന്‍ തുടങ്ങൂ.. ഞാന്‍ ഓം‌ലെറ്റ് ഉണ്ടാക്കി വരാം’

‘കൊറിക്കാന്‍ കടലതന്നെ ധാരാളാം. മീനച്ചാറുകൂടിയായപ്പോള്‍ ഉശിരനായി.. ഇനി മുട്ടയെ വിട്ടേക്കൂ മോചീ...’

മോചിത് ഇരുന്നു. അയാള്‍ ഗ്ലാസ്സ് അവനുനേരേ നീട്ടി ചീയേഴ്സ് പറഞ്ഞു. പിന്നെ ഗ്ലാസ്സൊന്ന് മൊത്തി കടലയെടുത്തുകൊറിച്ച് അവനെ ചോദ്യഭാവത്തില്‍ നോക്കി.

അവന്‍ തെല്ലൊരു പരിഭ്രമത്തോടെ പറഞ്ഞു

‘ ശ്രീനിയേട്ടാ, ഞാന്‍ ഭ്രാന്തുപറയുകയാണെന്ന് ചേട്ടന്‍ കരുതരുത്. എനിക്ക്...എനിക്കൊരു പെണ്ണാവണം ശ്രീനിയേട്ടാ.. സത്യമായും എനിക്കൊരു പെണ്ണാവണം. ‘

അതുകേട്ട് അറിയാതെ പിളര്‍ന്നുപോയ വായിലേയ്ക്ക് അയാള്‍ ഗ്ലാസ്സിലവശേഷിച്ച റമ്മൊഴിച്ചു . അച്ചാറെടുത്തുനക്കി തലകുടഞ്ഞ് അവനെ പകപ്പോടെ നോക്കി. പിന്നെ രണ്ടുമണി കടലയെടുത്തു കൊറിച്ച് വര്‍ദ്ധിച്ച പകപ്പോടെ വീണ്ടുമവനെ നോക്കി.

സംയമനം തപ്പിയെടുത്ത് അയാള്‍ ചോദിച്ചു.

‘പെണ്ണാവുകയോ?!! നിനക്കെന്ത് പറ്റിയെടാ? പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം?’ . - അയാള്‍ ഗ്ലാസ്സു നിറച്ചുകൊണ്ട് ചോദിച്ചു.

മോചിത് ഒരിറുക്ക് കുടിച്ചിട്ട് തുടര്‍ന്നു.

‘ എന്റെ ആത്മവിശ്വാസമെല്ലാം തകര്‍ന്നിരിക്കുന്നു ശ്രീനിയേട്ടാ. ശ്രീനിയേട്ടനല്ലേ എന്നോട് മലയാളം മറക്കരുതെന്ന് പറഞ്ഞുതന്നത്. വായനമുടക്കരുതെന്നും. ഞാന്‍ മലയാളം മറക്കുകയോ വായനമുടക്കുകയോ ചെയ്തില്ല. ഇഷ്ടം പോലെ പുസ്തകകങ്ങള്‍ മനസ്സിരുത്തി വായിച്ചു. അക്ഷരങ്ങളെ അപ്പാടെ ഞാന്‍ വിശ്വസിച്ചു പോന്നു. കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി എന്റെ ഏറ്റവും അടുത്ത സ്നേഹിതര്‍ പുസ്തകങ്ങള്‍ തന്നെ... എന്നെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യാത്ത എന്റെ ആതമിത്രങ്ങള്‍... പക്ഷേ...‘

മോചിത് ഗ്ലാസ്സ് കാലിയാക്കി. ഒരു സിഗരറ്റിന് തീകൊളുത്തി തുടര്‍ന്നു.

‘ ശ്രീനിയേട്ടാ.. കഴിഞ്ഞ ദിവസം നാട്ടില്‍ നിന്ന് അച്ഛന്‍ വിളിച്ചിരുന്നു. ഞാന്‍ സ്വന്തമായി ആരെയും കണ്ടെത്തിയിട്ടില്ലെങ്കില്‍ അവര്‍ എനിക്കുവേണ്ടി വിവാഹാലോചനകള്‍ നടത്തട്ടെയെന്ന് ചോദിച്ചു. നിലവില്‍ പ്രണയമൊന്നുമില്ലാതിരുന്നതിനാല്‍ ഞാന്‍ അനുവാദം കൊടുക്കുകയും ചെയ്തു. ‘

‘അതിന്? വായനയും വിവാഹാലോചനയും നിന്റെ ആത്മവിശ്വാസം എങ്ങനെ തകര്‍ക്കും മോചീ...’

‘ ശ്രീനിയേട്ടാ, ഈ ഓണത്തിനിറങ്ങിയ എല്ലാ മാസികകളുടെയും വാര്‍ഷികപ്പതിപ്പ് ഞാന്‍ വാങ്ങിയിരുന്നു. ഒക്കെയും വായിച്ചുതീര്‍ക്കുകയും ചെയ്തു. കലാകൌമുദി വാര്‍ഷികപ്പതിപ്പിലെ ഒരു കഥയാണ് എന്നെ തകര്‍ത്തത്. ലിസി എന്നു പേരായ ഒരു എഴുത്തുകാരിയുടെ കഥ. ‘ശബ്നയോട് ചോദിക്കാം’ എന്നോ മറ്റോ ആണ് കഥയുടെ പേര്. അതില്‍ ഒരു വാചകം ഏതാണ്ടിങ്ങനെയാണ് - ‘ ഓ !.. ഈ പുരുഷന്മാരെല്ലാം എന്തിന് കൊള്ളാം. ... പുരുഷന്മാര്‍ അവസാനിപ്പിക്കുന്നിടത്ത് സ്ത്രീ ആരംഭിക്കുന്നതേയുണ്ടാകൂ....ഒരു പെണ്ണിന് മാത്രമേ മറ്റൊരു പെണ്ണിനെ ഏഴാം സ്വര്‍ഗ്ഗത്തിലെത്തിക്കാനാവുകയുള്ളു. ‘ - എന്നൊക്കെയാണ് കഥാകാരി എഴുതിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ എന്റെ ഭാര്യയെ ഏഴാം സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ ആണായ എനിക്കെങ്ങനെ സാധിക്കും ശ്രീ‍നിയേട്ടാ. അവള്‍ എന്നെ അറപ്പോടെയും വെറുപ്പോടെയുമല്ലേ കാണൂ.. എന്നെ പുച്ഛിക്കില്ലേ.. എന്നെ കൂവി വിളിക്കില്ലേ... ‘

അപ്പോള്‍ ചെവിയില്‍ ഭാര്യയുടെ കൂക്കുവിളി മുഴങ്ങിയതായി അയാള്‍ക്ക് തോന്നി.

‘ മോനേ മോചീ.. ഇതൊക്കെ വെറും കഥയല്ലേ? എന്താ ഇതിലിത്ര ആത്മവിശ്വാസം കളയാന്‍. നമുക്കൊരു കാര്യം ചെയ്യാം. അഞ്ചോ ആറോ സ്വര്‍ഗ്ഗം കൊണ്ട് ഒതുങ്ങന്ന ഒരു പെണ്ണിനെ നമുക്ക് കണ്ടുപിടിയ്ക്കാം. നീ അതിനെ കെട്ടിയാല്‍ മതി. എന്തേ?’

‘ ശ്രീനിയേട്ടാ.. തമാശ കളയൂ. വേറെ ഒരു കാര്യം കൂടിയുണ്ട് ‘

‘മോചീ...ഇനിയുമോ?!!’

‘ഉം..’

‘ഇതേ ഡോസിലുള്ളത്?’

‘ഏതാണ്ട് ‘

‘എങ്കില്‍ നീ വിസ്കി തന്നെ എടുക്ക്. റമ്മിനിതൊന്നും താങ്ങാനാവില്ല കുട്ടാ ‘

മോചി വിസ്കി കൊണ്ടുവന്നു. അയാള്‍ ഒന്ന് ഗ്ലാസ്സിലേയ്ക്ക് പകരുകയും അവന്‍ തുടരുകയും ചെയ്തു.

‘ ശ്രീനിയേട്ടാ...ഈ ജി.സ്പോട്ട് എന്നാലെന്താ?’

ആ ചോദ്യം അയാളുടെ തലച്ചോറിനെ നീറ്റിക്കുകയും കുടിച്ച വിസ്കി വായിലൂടെയും മൂക്കിലൂടെയും കുമിളകളായി തെറിക്കുകയും ചെയ്തു.

‘ എന്താടാ.. ജി.സ്പോട്ടോ? എന്നുവച്ചാ?’

‘ കല്യാണം കഴിഞ്ഞിട്ടും ചേട്ടനത് അറിയില്ലാ? നമ്മുടെ ഗ്രാഫന്‍സ്ബര്‍ഗ് കണ്ടുപിടിച്ച ഒരു സംഗതിയില്ലേ . എല്ലാ പെണ്ണുങ്ങള്‍ക്കും അതുണ്ടെന്നാ പറയുന്നത്... അതറിയാവുന്നവര്‍ക്കേ പെണ്ണുങ്ങളെ തൃപ്തിപ്പെടുത്താനാവൂ.’

തൃപ്തി കിട്ടാതെ തലമുടി പിഞ്ചിയും അലറിവിളിച്ചും കാനായിയുടെ യക്ഷികണക്കെ കണ്മുന്നില്‍ അയാളുടെ ലക്ഷ്മി ഉറഞ്ഞുതുള്ളി.

ഭയം നിഴലിയ്ക്കുന്ന ശബ്ദത്തില്‍ അയാള്‍ ചോദിച്ചു : ‘സത്യം?’

‘സത്യം ചേട്ടാ. അങ്ങനെയൊന്നുണ്ട്’

‘എല്ലാ പെണ്ണുങ്ങള്‍ക്കും?’

‘ഉണ്ട്’

‘നമ്മുടെ തെക്കേത്തിലെ വിലാസിനിയ്ക്കും?’

‘ഉവ്വ്’

‘തടത്തിലെ ശാരദയ്ക്കും?’

‘ഉണ്ട് ശ്രീനിയേട്ടാ..’

‘മറ്റത്തിലെ ത്രേസ്യച്ചേച്ചിയ്ക്കും?‘

‘പിന്നേ.. എന്താ ചേട്ടാ?’

‘ അല്ലാ.. ഇവരാരും ഈ വിവരം എന്നോട് പറഞ്ഞിരുന്നില്ലല്ലോ മോനേ‘

‘ അപ്പോ വെറുതേയല്ല ചേട്ടന്‍ നാട്ടിലേയ്ക്ക് വരാത്തതല്ലേ?’

അയാള്‍ ഉന്തിയകണ്ണുകളോടെ അവനെ നോക്കി ചോദിച്ചു.

‘ നിന്നോടാരാ ജി.സ്പോട്ടിനെക്കുറിച്ചു പറഞ്ഞത്?’

‘ ശ്രീനിയേട്ടാ.. ഈയിടെ ഞാന്‍ ചാറ്റില്‍ പരിചയപ്പെട്ട ഒരുത്തി പറഞ്ഞതാ. നല്ല രീതിയില്‍ തുടങ്ങിയ സംസാരമാണ്. ഇടയ്ക്കെപ്പോഴോ അവളെന്നോട് ചോദിച്ചു ‘നിനക്ക് ജി.സ്പോട്ട്’ അറിയാമോന്ന്. ഞാന്‍ അറിയില്ലെന്ന് പറഞ്ഞു. അവളെന്നെ കുറേ ചീത്ത പറഞ്ഞു. നിനക്കൊക്കെ കാലുകൊണ്ട് ചേനവരച്ചു നില്‍ക്കുന്ന പെണ്ണുങ്ങളെയേ വീഴിയ്ക്കാനറിയാവൂ. വീറും വാശിയുമുള്ള ഒരു പെണ്ണിന്റെ മുന്നില്‍ പെട്ടാല്‍ നിന്റെയൊക്കെ വായില്‍ നിന്ന് നുരയും പതയും വരും എന്നൊക്കെ പറഞ്ഞ് അവള്‍ കുറേ ചൂടായി. ചേട്ടനോട് പറായാന്‍ പറ്റാത്തത്ര ചീത്ത അഡീഷണലായി പറയുകയും ചെയ്തു. ഇത്രയ്ക്കും പങ്കപ്പാടുള്ള പണിയാണോ ചേട്ടാ ഈ സെക്സ്? അങ്ങനെയാണേല്‍ എന്ത് വിശ്വസിച്ചാ ഒരു കല്യാണം കഴിയ്ക്കുന്നത്?’

