Follow by Email

Friday, March 27, 2009

നിറഭേദത്തിലേക്കൊരു പ്രയാണം.“ ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരം
ചേതനയിൽ നൂറുനൂറു പൂക്കളായ് ജ്വലിക്കവേ,
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോരകൊണ്ടെഴുതിവച്ച വാക്കുകൾ
ലാൽ സലാം ലാൽ സലാം ലാൽ സലാം...”

ഇന്ന് സഖാക്കളായ കൃഷ്ണപിള്ളയുടെയും എ.കെ.ജി.യുടെയും ഇ.എം.എസ്സിന്റെയും നായനാരുടെയും കണ്ണുനീരിന് മാത്രമാണ് ചുവപ്പ് നിറമുള്ളത്.നല്ല രക്ത ചുവപ്പ്.

സമർപ്പണം: പൊന്നാനിയിലെ എന്റെ പുതിയ സഖാക്കൾക്ക്
ഒപ്പം സഖാവ് ഫാരിസ് അബൂബക്കറിനും സഖാവ് സാന്റിയാഗോ മാർട്ടിനും സഖാവ് സേവി മനോ മാത്യുവിനും.

സ്നേഹപൂർവ്വം പഴയൊരു സഖാവ്
പോങ്ങു.

Tuesday, March 24, 2009

ഭക്തശിരോമണികളോട്...

ഞാനൊരു റിട്ടയേർഡ് ഭക്തനാണ്.

എനിക്ക് ദൈവത്തിൽ അവിശ്വാസമോ ഭക്തരിൽ വിശ്വാസമോ ഇല്ല. അതുകൊണ്ടുതന്നെ ഇന്ന് ഞാനൊരു ഭക്തനല്ല. നാളെ ഒരു ഭക്തനാവാനുള്ള സാദ്ധ്യതയുമില്ല. ‘ക്ഷേത്രത്തിന് ചുറ്റും ഭക്തർ പ്രദക്ഷിണം വയ്ക്കുന്നത് ഈശ്വരനെ വളർത്താനല്ല ‘ എന്ന മന്നത്ത് പത്മനാഭന്റെ വാക്കുകൾ വായിച്ചതിന് ശേഷമാണ് എന്നിലെ ഭക്തിക്ക് (ഈശ്വരനോടുള്ള) കാര്യമായ കുറവ് വന്നത്.

സത്യമാണ്. ഭക്തർ എപ്പോഴും സ്വാർത്ഥരാണ്.- തിന്നാൻ വരരുത്. ക്ഷമയുണ്ടെങ്കിൽ മുഴുവൻ വായിക്കൂ - സ്വന്തം ആവശ്യങ്ങൾ, സ്വന്തം നേട്ടങ്ങൾ, സ്വന്തം ഉയർച്ച അങ്ങനെ അങ്ങനെ ഒരു ഭക്തൻ പ്രാർത്ഥിക്കുന്നതത്രയും സ്വന്തം കാര്യങ്ങൾക്കായി. രോഗപീഢ മാറ്റാൻ, ജീവിത നിലവാരം മെച്ചപ്പെടുത്താൻ, കുടുംബത്തിന് ശ്രേയസ്സ് വരാൻ, ഉന്നത ജോലി ലഭിക്കാൻ, പ്രണയം വിജയത്തിലെത്തിക്കാൻ, പരീക്ഷയിൽ വിജയം നേടാൻ അങ്ങനെ അങ്ങനെ പ്രാർത്ഥനകൾ നീളുന്നു. പറ്റുമെങ്കിൽ അയൽ‌വാസിയായ ശത്രുവിന്റെ കൈകളിൽ കുത്തുപാള കാണണേ എന്ന് വരെ പ്രാർത്ഥിച്ച് കളയും ചില ഭക്തർ.

എനിക്കതിൽ താത്പര്യമില്ല. എന്നുവച്ച് ഞാൻ മഹാൻ ആണെന്നല്ല അർത്ഥം. മനുഷ്യരുടെ എല്ലാ ചപലതകളും കുടിലതകളും എന്നിൽ ആവശ്യത്തിലധികം ഉള്ളതിനാലും പ്രപഞ്ചത്തിലെ ഏറ്റവും ശക്തനായ വിഡ്ഡിയാണ് ദൈവമെങ്കിലും ആ വിഡ്ഡിയെ പരാജയപ്പെടുത്താൻ മാത്രം മികവ് എന്നിലില്ലെന്ന് അറിയാവുന്നതുകൊണ്ടുമാണ് ഞാൻ ഭക്തനല്ലാതാവുന്നത്.

എങ്ങനെയായിരിക്കണം ഒരു ഭക്തൻ? വ്യക്തമായി അങ്ങനെ ഒരു നിർവചനം ആർക്കും നൽകാൻ കഴിയില്ലെങ്കിലും കുറഞ്ഞ പക്ഷം ഒരു ഭക്തൻ മനുഷ്യസ്നേഹി ആവണം. പ്രകൃതി സ്നേഹി ആവണം. നിസ്വാർത്ഥൻ ആവണം. പ്രതിപക്ഷബഹുമാനം വേണം. ത്യാഗിയാവണം. പരോപകാരിയാവണം. ചുരുക്കിപ്പറഞ്ഞാൽ നന്മയുടെ വിളനിലമാവണം. അങ്ങനെ ആയെങ്കിൽ? ആയങ്കിൽ ഈ ലോകം നന്നാവും. കാരണം പ്രപഞ്ചത്തിൽ ബഹുഭൂരിപക്ഷവും ഭക്തന്മാർ തന്നെ. അപ്പോൾ നന്നാവേണ്ടത് ഭക്തർ തന്നെയാണ്. ഭക്തർ നന്നായാൽ ലോകം നന്നായി. ഭക്തർ നന്നായാൽ തീവ്രവാദം നശിക്കും. ഭക്തർ നന്നായാൽ വർഗീയത ഇല്ലാതാവും.

വേണമെങ്കിൽ ബുദ്ധിജീവികൾക്ക് ഞാൻ പറയുന്നതൊക്കെ വിവരക്കേട് എന്നുപറഞ്ഞ് പരിഹസിക്കാം. എന്നാൽ അവരുടെ വാക്കുകൾ എന്നെ അസ്വസ്ഥത പെടുത്തില്ല. കാരണം ബുദ്ധിജീവികളെ ഞാൻ മനുഷ്യഗണത്തിലേ പെടുത്തുന്നില്ല. എന്തിനാ കെറുവിക്കുന്നത്? നിങ്ങൾ ബുദ്ധിജീവി ആണോ?

നമുക്ക് ഭക്തിയിലേയ്ക്ക് മടങ്ങി വരാം. നിങ്ങൾ നിത്യവും ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ടോ? ഉണ്ടെങ്കിൽ ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും നന്മ വരട്ടെയെന്നോ നിങ്ങൾ പ്രാർത്ഥിക്കുന്നത്? ആവാൻ തരമില്ല. അങ്ങനെ പ്രാർത്ഥിച്ചാൽ നിങ്ങൾ ഭക്തനല്ലാതെ ആവുന്നു. നിങ്ങൾക്ക് ഈശ്വരനോളം മഹത്വം കല്പിച്ച് കിട്ടുകയും ചെയ്യുന്നു.

