Follow by Email

Saturday, February 28, 2009

ഫോളോവർ നഷ്ടപ്പെട്ട ബ്ലോഗർ :(

നിങ്ങളിൽ ഒരു ബ്ലോഗർക്ക് 100 ഫോളോവേഴ്സ് കുഞ്ഞാടുകൾ ഉണ്ടെന്നിരിക്കട്ട. അതിൽ ഒന്ന് കാണാതായാൽ ആ ബ്ലോഗർ 99-നെയും ബ്ലോഗിൽ വിട്ടേച്ച് ആ കാണാതായ ഫോളോവർ കുഞ്ഞാടിനെ കണ്ടെത്തും വരെ നോക്കി നടക്കാതിരിക്കുമോ?
പോങ്ങൂസ് 15:4

കണ്ട് കിട്ടിയാൽ സന്തോഷിച്ച് ചുമലിൽ എടുത്ത്
പോങ്ങൂസ് 15:5

ബൂലോഗത്ത് വന്ന് വായനക്കാരെയും സഹബ്ലോഗേഴ്സിനെയും വിളിച്ച് കൂട്ടി; കാണാതായ എന്റെ ഫോളോവർ കുഞ്ഞാടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്ന് അവരോടു പറയും
പോങ്ങൂസ് 15:6


അതെ. ഞാൻ പറയും.

ആറ്റുനോറ്റ് , സ്നേഹവും കാടിയും പ്ലാവിലയും കൊടുത്ത് എന്റെ ബ്ലോഗിലെ വലതുവശത്തെ ചതുരക്കൂട്ടിൽ ഞാൻ പോറ്റി വളർത്തിയ 61 കുഞ്ഞാടുകളിൽ 2 എണ്ണം എന്നെ വിട്ട് പോയിരിക്കുന്നു. എന്റെ ഹൃദയം കത്തിക്കരിഞ്ഞ പടക്കശാല പോലെ ആയിരിക്കുന്നു. എന്റെ കുഞ്ഞാടുകളെ തേടി ബൂലോഗം മുഴുവനും ഒപ്പം സഹബ്ലോഗേഴ്സിന്റെ ആട്ടിൻ കൂടുകളിലും ഞാൻ പരതി നടന്നു. എനിക്കവയെ കണ്ടെത്താനായില്ല. നിങ്ങൾ മനസ്സിലാക്കുന്നുവോ എന്റെ ദു:ഖം? ആരെങ്കിലും എവിടെയെങ്കിലും എന്റെ കുഞ്ഞാടുകളെ കണ്ടുവോ? കണ്ടവർ എന്നെ അറിയിക്കുമോ? എന്റെ അന്വേഷണത്തിന് ഫലപ്രാപ്തി ഉണ്ടാവുമോ? കൂട് നിറയെ ധാരാളം കുഞ്ഞാടുകളുള്ള മമ്മൂട്ടി, വിശാലമനസ്കൻ,കുറുമാൻ,ബെർളി, അനോണി ആന്റണി, കൊച്ചുത്രേസ്യാ തുടങ്ങിയ സമ്പന്ന ഇടയന്മാർ എന്റെ ദു:ഖം ശമിപ്പിക്കാൻ ഏതാനും കുഞ്ഞാടുകളെ എനിക്ക് ദാനം ചെയ്യുമോ? എനിക്കിനി കൂടുതലെഴുതാൻ കഴിയില്ല. ഞാൻ കരഞ്ഞ് പോവും. അല്ല കരഞ്ഞു പോയി. :(

Tuesday, February 24, 2009

ഇപ്പോൾ കിട്ടിയ വാർത്ത ( മൊത്തം നേര് )

മാതൃഭൂമി ഓഫീസുകൾക്ക് മുന്നിൽ തടിച്ച് കൂടിയ ജനം മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു.

ഇന്നലെ അർദ്ധരാത്രിമുതലാണ് കേരളത്തിലുടനീളം മാതൃഭൂമി ഓഫീസുകൾക്ക് മുന്നിൽ ജനം തടിച്ചുകൂടി തുടങ്ങിയത്. രാവിലെ 4 മണിയോടെ തടിപ്പ് ശക്തമായി. പരിഭ്രാന്തരായ മാതൃഭൂമി ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണൻ പ്രഭാതകർമ്മങ്ങൾ പോലും നിർവ്വഹിക്കാൻ കാത്ത് നിൽക്കാതെ വെളുപ്പാംകാലം നാലര മണിയോടെ കോഴിക്കോട് മാതൃഭൂമിയിലെത്തി സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കി. പിന്നീട്, ദിനേശ് ബീഡിയുടെ സഹായത്തോടെ പ്രാഥമിക കർമ്മം നിർവ്വഹിക്കുന്നതിനിടയിൽ സിൻഡിക്കേറ്റ് പത്രങ്ങളിൽ പ്രമുഖരായ മാതൃഭുമിക്ക് മേൽ ഉയരുന്ന ഓരോ ഭീഷണിയും കേരളജനതയുടെ സുരക്ഷയ്ക്ക് മേൽ ഉയരുന്ന ഭീഷണിയായി കണക്കാക്കൂമെന്ന് മന്ത്രിപുംഗവൻ അരുളിച്ചെയ്തു.

അടുത്ത മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നാണിറങ്ങുന്നതെന്ന അന്വേഷണം മാതൃഭൂമിയുടെ കേരളത്തിലെ പ്രമുഖ ഓഫീസുകളിലെല്ലാം ആരൊക്കെയോ പല പ്രാവശ്യം വിളിച്ച് ചോദിച്ചിരുന്നതായി മാതൃഭൂമി ആഭ്യന്തരമന്ത്രിയെ അറിയിച്ചിരുന്നു. അതെന്തോ ‘രഹസ്യകോഡ് ‘ ആണെന്ന നിഗമനത്തിലായിരുന്നു പോലീസ്. അതോടെ കൂടുതൽ സായുധസേനകളെ ഓഫീസുകൾക്ക് മുന്നിലെത്തിക്കാൻ മന്ത്രി കല്പനയിട്ടു.

എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, കനത്ത പോലീസ് കാവലോടെ പത്രക്കെട്ടുകളുമായി പോയ മാതൃഭൂമി വാഹനങ്ങൾക്ക് പിന്നാലെ തടിച്ച് കൂടിയ ആൾക്കൂട്ടം ആരവങ്ങളുമായി പാഞ്ഞു. അവർ വാഹനം തടഞ്ഞ് നിർത്തി . പോലീസ് ആകാശത്തേയ്ക്ക് ഉണ്ടതീരുംവരെ നിറയൊഴിച്ചു . അരിപ്പപോലെയായ ആകാശത്തെ നോക്കി പോലീസ്സുകാർ അന്തിച്ച് നിൽക്കുമ്പോൾ ജനക്കൂട്ടം മാതൃഭൂമി ആഴ്ചപ്പതിപ്പുകളും കൈക്കലാക്കി താന്താങ്ങളുടെ വീടുകളിലേയ്ക്ക് പോവുകയാണുണ്ടായത്. പല പ്രദേശത്തും ആഴ്ചപ്പതിപ്പ് തികയാതെ വന്നതിനാൽ അവ വീണ്ടും പ്രിന്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ മാതൃഭുമി.

മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ബ്ലോഗന‘യിൽ ഈ ആഴ്ച പോങ്ങുമ്മൂടൻ എന്ന ജനപ്രിയ ബ്ലോഗറിന്റെ പോസ്റ്റ് ഉൾക്കൊള്ളിച്ചതാണ് ജനലക്ഷങ്ങൾ ഇത്ര ആവേശത്തോടെ പെരുമാറാൻ കാരണമെന്ന് പിന്നീട് ആഭ്യന്തരമന്ത്രി പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.

ഏതായാലും ആശങ്ക ആഹ്ലാദത്തിന് വഴി മാറിയതിലുള്ള ആശ്വാസത്തിലാണിപ്പോൾ മാതൃഭൂമി.

--------------------------------------------------------------------

മിത്രങ്ങളേ,

ബ്ലോഗനയും അക്കിടി പറ്റിയ ബ്ലോഗേഴ്സും‘ എന്ന പേരിൽ ഞാനെഴുതിയ ഒരു പോസ്റ്റ് ഈ ആയഴ്ചത്തെ ബ്ലോഗനയിൽ കൊടുക്കാൻ മാതൃഭൂമി ആഴ്ചപ്പതിപ്പ് സന്മനസ്സ് കാണിച്ചിരിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിനും ശ്രീ കമൽ‌റാം സജീവിനോടും ഞാൻ എന്റെ നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.

ബ്ലോഗുമായി ബന്ധമില്ലാത്ത വായനക്കാർക്ക് ആ പോസ്റ്റ് എത്ര മാത്രം രസിക്കും എന്നെനിക്കറിയില്ല.( നിങ്ങൾക്കൊക്കെ രസിച്ചിരുന്നോന്നും അറിയില്ല ) എങ്കിലും നാട്ടിലുള്ള, ബ്ലോഗ് വായന ഇല്ലാത്ത ആൾക്കാർക്ക് ഞാൻ എന്തൊക്കെയോ കുറിക്കാറുണ്ട് എന്ന് മനസ്സിലാക്കാൻ ഇത് കൊണ്ട് സാധിച്ചേക്കും.ഞാനൊരു സംഭവമായി ഭാര്യവീട്ടുകാർ തെറ്റിദ്ധരിക്കാനും ഇതുകൊണ്ട് ഇടയുണ്ട്.:) കൂടാതെ ആപ്പിയും രാജപ്പനും ജയനും ജ്യോതിസും എമ്മനുമൊക്കെ ചിലപ്പോൾ ‘അമ്പട പോങ്ങാ‘ എന്ന് മൂക്കത്ത് വിരൽ വച്ച് അത്ഭുതം കൂറിയേക്കാം.അവർ എന്നെ കെട്ടിപ്പിടിച്ചേക്കാം. കള്ള് വാങ്ങി തന്നേക്കാം. ഇതൊക്കെമാത്രമാണ് ഇതിലുള്ള എന്റെ സ്വാർത്ഥതയും. :)

സ്നേഹപൂർവ്വം
പോങ്ങു.Thursday, February 12, 2009

മ്മിണി തുറന്ന കത്ത്

ബഹുമാനപ്പെട്ട ബി.ആർ.പി ഭാസ്കർ സാർ,

താങ്കളുടെ ഏറ്റവും പുതിയ ‘ മരിച്ചവർ കള്ളം പറയില്ല ’ എന്ന പോസ്റ്റ് ആണ് എന്റെ ഈ തുറന്ന കത്തിന്റെ പ്രചോദനം.

ക‌മ്യൂണിസം എന്തിനു വേണ്ടി, ആർക്കുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്ന് മനസ്സിലാക്കാൻ ‘ക‌മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ വായിക്കേണ്ടതില്ല. അതുപോലെ തന്നെ കേരളത്തിൽ ഇന്നത്തെ ബഹുഭൂരിപക്ഷം ക‌മ്യൂണിസ്റ്റ് നേതാക്കാളും പ്രത്യേകിച്ച് ഔദ്യോഗിക പക്ഷം എന്ന് ഊറ്റം കൊള്ളുന്ന ഭൂരിഭാഗവും ‘ആർക്ക് വേണ്ടി‘ നിലകൊള്ളുന്നു എന്ന് ഒരു ‘മാധ്യമ സിൻഡിക്കേറ്റി’ന്റെയും സഹായമില്ലാതെ തന്നെ ജനങ്ങൾക്ക് മനസ്സിലാവുകയും ചെയ്യും.
പിന്നെ ആരേ വിഡ്ഡിയാക്കാനാണ് പിണാറായിയുടെയും അദ്ദേഹത്തിന്റെ പിണിയാളുകളുടെയും ഈ കസർത്തുകൾ?!!

ഇ.പി. ജയരാജനെപ്പോലുള്ള സംസ്കാരശൂന്യനും വിവരദോഷിയും അഹങ്കാരിയും തെമ്മാടിയും വായാടിയുമായ ഒരു ഡസൻ അമ്പലക്കാളകൾ പിണറായിക്ക് ചുറ്റും കോട്ടതീർക്കുകയും ഒപ്പം മോഷ്ടിച്ചും പിരിച്ചും ഉണ്ടാക്കിയ പച്ചനോട്ടുകൾ യാതൊരു പിശുക്കുമില്ലാതെ വാരിയെറിയുകയും ചെയ്താൽ ഒരു പക്ഷേ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസിൽ നിന്ന് രക്ഷനേടാൻ പിണറായിയ്ക്ക് സാധിച്ചേക്കും.

പിണിയാളുകളെയും ഒപ്പം അദ്ദേഹത്തെ സഹായിക്കാൻ മനപ്പൂർവ്വം കണ്ണടക്കുന്ന പ്രതിപക്ഷ തസ്കരന്മാരെയും എന്തിന് കുറ്റം പറയണം? ‘ഉണ്ട ചോറിന് നന്ദി കാണിക്കുക’ എന്നത് നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമല്ലേ? ഇനിയും കെട്ടടങ്ങാത്ത വിപ്ലവവീര്യം പേറുന്ന പാവം അണികളെ കൂടെനിർത്താൻ മൂന്നാംകിട സിനിമകളിലെ നായകനാരേപ്പോലെ ‘ പോടാ പുല്ലേ സി.ബി.ഐ-യേ ‘ എന്നൊക്കെ അവർക്ക് വിളിച്ച് പറയേണ്ടി വരും. എന്നാൽ എത്രകാലം ഈ പാവം അണികളെ കൂടെ നിർത്താൻ ആവും എന്നേ കണ്ടറിയേണ്ടതുള്ളു.