അയാള്‍ വിറച്ചുകൊണ്ട് പറഞ്ഞു

‘അറിയില്ല മോനേ... ഈ ശ്രീനിയേട്ടന്‍ പോട്ടെ. ശ്രീനിയേട്ടനേക്കാള്‍ വളര്‍ന്ന പ്രശ്നങ്ങളാണ് നിനക്ക്. എങ്കിലും നിന്നെ ഞാന്‍ കൈയ്യൊഴിയില്ല. പ്രശ്നപരിഹാരങ്ങളുമായി ഞാനുടന്‍ വരും. അതുവരെ നീ സമാധാനമായിരിക്കൂ... ഒന്ന് ഈ ശ്രീനിയേട്ടന് മനസ്സിലായി. ഒരു പുരുഷന് മരണം രണ്ടല്ല. ജി.സ്പോട്ട് അറിയാത്തവനാണെങ്കില്‍ അവന് മൂന്ന് മരണങ്ങളുണ്ട്...മൂന്ന് മരണങ്ങള്‍....മൂന്ന് മരണങ്ങള്‍.... ‘

അങ്ങനെ പറഞ്ഞുകൊണ്ടയാള്‍ പുറത്തേയ്ക്കിറങ്ങി നടന്നു. മോചിത് തിരിച്ചു വിളിച്ചതും വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞതുമൊന്നും അയാള്‍ കേട്ടതേയില്ല. സൂര്യശോഭയോടെ മനസ്സിലൊരു ജി.സ്പോട്ട് ചോദ്യ ചിഹ്നമായി ഉദിച്ചു നിന്നു. വീട്ടിലെത്തിയതും ഫ്രിഡ്ജുതുറന്ന് ഒരു കുപ്പി വെള്ളം അയാള്‍ കുടിച്ചു തീര്‍ത്തു. അയാളുടെ ഭാവമാറ്റം കണ്ട് അതിശയിച്ചുനിന്ന ഭാര്യയുടെ മുഖത്ത് അയാള്‍ ആത്മവിശ്വാസം തകര്‍ന്നഭീരുവിനെപ്പോലെ നോക്കി. പിന്നെ വിതുമ്പിപ്പൊട്ടി.

അവള്‍ ചോദിച്ചു

‘എന്താ ചേട്ടാ.. ആകെ വല്ലാതിരിക്കുന്നത്?’

‘അതായത് ലക്ഷ്മി.. മനുഷ്യരാശിയ്ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത എത്രയെത്ര കണ്ടുപിടിത്തങ്ങളുണ്ടല്ലേ?ആ ഗ്രാഫന്‍സ്ബെര്‍ഗിന് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? ദുഷ്ടന്‍. ലോകപുരുഷസമൂഹത്തിന് അല്ലാതെതന്നെ എന്തുമാത്രം നീറുന്ന പ്രശ്നങ്ങള്‍ നേരിടാനുണ്ട്.... ഹോ! എന്റെ ദൈവമേ, ലക്ഷ്മീ.. എന്റെ ലക്ഷ്മീ നീ എന്നെ വെറുക്കുന്നുണ്ടോ?”

‘ ച്ഛേ മനുഷ്യാ.. നിങ്ങളെന്തോന്നാണ് പിച്ചും പേയും പറയുന്നത്?’

‘ അല്ല മോളേ... സ്വന്തം ഭാര്യയുടെ ജി.സ്പോട്ട് അറിയാത്ത പാപിയല്ലേ ഞാന്‍? നിനക്കെന്തെങ്കിലും തൃപ്തിനല്‍കാന്‍ എനിക്കായിട്ടുണ്ടോ? നിനക്കെന്നോട് വെറുപ്പുണ്ടോ ലക്ഷ്മീ?‘

‘ വൃത്തികേട് പറയാതെ മനുഷ്യാ...’

‘തുറന്നു പറയൂ...നിന്റെ ജി.സ്പോട്ട് എവിടെ?’

‘ അത് നിങ്ങള്‍ക്കറിയില്ലേ?..”

‘ സത്യമായും ലക്ഷ്മീ.. അതറിയാത്ത പാപിയാണ് നിന്റെയീ ഹസ്...’

അയാള്‍ കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞുകൊണ്ട് അവളുടെ ചുമലിലേയ്ക്ക് ചാരി. അപ്പോള്‍ അയാളുടെ മുടിയിഴകളിലൂടെ വിരലുകാളോടിച്ച പറഞ്ഞു.

‘ നിങ്ങള്‍ക്കറിയില്ലെങ്കിലെന്ത് നിങ്ങളുടെ നടുവിരല്‍ത്തുമ്പിനത് അറിയാമല്ലോ ‘

അപ്പോള്‍ അവളുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞുവരുന്നത് അയാള്‍ കണ്ടില്ല. നടുവിരലിന്റെ തുമ്പിലേയ്ക്ക് അതിശയിച്ചും ആശ്വാസത്തോടെയും നോക്കുന്ന അയാളെ അവളും.

Saturday, September 19, 2009

തൊഴുത്തിലകപ്പെട്ട തരൂരിയന്‍ പശു.

“കാലിത്തൊഴുത്തില്‍ പിറന്നവനേ...കരുണ നിറഞ്ഞവനേ... നിന്‍ നാമം വാഴ്ത്തപ്പെടട്ടെ ”
- എന്നുതുടങ്ങുന്ന, കര്‍ത്താവിനെ വാഴ്ത്തുന്ന, പാട്ടുകേട്ടു വളര്‍ന്ന ബാല്യമുള്ളതിനാലാവും ‘കാലിത്തൊഴുത്ത്‘ എന്നുവിശേഷിപ്പിച്ച് മാധ്യമങ്ങള്‍ ആഘോഷിക്കുന്ന ഏറ്റവും പുതിയ ‘തരൂരിയന്‍ വിവാദം‘ എന്നെ അലട്ടാതിരുന്നത്. കാലിത്തൊഴുത്ത് അത്രം മോശം സംഗതിയായി എനിക്കെന്തോ തോന്നുന്നുമില്ല.

ബി.ജെ.പി അനുഭാവിയും പത്രപ്രവര്‍ത്തകനും ‘കാഞ്ചന്‍ ഗുപ്ത‘ എന്ന പേരോടുകൂടിയവനുമായ ഒരു കന്നുകാലി ‘ട്വിറ്ററില്‍’ ഉയര്‍ത്തിയ ചോദ്യത്തിന് തിരുവനന്തപുരം ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ,വിജയിച്ച് ,മന്ത്രിയായ ശശിതരൂര്‍ എന്ന മറ്റൊരു കന്നുകാലി നല്‍കിയ മറുപടിയാണ് നമ്മുടെ മാധ്യമങ്ങള്‍ വിവാദമാക്കിയിരിക്കുന്നത്. ശശി തരൂര്‍ എന്ന സഹമന്ത്രിയെ ബഹുഭൂരിപക്ഷം കോണ്‍ഗ്രസ്സ് , കമ്യൂണിസ്റ്റ്, ബി.ജെ.പി കന്നുകാലികളും ദൃശ്യ,ശ്രവ്യ,അച്ചടി മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റ് കന്നുകാലികളും ചേര്‍ന്ന് വിവാദതാരമാക്കി മാറ്റിയിരിക്കുന്നു.

അപ്പപ്പോള്‍ കാണുന്നവനെ ‘അപ്പാ’ എന്ന് വിളിക്കുന്ന സ്വഭാവം എനിക്കില്ലാത്തതിനാല്‍ ഈ വിവാദങ്ങള്‍ എന്നെ ബാധിക്കുന്നതല്ല. കാരണം ഞാനിപ്പോഴും ‘ബഹുജനം കഴുത’ എന്ന പഴയ പഴമൊഴിയില്‍ വിശ്വസിച്ചു ജീവിക്കുന്ന കഴുതയാണ്. അതിനാല്‍ തന്നെ ‘ബഹുജനത്തില്‍’ പെടുന്ന ഞാന്‍ - സ്വയം വിശ്വസിച്ചില്ലെങ്കിലും - കഴുതയാവാനേ തരമുള്ളു. കഴുത നാല്‍ക്കാലി ആണെങ്കിലും ഇന്നേവരെ ആരും കന്നുകാലി ഗണത്തില്‍ അതിനെ പെടുത്തിയിട്ടുമില്ല. നമ്മുടെ സ്വന്തം ബുദ്ധിജീവിയായ സുകുമാര്‍ അഴിക്കോടുപോലും. അതുകൊണ്ട് തരൂരിന്റെ പ്രയോഗം നിസ്സംശയമായും എന്നെ ബാധിക്കേണ്ട കാര്യമില്ല.

അടുത്തകാലത്തായി , കടുത്ത മാനസിക പ്രശ്നങ്ങളും നിരാശയുമുണ്ടാവുമ്പോഴാണ് ഞാന്‍ ന്യൂസ് ചാനലുകള്‍ കാണുക. ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയവയിലെ രാഷ്ട്രീയക്കാരുടെ പകിടകളി കണ്ട് ചിരിക്കുക എന്നത് എന്റെയൊരു ഹോബിയായി മാറിയിരിക്കുന്നു.

കൈരളി, കൈരളി പ്യൂപ്പിള്‍ എന്നീ ചാനലുകള്‍ കണ്ടാല്‍ ഉള്ളം തുടയില്‍ നുള്ളിയാലും ചിരി അടക്കാനാവില്ല.

കഴിഞ്ഞ ഒരാഴ്ചയായി ‘ഓം പ്രകാശ-കൊടിയേരി’ ബാന്ധവമായിരുന്നെങ്കില്‍ അതുകഴിഞ്ഞൊരു ദിവസം അഭയയുടെ കൊലപാതകമായിരുന്നു... സോറി.. ആത്മഹത്യയായിരുന്നു മാധ്യമങ്ങളുടെ ഇഷ്ട വിഷയം. ഇന്നലെ മുതല്‍ ‘കാലി‌ത്തൊഴുത്ത്’ വിവാദമാണ് ചിരിയ്ക്കു വക നല്‍കുന്നത്. എത്ര ദിവസം നീളുമോ എന്തോ?

ആട്ടെ? എന്താണ് തരൂര്‍ ചെയ്ത തെറ്റ്? കോണ്‍ഗ്രസ്സുകാരനോ തരൂര്‍ ഫാനോ അല്ലാതിരിക്കുന്ന, എന്തിന് കന്നുകാലി ഗണത്തില്‍ പോലും പെടാത്ത, ഞാനെന്ന കഴുതയ്ക്ക് ആരെങ്കിലും അതൊന്നു പറഞ്ഞു തരൂ.

ഇന്നലെ രാജ്മോഹന്‍ ഉണ്ണിത്താന്‍, ഷാനാവാസ് തുടങ്ങിയ ഗാന്ധി(?)യന്മാരുടെയും ദീപ്തി മേരി വര്‍ഗ്ഗീസ് എന്നോ മറ്റോ പേരായ ഒരു കോണ്‍ഗ്രസ്സ് ചരക്കിന്റെയും.. (സോറി. ഇടയ്ക്ക് തനിസ്വഭാവം തലനീട്ടും) .. കോണ്‍ഗ്രസ്സ് നേതാവിന്റെയും ഒപ്പം സിന്ധു ജോയി എന്ന- ഞാന്‍ പതിവായി വോട്ടു ‘ഞെക്കുന്ന‘ പാര്‍ട്ടിയെ - പ്രതിനിധീകരിക്കുന്ന ‘കന്യക’യുടെയും ( അവിവാഹിത എന്ന ഉദ്ദേശത്തിലുള്ള പ്രസ്താവന. ) മറ്റും ‘കന്നുകാലികളുടെ മാനം‘ സംരക്ഷിക്കുംവിധമുള്ള നേരമ്പോക്കുകള്‍ കേട്ട് ഞാന്‍ തലതല്ലി ചിരിക്കുകയായിരുന്നു.

കാരണമുണ്ട്. ഇതുവരെ ഞാന്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധിച്ചുവായിച്ച ഏതൊരു കന്നുകാലിയ്ക്കും എന്റെ ‘രാഷ്ട്രീയം‘ പിടികിട്ടിയിട്ടുണ്ട്. എന്നാല്‍ വെറുമൊരു സംസ്ഥാനം മാത്രം ഭരിക്കുന്ന ‘ഞങ്ങള്‍‘ - ലോട്ടറി, ഭൂമിയിടപാട്, പെണ്‍‌വാണിഭം, ലാവ്‌ലിന്‍, ഗുണ്ടാസംരക്ഷണം, കൊലപാതകം - തുടങ്ങിയ മുന്തിയ ഇനങ്ങളില്‍ സാന്നിദ്ധ്യമറിയിക്കുമ്പോള്‍ വെറും കാലിത്തൊഴുത്തില്‍ രാജ്യം ഭരിക്കുന്ന ‘നിങ്ങളുടെ ‘പ്രകടനം ഒതുങ്ങിപ്പോവുമ്പോ‍ള്‍ എന്നേപ്പോലൊരു സഖാവ് ചിരിക്കാതിരിക്കുന്നതെങ്ങനെ?

ഇത്തിരി സീരിയസ്സായി പറഞ്ഞാല്‍ ‘കാറ്റില്‍ ക്ലാസ്സ്’ എന്ന പ്രയോഗത്തേക്കാള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുക ‘ വിശുദ്ധ പശുക്കള്‍’ എന്ന, സോണിയ, രാഹുല്‍ ഗാന്ധിമാരെ പരാമര്‍ശിച്ചെന്ന് നമ്മള്‍ വിചാരിക്കുന്ന (അതങ്ങനെതന്നെയാണ്) ശശി തരൂരിന്റെ പരാമര്‍ശത്തെയാണ്.

എന്താ അതില്‍ തെറ്റ്?

