Follow by Email

Tuesday, April 28, 2009

പ്രശസ്തിപത്രമേ.. പൊറുക്കുക!

കൊളാഷ് (സ്വപ്നത്തിലെ)

പകലുകളെ വെറുത്തത്
ബാറുകൾ തുറന്നതുകൊണ്ടേയല്ല
കണ്ണുതുറക്കുമ്പോഴേക്കും പൈന്റുകൾ
മുന്നിലെത്തുന്നു...

കൈകൾകൊണ്ട് പിടിക്കുന്നു
ഇടതടവില്ലാതെ ആമാശയത്തിലേക്ക് ഒഴിക്കുന്നു.
വർത്തമാനങ്ങളുടെ കൊളാഷുകളാണ് ബാർ നിറയെ...

ഒരമ്മ മകനെ പ്രണയിച്ചത്...
ഭോഗിച്ചത്..
അനിയത്തിയുടെ...

ഹോ! വകതിരിവില്ലാത്ത കൊളാഷുകൾ..

ഇന്നലെ ഞാനും കണ്ടു..
എന്റെ പാവം അമ്മ....

ബാറിൽ വരേണ്ടിയിരുന്നില്ല.
മദ്യപിക്കേണ്ടിയിരുന്നുമില്ല.

നാണമില്ലാത്ത കൊളാഷുകൾ.


ഇതിൽ വൃത്തവും ചതുരവുമൊക്കെ ഉണ്ടോ എന്നെനിക്കറിയില്ല. എങ്കിലും ഇതൊരു കവിതയാണെന്ന് എനിക്കുറപ്പുണ്ട് . ഞാൻ എഴുതിയ എന്റെ സ്വന്തം കവിത !!!

നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ ചൂഴ്ന്ന് നോക്കുന്നത്? നിങ്ങളുടെ കണ്ണുകളിൽ എന്തുകൊണ്ടാണ് അവിശ്വാസത്തിന്റെ നിഴൽ പരക്കുന്നത്? നിങ്ങളുടെ വിരൽ എന്തിനാണെന്റെ നേരേ ചൂണ്ടുന്നത്? കള്ളനാണ് ഞാനെന്നോ? മതി. എനിക്ക് തൃപ്തിയായി. നിങ്ങളെ പറ്റിക്കാനുള്ള സാമർത്ഥ്യം എനിക്കില്ലെന്ന് സമ്മതിച്ചുകൊണ്ട് സത്യം പറയാം.

ഇത് എന്റെ കവിതയല്ല. ‘കൂട്ടം-കണിക്കൊന്ന ബെസ്റ്റ് ബ്ലോഗ് അവാർഡ് ‘ നേടിയ ഡോ. ധനലക്ഷ്മിയുടെ ‘സ്വപ്നങ്ങൾ ‘ എന്ന കവിതയെ അവരുടെ ‘കനകമുന്തിരികൾ’ എന്ന ബ്ലോഗിൽ നിന്നും കട്ടെടുത്ത്, അവളെ പുതിയ വാക്കുകൾകൊണ്ടുതുന്നിയ കുപ്പായം ധരിപ്പിച്ച് ഒരുളുപ്പുമില്ലാതെ ഞാൻ എന്റെ സ്വന്തമാക്കിയിരിക്കുന്നു. കവിയാവുക എന്ന എന്റെ സ്വപ്നം ഞാനങ്ങനെ ചുളുവിൽ സാധിച്ചെടുത്തു. ഇനീപ്പോ 10000 രൂപയും പ്രശസ്തിപത്രവും കിട്ടിയാൽ മതി. കുറഞ്ഞപക്ഷം 10000 ക. എങ്കിലും....

അവാർഡിനെക്കുറിച്ച്

അവാർഡ് എപ്പോഴും ഒരു പ്രോത്സാഹനം തന്നെയാണ്. മികച്ച ‘ബ്ലോഗി’നുള്ള അവാർഡ് നൽകാൻ തീരുമാനിച്ച ‘കൂട്ടം‘ കൂട്ടായ്മയ്ക്കും ‘കണിക്കൊന്ന’യ്ക്കും അഭിനന്ദനങ്ങൾ. അവാർഡ് തുക 10,000 രൂപയാവുന്നു എന്നതും ഈ അവാർഡിന്റെ ‘മൂല്യം‘ വർദ്ധിപ്പിക്കുന്ന കാര്യം തന്നെയാണ്. എന്നാൽ ഏതൊരവാർഡും അതർഹിക്കുന്ന കരങ്ങളിലെത്തുമ്പോളാണ് അതിന്റെ മേന്മ ഉയരുന്നത്. അതിന്റെ അർത്ഥം ഡോ. ധനലക്ഷ്മി ഈ അവാർഡിന് അർഹയല്ല എന്നല്ല. അങ്ങനെ പറയാൻ ഞാൻ ആളല്ല. പക്ഷേ, ഈ അവാർഡിനെക്കുറിച്ച് കണിക്കൊന്നയിൽ തന്നെ ധാരാളം എതിരഭിപ്രായങ്ങൾ വന്നിരിക്കുന്നു. ചില കമന്റുകൾ കണിക്കൊന്നയിൽ നിന്ന് നീക്കം ചെയ്യുകയുമുണ്ടായി. അത്തരം പ്രവണതകൾ ആശാസ്യമല്ല.

‘ബെസ്റ്റ്’ ബ്ലോഗ് എന്നാൽ ഏറ്റവും മികച്ച ബ്ലോഗ് എന്നല്ലേ? എന്നുവച്ചാൽ നിലവിലുള്ള ബ്ലോഗുകളിൽ ഏറ്റവും മെച്ചം അല്ലെങ്കിൽ ‘മത്സരത്തിന്‘ തിരഞ്ഞെടുത്ത 17 ബ്ലോഗുകളിലെങ്കിലും ഏറ്റവും മികച്ചത് ഡോ.ധനലക്ഷ്മിയുടെ ബ്ലോഗ് ആണെന്ന് നാം മനസ്സിലാക്കണം. എന്നാൽ അവിടെയാണ് (എനിക്ക്) വിയോജിപ്പ് വരുന്നത്. ഡോ. ധനലക്ഷ്മി മികച്ച ബ്ലോഗറായേക്കും. എന്നാൽ ‘ഏറ്റവും‘ മികച്ച ബ്ലോഗറാവാൻ തരമില്ല. കുറഞ്ഞ പക്ഷം എന്റെ നിരീക്ഷണത്തിലെങ്കിലും.

ഏതെങ്കിലും വൈരാഗ്യബുദ്ധിയുടെ പേരിലോ അസൂയകൊണ്ടോ അല്ലാ ഞാനിത് കുറിക്കുന്നതെന്ന് എന്റെ സ്നേഹിതർ മനസ്സിലാക്കണം. ഡോക്ടർ എന്റെ ഒരു ഓർക്കൂട്ട് സ്നേഹിതകൂടിയാണ്. എന്നാ‍ൽ അവരുടെ സന്തോഷത്തിന് ഏതെങ്കിലും രീതിയിൽ മങ്ങലേൽ‌പ്പിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ടല്ല ഞാനിതെഴുതുന്നത്. ശരിക്കും ഈ അവാർഡ് അർഹിച്ച ഒരു ബ്ലോഗർ നമുക്കിടയിലുണ്ട്. അയാൾക്കത് നഷ്ടപ്പെട്ടത് നിർഭാഗ്യമാവാം. പരാജിതരോട് കൂറ് പുലർത്തുന്നത് ഒരു തെറ്റല്ലല്ലോ.

മത്സരത്തിനെത്തിയ (അവസാന റൌണ്ടിൽ ) 17 ബ്ലോഗിൽ നിന്ന് വായനക്കാരാണ് മികച്ച 10 ബ്ലോഗുകൾ കണ്ടെത്തിയതെന്ന് സംഘാടകർ പറയുന്നു. 10-ൽ നിന്നും മികച്ച ബ്ലോഗ് തിരഞ്ഞെടുക്കാൻ അവർ ഒരു സമിതിയെ ഏർപ്പെടുത്തി. പ്രശസ്ത എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ജയമോഹന്‍(സി എ ഒ കൂട്ടം.കോം) , കെ പി കെ വേങ്ങര (ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ്) എന്നിവരായിരുന്നു ആ മാന്യ ദേഹങ്ങൾ. ബഹുമാനപ്പെട്ട ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മികച്ച ഒരു എഴുത്തുകാരൻ തന്നെ. മറ്റ് രണ്ട് പേരും അങ്ങനെതന്നെയാവാം. എനിക്കവരെ അത്ര പരിചയമില്ലെങ്കിലും. എന്നാൽ എന്തായിരുന്നു ഈ സമിതിയുടെ റോൾ? ഇനി കണിക്കൊന്ന പറഞ്ഞ ബാക്കി കാര്യം കൂടി വായിക്കുമ്പോൾ സമിതിക്കാർ മൂവർക്കും യാതൊരു പണിയുമില്ലായിരുന്നുവെന്ന് വ്യക്തം. അവരുടെ വാക്കുകൾ - “ തീരുമാനം ബുദ്ധിമുട്ടായിരുന്നു, ആരും ഒട്ടും മോശമല്ലാത്ത ബ്ലോഗേഴ്സ്, നിരക്ഷരന്‍ എന്ന പേരില്‍ എഴുതുന്ന പ്രശസ്ത ബ്ലോഗര്‍ മനോജ് രവീന്ദ്രന്‍,കനകമുന്തിരികള്‍ എന്ന ബ്ലോഗിന്‍റെ ഉടമ ഡോ.ധനലക്ഷ്മി,ബ്ലോഗറായ റോസിലി എന്നിവരായിരുന്നു അവര്‍,ഒന്നും ഞങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നില്ല, ആലോചിക്കാനും,ബ്ലോഗ് റേറ്റിങ്ങിലും,ഹിറ്റിലും,കമന്‍റിലും മുന്നില്‍ നില്ക്കുന്ന ബ്ലോഗിനു തന്നെ അവാര്‍ഡ് കൊടുക്കാമെന്ന് ഉറപ്പിച്ചു, കണിക്കൊന്നയിലെ വായനക്കാരുടെ തീരുമാനം അനുസരിച്ച് കനകമുന്തിരികള്‍ എന്ന ബ്ലോഗിനാണ്,ബെസ്റ്റ് ബ്ലോഗ് പുരസ്കാരം. ശ്രീമതി ധനലക്ഷ്മിയുടെ കനകമുന്തിരികള്‍ കവിതകള്‍ക്ക് ഡെഡിക്കേറ്റ് ചെയ്യപ്പെട്ടവയാണ്, “

തീർന്നു കഥ. അങ്ങനെ ഡോക്ടർ ബാഹുമാനപ്പെട്ട ശ്രീ.സേതുവിന്റെ പക്കൽ നിന്ന് 10000 രൂപയും പ്രശസ്തിപത്രവും പറ്റി. കുറ്റം വായനക്കാർക്ക്. അവരാണല്ലോ തിരഞ്ഞെടുത്തത്‌ !!!.