ബഹുമാനപ്പെട്ട ഭാസ്കർ സാർ, ഇത്രയുമൊക്കെ ഞാൻ പറഞ്ഞുവന്നത് എന്തിനെന്നുവച്ചാൽ ഇനിയും താങ്കളേപ്പോലെ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാൻ കഴിയുന്നവർ ഈ വിഷയത്തിൽ ആർജ്ജവത്തോടെ, ധൈര്യമായി ,കൂടുതൽ വ്യക്തതയോടെ, കുറച്ചുകൂടി ശക്തമായ ഭാഷയിൽ എഴുതുകയും പറയുകയും പ്രതിഷേധിക്കയും ചെയ്ത് നിങ്ങളൊക്കെയെങ്കിലും ഞങ്ങളേപ്പോലുള്ള സാധാരണ ജനങ്ങളോടൊപ്പം ഉണ്ടെന്ന വിശ്വാസം വളർത്തുകയും ചെയ്താൽ അത് തന്നെ വലിയ പുണ്യം. അത് തന്നെയല്ലേ അങ്ങയെപ്പോലുള്ളവർ ചെയ്യേണ്ടതും.

താങ്കളെപ്പോലെ തന്നെ ഉന്നതരായ മറ്റ് മാധ്യമപ്രവർത്തകരും സാമൂഹിക, സാംസ്കാരിക നായകന്മാരും ഈ വിഷയം അർഹിക്കുന്ന ഗൌരവത്തോടെ കാണുകയും ഇതൊരു സജീവ ചർച്ചയായി നിലനിർത്തുകയും കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷലഭിക്കുന്നതിനായി രാഷ്ട്രിയ / വ്യക്തി ബന്ധങ്ങൾ മറന്ന് പൊരുതുകയും ചെയ്യുമെന്ന പ്രത്യാശയോടെ നിർത്തുന്നു. ( പിണറായി പുഷ്പം പോലെ ഇതിൽ നിന്ന് രക്ഷപെടുമെന്നത് മൂന്നരത്തരം. ഇതേ കേരളമാ..)

“മരിച്ചവര്‍ കള്ളം പറയില്ല. അവര്‍ക്ക് സത്യവും പറയാനാവില്ല. അതുകൊണ്ട് വാദിക്കും പ്രതിക്കും ധൈര്യമായി അവരെ സാക്ഷികളാക്കാം.“
- ബി.ആർ.പി. ഭാസ്കർ സാർ.

ശരിയാണ് താങ്കൾ പറഞ്ഞത്.
അങ്ങനെയെങ്കിൽ ഞാൻ പറയുന്നു.

“ പാർട്ടി അണികൾ ജീവിച്ചിരിക്കുന്ന ശവങ്ങളാണ്. അവർ സത്യമറിഞ്ഞാലും പ്രതികരിക്കില്ല. അവർക്ക് പ്രതിഷേധിക്കാനുമാവില്ല. അതുകൊണ്ട് സകല നേതാക്കൾക്കും അവരെ സാക്ഷികളാക്കി എന്ത് അഴിമതിയും കാണിക്കാം. “
- പോങ്ങുമ്മൂടൻ, സാറല്ല.

-----------------------------------------------------------------------------

എന്റെ ഹതഭാഗ്യരായ വായനക്കാരേ,

ബി.ആർ.പി. സാറിന് ഇങ്ങനൊരു കത്തെഴുതുന്നതിന്റെ പ്രസക്തി എന്തെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ?
എങ്കിൽ. ഞാൻ പറയുന്നു. ഇത്തരം നെറികെട്ട രാഷ്ട്രീയ രാക്ഷസന്മാർക്ക് മുന്നിൽ അരക്ഷിതരായ, നിരാശ്രയരായ ബഹുജനം തോറ്റ് തുടങ്ങുമ്പോൾ അവരെ രക്ഷിക്കാൻ അദ്ദേഹമടക്കമുള്ള സാമൂഹിക സാംസ്കാരിക മാധ്യമ പ്രവർത്തകർ അവർക്കുള്ള പല്ലും നഖവും നാവും ബുദ്ധിയും ഉപയോഗിച്ച് പൊരുതണം എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളു.
അല്ലാതെ ഈ “ പോങ്ങുമ്മൂടനോ മറ്റോ കുരച്ചാൽ പടി തുറക്കുമോ? “ :)

Thursday, February 5, 2009

ആപ്പിആപ്പി ഒരു മനുഷ്യനാണ്. ഒരുപാട് പ്രത്യേകതകളുള്ള ഒരു മനുഷ്യൻ. എന്റെ നാട്ടുകാരൻ. അയൽ‌വാസി.

വാരികാട്ട് കൃഷ്ണന് ആപ്പി എന്ന പേർ സമ്മാനിച്ചത് അദ്ദേഹത്തേക്കാൾ 15 വയസ്സ് കുറവുള്ള ഞാനാണ്.
കാരണമുണ്ട്.

മുൻപൊരിക്കൽ ഞാൻ പറഞ്ഞിരുന്നതുപോലെ, എന്റെ ഗ്രാമമായ പടിഞ്ഞാറ്റിൻ‌കര പണ്ടൊരു കുഗ്രാമമായിരുന്നു. നിറയെ നന്മകളും ഒപ്പം സ്വാഭാവികമായും ചെറിയ തിന്മകളും അല്പസ്വല്പം അനാചാരങ്ങളുമൊക്കെ പുലർത്തി പോന്നിരുന്ന, കേരളത്തിലെ മറ്റേത് ഗ്രാമങ്ങളെയും പോലെ തന്നെ ഒരു ഗ്രാമം. നാട്ടിൽ കൂടുതലും ക്രിസ്ത്യാനികൾ. അവയ്ക്ക് റോമൻ, തെക്കുമ്പാവർ(ക്നാ‍നായി), അവശ തുടങ്ങിയ വകഭേതങ്ങൾ. രണ്ട്നമ്പൂതിരി കുടുംബങ്ങൾ. പിന്നെ കുറെ നായന്മാർ, അവരിലെ മുന്തിയവരായി പരിഗണിക്കുന്ന കൈമൾമാർ, ഏതാനും ഈഴവ കുടുംബങ്ങൾ പിന്നെ കുറെ പുലയർ, പറയർ, വേലർ, വേട്ടോൻ, വിളക്കിത്തല എന്നീ വിഭാഗങ്ങളെ പ്രതിനിധീകരിച്ചും കുറച്ച് കുടുംബങ്ങൾ.