ഇക്കണോമിക് ക്ലാസ്സില്‍ സോണിയയും രാഹുലും സഞ്ചരിക്കുക വഴി ചിലവു ചുരുങ്ങുന്നുവെന്ന് ഭാരതത്തിലെ ഏത് കന്നുകാലികളാണ് വിശ്വസിക്കുക? പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ആഹാരം വരുത്തി, ഫോട്ടോഗ്രാഫര്‍മാരെ വിളിച്ചുചേര്‍ത്ത്, തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് ലാളിത്യം പരസ്യപ്പെടുത്തുംവിധമൊരു കലാപരിപാടിയാണ് അമ്മയുടെയും മകന്റെയും ഈ ‘ഇക്കണോമിക് ക്ലാസ്സ്’ സഞ്ചാരം.. ചുമ്മാ ഒരു ആദര്‍ശപ്രകടനം. കൂടുതല്‍ പ്രശസ്തിയിലേക്കൊരു എളുപ്പവഴി.

* * *

രാഹുലിന്റെ കാര്യം വിടുക. ‘സോണിയ രാജീവിന്‘ കോണ്‍ഗ്രസ്സ് പ്രസിഡന്റാവാന്‍ എന്തു യോഗ്യത എന്ന് ചിന്തിച്ചിട്ടുണ്ടോ? ബഹുമാന്യനായ രാജീവ് ഗാന്ധിയുടെ വാമഭാഗമാവുകയും കൂടെ നടക്കുകുയും കൂടെ കിടക്കുകയും ചെയ്തിരുന്നു എന്നതുകൊണ്ടുമാത്രം അവരെ നമ്മുടെ രാജ്യത്തിന്റെ ഏറ്റവും സ്വാധീന ശക്തിയുള്ള ഒരാളാക്കി മാറ്റുന്നതില്‍ എന്ത് യുക്തിയാണുള്ളത്? നെഹൃ കുടുംബത്തോടുള്ള വിധേയത്വം മാത്രമല്ല കോണ്‍ഗ്രസ്സുകാരെ ഇങ്ങനെ ഒരവസ്ഥയിലെത്തിച്ചതിനു കാരണം. സോണിയയ്ക്ക് പകരം ഏതെങ്കിലുമൊരു പേര് ആര്‍ക്കെങ്കിലും നിര്‍ദ്ദേശിക്കാനാവുമോ? അതെ. സോണിയ കോണ്‍ഗ്രസ്സിന്റെ ഗതികേടിന്റെ ചിഹ്നമായേ എനിക്ക് കാണാനാവൂ...

ബി.ജെ.പിയുടെ കാര്യമോ? വാജ്പേയി-യെപ്പോലെ ജനപ്രീയനായ ഒരു മിതവാദിയുടെ അഭാവമല്ലേ ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ശാപം. ചുരുക്കിയാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജനസമ്മതരായ നേതാക്കന്മാരുടെ സാന്നിദ്ധ്യം അവസാനിച്ചിരിക്കുന്നു. പുതു തലമുറ രാഷ്ട്രീയത്തോട് വിമുഖത കാണിക്കുകയും ചെയ്യുന്നു. നഷ്ടം ഭാരതദേശത്തിന്റേത് മാത്രമാവുന്നു. ലളിതമായി പറഞ്ഞാല്‍ നമ്മള്‍ കന്നുകാലികളുടെ.

* * *

കാലിത്തൊഴുത്തിലേയ്ക്ക് വരാം. ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായമാണ് ഏറെ രസകരം.‘രാഷ്ട്രീയ പ്രവര്‍ത്തകര്‍ / ഗാന്ധിയന്മാര്‍.. ലാളിത്യവും വിനയവും‘ പ്രകടിപ്പിക്കേണ്ടവരാണെന്നാണ് ‘പ്രതിപക്ഷന്റെ പക്ഷം‘. എന്നുവച്ചാല്‍ ജനത്തിനു മുന്നില്‍ ചുമ്മാ മേപ്പടി സംഗതികളങ്ങ് പ്രകടിപ്പിക്കുക!!! ജനം അടങ്ങിക്കൊള്ളും. ഉമ്മച്ചന്‍ ഇതില്‍ കാലനാ. പുത്തന്‍ ഖദറില്‍ കിഴുത്ത വീഴിച്ച് അതില്‍ കൈത്തുന്നലുമിട്ട് ലാളിത്യവും വിനയവും പ്രകടിപ്പിച്ച് അമ്പലക്കാളയുടെ മട്ടില്‍ പാവം നാടെങ്ങും മേയും.ട്രെയിനില്‍ വച്ച് ലാളിത്യം പുറത്തെടുക്കുന്ന പരിപാടി നിര്‍ത്തിയോ എന്തോ?! ട്രെയിനിന്റെ കാര്യം പറഞ്ഞപ്പോളാ ഓര്‍ത്തത്. ‘എ’ ഗ്രൂപ്പ് എന്നുപറഞ്ഞ് ആന്റണിയുടെ കൂടെ കൂടി കുറേക്കാലം നടന്നു. ഉമ്മന്റെ ലാളിത്യവും വിനയവും സഹിക്ക വയ്യാതായപ്പോള്‍ നമ്മുടെ ആന്റണിച്ചായന്‍ അവശേഷിക്കുന്ന ലാളിത്യവുമായി ദില്ലിയ്ക്കു പറന്നു. അവിടെ പ്രകടിപ്പിച്ച വിനയം ‘പ്രതിരോധ’ത്തില്‍ അവസാനിച്ചു.

ഗാന്ധിയന്മാര്‍ ലാളിത്യവും വിനയവും പ്രകടിപ്പിച്ച് ജീവിക്കണമെന്നുപറയുന്നത് ചുമ്മാതാ.

ഇ.പി ജയരാജന്‍ പണ്ടുപറഞ്ഞു ‘കമ്യൂണിസ്റ്റുകള്‍ പഴയപ്പോലെ കട്ടന്‍ ബീഡിയും കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് കഴിയേണ്ടതില്ലെന്ന്.’

എങ്കില്‍ ഞാന്‍ പറയുന്നു - കോണ്‍ഗ്രസ്സുകാര്‍ ‘ഗാന്ധിയന്‍ മാര്‍ഗം അനുവര്‍ത്തിച്ച് ലളിത ജീവിതമോ ഖദറോ ധരിക്കേണ്ടതില്ലെന്നും’ . സ്വന്തം കീശയ്ക്ക് പാങ്ങുണ്ടെങ്കില്‍ ഏത് ജനപ്രതിനിധിയും തന്റെ ഇഷ്ടം പോലെ ജീവിച്ചോട്ടെ. എത്ര കാശുമുടക്കി എവിടെയും താമസിച്ചോട്ടെ.

പക്ഷേ, ഞങ്ങള്‍ കന്നുകാലികള്‍ക്ക്, കഴുതകള്‍ക്ക് അര്‍ഹതപ്പെട്ടത് ലഭിക്കണം. ഞങ്ങള്‍ക്ക് കുടിവെള്ളം വേണം. ഞങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ നല്‍കാനുതകുന്ന പദ്ധതികള്‍ കൊണ്ടുവരണം. ഞങ്ങളുടെ തൊഴില്ലായ്മ പരിഹരിക്കണം. ഞങ്ങള്‍ക്ക് നല്ല റോഡുകള്‍ വേണം. ഞങ്ങള്‍ക്ക് ഭീതി കൂടാതെ ജീവിക്കാനുതകുന്ന സാഹചര്യങ്ങളൊരുക്കണം. അങ്ങനെ അങ്ങനെ ഞങ്ങള്‍ ഇരുകാലികളായ നാല്‍ക്കാലികള്‍ക്ക് വേണ്ടതെല്ലാം ലഭ്യമാക്കണം.

അല്ലാതെ ഖദറും പൊക്കി, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുമുദ്ധരിച്ച്, ഹൈന്ദവതയുടെ മൂടും താങ്ങി, ജാതി-മത സ്പര്‍ദ്ധ വിതറി ഗുണ്ടകളുടെ കൂട്ട് പിടിച്ച് ഞങ്ങള്‍ കന്നുകാലികള്‍ക്കിടയിലേയ്ക്ക് ചാനല്‍ ചര്‍ച്ചയിലൂടെയും പത്രപ്രസ്താവനകളിലൂടെയും മറ്റും വിവരക്കേടുമെഴുന്നെള്ളിച്ച് നിങ്ങള്‍ ജനപ്രതിനിധികളും രാഷ്ട്രീയപ്രവര്‍ത്തകരും വരാനാണ്‌ ഭാവമെങ്കില്‍ സകല പുംഗന്മാരെയും പാര്‍ലമെന്റിന്റ് നിയമസഭ തുടങ്ങിയവയുടെ മുറ്റത്തും മറ്റു പുറമ്പോക്കിലും കുറ്റിയടിച്ചുകെട്ടി പൂല്ലും വെള്ളവും തന്ന് ഞങ്ങള്‍ പോറ്റും. തിന്നും അയവിറക്കിയും ചാണകമിട്ടും ശിഷ്ടകാലം മേനി നടിച്ച് കുറ്റിയ്ക്കുചുറ്റും നിങ്ങള്‍ക്ക് കറങ്ങാം.

* * *

അവസാനമായി പറയട്ടെ. നമ്മുടെ പ്രധാനമന്ത്രി പറഞ്ഞതല്ലേ ശരി. ഒക്കെയും തരൂരിന്റെ ഒരു തമാശയായി കണ്ടാല്‍ പോരേ? ബഹുജനത്തെ കന്നുകാലി എന്ന് വിശേഷിപ്പിക്കാനാണ് തരൂര്‍ ശ്രമിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത്രയ്ക്ക് വിവരദോഷിയാവാന്‍ തരൂര്‍ ഒരു കറതീര്‍ന്ന രാഷ്ട്രീയക്കാരനൊന്നുമല്ലല്ലോ. പാവം. :)

Tuesday, September 8, 2009

ഒരു പെണ്ണും രണ്ടാണും ബ്ലോഗനയില്‍

സ്നേഹിതരേ,

വളരെ സ്വകാര്യമായ സന്തോഷങ്ങള്‍ പരസ്യപ്പെടുത്തുന്നത് അല്പത്തരമാണെങ്കിലും‘ബൂലോഗവാസി’യായതുകൊണ്ടുമാത്രം ലഭിച്ച എന്റെ സന്തോഷം ഇവിടെയല്ലാതെ ഞാന്‍ മറ്റെവിടെ പങ്കുവയ്ക്കാന്‍.

മൂന്നാമതൊരിക്കല്‍ക്കൂടി ‘പോങ്ങുമ്മൂടന്‍’ എന്ന പേര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബ്ലോഗന എന്ന പംക്തിയില്‍ അച്ചടി മഷിയുണങ്ങി ഞാന്‍ കണ്ടു. സന്തോഷം.

എന്നെ സഹിച്ച/സഹിക്കുന്ന/സഹിക്കാനിരിക്കുന്ന എല്ലാവര്‍ക്കും നന്ദി.

സ്നേഹപൂര്‍വ്വം
അല്പന്‍ alias പോങ്ങു

Saturday, August 29, 2009

ഓണം; ചില അസ്വാഭാവിക ചിന്തകള്‍

സ്നേഹിതരേ,

ഇത് ‘ആല്‍ത്തറ‘യ്ക്കുവേണ്ടി എഴുതിയ പോസ്റ്റാണ്. ഇവിടെയും അതിന്റെ ഒരു പകര്‍പ്പ് കിടന്നുകൊള്ളട്ടെ.

ഓണത്തെക്കുറിച്ചുള്ള എതിര്‍ പ്രസ്താവനയല്ല ഈ പോസ്റ്റ്. എങ്കിലും ഞാന്‍ ഭയക്കുന്നു. ഓണം എന്റെ മനസ്സില്‍ നിന്നും മാഞ്ഞുപോവുന്നോ എന്ന്. ഈ ഓണക്കാലത്ത് പ്രത്യേകിച്ചൊരു സന്തോഷവും എന്റെ മനസ്സില്‍ തോന്നുന്നില്ല. ഓണമായെന്നുപോലും തോന്നുന്നില്ല. നിങ്ങള്‍ക്കോ? എന്റെ വിവരക്കേടില്‍ നിന്നുണ്ടാവുന്ന തോന്നലാവും ഇത്. അല്ലെങ്കില്‍ പഴയ ഓണക്കാലം എനിക്കിനി തിരികെ ലഭിക്കില്ലാ എന്ന തിരിച്ചറിവിന്റെ അസ്വസ്ഥതയുമാവാം. അതാവും ഇങ്ങനൊരു പോസ്റ്റ് ഞാന്‍ എഴുതാന്‍ കാരണം. എതിരഭിപ്രായമുള്ളവര്‍ പൊറുക്കുക.