ശ്രീ പോറാടത്തിന്റെ കമന്റ് കൂടി വായിക്കുക.
“ഹിറ്റ് കൗണ്ടർ പ്രധാന
അളവുകോലാണ്
എന്നറിയാമായിരുന്നെങ്കിൽ ഈ
പങ്കെടുത്തവരിൽ ആർക്ക്
വേണമെങ്കിലും ഒന്നാം സ്ഥാനം
കിട്ടുമായിരുന്നു. ഈ അവാർഡ്
ഒരു പ്രഹസനമായേ
തോന്നുന്നുള്ളൂ..
(പരീക്ഷണാടിസ്ഥാനത്തിൽ ഞാൻ
ഒന്നാം സ്ഥാനക്കാരിയുടെ
ബ്ലോഗിൽ ഇപ്പോ തന്നെ 10 തവണ
ക്ക്ലിക്കി നോക്കി. ഓരോ തവണയും
ഹിറ്റ് കൗണ്ടർ കൂടുന്നു.!!) “

അപ്പോൾ രാപകൾ ഒറ്റക്കിരുന്ന് ക്ലിക്കിയാലും സ്നേഹിതരെക്കൊണ്ട് ക്ലിക്കിച്ചാലും ഹിറ്റ് കൂട്ടാം. അങ്ങനെ ‘ക്ലിക്കിയും ക്ലിക്കിച്ചും ‘ വാങ്ങേണ്ടത്താണോ ഇങ്ങനെയുള്ള അവാർഡുകൾ?

ഇനിയെങ്കിലും കണിക്കൊന്നയും കൂട്ടവും ഇത്തരം വിഡ്ഡിത്തങ്ങൾ കാണിക്കരുതേയെന്നേ എനിക്ക് പറയുവാനുള്ളു.

അറിവ്, വിനോദം, സാഹിത്യം, ആരോഗ്യം എന്നിങ്ങനെ സകലതലങ്ങളും മനോഹരമായി കൈകാര്യം ചെയ്യുന്ന എത്രയോ ബ്ലോഗുകൾ ബൂലോഗത്തുണ്ട്. അവയൊക്കെ ‘പരതി‘ കണ്ടെത്തി ഏറ്റവും മികച്ച ബ്ലോഗിന് തന്നെയാവണം വരും വർഷങ്ങളിലെങ്കിലും അവാർഡ് കൊടുക്കേണ്ടത്. അങ്ങനെ ചെയ്താൽ അവാർഡ് വാങ്ങുന്നവർക്കും അത് നൽകുന്നവർക്കും പിന്നെ ഞങ്ങളെപ്പോലുള്ള വായനക്കാർക്കും അതൊരു അഭിമാനമാവും.

വിശാലൻ, കുറുമാൻ, ബെർളി, കേരള ഹ ഹ ഹ സജീവ് , തമനു, മനു, സിമി, അരവിന്ദൻ, കൈപ്പള്ളി, എതിരൻ, കിരൺസ്, നന്ദൻ അങ്ങനെ അങ്ങനെയുള്ള ജനപ്രിയരെ മറന്നേക്കൂ .... എന്നാൽ..

http://medicineatboolokam.blogspot.com/ Dr.Suraj
http://pramaadam.blogspot.com/ K.M Pramod
http://valippukal.blogspot.com/ Ram Mohan Paliyath
B R P Bhaskar
http://vishakham.blogspot.com/ Kuzhur Wilson
http://raappani.blogspot.com/
http://lapuda.blogspot.com/
http://nirmalat.blogspot.com / Niramala

ഇങ്ങനെ ഇങ്ങനെ എത്രയോ ബ്ലോഗുകൾ ഈ ബൂലോഗത്ത് ശക്തമായ സാന്നിദ്ധ്യമാവുന്നു. ഇവരെയൊന്നും എന്തേ ആരും പരിഗണിക്കാത്തത്? അല്ലെങ്കിൽ കാണാതെ പോവുന്നു? ‘സമിതികൾ ‘ അവരവരുടെ പണി ചെയ്യട്ടെ. സംഘാടകർ അവരുടെ താത്പര്യങ്ങളാണോ സംരക്ഷിക്കുന്നതെന്ന് വായനക്കാർക്ക് തോന്നാനുള്ള ഇട അവർ നൽകാതിരിക്കട്ടെ. ഡോ. ധനലക്ഷ്മി ഈ അവാർഡിന് ശരിക്കും അർഹയായിരുന്നുവെന്ന് വരും നാളുകളിൽ അവരുടെ പോസ്റ്റുകളിലൂടെ തെളിയിക്കട്ടെ. എല്ലാം ശുഭമായി തീരട്ടെ. ബ്ലോഗ് ഇനിയും കൂടുതൽ ശക്തി പ്രാപിക്കട്ടെ.

കുറച്ചുകൂടി ശക്തമായ , പാളിച്ചകളില്ലാത്ത നടപടിക്രമങ്ങളിലൂടെ ‘കൂട്ടം-കണിക്കൊന്ന’ അവാർഡ് പ്രഖ്യാപനങ്ങൾ വരും വർഷങ്ങളിലെങ്കിലും നടക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കഴിയുമെങ്കിൽ അതിന് സഹായകരമായ നിർദ്ദേശങ്ങൾ നമ്മളോരോരുത്തരും നൽകാൻ തയ്യാറാവുകയും നല്ലതെങ്കിൽ അവർ അത് സ്വീകരിക്കുക കൂടി ചെയ്താൽ കാര്യങ്ങൾ കൂടുതൽ സന്തോഷകരമാവില്ലേ?

ഡോ.ധനലക്ഷ്മി നിങ്ങൾ എന്നോട് പൊറുക്കുക. ആക്ഷേപിക്കാനായല്ല ഞാനിത് കുറിച്ചത്. നിങ്ങൾ കഴിവുള്ള സ്ത്രീ തന്നെ. പക്ഷേ......

Wednesday, April 15, 2009

കാളപ്പക

പാപ്പച്ചച്ചേട്ടന്റെ പ്രധാന വരുമാന മാർഗ്ഗമായിരുന്ന പശുവിനെ തടിപ്പിക്കലും നായ്ക്കളുടെയും മൂരികളുടെയും വരിയെടുക്കലും അദ്ദേഹം ഉപേക്ഷിക്കാൻ തീരുമാനിച്ചതിന് പിന്നിൽ ഒരു കഥയുണ്ട്. ഇത്തിരിയധികം കദനം നിറഞ്ഞൊരു കഥ.

( എനിക്കാ കഥ വേണമെങ്കിൽ 2 വരിയിൽ തീർക്കാവുന്നതേയുള്ളു. എന്നാൽ അങ്ങനെ 2 വരിയിൽ തീർത്ത് എന്റെ വായനക്കാരെ രക്ഷിക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല. നിങ്ങൾ പരമാവധി അനുഭവിക്കണമെന്നുതന്നെയാണ് എന്റെ ആഗ്രഹം. )

ഒരുപാട് കാലങ്ങളോളം ഗ്രാമത്തിലെ പശുക്കളുടെ, ഒരുതുള്ളി ബീജത്തിനായുള്ള അലമുറയ്ക്ക് ആശ്വാസകരമായ അറുതി വരുത്തി വന്നിരുന്നത് പാപ്പച്ചൻ ചേട്ടന്റെ മൂരികളായിരുന്നു. കൊഴുത്തുമുഴുത്ത 2 മൂരിക്കുട്ടന്മാരായിരുന്നു പാപ്പച്ചൻ ചേട്ടനുള്ളത്. വാവടുക്കുമ്പോൾ ഗ്രാമത്തിന്റെ ഏതെങ്കിലുമൊരു കോണിൽ നിന്നുയരുന്ന പശുവിന്റെ അമറൽ കേൾക്കുമ്പോൾ തന്നെ മൂരിക്കുട്ടന്മാർ പ്രവർത്തനനിരതരായി മുക്രയിട്ട് മുൻ‌കാലുകൊണ്ട് മണ്ണ് ഇളക്കിയെറിഞ്ഞ് തങ്ങളുടെ ജോലിയിലുള്ള ആത്മാർത്ഥത പാപ്പച്ചൻ ചേട്ടനെ വിളിച്ചറിയിച്ചുകൊണ്ടിരുന്നു. എന്നാൽ പലപ്പോഴും ഒരു മൂരിക്ക് ആത്മാർത്ഥത അടക്കി ‘ബെഞ്ചി‘ലിരിക്കേണ്ടി വന്നിരുന്നു. ( അക്കാലം സാമ്പത്തികമാന്ദ്യം ഇല്ലാതിരുന്നതുകൊണ്ടും പാപ്പച്ചൻ ചേട്ടൻ വി.കെ മാത്യൂസ് ( IBS ) അല്ലാതിരുന്നതുകൊണ്ടും ‘രണ്ട് പേർക്കും‘ ഒരുമിച്ച് നൽകാനുള്ള പണി കിട്ടാറില്ലെന്ന് കരുതി മൂരികളിലൊന്നിനെയും പിരിച്ച് വിടാൻ പാപ്പച്ചൻ ചേട്ടൻ തയ്യാറായിരുന്നില്ല. )

ചിലപ്പോൾ കാര്യസാധ്യത്തിനായി ചിലർ പശുവിനെയും കൂട്ടി പാപ്പച്ചൻ ചേട്ടന്റെ വീട്ടിലേയ്ക്ക് വരും . മറ്റു ചിലപ്പോൾ ചിലർ പാപ്പച്ചൻ ചേട്ടനെയും മൂരിയേയും തങ്ങളുടെ വീടുകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവും. രണ്ടായാലും ഫലം സുനിശ്ചിതം. പശുവിന്റെ അമറലും നിൽക്കും കൃത്യസമയത്ത് ഉടമയ്ക്ക് നാല് കുഞ്ഞിക്കാൽ കാണുവാനും സാധിക്കും.

ഗ്രാമത്തിലെ സ്ത്രീകൾക്ക് പാപ്പച്ചൻ ചേട്ടനോട് പൊതുവേ ‘ഒരിതുണ്ട്’. മെലിഞ്ഞുണങ്ങിയതാണെങ്കിലും നല്ല കാതലുള്ള തടിയാണ് തന്റേതെന്ന് പെണ്ണുങ്ങളെ വിശ്വസിപ്പിക്കാനുള്ള വിരുത് പാപ്പച്ചൻ ചേട്ടനുണ്ടായിരുന്നു.