എന്റെ ചെറുപ്പകാലത്ത് താഴ്ന്ന ജാതിയിൽ പെട്ടവരെ, അവർ എത്ര മുതിർന്നതായാലും പേര് പറഞ്ഞ് സംബോധന ചെയ്യുന്നതായിരുന്നു ‘മര്യാദ‘.!!!. (ഇന്നങ്ങനെയല്ല. പറയുമ്പോൾ എല്ലാം പറയണമല്ലോ. ഞാൻ പ്രതിനിധീകരിക്കുന്നത് നായർ വിഭാഗത്തെയാണ് ). അതിനാൽ തന്നെ വീട്ടിൽ കൂലിപ്പണികൾക്കായി വരുന്നവരും അല്ലാത്തവരുമായ കീഴാളരെ പേര് ചൊല്ലി വിളിക്കുക എന്നതായിരുന്നു കീഴ്വഴക്കം.

എനിക്കെന്തോ ചെറുപ്പം മുതലേ ആ ഒരു രീതിയോട് പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ‘ ചേട്ടാ, മാമാ ‘ തുടങ്ങിയ സംബോധനകൾ നടത്തിയാൽ അത് കീഴാളരായി സ്വയം വിലയിരുത്തപ്പെട്ട വിഭാഗത്തിന് ദഹിക്കുകയുമില്ല. അവർ വിളികേൾക്കുകയുമില്ല. ഉദാഹരണത്തിന് നമ്മുടെ കഥാനായകൻ ആപ്പി എന്ന കൃഷ്ണൻ, പാട്ടുപുരയ്ക്കൽ കാവിൽ മറ്റ് ഭക്തജനങ്ങളുടെ കൂടെ ദീപാരാധന തൊഴാൻ നിൽക്കുന്നു എന്ന് വിചാരിക്കുക. നിരീശ്വരവാദിയായ ഞാൻ അമ്പലമതിലിന് പുറത്ത് നിന്ന് ആ‍പ്പിയെ “ കൃഷേട്ടാ.. “ എന്ന് നീട്ടി വിളിച്ചാൽ തിരിഞ്ഞ് നോക്കുന്നത് മഴുവന്നൂരെ കൃഷ്ണച്ചേട്ടൻ ആയിരിക്കും. സുനിശ്ചിതം.

അപ്പോൾ ‘വിപ്ലവം‘ നടപ്പിലാക്കാം എന്നെ എന്റെ മോഹം വ്യാമോഹമാക്കുന്നത് ആരാണ്? കീഴ്ജാതിയിൽ പെട്ട മറുതക്കൾക്ക് മേൽജാതിയിൽ പെട്ട ഈ മറുതകളോട് എന്താണിത്ര വിധേയത്വം?

അതിനാലാണ് ഞാൻ ഓരോരുത്തർക്കും ഏന്റെ വായിൽ വരുന്ന ഓരോ പേരുകൾ നൽകിയത്. കൃഷ്ണനെ ആപ്പിയെന്നും, രാജപ്പനെ ഗുരുക്കൾ എന്നും, പൈലോയെ ‘തമ്പ്രാൻ’ എന്നും, തങ്കച്ചനെ തങ്കു എന്നുമൊക്കെ വിളിച്ച് വന്നത്. ഇനിയുമുണ്ട് പേരുകൾ ഒക്കെയും പറഞ്ഞാൽ കഥ നീളും.

അതിനാൽ കൂടുതൽ നീട്ടുന്നില്ല. ജാതി,മത വേർതിരുവുകളില്ലാതെ എല്ലാവരും സാഹോദര്യത്തോടെയാണ് ഇന്നെന്റെ നാട്ടിൽ കഴിയുന്നതെന്ന അഭിമാനത്തോടെ കഥാനായകൻ ആപ്പിയിലേയ്ക്ക് ഞാൻ പോവുന്നു.

നാട്ടിലെ പ്രധാനകാളപൂട്ടുകാരനായിരുന്നു ആപ്പി. കറുത്ത നിറം. കരിവീട്ടിയിൽ കടഞ്ഞെടുത്തപോലെയുള്ള ശരീരം. നെറ്റിയിൽ ഒരു മുറിപ്പാട്. എണ്ണതേച്ച് പറ്റെ പിന്നിലോട്ട് ചീകിയ മുടി. ഇടത്തരം പ്ലാവിലയുടെ വലിപ്പമുള്ള ചെവികൾ. മോണകാട്ടിയുള്ള ചിരി. മുഴുവൻ സമയവും, അപ്രതീക്ഷിതമായി ഓണം ബംബർ അടിച്ചവന്റെ പോലുള്ള, തുറിച്ചകണ്ണുകൾ. പണ്ടെന്നോ ഒരിക്കൽ പാളയം സ്കൂളിന്റെ ഓട് പുതുക്കിമേയാൻ കേറിയതാണ് ആപ്പിക്ക് സ്കൂളുമായുള്ള, പൊതുജനം അറിയുന്ന ഏകബന്ധം.

എങ്കിലും തുമ്പി താണുപറന്നാൽ മഴപെയ്യുമെന്നും കാർമേഘങ്ങൾ പടിഞ്ഞാട്ടാണ് പായുന്നതെങ്കിൽ മഴ കൊതിപ്പിച്ച് മറയുമെന്നും മിന്നലിന് ശേഷം ഇടിശബ്ദം ക്കേൾക്കുമ്പോൾ അത് എത്ര അകലെയായിരിക്കും വെട്ടിയതെന്നുമൊക്കെ ആപ്പി കൃത്യമായി പ്രവചിച്ചിരുന്നു. നീല കള്ളിവരയൻ കൈലിയും കരിമ്പനടിച്ച ഒരു ചുവന്ന ത്തോർത്തുമായിരുന്നു ആപ്പിയുടെ വേഷം. ചെരിപ്പ്, വാച്ച്, ഷർട്ട് ഇവയൊന്നും ധരിച്ച ആപ്പിയെ നാ‍ട്ടിലാരും കണ്ടിട്ടില്ല.