ഒരു കാര്യം ചോദിക്കട്ടെ. നിങ്ങളുടെ പറമ്പിലെ തെങ്ങിന് ഇടകിളക്കാൻ ഒരു കൂലിപ്പണിക്കാരനെ ഏൽ‌പ്പിച്ചു എന്നിരിക്കട്ടെ. അയാൾ രാവിലെ 8.30-നു തന്നെ പറമ്പിലെത്തി തൂമ്പ നിലത്ത് കൊത്തിവച്ച് ഓരോ തെങ്ങിനുചുവട്ടിലും ചെന്ന് നിങ്ങളെ പാടി പുകഴുത്തി ഒരു തെങ്ങിന്റെ ചുവട് പോലും കൊത്തിക്കിളക്കാതെ വൈകുന്നേരം നിങ്ങളുടെ മുന്നിൽ വന്ന് തൊഴുകൈയ്യോടെ നിന്നാൽ അയൾക്ക് നിങ്ങൾ കൂലി കൊടുക്കുമോ അതോ നല്ല ആട്ട് കൊടുക്കുമോ? ആട്ട് കൊടുക്കും. കട്ടായം. അത് തന്നെയാണ് ദൈവവും ചെയ്യുക.

ഈശ്വരനെ നിലനിർത്താൻ നിങ്ങൾ യത്നിക്കേണ്ട. പുകഴ്ത്തലുകളിൽ വീഴുന്ന ശുദ്ധനല്ല ഈശ്വരൻ. പ്രാർത്ഥന പുകഴ്ത്തലാണ്. പ്രാത്ഥിക്കും തോറും നിങ്ങൾക്ക് നെഗറ്റീവ് മാർക്ക് ആവും ഓടേതമ്പുരാൻ നിശ്ചയിക്കുക. നിങ്ങൾ മനുഷ്യസ്നേഹം പുലർത്തൂ. നിസ്സഹായരെ സഹായിക്കൂ. ജാതിയും മതവും വർഗ്ഗവും വർണ്ണവും നോക്കാതെ ഏവരെയും സമന്മാരായി പരിഗണിക്കൂ. നിറയെ നന്മകൾ ചെയ്യൂ. കടമകൾ നിറവേറ്റൂ. സ്വന്തം വിശപ്പ് പോലെയാണ് അന്യരുടെ വിശപ്പെന്ന് കാണൂ. നമ്മുടെ വിശ്വാസത്തെയും ആത്മാർത്ഥതയെയും ചൂഷണം ചെയ്യാൻ വരുന്ന ഏവരെയും അവർ രാഷ്ട്രീയ നേതാക്കളായാലും മതപുരോഹിതന്മാരായാലും അവരെ നിങ്ങളുടെ മനസ്സ് കീഴടക്കാൻ, നിങ്ങളുടെ ചിന്തകളെ സ്വാധീനിക്കാൻ അനുവദിക്കാതിരിക്കൂ. സ്വയം ബഹുമാനിക്കൂ. എന്നിട്ട് നേരേ എതെങ്കിലും ക്ഷേത്രത്തിന്റെയോ പള്ളിയുടേയോ മുന്നിൽ പോയി ഈശ്വരനെ തുണി പൊക്കി കാണിക്കു, നല്ല ചീത്ത ഈശ്വരനെ വിളിക്കു. ഈശ്വരൻ നിങ്ങളെ ഉപദ്രവിക്കില്ല. ദ്രോഹിക്കില്ല. നിങ്ങൾക്ക് ദോഷകരമായി ഒന്നും ഈശ്വരൻ ചെയ്യില്ല. കാരണം ഈശ്വരന് വൈരാഗ്യബുദ്ധി ഇല്ല. പകയില്ല. വിദ്വേഷമില്ല.


ലോകമൊട്ടുക്ക് ‘ജിഹാദ്’ നടപ്പിലാക്കി മനുഷ്യരെ നിർദ്ദയം കൊന്നൊടുക്കുന്ന മുസ്ലീം തീവ്രവാദികളും ഭക്തരാണ്. അവരുടെ ഭക്തിയാണ് ഈ ലോകത്തിന്റെ കണ്ണീർ. തീവ്രവാദികളേ, അള്ളാഹുവിന് നിങ്ങളുടെ സംരക്ഷണം ആവശ്യമില്ല. നിങ്ങൾക്ക് അള്ളാഹുവിന്റെ സംരക്ഷണം ലഭിക്കുകയുമില്ല.

എന്റെ അനുജന് തലച്ചോറിൽ ട്യൂമറായിരുന്നു. അത് മാറാൻ പോട്ടയിലെ ധ്യാനകേന്ദ്രത്തിൽ പോയി ഒരാഴ്ച പ്രാർത്ഥിച്ചാൽ ട്യൂമർ നിശ്ശേഷം മാറുമെന്നാണ് ഒരു ക്രൈസ്തവ ഭക്ത എന്റെ അമ്മയെ അറിയിച്ചത്. പോവുക മാത്രമല്ല. മതവും മാറണം. ജന്മനാ വിവരദോഷിയായ ഞാൻ അതിനെ എതിർത്തു. കർത്താവ്‌ രോഗശാന്തി നൽകുന്നുവെങ്കിൽ അത് ജാതി നോക്കി ആയിരിക്കില്ലെന്നായിരുന്നു എന്റെ വിശ്വാസം. സ്വന്തം അണികളെ മാത്രം പോറ്റുന്ന രാഷ്ട്രീയ നേതാവൊന്നുമല്ലല്ലോ കർത്താവ്‌. ചില ക്രിസ്ത്യാനി ഭക്തർ കർത്താവിന് പോലും അപമാനകരമാണ്.

അയോദ്ധ്യയിലെ മുസ്ലീം പള്ളി പൊളിച്ച് അവിടെ രാമന് വിശ്രമിക്കാൻ ക്ഷേത്രം പണിയാനിറങ്ങി ചില വിഡ്ഡികളായ ഭക്തർ. ഭഗവാന് ഇരിപ്പിടം പണിയാൻ ഈ അല്പപ്രാണികളായ ഭക്തരുടെ സഹായം ആവശ്യമുണ്ടോ? വാജ്പേയിയ്ക്ക് പ്രധാനമന്ത്രി കസേര കിട്ടാൻ മാത്രം അത് കാരണമായി. ഭഗവാൻ ഈ തെമ്മാടികളുടെ കൂടെയുണ്ടോ?

അവസാനമായി പറയട്ടെ. ഭക്തി ഈശ്വരനോടല്ല വേണ്ടത്. മനുഷ്യരോടാണ്. നമ്മൾ പൂജിക്കേണ്ടത് നിസ്സഹായരായ മനുഷ്യരെയാണ്. സമത്വവും സ്നേഹവും സാഹോദര്യവുമാണ് ഏറ്റവും വലിയ പ്രാർത്ഥന. മനുഷ്യസ്നേഹിക്കേ പുണ്യവും ഈശ്വരാനുഗ്രഹവും ലഭിക്കൂ.

Thursday, March 12, 2009

വീരന്റെ ദു:ഖം.

കോഴിക്കോട് സീറ്റ് ജനാതാദളിന് നഷ്ടമായി. ജനതാദൾ മത്സരിച്ചാൽ വിജയസാദ്ധ്യത കുറയുമെന്ന് കണ്ടെത്തിയതിനാലാണെത്രെ ഇത്തരമൊരു തീരുമാനമെടിക്കാൻ CPI(M) മുതിർന്നത്. കഴിഞ്ഞ രണ്ട് തവണ കോഴിക്കോടുനിന്ന് മത്സരിച്ച് ജയിച്ച ശ്രീ. എം.പി വീരേന്ദ്രകുമാർ അനഭിമതനായ നേതാവാണെന്നും വിലയിരുത്തപെടുന്നു.