വീട്ടുടമയുടെ പറമ്പിലെ ഏതെങ്കിലും മരത്തിൽ ചേർത്ത് ‘ഇടിക്കൂട്’ പണിയുക എന്നതാണ് അദ്ദേഹത്തിന്റെ ആദ്യ ജോലി. പിന്നീട് വീട്ടുടമ ഭയഭക്തി ബഹുമാനത്തോടെ ഇടിക്കൂട്ടിലേയ്ക്ക് പശുവിനെ കയറ്റി നിർത്തും. മൂരിക്കൂട്ടൻ അപ്പോളും അടക്കാനാവാത്ത ആവേശത്തോടെ മണ്ണ് മാന്തി കളിച്ചുകൊണ്ടിരിക്കും. ആ സമയം പാപ്പച്ചൻ ചേട്ടൻ മടിക്കുത്തിൽ നിന്ന് മുറുക്കാൻ പൊതി എടുത്ത് സാവധാനം നാലും കൂട്ടി മുറുക്കി സമീപ പ്രദേശത്ത് എവിടെയെങ്കിലും ഒരു പെണ്ണ് നിൽക്കുന്നുണ്ടോന്ന് പരതി ഉണ്ടെങ്കിൽ അവരെ നോക്കിക്കൊണ്ട് മടിക്കുത്തിലേയ്ക്ക് മുറുക്കാൻ പൊതി തിരുകി ചൂണ്ടുവിരലും നടുവിരലും ചേർത്ത് ചുണ്ടിനുമേൽ ഒരു ‘വി’ വരച്ച് അതിനിടയിലൂടെ നൂല് പിടിച്ച് വിട്ട മാതിരി ചുവന്നുവരുന്ന മുറുക്കാൻ തുപ്പൽ ഒരു വഷളച്ചിരിയുടെ അകമ്പടിയോടെ തുപ്പും. എന്നിട്ട് മൂരിക്കുട്ടന്റെ കയറഴിച്ച് പശുവിന്റെ പിന്നിൽ കൊണ്ടെ നിർത്തും. നിത്യ തൊഴിൽ അഭ്യാസം. അങ്ങനെ നിർത്തുന്നതിന്റെ ഉദ്ദേശം മൂരിക്ക് ആരും പറഞ്ഞ് കൊടുക്കേണ്ടതില്ല. അവനെ ഏൽ‌പ്പിച്ച പണി അവൻ അമാന്തം കൂടാതെ നിർവ്വഹിക്കാൻ തുടങ്ങും. ആ സമയം ‘പശുവിന്റെ ആവശ്യത്തിലേയ്ക്ക് കൃത്യമായി മൂരിയുടെ ആവേശ’ത്തിന് വഴികാണിക്കുക എന്നത് മാത്രമാണ് പാപ്പച്ചൻ ചേട്ടന്റെ പണി. അദ്ദേഹം അത് തന്റെ ഒരു കരമുപയോഗിച്ച് വെടിപ്പായി നിർവ്വഹിക്കുകയും ചെയ്യും. ഒപ്പം മുൻപ് കണ്ട തരുണീമണിയുടെ മുഖത്ത് നോക്കി പഴയ ‘എ’ ക്ലാസ്സ് വഷളച്ചിരിയും ചിരിക്കും. ഏതാനും നിമിഷത്തെ അദ്ധ്വാനത്തിന് ശേഷം പിൻ‌വാങ്ങുന്ന മൂരിയുടെ വായിലേയ്ക്ക് 2 പച്ച മുട്ട പൊട്ടിച്ചൊഴിച്ച് കൊടുത്തു കഴിഞ്ഞാൽ പാപ്പച്ചൻ ചേട്ടന്റെ അന്നത്തെ പണി കഴിഞ്ഞു. ( നേരത്തെ നൽകിയ ‘വഷളച്ചിരിയ്ക്കുള്ള റിസൽട്ട് അനുകൂലമെങ്കിൽ‘ പിന്നെ രാത്രി അതുവഴി ഒരു വരവ് കൂടി അദ്ദേഹത്തിന് വരേണ്ടി വന്നേക്കാം )

വീടുകളിൽ വളർത്തുന്ന നായ്ക്കളുടെയും പിന്നെ മൂരിക്കുട്ടന്മാരുടെയും വരി എടുക്കാൻ പലരും പാപ്പച്ചൻ ചേട്ടനെ സമീപിച്ചിരുന്നു. നിങ്ങളിലാരെങ്കിലും അത്തരമൊരു ക്രൂരകൃത്യം നേരിൽ കണ്ടിട്ടുണ്ടോ? ഭീകരമാണത്. നായയെ മലർത്തിക്കിടത്തി ഒരു കവരക്കോൽ കൊണ്ട് അതിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് നാലു കാലുകളും കെട്ടിവരിഞ്ഞിട്ട് ബ്ലേഡ് ഉപയോഗിച്ച് പച്ചയ്ക്ക് നായയുടെ വരി നെടുകെ കീറും. കാണാൻ പോയിട്ട് കേട്ട് നിൽക്കാനാവില്ല ആ നായയുടെ മോങ്ങൽ. പിന്നിട് നായയുടെ വൃഷ്ണങ്ങൾ എടുത്ത് കളഞ്ഞ് ആ ഭാഗം ചാരവും മുളകും ചേർത്ത് പൊത്തി വയ്ക്കും. അതുപോലെ തന്നെയാണ് മൂരിക്കുട്ടന്മാരുടെ കാര്യവും. വരിയുടച്ച മൂരികളെയാണ് കാളകളെന്ന് വിളിക്കുക. പാടം ഉഴവാനും കലപ്പ പിടിക്കാനും ഉപയോഗിക്കുന്നത് ഇത്തരം മൂരികളെയാണ്. അല്ലെങ്കിൽ കാളകളെയാണ്.

പാപ്പച്ചൻ ചേട്ടന്റെ ഭാര്യ എപ്പോഴും എതിർക്കുന്ന ഒരു പണിയായിരുന്നു നായ്ക്കളുടെയും മൂരിക്കുട്ടന്മാരുടേയും വരി ഉടയ്ക്കുക എന്നത്. വരിയുടെ ആവശ്യകത എത്രമാത്രമുണ്ട് എന്ന് മനസ്സിലാക്കിയതുകൊണ്ടല്ല അത്. പശുവിനെ തടുപ്പിക്കൽ പുണ്യപ്രവർത്തിയാണെങ്കിൽ ‘വരിയുടയ്ക്കൽ’ നരകത്തിലേയ്ക്കുള്ള ‘ഗ്രീൻ ചാനലാ’ണെന്ന് ആ പാവം വിശ്വസിച്ചിരുന്നു. അവർ ശരിക്കും ഒരു ‘മൃഗപ്പറ്റുള്ള‘ സ്ത്രീ ആയിരുന്നു.

നാട്‌ നിറയെ വരിയുടക്കപ്പെട്ട നായ്ക്കളും മൂരികളും. അവയുടെ ശാപം. ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ ഫലപ്രദമായ ഉപകരണമില്ലാതെ അലയുന്ന നായ്ക്കൾ. കാളകൾ. അവയൊക്കെ പാപ്പച്ചൻ ചേട്ടന്റെ ഭാര്യയുടെ സ്വപ്നത്തിൽ തെളിയാറുണ്ടെത്രെ!

അമ്മയുടെ അഭിപ്രായം തന്നെയായിരുന്നു പാപ്പച്ചൻ ചേട്ടന്റെ മകൻ സ്റ്റീഫനും. ‘മൃഗപ്പറ്റിനേക്കാൾ ‘ സ്റ്റീഫനെ സ്വാധീനിച്ചത് ചങ്ങാതികൾ അവനെ ‘മൂരി സ്റ്റീഫാ..’ എന്ന് വിളിച്ച് കളിയാക്കുന്നു എന്നതായിരുന്നു. അതുകൊണ്ട് വരി ഉടയ്ക്കൽ മാത്രമല്ല തടിപ്പിക്കലും ‘ചാച്ചൻ ‘ നിർത്തലാക്കണമെന്നതായിരുന്നു സ്റ്റീഫന്റെ ആവശ്യം.

എന്നാൽ പാപ്പച്ചൻ ചേട്ടൻ ഭാര്യയുടെയും മകന്റെയും വാക്കുകൾക്ക് വിലകൊടുത്തില്ല.

പാപ്പച്ചൻ ചേട്ടന്റെ ഏക മകനായ സ്റ്റീഫൻ എന്റെ കൂട്ടുകാരനയായിരുന്നു. 7 വരെ ഞങ്ങൾ ഒരുമിച്ച് പഠിച്ചു. പിന്നെ ഞാൻ ചേർപ്പുങ്കൽ സ്കൂളിലേയ്ക്കും സ്റ്റീഫൻ പാലായിലേയ്ക്കും പഠിക്കാൻ പോയി. എങ്കിലും അവധി ദിവസങ്ങളിൽ ഞങ്ങൾ കണ്ടു. കളിച്ചു. വളർന്നു. ഞാൻ സെന്റ്. തോമസ് കോളേജിൽ പഠിച്ചപ്പോൾ അവൻ കുറവിലങ്ങാട് കോളേജിലായിരുന്നു. പിന്നീട് ഞാൻ തിരുവനന്തപുരത്തേയ്ക്ക് പോന്നു. സ്റ്റീഫൻ നാട്ടിൽ തന്നെ. ചെറിയ ബിസിനസ്സും അത്യാവശ്യം വീട്ടിലെ റബ്ബർ വെട്ടും നെൽകൃഷിയുമൊക്കെയായി അവൻ ജീവിച്ചു. വല്ലപ്പോഴുമേ കാണാൻ കഴിയുമായിരുന്നുള്ളുവെങ്കിലും ഞങ്ങളുടെ ചങ്ങാത്തം പഴയതുപോലെ തന്നെ തുടർന്നു.

നാട്ടിലൊന്നും പഴയതുപോലെ ആരും പശുക്കളെ ഇപ്പോൾ വളർത്താറില്ല. ഉള്ളവർ തന്നെ കൃത്രിമ ബീ‍ജസങ്കലനമാണിപ്പോൾ നടത്തുന്നത്. പാപ്പച്ചൻ ചേട്ടന്റെ മൂരികൾക്ക് ഇപ്പോൾ പണിയൊന്നുമില്ല. മുക്രയിടാതെയും മണ്ണ് മാന്തി എറിയാതെയും അവ ചുമ്മാ തിന്ന കച്ചിയും പഴയ ഓർമ്മകളും അയവിറക്കി തളർന്ന് കിടക്കുന്നു. അവയെ വിൽക്കാൻ സ്റ്റീഫൻ പറഞ്ഞിട്ടും പാപ്പച്ചൻ ചേട്ടൻ കേട്ടില്ല. പാപ്പച്ചൻ ചേട്ടന്റെ ചൊടിയും ചുണയുമൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. എങ്കിലും അയാൾ മൂരികളുടെ കാര്യങ്ങൾ ഭംഗിയായി നോക്കി. നിത്യവും അവയെ കുളിപ്പിച്ചും പുല്ലും കാടിയുമൊക്കെ കൊടുത്തും അയാൾ അവയെ പോറ്റിപ്പോന്നു. മരുന്നിന് പോലും ‘പൂശാനൊക്കുന്നില്ല‘ എന്ന കുറവൊഴിച്ച് ബാക്കി മൂരിക്കുട്ടന്മാരുടെ എല്ലാ‍ക്കാര്യങ്ങളും ഭംഗിയായി തന്നെ നടന്നു. എങ്കിലും അവയുടെ മുഖത്ത് നിഴലിക്കുന്ന നിരാശ പാപ്പച്ചൻ ചേട്ടനെ കൂടുതൽ തളർത്തി.

ഒരു ശനിയാഴ്ച ദിവസമായിരുന്നു സ്റ്റീഫന്റെ മനസമ്മതം. എനിക്ക് പങ്കെടുക്കാൻ സാധിച്ചില്ല. പെണ്ണ് അമേരിക്കയിൽ നേഴ്സാണ്. കെട്ട് കഴിഞ്ഞ് അധികം താമസിയാതെ സ്റ്റീഫനെയും അവൾ ‘അമേരിക്കാക്ക്’ കൊണ്ടുപ്പോവും. മനസമ്മതം കഴിഞ്ഞ്, വൈകിട്ട് അവനെന്നെ വിളിച്ചു. കല്യാണം അടുത്ത ഞായറാഴ്ച തന്നെ നടത്തണം. പെണ്ണിന് അധികദിവസം ലീവില്ല. കെട്ട് കഴിഞ്ഞ് അഞ്ചിന്റെ അന്ന് പെണ്ണ് പറക്കും. അടുത്ത വരവിന് അവനും പോവാം. കല്യാണത്തിന് ഞാൻ തീർച്ചയായും എത്തിയിരിക്കുമെന്ന് ഞാൻ അവന് വാക്കുകൊടുത്തു.