ആർക്കും ഏത് സമയവും എന്ത് സഹായവും ചെയ്യാൻ മുന്നിട്ടിറങ്ങുന്ന ആപ്പിയെ നാട്ടുകാർക്കെല്ലാം ഇഷ്ടമായിരുന്നു. എത്ര ഉയരത്തിലുള്ള ആഞ്ഞിലി മരത്തിലും കയറി വിള പറിച്ച് തരികയും ഇല്ലത്തെ വലിയ നാട്ടുമാവിന്റെ തുഞ്ചത്തുകയറി മാമ്പഴം കുലുക്കിയിട്ട് തരികയും ചെയ്യുന്നതുകൊണ്ട് ഞങ്ങൾ കുട്ടികൾക്ക് ആപ്പിയെ വലിയ ഇഷ്ടവുമായിരുന്നു. മാത്രവുമല്ല ആപ്പി ഒരു നിമിഷകവികൂടിയായിരുന്നു. വായിൽ വരുന്ന വാക്കുകൾ കൂട്ടിയിണക്കി നല്ല താളത്തിൽ ചൊല്ലും. അന്നുമിന്നും അതിനൊക്കെ എന്തെങ്കിലും അർത്ഥം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല.

ഭക്ഷണപ്രിയനായ ആപ്പിയുടെ ഉച്ചയൂ‍ണും ബഹുരസമാണ്. ഇടങ്ങഴിയരിയുടെ ചോറ്‌ കഴിക്കാൻ ആപ്പി ഉപയോഗിക്കുന്നത് അര മുറി പച്ചത്തേങ്ങ മാത്രം!!!

എന്നാൽ ആപ്പി ഒരു നിഷ്കളങ്കനും ഒപ്പം ഭയങ്കര ധീരനും ആയിരുന്നു എന്ന ബോധ്യം ജനങ്ങൾക്കുണ്ടായത് ആ രണ്ട് സംഭവങ്ങൾക്ക് ശേഷമായിരുന്നു. അത് ഞാൻ ചുരുക്കി പറയാം.

ആപ്പി ഒരു നിഷ്കളങ്കനാണെന്ന് ജനം മനസ്സിലാക്കിയ സംഭവം.

ഒരിക്കൽ, എടിയോടിയിലെ മുത്തശ്ശിയുടെ കണ്ണിൽ എന്തോ അസുഖം ബാധിച്ചു. നന്ദ്യാർവട്ടത്തിന്റെ പൂവ് മുലപ്പാലിൽ ചാലിച്ച് കണ്ണിലൊഴിക്കാൻ കിഴക്കേടത്ത് വൈദ്യൻ നിർദ്ദേശിച്ചു. അമ്പലമുറ്റത്ത് നന്ദ്യാർവട്ടമുണ്ട്. എന്നാൽ മുലപ്പാൽ എവിടെ നിന്ന് ലഭിക്കും എന്നതായി മുത്തശ്ശിയുടെ വീട്ടുകാരുടെ ചിന്ത. ആപ്പിയെ ഈ വിവരം അറിയിച്ചു. കാർക്കാനാലെ സജിയുടെ ഭാര്യ ഷേർളി പ്രസവിച്ചിട്ട് 6 മാസമേ ആയുള്ളു. അത്യാവശ്യം മുലപ്പാൽ അവിടെനിന്ന് ശേഖരിക്കാമെന്ന് ആപ്പി.

ഒരു മൊന്തയുമായി ആപ്പി കാർക്കനാലെത്തി. റബ്ബർഷീറ്റ് അടിച്ചിട്ടതിന് ശേഷം ഷേർളി തിണ്ണയിൽക്കിടന്ന് മയങ്ങുന്നു. സജിച്ചേട്ടൻ വീട്ടിലില്ല. പാവം ഷേർളി. ഷീറ്റടിച്ചതിന്റെ ക്ഷീണത്തിൽ മയങ്ങുകയല്ലേ, വിളിക്കണ്ട, തനിക്ക് വേണ്ടത് അത്യാവശ്യം പാലല്ലേ അത് കറന്നെടുത്തതിന് ശേഷം പിന്നെക്കാണുമ്പോൾ പറഞ്ഞാൽ പോരെ എന്ന ശുദ്ധവിചാരത്തിൽ ആപ്പി ഷേർളിക്കരികിലിരുന്ന് നൈറ്റിയുടെ ഹുക്ക് എടുത്തു. കഷ്ടകാലത്തിന് ആ നിമിഷം വീട്ടിലേയ്ക്ക് കയറിവന്ന സജി ആപ്പിയെ തെറ്റിദ്ധരിക്കയും കഴുക്കോലിനിടയിൽ തിരുകി വച്ചിരുന്ന തൂമ്പയുടെ പിടി എടുത്ത് ആപ്പിയുടെ പിടലി ലക്ഷ്യമാക്കി വീശുകയും ചെയ്തു. ബാക്കി ഊഹിക്കാമല്ലോ? എങ്കിലും ആ സംഭവത്തിന് ശേഷം നാട്ടുകാർ മനസ്സിലാക്കി ആപ്പി എന്ന കൃഷ്ണന്റെ നിഷ്കളങ്കത.

ആപ്പി ഒരു ധീരനാണെന്ന് ജനം മനസ്സിലാക്കിയ സംഭവം.

നാട്ടിൽ വാറ്റ് ചാരായത്തിന്റെ ഹോൾസെയിൽ ബിസിനസ്സ് നടത്തുന്നയാളാണ് ‘ പീലിച്ചൻ’ എന്ന് വിളിക്കുന്ന ജോയ്. തോട്ട് വക്കിലുള്ള തഴക്കുള്ളിൽ ഒരു വലിയ കന്നാസിലാണ് ചാരായം സൂക്ഷിച്ചിരിക്കുന്നത്. ഒരിക്കൽ ആരോ ഒറ്റിയതിന്റെ ഫലമായി മരങ്ങാട്ടൂപള്ളി സ്റ്റേഷനിലെ എസ്.ഐ. മാരാർ പീലിച്ചനെ തൊണ്ടി സഹിതം പിടിച്ച് ജീ‍പ്പിൽ കയറ്റി. അപ്പോഴാണ് ആപ്പി കാളകളുമായി അവിടെ വരുന്നത്. കാളകളെ ജീപ്പിന് മുന്നിൽ കെട്ടി ആപ്പി ജീപ്പിനുള്ളിൽ നിന്ന് തൊണ്ടി സാധനമെടുത്ത് തോട്ടിലൊഴുക്കി മാരാരോട് നരസിംഹം ശൈലിയിൽ ഇങ്ങനെ പറഞ്ഞെത്രെ ” ഏടോ, മാരാ സാറേ. ദാ, നിക്കുന്ന കാളേമ്മാര് ആരാന്നാ നെന്റെ വിചാരം. കേറേക്കൊല്ലമായി ‘മാണിസാറിന്റെ’ ( കെ.എം.മാണി ) കണ്ടം പൂട്ടുന്നോമ്മാരാ. അവമ്മാരെങ്ങാനും ഈ വിവരം മാണിസാറിനെ അറീച്ചാൽ മാരാന്റെ ‘മൈ..’ പോലും കാണില്ല. അതോണ്ട് സാറാ പീലിച്ചനെ ഇങ്ങെറക്ക് “ ( ഈ സംഭവം നേരിൽ കണ്ടവരാരുമില്ല. എങ്കിലും ഇങ്ങനൊരു കഥ നാട്ടിൽ പാട്ടാണ്. പീലിച്ചനും ഇന്നേവരെ അതിനെ പ്രതികൂലിച്ച് പ്രസ്ഥാവനയും ഇറക്കിയിട്ടില്ല. )

ഇതൊക്കെ നടക്കുന്നത് ഏതാണ്ട് 15 വർഷങ്ങൾക്ക് മുൻപാണ്. എന്നാൽ എന്നാൽ ധീരനും വീരനും ഒപ്പം നിഷ്കളങ്കനുമായ ആപ്പിയെ കഴിഞ്ഞ ഈസ്റ്റർ ദിവസം കണ്ടുമുട്ടിയതിന്റെ വിശേഷം കൂടി പറഞ്ഞ് ഇത് അവസാനിപ്പിക്കാം.