------------------------------------

“ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍”

അതെ. ഇത്തവണ ഈ ആല്‍ത്തറയിലിരുന്ന് ഓണമാഘോഷിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതൊരു ഭാഗ്യമായും ഞാന്‍ കരുതുന്നു. സൌഹൃദത്തിന്റെ തണലില്‍ സ്നേഹത്തിന്റെ ശുദ്ധവായു ശ്വസിച്ച് ഇവിടെയിരിക്കുമ്പോള്‍ ഓരോരുത്തരുടെയും മനസ്സില്‍ നന്മയുടെ പൂക്കള്‍ ധാരാളമായി വിരിയുന്നത് ഞാന്‍ കാണുന്നു. ആ പൂക്കള്‍കൊണ്ട് ഈ ആല്‍ത്തറയില്‍ നമുക്കൊരു കളമൊരുക്കാം. അവയില്‍ നിന്ന് സ്നേഹത്തിന്റെ സൌരഭ്യമുയരട്ടെ. ചങ്ങാത്തത്തിന്റെ നനുത്ത മഞ്ഞുകണങ്ങള്‍ വീഴ്ത്തി നമുക്കാപൂക്കളത്തിന് അമരത്വം നല്‍കാം.

* * *

ഓണം നമ്മുടെയൊക്കെ ഓര്‍മ്മകളില്‍ മാത്രമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് തോന്നുന്നില്ലേ?. എതിര്‍പ്പുള്ളവരുണ്ടാവാം, എങ്കിലും എനിക്കു തോന്നുന്നു ഇപ്പോള്‍ ഓണത്തെ ഏറ്റവും നന്നായി അറിയുന്നതും അനുഭവിക്കുന്നതും പ്രവാസി മലയാളികളാണെന്നാണ്. എന്റെ സ്കൂള്‍ കാലങ്ങളില്‍ ഞാന്‍ ഹിന്ദിക്ലാസ്സില്‍ ‘ ഓണം കേരളീയോ കാ എക് ദേശീയ് ത്യോഹാര്‍ ഹേ..’ എന്ന് തുടങ്ങുന്ന ഓണത്തെക്കുറിച്ചുള്ള ഉപന്യാസം പഠിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍ പുതുതലമുറ ‘ഓണം, പ്രവാസി മലയാളിയോം കാ എക് ദേശീയ് ത്യോഹാര്‍ ഹേ ‘ എന്ന രീതിയില്‍ ഉപന്യാസം പഠിക്കേണ്ടി വരുമെന്ന് തോന്നുന്നു. സിലബസ് അനുവദിച്ചാല്‍.

ഞാനിത് പറയാന്‍ കാരണമുണ്ട്. കേരളത്തിന്റെ തലസ്ഥാന നഗരിയിലിരുന്ന് ഇതെഴുതുമ്പോള്‍ തിരുവോണത്തിന് ഇനി വെറും മൂന്ന് നാളുകള്‍ മാത്രം. ഇവിടെ ഓണമെത്തിയിട്ടില്ല. പ്രകൃതി പോലും ഓണത്തെ സ്വീകരിച്ചുതുടങ്ങിയിട്ടില്ല. നേര്‍ത്ത വെയിലും ശക്തമായ കാറ്റും തുമ്പികളും ശലഭങ്ങളും പൂക്കളുമൊക്കെ ഓണത്തിനു മുന്നോടിയായി വരുമായിരുന്നു. ഇന്നതില്ല.

ആകെ ഓണത്തിന്റെ സാന്നിദ്ധ്യം അറിയുന്നത് അച്ചടി,ദൃശ്യ,ശ്രവ്യ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളിലൂടെ മാത്രം. ഞാനടക്കം പരസ്യരംഗത്ത് ജോലി ചെയ്യുന്നവരാണ് ഉപജീവനത്തിനായി ഇപ്പോള്‍ ഓണത്തെ കൃത്രിമമായി സൃഷ്ടിക്കുന്നത്. പ്രകൃതിപോലും കൈയ്യൊഴിഞ്ഞ ഓണം. പരസ്യക്കാര്‍ കൃത്രിമശ്വാസോച്ഛ്വാസം നല്‍കി ‘ഉപഭോക്താക്കളെ’ വഞ്ചിക്കാനായി പുനര്‍‌സൃഷ്ടിക്കുന്ന ഓണം.

പരസ്യക്കാരനെന്ന നിലയില്‍ എനിക്കു തോന്നുന്നു ‘കാണം വിറ്റും ഓണം ഉണ്ണണമെന്ന് ’ പ്രസ്താവിച്ച ആ മഹത് വ്യക്തിയാവാം ഏറ്റവും വലിയ കോപ്പി റൈറ്റര്‍ എന്ന്. മലയാളക്കരയിലെ ദരിദ്രനാരായണന്മാര്‍ അതനുസരിച്ച് ഉള്ളതു വിറ്റും ഓണമാഘോഷിച്ചു. ആര്‍ക്ക് നഷ്ടം? ഇനി ആരും അങ്ങിനെ ചെയ്യാന്‍ മുതിരരുതെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴത്തെ ഓണം ഉള്ളവന്റേതാണ്. ഉള്ളവര്‍ ഇല്ല്ലാത്തവന്റെ കൈയ്യിലുള്ളത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ആഘോഷമാണ് ഓണം.

തിരുവനന്തപുരത്ത് കിഴക്കേക്കോട്ട മുതല്‍ മ്യൂസിയം ജംഗ്ഷന്‍ വരെ നിങ്ങളൊന്ന് നടന്നാല്‍ കാണാം - ‘ഓണ സദ്യ വെറും 151 രൂപയ്ക്ക്. ടാക്സ് എക്സ്ട്രാ ‘ എന്ന പരസ്യം . ടാക്സ് കൊടുത്ത് ഓണസദ്യ കഴിക്കാനൊരു അവസരം മുന്തിയ ഹോട്ടലുകള്‍ നമുക്ക് തരുന്നു. ഡിസ്കൌണ്ട്, ഓഫര്‍ എന്നീ വാക്കുകള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നതും ഈ കാലത്തുതന്നെ. എല്‍.സി.ഡി ടിവി-യടക്കം കെയര്‍ഫ്രീ ഐറ്റങ്ങള്‍ക്ക് വരെ ഡിസ്കൌണ്ട്. ഓണമെന്നാല്‍ ഷോപ്പിങ്ങ്. പൂക്കളമെന്നാല്‍ വിമന്‍സ് ക്ലബ്ബിന്റെ കീഴില്‍ നടത്തുന്ന മത്സരം. പൂക്കള്‍ തമിഴന്മാര്‍ നമുക്കു നല്‍കും. അതിന് എക്സ്ട്രാ ടാക്സ് ഈടാക്കുന്നോയെന്ന് അറിയില്ല. മഹാ‍ബലി അന്താരാഷ്ട്ര കമ്പനികളുടെ അടക്കമുള്ള ‘ബ്രാന്‍ഡ് അമ്പാസിഡര്‍ ‘ മാത്രം. മലയാളികള്‍ക്ക് ഇനി മഹാബലിയില്‍ അവകാശമില്ല.

ഒക്കെ പോട്ടെ, എന്തായിരിക്കും ഈ ഓണത്തിന്റെ ഏറ്റവും വലിയ നഷ്ടം എന്ന് ചിന്തിച്ചിച്ചിട്ടുണ്ടോ?. എന്റെ തോന്നല്‍ മാധവിക്കുട്ടിയുടെ അഭാവമാവും ഈ ഓണം നേരിടുന്ന ഏറ്റവും വലിയ നഷ്ടമെന്ന്. ഞാന്‍ ജനിച്ച് ഇന്നേവരെ ഈ ലോകത്തില്‍ മാധവിക്കുട്ടിയില്ലാത്ത ഒരോണവും ഉണ്ടായിരുന്നില്ല. അവരുടെ കഥകളോ ഓര്‍മ്മക്കുറിപ്പുകളോ ഇല്ലാത്ത ഒരോണപ്പതിപ്പും ഉണ്ടായിരുന്നുമില്ല. സ്വര്‍ണ്ണവര്‍ണ്ണം വിതറുന്ന വെയിലും കാറ്റും പൂക്കളും ശലഭങ്ങളും തുമ്പികളുമൊന്നും ഇല്ലാതിരിക്കുന്നതിന്റെ കാരണവും ആ മഹതിയുടെ അഭാവംകൊണ്ടാവാ‍മെന്ന് വെറുതെ നമുക്ക് ചിന്തിക്കാം. എത്രയോ പ്രതിഭാധനന്മാരായ ആള്‍ക്കാരാണ് ഈ ഓണം കൂടാന്‍ നില്‍ക്കാതെ കടന്നുകളഞ്ഞത്. അവരുടെയൊക്കെ ഓര്‍മ്മകളില്‍ മനോഹരമായ ഓണക്കാലങ്ങളുണ്ടായിരുന്നു. അവരോടുകൂടി നഷ്ടപ്പെടുന്നത് ഓണത്തിന്റെ ഓജസ്സാണ്. അവശേഷിക്കുന്നത് കച്ചവട താല്പര്യങ്ങള്‍ നിറഞ്ഞ, കുത്തകകമ്പനികളുടെ കീശ വീര്‍പ്പിക്കാന്‍ പരസ്യക്കാര്‍ പടിച്ചുവിടുന്ന നിര്‍ജ്ജീവമായ ഓണം മാത്രം. വരും വര്‍ഷങ്ങളില്‍ നമുക്കത് തീര്‍ത്തും ബോധ്യമാവും. അതുതന്നെയാണ് ഓണത്തിന്റെ കഷ്ടവും.

എനിക്ക് സംശയം. മഹാബലി ഇനി വരിക കേരളത്തിലേയ്ക്കാവില്ലേ?. പ്രവാസിമലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്താവും ഇനി അദ്ദേഹത്തിന്റെ സന്ദര്‍ശനമെന്ന് ഞാന്‍ വിചാരിക്കുന്നു. സ്വര്‍ണ്ണവെയിലും കുളിര്‍കാറ്റും തുമ്പിയും ശലഭങ്ങളുമൊക്കെ ഓരോ പ്രവാസിമലയാളികളെയും തേടിപോയിട്ടുണ്ടാവും. ഓണം ഇനി പ്രവാസ മനസ്സുകളില്‍ മാത്രമാവും. കേരളീയര്‍ ‘കാരി സതീഷിന്റെയും ഗുണ്ടുകാട് സാബുവിന്റെയും ഓം പ്രകാശിന്റെയും കേരളത്തിന്റെ സ്വന്തം ‘ഗുണ്ടി’യായ ശോഭാ ജോണിന്റെയുമൊക്കെ‘ വികൃതികള്‍ വായിച്ചു രസിച്ചു കഴിയട്ടെ. മഹാബലിയ്ക്ക് ‘പാതാളം മാവേലി’യെന്ന വിളിപ്പേര്‍ വീഴും മുന്‍പേ അദ്ദേഹം ഈ നാടും വിടട്ടെ.

എല്ലാവര്‍ക്കും നന്മവരണമേയെന്ന ആഗ്രഹത്തോടെ ആര്‍ക്കും ഓണാശംസകള്‍ നേരാതെ ഞാന്‍ മടങ്ങുന്നു. നാളെ ഒരു ചുരിദാര്‍ കമ്പനിയ്ക്കുള്ള ഓണപ്പരസ്യം തീര്‍ക്കേണ്ടതുണ്ട്. ഡിസ്കൌണ്ടുകളുടെ പൊടിപൂരത്തോടെ....


മനസ്സിലൊരു ഓര്‍മ്മത്തുമ്പി :

കുഞ്ഞുന്നാളില്‍ കൂട്ടുകാരുമൊത്ത് പൂപറിക്കാന്‍ പോവുന്ന സുന്ദരകാലം എന്റെ ഓര്‍മ്മയിലുണ്ട്. അതൊരു വാശിയേറിയ മത്സരം കൂടിയാണ്. കൂടുതല്‍ പൂ പറിക്കുന്നവര്‍ വിജയി. പെണ്‍കുട്ടികള്‍ക്ക് എത്തിവലിഞ്ഞാല്‍ കിട്ടാത്ത ഉയരങ്ങളില്‍ നില്‍ക്കുന്ന പൂക്കള്‍, നിക്കറിട്ട ഞങ്ങള്‍ ‘ പുരുഷന്മാര്‍’ പറിച്ചുകൊടുക്കും. ആരാധനയുടെ പുഷ്പങ്ങള്‍ അവരുടെ കണ്ണുകളില്‍ വിരിയുന്നത് കൌതുകത്തോടെ ഞങ്ങള്‍ അനുഭവിക്കും. പൂപറിക്കുന്നതിനിടെ രേവതിക്കുട്ടിയെന്ന സുന്ദരിക്കുട്ടിയുടെ വിരലില്‍ ഒരു മുള്ളുകൊണ്ടു. അവളുടെ നീണ്ടു മെലിഞ്ഞ ചന്ദനനിറമുള്ള വിരലിന്റെ അറ്റത്ത് കടുകുമണിയോളം വലിപ്പത്തില്‍ രക്തത്തിന്റെ ഒരു കുമിള. ഞാനാ‍ കുമിള എന്റെ ചുണ്ടുകള്‍കൊണ്ട് പൊട്ടിച്ചെടുത്തു. അവളുടെ കണ്ണുനീരൊപ്പി. ധാരാളം പൂക്കള്‍ പറിച്ച് അവളുടെ കൂട നിറച്ചു. അന്ന് ഏറ്റവും പൂക്കള്‍ കിട്ടിയത് രേവതിക്കുട്ടിയ്ക്കാണ്. സ്വാഭാവികമായും ഏറ്റവും കുറവ് എനിക്കും. പക്ഷേ, പിരിയുമ്പോള്‍ അവള്‍ എന്റെ കവിളില്‍ സ്നേഹത്തോടെ ഒരുമ്മ തന്നു. ഇന്നും അതെന്റെ കവിളില്‍ പൂത്തുനില്‍ക്കുന്നു.

