Follow by Email

Friday, January 30, 2009

ലൌ ഇൻ സിംഗപ്പൂർ - ‘വെറുപ്പിക്കും ഇൻ തീയറ്റർ ‘

റാഫി മെക്കാർട്ടിൻ എന്ന ഇരട്ടസംവിധായകരുടെ ഏറ്റവും പുതിയ, മമ്മൂട്ടി നായകനായി അഭിനയിക്കുന്ന 'ലൌ ഇൻ സിംഗപ്പൂർ ' എന്ന സിനിമയുടെ ഒരു നിരൂപണമല്ല ഈ പോസ്റ്റ്. ഇതൊരു ആസ്വാദനക്കുറിപ്പ് മാത്രം.

1980-ൽ ബേബിയുടെ സംവിധാനത്തിൽ പ്രേം നസീറും ജയനും അഭിനയിച്ചതായിരുന്നു ഇതേ പേരിലിറങ്ങിയ ആദ്യ മലയാള ചിത്രം. മറ്റെന്തെങ്കിലും സാമ്യം ഈ ചിത്രങ്ങൾക്കുണ്ടാവാനിടയില്ല.

വൈശാഖ റിലീസ് വിതരണം ചെയ്യുന്ന ഈ ചിത്രം പ്രേക്ഷകരിൽ ബഹുഭൂരിപക്ഷത്തേയും ഒപ്പം മമ്മൂട്ടിയുടെ വിവേകമുള്ള ആരാധകരെയും വെറുപ്പിക്കുന്ന ഒന്നായി തീരുന്നു. റാഫിമെക്കാർട്ടിന്റെ ഏറ്റവും മോശം ചിത്രം എന്ന പേര് അടുത്ത പൊളിപ്പടം വരുന്നതുവരെ ‘ലൌ ഇൻ സിംഗപ്പൂർ’ നിലനിർത്തും.

തെരുവിൽ പാട്ടപെറുക്കി കോടീശ്വരനായി തീർന്ന (?!!), ‘അവിവാഹിതനായ‘ മച്ചു എന്ന കഥാപാത്രത്തെയാണ് മെഗാതാരം മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചവറുപെറുക്കുന്നവർക്ക് അവരുടെ സ്വപ്നങ്ങളുടെ ഉയരം ‘മച്ചു’-വിനോളം ഉയർത്താൻ ഈ ചിത്രം സഹായിച്ചേക്കും. എങ്കിലും ലോട്ടറിയടിക്കാതെയും പിടിച്ച് പറിയും കള്ളക്കടത്തുമൊന്നും നടത്താതെയുമൊക്കെ കോടീശ്വരനാവാൻ അയാൾ മുൻ വൈദ്യുതിമന്ത്രി ഒന്നുമായിരുന്നില്ലല്ലോ എന്ന ചോദ്യം പ്രേക്ഷകമനസ്സിൽ ‘മുസ്ലി പവർ എക്സ്ട്രാ‘ കഴിച്ച പോലെ ശക്തമായി ഉയർന്നേക്കാം. എങ്കിലും കഥയിൽ ചോദ്യമില്ലെന്ന് മനസ്സിലാക്കി ഉയർന്നത് താഴ്ത്തി മര്യാദക്കിരുന്ന് സിനിമ കണ്ടുകൊള്ളുക.

മച്ചുവിന്റെ ഇടം വലം കൈകളും ബാല്യകാല സുഹൃത്തുക്കളുമായി സലിംകുമാറും ബിജുക്കുട്ടനും അഭിനയിക്കുന്നു. തീയറ്ററിൽ വന്ന് കയറുന്ന പ്രേക്ഷകരെ ചിരിപ്പിച്ചുകൊല്ലുക എന്ന ഉദ്ദേശത്തിലാണ് ഇവരെ ഇറക്കിവിട്ടിരിക്കുന്നത്. കൊല്ലുക എന്ന കാര്യം അവർ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. ചിരിപ്പിച്ചാണോ ബോറഡിപ്പിച്ചാണോ എന്നറിയേണ്ടവർ സിനിമ കാണുക.

വിവാഹം കഴിക്കുകയാണെങ്കിൽ അത് ‘പരസ്യ മോഡലിന്റെ’ ശരീര അളവും സൌന്ദര്യവുമുള്ള ഒരു പെൺകുട്ടിയെ മാത്രമേ ആവൂ എന്ന ദൃഢപ്രതിഞ്ജയും മച്ചു എടുത്തിരിക്കുന്നു. ചിത്രത്തിലെ നായകൻ അത്തരമൊരു തീരുമാനമെടുത്താൽ നായികയെ കണ്ടെത്തി കൊടുക്കേണ്ടത് തിരക്കഥാകൃത്തിന്റെ ജോലി ആണല്ലോ? അതിനായി അവർ ഒരു പാത്രസൃഷ്ടി നടത്തി. ‘അളവുകളും സൌന്ദര്യവും ‘ ഒത്തിണങ്ങിയ ‘നവനീത് കൌർ’ എന്ന പെൺകുട്ടിയെ കണ്ടെത്തി നായികാപട്ടവും നൽകി.

നായികയുടെ അച്ഛനായി വരുന്ന അരവില്ലൻ കഥാപാത്രം( നെടുമുടി വേണു) സ്വതവേ മന്ദബുദ്ധിയായ (ശുദ്ധൻ) നായകനെ പറ്റിച്ച് പണം മകളുടെ പേരിൽ ഓഹരിയിൽ നിക്ഷേപിക്കുന്നിടത്ത് പടം തുടങ്ങുന്നു. (അച്ഛന്റെ ഈ പോക്രിത്തരം നായിക അറിയുന്നില്ല. അതല്ലങ്കിലും അതങ്ങനെയല്ലേ പാടുള്ളു. ) അച്ഛൻ കഥാപാത്രം മച്ചുവിനെ പറ്റിച്ച് മകളെയും കൂട്ടി സിംഗപ്പൂരിലേക്ക് കടക്കുകയും ഇളിഭ്യനായ നായകൻ പ്രതികാരബുദ്ധിയോടെ അവരെ ചെയ്സ് ചെയ്യുന്നിടത്ത് ഇന്റർവെൽ.

ഇന്റെർവെല്ലിന് ശേഷം പ്രേക്ഷകരെ കൊല്ലാൻ വരുന്നത് പ്രധാനമായും സുരാജ് വെഞ്ഞാറമൂടാണ്. ഒരു സിനിമയാവുമ്പോൾ അരവില്ലൻ മാത്രം പോരെന്നറിയാവുന്ന സംവിധായകർ , ‘6 പൊതി മസിലുള്ള‘ നല്ല ചുള്ളൻ മുഴുവില്ലനെ തന്നെയും നായകന് മേയാനായി ഒരുക്കി നിർത്തിയിട്ടുണ്ട്. ബാക്കി ഒക്കെ ഊഹിക്കാമല്ലോ? ഇത്രയൊക്കെയേ ഉള്ളൂ ഈ സിനിമ.

മമ്മൂട്ടി എന്ന നടന്റെ സൌന്ദര്യം ആവോളം കാണാനാഗ്രഹിക്കുന്നവർക്ക് ഈ ചിത്രം ഒരു മുതൽക്കൂട്ടായേക്കും.

മമ്മൂട്ടി എന്ന നടന്റെ അപാരമായ അഭിനയത്തികവ് കാണേണ്ടവർ. അത്തരമൊരു ചിത്രത്തിനായി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്യുക.

അവസാനം ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. കേരളത്തിലെവിടെയെങ്കിലും പുതിയ, തിളക്കമുള്ള പിച്ചപ്പാത്രവുമായി ആരെങ്കിലും തെരുവിലിറങ്ങിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ഈ ചിത്രത്തിന്റെ നിർമ്മാതാവ് ആവാനേ തരമുള്ളു.