ഈസ്റ്റർ തലേന്ന് തന്നെ ഞാൻ നാട്ടിലെത്തി. വൈകിട്ട് ആപ്പിയെ കണ്ടു. സംസാരിച്ചു. പിറ്റേന്ന് ഉച്ചയൂണും കഴിഞ്ഞ് മീനച്ചിലാറ്റിൽ മീൻ പിടിക്കാൻ പോവാമെന്ന തീരുമാനത്തിൽ ഞങ്ങൾ പിരിഞ്ഞു.

കൃത്യസമയത്ത് തന്നെ ആപ്പി വീശ് വലയം 2 വാളച്ചൂണ്ടയുമായി എത്തി. ആള് വലിയ ആഹ്ലാദത്തിലാണ്. എന്റെ തിരുവനന്തപുരത്തെ പൊറുതി തുടങ്ങിയിട്ട് ഇത്തരം നേരമ്പോക്കുകൾ അപൂർവ്വമായേ ഉണ്ടായിട്ടുള്ളു. ചൂണ്ടകളും വീശുവലയുമായി 2 മുക്കുവർ കാറിൽ കയറി.

“ പറയെടോ ആപ്പി, തന്റെ വിശേഷങ്ങൾ “

“ എന്നാ പറയാനാടോ, പുതിയ ഒരു ടില്ലർ കൂടി വാങ്ങി. ചേട്ടച്ചാരാണ് അത് പൂട്ടുന്നത്. പിന്നെ പ്രതിഭാ നൃത്തകലാക്ഷേത്രം ഒന്നൂടെ വിപുലപ്പെടുത്തി. പഞ്ചവൻ‌കാട് ആണ് പുതിയ കളി. “

അത് പറയാൻ വിട്ടു. ആപ്പിയ്ക്ക് പണ്ട് സ്വന്തമായി ഒരു ബാലെ ട്രൂപ്പ് ഉണ്ടായിരുന്നു. ‘പ്രതിഭാ നൃത്തകലാക്ഷേത്രം. പടിഞ്ഞാറ്റിൻ‌കര‘ എന്ന പേരിൽ. സാമാന്യം തെറ്റില്ലാത്ത തറ ട്രൂപ്പ്. അരങ്ങേറ്റം പാട്ടുപുരയ്ക്കൽ കാവിൽ തന്നെ. നാട്ടുകാരുടെ ആസ്വാദന നിലവാരം തീരെ പോരാഞ്ഞ് രണ്ട് രംഗങ്ങൾ കഴിഞ്ഞപ്പോളെ കർട്ടനിട്ടു. അതിന്റെ വിശേഷങ്ങൾ പിന്നീട്.

“ ഉവ്വോ, തന്റെയൊക്കെ ധൈര്യം അപാരമാണെടോ ആപ്പി. താൻ പണ്ട് ഗദയും പിടിച്ച് പാടത്തൂടെ പാഞ്ഞതൊന്നും മറന്നിട്ടില്ലല്ലോ? ആട്ടെ. പഞ്ചവൻ‌കാട് എവിടെയെങ്കിലും കളിച്ചോ? “

“ കുമ്മണ്ണൂര് ഒരു കളി ഉണ്ടായിരുന്നു. പക്ഷേ അതങ്ങ് ഏശിയില്ല. എങ്ങനെയാടോ പിള്ളേച്ചാ നന്നാവുന്നേ. ചേട്ടച്ചാരല്ലായിരുന്നോ ശിവനായിട്ട് വേഷമിട്ടേ. ഞാൻ പറഞ്ഞതാ അത് ശരിയാവില്ല ആ‍ വേഷം ഞാനെടുക്കാമെന്ന്. ആര് കേൾക്കാൻ. എന്നെയും മൂങ്ങാ മണിയെയും പിടിച്ച് ഭടൻ ആക്കി. “

“ എന്നിട്ട്? “

“ എന്നിട്ടെന്താ, താണ്ഡവം ആടുന്നതിനൊരു കണക്കില്ലേ. ചേട്ടച്ചാർക്കത് അറിയാവോ? “ഒന്ന്ക്ക് രണ്ട് രണ്ട്ക്ക് ഒന്ന്, ഒന്ന് ഒന്ന് രണ്ട് രണ്ട് “
ആ രണ്ടിൽ വലത് കാല് പിന്നിൽ വരണം. ചേട്ടച്ചാര് എടതുകാല് കുത്തി. എനിക്കെന്റെ കലി എല്ലാം കൂടി എളകി . ഞാൻ സൈഡിൽ നിന്ന് കുന്തം വച്ച് കാലിനൊരു കുത്തങ്ങ് കൊടുത്തു. കളിച്ചില്ലേ കളിച്ചില്ലെന്നല്ലേയുള്ളു. നാട്ട് കാരെ കളിപ്പിക്കാവോ പിള്ളേച്ചാ? “

“ പിന്നെ. അത് വേണം. ശിവൻ താണ്ഡവമാടും താനെന്തിനാടോ കുന്തവുമായി അവിടെ നിന്നെ? “

“ താണ്ഡവം കഴിയുമ്പോഴേ മൂങ്ങാമണിയും ഞാനും കുന്തവുമായി രംഗത്ത് വരണമല്ലോ? പിള്ളേച്ചാ, കുത്തിതല്ലടോ പ്രശ്നം. കുത്തുകൊണ്ടിട്ട് ചേട്ടച്ചാർ ‘ എടാ, മയിരേന്ന് ‘ വിളിച്ച് എന്റെ കഴുത്തേലോട്ട് ഒരു പിടി അല്ലായിരുന്നോ. അതോടെ നാട്ടുകാരുടെ പിടിവിട്ട് പോയി. അവരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പരമശിവൻ തെറിവിളിച്ച് ചാടിയാൽ നമ്മളാണേലും കല്ലെടുത്തെറിഞ്ഞ് പോവില്ലേ.“