രേവതീ, നീ ഇത് വായിക്കുന്നുണ്ടാവുമോ‍? നീ നല്‍കിയ ആ ഉമ്മ ഇന്നും ഞാന്‍ എന്റെ കവിളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്ന് നീ അറിയുക. പ്രണയത്തിന്റെയും കാമത്തിന്റെയും കറപുരളാത്തൊരു ഉമ്മ. എന്റെ മകന് അങ്ങനെയൊരു ഓണക്കാലം കിട്ടില്ലല്ലോ എന്നത് എന്നെ വേദനിപ്പിക്കുന്നുണ്ട്.

നിന്റെ മകള്‍ക്ക് സുഖമല്ലേ? നീ അവള്‍ക്ക് പറഞ്ഞുകൊടുക്കുക നമ്മുടെ ഓണക്കാലത്തേക്കുറിച്ച്.!!

Tuesday, August 25, 2009

'സദാ ചാരി' സദാചാരി ആവുമ്പോള്‍...

സദാചാരം എന്നത് ഏതൊരുമനുഷ്യനും ഉണ്ടാവേണ്ട ഒരു സദ്ഗുണം തന്നെയാണ്. ഓരോ വ്യക്തിയും നല്ല ശീലങ്ങളുടെ, മര്യാദകളുടെ വക്താക്കളായാല്‍ സമൂ‍ഹം തന്നെയാണ് നന്നാവുന്നത്. മര്യാദരാമന്മാര്‍ മാത്രം നിറയുന്നൊരു ലോകത്താണ് സ്നേഹം, സമാധാനം, സന്തോഷം, സഹിഷ്ണുത, സാഹോദര്യം, അനുകമ്പ, ദയ, പ്രതിപക്ഷബഹുമാനം എന്നിങ്ങനെയൊക്കെയുള്ള സദ്ഗുണങ്ങളെല്ലാം അതിന്റെ പാരമ്യതയില്‍ ദര്‍ശിക്കാനാവുന്നത്. അങ്ങനെയല്ലേ? ചുരുക്കിപ്പറഞ്ഞാല്‍ സദാചാരമാണ് ഈ പ്രപഞ്ചത്തെ ഒരു പറുദീസയാക്കി മാറ്റാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകം. (ചുമ്മാ..)

ആയിക്കോട്ടെ.

അങ്ങനെയെങ്കില്‍ ഒരാള്‍ എപ്പോഴാണ് സദാചാരിയായി മാറുന്നതെന്നറിയാനും എനിക്ക് കൌ‍തുകമുണ്ട്. ജന്മനാതന്നെ ലഭിക്കുന്ന ഒന്നാണോ സദാചാരം? അതോ വിദ്യാഭ്യാസത്തിലുടേയോ അല്ലെങ്കില്‍ മാതാപിതാക്കുളുടെയും ഗുരുക്കന്മാരുടെയും മറ്റു സ്വാധീനശക്തിയുള്ള വ്യക്തികളുടെയും സ്നേഹോപദേശങ്ങളിലൂടെയോ? അതുമല്ലെങ്കില്‍ അനുഭവങ്ങളിലൂടെയോ വായനയിലൂടെയോ? ആയിരിക്കില്ല. അങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ ഞാനും സദാചാരി ആവേണ്ടിയിരുന്നല്ലോ!!

സദാചാരത്തിന്റെ അസ്കിത എനിക്കില്ലെങ്കിലും സദാചാരത്തെ സ്നേഹിക്കാനും സദാചാരവാദികളെ ബഹുമാനിക്കാനും അവരെ പ്രകീര്‍ത്തിക്കാനും എനിക്കാവും. അതിനു തെളിവാകാകുന്നു ‘പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും’ സദാചാരത്തിന്റെ ശുഭ്രവസ്ത്രമണിഞ്ഞ് സദാചാരവാദിയായ ഒരു ചെറുപ്പക്കാരനെ പ്രകീര്‍ത്തിക്കുന്ന ഈ പോസ്റ്റ്. ‘നഷ്ടബോധം‘ പോലും മനുഷ്യനെ സദാചാരിയാക്കുമെന്ന തിരിച്ചറിവ് എനിക്ക് നല്‍കിയ ഒരു അസുലഭ കാഴ്ചയുടെ വിവരണമാണിത്.

ബാംഗ്ഗ്ലൂരിലേയ്ക്കുള്ള യാത്ര ഞാന്‍ അതിവേഗം പ്ലാന്‍ ചെയ്ത ഒന്നായിരുന്നു. മനുജി, തോന്ന്യാസി എന്നിവരുമായി ഒരിക്കല്‍ പോവാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്നത് സാധിച്ചില്ല. ഇപ്പോള്‍ നന്ദേട്ടന്‍ ബാംഗ്ലൂര്‍ വിടാനുംകൂടി തീരുമാനിച്ച നിലയ്ക്ക് എന്റെ യാത്ര നീട്ടേണ്ടന്ന് കരുതി.

പോയി.
അറുബോറന്‍ യാത്ര.

മടക്കം ട്രെയിനിലാക്കാന്‍ കാരണം നന്ദേട്ടന്റെ നിര്‍ബന്ധമാണ്. ഞായറാഴ്ച ആയതിനാല്‍ തിരക്ക് തീരെ കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞ് വിശ്വസിപ്പിച്ചു. എനിക്ക് ബസ്സിൽ പോരാനായിരുന്നു താല്പര്യം. എന്നാൽ , ഭാരിച്ച ലഗേജ് ഉള്ളതിനാല്‍ ബസ്സ് അദ്ദേഹത്തെ സംബന്ധിച്ച് അസൌകര്യമാവുമെന്നും ട്രെയിനിലല്ലെങ്കിൽ താൻ യാത്ര തന്നെ നീട്ടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ടിയാൻ.പിന്നെ ഇടയ്ക്കൊന്ന് മൂത്രമൊഴിക്കണമെങ്കിൽ ട്രെയിനാണെത്രെ സൌകര്യം. എന്നിട്ടോ, മൂത്രമൊഴിക്കാൻ പോയിട്ട് ഒന്ന് ഇളകിയിരിക്കാൻ സാധിച്ചത് പിറ്റേന്ന് നേരം വെളുത്തപ്പോഴാണ്. ഇല്ല. അതൊന്നും ഞാൻ ഓർക്കുന്നില്ല. ഓർത്താൽ ഈ പോങ്ങു ഏങ്ങി പോവും.

തിരക്കേറിയ പ്ലാറ്റ്ഫോമിലൂടെ എട്ടേപത്തേന്ന് നടക്കുന്ന എന്റെ തലയിൽ കാർഡ് ബോർഡ് പെട്ടിയും ഇരുകൈകളിലും ഭാരമേറിയ ബാഗും തൂക്കിച്ച് നന്ദേട്ടനെന്നെ ട്രെയിനിലേയ്ക്ക് തെളിച്ചതും ഞാനിപ്പോൾ ഓർക്കുന്നില്ല. ഓർത്താൽ ഈ പോങ്ങു ഏങ്ങി പോവും.

ട്രെയിനിൽ വച്ച് സേവിക്കാനുള്ള സോമരസം ആവശ്യത്തിന് കരുതണമെന്നുപറഞ്ഞ എന്നോട് ‘ഒക്കെ ഞാൻ കരുതീട്ട്ണ്ടടാ , നേരംവെളുക്കുന്നവരെ നമുക്ക് കഴിക്കാനുള്ള സാധനമുണ്ട് ‘
എന്നുപറഞ്ഞ് ‘അരലിറ്ററിന്റെ തംസപ്പിൽ ഒരു ക്വാർട്ടർ‘ ഒഴിച്ച് ഉയർത്തിക്കാട്ടിയതും ഞാൻ ഓർക്കുന്നില്ല. ഓർത്താൽ ഈ പോങ്ങു ഏങ്ങി പോവും.9.45-ന് പുറപ്പെടുന്ന ഐലന്റ് എക്സ്പ്രസ്സില്‍ 7 മണിക്ക് തന്നെ കയറിക്കൂടി. അപ്പോൾപോലുംബോഗി പാതി നിറഞ്ഞിരിക്കുന്നു.ഭാഗ്യവശാല്‍ വിന്‍ഡോ സൈഡില്‍ മുഖത്തോടുമുഖം നോക്കി ഒറ്റയ്ക്കൊറ്റയ്ക്കിരിക്കാന്‍ പാകത്തിന് 2 സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. അതില്‍ ഓരോന്നിലായി ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു.

8 മണിയോടെ സീറ്റുകളെല്ലാം നിറഞ്ഞു. കഷ്ടി 6 പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ എട്ടും ഒന്‍‌പതും പേര്‍. എനിക്കെതിര്‍വശത്തായി എതിര്‍ദിശയിലേയ്ക്ക് നോക്കിയിരിക്കുന്ന ഒരു പെണ്‍‌കുട്ടി. പൂര്‍ണ്ണമായും സീറ്റിലേയ്യ്ക്ക് കയറി ഇരിക്കാനാവുന്നില്ല അവള്‍ക്ക്. അത്യാവശ്യം പുഷ്ടിയുള്ള ശരീരത്തിന്റെ വലതുഭാഗം ഏതാണ്ട് പൂര്‍ണ്ണമായും സീറ്റിനുവെളിയിലേയ്ക്ക് ഒഴുകിയിറങ്ങുന്നു. തുടുത്ത കവിളുകളിലേയ്ക്ക് വളരുന്ന നേര്‍ത്ത മുടിയിഴകള്‍. പച്ചക്കല്ലുപതിച്ച കമ്മല്‍. മുഖം ചെരിക്കുമ്പോള്‍ ദൃശ്യമാവുന്ന തുടുത്തുചുവന്ന ചുണ്ടുകള്‍. നയനമനോഹരമായ ഈ കാഴ്ച അനന്തപുരിവരെ നൽകണേ എന്ന പ്രാർത്ഥനയോടെ മിഴി ചിമ്മാതെ ഞാൻ അവളെത്തന്നെ നോക്കിയിരുന്നു.

അധികം താമസിയാതെ, ലോ വെയിസ്റ്റ് ജീന്‍സിനുവെളിയിലേയ്ക്ക് വളര്‍ന്നുകയറിയ ജട്ടിയുമായി ഒരു പരിഷ്കാരി ചെറുപ്പക്കാരന്‍ എന്റെ കാഴ്ചയെ ഒരുനിമിഷം മറച്ച് കടന്നു പോയി. ബോഗിയുടെ അങ്ങേയറ്റം വരെ നടന്നിട്ട് സീറ്റ് ലഭിക്കാത്തതിനാല്‍ അയാള്‍ തിരികെ വന്ന് ബാഗ് മുകളിലേയ്ക്ക് വച്ച് പെണ്‍കുട്ടിയുടെ സമീപത്തായി നങ്കൂരമിട്ടു.. അവന്റെ നോട്ടവും അവളിലേയ്ക്ക് തന്നെ. മാന്യതയില്ലാത്ത മ്ലേച്ഛൻ. ഒരുമാതിരി സ്ത്രീകളെ കാണാത്തതുപോലെ!!

ഇനിയും അരമണിക്കൂര്‍ എടുക്കും വണ്ടി നീങ്ങിത്തുടങ്ങാന്‍. തിരക്കേറും തോറും ഞാന്‍ നന്ദേട്ടനെ രൂക്ഷമായി നോക്കും. - ‘ഹേയ്, ഇതൊന്നുമല്ല പോങ്ങൂ തിരക്ക്. ചിലപ്പോള്‍ ഡോറില്‍ തൂങ്ങി വരെ ആള്‍ക്കാരുണ്ടാവും. ടാ ഞാന്‍ പറഞ്ഞുതന്നവിധം നീ ശ്വാസമൊന്ന് ആഞ്ഞ് വലിച്ചുവിട്ടേ.. നിന്റെ ടെന്‍ഷനൊക്കെ ഇപ്പോള്‍ മാറും’ - ഇതാണ് എന്റെ രൂക്ഷമായ നോട്ടത്തിന് നന്ദേട്ടന്‍ നല്‍കുന്ന മറുപടി.

ടെന്‍ഷന്‍ കുറയ്ക്കാന്‍ ‘ബ്രീത് എക്സര്‍സൈസ്’ നന്നെന്ന് തലേദിവസം നന്ദേട്ടന്‍ പറഞ്ഞു തന്നിരുന്നു . ജീവന്‍ നിലനിര്‍ത്താന്‍ പോലുമുള്ള ശ്വാസം ഈ ബോഗിയില്‍ കഷ്ടിയാണ്. അപ്പോളാണ് അയാളുടെയൊരു വായു വ്യായാമം.