ഞായറാഴ്ച ഉച്ചയ്ക്ക് സജിയാണ് എന്നെ വിളിച്ച് സ്റ്റീഫൻ ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം അറിയിക്കുന്നത്. അന്ന് രാവിലെ സ്റ്റീഫന്റെ പാടം പൂട്ടാൻ ടില്ലർ ഇറക്കിയിരുന്നു. വരമ്പ് പിടിപ്പിക്കാനും വെള്ളമിറക്കാനുമൊക്കെ രാവിലെ മുതൽ സ്റ്റീഫനും പാപ്പച്ചൻ ചേട്ടനും പാടത്തുണ്ട്.

പാടത്തിന് അക്കരെയായാണ് ഓനൻ മാപ്ലയുടെ കശാപ്പ് കട. രാവിലെ കശാപ്പ് ചെയ്യാനായി കൊണ്ടുവന്ന കാളയുടെ നാലുകാലും ചേർത്ത് കെട്ടി ഓനൻ ചേട്ടൻ കോടാലിമാടുകൊണ്ട് കാളയുടെ നെറ്റിയിൽ ആഞ്ഞടിച്ചു. നിർഭാഗ്യവശാൽ കാളയുടെ കൊമ്പിൽ തട്ടി അടിയുടെ ഊക്ക് കുറഞ്ഞതും കാര്യം മനസ്സിലാക്കിയ കാള അങ്ങനെ അങ്ങ് ‘സിദ്ധി‘കൂടാൻ മനസ്സില്ലെന്നമറി,, കെട്ടും പൊട്ടിച്ച് പാടത്തേയ്ക്കൊരു ചാട്ടം.

കാള വിരണ്ടതുകണ്ട് പൂട്ടിക്കൊണ്ടിരുന്ന ടില്ലർ അതിന്റെ പാട്ടിനുവിട്ട് ‘ആപ്പി’ അടുത്ത കരപറ്റി. പാപ്പച്ചൻ ചേട്ടനും സ്റ്റീഫനും താഴത്തെ പാടത്ത് ഞാറ് നട്ടുകൊണ്ടിരുന്ന പെണ്ണുങ്ങളും അലറിപ്പാഞ്ഞ് ഓടി. എന്നാൽ ഓട്ടത്തിനിടയിൽ ചേറിൽ വീണുപോയ സ്റ്റീഫന്റെ മേളിലൂടെയാണ് കാള പാഞ്ഞു പോയത് . പോകുന്ന പോക്കിൽ കാള ഒരു കാൽ കുത്തിയത് സ്റ്റീഫന്റെ - അമേരിക്കക്കാരി നേഴ്സിന് സ്വന്തമാവേണ്ടിയിരുന്ന - പ്രോപ്പർട്ടിയിലായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ സ്റ്റീഫന്റെ കല്യാണ സുത്രം ചേറിൽ പൂണ്ടുപോയി. ‘ഉടഞ്ഞ സ്വപ്നങ്ങളുമായി’ അവൻ ചേറിൽ പുതഞ്ഞ് കിടന്നു.

വർഷങ്ങൾക്ക് ശേഷം ഇന്നവൻ അവിവാഹിതനാണ്‌. പാപ്പച്ചൻ ചേട്ടൻ മൂരികളെ വിറ്റു. വരി ഉടയ്ക്കൽ ഇനിയൊരിക്കലും എന്നല്ല ഇനി ഒരു ജന്മമുണ്ടങ്കിലും ചെയ്യില്ലന്ന തീരുമാനവും അദ്ദേഹം സ്വീകരിച്ചു.

കിഴക്കേടത്തെ ജോർജ് ചേട്ടന്റെ പൂവാലിപ്പശുവിനുണ്ടായ മൂരിക്കുട്ടനെ കാളപൂട്ടുകാരൻ രാജപ്പൻ വാങ്ങുകയും പാപ്പച്ചൻ ചേട്ടനെക്കൊണ്ട് വരി ഉടപ്പിച്ച് കാളയാക്കി കാലങ്ങളോളം അതിനെ പാടം പൂട്ടിച്ച് കാശുണ്ടാക്കി പിന്നെ അയാൾ സ്വന്തമായി ടില്ലർ വാങ്ങിയപ്പോൾ ആ കാളയെ ഓനൻ ചേട്ടന് അറക്കാൻ കൊടുക്കുകയും അവൻ പിന്നെ പാപ്പച്ചൻ ചേട്ടന്റെ മകന്റെ തന്നെ വരി ഉടയ്ക്കാൻ കാരണമാവുകയും ചെയ്തത് യാദൃശ്ചികമാവാം.

എന്നാൽ അത് പാപ്പച്ചൻ ചേട്ടന് കർത്താവ് കൊടുത്ത ശിക്ഷയായി അദ്ദേഹത്തിന്റെ ഭാര്യ കരുതിപ്പോരുന്നു. ഇപ്പോഴും.

----------------------------------------------------------------

ഈ കഥ എഴുതിക്കോളാൻ സ്നേഹപൂർവ്വം അനുവാദം തന്ന സ്റ്റീഫാ.. നിനക്ക് നന്ദി.

Thursday, April 9, 2009

ബലേ ഭേഷ് !!!

ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ കഥ പറയുമ്പോൾ കഥാകൃത്ത് അദ്ദേഹത്തിന്റെ പേര്, മറ്റ് സൂചനകൾ എന്നിവ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് മര്യാദ. ആ ഒരു മര്യാദയുടെ പേരിൽ മാത്രം ഞാൻ കഥാനായകന് വാമദേവൻ നമ്പൂതിരി എന്ന് പേര് നൽകുന്നു. ഈ പേരിഷ്ടമാവത്ത വായനക്കാർ അവരവരുടേതായ രീതിയിൽ പേര് നൽകാം. എന്നാൽ വാലിലുള്ള ‘നമ്പൂതിരി’ മാത്രം മാറ്റാതിരിക്കുക. കാരണം കഥാനായകൻ ഞങ്ങളുടെ നാട്ടിൻ പുറത്തെ കാവിൽ മേൽശാന്തിയായി കുറേ കാലം ഭഗവതിയെ സേവിച്ച ആളാണ്.

നാട്ടിൽ ചെന്നപ്പോൾ എന്റെ ഒരു സ്നേഹിതനെ കാണാനായാണ് ഞാൻ മുത്തോലി വരെ പോയത്. സ്നേഹിതനോട് സംസാരിച്ച് നിൽക്കുമ്പോൾ നമ്മുടെ നമ്പൂതിരി അവിടെ പ്രത്യക്ഷപ്പെടുന്നു. കണ്ടതും എന്നോടൊരു പറച്ചിൽ “ ടോ, തന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ ധോണി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവുമെന്ന്. ഫലിച്ചില്ലേ? നിങ്ങളത് വിശ്വസിക്കാൻ നിന്നില്ല. ഇപ്പോ, എന്ത് പറയുന്നു? “

എനിക്കൊന്നും പറയാൻ തോന്നിയില്ലെന്നു മാത്രമല്ല, പണ്ട്, ഇടവഴിയിൽവച്ച് കാമുകിയുടെ ചുണ്ടിന്റെ മധുരം നുണഞ്ഞുകൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായി അവളുടെ സഹോദരൻ മുന്നിൽ വന്നനേരം ഞെട്ടിയതുപോലൊരു ഞെട്ടൽ അദ്ദേഹത്തിന്റെ ചോദ്യം കേട്ടപ്പോൾ എന്നിലുണ്ടായി. എന്തുകൊണ്ടെന്നാവും?. ഇത്തരമൊരു ചോദ്യം നിത്യവും / ഇടയ്ക്കൊക്കെ കാണുന്ന സ്നേഹിതരുടെ ഇടയിലാണെങ്കിൽ അതിശയമില്ല. എന്നാൽ 3 വർഷങ്ങൾക്ക് ശേഷം മുന്നിൽ വന്ന് പെടുന്ന പരിചയക്കാരൻ , സാമാന്യമര്യാദയ്ക്കെങ്കിലും “ ഹരീ, എത്ര കാലമായി കണ്ടിട്ട്. സുഖമല്ലേ? ഇപ്പോൾ എവിടെയാണ്? “ എന്നൊക്കെ പോലും ചോദിക്കാതെ , ഏതാണ്ട് 4 വർഷങ്ങൾക്ക് മുൻപ് പറഞ്ഞ ഒരു കാര്യത്തെക്കുറിച്ച്, പറയുമ്പോൾ നിങ്ങളാണെങ്കിലും ഞെട്ടിപ്പോവില്ലേ? കുറഞ്ഞപക്ഷം അതിശയിക്കുകയെങ്കിലും ചെയ്യില്ലേ?

എന്നാൽ ഇത്തരമൊരു അതിശയമാണ് വാമദേവൻ നമ്പൂതിരി എന്ന് ചുരുക്കി പറയാം. ഞങ്ങൾ തമ്മിൽ നടന്ന തുടർന്നുള്ള സംസാരത്തിന് ഇവിടെ വലിയ പ്രസക്തി ഇല്ലാത്തതിനാൽ ഞാൻ അവ ഒഴിവാക്കുന്നു.

എന്റെ ഓർമ്മ ശരിയാണെങ്കിൽ ധോണിയെക്കൂറിച്ചുള്ള അദ്ദേഹത്തിന്റെ കമന്റ്
2004 ഡിസംബർ മാസത്തിന്റെ അവസാനത്തിലായിരുന്നു ഞാൻ കേട്ടത്. ഞാൻ മാത്രമല്ല എന്റെ സ്നേഹിതരും. ആ വർഷം ഡിസംബർ അവസാന കാലമായിരുന്നു ധോണി ആദ്യമായി ഇന്ത്യൻ ടീമിൽ എത്തിയതും ബംഗ്ലാദേശിനെതിരെയുള്ള ആദ്യ കളിയിൽ ഡക്ക് ആയി റൺ ഔട്ട് ആയതും. ആ കളിയുടെ പിറ്റേ ദിവസമാണ് ധോണി ഇന്ത്യൻ ക്യാപ്റ്റൻ ആവുമെന്ന പ്രവചനം ശ്രീ. വാമദേവൻ നമ്പൂതിരി നടത്തിയത്. ആ കാലം ധോണിയെക്കുറിച്ച് കാര്യമായ മതിപ്പില്ലാത്ത ഞങ്ങൾ വാമദേവൻ നമ്പൂതിരിയെ ശരിക്ക് പരിഹസിക്കുകയായിരുന്നു ഉണ്ടായത്. അക്കാര്യമാണ് അദ്ദേഹം ഇപ്പോൾ സൂചിപ്പിച്ചിരിക്കുന്നത്.