“ ഹ ഹ എന്റെ ആപ്പി. നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുന്നത് പോട്ടെ. സാക്ഷാൽ പരമശിവൻ തന്നെ ഈ കളി പൊറുക്കിയേല കെട്ടോ. നിങ്ങളിതിവിടെ വച്ച് മതിയാക്ക്. “

അങ്ങനെ ഒന്നും‌രണ്ടും പറഞ്ഞ് ഞങ്ങൾ ആറ്റുവക്കിലെത്തി. അപ്പോഴാണ് സ്വല്പം കള്ള് കുടിക്കണമെന്ന പൂതി എന്നിൽ നുരഞ്ഞത്. എന്റെ പൂതിയോട് അനുഭാവപൂർണ്ണമായ ഒരു സമീപനം ആപ്പിയുമെടുത്തതുകൊണ്ട് ഞങ്ങൾ ചൂണ്ടയും വലയും കടവിൽ വച്ച് വണ്ടി ഷാപ്പിലേക്ക് തിരിച്ചു.

ഈസ്റ്ററായിട്ടും ഷാപ്പിൽ തിരക്ക് കുറവായിരുന്നു. ആകെയൊരു ശാന്തത. ഷാപ്പ് ഷാപ്പിന്റെ അസ്തിത്വം വെടിഞ്ഞ പോലെ.

ഷാപ്പിലെ കണക്കുപ്പിള്ള ഫിലിപ്പ് ചേട്ടൻ ആപ്പിയുടെ സ്നേഹിതനായിരിന്നു. രാവിലെ ഷാപ്പിൽ ഒരു കത്തിക്കുത്ത് നടന്നിരുന്നുവെന്നും ഇടയ്ക്കിടെ പോലീസ് അന്വേഷിച്ച് വരുന്നുണ്ടെന്നും അതിനാൽ അധികം ബഹളങ്ങളൊന്നുമുണ്ടാക്കരുതെന്നും ഫിലിപ്പേട്ടൻ സ്നേഹപൂർവ്വം ഓർമ്മിപ്പിച്ചു.

എന്റെ ഉള്ളിൽ ചെറിയൊരു ഉത്കണ്ഠ നിറഞ്ഞു.

“ ആപ്പി, നമുക്ക് പോയാലോ? തെക്കും‌മുറി ഷാപ്പിൽ പോയി കഴിക്കാം. “

“ പിള്ളേച്ചാ, നമ്മളിവിടെ പ്രശ്നമൊന്നുമുണ്ടാക്കിയില്ലല്ലോ. താൻ ധൈര്യമായിരിക്ക്. ഈ പോലീസുകാരെയൊന്നും അത്രയ്ക്ക് പേടിയ്ക്കേണ്ട കാര്യമൊന്നുമില്ല. എല്ലാം വെറും കാപെറുക്കികളാ. ആളും തരോം നോക്കിയേ അവന്മാര് കളിക്കത്തൊള്ളു. “

ആപ്പി തുടർന്നു.

“ പിലിപ്പേ, ഈരണ്ട് കുപ്പി പനയും രണ്ട് കപ്പയും...പിന്നെ.. മീങ്കറി എന്നാ ഒണ്ട്? .. “

“നല്ല നെയ്മീൻ ചൂരയുണ്ട്. എടുക്കട്ടെ?“

“ ആ.. രണ്ട് പ്ലേറ്റെടുത്തോ പിലിപ്പേട്ടാ “

കള്ളും കപ്പയും മീൻ‌കറിയും നിരന്നു. ഫിലിപ്പേട്ടന്റെ നിർബന്ധത്താൽ ഒരു കാടക്കറിയും പറഞ്ഞു.

ഒന്നിനോടും താത്പര്യം തോന്നിയില്ല. ഏത് സമയത്തും ഒരു പോലീസ് ജീപ്പ് വരാം. പഴയ മാരാർ സാറിനോട് പെരുമാറിയപോലെയെങ്ങാനും ആപ്പി പെരുമാറിയാൽ അകത്തായതുതന്നെ. ‘ മാണി സാറിനെ പരിചയമുള്ള ‘ കാള പോലും ആപ്പിയുടെ കൂടെയില്ലല്ലോ എന്ന് ഞാനോർത്തു. എന്റെ ടെൻഷൻ മനസ്സിലാക്കിയിട്ടെന്നപോലെ ആപ്പി “ ഒരു കോപ്പുമില്ലെടോ..താൻ കഴി.. പോലീസൂകാരോട് പോയി തൊലയാൻ പറ “ എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു.

ആപ്പിയുടെ ആശ്വാസവാക്കുകൾ എന്നിലെ ഭീതിയെ വീണ്ടും ആളിക്കത്തിച്ചു. ഈശ്വരാ ഇയാൾ തുലച്ചത് തന്നെ.

ഒരു കുപ്പി തീർത്തപ്പോളേയ്ക്കും നേരിയ ഒരു ആശ്വാസം എനിക്ക് അനുഭവപ്പെട്ടു. ആപ്പി അതിനിടയിൽ മുറിയിലെ വൃദ്ധനായ കുടിയനോട് ചങ്ങാത്തത്തിലായി കഴിഞ്ഞു. ജില്ലയിൽ ഏറ്റവും നല്ല കള്ള് കിട്ടുന്ന ഷാപ്പ്, പാലക്കാടൻ കള്ളിന്റെ ദോഷം, കള്ളിൽ ചേർക്കുന്ന വിവിധയിനം മായങ്ങൾ എന്നിവയെക്കുറിച്ചൊക്കെയുള്ള ചർച്ചകൾക്ക് ശേഷം നാടൻ പാട്ടുകളിലേയ്ക്കും കടന്നു.

ഇടയ്ക്ക് ഫിലിപ്പേട്ടൻ വന്ന് ശബ്ദം താഴ്ത്താൻ ആവശ്യപ്പെടുന്നു. അതനുസരിച്ച് പാട്ടിന്റെ ശക്തി കൂടുന്നു. ആപ്പി കൈവിട്ടു പോയെന്ന സത്യം ഞെട്ടലോടെ ഞാനറിഞ്ഞു.

കുപ്പിയിലെ അവശേഷിക്കുന്ന കള്ള് ഗ്ലാസ്സിലേയ്ക്ക് പകർന്നുകൊണ്ടിരിക്കുമ്പോൾ ഷാപ്പിന്റെ മുന്നിൽ ഒരു ജീപ്പ് നിർത്തുന്ന ശബ്ദം ഞാൻ കേട്ടു. ആപ്പി ഡസ്കിലടിച്ച് ലയിച്ച് പാടിക്കൊണ്ടേയിരിക്കുന്നു. തോളിൽ തട്ടി ‘ആപ്പി, നിർത്ത് പോലീസ് ‘ എന്ന് ഞാൻ പറഞ്ഞത് വകവയ്ക്കാതെ അയാൾ താഴെ ചരലിലേയ്ക്ക് തുപ്പി ചിരിച്ചുകൊണ്ട് പാട്ട് ഉച്ചത്തിലാക്കി.