-----------------------------------------------

മലയാള സിനിമാ പ്രേക്ഷകരുടെ ആസ്വാദനനിലവാരത്തിലെ അപചയമല്ല സിനിമാ പ്രതിസന്ധിക്ക് ( അങ്ങനൊന്നുണ്ടെങ്കിൽ ) കാരണമെന്ന് ഇനിയെങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തിൽ സകല ആഡംബരങ്ങളോടും പ്രശസ്തിയോടും കൂടി ജീവിക്കുന്ന ചീർത്ത് വീർത്ത പന്നിക്കൂട്ടങ്ങൾ മനസ്സിലാക്കണം.

പ്രേക്ഷകർ നിസ്സഹായരാണെന്ന് നിങ്ങൾ അറിയണം. വീട്ടാവശ്യങ്ങൾക്ക് കിട്ടുന്ന പച്ചക്കറികൾ വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണെങ്കിൽ ഒരു പക്ഷേ അതവർക്ക് തങ്ങളുടെ പറമ്പിലോ ടെറസിലോ ഉണ്ടാക്കാൻ കഴിഞ്ഞേക്കും. എന്നാൽ അവർക്കാവശ്യമായ നല്ല സിനിമകൾ ആവശ്യാനുസൃതം സ്വയം ഉല്പാദിപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കണം. ഏതാനും പേരുടെ സ്വാർത്ഥതക്കായി സിനിമയെ വ്യഭിചരിക്കുന്നവർ തന്നെയാണ് പ്രതിസന്ധിക്ക് കാരണം.

ഇനി നല്ല സിനിമകൾ പലപ്പോഴും വിജയം കാണാറില്ലല്ലോ എന്ന ചോദ്യം നിങ്ങൾ പ്രേക്ഷകരുടെ നേർക്ക് എറിഞ്ഞാൽ അതിനും ഞങ്ങൾക്ക് മറുപടിയുണ്ട്. ഒരു സിനിമയെ അർഹിക്കുന്ന ഗൌരവത്തിൽ പ്രേക്ഷകസമക്ഷം എത്തിക്കേണ്ടത് നിങ്ങളുടെ ഉത്തരവാധിത്വം തന്നെയാണ്. അതിന് ശക്തമായ മാർക്കറ്റിംഗ് സംവിധാനം നിങ്ങൾക്കുണ്ടാവണം. സിനിമാ പരസ്യം എന്നത് ഒരു കലയാണെന്ന് തിരിച്ചറിയണം. ഫോട്ടോഷോപ്പ് , കോറൽ, ഇല്ല്യുസ്ട്രേറ്റർ എന്നീ സൊഫ്റ്റ്വെയറുകൾ കൊണ്ട് കാണിക്കുന്ന കസർത്തുകൾ അല്ലാ പരസ്യകല എന്ന് മനസ്സിലാക്കേണ്ടത് നിങ്ങൾ തന്നെയാണ്. പരസ്യകല എന്ന് കേട്ടാൽ ‘ഭരതൻ, ഗായത്രി, കിത്തോ‘ എന്നൊക്കെ ഓർക്കുന്ന ഒരുകാലം ഉണ്ടായിരുന്നില്ലേ നമുക്ക്. എത്രയോ സിനിമകളെ കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ അവരുടെയൊക്കെ ഭാവനയ്ക്ക് കഴിഞ്ഞിരുന്നു.

നമ്മുടെ മഹാ നടന്മാർ ‘മെഗാ/ സൂപ്പർ‘ വിശേഷണങ്ങൾ വെടിഞ്ഞ് മണ്ണിൽ തൊട്ട് നിൽക്കൂ. തിരക്കഥാകൃത്തുക്കളും സംവിധായകരും അവരവരുടെ ഉത്തരവാധിത്വങ്ങൾ തിരിച്ചറിയൂ.
നിർമ്മാതാക്കൾ , കഴിവുള്ള പുതിയ ആൾക്കാരെ വിശ്വസിക്കാനും അവസരങ്ങൾ കൊടുക്കാനും ശ്രമിക്കൂ.

നിങ്ങൾ നല്ല സിനിമകൾ തന്നാൽ അവ കാണാൻ ഇവിടെ ഞങ്ങളുമുണ്ടാവും.

Friday, January 23, 2009

നമ്മുടെ സഖാവ് വെറും ‘9‘ ആയാൽ മതിയോ?

എനിക്കത്ഭുതം തോന്നുന്നു !!!

സംഘടനാപാടവം,നേതൃഗുണം, ബുദ്ധികൂർമ്മത, ദീർഘദൃഷ്ടിയിൽ അധിഷ്ഠിതമായ നിലപാടുകൾ, നാല് കാലിൽ വീഴൽ, ക്ഷുദ്രശക്തികളെ ഒതുക്കൽ, കുലം കുത്തികളെ തിരഞ്ഞെടുക്കൽ എന്നിവയിലൊക്കെ ശ്രദ്ധേയനായ നമ്മുടെ പാർട്ടി സെക്രട്ടറി സഖാവ് ശ്രീ. പിണറായി വിജയനെതിരെ CBI -യെ കൂട്ട് പിടിച്ച് പ്രതിപക്ഷവും സ്വന്തം പാർട്ടിയിലെ എതിർപക്ഷവും(വി.എസ് പക്ഷം) മാധ്യമങ്ങളും ചേർന്ന് നടത്തുന്ന ഈ ക്രൂരമായ നിന്ദിക്കൽ കണ്ട് എനിക്ക് അത്ഭുതവും കടുത്ത വേദനയും 'പാകത്തിന് ' നിരാശയും തോന്നുന്നു.

ഇത്ര അധികം ആ മനുഷ്യനെ ആക്ഷേപിക്കേണ്ടതുണ്ടോ?

കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസിൽ 'വെറും ഒൻപതാം സ്ഥാനം' കൊണ്ട് തൃപ്തിപ്പെടേണ്ട ആളാണോ നമ്മുടെ സഖാവ്? ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളൊക്കെ കൈയ്യടക്കിയവർ ആരെന്നുപോലും നമുക്കറിയില്ലെന്നുകൂടി ഓർക്കുമ്പോളാണ് എത്ര ഭീകരമായ , നെറികെട്ട 'രാഷ്ട്രീയക്കളികൾക്കാണ് 'പിണറായി സഖാവ് 'ഇര'യായിരിക്കുന്നത് മനസ്സിലാവുന്നത്.

പ്രതിപക്ഷം എതിർക്കുന്നത് മനസ്സിലാക്കാം. അവർക്ക് സ്വാഭാവികമായും 'കൊതിക്കെറുവ്' കണ്ടേക്കുമല്ലോ. കാരണം അവരുടെ ഭരണത്തിന്റെ അവസാന നാളുകളിലല്ലേ ഈ ' SNC ലാവ്‌ലിനുമായി' ധാരണയാവുന്നത്. MOU വിൽ 'ശു' വരച്ചത് നമ്മുടെ കാർത്തികേയൻ സാറും.

പക്ഷേ കോൺഗ്രസ്സിന് അനുഭവയോഗമില്ലാതെ പോയി. "ആറ്റുനോറ്റിരുന്ന് , 91- കാരൻ 18 - കാരിയെ കെട്ടിയപ്പോൾ 19- കാരൻ അവളെ കട്ടോണ്ട് പോയി " എന്ന് പറഞ്ഞപോലെയായി അവരുടെ കാര്യം. തിരിച്ച് ഭരണത്തിലേറാം എന്ന അമിതപ്രതീക്ഷയിലാണ് കോൺഗ്രസ്സ് ഇങ്ങനെ ഒരു വിവരക്കേട് കാണിച്ചത്. അതുകൊണ്ടെന്തുണ്ടായി, അടുത്ത ഭരണം സഖാക്കൾക്ക്. അവർ കൈ നനയാതെ മീനും പിടിച്ചു.