2003-ൽ ആയിരിക്കണം വാമദേവൻ നമ്പൂതിരി പാട്ടുപുരയ്ക്കലിൽ പൂജാരിയായി എത്തിയത്. തൊട്ടടുത്ത് പുലിയന്നൂർ എന്ന ഗ്രാമത്തിലായിരുന്നു ‘തിരുമേനി’യുടെ ഇല്ലം. രണ്ട് മക്കൾ. മൂത്തത് ആണ്. ഇളയത് പെൺകുട്ടി. ഏതാണ്ട് നമ്മുടെ പീതാംബരക്കൂറുപ്പിനെ ഓർമ്മിപ്പിക്കുന്ന രൂപ പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു പഴയ മൊപ്പഡിലാണ് സഞ്ചാരം. ക്രിക്കറ്റാണ് ഇഷ്ടവിഷയം. പകലും രാത്രിയുമായി കളിയുള്ള ദിവസങ്ങളിൽ വൈകിട്ടത്തെ പൂജയ്ക്കായി അദ്ദേഹം വരുമ്പോൾ ഒരു കുഞ്ഞ് റേഡിയോ കൂടി കരുതിയിരിക്കും. പൂജാകർമ്മങ്ങളൊക്കെ തിടുക്കത്തിൽ തീർത്ത് ഇടതുചെവിയിൽ റേഡിയോയും തിരുകി തിടപ്പള്ളിയിൽ തിരുമേനി കുന്തിച്ചിരിക്കും. ഇടയ്ക്ക് ആരെങ്കിലും സിക്സറടിച്ചാൽ നിലത്തെറിഞ്ഞ് വിട്ട റബ്ബർ പന്ത് പോലെ ഇരുന്ന ഇരുപ്പിൽ മേൽ‌പ്പോട്ടൊന്ന് ചാടി ‘ബലേ ഭേഷ് ‘ എന്ന് ഉറക്കെ ശബ്ദിക്കും.

ഒരു വിഷുനാളിൽ കണിക്കൊപ്പം കൃഷ്ണന്റെ സമീപത്തായി തിരുമേനിയുടെ പഴയ ഇഷ്ട കളിക്കാരൻ വിവിയൻ റിച്ചാർഡ്സിന്റെ ചിത്രം കൂടി വച്ചത് വിവാദമാവുകയും അന്ന് ‘പൂണുനൂലിനോടുള്ള‘ ബഹുമാനം കൊണ്ട് മാത്രം ഭക്തജനങ്ങൾ അദ്ദേഹത്തിന്റെ നെഞ്ചിൽ കണിവയ്ക്കാതെയുമിരുന്നു. ആ സംഭവത്തോടെയാണ് വാമനൻ തിരുമേനിയെ ‘വി.ടി’ എന്ന് ആൾക്കാർ വിളിച്ച് തുടങ്ങിയത്. - വി.ടി എന്നത് ‘വട്ടൻ തിരുമേനി’ എന്നതിന്റെ ചുരുക്കപ്പേരാണ്. - ഞാനങ്ങനെ വിളിച്ചിട്ടില്ല.

ആരു പറയുന്നതും അതിന്റെ യുക്തി നോക്കാതെ വിശ്വസിക്കുന്ന ഒരു പാവമായിരുന്നു തിരുമേനി. ഒരിക്കൽ ഒരു തമാശയുണ്ടായി. ‘സണ്ണി‘ സ്കൂട്ടർ പ്രചാരത്തിലുള്ള കാലം. പഴയ മൊപ്പഡ് മാറ്റി ഒരു സണ്ണി വാങ്ങണമെന്ന തിരുമോനിയുടെ മോഹം എന്നോടദ്ദേഹം പങ്കു വയ്ച്ചു. ഞാൻ പറഞ്ഞു ‘ തിരുമേനി, അത് പ്രശ്നമാവും. അമ്പലത്തിലെ പൂജാരി സണ്ണി എന്നൊരു ക്രിസ്ത്യൻ പേരുള്ള സ്കൂട്ടറുമായി അമ്പലത്തിൽ വന്നാൽ അത് ഭക്തജനങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാവില്ലേ? ‘

തിരുമേനി ഒരു നിമിഷം അലോചിച്ച് പറഞ്ഞു.

‘വിഡ്ഡീ... സുനിൽ ഗവാസ്കറെ സണ്ണി എന്നല്ലേടോ വിളിക്യാ? അയാൾ മാപ്ല അല്ലല്ലോ? ഉവ്വോ?’

‘ അത് സത്യമാണ്. പക്ഷേ അക്കാര്യം എല്ലാവർക്കും അറിയണമെന്നില്ലല്ലോ തിരുമേനി. ഒന്നാമത് ക്രിക്കറ്റിൽ തിരുമേനിക്കുള്ള വിവരം ഇവിടെയുള്ളവർക്കില്ല. അതുകൊണ്ട് ഉറപ്പായും ഇത് പ്രശ്നമാക്കും. എന്തായാലും തിരുമേനി സണ്ണി വാങ്ങണ്ട. ‘

‘ പിന്നേപ്പോ എന്താ ചെയ്ക? ഈ ശകടം എന്നെ കുരിവിനാൽ കുന്ന് മുഴുവൻ ഉന്തിക്കുകയാണെടോ. ‘

‘ ഒരു ആറ് മാസം തിരുമേനി കാക്ക്. സണ്ണിയെ തോൽ‌പ്പിക്കാൻ ഹീറോ ഹോണ്ട ‘ദാമോദരൻ പോറ്റി ‘ എന്ന പേരിൽ ഒരു സ്കൂട്ടർ ഇറക്കുന്നുണ്ട്. 100 സി.സി. ‘

‘ ഹൈയ്. താനെന്താ ഈ പറയണത്. സ്കൂട്ടറിന് ‘ദാമോദരൻ പോറ്റി‘ എന്ന് പേരിടുകയോ!! അങ്ങനെ സംഭവിക്കില്ല്യാലോ. ‘

‘ അപ്പോ തിരുമേനി അറിഞ്ഞില്ലേ? ഉത്തരേന്ത്യയിലൊക്കെ ശിവസേനക്കാർ സണ്ണി സ്കൂട്ടർ കത്തിക്കുകയാ. സണ്ണി എന്ന പേര് ‘ആദിത്യ’ എന്ന് മാറ്റണമെന്നാണ് അവരുടെ ആവശ്യം. അവരെ പ്രീണിപ്പിക്കാനാണിപ്പോൾ ഹീറോ ഹോണ്ട ‘ ദാമോദരൻ പോറ്റി സ്കൂട്ടർ‘ ഇറക്കുന്നത്’

‘ ബലേ ഭേഷ്. അപ്പോൾ അതുമതിയെടോ. ആറ് മാസം കാക്കാം. ‘

തിരുമേനി അത് വിശ്വസിച്ചു എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിച്ചേക്കില്ല. പക്ഷേ, അതാണ് സത്യം. അത്രയ്ക്ക് ശുദ്ധനായിരുന്നു അദ്ദേഹം. അത്രയ്ക്ക് പാവവും. പിന്നെ പരിസരം നോക്കാതെ ചില പ്രയോഗങ്ങളൊക്കെ നടത്തും എന്നൊരു കുറവുണ്ട്. ഒരുദാഹരണം പറയാം. നാട്ടിലുള്ള ഉലഹന്നാൻ ചേട്ടൻ എന്ന ആൾ മരിച്ചു പോയി. ഈ വിവരം അറിഞ്ഞ തിരുമേനി രാവിലത്തെ പൂജ കഴിഞ്ഞ് അമ്പലവും പൂട്ടി ഉലഹന്നാൻ ചേട്ടനെ കാണാൻ പോയി. പെട്ടിക്കുള്ളിൽ കിടക്കുന്ന ഉലഹന്നാൻ ചേട്ടനെ നോക്കിയിട്ട് അടുത്തു നിൽക്കുന്ന തോമാച്ചനോട് തിരുമേനി ചോദിച്ചു ‘ സെഞ്ചറി അടിക്കുമെന്ന ഭാവത്തിൽ ക്രീസിലെത്തിയ ബാറ്റ്സ്മാൻ ഫസ്റ്റ് ബോളിൽ ഡക്കായി പുറത്തേക്ക് നടക്കുമ്പോൾ കാണുന്ന ഒരു നിരാശയാണ് ഉലഹന്നാൻ മാപ്ലയുടെ മുഖത്ത് അല്ലേ തോമാച്ചോ ‘ എന്ന്. ആ ചോദ്യത്തിന് കൂട്ടായി ‘ഞാൻ പറഞ്ഞത് ശരിയല്ലേ ‘ എന്ന ഭാവത്തിൽ ഒരു നോട്ടവും. ഇതൊക്കെ കണ്ടും കേട്ടും നിന്ന ഞാൻ ചിരി അടക്കാനായി ഉള്ളം തുടയിൽ നുള്ളി നോവിച്ചത് ഇപ്പോഴും ഓർക്കുന്നു.

ഭക്തജനങ്ങളെ ആകെ ചിരിപ്പിച്ച ഒരു സംഭവവും നമ്മുടെ തിരുമേനി ഒരിക്കൽ ഒപ്പിച്ചു. ദീപാരാധനയ്ക്കായി തിരുമേനി ശ്രീകോവിലിൽ കയറി നട അടച്ചു. ബാലൻ ചേട്ടൻ തകൃതിയായി ഇടയ്ക്ക കോട്ടിക്കൊണ്ടിരുന്നു. ചില കുട്ടികൾ നടയിൽ കർപ്പൂരം വച്ച് കത്തിക്കാനായി കാത്ത് നിന്നു. ഏതാണ് 5 മിനിറ്റുകളോളം കഴിഞ്ഞ് തിരുമേനി പതിവിനുവിരുദ്ധമായി വാതിലിന്റെ ഒരു പാളി മാത്രം തുറന്നു. വാതിലിൽ പിടിപ്പിച്ചിരിക്കുന്ന ചെറിയ ഓട്ടുമണിയുടെ നാദം കേട്ടതും ബാലൻ ചേട്ടൻ സർവ്വശക്തിയുമെടുത്ത് ശംഖുവിളിച്ചും കുട്ടികൾ കർപ്പൂരം കത്തിച്ചും തുടങ്ങി. ഉടൻ തന്നെ തല വെളിയിലേക്കിട്ട് തിരുമേനി അലറി ‘ ബാലാ, നിർത്തൂ...നിർത്തു.. ഞാൻ മണിയെടുക്കാൻ മറന്നിരിക്ക്ണു. തിടപ്പള്ളിയിൽ നിന്ന് ആ മണി ഒന്നിങ്ങ്ട് എട്ത്ത് തര്യാ ബാലാ.... ‘ ശംഖ് മാറ്റിയതും ബാലൻ ചേട്ടന്റെ ചൂണ്ടിൽ നിന്നടർന്ന് വീണത് സാമാന്യം ഭേദപ്പെട്ട ഒരു ‘സരസ്വതി ‘ ആയിരുന്നുവെന്നാണ് എന്റെ വിശ്വാസം. മണിതിരിച്ച് കിട്ടിയ തിരുമേനി നീർക്കോലി തല വലിക്കുന്നപോലെ ശ്രീകോവിലിലേയ്ക്ക് തല വലിച്ച് ഒന്നുകൂടി നട അടച്ചു. ഒട്ടും അമാന്തം കൂടാതെ തന്നെ വീണ്ടും തുറന്ന് മണികിലുക്കി ആരതി ഉഴിഞ്ഞു. അപ്പോൽ ഭക്തർ പ്രാർത്ഥിക്കാൻ മറന്ന് ചിരിച്ചു മറിഞ്ഞു എന്നത് ചരിത്രമായി.