എം.പി വീരേന്ദ്രകുമാർ അനഭിമതനായ നേതാവാണെന്ന് കണ്ടെത്തിയത് ശ്രീ. ഭാസുരേന്ദ്രബാബു എന്ന ബുദ്ധിജീവിയാണ്‌. ക‌മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വിശിഷ്യ പിണറായിക്കുവേണ്ടി മാത്രമേ തന്റെ തലപ്രവർത്തിപ്പിക്കൂ എന്ന ഉഗ്രതീരുമാനം കൈക്കൊണ്ട ഒരു കൊടിയ ബുദ്ധിജീവിയാണ് ഭാസുരേന്ദ്രബാബു. അടുത്ത കാലത്തായി ടിയാൻ ചാനൽ സ്റ്റുഡിയോകളിലാണ് പൊറുതിയെന്ന് കേൾക്കുന്നു. അച്ചിവീട്ടിലേക്കാൾ സുഖമാണെത്ര അവിടെ. ഫ്ലോർ ലൈറ്റിന്റെ തിളക്കത്തിൽ ക്യാമറയ്ക്ക് മുന്നിലിരിന്ന് തന്റെ ബുദ്ധിയിൽ വിരിയുന്ന പുഴുക്കുത്തുവീണ ആശയങ്ങൾ കക്കുന്ന ഭാസുരേന്ദ്രബാബുവിനെ കാണുമ്പോൾ പാവം പ്രേക്ഷകർ ‘പ്ഫാ‍..സുരേന്ദ്രബാബു ‘ എന്ന് ആട്ടിപ്പോവുക സ്വാഭാവികം.

അദ്ദേഹം നടത്തിയ മറ്റൊരു നിരീക്ഷണം ഇതായിരുന്നു. രണ്ട് തവണ അടുപ്പിച്ച് പാർലമെന്റ് അംഗമായിട്ടും ‘വേണ്ടത്ര പാർട്ടിയെ വളർത്താൻ’ വീരനായിട്ടില്ലെന്നതായിരുന്നു അത്. ബുദ്ധി കുറഞ്ഞ പ്രേക്ഷകർ എന്താണ് ആ ബുദ്ധിമാന്റെ നിരീക്ഷണത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്? ഒരു വ്യക്തി ജനപ്രതിനിധി ആയിക്കഴിഞ്ഞാൽ അയാൾ ചേയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ടകാര്യം മണ്ഡലത്തിന്റെ കാര്യങ്ങൾ വിസ്മരിച്ച് സ്വന്തം പാർട്ടിയെ വളർത്തുക എന്നതാണോ?

ഒറ്റയ്ക്ക് നിന്നാൽ ജനതാദളിന് കോഴിക്കോടെന്നല്ല കേരളത്തിലൊരിടത്തുനിന്നും മത്സരിച്ച് ജയിക്കാനാവില്ലെന്നത് സത്യം. അതുപോലെ തന്നെയാണ് RSP, CPI തുടങ്ങിയ മറ്റ് പാർട്ടികളുടെയുമൊക്കെ അവസ്ഥ. CPI യ്ക്ക് ചില മണ്ഡലങ്ങളിലെങ്കിലും ഒറ്റയ്ക്ക് ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള ശക്തി ഉണ്ടായിരുന്നു. ഒരുകാലം. ഇന്നതില്ല. അത് നന്നായി അറിയാവുന്നതുകൊണ്ട് തന്നെയാണ് CPI(M) അശക്തരായ കൂട്ടാളികളുടെ ഉടുക്കുകൊട്ടലുകളിൽ ഭയക്കാത്തതും. കൊല്ലം സീറ്റ് കിട്ടിയില്ലെങ്കിൽ മന്ത്രിയെ പിൻ‌വലിക്കുമെന്ന് RSP ഭീഷണിപ്പെടുത്തി. ചന്തിക്ക് 4 പെടകൊടുത്തിട്ട് മൂലക്കിരുന്നോളണമെന്ന് വല്യേട്ടന്മാർ ഗർജ്ജിച്ചു. മന്ത്രിയെ പിൻ‌വലിക്കാനുള്ള തീരുമാനം പിൻ‌വലിച്ച് RSP-ക്കാർ മൂക്ക് ചീറ്റി മൂലക്കിരുന്നു. ഇപ്പോൾ ദേ, ജനതാദളും മന്ത്രിയെ പിൻ‌വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നു.

ഈ വാണിയം കളികൾ കണ്ട് മനസ്സ് തകരാതെ വോട്ടർ‌മാർ തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് സമ്മതിദാനാവകാശം വിനിയോഗിച്ചാൽ ഈ രാഷ്ട്രീയനായ്ക്കൾക്ക് അതൊരു പാഠമാവും. നമ്മൾ വോട്ടർമാർ ‘നിഷ്പക്ഷരായ സ്വതന്ത്രർ‘ ആയി വർത്തിക്കേണ്ട കാലം കഴിഞ്ഞു. നമുക്കാവശ്യം ബുദ്ധിജീവികളെയും ജനങ്ങളെ തമ്മിലടിപ്പിച്ച് സ്വാർത്ഥലക്ഷ്യങ്ങൾ നേടിയെടുക്കുന്ന രാഷ്ട്രീയ / മത നേതാക്കാന്മാരേയുമൊന്നുമല്ല. പൊതുജനത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന, അവരോടൊപ്പം നിന്ന് സമൂഹത്തിനുവേണ്ടി ദീർഘദൃഷ്ടിയിലധിഷ്ഠിതമായ പ്രവർത്തനങ്ങൾ നടത്തുന്ന, ജനപ്രതിനിധി എന്ന പദവി ജനങ്ങൾ നൽ‌കുന്ന ഔദാര്യമാണെന്ന് തിരിച്ചറിയുന്ന വ്യക്തിത്വമുള്ള നേതാക്കന്മാരെയാണ്. അങ്ങനെയുള്ളവർ ഉണ്ടെങ്കിൽ അവർ ഏത് പാർട്ടിയായാലും അവരെ വിജയിപ്പിക്കാൻ നമുക്ക് ശ്രമിക്കാം. അതു വഴി നമുക്ക് വിജയിക്കാം.

അവസാനമായി ഒരു കാര്യം കൂടി പറയട്ടെ. കോഴിക്കോട് സീറ്റ് ജനതാദളിന് നൽകാത്തത് വിജയസാദ്ധ്യത കുറവുള്ളതുകൊണ്ടോ വീരൻ അനഭിമതനായതുകൊണ്ടോ അല്ല. മറിച്ച് , എം.പി വീരേന്ദ്രകുമാർ ചെയർമാനും മാനേജിംഗ് എഡിറ്ററുമായി പ്രവർത്തിക്കുന്ന ‘മാതൃഭൂമി ദിനപ്പത്രം’ പിണറായി വിജയനെതിരെ നിരന്തരം എഴുതി എന്ന ഒറ്റക്കാര്യത്തിലാണ് ആ സീറ്റ് നിഷേധിക്കപ്പെട്ടത്. പച്ചയായ പകപോക്കൽ. എന്നാൽ വീരേന്ദ്രകുമാറിനെതിരേ വയനാട് ഭുമി ഇടപാട് സംബന്ധമായ ആരോപണങ്ങൾ ഉയർന്നപ്പോൾ വീരന് പോലും എതിരായി എഴുതാൻ മനസ്സ് കാണിച്ച പത്രമാണ് മാതൃഭൂമി എന്നത് ആ പത്രം വായിക്കുന്ന ആൾക്കാർ ഓർത്തിരിക്കുന്ന കാര്യമാണ്.