ഇടയ്ക്ക് കാലൊന്നു നീട്ടിവച്ചപ്പോള്‍ നിലത്തുനിന്ന് തെലുങ്കിലൊരു തെറി. ഹൊ! ഈ നരച്ച സ്ത്രീ എപ്പോള്‍ കാല്‍കീഴില്‍ കയറി ചുരുണ്ടു!!

ട്രെയിന്‍ നീങ്ങിത്തുടങ്ങി. ആശ്വാസം, അല്പസ്വല്പം വായു ഉള്ളിലേയ്ക്ക് വരുന്നുണ്ട്.

എതിര്‍വശത്ത് നില്‍ക്കുന്ന ചെറുപ്പക്കാരന്‍ കൈകള്‍ ഉയര്‍ത്തി മുകളിലെ ബെര്‍ത്തില്‍ പിടിച്ച് ഉറക്കം തൂങ്ങുന്നു. അയാളുടെ അരക്കെട്ട് താഴെയിരിക്കുന്ന പെണ്‍‌കൂട്ടിയുടെ ഉരത്തില്‍ ചെന്നുരസി മടങ്ങുന്നത് അയാള്‍ അറിയുന്നേയില്ല. പാവം. നല്ല ഉറക്കമായിരിക്കുന്നു!!! പെണ്‍കുട്ടി മുഖമുയര്‍ത്തി അയാളെ നോക്കുന്നു. അയാള്‍ കണ്ണുകള്‍ ഇറുക്കിഅടച്ചു തന്നെ. അവള്‍ ഇത്തിരികൂടി സീറ്റിലേയ്ക്ക് കയറി ഇരിക്കാന്‍ ശ്രമിക്കുന്നു. ഞാനല്ലാതെ വേറൊരു മാന്യനും അവരെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു.

ട്രെയിന്‍ അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തി. അവിടെനിന്നും കുറേ ആള്‍ക്കാര്‍ കയറി. ചെറുപ്പക്കാരന്‍ മുന്നോട്ട് നീങ്ങുന്ന ലക്ഷണമില്ല. അയാള്‍ പെണ്‍കുട്ടിയോട് കൂടുതല്‍ ചേര്‍ന്നുനിന്ന് തന്റെ പിന്‍ഭാഗത്തുകൂടി ആള്‍ക്കാരെ മുന്നോട്ട് കടന്നുപോവാന്‍ അനുവദിക്കുന്നു. എല്ലാവരും കടന്നുപോയപ്പോള്‍ അയാള്‍ അരക്കെട്ട് അവളുടെ ഉരത്തില്‍ നിന്നും വേര്‍പെടുത്തി. ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഇപ്പോള്‍ അയാളുടെ ഒരു കൈ താഴെ അവളിരിക്കുന്ന സീറ്റില്‍ വിശ്രമിക്കുന്നു. പിന്നെ പതിയെ വിരലുകള്‍ നീട്ടി അവളുടെ പിന്‍ഭാഗത്ത് തൊടുന്നു. അതിശയം. പെണ്‍കുട്ടി പ്രതികരിക്കുന്നേയില്ല! പ്രതിഷേധിക്കുകയും!! ചെറുപ്പക്കാരന് ആത്മവിശ്വാസമേറിയിരിക്കുന്നു. അയാള്‍ വിരലുകളൊന്നൊന്നായി അവളുടെ പുറത്ത് മേയാന്‍ വിട്ടു. ഒരുവേള, അവനെപ്പിടിച്ച് എന്റെ സീറ്റിലിരുത്തി ആമാന്തം കൂടാതെ അവിടമങ്ങ് കൈയ്യേറിയാലോ എന്നുപോലും ഞാൻ വിചാരിച്ചു. തെറ്റിദ്ധരിക്കരുത്. ആ പെണ്‍കുട്ടിയെ അവനില്‍ നിന്നും രക്ഷിക്കാന്‍ അതല്ലാതെ മറ്റെന്തുവഴിയാണുള്ളത്?

എനിക്കറിയാം. ഒരു പെണ്‍‌കുട്ടിയെ ഒരുവന്‍ ഈ രീതിയില്‍ ശല്യം ചെയ്യുന്നത് നിങ്ങളായിരുന്നുവെങ്കില്‍ കണ്ടുകൊണ്ടിരിക്കില്ലായിരുന്നുവെന്ന്. എന്നുവച്ചാല്‍ പ്രതികരിക്കുമായിരുന്നെന്ന്. എന്നാല്‍ ഞാന്‍ അത് ചെയ്തില്ല. ചെയ്യുകയുമില്ല. കാരണം. അവന്‍ കൈയ്യേറുന്നത് അവളുടെ ശരീരത്തയാണ്. പ്രതിഷേധിക്കേണ്ടതോ അവളും. അവളതിനുമുതിര്‍ന്നാല്‍ ആ ബോഗിമുഴുവനും അവള്‍ക്ക് സംരക്ഷണം നല്‍കുമായിരുന്നില്ലേ? അനുവാദം കൂടാതെ ഒരാളും മറ്റൊരാളുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ഒരു അസന്മാര്‍ഗിയാണ് ഞാന്‍. ഇവിടെ അവള്‍ അവന് മൌനാനുവാദം നല്‍കിയിരിക്കുന്നു. ആയതിനാല്‍ അവള്‍ പ്രതിഷേധിച്ചാല്‍ മാത്രമേ എനിക്കിടപെടാനാവുകയുള്ളു. അതുകൊണ്ട് അവള്‍ പ്രതിഷേധിക്കുന്ന നിമിഷംവരെ അവരുടെ പ്രകടനങ്ങള്‍ ആസ്വദിക്കാനുള്ള അവകാശം
എന്നിലെ അസന്മാര്‍ഗിയില്‍ നിക്ഷിപ്തമാണ്.

യാത്ര തുടങ്ങിയിട്ടിപ്പോള്‍ ഏതാണ്ട് ഒന്നരമണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. നിലത്ത് എന്റെ കാലുകള്‍ക്കടിയില്‍ കിടക്കുന്ന വൃദ്ധ തെലുങ്കില്‍ കൂര്‍ക്കം വലിക്കുന്നുണ്ട്. പച്ചക്കമ്മലിട്ട പെണ്‍കുട്ടിയും സദാ അവളെ ചാരി നില്‍ക്കുന്ന ചെറുപ്പക്കാരനും കണ്ണടച്ചും ഞാനെന്ന അസന്മാര്‍ഗി കണ്ണുതുറന്നും ഉറങ്ങാതിരിക്കുന്നു.


ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ചെറുപ്പക്കാരന്‍ അവളില്‍ നിന്നും നിരാശയോടെ അടര്‍ന്നുമാറി. ആ സ്റ്റേഷനില്‍ നിന്നും കയറിയതില്‍ ഫ്രഞ്ച് താടി വച്ച ഒരാള്‍ ചെറുപ്പക്കാരനോട് കുറച്ചുകൂടി നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെടുന്നു. അയാള്‍ കൂട്ടാക്കുന്നില്ല. ‘ഫ്രഞ്ചന്‍‘ അവിടെ തന്നെ നിലയുറപ്പിക്കുന്നു. പിന്നെ ഒട്ടകത്തിനിടം കിട്ടിയപോലെ അയാള്‍ പഴയ ചെറുപ്പക്കാരനെ / പഴഞ്ചനെ പതിയെ തള്ളിമാറ്റുന്നു. പിന്നെ ഫ്രഞ്ചന്‍ നിലത്ത് അവള്‍ക്ക് ചുവട്ടിലായി ഇരിപ്പുറപ്പിച്ചു. പഴയ ചെറുപ്പക്കാരന്‍ നിന്നുകൊണ്ട് തീപാറുന്ന നോട്ടം ഫ്രഞ്ചനുനേരേ തൊടുക്കുന്നു. പിന്നെ അവളെ നോക്കുന്നു. അപ്പോള്‍ ആ കണ്ണുകളില്‍ നിരാശയും ദൈന്യതയും ഇടകലര്‍ന്ന ഭാവം. അങ്ങനെ നവരസങ്ങള്‍ യാതൊരു ഉളുപ്പുമില്ലാതെ മിന്നിമറയുന്ന മുഖവുമായി പഴയ ചെറുപ്പക്കാരന്‍ അങ്ങനെതന്നെ നിലകൊള്ളുന്നു.

സത്യത്തില്‍ ഇപ്പോഴാണ് യാത്ര രസകരമായി എനിക്ക് തോന്നിത്തുടങ്ങിയത്.

താഴെ ഇരിക്കുന്ന ‘ഫ്രഞ്ചന്‍‘ നില്‍ക്കുന്ന ‘പഴഞ്ചന്‍‘ അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങാന്‍ ശ്രമിക്കുന്നു. എത്ര ശ്രദ്ധയോടെയും ശ്രമകരവുമായാണ് ഫ്രഞ്ചന്‍ അത് സാധിച്ചെടുക്കുന്നതെന്ന് എന്നെ അതിശയിപ്പിക്കുന്നു. മടക്കി ഉയര്‍ത്തിവച്ച കാല്‍മുട്ടിലേയ്ക്ക് അയാളുടെ കൈകള്‍ ചുരുട്ടി വയ്ക്കുന്നു. അയാളുടെ കൈകളും അവളുടെ തുടയും തമ്മില്‍ ഇപ്പോള്‍ ഒരു വിരലിന്റെ അകലം മാത്രം. അയാളും തലചെരിച്ച് ഉറങ്ങുന്നപോലെ... പിന്നെ പതിയെ ഒരു വിരല്‍ നീട്ടി അവളുടെ തുടയില്‍ ഒന്നുകുത്തി.

അരമണിക്കൂര്‍ മാത്രം ആയുസ്സുള്ള ഫ്രഞ്ചന്റെ പ്രകടനം തുടങ്ങിയത് അങ്ങനെയാണ്. അവസാനിച്ച വിധമോഏറെ കൌതുകകരവും.

“നിനക്കുമില്ലേടാ പട്ടീ..അമ്മയും പെങ്ങന്മാരും?” എന്ന കാതുപൊട്ടുന്ന രീതിയില്‍ ക്ലീഷേയായി തീര്‍ന്ന ഒരു ചോദ്യമാണ് അയാളെ ഉണര്‍ത്തിയതും തളര്‍ത്തിയതും. ചോദ്യത്തിന്റെ ഉടമ അയാള്‍ തന്നെ. നമ്മുടെ പഴഞ്ചന്‍ ചെറുപ്പക്കാരന്‍. മണിക്കൂറുകളോളം അവളെ ചാരിനിന്ന് നിര്‍വൃതിയടയുകം പിന്നെ താന്‍ ചെയ്ത തെറ്റ് മറ്റൊരുവന്‍ ചെയ്യുന്നത് സഹിക്കാനാവാതെ വന്നപ്പോള്‍ മാത്രം സദാചാരത്തിന്റെ വെള്ളക്കുപ്പായം ധരിക്കുകയും ചെയ്തവന്‍. ധാര്‍മ്മികമായി അയാള്‍ക്ക് അവകാശമുണ്ടോ അങ്ങനെയൊരു കുപ്പായം ധരിക്കാന്‍. ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ അങ്ങനെ തറപ്പിച്ച് പറയാന്‍ എന്നേപ്പോലൊരു അസന്മാര്‍ഗിക്കെന്തവകാശം.

ഈ കാലത്തെ ചെറുപ്പക്കാര്‍ക്കിടയിലു ഇത്തരം പ്രവണതകുളെണ്ടെന്നത് ആശ്ചര്യകരമാണ്. പണ്ട് എന്റെ സ്കൂള്‍, കോളേജ് കാലത്ത് ഇത്തരം വിക്രിയകള്‍ ധാരാളമായുണ്ടായിരുന്നു. ‘എര്‍ത്തിങ്’ എന്ന പേരിലാണ് അന്നതറിയപ്പെട്ടിരുന്നത്. അന്നും ഇന്നും ഞാനതിന് മുതിര്‍ന്നിട്ടില്ല എന്നുപറയുമ്പോള്‍ ഇല്ലാത്ത മാന്യത ഞാന്‍ സ്വയം പ്രഖ്യാപിക്കുകയല്ല ചെയ്യുന്നത്. ഞാന്‍ അംഗീകരിക്കാം. ഞാന്‍ മാന്യനല്ലെന്ന്. എന്നുവച്ചാല്‍ മദ്യപാനിയാണ്. പുകവലിക്കാരനാണ്. ഏകപത്നീവ്രതക്കാരനുമല്ല. പക്ഷേ, ഒരു സ്ത്രീയുടെ നിസ്സഹായതയെ എന്റെ വാക്കുകൊണ്ടോ വിരലുകൊണ്ടോ ഞാന്‍ മുറിവേല്പിച്ചിട്ടില്ല. ഇവിടെ രണ്ടുപേരുടെ സ്പര്‍ശനത്തിന് വിധേയയായ പെണ്‍‌കുട്ടി എന്തുകൊണ്ട് പ്രതികരിക്കാതിരുന്നു. അതിനെ എതിര്‍ക്കണമെന്ന് ആഗ്രഹിച്ചിട്ടുപോലും എന്തുകൊണ്ട് എനിക്കതിന് കഴിഞ്ഞില്ല. കുറ്റം, എന്റെ പെണ്‍കുട്ടീ നിന്റേതാവുന്നു. ഒപ്പം, നോക്കി രസിച്ച (?)എന്റേതും.