പിന്നീടൊരിക്കൽ അദ്ദേഹത്തെ ഞാൻ കാണുന്നത് പാലാ ന്യൂ തീയറ്ററിൽ നൂൺ ഷോയ്ക്കിടക്ക് വച്ചാണ്. ‘മറ്റേ ഗോപാലകൃഷ്ണൻ സാറിന്റെ ‘ പടം 100 ദിവസം വരെ ഓടുന്ന തീയറ്ററാണത്. കോളേജിൽ പഠിക്കുന്ന കാലത്ത് ഏറ്റവും കൂടുതൽ അറ്റൻഡസ് വീണത് ഈ തീയറ്ററിലാണ്. പഴയ ഓർമ്മകൾ പുതുക്കാനായി ഞങ്ങൾ 4 കോളേജ് കൂട്ടുകാർ ഒത്തുകൂടി. രാവിലെ തന്നെ കോളേജിലെത്തി മുക്കും മൂലയും ചുറ്റി കണ്ടു. മൈതാനത്തുകൂടി നടന്നു. പിന്നെ ഫ്രീസിംഗ് പോയിന്റിൽ കയറി ഐസ് ക്രീം കഴിച്ചു. അൽഫോൺസാ കോളേജിന്റെയും സെന്റ്. തോമസ് കോളേജിന്റെയും ഇടയിലുള്ള ‘പഞ്ചാരമുക്കിൽ‘ കുറച്ച് സമയം ഓർമ്മകൾ അയവിറക്കി നിന്നു. മീനച്ചിലാറ്റിലിറങ്ങി. കൊട്ടാരമറ്റം സ്റ്റാൻഡിൽ പോയി പഴയ കാമുകി യാത്രചെയ്തിരുന്ന ‘ചിലങ്ക‘ ബസ്സിൽ കയറി കുറച്ച് സമയം ഇരുന്നു.. പിന്നെ മരിയ ബാറിൽ പോയി കുടിച്ചു. അതുകഴിഞ്ഞ് ന്യൂതീയറ്ററിലേയ്ക്ക് . പഴയ ഏതോ പടം. പേര് ഓർമ്മയിലില്ല. വിഷയം ‘സെക്സ് എഡ്യൂക്കേഷനാണ് ‘. ഞങ്ങൾ ഡോക്ടറേറ്റ് എടുത്ത വിഷയം. എങ്കിലും പഴയ ഒരു കോളേജ് ദിനത്തിന്റെ പുനർസൃഷ്ടിക്കായി ഞങ്ങൾ അതും ‘സഹിച്ചു’.

സിനിമയിൽ പ്രസവം പച്ചയായി ആവിഷ്കരിക്കുന്നുണ്ട്. സ്ക്രീനിലേയ്ക്ക് നോക്കിയിരിക്കാനുള്ള ശക്തി നൽകാൻ കുടിച്ച മദ്യത്തിന് കഴിയാതെ വന്നതിനാൽ ഞാൻ കുനിഞ്ഞിരുന്നു. അപ്പോഴാണ് തൊട്ട് പിന്നിൽ നിന്ന് ‘ബലേ ഭേഷ് ‘ എന്ന് പറഞ്ഞ് ഒരാൾ എഴുന്നേറ്റ് നിന്ന് കൈ അടിക്കുന്നത് ശ്രദ്ധിച്ചത്. വാമദേവൻ നമ്പൂതിരി. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഇഷ്ടവിഷയം ക്രിക്കറ്റ് മാത്രമല്ല അല്ല്ലേ എന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. ‘ ഹൈയ്, ക്രിക്കറ്റ് തന്നെ നമുക്ക് മുഖ്യം. എന്നാൽ നിത്യേന കളിക്കുന്ന കളിയോട് നമുക്കിത്തിരി കമ്പം കൂടുതൽ കാണാതിരിക്കുമോടോ? ‘

അതായിരുന്നു അദ്ദേഹവുമായുള്ള എന്റെ അവസാന കൂടിക്കാഴ്ച.

പിന്നെ, ദേ, ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ വീണ്ടും എത്തിയിരിക്കുന്നു. അല്ല. അദ്ദേഹം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

സ്വന്തം പെരുമാറ്റം കൊണ്ടുമാത്രം അപഹാസ്യനായി പോയ ഒരു മനുഷ്യൻ. സമൂഹം കണക്കറ്റ് പരിഹസിക്കുമ്പോൾ അവയൊന്നും ഉള്ളിലേക്കെടുക്കാതെ സ്വന്തം ജീവിതത്തെ അതിന്റെ വഴിക്ക് കെട്ടഴിച്ച് വിട്ട് ശാന്തമായി നടക്കുന്ന ഒരാൾ. പരിഹസിക്കുന്നവർക്കും സ്നേഹിക്കുന്നവർക്കും ഒരേ പരിഗണന നൽകുന്ന ഒരു വ്യക്തി. മകളുടെ മരണത്തെക്കുറിച്ച് “ ടോ, ഹര്യേ.. ലക്ഷ്യത്തിലെത്തുമുൻപേ ഔട്ട് ആവുന്നവരോട് ‘ഫോളോ ഓൺ ‘ ചെയ്യാൻ ഈശ്വരൻ പറഞ്ഞിരുന്നെങ്കിൽ എന്റെ മോൾക്ക് ഒരിന്നിംഗ്സ് കൂടി കളിക്കാൻ അവസരം കിട്ടിയേനേ. എന്നാലതുണ്ടായില്ല.“ എന്ന് പറഞ്ഞതിനെ എങ്ങനെയാണ് കാണേണ്ടതെന്ന് ഇപ്പോഴും എനിക്കറിയില്ല. വിഷയം മാറ്റാനാണ് ഞാൻ മോന്റെ കാര്യം തിരുമേനിയോട് ചോദിച്ചത്. മകൻ ഇപ്പോൾ ഏതൊ ക്ഷേത്രത്തിലെ പൂജാരിയായിരിക്കുന്നു.

തന്റെ നാട്ടുകാർ എന്നെ ‘വി.ടി’ എന്ന് വിളിച്ചതുപ്പോലെ എന്റെ മോനെ വിളിക്കേണ്ടി വരില്ലടോ. വേണമെങ്കിൽ അവനെ ‘എം.ടി’ എന്ന് വിളിക്കാം. ‘മിടുക്കൻ തിരുമേനീന്ന് ‘ . അവൻ മിടുക്കനായെടോ ഹരീ.. എന്ന് പറയുമ്പോൾ ആ മനുഷ്യന്റെ മുഖത്ത് ഞാൻ കണ്ട സന്തോഷം അതേപോലെ വിവരക്കാൻ എന്റെ ഭാഷ മതിയാവില്ലല്ലോ എന്ന ദു:ഖം മാത്രമാണ് എനിക്കുള്ളത്.

തിരുമേനി ഇപ്പോൾ പൂജകൾക്കൊന്നും പോവാറില്ല. പരിസരത്തുള്ള ഒരു ക്ഷേത്രത്തിലും അദ്ദേഹത്തെ പൂജാരിയായി വയ്ക്കാൻ ഭക്തർ അനുവദിക്കാറുമില്ല.

3 വർഷക്കാലം ഞങ്ങളുടെ പാട്ടുപുരയ്ക്കൽ കാവിൽ അദ്ദേഹം പാട്ടുപുരയ്ക്കലമ്മയെ ഉണർത്തി ഊട്ടി ഉറക്കി ‘ഉപജീവനം‘ നടത്തിയിരുന്നു. ഭൂരിപക്ഷം ഭക്തർ അദ്ദേഹത്തെ എതിർത്തിരുന്നെങ്കിലും പാട്ടുപുരയ്ക്കലമ്മ അദ്ദേഹത്തിന്റെ സാമീപ്യം ആസ്വദിച്ചിരുന്നു എന്നാണ് എന്റെ വിശ്വാസം.

ഈശ്വരന്മാർക്ക് ചിരിയും വിനോദവും നൽകിയ പൂജാരീ അങ്ങേയ്ക്ക് നന്മ വരട്ടെ. ഹീറോ ഹോണ്ട ‘ദാമോദരൻ പോറ്റി സ്കൂട്ടർ ‘ ഉണ്ടാക്കുമെന്ന് പറഞ്ഞ് പറ്റിച്ചതിൽ അങ്ങെനിക്ക് എനിക്ക് മാപ്പും നൽകുക.

( പോറ്റി വിശേഷങ്ങൾ ധാരാളമുണ്ട്. പക്ഷേ, നിങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ താത്പര്യമില്ലാത്തതിനാൽ ചുരുക്കുന്നു.
ഈ സംഭവങ്ങൾ അദ്ദേഹത്തെ അപഹാസ്യനാക്കാനായി എഴുതിയതല്ല. ആരും അങ്ങനെ ധരിക്കരുതേ. ഒരു പോസ്റ്റ് എഴുതി അവ പല ആവർത്തി വായിച്ച് അവശ്യം വേണ്ട എഡിറ്റിംഗ് നടത്തിയേ പബ്ലിഷ് ചെയ്യാവൂ എന്ന് സ്നേഹപൂർവ്വം ഉപദേശിച്ച ഗായത്രി അശോകേട്ടൻ, ബ്രിജ്‌വിഹാരം മനുജി, നന്ദേട്ടൻ എന്നിവരോട് ക്ഷമ പറയുന്നു. ഇത്തവണ കൂടി ഞാനത് പാലിക്കുന്നില്ല. എന്നാൽ ഇനി മേലിൽ ഈ തെറ്റ് ഞാൻ ആവർത്തിക്കുകയുമില്ല. )

Tuesday, April 7, 2009

ബ്ലോഗേഴ്സും സാമൂഹിക പ്രതിബദ്ധതയും.

ബ്ലോഗ് എഴുത്തുകാർക്ക് സാമൂഹിക പ്രതിബദ്ധതയും പൊരബോധവുമൊക്കെ വേണോ? ‘വേണ്ട‘ എന്ന് വേണമെങ്കിൽ ഒറ്റവാക്കിൽ ഉത്തരം നൽകാം.

സമൂഹത്തെ നന്നാക്കാൽ ബ്ലോഗേഴ്സിന്റെ എന്നല്ല അച്ചടി മാധ്യമത്തിൽ എഴുതുന്ന എഴുത്തുകാരുടെയും പണിയല്ല. എഴുത്തുകാരന് എഴുതിയാൽ കാശ് കിട്ടും, പേര് കിട്ടും. പേരുള്ള ബ്ലോഗർ എഴുതിയാൽ അവന് ധാരാളം കമന്റ് കിട്ടും. കമന്റ് പക്ഷേ വയറുനിറക്കില്ല. അപ്പോൾ ബ്ലോഗർ എഴുതുന്നത് പേരിനുവേണ്ടിയും ആത്മനിർവൃതിക്ക് വേണ്ടിയും കുറെയൊക്കെ കമന്റുകളിലൂടെ ലഭിക്കുന്ന അംഗീകാരങ്ങൾക്ക് വേണ്ടിയുമാണ്. കാശിനുവേണ്ടിയല്ലെന്ന് നിശ്ചയം. ബ്ലോഗർക്ക് വയറ്‌ നിറക്കാൻ വേറേ പണി നോക്കണം.