എന്നുകരുതി പിടിച്ച മീനത്രയും പിണറായി സഖാവ് ഒറ്റയ്ക്കു തന്നെ പൊരിച്ചുതിന്നു എന്ന് ആരും വിചാരിക്കരുതേ. അങ്ങേര് അത്ര മനുഷ്യപ്പറ്റ് ഇല്ലാത്തവനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഉറപ്പായും ഇതിന്റെ ഒരു വിഹിതം കൂടെ നിൽക്കുന്ന വിശ്വസ്തർക്കും ‘പി.ബി‘യിലെ ചില മുന്തിയവർക്കും കുറച്ച് ഉച്ഛിഷ്ടം അമളിപറ്റിയ പല 'കോൺഗ്രസ് സുഹൃത്തുക്കൾക്കും' നൽകിയിട്ടുണ്ടാവാം. അതാണ് ഞങ്ങളുടെ സഖാവിന്റെ ബുദ്ധി. പങ്ക് പറ്റിയവന്മാർക്ക് എതിർക്കാൻ പറ്റില്ലല്ലോ?!!

ഇങ്ങനെയൊക്കെയാണെങ്കിലും, ആലോചിച്ചാൽ , പങ്ക് തിന്നതിന്റെ ‘ഉളുമ്പ് നാറ്റം’ കൈകളിൽ നിന്ന് പോവും മുൻപേ ഇവരെല്ലാം പിണറായി സഖാവിന്റെ വില കുറച്ച് കാണിക്കാനാണ് സത്യത്തിൽ ശ്രമിക്കുന്നതെന്ന് എനിക്കു തോന്നുന്നു. കക്കാനറിയാവുന്ന പോലെ നിക്കനറിയാവുന്ന നമ്മുടെ സഖാവിന് ആരുടെയും സപ്പോർട്ട് ആവശ്യമില്ല. ‘നിസ്സാരമായ‘ ഒരു അഴിമതിക്കേസിൽ പോലും അതുകൊണ്ടല്ലേ ‘അവർ’ നമ്മുടെസഖാവിന് പിന്തുണയുമായി വരുന്നത്. കിട്ടിയ അവസരത്തിൽ അവർ വെറും ‘9‘ കേസായി നമ്മുടെ സഖാവിനെ കണ്ടിരിക്കുന്നു. ബഹുമാനപ്പെട്ട പി.ബി, പ്രിയ വി.എസേ നിങ്ങളുടെ ഒന്നും സപ്പോർട്ട് ഞങ്ങളുടെ സഖാവിന് വേണ്ട. “ എടോ, ഗോപാലകൃഷ്ണന്മാരേ, ഞാൻ കട്ടെടോ. ഇനിയും കക്കും. ആരോടോ എന്നെ എതിർക്കാനുള്ളത്? “ എന്നൊക്കെ ധാർഷ്ട്യത്തോടെ സംസാരിക്കുന്ന പിണറായി സഖാവിനെയാണ് ഞങ്ങൾക്കാവശ്യം.

മറ്റാരും ചെയ്യാത്ത എന്ത് അപരാധമാണ് പിണറായി സഖാവ് ചെയ്തിരിക്കുന്നത്. ഇതിന് മുൻപ് മന്ത്രിമാരായി ഇരുന്ന ആരാണ് കക്കാത്തത്? കരുണാകരൻ കട്ടിട്ടില്ലാന്ന് പറയാൻ പറ്റുമോ? ഉമ്മൻ ചാണ്ടി കട്ടിട്ടില്ലെന്ന് പറയാമോ? രമേശ് ചെന്നിത്തല എന്ന ‘സുന്ദരക്കുട്ടൻ’ കണിച്ചകുളങ്ങര കൊലക്കേസിൽ പ്രതികളായ ഹിമാലയ ഗ്രൂപ്പിൽ നിന്ന് ‘പാവപ്പെട്ടവർ കേട്ടാൽ സിദ്ധികൂടന്ന’ തരത്തിലൊരു തുക കൈപ്പറ്റി എന്ന് പറഞ്ഞാൽ അത് കള്ളമാവുമോ? ഞങ്ങളാരും ഇവരെയൊന്നും ഉപദ്രവിക്കാൻ വന്നില്ലല്ലോ? വന്നില്ലാന്ന് മാത്രമല്ല പരമാവധി സപ്പോർട്ട് ചെയ്യുകയും ചെയ്തു. പിന്നെ , അതിനെതിരെയൊക്കെ ചില പ്രസ്താവനകൾ ഇറക്കി എന്നത് ഞങ്ങൾ സമ്മതിക്കുന്നു. അത് അഴിമതിക്കെതിരായി ആണെന്നാണോ ഈ വിവരം കെട്ട പ്രതിപക്ഷം ധരിച്ചത്?!!!

എങ്കിൽ, അതിലെ സദുദ്ധേശം വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. ‘നമ്മൾ‘ രാഷ്ട്രീയക്കാർ ഇങ്ങനെ പരസ്പരം ആരോപണപ്രത്യാരോപണങ്ങളും പത്രപ്രസ്താവനകളുമൊക്കെ ഇറക്കിയാലല്ലേ ജനങ്ങൾക്ക് / അണികൾക്ക് രാഷ്ട്രീയത്തിലുള്ള താത്പര്യം കെടാതെ നിർത്താൻ കഴിയൂ? ഒന്നുമല്ലെങ്കിലും ആവശ്യത്തിന് കട്ടുമുടിക്കാനായി അയ്യഞ്ച് വർഷം കൂടുമ്പോൾ മാറി മാറി ഭരിക്കാൻ അവസരം നൽകുന്നവരല്ലേ പൊതുജനം. ആപ്പോൾ അവർക്കെന്തെങ്കിലും വിനോദങ്ങൾ നമ്മൾ നൽകേണ്ടേ? കഴുതകളായ ജനത്തിനും വിഡ്ഡികളായ അണികൾക്കുമൊക്കെ കലുങ്കിലും ചായക്കടയിലും ബാർബർഷോപ്പിലുമൊക്കെയിരുന്ന് ചൊറിയും കുത്തി ചേരിതിരിഞ്ഞ് ചർച്ച ചെയ്യാനും തമ്മിലടിച്ച് ചാവാനുമൊക്കെയായി ഗാന്ധിയന്മാരും സഖാക്കന്മാരുമൊക്കെ പരസ്പരം പ്രസ്താവനകളിറക്കും. അല്ലെങ്കിൽതന്നെ പ്രസ്താവനകളിറക്കുക എന്നതാണല്ലോ പരമമായ പൊതുജനസേവനം.!!

പിണറായി സഖാവ് കോടിക്കണക്കിന് വിലയുള്ള വീട് വച്ചതിലും മകനെ അരക്കോടി രൂപയോളം ചിലവാക്കി വിദേശത്ത് പഠിപ്പിക്കാനയച്ചു എന്നൊക്കെയുള്ള ‘ചെറിയ‘ വിഷയങ്ങൾ വിവാദമാക്കി മാറ്റിയ ഈ കേരളത്തിൽ ‘കേവലനീതി‘ പിണറായി സഖാവിന് കിട്ടുമെന്ന് തോന്നുന്നില്ല.

എന്തിനേറെ, പി.ബി സമ്മേളനത്തിന് പോവേണ്ടിയിരുന്ന സഖാവ് ‘ഉണ്ടയും തൂക്കി’ ( വെടിയുണ്ട. ബാഗിൽ തൂക്കി‌ ) ചെന്നൈയിൽ വിമാനമിറങ്ങിയത് ഫാരിസിനെ കാണാനാണെന്ന് വരെ പറഞ്ഞ എമ്പോക്കികൾ ഉള്ള നാടാണിത്. സത്യത്തിൽ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ക‌മ്യൂണിസ്റ്റ് മാനിഫെസ്റ്റോ-യുടെ പ്രൂഫ് റീഡിങ്ങിനായാണ് താങ്കൾ അവിടെ പോയതെന്ന് ഞാൻ പറഞ്ഞാൽ അതെത്ര പേർ വിശ്വസിക്കൂം.