ഇനിയും കെ.ഇ.എൻ കുഞ്ഞഹമ്മദിനെപ്പോലെയും ഭാസുരേന്ദ്രബാബുവിനെപ്പോലെയുമൊക്കെയുള്ള ബുദ്ധിജീവി കുരങ്ങന്മാർ ജനങ്ങളെ നോക്കി കൊഞ്ഞനം കാണിച്ചാൽ രണ്ടിനെയും പിടിച്ച് അരയിൽ വള്ളികെട്ടി കവലകൾ തോറും കൊണ്ടുനടന്ന് ‘ ആടു കുഞ്ഞഹമ്മദേ..ചാട് ഭാസുരേന്ദ്രാ ‘ എന്ന് പറഞ്ഞ് കളിപ്പിക്കും. പറഞ്ഞേക്കാം. ( ഹോ! സമാധാനമായി. ഭീഷണിക്കൊരു ഇ.പി. ജയരാജൻ ശൈലിയൊക്കെ വരുന്നുണ്ട്. എന്റെ ഒരു കാര്യം.)

Friday, March 6, 2009

രാഷ്ട്ര‘മാമ‘

ജനങ്ങളുടെ കണ്ണിലിടാൻ പറ്റുന്ന ഏറ്റവും നല്ല പൊടിയാണ് മതേതരത്വം. കേൾക്കുമ്പോൾ തന്നെ ഒരു അന്തസ്സുണ്ട്. ഇന്ത്യ മതേതരത്വരാജ്യമാണെന്ന് പറയുമ്പോൾ അതിൽ നിന്ന് ലോകജനത മനസ്സിലാക്കുന്നത് ഇന്ത്യ ജാതി/മത താത്പര്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന ഒരു രാജ്യമാണെന്നല്ലേ? അത്തരമൊരു ലേബൽ നമുക്ക് നൽകുന്ന ശക്തിയും അഭിമാനവും വളരെ വലുതുമാണ്.

യഥാർത്ഥത്തിൽ ഇന്ത്യ ഒരു മതേതരത്വ രാഷ്ട്രമാണോ? അനർഹമായ ഒരു സൽ‌പ്പേരിന്റെ ഉടമകളാണോ നാം?

മനോരമ ഓൺലൈനിൽ കണ്ട ഒരു വാർത്തയാണ് മേപ്പടി ചോദ്യങ്ങൾ മനസ്സിലുയർത്താൻ കാരണമായത്. വാർത്ത ഇങ്ങനെ:

“ശ്രീ. ടോം വടക്കന് തൃശ്ശൂരിൽ സീറ്റ് കൊടുത്തില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് തൃശ്ശൂർ അതിരൂപതയും ഇരിങ്ങാലക്കുട രൂപതയും ജില്ലയിലെ കോൺഗ്രസ്സ് നേതാക്കളെ ‘രഹസ്യമായി’ അറിയിച്ചു. തൃശ്ശൂർ മണ്ഡലത്തിൽ 37 ശതമാനം വോട്ട് ക്രൈസ്തവരുടേതാണെന്നും സ്ഥാനാർത്ഥി ആർ.സി വിഭാഗക്കാരൻ ആകണമെന്നുമാണ് സഭയുടെ നിലപാട്. “

നമ്മുടെ ‘രാഷ്ട്രമാമ’ യായ ശ്രീമാൻ ടോം വടക്കൻ കഴിഞ്ഞ കുറേ മാസങ്ങളായി രൂപതയും അതിരൂപതയും കയറിയിറങ്ങിയതിനും വെള്ളാപ്പള്ളി നടേശന്റെ കാലും കഴയും തിരുമ്മി കൊടുത്തതിനും ഫലമുണ്ടായിരിക്കുന്നു. തൃശ്ശൂരിൽ 37% ക്രിസ്ത്യാനികളും അത്രതന്നെ ശതമാനം ഈഴവരുമാണ് ഉള്ളത്. രണ്ട് കൂട്ടരുടെയും പിന്തുണ മതി വിയർക്കാതെ വിജയിക്കാൻ.

നാളിതുവരെയുള്ള തിരഞ്ഞെടുപ്പുകൾ പരിശോധിക്കുമ്പോൾ എല്ലാക്കാലവും എല്ലാ പാർട്ടികളും രാഷ്ട്രീയത്തിന് അതീതമായി ജാതി/മത താത്പര്യങ്ങൾ തന്നെയാണ് സീറ്റ് വിഭജനത്തിനായി പരിഗണിച്ച് പോരുന്നതെന്ന് നമുക്ക് കാണാൻ സധിക്കും. ഇടത് പക്ഷമായാലും വലതുപക്ഷമായാലും ഇതിനൊരു അപവാദമല്ല.

നായന്മാർ കൂടുതലുള്ള പ്രദേശങ്ങളിൽ നായർ സ്ഥാനാർത്ഥിയെയും നാടാർ സമുദായത്തിനും ക്രൈസ്തവ, മുസ്ലീം, ഈഴവ സമുദായത്തിനുമൊക്കെ മേധാവിത്വമുള്ള പ്രദേശങ്ങളിൽ അതാത് ജാതിയിൽ പെട്ട സ്ഥാനാർത്ഥികളെയും നിർത്താൻ ഇരുപക്ഷവും കാണിക്കുന്ന താത്പര്യത്തിനു പിന്നിലും പച്ചയായ വർഗീയത തന്നെ. അപ്പോൾ മതേതരത്വവാദം പൊളിയുകയല്ലേ? എത്ര ഹീനമാണ് കാര്യങ്ങൾ.

AICC ജനറൽ സെക്രട്ടറിയായ ടോം വടക്കനിലേയ്ക്ക് വരാം. ഈ ലേഖകന് അദ്ദേഹത്തോട് ഒരു നീരസവുമില്ല. അദ്ദേഹത്തിന് നേരേ ചൊവ്വേ മലയാളം പറയാൻ അറിയില്ലെന്നോ, കേരളത്തിലേയ്ക്ക് എത്തിനോക്കിയിട്ട് കാലങ്ങളേറെ ആയെന്നോ എന്നതൊന്നും അദ്ദേഹത്തിനെതിരെ ഒരു കുറവായി പറയേണ്ട കാര്യങ്ങളുമല്ല. മറിച്ച് അതൊക്കെ ഒരു അധികയോഗ്യതയായി കണക്കാക്കുകയും ചെയ്യാം.

എന്നാൽ അടുത്തകാലത്തായി തൃശ്ശൂർ ലോകസഭാ സീറ്റിലേയ്ക്ക് ടോം വടക്കൻ വരുന്നു എന്ന് കേട്ടപ്പോൾ തന്നെ അതിനെതിരായി ഒരു സ്വരം കോൺ‌ഗ്രസ്സിനുള്ളിൽ തന്നെ ഉയർന്നിരുന്നു. അദ്ദേഹത്തെ കുറ്റിച്ചൂലുമായി ആണ് ഒരു രസികൻ ഉപമിച്ചത്. ഒപ്പ് ഡെൽഹിയിലെ മുന്തിയ കോൺഗ്രസ്സ് നേതാക്കൾക്ക് ചായ വാങ്ങിക്കൊടുത്തുണ്ടാക്കിയ സ്വാധീനമാണ് അദ്ദേഹത്തെ തൃശ്ശൂർ സീറ്റിലേയ്ക്ക് ശുപാർശ ചെയ്യാൻ കാരണമെന്ന് വരെ ആരോപണമുണ്ടായി.