എഴുത്തുകാരന് വ്യവസ്ഥിതികളെ പേടിക്കണം. ബ്ലോഗർക്കതുവേണ്ട. എഴുത്തുകാരൻ നിലനില്പിന് വേണ്ടി പല വ്യക്തികളെയും പ്രീണിപ്പിക്കേണ്ടിവരും. അവന് എഴുത്തിൽ നിയന്ത്രണങ്ങൾ പാലിക്കേണ്ടിവരും. സത്യത്തെ വെള്ളം ചേർത്ത് നേർപ്പിക്കേണ്ടി വരും. പലരുടെയും ഇഷ്ടാനിഷ്ടങ്ങൾ അവർക്ക് നോക്കേണ്ടി വരും. കുറഞ്ഞ പക്ഷം സ്വന്തം നിലനില്പിനെക്കുറിച്ച് ബോധവന്മാരായ എഴുത്തുകാർക്കെങ്കിലും. എന്നാൽ ഒരു ബ്ലോഗർക്ക് അതിന്റെ ആവശ്യമുണ്ടോ?

ഇല്ല സ്നേഹിതരേ.

അപ്പോൾ ആദ്യത്തെ ‘വേണ്ട’ എന്ന ഉത്തരത്തെ നമുക്ക് ‘വേണം’ എന്ന് തിരുത്തേണ്ടിവരും. അതായത് ഒരു ബ്ലോഗർക്ക് പൌരബോധം വേണം. സാമൂഹിക പ്രതിബദ്ധത വേണം. കാരണം നമ്മൾ കൂലി എഴുത്തുകാരല്ല. ബ്ലോഗ് എഴുത്തിലൂടെ നമ്മൾ ബ്ലോഗർമാർ കുക്ഷി നിറക്കുന്നില്ല. എന്നാൽ നമ്മൾ എഴുതുന്നതിലൂടെ മറ്റുള്ളവർ എന്തെങ്കിലും നേടുന്നുവെങ്കിലോ? അത് നല്ലതല്ലേ? പുണ്യമല്ലേ?

( ഒരു പക്ഷേ ഞാനൊഴിച്ച് ) നമ്മളിലെ ബഹുഭൂരിപക്ഷം ബ്ലോഗർമാരും ഓരോ പോസ്റ്റിലൂടെയും ധാരാളം വായനക്കാർക്ക് മാനസികോല്ലാസം നൽകുന്നുവെന്ന് ഞാൻ ഓർക്കുന്നു. അങ്ങനെ വേണം താനും. എന്നാൽ അങ്ങനെ മാത്രം മതിയോ?

ഒരു ദിവസം പോസ്റ്റ് ചെയ്യപ്പെടുന്ന പോസ്റ്റുകളുടെ എണ്ണത്തിൽ നല്ലൊരു ശതമാനവും ഓർമ്മക്കുറിപ്പുകളും നർമ്മാനുഭവങ്ങളും കവരുന്നു. അവയൊന്നും മോശമാണെന്നല്ല ഞാൻ പറഞ്ഞ് വരുന്നത്. ജീവിതത്തിന്റെ സ്ഥായീ ഭാവമായ ദു:ഖം മറക്കാനാവും നമ്മൾ പോസ്റ്റെഴുതുന്നതും വായനക്കാർ അത് വായിക്കുന്നതും.

ഒരു പക്ഷേ, കേരളത്തിലിരുന്ന് ബ്ലോഗ് എഴുതുന്നവരുടെ എണ്ണമാവും ബ്ലോഗ് വായനക്കാരേക്കാൾ കൂടുതൽ. അതായത് ബ്ലോഗ് വായനക്കാർ കൂടുതലും കേരളത്തിനുപുറത്താണെന്നാണ് എന്റെ വിശ്വാസം. തെറ്റോ, ശരിയോ? എന്റെ ഊഹം മാത്രം. സ്വാഭാവികമായും കേരളത്തിൽ നിന്നകന്ന് ജോലിചെയ്യുകയും ഒപ്പം ബ്ലോഗ് എഴുത്തും ബ്ലോഗ് വായനയുമായി കഴിയുന്ന വ്യക്തികൾ അവരിലെ ഗൃഹാതുരത്വമെന്ന നന്മയുടെ പ്രവർത്തനഫലമായി ഒരു പക്ഷേ ഇത്തരം ഗ്രാമീണ അനുഭവങ്ങൾ തുടിക്കുന്ന, നർമ്മരസ പ്രദാനമായ പോസ്റ്റുകളെ കൂടുതൽ പ്രോത്സാഹിപ്പിച്ചിട്ടുണ്ടാവാം. അവർ എഴുതുന്ന പോസ്റ്റുകൾ പലതും നാടിന്റെ സ്പന്ദനങ്ങൾ അറിയുന്നവയുമാവാം.

ഉദാഹരണത്തിന് ഏവർക്കും സമ്മതനായ ‘വിശാലമനസ്കന്റെ’ കാര്യം തന്നെ എടുക്കാം. സജീവ് എടത്താടൻ എന്ന വിശാലമനസ്കൻ എഴുതിയവയിൽ ഭൂരിപക്ഷവും നർമ്മവും നാട്ടിൻ പുറത്തിന്റെ നന്മയും നിറഞ്ഞ് നിൽക്കുന്ന കഥകളായിരുന്നു . തീർച്ചയായും അദ്ദേഹത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഞാനടക്കമുള്ള പല ബ്ലോഗർമാരും ബ്ലോഗ് എന്നാൽ നർമ്മം എന്ന് ധരിച്ച് തമാശ പോസ്റ്റുകൾ എഴുതി വായനക്കാരെ കഷ്ടത്തിലാക്കിക്കൊണ്ടിരിക്കുന്നു. പരോക്ഷമായി പാവം വിശാലമനസ്കൻ പല ബ്ലോഗർമാരെയും തെറ്റായ പാതയിലേയ്ക്ക് നയിച്ച ക്രൂരനാണെന്ന് പറയേണ്ടി വരും.

ഒരു പക്ഷേ ബ്ലോഗിൽ ഹിറ്റായ എഴുത്തുകാർ ഭൂരിപക്ഷവും നർമ്മത്തിലൂടെ കാര്യങ്ങൾ അവതരിപ്പിച്ചതിനാലാവും ‘ചിരിയാണ് ബ്ലോഗിന്റെ സ്ഥായീ ഭാവം‘ എന്ന് ഭൂരിപക്ഷം പുതിയ ബ്ലോഗർമാർ ധരിച്ചതും അവർ അതേ പാത പിന്തുടർന്ന് പോന്നതും. ചിരിപ്പിക്കാനും ചിരിക്കാനും കഴിയുന്നത് വലിയ ഭാഗ്യം തന്നെ. എന്നാൽ ചിരിക്കൊപ്പം ചിന്തകൾക്കുകൂടി പ്രാധാന്യം നൽകേണ്ടതല്ലേ? അതിശക്തമായി വളർന്നുകൊണ്ടിരിക്കുന്ന ബ്ലോഗ് എന്ന മാധ്യമം ചിരിച്ച് ചിരിച്ച് മണ്ണുകപ്പി കിടക്കേണ്ടത് മാത്രമല്ലെന്ന് ബ്ലോഗിലേയ്ക്ക് വരുന്ന പുതിയ തലമുറ മനസ്സിലാക്കണം.

പുതിയ ആൾക്കാരെ ബ്ലോഗിലേയ്ക്ക് കൊണ്ടുവരാൻ സ്കൂൾ, കോളേജ് തലത്തിൽ സെമിനാറുകളും മറ്റ് ബോധവൽക്കരണ ക്ലാസ്സുകളും ഒരു കൂട്ടം മുതിർന്ന ബ്ലോഗേഴ്സിന്റെ നേതൃത്വത്തിൽ നടത്തുവാൻ പോവുന്നുവെന്ന് കേട്ടു. നല്ല കാര്യമാണ്. എന്നാൽ അവർക്ക് ഗൌരവത്തോടുകൂടി ബ്ലോഗ് എന്ന സങ്കേതത്തെ കാണുവാനുള്ള പ്രാപ്തികൂടി ഉണ്ടാക്കുവാൻ ഇത്തരം നല്ല കാര്യങ്ങൾക്ക് മുൻ‌കൈ എടുക്കുന്ന ആ‍ൾക്കാർ ശ്രദ്ധിക്കണം. ഒരാൾ തന്റെ ബ്ലോഗിൽ എന്തെഴുതണം എന്ന് തീരുമാനിക്കാൻ എഴുതുന്ന വ്യക്തിക്ക് മാത്രമേ അവകാശമുള്ളുവെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, ഇടയ്ക്കെങ്കിലും ഗൌരവമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കണം. അങ്ങനെ എഴുതുന്ന വ്യക്തികളെ നമ്മൾ വായനക്കാർ വായിക്കുവാനും അവയെക്കൂറിച്ചുള്ള അഭിപ്രായം അറിയിക്കുവാനും ശ്രമിക്കണം.

അച്ചടി മാധ്യമത്തിന്റെ പരിമിതി നമുക്കൊക്കെ അറിയാമല്ലോ? ഇന്ന് കേരളത്തിലെ ഏത് പത്രപ്രവർത്തകനാണ് തന്റേടത്തോടെ ഒരു സത്യം വിളിച്ച് പറയാനാവുന്നത്. അയാൾ അങ്ങനെ ഒരു ശ്രമം നടത്തിയാൽ തന്നെ അത് അയാൾ ജോലി ചെയ്യുന്ന പത്രത്തിന്റെ അല്ലെങ്കിൽ ചാനലിന്റെ താത്പര്യത്തെ ഹനിക്കുന്നതാണെങ്കിൽ അത് വെളിച്ചം കാണുമോ? പത്ര വായനക്കാർ എപ്പോഴും അറിയുന്നത് അർദ്ധസത്യങ്ങളും വളച്ചൊടിച്ച വാർത്തകളുമാ‍യിരിക്കും. സത്യം അവരിൽ നിന്ന് എത്രയോ അകലെക്കൊണ്ടെയാണ് മാധ്യമങ്ങൾ ഒളിപ്പിക്കുന്നത്.

ബ്ലോഗിന് അത്തരമൊരു പരിമിതിയില്ലല്ലോ. നമ്മൾ എഴുതുന്നത് പൂഴ്ത്താൻ നമ്മളല്ലാതെ വേറൊരു ശക്തിയില്ല. അതുകൊണ്ടാണ് ബ്ലോഗർമാർ കൂടുതൽ ധാർമ്മികത കാണിക്കണമെന്ന് ഞാൻ വിശ്വസിക്കാൻ കാരണം. സ്കൂൾ കുട്ടികൾക്കൊപ്പം തന്റേടമുള്ള പത്രപ്രവർത്തകരും സാമൂഹികപ്രതിബദ്ധതയുള്ള മറ്റ് വ്യക്തികളും കൂടി ബ്ലോഗിലേയ്ക്ക് വരണമെന്നാണ് എന്റെ ആഗ്രഹം. അപ്പോൾ ഈ സങ്കേതം കൂടുതൽ ശക്തമാവും. ശക്തമായ ഭാഷയുള്ളവർ ശക്തമായി എഴുതട്ടെ. ബ്ലോഗ് നേരിന്റെ വെളിച്ചത്തിൽ തിളങ്ങുമ്പോൾ അവിടേയ്ക്ക് ധാരാളം പുതിയ വായനക്കാർ എത്തും. ബ്ലോഗ് ഇനിയും കൂടുതൽ ജനകീയമാവും. ബ്ലോഗേഴ്സ് രണ്ടാം നിര എഴുത്തുകാരല്ലെന്ന് തെളിയുന്ന ഒരു കാലം വളരെ അടുത്തുതന്നെ ഉണ്ടാവും. അതിനായി നമ്മൾ ശ്രമിക്കണം.