ഫിലിപ്പേട്ടന്റെ മുന്നിലായി ചെക് ഷർട്ടും കാക്കി പാന്റുമിട്ട ഒരു തടിയാപ്പി മുറിക്കുള്ളിലേയ്ക്ക് കയറി വന്നു.

എന്റെ തലകറക്കുന്നത് മദ്യമോ ഭയമോ? ആപ്പി അയാളൂടെ കാക്കി പാന്റ് കണ്ടിരിക്കുമോ? അയാൾ പോലീസാണെന്ന് ആപ്പി തിരിച്ചറിഞ്ഞിരിക്കുമോ? എന്തെങ്കിലും വേണ്ടാധീനം ആപ്പി പറയുമോ?

“ എന്താടാ നിന്റെ പേര്? “ ആപ്പിയെ നോക്കി പോലീസുകാരൻ ഗർജ്ജിച്ചു.

ആപ്പി പേര് പറയുന്നില്ല. പോലീസുകാരന്റെ മുഖത്ത് നോക്കി ശബ്ദം ഒട്ടൊന്ന് കുറച്ച് ധീരനായ ആപ്പി വീണ്ടും പാടി. ഒരുവൻ പേപ്പട്ടിയെ പേടിക്കാത്തത് ധീരതകൊണ്ടോ വിഡ്ഡിത്തം കൊണ്ടോ എന്ന ചോദ്യമേ അപ്പോൾ എന്റെ മനസ്സിലുണ്ടായിരുന്നുള്ളു.

“ കഴുവേറീടെ മോനെ, പേര് പറയെടാ “ - പോലീസുകാരൻ ഡസ്കിൽ തട്ടി അലറി.

ഒരു നിമിഷം ആപ്പി നിശ്ചലനായി. ദൈവമേ! എന്ത് തർക്കുത്തരമാവും ആപ്പി പറയുക. മരണം ഉറപ്പിച്ചു. അത് ഷാപ്പിലാവുമോ സ്റ്റേഷനിലാവുമോ എന്ന ശങ്ക മാത്രമേ എന്നിലിപ്പോൾ ഉള്ളു.

ആപ്പി ബെഞ്ചിൽ നിന്ന് എഴുന്നേറ്റു. ഗ്ലാസ്സിൽ പകർന്ന് വച്ചിരിക്കുന്ന കള്ളിലേയ്ക്ക് വിരൽ ചൂണ്ടി ചൊല്ലി

“ എൻ മുന്നിലിരിക്കും പനനീർ
എന്നുള്ളിൽ ചെന്നാലുടൻ
എൻ പേർ നിന്നോട് ഞാൻ ചൊല്ലിടാം “

ഈശ്വരാ ആപ്പിയിലെ നിമിഷകവി ഉണർന്നിരിക്കുന്നു. ഇനി എന്താവും എന്ന് ആലോചിക്കും മുൻപേ പോലീസുകാരൻ
“ഫ!! കഴുവേറീ, അല്ലാതെ തന്നെ നീ പറയുമോന്ന് നോക്കാമെടാ “ എന്ന് പറഞ്ഞ് കരണം പുകയുന്ന ഒരടി ആപ്പിയുടെ വലത് കവിളിൽ.

പിൻ‌വശത്തെ വെള്ള നിറത്തിലുള്ള പലക മറിച്ച് ആപ്പി ഉടഞ്ഞ് വീണു.

“അയ്യോ.. “ എന്നൊരാർത്തനാദം ആപ്പിയുടെ വായിൽ നിന്നാണോ വീണതെന്ന് മനസ്സിലാക്കും മുൻപ് ആപ്പി ഒരു നിമിഷം കൊണ്ട് ചാടി പിടഞ്ഞെഴുന്നേറ്റ് ഫിലിപ്പേട്ടന്റെ നോക്കി ‘ പിലിപ്പേട്ടാ, അപ്പോ നമ്മടെ കാശ് മൊത്തം ഇപ്പോൾ ...4 കുപ്പി, 2 കപ്പ 3 മീങ്കറി ഒരു കാട . ആകെ മൊത്തം 250-ൽ താഴെ. ഒക്കെ പിള്ളേച്ചൻ തരും “ എന്ന് പറഞ്ഞ് താഴെ വീണ ചുവന്നതോർത്തും എടുത്ത് അഴിഞ്ഞ് വീണ കള്ളിമുണ്ടും ഒതുക്കിപ്പിടിച്ച് ആപ്പി ഷാപ്പിന് വെളിയിലേയ്ക്ക് പാഞ്ഞു.

ഓടുന്നതിനിടയിൽ ആത്മമിത്രം എന്ന നിലയിൽ ആപ്പി എന്നോട് വിളിച്ച് പറഞ്ഞു. “ പിള്ളേച്ചാ ജീവൻ വേണേ ഓടിക്കോ. ആറ്റുമുക്കിൽ ഞാൻ കണ്ടേക്കാം. “

ധീരനായ ആപ്പിയുടെ മരണപ്പാച്ചിൽ കണ്ട് എന്റെ ഭയം ഒരു ചെറുചിരിക്ക് വഴിമാറിക്കൊടുത്തു. പോലീസുകാരന്റെ മുഖത്ത് വിരിഞ്ഞ ചിരി എന്തുകൊണ്ടാണെന്നായിരുന്നു കടവിലേയ്ക്ക് കാറോടിക്കുമ്പോൾ എന്റെ ചിന്ത.

പ്രിയ മിത്രങ്ങളേ,

ഇതുപോലെ രസികരായ ഒരുപാട് കഥാപ്പാത്രങ്ങൾ എന്റെ നാട്ടിലുണ്ട്. നിങ്ങൾക്കാസ്വദിക്കാൻ ആവുന്നുണ്ടെങ്കിൽ ഇടയ്ക്കൊക്കെ ഞാൻ അവരെ നിങ്ങൾക്ക് പരിചയപ്പെടുത്താം. നാളെ ഞാൻ നാട്ടിലേയ്ക്ക് പോവുകയാണ്. ആപ്പിയെ ഞാൻ കാണും. എന്റെ ബൂലോഗ സ്നേഹിതരോട് അയാളെക്കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ടെന്ന് പറയുമ്പോൾ ആപ്പിക്കത് സന്തോഷമായേക്കും. അല്ല. സന്തോഷമാവും.