കഴിയുമെങ്കില്‍ ഇനിയെങ്കിലും ഇത്തരം നെറികെട്ട വിരലുകള്‍ ഒരു പെണ്‍കുട്ടിയുടെയും ശരീരത്തില്‍ ഇഴയാതിരിക്കട്ടെ. അതിന് ശ്രദ്ധിക്കേണ്ടത് സ്ത്രീകളേ, നിങ്ങളാണ്. താല്പര്യപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ സധൈര്യം പ്രതിഷേധിക്കൂ. അപ്പോള്‍ ഈ സദാചാരികളില്‍ നിന്നും നിങ്ങളെ രക്ഷിക്കാന്‍ എന്നേപ്പോലുള്ള നിരവധി അസന്മാര്‍ഗികളുണ്ടാവും. വാക്ക്. നിങ്ങള്‍ പ്രതിഷേധിക്കാതെ തന്നെ ഞങ്ങള്‍ അസന്മാര്‍ഗികള്‍ നിങ്ങളുടെ രക്ഷക്കെത്തിയാല്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ഒരു പേരുണ്ട്. ‘സദാചാര പോലീസ് ‘എന്ന്. സാമാന്യം ‘ഭേദപ്പെട്ട തെമ്മാടി‘ എന്ന സല്പേര്‍ എനിക്ക് നേടാനായിട്ടുണ്ട്. അതില്‍ ഞാന്‍ തൃപ്തനുമാണ്. അതുകൊണ്ട് ‘സദാചാര പോലീസ്’ ആവാന്‍ എനിക്ക് താല്പര്യമില്ല. നിങ്ങളുടെ മാനത്തെ നിങ്ങള്‍ സംരക്ഷിക്കുക. എന്റെ ‘സല്പേര്’ ഞാനും സംരക്ഷിക്കട്ടെ....

എന്ന്
ഒരു അസന്മാര്‍ഗി.

Thursday, August 13, 2009

ആത്മകഥകള്‍ക്ക് ഒരു എപിലോഗ്

എന്റെ ഒരു സ്നേഹിത എഴുതിത്തന്ന ലേഖനം. അവളുടെ പേര്‍ ഇവിടെ സൂചിപ്പിക്കരുതെന്ന് നിര്‍ദ്ദേശിച്ചതിനാല്‍ ഞാനത് ഒഴിവാക്കുന്നു. നന്ദി.

-----------------------------

ആത്മകഥകള്‍ക്ക് ഒരു എപിലോഗ്


ആത്മകഥകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത് ഒരു പക്ഷേ കാലങ്ങള്‍ക്കു മുന്‍പായിരിക്കണം. ഒരു വ്യക്തി തന്റെ ജീവിതത്തിലെ സത്യസന്ധമായ അനുഭവങ്ങലാണ് മുറ്റുള്ളവരുടെ മുന്‍പില്‍ തുറന്നുവയ്ക്കുന്നതെങ്കില്‍ തീര്‍ച്ചയായും അതില്‍ വിമര്‍ശനാത്മകങ്ങളായ സംഭവങ്ങള്‍ കണ്ടേക്കും. കാരണം, ജീവിതമെന്നത് ജീവിച്ചുമാത്രം പഠിക്കേണ്ടതാണാല്ലോ. അതില്‍ തനിയാവര്‍ത്തനങ്ങള്‍ തീരെ വിരളവും.

മഹാന്മാരായ പലരുടേയും ആത്മ കഥകളുടെ ഏടുകള്‍ ചെറിയ പ്രായം മുതല്‍ക്കേ നമ്മള്‍ പഠിക്കുന്നുണ്ട്. തീര്‍ച്ചയായും അവയീല്‍ പ്രതികൂല കാലാവസ്ഥയില്‍ നേടിയ ജീവിതവിജയങ്ങളും അനുകരമ്മീയവും ആദരണീയവുമായ മാതൃകകളും കാണാം. എന്നാല്‍ സൂക്ഷ്മമായ ഒരപഗ്രഥനത്തിന് ഈ പുസ്ഥകങ്ങളെ അല്ലെങ്കില്‍ ജീവിതങ്ങളെ വിധേയമാക്കിയാല്‍, അന്തര്‍ലീനമായ അപ്രിയ സത്യങ്ങളുറ്റെ കല്ലുകളും മുള്ളുകളും കാണാന്‍ സാധിക്കില്ലേ? ഇന്നും നമ്മള്‍ ജവഹര്‍ലാല്‍ നെഹൃവിന്റെ പുസ്തകങ്ങള്‍ പഠിക്കുന്നു, അദ്ദേഹം പകര്‍ന്നുതന്ന അനേകം ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുന്നു. എന്നാല്‍ ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ദൌര്‍ബല്യങ്ങളെ അറിയാതിരിക്കാന്‍ ശ്രമിക്കുന്നു. ഇതുപോലെ എത്രയെത്ര ചരിത്രസത്യങ്ങളെ നമ്മള്‍ അഞ്ജതയുടെ മറയ്ക്കുള്ളില്‍ ഉറക്കിക്കിടത്തിയിരിക്കുന്നു !.

അടുത്ത കാലത്തായി ഏറെ കൊടുങ്കാറ്റുകളുയര്‍ത്തിയ കുറച്ച് ആത്മകഥകള്‍ മലയാളത്തില്‍ ഇറങ്ങുകയുണ്ടായി. നളിനി ജമീല എന്ന തെരുവിന്റെ മകള്‍, മോഷണം തൊഴിലാക്കിയ മണിയന്‍ പിള്ള , ഇക്കൂട്ടത്തില്‍ നിന്നും മാറിനില്‍ക്കുന്ന സിസ്റ്റര്‍ ജെസ്മി എന്നിവരാണ് ആത്മകഥകളുടെ വിവാദത്തിരകള്‍ അഴിച്ചുവിട്ടത്. കുറിയേടത്തു താത്രിയുടെ ‘സ്മാര്‍ത്തവിചാരം‘ ചരിത്രരേഖയായപ്പോള്‍ തകര്‍ന്നുവീണത് കേരളസമൂഹത്തിന്റെ ഒട്ടാകെയുള്ള പൊയ്മുഖങ്ങളായിരുന്നു. ഉന്നതശ്രേണിയിലുള്ള പല സുഭഗമന്യന്മാരും ഭ്രഷ്ടരാക്കപ്പെട്ടു. അങ്ങനെയാണല്ലോ ഇതിനൊരു ചരിത്രമാനം വന്നത്. എന്നാല്‍ നളിനി ജമീല എന്ന സ്ത്രീ ഒരു നിര്‍ബന്ധിതാവസ്ഥയിലല്ല തന്റെ ആത്മകഥ എഴുതുന്നത്. താന്‍ ജീവിച്ച ജീവിതം മറ്റുള്ളവരുടേതില്‍ നിന്നും വ്യത്യസ്തമാണെന്ന തോന്നലില്‍ നിന്നും താന്‍ താണ്ടിയ വഴികളുടെ നെരിപ്പോടുകള്‍ എന്തെന്ന് മനസ്സാക്ഷിയുള്ളവര്‍ക്ക് അറിയാനുമാണ്.

ബിരുദപഠനത്തിന് നളിനി ജമീലയുടെ പുസ്തകം നിര്‍ദ്ദേശിച്ചതിനെതിരെയാണല്ലോ സദാചാരവാദികള്‍ ഇന്ന് വാളെടുത്തിരിക്കുന്നത്. എന്നാല്‍ ബിരുദക്ലാസ്സില്‍, പ്രത്യേകിച്ച് മലയാള ബിരുദ വിദ്യാര്‍ത്ഥികള്‍ എന്താണ് പഠിക്കുന്നത് എന്നത് അറിയാത്തവരായിരിക്കണം ഇതിനെ എതിര്‍ക്കുന്നത്. കാരണം അമിത ലൈംഗികതയുടെയും അശ്ലീല മണിപ്രവളാത്തിന്റെയും സ്ത്രീ ശരീര വര്‍ണ്ണനകളുടേയും ആവര്‍ത്തനങ്ങള്‍ മാത്രമാണ് ഈ പാഠ്യവിഷയങ്ങളിലേറെയും. ഇതിന് നല്‍കുന്ന സാധൂകരണം അന്നത്തെ സാമൂഹ്യാവസ്ഥ, ചരിത്ര രേഖകളുടെ പരാമര്‍ശം എന്നിവയൊക്കെയാണ്. ആയിരിക്കാം, എന്നാല്‍ ആ വിഭാഗത്തില്‍ പരിഗണിച്ചാല്‍ പോലും സാമൂഹ്യ പ്രസക്തമല്ലാതാവുമോ നളിനി ജമീലയും അവരെ സൃഷ്ടിച്ച സമൂഹവും?

പ്രൈമറി ക്ലാസ്സുകളില്‍ തൊട്ടേ നാം സത്യാന്വേഷണ പരീക്ഷണങ്ങലുടേയും കണ്ണീരിന്റെയും കിനാവിന്റെയും ഭാഗങ്ങള്‍ പഠിക്കുന്നു. ശ്രീരാമകൃഷ്ണ പരമഹംസരുടേയും വിവേകാനന്ദന്റെയും ആദര്‍ശസൂക്തങ്ങള്‍ പഠിക്കുന്നു. മാനിഷാദാ പാടിയ കവിയെ പഠിക്കുന്നു. ആര്‍ദ്രമായ കവിതകള്‍, ബന്ധങ്ങളുടെ ഊഷ്മളതയെ പുരസ്കരിക്കുന്നവയും സ്നേഹസമ്പുഷ്ടമായവയും പഠിക്കുന്നു. ഇവയൊക്കെയും വായിച്ചോ ക്ലാസ്സിലെങ്കിലും കേട്ടോ വളര്‍ന്നവര്‍ തന്നെയല്ലേ കുട്ടിത്തം വിടാത്ത കുഞ്ഞുങ്ങളെ കാട്ടാളന്റെ കൌശലത്തോടെയും വേട്ടക്കാരന്റെ കരവിരുതോടെയും പിച്ചിച്ചീന്തുന്നത്. അനുകമ്പ, ദയ, കരുണ തുടങ്ങിയ വികാരങ്ങളെക്കൂറിച്ച് അറിവില്ലാത്തതാണോ ഇവരുടെ പ്രശ്നം?

നേരേ മറിച്ച് സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് അറിവില്ലാതെ വളരുന്ന പെണ്‍‌കുട്ടികള്‍, തങ്ങളുടെ നൈസര്‍ഗ്ഗിക കാമനകളെ തെറ്റിദ്ധരിപ്പിച്ച് ചൂഷണവിധേയരാക്കുന്ന മാന്യന്മാരുടെ കെണിയില്‍ വീണ്ടും വീണ്ടും അകപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇതെഴുതുമ്പോള്‍, സൂര്യനെല്ലിയും വിതുരയും ചരിത്രമാവുകയും ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനികളെ സ്കൂള്‍ വാഹനത്തിന്റെ ക്ലീനറൂം ഓട്ടോ ഡ്രൈവര്‍മാരും സംഘം ചേര്‍ന്ന് പീഢിപ്പിച്ച പുതിയ കഥകള്‍ ആ‍ഘോഷിക്കപ്പെടുകയും ചെയ്യുന്നു.

ഇന്നത്തെ സമൂഹത്തില്‍, ശൈശവ പ്രായം കടക്കുന്ന ഏതൊരു കുട്ടിയും ഇടയ്ക്കെങ്കിലും അശ്ലീലത്തിന്റെ അതിപ്രസരമുള്ള പരസ്യങ്ങള്‍ കാണുകയോ പാട്ടുകള്‍ കാണുകയോ ചെയ്യുന്നുണ്ട്. കൌമരക്കാരില്‍ ലൈംഗികത എന്നാല്‍ എന്താണെന്ന് അറിയാത്ത എത്രപേര്‍ ഉണ്ടായിരിക്കും. എന്തുതരം അറിവാണെന്നതു മാത്രമാണിവിടെ പ്രശ്നം. ഭാവനയുടേയും ചോദനയുടേയും ലോകത്ത് അല്പാറിവുകള്‍ ഇന്നും അപകടകരം തന്നെയാണ്. സ്കൂള്‍ അദ്ധ്യാപകര്‍ തുറന്നുപറയാന്‍ മടിക്കുന്നതും എന്നാല്‍ നിത്യേന കൈകാര്യം ചെയ്യുന്നതുമായ ഒരു സംഭവമാണ് അശ്ലീല സിഡികള്‍ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍. ചില സ്കൂളുകളിലെ സ്റ്റാഫ് റൂമുകളില്‍ ഇത്തരം പിടിച്ചെടുത്ത വസ്തുക്കള്‍ക്ക് വേണ്ടി പ്രത്യേകം പെട്ടികള്‍ തന്നെ വച്ചിരിക്കുന്നു!. ഇനര്‍നെറ്റില്‍ നിന്നും ടി.വിയില്‍ നിന്നും ലഭിക്കുന്ന പലവിധ തെറ്റായ അറിവുകാളോടെ വളരുന്ന ഒരു കുട്ടിക്ക് 18 മുതല്‍ 20 വയസ്സുവരെയുള്ള പ്രായത്തില്‍ ശൈശവത്തിന്റെ നിഷ്കളങ്കത ഉണ്ടാവുമോ? നിശ്ചയമായും സമൂഹത്തെയും ലോകത്തെയും നേരിടാന്‍ സജ്ജരായിരിക്കും ഈ യുവജനം. തങ്ങളുടെ ഒപ്പം ജീവിക്കുന്നവര്‍ ഏതേതു സാഹചര്യങ്ങളില്‍, എങ്ങനെയൊക്കെ ആയിത്തീരുന്നു എന്നും ഈ ലോകത്തിന്റെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്നും അറിയേണ്ടതല്ലേ. ഉണ്ണിനീലി സന്ദേശവും ചമ്പുക്കളും പഠിക്കുമ്പോള്‍ ത്രസിക്കാത്ത ഏതു ഞരമ്പാണ് 51 വയസ്സുള്ള നളിനി ജമീല സ്വന്തം ജീവിതത്തിന്റെ രക്തവും വിയര്‍പ്പും പുരണ്ട താളുകള്‍ തുറക്കുമ്പോള്‍ മുറുകുന്നത്.