മിക്കവാറും സഖാവേ, നിങ്ങൾ വെറും ‘9‘ മാത്രമായി ഒടുങ്ങുന്നത് കാണാനാവും ഈ ജനതയുടെ വിധി. അവർക്കത്രയേ വിധിച്ചിട്ടുള്ളു. കഴിവുള്ളവരെ അംഗീകരിക്കാൻ എന്നും മലയാളികൾക്ക് മടി ആയിരുന്നല്ലോ?!! എങ്കിലും ബഹുജനം കഴുതകളായതിനാൽ താങ്കളെ 9-ൽ നിന്ന് ഒന്നാം സ്ഥാനത്തെത്തിക്കാൻ അവർ പരിശ്രമിക്കും. കുറഞ്ഞ പക്ഷം അവരുടെ മനസ്സിലെങ്കിലും ഒന്നാം സ്ഥാനം താങ്കൾക്ക് തന്നെയാവും.

പിണറായി വിജയീ ഭവ!

------------------------------------

വിജയൻ മാഷ് മരിച്ചതിനു പിറ്റേ ദിവസം, മാതൃഭൂമി പത്രത്തിൽ നമ്മുടെ സഖാവ് , വിജയൻ മാഷിനെ അനുസ്മരിച്ച് നട്ടത്തിയ - “ മാഷ് ഒരു നല്ല അദ്ധ്യാപകനായിരുന്നു “ എന്ന പ്രസ്താവന വായിച്ച് പിള്ളച്ചേട്ടന്റെ ചായക്കടയിലിരുന്ന് മുറ്റത്തേയ്ക്ക് നീട്ടി തുപ്പി “ കെട്ട നാറി “ എന്ന് പറഞ്ഞ് പിണറായിയെ ആട്ടിയ വിവരദോഷിയായ(?) ശ്രീമാൻ ഓനൻ ചേട്ടന് ഞാനീ പോസ്റ്റ് സമർപ്പിക്കുന്നു.

രാഷ്ട്രീയക്കാരുടെ പ്രസ്താവനകളിൽ നിറയുന്ന വിഷം തിരിച്ചറിയാൻ , വിദ്യാഭ്യാസം കുറഞ്ഞവനും വിവരദോഷിയും ‘കുലം കുത്തിയും‘ എന്തിനേറേ നല്ലൊരു സഖാവുകൂടിയായ ഓനൻ ചേട്ടന് കഴിഞ്ഞിരിക്കുന്നു. ആ മനുഷ്യന്റെ തിരിച്ചറിവെങ്കിലും നമുക്കുണ്ടായിരുന്നെങ്കിൽ.

Thursday, January 15, 2009

‘ഹേമ’ന്തമായലും ‘ബസന്ത‘മായാലും അഭയയ്ക്കുള്ള നീതി അനീതി തന്നെയോ?!!

“ കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ വിവാദങ്ങൾ എന്നെ വളരെയധികം വേദനിപ്പിച്ചു. നീതിയുടെ രഥം മുന്നോട്ടു പോകണമെന്ന് മാത്രമാണ് ഉദ്ദേശിച്ചത്. നിരീക്ഷണ കാര്യത്തിൽ പല കോടതികളിലും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടായി. ജൂഡിഷ്യറിയുടെ യശസ്സ് നിലനിർത്താനും അന്വേഷണത്തിലെ ആശയക്കുഴപ്പം ഒഴിവാക്കാനും കേസിന്റെ അന്വേഷണ മേൽനോട്ടം ഡിവിഷൻ ബെഞ്ചിനു വിടുന്നതാണ് ഉചിതം” - ജസ്റ്റിസ് ബസന്ത്.

അതെ. അങ്ങനെ ‘ബസന്തവും‘ ‘ഹേമ‘ന്തത്തിന് വഴിമാറി. ഇനി ആശ്വസിക്കാം. അഭയക്കേസിന്റെ അന്വേഷണങ്ങൾ സുഗമമായി തന്നെ നീങ്ങും. ‘വേണ്ടപ്പെട്ടവർക്ക് ‘ നീതിയും ലഭിക്കും. ‘ആർക്ക് വേണ്ടപ്പെട്ടവർക്ക് ‘ എന്ന ചോദ്യം മാത്രമേ ഇനി അവശേഷിക്കൂ.!!

പക്ഷേ, ആ ചോദ്യം മാത്രം ചോദിച്ചേക്കരുത്. ചോദിച്ച് പോയാൽ അത് അലക്ഷ്യമാവും. സംശയമുണ്ടേൽ കേരളകൌമുദിയുടെ എം.എസ് മണിയോട് ചോദിച്ചാൽ മതി. കഴിഞ്ഞ മാസം 18-ന് കേരളകൌമുദിയുടെ ഫ്രണ്ട് പേജിൽ തന്നെ ‘ നീതിദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം’ എന്ന പേരിൽ ഒരു മുഖപ്രസംഗം അങ്ങ് കീച്ചി മണിസാർ. ‘ഹേമ‘ന്തത്തിന് അത്ര സുഖിക്കുന്ന സംഗതി അല്ലല്ലോ അത്. അതുകൊണ്ട് പുള്ളിക്കാരനെയും ഒപ്പം 3 പേർക്കുമെതിരായി ഒരു അലക്ഷ്യക്കേസങ്ങ് ഫയൽ ചെയ്തു കോടതി. ( മുഖപ്രസംഗം ഇവർ 4 പേരും കൂടി ആണോ ആവോ എഴുതിയത്? ) :)

അപ്പോൾ മനസ്സിലാക്കേണ്ടതെന്തെന്ന് വച്ചാൽ ഈ നീതി ദേവത നമ്മുടെ ഹേമന്തത്തിന്റെ കുഞ്ഞമ്മയുടെ മോളായി വരും എന്നാണോ? അതോ സാധാരണക്കാർക്ക് നീതി പീഠത്തിലുണ്ടാവുന്ന വിശ്വാസങ്ങൾക്കും പ്രതീക്ഷകൾക്കും മങ്ങലേറ്റ് തുടങ്ങിയാൽ അത് ആരും ചൂണ്ടിക്കാണിക്കരുതെന്നാണോ? അല്ലെങ്കിൽ ബഹുമാനപ്പെട്ട കോടതിക്ക് വഴി തെറ്റുന്നു എന്ന് തോന്നിയാൽ അത് ചൂണ്ടീക്കാണിക്കാൻ ജനാധിപത്യസംവിധാനത്തിൽ മാർഗ്ഗങ്ങളില്ലെന്നാണോ? അരക്ഷിതരായ ജനക്കൂട്ടം പേടിച്ചൊന്നലമുറയിട്ടുപോയാൽ അതും അലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടുമെന്നാണോ?

അസംഭവ്യമാണെങ്കിലും , അബദ്ധവശാലെങ്കിലും നീതി ദേവതയുടെ കണ്ണുകൾക്ക് മേൽ കെട്ടപ്പെട്ട ആ കറുത്ത തുണി അഴിഞ്ഞ് പോയിട്ടുണ്ടെങ്കിൽ അവ തിരിച്ച് കെട്ടപ്പെടാനുള്ള ശ്രമങ്ങൾ അധികാരപ്പെട്ടവർ നടത്തട്ടെ. പണവും സ്വാധീനവും കൈക്കരുത്തും അനുയായികളുമൊന്നുമില്ലാത്ത പാവം ജനതയുടെ അവസാന ആശ്രയവും പ്രതീക്ഷയുമാണ് കോടതികൾ. അതിലുള്ള വിശ്വാസമാണ് സാധാരണക്കാർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ ഗൌരവത്തോടെ തന്നെ കാണണം. കുറ്റവാളികളുടെ നെറികെട്ട സ്വാധീനത്തിന്റെ കരങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഉയരത്തിൽ നീതി ദേവതയുടെ ഇരിപ്പിടം ഉറപ്പിക്കപ്പെടട്ടെ. സാധാരണക്കാർക്ക് സമാധാനമായി ഉറങ്ങാൻ കഴിയട്ടെ.