നിത്യവൃത്തിക്കായി ചായ വാങ്ങിക്കൊടുക്കുന്ന ദരിദ്രനാരായണൻ‌മാർക്ക് ഏതെങ്കിലും തരത്തിൽ സ്വാധീനശക്തിയുണ്ടാക്കിയെടുക്കാനാവുമെന്ന് നമുക്ക് വിശ്വസിക്കാനാവില്ല. എന്നാൽ മറ്റെന്തൊക്കെയോ കൂട്ടിക്കൊടുക്കുന്ന ‘മാമ’ യാണ് നമ്മുടെ വടക്കൻ എന്ന ധ്വനി ഉണ്ടാക്കാനേ അത്തരം ആരോപണങ്ങൾ വഴിവയ്ക്കുകയുള്ളു.

എന്നാൽ എന്റെ പ്രതിഷേധം ഇതിലൊന്നുമല്ല. ശ്രീ ടോം വടക്കൻ ഇടറിയ തൊണ്ടയോടെ ചാനലുകളോട് പറഞ്ഞതിൽ നിന്ന് എനിക്ക് മനസ്സിലായത് അദ്ദേഹം ചായ വിതരണം നടത്തുന്ന ജനസമൂഹത്തെ വിദ്യാഭ്യാസവും വിവരവും കുറഞ്ഞ വെറുക്കപ്പെടേണ്ട ഒരു സമൂഹമായി കാണുന്നുവെന്നാണ്.

പ്രിയ വെടക്കാ..ക്ഷമിക്കുക വടക്കാ, ഇവിടെയാണ് താങ്കൾ പരാജയപ്പെട്ടത്. M.Sc നല്ല നിലയിൽ വിജയിച്ച പ്രകേശട്ടൻ സൈക്കിളിൽ മീൻ വിറ്റ് ഉപജീവനം നടത്തുന്നകാര്യം എനിക്ക് നേരിട്ടറിയാം. അതൊരു കുറവായി അദ്ദേഹം കാണുന്നില്ല. ഞാനും. ഉന്നതവിദ്യാഭ്യാസം കരസ്ഥമായ എത്ര ആൾക്കാർ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നുണ്ടെന്ന് താങ്കൾക്കറിയുമോ? താങ്കൾ ചെയ്യുന്ന ഈ മാമാ പണിയേക്കാൾ അന്തസ്സുണ്ട് അവർ ചെയ്യുന്ന പ്രവർത്തികൾക്കൊക്കെ.
അതുകൊണ്ട് വെള്ളക്കോളർ ജോലി ചെയ്യാത്തവരൊക്കെ മാന്യതയില്ലാ‍ത്തവരും വിദ്യാരഹിതരുമാണെന്ന ധാരണ താങ്കളെപ്പോലുള്ള മിടുക്കന്മാർ വച്ചു പുലർത്തുന്നത് ശരിയല്ല.

ഇനി കത്തോലിക്ക സഭയുടെ സമ്മർദ്ധത്തിൽ താങ്കൾക്കൊരു സീറ്റ് ലഭിക്കുകയും താങ്കൾ ജയിക്കുകയും ചെയ്താൽ താങ്കളുടെ കൂറ്‌ ആരോടാവും. സഭയ്ക്ക് വേണ്ടിയാവുമോ ജനങ്ങൾക്ക് വേണ്ടിയാവുമോ താങ്കൾ നിലകൊള്ളുക. ജനത്തിനുവേണ്ടി എന്ന് പറഞ്ഞാൽ വെടക്കാ..നിന്റെ ഉള്ളം തുടയിൽ നല്ല നുള്ള് തരും ഞാൻ.

എന്തിന് വടക്കെനെ കുറ്റം പറയണം. നമ്മുടെ സോണിയാജിയുടെ കാര്യം തന്നെ എടുക്കാം. മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്ജിയുടെ കല്യാണസൂത്രം അടുത്ത് കാണുകയും പെരുമാറുകയും ചെയ്തു എന്ന ഒരേയൊരു യോഗ്യത അല്ലേ അവരെ കോൺഗ്രസ്സ് പ്രസിഡന്റ് പദവി വരെ എത്തിച്ചത് ? അ മദാമ്മയും അവരുടെ കൈകാൽ വിരലുകളുടെ ഞൊട്ട വിട്ട് കൊടുക്കുന്ന വടക്കനുമൊക്കെ വേണം നമ്മളെ ഭരിക്കാൻ. ഒക്കെ നമ്മുടെ വിധിയാണ്. കോൺഗ്രസ്സ് എന്ന ‘മതേതരത്വ‘പാർട്ടി നീണാൾ വാഴട്ടെ.

ഓരോ ജാതിക്കും ഓരോ ജനപ്രതിനിധി എന്ന സുന്ദരസ്വപ്നം ‘മതേതര‘ ഇന്ത്യയിൽ നിലവിൽ വരട്ടെ.

നമുക്ക് മതിയാക്കാം. തിരഞ്ഞെടുത്തുകളിക്ക് സമയമായി. ഏപ്രിൽ 16-നോ മറ്റോ ആണ് കേരളീയർക്ക് കളിക്കാനുള്ള ദിവസം. 20 മുന്തിയ വിഡ്ഡ്യാസുരന്മാരെയാണ് നമ്മൾ തിരഞ്ഞെടുത്ത് ഡെൽഹിക്ക് കയറ്റി അയയ്ക്കേണ്ടത്. അതിലൊന്ന് നമ്മുടെ വടക്കാനാവുന്നതിൽ എന്ത് തെറ്റ്?

മുറിവാൽക്കഷ്ണം: നായന്മാരുടെ ശക്തിപ്രകടനം കഴിഞ്ഞ ശനിയാഴ്ച പുത്തരിക്കണ്ടം മൈതാനിയിൽ നടന്നു. ശക്തമായ വോട്ട് ബാങ്ക് ആയി നായർ സമുദായം മാറും എന്ന് നാരായണപ്പണിക്കർ പ്രഖ്യാപിച്ചു. പണിക്കരേ, ഞാനും ഒരു നായരാണ്. തനിക്കെന്റെ പിന്തുണ കിട്ടുമെന്ന് തോന്നുന്നില്ല. എനിക്ക് സൌകര്യമുള്ളവന് ഞാൻ വോട്ട് ചെയ്യും. ജാതി പറയുന്ന ഒരു ചെറ്റയ്ക്കും എന്റെ മനസ്സിൽ പ്രവേശനമില്ല. അവനൊന്നും എന്റെ വോട്ടുമില്ല. നന്ദി.

Wednesday, March 4, 2009

മത്സ്യപുരാണത്തിലെ രണ്ടാം സാക്ഷി

ഗോപിച്ചേട്ടൻ മരിച്ചു. സുഖമരണം.