പഠിക്കുകയോ പഠിപ്പിക്കാതിരിക്കുകയോ ചെയ്യട്ടെ, ഇഷ്ടമുള്ളവര്‍ അല്ലെങ്കിലും വായിച്ചിരിക്കും. പുതിയ തലമുറയുടെ കണ്ണു തുറക്കാന്‍ ഒരുപക്ഷേ ഇതൊക്കെയും അപര്യാപ്തവും ആയേക്കാം. എന്നാല്‍ അനുദിനം പുതിയ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്ന പീഢനങ്ങള്‍ക്ക് എന്നെങ്കിലും ഒരറുതി ഉണ്ടാവുമോ? ഇരകള്‍ വേട്ടക്കാരെ തിരിച്ചറിയുന്നത് പ്രകൃതിയില്‍ മാത്രമ്മോ? ഒരു പക്ഷേ ബുദ്ധനും ഗാന്ധിജിക്കും സ്വാമി വിവേകാ‍നന്ദനും സാധിക്കാത്തത് വിപരീത ഫലത്തിലെങ്കിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ?

Thursday, August 6, 2009

കായിക ഭാരതാംബേ; നിന്റെ ഹമ്മര്‍, ജട്ടി, ഷെട്ടി!

നിഷ ഷെട്ടിയെക്കുറിച്ച് ആദ്യമായറിയുന്നത് വേശ്യാവൃത്തിയിലേര്‍പ്പെട്ടതിന്റെ പേരില്‍ അറസ്റ്റിലാവുകയും 10,000 രൂപ കെട്ടിവയ്ക്കാനില്ലാത്തതിനാല്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്ത വിധവയും അമ്മയുമായ ഒരു ദരിദ്രസ്ത്രീ എന്ന നിലയ്ക്കാണ്. പലരും അവരെ അറിഞ്ഞതും ഈ സംഭവത്തിന് ശേഷമായിരിക്കും. എന്നാല്‍ നമ്മള്‍ അവരെ അറിയേണ്ടിയിരുന്നത് 12 വര്‍ഷങ്ങള്‍ക്കുമുന്‍പ് ദേശീയ കായികമേളയില്‍ ലോങ്ങ് ജം‌പില്‍ വെള്ളിമെഡല്‍ നേടുകയും മറ്റുപല കായിക ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്ത മികവുറ്റ ഒരു കായികതാരമെന്ന പേരിലായിരുന്നു.

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും, ഏതെങ്കിലും ഒരു ക്രിക്കറ്റ് കളിക്കാരനെ, ഒരു പക്ഷേ, അയാള്‍ ഒരു കളിയ്ക്കായി മാത്രമേ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളുവെങ്കില്‍ പോലും നാം മറന്നു പോവുമോ?

ഇല്ല. അതിന്റെ കുറ്റം നമ്മുടേതുമല്ല. ഒരു പക്ഷേ, നമ്മളറിയാതെ തന്നെ നമ്മെ ക്രിക്കറ്റിന്റെ അടിമകളാക്കാന്‍ മറ്റാര്‍ക്കോ സാധിച്ചിരിക്കുന്നു. ‘അവര്‍‘ ക്രിക്കറ്റിനെ വളര്‍ത്താനും പിന്നെ ക്രിക്കറ്റിലൂടെ വളരാനും തുടങ്ങി. മറ്റൊരു കായിക ഇനത്തിനും ഇന്ത്യയിലിനി ക്രിക്കറ്റിനുമേളില്‍ വളരാനാവില്ല. അതിനായുള്ള പിന്തുണയും പ്രോത്സാഹനവും മറ്റു സാഹചര്യങ്ങളും നല്‍കാന്‍ കായിക മന്ത്രാലയമോ അല്ലെങ്കില്‍ മാ‍ധ്യമങ്ങള്‍ തന്നെയോ ശ്രമിക്കുകയുമില്ല. നമ്മുടേതെന്ന് അവകാശപ്പെടാവുന്ന ഹോക്കിയുടെ അവസ്ഥയിന്നെന്താണ്? ആരാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഇപ്പോഴത്തെ ക്യാപ്റ്റന്‍ എന്നറിയാവുന്നവര്‍ എത്രപേരുണ്ടാവും? ലോകത്തിലെ തന്നെ ഏറ്റവും ജനകീയമായ കളിയായ ഫുട്‌ബോളില്‍ ഇന്ത്യയുടെ സ്ഥാനം എവിടെയാണ്? ഇന്ത്യന്‍ ടെന്നീസിന്റെ ചരിത്രം തന്നെ സാനിയയിലേയ്ക്ക് ചുരുക്കി എഴുതും വിധം നീങ്ങുന്നതിനു പിന്നിലുള്ള കാര്യമെന്താണ്? കേളീമികവിനേക്കാള്‍ ‘അവയവ ഭംഗി‘ തന്നെ. ഏത് ആംഗിളില്‍ നിന്ന് ക്ലിക്കിയാലും ക്യാമറയില്‍ പതിയുന്നത് ആരെയും വശീകരിക്കുന്നത് തുടുത്തുമുഴുത്ത ഒരു ചിത്രമായിരിക്കും. രാമനാഥന്‍ കൃഷ്ണന്‍, ജയ്ദീപ് മുഖര്‍ജി, പ്രേം ജിത് ലാല്‍, വിജയ് അമൃതരാജ് എന്നിവരെ നമ്മള്‍ മറന്നുതുടങ്ങിയിരിക്കുന്നു. കാലങ്ങളോളം ഡബിള്‍സില്‍ ഒന്നാം നമ്പറായി നിലനിന്നിരുന്ന ലിയാണ്ടര്‍ പയസ്, മഹേഷ് ഭൂപതി കൂട്ടുകെട്ടിന്റെ മികവ് സാനിയയുടെ തുടയഴകിന്റെയും സ്തനസൌന്ദര്യത്തിന്റെയും മുന്നില്‍ മുങ്ങിപ്പോയിരിക്കുന്നു.

ഇപ്പോള്‍ പുതിയൊരു കായികതാരത്തെയും കായിക ഇനത്തെയും മാധ്യമങ്ങള്‍ വെള്ളിവെളിച്ചത്തിലേയ്ക്ക് കൊണ്ടുവന്നിരിക്കുകയാണ്. ദീപിക പള്ളിക്കല്‍ എന്നോമറ്റോ പേരായ ഒരു അഴകിയ റാണി. പരസ്യമായി അവള്‍ കളിക്കുന്ന കളി - സ്ക്വാഷ് ! അതെന്താണോ എന്തോ?!! ഒന്നറിയാം ഇവളുടെ ജട്ടി ദൃശ്യമാവുന്ന ചിത്രം മാത്രമേ ക്യാമറാമാന്‍ പകര്‍ത്താറുള്ളു. മനോരമയിലും മാതൃഭൂമിയിലും ഇതിന്റെ വര്‍ണ്ണചിത്രം ഞാന്‍ കണ്ടിരുന്നു. (ഇരുപത്രത്തിനും നന്ദി) . സ്ക്വാഷിനെ വളര്‍ത്തുക എന്നതല്ല മാധ്യമങ്ങളുടെ ലക്ഷ്യമെന്നൂഹിക്കാമല്ലോ.

സാനിയ, ദീപികമാരുടെ ജെട്ടിയിലും ക്രിക്കറ്റ് കളിക്കാരുടെ പകിട്ടിലും കണ്ണുനട്ടിരിക്കുന്ന കായികമന്ത്രാലയം അധികൃതര്‍, ജീവിക്കാനായി ‘ജട്ടി’കീറേണ്ടി വരുന്ന നിഷ ഷെട്ടിമാരേപ്പോലുള്ള കായികതാരങ്ങളെ കാണാതെ പോവരുത്. അവര്‍ ഒരു കാലം നമ്മുടെ നാടിനുവേണ്ടി ശരീരവും പ്രയത്നവും സമര്‍പ്പിച്ചവരാണ്. ഇന്ന് അവരില്‍ പലര്‍ക്കും( പുറത്തറിഞ്ഞത് ഒരു ഷെട്ടിയെ മാത്രമാവാം) സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ ശരീരം വില്‍ക്കേണ്ടിവരുന്നുവെങ്കില്‍ കായികഭാരതം ലജ്ജിക്കണം.

കായിക മന്ത്രാലയംചെയ്യേണ്ടത് നിഷ ഷെട്ടിയെ ജയിലില്‍ നിന്നും മോചിപ്പിക്കുകയും ആ സ്ത്രീയ്ക്ക് ജീവിച്ചുപോവാനുതകുന്ന വിധമൊരു തൊഴില്‍ സര്‍ക്കാര്‍ തലത്തില്‍ നല്‍കുകയുമാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ധോണിയും ഹര്‍ഭജനും 1 കോടി രൂപയോളം വിലവരുന്ന ‘ഹമ്മര്‍’ എന്ന വാഹനം സ്വന്തമാക്കിയ വാര്‍ത്ത നമ്മള്‍ കഴിഞ്ഞ ആഴ്ച അറിഞ്ഞിരിക്കുന്നു. അതേ സമയം തന്നെയാണ് നിഷ ഷെട്ടി എന്ന കായികതാരം വേശ്യാവൃത്തിയിലേര്‍പ്പെട്ടതിന് പിടിക്കപ്പെട്ടതും 10,000 രൂപ പിഴകെട്ടാനില്ലാത്തതിന്റെ പേരില്‍ ജയിലിലായ വാര്‍ത്തയും നാമറിയുന്നത്. സമൂഹത്തിന്റെ പരിച്ഛേദംതന്നെയാണ് കായികരംഗവും. ഉള്ളവര്‍ സുഖിക്കുകയും ഇല്ലാത്തവര്‍ നരകിക്കുകയും ചെയ്യേണ്ടി വരിക സ്വാഭാവികം. എന്നാല്‍ ഒരമ്മയുടെ കണ്ണില്‍ മക്കളെല്ലാം സമന്മാരാണെന്നതു പോലെ കായികമന്ത്രാലയമാവുന്ന അമ്മയുടെ മക്കളാണ് നമ്മുടെ നാട്ടിലെ ഓരോ കായിക താരങ്ങളും. എല്ലാവര്‍ക്കും ഹമ്മര്‍ കൊടുക്കേണ്ടതില്ല. വിശപ്പുമാറ്റാനെങ്കിലുമുള്ള വഴികള്‍ ഉണ്ടാക്കിക്കൊടുക്കണം. അത് അവര്‍ അര്‍ഹിക്കുന്നുണ്ട്. അങ്ങനൊരു വഴി തുറന്നുകൊടുക്കാന്‍ കായികമന്ത്രാലയത്തിന് ബാധ്യതയുമുണ്ട്.
അവരെ സഹായിക്കാന്‍ അധികൃതര്‍ ഇനിയും വിമുഖത കാട്ടിയാല്‍ ദാരിദ്രം കൂടുതല്‍ നിഷ ഷെട്ടിമാരുടെ ശരീരത്തിന് വിലയിടീ‍യ്ക്കും. അങ്ങനെവന്നാല്‍ തലകുനിക്കേണ്ടത് കായികഭാരതം തന്നെയാണ്.

***

ഈ പോസ്റ്റുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവില്ലെന്ന് എനിക്ക് നന്നായറിയാം. ആകെയുള്ളത് നിഷ ഷെട്ടിക്കായി ഇത്രയെങ്കിലുമെനിക്ക് ചെയ്യാനായല്ലോ എന്ന തൃപ്തി മാത്രം. ഈ ചവറ് വായിച്ച എന്റെ വായനക്കാര്‍ക്ക് എന്തെങ്കിലും പ്രയോജനം വേണ്ടേ? വേണം! സാനിയ മിര്‍സയുടെ നല്ലൊരു ചിത്രം ഞാന്‍ നിങ്ങള്‍ക്ക് സമ്മാനിക്കാം. അനുഭവിക്കൂ...