ഒന്ന് സത്യമാണ്. ജസ്റ്റിസുമാരും മനുഷ്യരാണ്. വിശപ്പും ദാഹവുമുള്ള, മലമൂത്രവിസർജ്ജനം നടത്തുന്ന, ചൊറിച്ചില് വന്നാൽ മാന്തൂന്ന നല്ല ഒന്നാന്തരം മനുഷ്യർ. അതുകൊണ്ട് തന്നെ ജസ്റ്റിസ് ഏത് ‘ഹേമ‘ന്തമായാലും മനുഷ്യരുടെ എല്ലാ ചപലതകളും അവരിൽ കാണുമെന്നതിൽ തർക്കമുണ്ടോ? ( പോരാത്തതിന് അബലയും) അവർക്കും വ്യക്തമായ കാഴ്ചപ്പാടുകളും ഇഷ്ടാനിഷ്ടങ്ങളും കണ്ടേക്കാം. എന്നാൽ മുൻ‌വിധിയോട് കൂടിയ അവരുടെ പരാമർശങ്ങൾ ഒഴിവാക്കപ്പെടേണ്ടത് തന്നെയായിരുന്നു.


പ്രിയപ്പെട്ട സിസ്റ്റർ അഭയ,

നിങ്ങൾ മരിച്ചിട്ട് വർഷം 16 കഴിഞ്ഞിരിക്കുന്നു. ഞാൻ ഇന്നും ഈ കേരളത്തിൽ ജീവിക്കുന്നു. അതുകൊണ്ട് തന്നെ പറയട്ടെ. നിങ്ങൾക്ക് നീതി കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം കേരളം ഒരു പാട് മാറിയിരിക്കുന്നു. ജനങ്ങളും വ്യവസ്ഥിതികളും മാറിയിരിക്കുന്നു. നിനക്ക് വേണ്ടി മുറവിളി കൂട്ടി ജനത്തിന് ബോറഡിച്ചിരിക്കുന്നു. മാദ്ധ്യമങ്ങൾക്ക് ഭയമായി തുടങ്ങിയിരിക്കുന്നു. ലക്ഷ്യത്തിൽ തറക്കുന്ന ‘ അലക്ഷ്യം’ എന്ന അസ്ത്രം അവർക്ക് നേരേ എയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഉയർത്തെഴുന്നേറ്റ കർത്താവിനെ പിടിച്ച് കോട്ടൂരാനും പൂതൃക്കയും സെഫിയും കൂടി വീണ്ടും കുരിശിലേറ്റിയിരിക്കുന്നു. ഇനിയുമൊരു ഉയർത്തെഴുന്നേൽ‌പ്പിന് ത്രാണി ഇല്ലാത്ത വിധം കർത്താവും തളർന്നിരിക്കുന്നു. എല്ലാമറിയുന്ന നിന്റെ റൂം മേറ്റും എന്റെ തൊട്ടയൽ‌വാസിയുമായ സിസ്റ്റർ ഷേർളി - എന്റെ ഷേർളിച്ചേച്ചി- വരെ നിന്നെ കൈ വെടിഞ്ഞിരിക്കുന്നു. ഇനി നിനക്കൊന്നേ ചെയ്യാനുള്ളു. നീ ഉയർത്തെഴുന്നേറ്റ് വന്ന് നീ ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞേക്കു. പാവം CBI എങ്കിലും രക്ഷപെട്ടോട്ടെ. ഞാൻ നിന്റെ കൂടെയുണ്ട്. കാശുണ്ടാവുമ്പോൾ എസ്.എൻ. സ്വാമിയെക്കൊണ്ട് നിന്റെ കഥ എഴുതിപ്പിച്ച് ഞാൻ ഒരു CBI പടം നിർമ്മിക്കാം. അതിന്റെ അവസാനം നിനക്ക് ഞാൻ നീതി നൽകിപ്പിക്കാം. അഭയാ ഈ പൊങ്ങൂ നിന്റെ കൂടെയുണ്ട്.

ഒരു നിമിഷം അഭയാ, സിസ്റ്റർ ഷെഫി വന്നിട്ടുണ്ട്. ഞാൻ ഇപ്പോൾ വരാം.

സെഫി പോയി. ഞാൻ വന്നു. സെഫിയോട് ഒന്നും രണ്ടും മിണ്ടീം പറഞ്ഞ് കിടന്നതുകൊണ്ട് വിയർത്തു പോയതറിഞ്ഞില്ല. നമ്മളെവിടെയാ നിർത്തിയത്? ആ .. ‘ഈ പോങ്ങു കൂടെയുണ്ടെന്നല്ലേ?‘ പറയുന്നതുകൊണ്ടൊന്നും വിചാരിക്കരുത് സിസ്റ്ററേ. ഞാൻ പിന്തുണ പിൻ‌വലിച്ചു.

അല്ലെങ്കിൽ ഇത്തരം കാര്യങ്ങളിലൊക്കെ ഇടപെടാൻ ഞാനാര്. . കൊല്ലപ്പെട്ട നീ എന്റെ അമ്മയും പെങ്ങളുമൊന്നുമല്ലല്ലോ? ഏതോ ഒരു തോമസിനുണ്ടായ ഒരു അഭയ. ദൈവവിളികൊണ്ടോ ദാരിദ്ര്യം കൊണ്ടോ ശിരോവസ്ത്രം ധരിച്ചു പോയ ഒരു കന്യാസ്ത്രീ. അവർ കിണറ്റിൽ വീണു. വീണാൽ മരിക്കും. മരിച്ചു. വർഷം 16 കഴിയുകേം ചെയ്തു. ഇനിയും ഈ നാട്ടുകാരുടെയും മാദ്ധ്യമങ്ങളുടേയുമൊന്നും കടി തീർന്നിട്ടില്ലേ? ഞാൻ നിർത്തി. നീയായി നിന്റെ പാടായി. അല്ലെങ്കിൽ തന്നെ അച്ചന്മാർ മഠത്തിൽ കയറിയതിൽ എന്താ ഇത്ര തെറ്റ്? സത്യത്തിൽ നിനക്ക് തന്നെ അറിയാമല്ലോ അച്ചന്മാർ എന്നത് കർത്താവിന്റെ പ്രതിരൂപങ്ങളാണെന്ന്. കന്യാസ്ത്രികൾ കർത്താവിന്റെ മണവാട്ടികളും. അപ്പോൾ പിന്നെ മണവാട്ടികളുടെ മുറിയിൽ മണവാളനല്ലാതെ അയൽ‌വക്കത്തെ അവിരാച്ചനാണോ കയറേണ്ടത്.


ഇല്ല. കൂടുതലൊന്നുമില്ല. ഞാൻ നിർത്തി. ഇനി പോങ്ങു ഈ പറഞ്ഞതെങ്ങാനും അലക്ഷ്യമാവുമോന്നേ എനിക്കിപ്പോൾ പേടിയുള്ളു. അഭയേ കാക്കാത്ത കർത്താവേ നീ എന്നെയെങ്കിലും കാത്തോണേ...

------------------------------------------------------------

അഭയയ്ക്ക് നീതി ലഭിക്കണേയെന്ന് ഏതൊരു മലയാളിയേയും പോലെ ഞാനും പ്രാർത്ഥിക്കുന്നു. ആഗ്രഹിക്കുന്നു.
സാധാരണ ഒരു വ്യക്തിയുടെ ചിന്തകളും ഉൽ‌കണ്ഠകളും മാത്രമാണ് ഈ പോസ്റ്റ്. നീതി പീഠത്തോട് വിശ്വാസവും ആദരവുമുള്ള ഒരു വ്യക്തിയുടെ.

Tuesday, January 13, 2009

സ്റ്റാർട്ട്.. കണ്ടന്റ് തെഫ്റ്റ്. പ്ലീസ് !ഒട്ടുമിക്ക ബ്ലോഗർമാരെയും പോലെ ബ്ലോഗിലേക്ക് വരാനുള്ള എന്റെയും സ്വാധീനം സാക്ഷാൽ വിശാലതിരുവടികൾ തന്നെ.