ഉച്ചയൂണുകഴിഞ്ഞ് ഇറയത്തെ ചൂരൽ കസേരയിലിരുന്ന് നാലും കൂട്ടി വിസ്തരിച്ചൊന്ന് മുറുക്കി , പിന്നെ വടക്ക് വശത്തെ തെങ്ങിൻ തോപ്പിലൂടെ നാലു ചാല് നടന്നതിനുശേഷം പറമ്പിനതിരായി ഒഴുകുന്ന കൈത്തോട്ടിലിറങ്ങി കൈയ്യും കാലും മുഖവും വായയും കഴുകി വന്ന് ഭാര്യയുടെ കൈയ്യിൽ നിന്ന് ഒരു കവിൾ ചുക്കുവെള്ളവും കുടിച്ച് സോഫയിലേയ്ക്ക് ചാരികിടന്ന് അവസാന ശ്വാസത്തെ അമാന്തംകൂടാതെ സ്വതന്ത്രമാക്കി ഗോപിച്ചേട്ടൻ ഇഹലോകവാസത്തോട് സുല്ല് പറഞ്ഞു.

ഗോപിച്ചേട്ടന്റെ ഈ സുഖമരണ വാർത്ത ഫോണിലൂടെ സ്നേഹിതൻ എന്നോട്‌ വിവരിക്കുമ്പോൾ എന്റെ മനസ്സിൽ മുഴങ്ങിയത് ഒരു ശാപവചനമായിരുന്നു. “ ദുഷ്ടൻ. അവൻ കളിച്ചത് ഭഗവതിയോടാ. പുറം പുഴുത്ത് ചാവും ആ നായ “ എന്ന് നാട്ടിലെ ഒരു വൃദ്ധപ്രമാണി ഗോപിച്ചേട്ടന്റെ തലമണ്ട ലക്ഷ്യമാക്കി തൊടുത്ത ശാപമായിരുന്നു അത്. ശാപാനന്തരം ദുർവ്വാസാവ് തീ പാറുന്ന ഒരു നോട്ടം എനിക്കിട്ട് എയ്തിരുന്നു. ശാപത്തിന്റെ ഒരംശം എനിക്കു കൂടി ഉള്ളതായിരുന്നുവെന്നാണ് ആ ചുട്ട നോട്ടത്തിന്റെ അർത്ഥം. അതിന് കാരണവുമുണ്ട്.

എനിക്കിന്ന് നിങ്ങളോട് പറയാനുള്ളത് ആ കഥയാണ്. ഗോപിച്ചേട്ടന്റെ കഥ. ഞാൻ നാട്ടുകാരിൽ ചിലർക്ക് കരിങ്കാലി ആയതിന്റെ കഥ.

ഇന്ന് ദേവസ്വം ബോർഡിന്റെ കീഴിലുള്ള പാട്ടുപുരയ്ക്കൽ കാവ് പണ്ട് മറ്റയ്ക്കാട്ട് എന്ന പ്രശസ്തമായ കൈമൾ തറവാടിന്റെ കുടുംബ ക്ഷേത്രമായിരുന്നു. പിന്നീടത് ദേവസ്വം ബോർഡിന് അവർ വിട്ടുകൊടുക്കുകയാണുണ്ടായത്. പാട്ടുപുരയ്ക്കലമ്മയുടെ സ്ഥിരം ഭക്തരായി അന്നും ഇന്നും അറിയപ്പെടുന്നത് പ്രധാനമായും രണ്ട് പേരാണ്. മറ്റയ്ക്കാട്ടെ മുത്തശ്ശിയും എന്റെ വല്യമ്മാവനും ഞാൻ കൊച്ചാവി അമ്മാവനെന്ന് വിളിക്കുന്ന നാരായണൻ നായരും. പിന്നെയുള്ളത് ഒരു പിടി പാർട്ട് ടൈം ഭക്തരാണ്. മറ്റയ്ക്കാട്ടെ ജയരാജ്, മഠത്തിലെ അജി, തട്ടാറാത്തെ ജ്യോതിസ്, ഞാൻ അങ്ങനെ അങ്ങനെ വളർന്ന് വരുന്ന കുരുന്ന് ഭക്തജനങ്ങൾ വേറെയും.

ബാലൻ ചേട്ടന് പകരം പാട്ടുപുരയ്ക്കൽ കാവിലെ കഴകക്കാരനായി വന്ന ആളാണ് ഗോപിച്ചേട്ടൻ. ഒട്ടിയ കവിളും കുഴിഞ്ഞ കണ്ണുകളും ഇരുണ്ട നിറവുമായിരുന്നു ഗോപിച്ചേട്ടന്. മുൻ‌വശത്തെ ഒരു പലകപ്പല്ല് ഇല്ലാത്തതിനാൽ ചിരിക്കുമ്പോൾ നാവിന്റെ അംശം പുറത്തുകാണും. ഇരുചെവികളിലും പഞ്ഞി തിരുകി വയ്ക്കുന്നതിന്റെ കാരണക്കാരൻ ചെവി പഴുപ്പാണ്.

മുൻപിരുന്ന കഴകക്കാരൻ ബാലൻ ചേട്ടനുമായി തട്ടിച്ച് നോക്കിയാൽ ഗോപിച്ചേട്ടൻ അത്ര മികച്ച കഴകക്കാരനായിരുന്നുവെന്ന് പറയാൻ കഴിയില്ല. ആൾ ശുദ്ധനായിരുന്നുവെങ്കിലും ബാലൻ ചേട്ടൻ നേടിയതുപോലൊരു മതിപ്പ് നാട്ടുകാർക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ ഗോപിച്ചേട്ടന് കഴിഞ്ഞിരുന്നുമില്ല.

പാട്ടുപുരയ്ക്കലിൽ ചാർജെടുത്തതിന്റെ ആദ്യ നാളുകളിൽ അദ്ദേഹം വീട്ടിൽ പോയി വരികയായിരുന്നു. രാത്രി 7.30 നുള്ള തുഷാരം ബസ്സിൽ കയറി പാലായിലെത്തും. അവിടെ നിന്ന് അടുത്ത ബസ്സിൽ 18 കിലോമീറ്റർ യാത്രചെയ്ത് വീട്ടിലേയ്ക്കും. എന്നാൽ പലപ്പോഴും വൈകുന്നേരം തുഷാരം കിട്ടാതെ വന്നതുകൊണ്ടും അതിരാവിലെ വീട്ടിൽ നിന്ന് കാവിലെത്താനുള്ള പ്രയാസം കൊണ്ടും ഗോപിച്ചേട്ടൻ കിടപ്പ് കാവിൽ തന്നെ ആക്കി. പകൽ വീട്ടിൽ പോവുകയും വൈകിട്ട് അത്താഴം പൊതിഞ്ഞെടുത്ത് കാവിൽ വരികയും ചെയ്ത് പോന്നു.

ദീപാരാധന കഴിയുന്നതോടെ സീനിയർ ഭക്തരെല്ലാം അന്നത്തേക്കാവശ്യമായ അനുഗ്രഹങ്ങളും അടിച്ച് മാറ്റി പോയിട്ടുണ്ടാവും. പിന്നെ അവശേഷിക്കുന്നത് മിക്കപ്പോഴും ഞങ്ങൾ രണ്ടുമൂന്ന് കുരുന്ന് ഭക്തർ മാത്രമായിരിക്കും. കാരണമുണ്ട്. അത്താഴപൂജ കഴിഞ്ഞ് സ്വല്പം പായസവും ശർക്കരയും തേങ്ങയും മലരുമൊക്കെ ഞങ്ങൾക്ക് തിരുമേനി തരും. ഗോപിച്ചേട്ടനും ഞാനുമായി ഇതിനോടകം ശക്തമായ ഒരു ചങ്ങാത്തം ഉരുത്തിരിഞ്ഞ് വന്നതിന്റെ ഫലമായി അദ്ദേഹത്തിന്റെ പങ്കും ഒപ്പം പായസം ഉണ്ടാക്കുന്ന ചെറിയ ഓട്ടുരളി വടിച്ച് നക്കാനും എനിക്ക് കിട്ടും. പ്രത്യുപകാരമായി കിണ്ടി, മൊന്ത, ഉരുളി, തവി തുടങ്ങിയവയൊക്കെ കഴുകി കമഴ്ത്താൻ ഞാൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും. ഇടയ്ക്കൊക്കെ ശംഖ് വിളിക്കാനുള്ള അനുമതിയും ഗോപിച്ചേട്ടൻ എനിക്കും ജയനും തന്നിരുന്നു.