അങ്ങേരുടെ 'ലളിതസരസമായ' ശൈലിയിൽ ആകൃഷ്ടനായി, തന്നാലാവും വിധം ബൂലോഗത്തെ ആനന്ദലഹരിയിലാറാടിക്കണം എന്ന 'സേവനാധിഷ്ഠിതമായ ഒരാഗ്രഹം' എന്നിൽ വന്ന് നിറയുകയും ഞാൻ രണ്ടാമതൊന്ന് ആലോചിക്കാതെ ബൂലോഗത്തേക്ക് മുതലക്കൂ‍പ്പ് കുത്തുകയുമാണ് ചെയ്തത്. ആ മുതലക്കൂപ്പിലൂടെ ബ്ലോഗറാവുക എന്ന എന്റെ വ്യക്തിപരമായ ആഗ്രഹം ഏതാണ്ടൊന്ന് സാദ്ധ്യമായെങ്കിലും ബൂലോഗത്തെ ആനന്ദലഹരിയിലാറാടിക്കുക എന്ന 'സേവനാധിഷ്ഠിതമായ ആഗ്രഹം' അതോടെ സിദ്ധികൂടി യമലോകം പൂകുകയുമാണ് ചെയ്തത്.

കാരണം, വായനക്കാർക്ക് രസിക്കുന്ന രീതിയിൽ 'ലളിതമായും സരസമായും' എഴുതാൻ വേണ്ട സംഗതി പരിസരവാസികളായ 'ലളിതയോടും സരസയോടും' സർക്കാർ നിർദ്ദേശിക്കുന്ന രീതിയിൽ 'ഉറയോടു കൂടിയ' സുരക്ഷിതമായ നിരന്തര സമ്പർക്കമല്ലെന്നും' അതിന് പ്രതിഭ എന്നു പേരായ ഒരു കിടുതാപ്പി വേണമെന്നും ഞാൻ മനസ്സിലാക്കി.

ജന്മനാതന്നെ പ്രതിഭ എന്ന കിടുക്ക് സംഭവം ദൈവമെനിക്ക് നൽകിയിട്ടില്ലാ എന്ന അറിവിൽ അവശേഷിക്കുന്ന മാനവുമായി ഈ ബൂലോഗം വിടാൻ ഞാൻ പലവട്ടം ശ്രമിച്ചതാണ്. എങ്കിലും മനുഷ്യമനസ്സല്ലേ, അതിന്റെ പൂതി നിസ്സാരമായി നമുക്ക് അടക്കാനാവുമോ?

" ബ്ലോഗുള്ളവന് പോസ്റ്റിടാഞ്ഞിട്ട്,
പോസ്റ്റിട്ടവന് കമന്റ് കിട്ടാഞ്ഞിട്ട് "

എന്ന് പറയുന്ന പോലെ നമ്മുടെ ആഗ്രഹങ്ങളും അനുസ്യൂതം വളർന്നുകൊണ്ടിരിക്കുകയല്ലേ?!!

ആഗ്രഹങ്ങളുടെ കാര്യം പറഞ്ഞപ്പോളാണ് ഈ അടുത്ത ദിവസങ്ങളിലായി എന്റെ മനസ്സിൽ കൂടുകെട്ടിയ ഒരു ഗംഭീരൻ ആഗ്രഹത്തിന്റെ കാര്യം എനിക്ക് നിങ്ങളോട് പറയണമെന്ന് തോന്നിയത്. ഈ ആഗ്രഹം എന്നിൽ ജനിപ്പിച്ചത് സത്യത്തിൽ എന്റെ നാട്ടുകാരനും അടുത്ത ചങ്ങാതിയും സഹബ്ലോഗറുമായ ശ്രീമാൻ ബെർളി തോമസിന്റെ അനുഭവങ്ങൾ തന്നെയാണ്.

കഴിഞ്ഞ ആഴ്ച ബൂലോഗം കൌതുകത്തോടെ വീക്ഷിച്ച ഒരു വിഷയമായിരുന്നല്ലോ ബെർളിയുടെ പോസ്റ്റുകൾ നിരന്തരം മോഷ്ടിക്കപ്പെടുന്നു എന്നത്. പണ്ടത് മെയിലുകളിലൂടെ മാത്രം കറങ്ങിയിരുന്നുവെങ്കിൽ ഇപ്പോളത് മാധ്യമം. വനിത, ചിത്രഭൂമി തുടങ്ങിയ പ്രമുഖ അച്ചടി മാധ്യമങ്ങളിലൊക്കെ യഥേഷ്ടം സ്വന്തമിഷ്ടപ്രകാരം അവർ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഒരു ബ്ലോഗറെ സംബദ്ധിച്ചിടത്തോളം ഇതിൽ‌പ്പരമൊരു അംഗീകാരമുണ്ടോ?

നിങ്ങൾ മനസ്സിലാക്കണം. ഞാനുമൊരു ബ്ലോഗറല്ലേ? എന്റെ ഒരു പോസ്റ്റെങ്കിലും ആരെങ്കിലും അടിച്ചുകൊണ്ട് പോവണം എന്ന് ഞാനാഗ്രഹിക്കുന്നത് തെറ്റാണോ?

കൊയ്ത്ത് കഴിഞ്ഞ കണ്ടത്തിൽ കൊഴിഞ്ഞുവീണ കതിർമണി പെറുക്കാനായി ആരെങ്കിലുമൊന്ന് കുനിഞ്ഞു പോയാൽ അവന്റെ കോണകം കട്ടോണ്ട് പോവാനാളുല്ല ഈ കേരളത്തിൽ ഒരുവനുമില്ലേ എന്റെ ഒരു പോസ്റ്റ് കട്ടോണ്ട് പോവാൻ.?!!! ('ക' കാരത്തിന്റെ വിന്യാസം പ്രിയ മിത്രങ്ങളേ, നിങ്ങൾ ശ്രദ്ധിക്കണം.) :)

മനസ്സാക്ഷി ഉണ്ടെങ്കിൽ നിങ്ങളെന്റെ ഒരു പോസ്റ്റെങ്കിലും കക്കൂ. പ്ലീസ്സ്. ഒരെണ്ണം. ഒരെണ്ണമെങ്കിലും കക്കൂ. ദാനം കിട്ടിയ പശുവിന്റെ വായിൽ പല്ലുണ്ടോന്ന് നോക്കണ്ട എന്ന് പറയും പോലെ കട്ടോണ്ട് പോവുന്ന പോസ്റ്റിന് നിലവാരം നോക്കണോ?

ഹോ! ഞാൻ സ്വപ്നം കാണുകയാണ്. ആരെങ്കിലും എന്റെ പോസ്റ്റ് അടിച്ചുകൊണ്ട് പോവുന്നു. അത് മാ‍തൃഭൂമിയിലെങ്ങാനും വരുന്നു. ഞാൻ ശക്തമായ ഭാഷയിൽ പ്രതിഷേധിക്കൂന്നു. നമ്മുടെ ചന്ദ്രനും വീരനും അതിനെന്നോട് ക്ഷമാപണം നടത്തുന്നു. ഈശ്വരാ.. ഞാനാരായി?

ഹോ! ഞാൻ സ്വപ്നം കാണുകയാണ്. ആരെങ്കിലും എന്റെ പോസ്റ്റ് അടിച്ചുകൊണ്ട് പോവുന്നു. അത് മനോരമയിലെങ്ങാനും വരുന്നു. ഞാൻ ശക്തമായ ഭാഷയിൽ പ്രതിഷേധിക്കുന്നു. നമ്മുടെ മാമൻ മാത്യുവും മറ്റ് മാമന്മാരും അതിനെന്നോട് ക്ഷമാപണം നടത്തുന്നു. ഈശ്വരാ.. ഞാനാരായി?

ഹോ! ഞാൻ സ്വപ്നം കാണുകയാണ്. ആരെങ്കിലും എന്റെ പോസ്റ്റ് അടിച്ചുകൊണ്ട് പോവുന്നു. അത് കൌമുദിയിലെങ്ങാനും വരുന്നു. ഞാൻ ശക്തമായ ഭാഷയിൽ പ്രതിഷേധിക്കൂന്നു. നമ്മുടെ മണിസാറും കൂട്ടരും അതിനെന്നോട് ക്ഷമാപണം നടത്തുന്നു. ഈശ്വരാ.. ഞാനാരായി?

ഇങ്ങനെ ഇങ്ങനെ പോവുന്നു പോങ്ങുമ്മുടൻ എന്ന ബ്ലോഗറിന്റെ ചില അടുത്ത കാല ആഗ്രഹങ്ങൾ.

എന്നാൽ ഇത് കേവലം പോങ്ങു എന്ന ബ്ലോഗറുടെ മാത്രം ആഗ്രഹം ആണോ? അല്ല എന്ന് ചിന്തിക്കുമ്പോഴാണ് ഈ പോസ്റ്റിന് ബൂലോഗത്ത് പ്രസക്തി ഉണ്ടാവുന്നത്.

സാധാരണയായി ബൂലോഗ പുലികളുടെ പോസ്റ്റുകൾ മാത്രമാണ് മോഷ്ടിക്കപ്പെടുന്നതായി നാം കണ്ടിട്ടുള്ളത്. എന്നാൽ പോങ്ങു ചോദിക്കുന്നു , പുലികളുടെ പോസ്റ്റുകൾ മാത്രം മോഷ്ടിക്കപ്പെട്ടാൽ മതിയോ? പോരാ. തുടക്കക്കാരുടെയും സാദാ ബ്ലോഗേഴ്സിന്റെയും എന്നേപ്പോലുള്ള കഴുതപ്പുലികളുടെയുമടക്കം പോസ്റ്റുകൾ അടിച്ചുകൊണ്ട് പോവുന്നതിനുള്ള സംവിധാനം ബൂലോഗത്ത് ഏർപ്പെടുത്തണം. അതിന് വേണ്ട സംവിധാനങ്ങൾ ബ്ലോഗ് അക്കാദമികൾ സ്വീകരിക്കണം.

ബ്ലോഗെഴുത്തുകാരിലെ വമ്പന്മാരെ 'പുലി' എന്ന മൃഗശ്രേഷ്ഠനോടാണ് നമ്മൾ ഉപമിക്കാറ്‌. അതുകൊണ്ട് തന്നെ തുടക്കക്കാരായ ബ്ലോഗർമാർ ഉൾപ്പെട പുലിഗണത്തിൽ പെടാത്ത സകല ബ്ലോഗേഴ്സും ഒരു പക്ഷേ ഒരു പുലി ആവാനായിരിക്കാം ആഗ്രഹിക്കുക. അങ്ങനെയുള്ളവരെ പുലികളാക്കി മാറ്റാനുള്ള ശ്രമങ്ങളും ബ്ലോഗ് അക്കാദമികളുടെ ഭാഗത്തുനിന്നുണ്ടാവണം.
ഒപ്പം 'എങ്ങനെ ഒരു മികച്ച പുരുഷ/വനിതാ ബ്ലോഗറാവാം ' എന്ന് തുടങ്ങി ബൂ‍ലോഗർക്ക് ഗുണപരമാവുന്ന ഒന്നിലേറെ 'പത്ത് കല്പനകൾ ' സംഭാവന ചെയ്തിട്ടുള്ള ശ്രീമാൻ. ബെർളിയിൽ നിന്ന് ' സാദാ ബ്ലോഗർക്ക് എങ്ങനെ ഒരു മികച്ച പുലി ആവാം ' എന്ന വിഷയത്തിൽ ഒരു ക്ലാസ്സ് തുടക്കാർക്ക് ലഭ്യമാക്കുന്ന തരത്തിലുള്ള നടപടിയും അക്കാദമി കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.

തുടക്കക്കാരായ ബ്ലോഗേഴ്സ് നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് 'വിഷയദാരിദ്ര്യം' എന്നത്. അതിനാൽ ഓരോ ആഴ്ചയിലും 'വിഷയ ദാരിദ്ര്യ മേഖലയ്ക്ക്' താഴെ നിൽക്കുന്ന ഓരോ ബ്ലോഗേഴ്സിനും നിത്യവൃത്തിക്കാവശ്യമായ വിഷയങ്ങൾ റേഷൻ സംവിധാനത്തിൽ വിതരണം ചെയ്യാനുള്ള നടപടികളും ബ്ലോഗ് അക്കാദമികൾ സ്വീകരിക്കണം.

ഏതൊരു തുടക്കക്കാരനായ ബ്ലോഗറിന്റെയും ഏറ്റവും വലിയ ആഗ്രഹമാണല്ലോ ധാരാളം കമന്റുകൾ ലഭിക്കുക എന്നത്. ആ കമന്റുകളായിരിക്കും ആ പുതു ബ്ലോഗറുടെ ജീവവായു.. അവന്റെ ആത്മവിശ്വാസം. എന്നാൽ പലപ്പോഴും തുടക്കക്കാരനായ ഒരു ‘പുരുഷബ്ലോഗർക്ക്‘ കമന്റുകൾ കിട്ടുക എന്നത് നന്നേ പ്രയാസമുള്ള ഒരു സംഗതി ആണ്. ( വനിതാ ബ്ലോഗർമാർക്ക് പൊതുവേ കമന്റ് ക്ഷാമം നേരിടേണ്ടി വരാറില്ല). അതിനാൽ , അടുത്ത കാലത്തെങ്ങും പോസ്റ്റിടാതെ മാറാല കെട്ടിക്കിടക്കുന്ന മുന്തിയ പുലികളുടെ ബ്ലോഗ് കണ്ടെത്തി അവ പാട്ടത്തിനെടുത്ത് അവിടെ തുടക്കക്കാരുടെ പോസ്റ്റ് ഇറക്കുകയും ആവശ്യത്തിന് കമന്റ് ലഭിച്ച് കഴിയുമ്പോൾ ആ പോസ്റ്റുകൾ അതാത് ബ്ലോഗർമാർക്ക് തിരിച്ച് നൽകുന്നതിനുള്ള പദ്ധതിക്കും അക്കാദമി തുടക്കമിടേണ്ടതാണ്.

അങ്ങനെ അങ്ങനെ അക്കാഡമിയുടെയും ആഭ്യുദയാകാംക്ഷികളുടെയുമൊക്കെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി ഒരോ ബ്ലോഗേഴ്സും നല്ല കിടുക്കൻ ഓരോ പുലികളാവുകയും അവരുടെയൊക്കെ പോസ്റ്റുകൾ ധാരാളമായി മോഷ്ടിക്കപ്പെട്ട് അച്ചടിമാധ്യമങ്ങളിൽ നിറയുകയും അവരുടെ പ്രതിഷേധഗർജ്ജനങ്ങളിൽ പ്രിന്റ് മീഡിയം പേടിച്ച് പെടുക്കുകയും ചെയ്യുന്ന ഒരു സുന്ദരൻ നാളെ നമുക്ക് സങ്കല്പിക്കാം. കമന്റിനായും, ഫോളോവേഴ്സിനായും ഒരു ബ്ലോഗർ പോലും ഇരക്കേണ്ട ഗതി വരാത്ത, വിഷയ സുലഭവും സമത്വസുന്ദരവുമായ ഒരു ബൂലോഗം നമുക്ക് സ്വപ്നം കാണാം. :)

Saturday, January 3, 2009

മമ്മൂട്ടി എന്ന ബ്ലോഗറോട്.

“ഞാന്‍ മമ്മൂട്ടി. ഒരു സാമൂഹികജീവിയെന്ന നിലയില്‍,
സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍,
എന്‍റെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഇവിടെ.“


ഇങ്ങനെയാണ് മലായളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ബ്ലോഗ് തുടങ്ങുന്നത്.