ഒരു ദിവസം രാത്രി തിരുമേനി പൂജ കഴിഞ്ഞ് ശ്രീകോവിൽ പൂട്ടി പോവുമ്പോൾ ജയനും ഞാനും ഗോപിച്ചേട്ടനും കാവിനകത്തിരുന്ന് സംസാരിക്കുകയായിരുന്നു. ഇടക്ക് ജയൻ എഴുന്നേറ്റ് തിടപ്പള്ളിയ്ക്കുള്ളിലേയ്ക്ക് നടന്നു. മകനെ ചൊല്ലി ഗോപിച്ചേട്ടൻ അന്നും കുറെ പരിതപിച്ചു. മോന് ജോലി ഒന്നും ആവാത്തതിലെ വിഷമവും ഗോപിച്ചേട്ടനെ ഇടയ്ക്കിടെ പിടികൂടുന്ന വലിവിനെക്കുറിച്ചുമൊക്കെ ആ മനുഷ്യൻ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. പതിനാല് വയസ്സ് മാത്രം പ്രായമുള്ള എന്നോട് ഗോപിച്ചേട്ടന്റെ പ്രാരബ്ദങ്ങൾ പറഞ്ഞാൽ, അതെനിക്ക് മനസ്സിലാക്കാനാവുമെന്നോ പരിഹാരം നിർദ്ദേശിക്കാനാവുമെന്നോ സഹായം ലഭിക്കുമെന്നോ ഒന്നും വിശ്വസിച്ചിട്ടല്ല ആ മനുഷ്യൻ ഇതൊക്കെ പറയുന്നതെന്ന് എനിക്കറിയാം. പറഞ്ഞ് പറഞ്ഞ് ദു:ഖങ്ങൾ കുറയ്ക്കുകയാവും. ദുരിതങ്ങൾ പേറുന്നവർക്കത്യാവശ്യം അവരെ കേൾക്കുന്ന നല്ല കേൾവിശക്തിയുള്ള കാതുകളാവും!! ഞാൻ ഗോപിച്ചേട്ടന്റെ നല്ല കേൾവിക്കാരനായിരുന്നു. അതാവും അദ്ദേഹത്തിനെന്നോടുള്ള ഇഷ്ടവും.

തിടപ്പള്ളിയ്ക്കുള്ളിൽ നിന്ന് ജയന്റെ വിളി കേട്ട് ഞാൻ അവിടേയ്ക്ക് ചെല്ലുമ്പോൾ കണ്ടത് ജയൻ ഗോപിച്ചേട്ടന്റെ ചോറ്റുപാത്രം തുറന്ന് അതിലേയ്ക്ക് സൂക്ഷിച്ച് നോക്കി നിൽക്കുന്നതാണ്. എന്നെ കണ്ടതും അവൻ അതിനുള്ളിൽ മീൻ വറത്തതാണെന്ന് പറഞ്ഞ് പാത്രം എന്റെ നേരേ നീട്ടി. വ്യക്തമായി കാണുന്നതിന് മുൻപ് തന്നെ അവൻ പാത്രം അടച്ച് പുറത്തേയ്ക്കിറങ്ങി ഓടുകയും ചെയ്തു. ഉറപ്പായും അവൻ അത് ഇപ്പോൾ തന്നെ എല്ലാവരോടും പറയും. അമ്പലത്തിനകത്ത് മീൻ കയറ്റുക എന്നത് ക്ഷമ അർഹിക്കുന്ന കുറ്റമാവില്ല. ഗോപിച്ചേട്ടനോട് ഒന്നും സംസാരിക്കാനാവാതെ, അദ്ദേഹത്തിന്റെ മുഖത്ത് നോക്കാതെ ഞാൻ വെളിയിലേയ്ക്ക് നടന്നു. കാവിനുള്ളിൽ ഭഗവതിയും ഗോപിച്ചേട്ടനും പൊരിച്ചമീനും മാത്രം.

ഗോപിച്ചേട്ടൻ മീൻ കൊണ്ടുവന്നതുപോലെ തന്നെ അനുവാദം കൂടാതെ അദ്ദേഹത്തിന്റെ ചോറ്റുപാത്രം ജയൻ തുറന്നതും തെറ്റായിരുന്നു എന്നാണ് എന്റെ പക്ഷം. ഒരുപക്ഷേ ഗോപിച്ചേട്ടനോട് തോന്നിയ സഹാനുഭൂതിയും ഇഷ്ടവുമാവാം അങ്ങനൊരു ചിന്ത എന്നിൽ കൊണ്ടുവന്നത്. ഒരാൾ ചെയ്യുന്ന തെറ്റ് മറ്റൊരാൾ ചെയ്യുന്ന കുറ്റത്തെ വെളിച്ചത്ത് കൊണ്ടുവരുന്നു. രസകരമാണ് കാര്യങ്ങൾ.

സ്വാഭാവികമായും ആ സംഭവം ഒരു വലിയ ചർച്ചയായി മാറി. ‘തൊണ്ടി സാധനം‘ മാറ്റാത്തതിന്റെ പേരിൽ ചെറിയതോതിലുള്ള കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നെങ്കിലും ജയൻ നാട്ടിലെ ഹീറോ ആയി മാറിയിരുന്നു. മുക്കിലും മൂലയിലും നിന്ന് അവൻ സംഭവം വിവരിച്ച് കൈയ്യടി നേടി. ഭഗവതി ജയനെ ചോറ്റുപാത്രത്തിന്റെ അടുത്തേയ്ക്ക് കൈപിടിച്ച് നടത്തുകയായിരുന്നുവെന്ന് ഒരു മൂത്തഭക്തൻ കണ്ടെത്തി. ‘നേരാണ്, ആരോ എന്റെ കൈപിടിച്ച് നടത്തിയതായി അനുഭവപ്പെട്ടിരുന്നു ‘ എന്ന് ജയൻ ചെറിയ നാണത്തോടെ സമ്മതിച്ചതോടുകൂടി ഒരു ദൈവീക പരിവേഷവും ജയന് ചാർത്തി കിട്ടി. ജയന്റെ ഡേറ്റ് ലഭ്യമാവാത്തപ്പോൾ ‘മത്സ്യപുരാണം’ കേൾക്കാൻ ചിലർ എന്റെ ചുറ്റും കൂടിയിരുന്നു. എന്നാൽ അവതരണത്തിലെ പാളിച്ചകൊണ്ടോ അല്ലെങ്കിൽ ഗോപിച്ചേട്ടൻ നേരിടാൻ പോവുന്ന ദുരന്തമോർത്തുള്ള ദു:ഖം കൊണ്ടോ എന്തോ കേൾവിക്കാരെ തൃപ്തിപ്പെടുത്താൻ എനിക്ക് സാധിച്ചിരുന്നില്ല. അല്ലെങ്കിൽതന്നെ കഥ പറച്ചിലിൽ പണ്ടേ ഞാനൊരു പരാജയമായിരുന്നു.