മമ്മൂട്ടി ബ്ലോഗ് തുടങ്ങുന്ന കാര്യം ഒട്ടുമിക്ക മാധ്യമങ്ങളും അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ റിപ്പോർട്ട് ചെയ്തിരിന്നു. ബ്ലോഗിലെ സൂപ്പർതാരമായ ബെർളി 2009-ലെ തന്റെ ആദ്യ പോസ്റ്റിലൂടെ മമ്മൂട്ടിയുടെ ബ്ലോഗിനെ ബൂലോഗത്ത് പരിചയപ്പെടുത്തുകയും ചെയ്തു.

അർഹിക്കുന്ന ഒരു വരവേൽ‌പ്പ് തന്നെയാണ് താങ്കളുടെ പോസ്റ്റിന് ലഭിച്ചതെന്ന കാര്യത്തിൽ തർക്കമില്ല. ഞാൻ ഈ കുറിപ്പ് നടത്തുന്ന സമയം താങ്കളുടെ ബ്ലോഗിന് 537 ഫോളോവേഴ്സും 549 കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. ഒരു പക്ഷേ, ബൂലോകത്തെ മിന്നും താരങ്ങളായ വിശാലമനസ്കൻ, കുറുമാൻ, ബെർളി, റാം മോഹൻ പാലിയത്ത്, കേരള ഹ ഹ ഹ സജ്ജീവ്, സുനീഷ് തോമസ്, ഇടിവാൾ, മൊത്തം ചില്ലറ, കുഴുർ, തമനു, ബ്രിജ് വിഹാരം മനു അങ്ങനെ അങ്ങനെ നിരവധി പേർക്ക് തുടക്കത്തിൽ ലഭിക്കാത്തത്ര അത്ഭുതകരമായ ഒരു സ്വീകരണം തന്നെയാണ് താങ്കൾക്ക് ലഭിച്ചത്. ബ്ലോഗറെന്ന നിലയിൽ താങ്കളുടെയും ഒപ്പം ബ്ലോഗ് എന്ന മാധ്യമത്തിന്റെയും തന്നെ വളർച്ചയ്ക്ക് ഇത് കാരണമായേക്കാം.

ഇതൊക്കെ സാദ്ധ്യമായത് താങ്കൾ ചെമ്പിലെ ഇടത്തരമൊരു കുടുംബത്തിൽ ജനിച്ച് വളർന്ന് പഠിച്ച് വക്കീലായി മാറിയ ശ്രീ. മുഹമ്മദ് കുട്ടി എന്ന ഒരു സാധാരണ ‘സാമൂഹിക ജീവിയെന്ന‘ പേരിലല്ല. മറിച്ച് താങ്കൾ മലയാള സിനിമയിൽ ജ്വലിച്ച് നിൽക്കുന്ന ഒരു സൂ‍പ്പർ താരമെന്ന നിലയിൽ തന്നെയാണ്. സൂപ്പർ താരത്തിനും സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന വിശ്വാസം ആത്മാർത്ഥമായി തന്നെ താങ്കൾ പുലർത്തുന്നുവെങ്കിൽ താങ്കൾക്ക് ഈ ബൂലോഗത്തും ഒപ്പം ഈ ഭൂമി മലയാളത്തിലും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പ്രത്യേകിച്ച് സമൂഹത്തെ എളുപ്പം സ്വാധീനിക്കാൻ കഴിയുന്ന ഒരു വ്യക്തി എന്ന നിലയിൽ.

ആതുകൊണ്ട് താങ്കളുടെ തുടർന്നുള്ള പോസ്റ്റുകളിൽ സാധാ‍രണക്കാർ അറിയാൻ ആഗ്രഹിക്കുന്നത് താങ്കളുടെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും മാത്രമല്ല, മറിച്ച് സാധാരണക്കാരെ ബാധിക്കുന്ന സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ താങ്കളുടെ ഇടപെടലുകൾ, ഉൽകണ്ഠകൾ, താത്പര്യങ്ങൾ, നിലപാടുകൾ എന്നിവയൊക്കെ അറിയാനാണ്.

ഉദാഹരണത്തിന് മൂന്നാർ വിഷയത്തിൽ ആരോപണ വിധേയരായവരുടെ കൂട്ടത്തിൽ താങ്കളുടെ പേരും പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ നിജസ്ഥിതി സാധാരണക്കാരെ അറിയിക്കേണ്ടെ?

സിനിമാ നടൻ എന്ന നിലയിൽ താങ്കൾക്ക് ലഭിക്കുന്ന ഏത് സിനിമകളിലും താങ്കൾക്ക് അഭിനയിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്ന് വാദിക്കാമെങ്കിലും ‘സാമൂഹിക പ്രതിബദ്ധതയുള്ള നടൻ‘ എന്ന നിലയിൽ സാധാരണക്കാരായ ജനങ്ങളുടെ അവസാന പ്രതീക്ഷയായ വി..എസിനെ വ്യക്തിപരമായും കുടുംബപരമായും ആക്ഷേപിക്കുന്ന ‘രൌദ്രം’ എന്ന സിനിമയിൽ താങ്കൾ അഭിനയിച്ചത് സമൂഹത്തിന് എന്ത് സന്ദേശം നൽകാനാണ്?

വീണ്ടും കൈരളി ചാനലിന്റെ തലപ്പത്ത് താങ്കൾ അവരോധിക്കപ്പെട്ടതിനാൽ ചോദിക്കട്ടെ, ജോൺ ബ്രിട്ടാസും ഫാരിസും തമ്മിൽ നടത്തിയ അഭിമുഖം താങ്കൾ കണ്ടിരുന്നോ? ആ അഭിമുഖത്തിന് പിന്നിൽ എന്തെങ്കിലും ഗൂഢനീക്കം ഉണ്ടായിരുന്നുവെന്ന് താങ്കൾ കരുതുന്നുവോ‍?

ആഭ്യന്തര മന്ത്രി കോടിയേരി ഇപ്പോൾ ‘സത് സ്വഭാവിയും നീതിമാനുമായ സേവി മനോ മാത്യുവിന്റെ ‘ വാടകക്കാരനായി താമസിക്കുന്നതിൽ താങ്കൾക്കെന്തെങ്കിലും അപാകത തോന്നുന്നുവോ?

ശാരി എന്ന പെൺകുട്ടി കൊല്ലപ്പെടാനിടയായ കിളിരൂർ പെൺ വാണിഭക്കേസിൽ ഉയർന്നുകേട്ട വി.ഐ.പി വിവാദത്തിലെ വി.ഐ.പി നമ്മുടെ ‘ആരോഗ്യ ശ്രീമതി’ ആണെന്നുള്ള സാധാരണക്കാരുടെ വിശ്വാസത്തോട് താങ്കൾ യോജിക്കുന്നുണ്ടോ?

അനഘ എന്ന പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാധികൾ എം. എ ബേബി, ശ്രീമതി, കൊടിയേരി എന്നിവരുടെ മക്കളാണെന്ന വിശ്വാസം ബഹുഭൂരിപക്ഷത്തിനുമുള്ളപ്പോൾ ‘ആഭ്യന്തരവും ആരോഗ്യവും ‘ കോടിയേരിയും ശ്രീമതിയും കൈക്കലാക്കിയത് മക്കളുടെ ആരോഗ്യം രക്ഷിക്കാനാണെന്ന് താങ്കൾ കരുതുന്നുണ്ടോ?

ബഹുമാനപ്പെട്ട മമ്മൂട്ടി, ഇത്രയും ചോദ്യങ്ങൾക്ക് താങ്കളുടെ ഉത്തരം അഭിപ്രായം അറിയാൻ സാധാരണക്കാരനായ എനിക്ക് ആഗ്രഹമുണ്ട്. സമയവും സൌകര്യവും ലഭിച്ചാൽ താങ്കൾ മറുപടി നൽകുമോ?

ബ്ലോഗിലെ മെഗാതാരമാവാനും താങ്കൾക്ക് സാധിക്കട്ടെ.

സാധാരണക്കാരനൊപ്പം നിൽക്കാൻ, അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റാൻ സ്വാധീനശക്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള പൌരനെന്ന നിലയിൽ താങ്കൾക്ക് മനസ്സുണ്ടാവട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

പോങ്ങുമ്മൂടൻ