ദിവസങ്ങൾ പലതും കഴിഞ്ഞ് പോയി. പിള്ളേച്ചന്റെ ചായക്കടിലും കലുങ്കിലും പൊന്നന്റെ ബാർബർഷോപ്പിലും ചർച്ചാവിഷയം മത്സ്യപുരാണം തന്നെ. സസ്പെൻഷനിലിരിക്കുന്ന ഗോപിച്ചേട്ടന്റെ ജോലി ദേവസ്വം വിജിലൻസിന്റെ അന്വേഷണം പൂർത്തിയാവുന്നതോടെ തെറിക്കുമെന്നതിൽ ആർക്കും തർക്കമില്ല. ജനരോഷം അത്രയ്ക്കാണ്. പ്രമാണിമാരുടെ പിടിയ്ക്കും നല്ല മുറുക്കമുണ്ട്. മാത്രവുമല്ല രണ്ട് സാക്ഷികളും കണ്ടത് സത്യസന്ധമായി പറയുകകൂടി ചെയ്യുമ്പോൾ കാര്യങ്ങൾ ഗോപിച്ചേട്ടന് അനുകൂലമാവാൻ തരമില്ല.

ഒരു ശനിയാഴ്ച ദിവസമായിരുന്നു ദേവസ്വം വിജിലൻസ് ,സാക്ഷി മൊഴികൾ എടുക്കാൻ വരുന്നത്. ഒന്നാം സാക്ഷി ജയരാജ് എന്ന ജയൻ. രണ്ടാം സാക്ഷി ഞാൻ.

മീനഭരണിക്ക് പോലും കാണാത്തത്ര ആൾക്കാർ അന്നേ ദിവസം രാവിലെ കാവിന്റെ മുറ്റത്തെത്തി എന്ന് പറഞ്ഞാൽ അത് അല്പം പോലും അതിശയോക്തി കലർന്നതാവില്ല. പത്ത് മണിയോടെ ഗോപിച്ചേട്ടൻ വന്ന് അധികപ്പറ്റായി കാവിന്റെ മുറ്റത്ത് നിന്നു. 11.30 നാണ് വിജിലൻസ് എത്തിയത്.

ഇതിനിടയിൽ ചില നാട്ടു പ്രമാണികൾ ജയനും എനിക്കും ‘വേണ്ട നിർദ്ദേശങ്ങൾ‘ തന്നു. ഒരുത്തന്റെ ജോലി കളയാൻ അവർ കാണിക്കുന്ന ഉത്സാഹം കണ്ടപ്പോൾ എന്റെ കണ്ണുകൾ കയ്ച്ചു.

ജയരാജ് നല്ല ഉത്സാഹത്തിൽ തന്നെയാണ്. അവൻ കണ്ട കാര്യങ്ങൾ ഒട്ടും കുറയ്ക്കാതെ തന്നെ ആത്മവിസ്വാസത്തോടെ വിജിലൻസ് സമക്ഷം ബോധിപ്പിച്ച് മടങ്ങി.

അടുത്ത ഊഷം എന്റേതാണ്. ശ്രീകോവിലിന് മുന്നിൽ പോയി ഞാൻ കൈകൂപ്പി പ്രാർത്ഥിച്ചു.” എന്റെ പാട്ടുപുരയ്ക്കലമ്മേ, ഞാൻ ഒരു നുണ പറയാൻ പോവുകയാണ്. നീ എന്നെ ഉപദ്രവിക്കാൻ വരരുത്. മീൻ കൊണ്ടുവന്നത് അമ്മയ്ക്ക് ഇഷ്ടമായില്ലെങ്കിൽ അതിനുള്ള ശിക്ഷ നീ നേരേ തന്നെ ഗോപിച്ചേട്ടന് കൊടുത്തോളൂ. എന്റെ സഹായം നിനക്കാവശ്യമില്ലല്ലോ? എന്നാൽ ഗോപിച്ചേട്ടന് എന്നെ ഇപ്പോൾ ആവശ്യമുണ്ട്. അയാൾ വലിയ കഷ്ടപ്പാടിലാണ്. ഈ ജോലി പോയാൽ അവർ പട്ടിണിയാവും. ഞാൻ നിനക്കെതിരാണെന്ന തെറ്റിദ്ധാരണയിൽ പേപ്പട്ടിയേയോ പാമ്പിനേയോ വിട്ട് നീ എന്നെ കടിപ്പിക്കുമോ? ഇല്ലല്ലേ. എനിക്കറിയാം നീ അത്രയ്ക്ക് കണ്ണിൽ ചോര ഇല്ലാത്തവളല്ലെന്ന്. അനുഗ്രഹിക്കണേ അമ്മേ..ഞാനൊരു നുണ പറഞ്ഞിട്ട് വരാം. “

ഇത്രയും പ്രാർത്ഥിച്ച് ഞാൻ രണ്ട് ഓഫീസേഴ്സിന്റെയും അടുത്ത് ചെന്നു. സംഭവം നടന്ന ദിവസം ഞാൻ അവിടെ ഉണ്ടായിരുന്നോ എന്നും ആദ്യസാക്ഷി പറഞ്ഞ കാര്യങ്ങൾ താനും കണ്ടതാണോ എന്നുമൊക്കെയാണ് അവർ ചോദിച്ചതെന്ന് തോന്നുന്നു. ഞാനവിടെ ഉണ്ടായിരുന്നുവെന്നും പക്ഷേ ജയൻ കണ്ടിട്ട് മീനെന്ന് പറഞ്ഞത് പാവയ്ക്കാ വറുത്തതായി ആണ് എനിക്ക് തോന്നിയതെന്നും ഞാനത് മണത്ത് നോക്കിയപ്പോൾ കനച്ച എണ്ണയുടെ മണം മാത്രമേ വന്നുള്ളുവെന്നും മീനാണെന്ന് കരുതുന്നില്ലെന്നും ഒരു ഉളുപ്പുമില്ലാതെ ഞാൻ ഉത്തരം നൽകി.

അന്ന് ഒരുപാട് കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും ഞാൻ കേൾക്കേണ്ടി വന്നു. പലരും എന്നെ വല്ലാതെ ഒറ്റപ്പെടുത്തി. 14 വയസ്സുള്ള ഒരു കരിങ്കാലി പടിഞ്ഞാറ്റിൻ‌കരയിൽ അന്ന് ജന്മമെടുത്തു.

രണ്ട് കാര്യങ്ങൾ മാത്രമാണ് എനിക്കാശ്വാസം തന്നത്. ഒന്ന് ഗോപിച്ചേട്ടന് ജോലി നഷ്ടപ്പെട്ടില്ലെന്നത്.( അദ്ദേഹത്തെ ളാലത്തുള്ള അമ്പലത്തിലേയ്ക്ക് സ്ഥലം മാറ്റി.വീടിന് ഏകദേശമടുത്ത്!!! ) രണ്ട്. കാവിലെ വിജയൻ തിരുമേനി എന്നെ ആശ്വസിപ്പിക്കുകയും ചെയ്തത് നന്നായെന്ന് പറയുകയും ചെയ്തത്.


ഗോപിച്ചേട്ടന് ആദരാഞ്ജലികൾ.