ബൂലോഗം എന്നും കാരുണ്യത്തിന്റെ ഉറവിടം കൂടി ആയിരുന്നു. ഈ അടുത്ത നാളുകളിൽ തന്നെ ‘മുസ്തഫ’ എന്ന വ്യക്തിയുടെ വായിക്കുവാനുള്ള ആഗ്രഹത്തെ സന്മനസുള്ള എത്രയോ ബ്ലോഗർമാർ കെടാതെ സൂക്ഷിച്ചു. ധാരാളം പുസ്തകങ്ങൾ ആദ്ദേഹത്തിനായി ബ്ലോഗർമാർ എത്തിച്ചു നൽകി. അതുപോലെ എത്രയോ പേർക്ക് സഹായങ്ങൾ നൽകാൻ ബൂലോഗം മുന്നിട്ടിറങ്ങിയിരിക്കുന്നു. ‘ബൂലോഗ കാരുണ്യം ‘ എന്ന ബ്ലോഗ് പോലും ഉണ്ടായിരിക്കുന്നു. നമ്മളിലെ ഭൂരിപക്ഷത്തിന്റെയും സാമൂഹിക പ്രതിബദ്ധത ആർക്കും ചോദ്യം ചെയ്യാനാവുന്നതല്ല.

എന്നാൽ ഞാൻ ഒന്ന് ചോദിക്കട്ടെ. നമുക്ക് എത്ര പേരേ സഹായിക്കാനാവും? ഒരു മുഷ്തഫയെ. അല്ലെങ്കിൽ 2. അതുമല്ലെങ്കിൽ മൂന്നോ നാലോ. എന്നാൽ എല്ലാ മുസ്തഫമാരുടെയും പ്രശ്നം പരിഹരിക്കാൻ നമുക്കാവില്ല. ആഗ്രഹിച്ചാലും ആവില്ല. പക്ഷേ, അത് ചെയ്യാൻ കഴിയുന്ന ഒരു കൂട്ടരുണ്ട്. ഭരണാധികാരികൾ. അവർ മുസ്തഫമാർക്ക് നേരേ കണ്ണടയ്ക്കുന്നു. ആ കണ്ണുകൾ തുറപ്പിക്കാൻ അച്ചടി/ദൃശ്യ മാധ്യമങ്ങൾക്ക് കഴിഞ്ഞേക്കില്ല. എന്നാൽ ഞാൻ വിശ്വസിക്കുന്നു, നമ്മൾ ബ്ലോഗർമാർക്കത് സാധിക്കുമെന്ന്. പെട്ടന്ന് കേൾക്കുമ്പോൾ വിഡ്ഡിത്തമായി തോന്നാം. പക്ഷേ, സാവധാനമെങ്കിലും അത് സാധിക്കും. സമൂഹത്തെ ഉദ്ധരിക്കേണ്ടത് ഭരണാധികാരികളുടെയും രാഷ്ട്രീയക്കാരുടെയും ജോലി തന്നെയാണ്. അവർ അതിന് തയ്യാറാവാതെ വരുമ്പോൾ അവർക്കെതിരെ നിരന്തരം ശക്തമായ, മൂർച്ചയേറിയ , തീ തുപ്പുന്ന വാക്കുകൾ നമ്മൾ എയ്യണം. അതിനുള്ള ധൈര്യം നമ്മൾ കാണിക്കണം. സാവധാനത്തിലെങ്കിലും വിജയം നമുക്കൊപ്പം വരും. ഭരണനേതൃത്വത്തിന്, രാഷ്ട്രീയക്കാർക്ക് പത്രങ്ങളെയും ചാനലുകളെയും വിലക്കെടുക്കാം. എന്നാൽ ഒരു ബ്ലോഗറിന്റെ തലച്ചോറിനെയും അവർക്ക് സ്വാധീനിക്കാനാവില്ല. നമ്മൾ കൂലി എഴുത്തുകാരല്ല. ഒരു തെമ്മാടിയോടും വിധേയത്വം പുലർത്തേണ്ട കാര്യം നമുക്കില്ല.

നിസ്സാരമായ ഒരു റോഡ് പണിക്കോ പാലം പാലം പണിക്കോ വേണ്ടിപോലും അനുവദിക്കുന്ന തുകയിൽ നിന്ന് നല്ലൊരു ഭാഗം ഏതാനും വൃത്തികെട്ടവന്മാർ ചേർന്ന് അടിച്ചുകൊണ്ട് പോവുന്നു. അങ്ങനെ കക്കുന്ന തുക പോരേ പാവപ്പെട്ട എത്രയോ ആയിരം ജനതയ്ക്ക് സുഭിക്ഷമായ ഒരൂ ജീവിത സാഹചര്യം ഒരുക്കാൻ? ഒരു പാട് മുസ്തഫമാർക്ക് നന്നായി കഴിയാൻ?

നമ്മൾ ബ്ലോഗർമാർ നിഷ്പക്ഷരാവണം. കുറഞ്ഞ പക്ഷം എഴുത്തിലെങ്കിലും. ബ്ലോഗർമാർക്ക് സമൂഹത്തിനായി എന്തൊക്കെ ചെയ്യാൻ കഴിയുമോ അതിന്റെ പരമാവധി ചെയ്യണം. തന്റെ എഴുത്തിലുടെ തന്നെ. അക്ഷരങ്ങളുടെ ശക്തിക്ക് മുന്നിൽ അഴിമതിക്ക് തലകുനിച്ചേ പറ്റൂ.

----------------------

ഒരു പക്ഷേ, എന്റെ ചിന്താഗതികൾ ബാലിശമായി പോയിട്ടുണ്ടാവാം. അല്ലെങ്കിൽ എന്റെ തോന്നലുകളിൽ പ്രായോഗികതയില്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്തായാലും നിങ്ങളുടെ അഭിപ്രായം അറിയിക്കുക. ചിലപ്പോൾ എനിക്കത് ഗുണം ചെയ്യും. നന്ദിയോടെ...

Saturday, April 4, 2009

രാസമാറ്റം വന്ന ചെന്നായ്ക്കൾ

ഒരുവശം ആകാശത്തോളം വളർന്ന മലയും മറുവശത്ത് പുഴയ്ക്കപ്പുറമായുള്ള കൊടുംകാടിനും ഇടയിൽ കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന പച്ചപ്പുല്ലുകൾ സ‌മൃദ്ധമായി നിറഞ്ഞ പ്രദേശത്തായിരുന്നു ആടുകൾ പാർത്തിരുന്നത്.

ആടുകളുടെ നേതാവ് വൃദ്ധനായ അച്ചുവാട് ആയിരുന്നു. അച്ചുവാട് കാടുകടന്നും മലകടന്നും വരുന്ന ശത്രുക്കളെക്കുറിച്ച് ഓരോ ആടുകൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ജാഗരൂഗരായിരിക്കണമെന്നും കൂട്ടം തെറ്റി മേയരുതെന്നും എപ്പോഴും അവരെ ഓർമ്മിപ്പിച്ചും പോന്നു. അതുപോലെ തന്നെ നമ്മുടെ പ്രദേശം കടന്ന് ഒരാടുപോലും പുറത്ത് പോവരുതെന്നും അച്ചുവാട് നിർദ്ദേശിച്ചു. കാട്ടിനുള്ളിലും മലയ്ക്കപ്പുറവും ആടുകളെ തിന്നാൻ തക്കം പാർത്തിരിക്കുന്ന ചെന്നായ്ക്കളും പുലികളും ധാരാളമായുണ്ടെന്ന് അച്ചുവാട് അവരെ പഠിപ്പിച്ചു.

സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമായിരുന്നു ആടുകളുടേത്. തിന്നാനായി ധാരാളം പുല്ല്. കുടിക്കാൻ ഇഷ്ടം പോലെ വെള്ളം. കിടക്കാൻ പുൽമേട്ടിൽ വളരുന്ന കുറ്റിച്ചെടികളുടെ തണൽ. മലയും പുഴയും ആടുകളുടെ സ്വര്യവിഹാരം തടയുന്ന ശത്രുക്കളെ അവരിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്തു. ഇടയ്ക്ക് അപൂർവ്വമായെങ്കിലും പുഴകടന്നെത്തുന്ന ചെന്നായ്ക്കളെ ആടുകൾ സംഘംചേർന്നാക്രമിച്ച് തുരത്തിയും പോന്നു.

അച്ചുവാട് ഏർപ്പെടുത്തുന്ന വിലക്കുകളിലും നിയന്ത്രണങ്ങളിലും നൽകുന്ന ഉപദേശങ്ങളിലും അതൃപ്തിപൂണ്ട വിജയനാട് അച്ചുവാടിനെതിരായി പ്രവർത്തിച്ച് തുടങ്ങി. വിജയനാടിന്റെ നിലപാടുകളോടും ധീരതയിലും ആകൃഷ്ടരായ യുവാക്കളായ ആടുകൾ വിജയനാടിനോട് കൂറ് പുലർത്തിപ്പോന്നു. വിജയനാടിനെ അംഗീകരിക്കാത്തവരെ ആട്ടിൻ കൂട്ടത്തിൽ നിന്ന് പുറത്താക്കി. പുറത്താക്കപ്പെട്ടവർ എന്നെങ്കിലും അച്ചുവാട് അവരുടെ രക്ഷക്കെത്തുമെന്ന് പ്രതീക്ഷിച്ച് അലഞ്ഞു.

കാലാകാലം നമ്മൾ ഈ പുൽമേട്ടിൽ മാത്രം കഴിയേണ്ടവരല്ലെന്നും വിശാലമായ ഒരു ലോകം നമുക്കായുണ്ടെന്നും അവയൊക്കെ നമ്മൾ വെട്ടിപ്പിടിക്കണമെന്നും വിജയനാട് ആഹ്വാനം ചെയ്തു.

ഏതെങ്കിലും പുലിയുടെയോ ചെന്നായുടേയോ വിശപ്പ്മാറ്റാൻ മാത്രമേ അച്ചുവാടിനെ ഇനി കൊള്ളുകയുള്ളുവെന്ന് വിജയനാട് പ്രഖ്യാപിച്ചു. ബഹുഭൂരിപക്ഷം ആടുകളും വിജയനാടിന്റെ നേതൃത്വത്തിൽ അണിനിരന്നും. അച്ചുവാട് ഒറ്റപ്പെട്ടു. ‘ബ്ബേ..ബ്ബേ’ എന്ന് കരഞ്ഞ് അച്ചുവാട് പുഴക്കരയിൽ പോയി ചുരുണ്ടു.

മലകടന്ന് അടുത്ത പ്രദേശത്തേയ്ക്ക് പുതിയ മേച്ചിൽ‌പ്പുറം തേടി ഒരു യാത്ര വിജയനാട് പ്രഖ്യാപിച്ചു. മറ്റ് കുഞ്ഞാടുകൾ അത് പിന്താങ്ങി. അച്ചുവാട് അതിൽ നിന്നും അവരെ വിലക്കാൻ ശ്രമിച്ചു. മലയ്ക്കപ്പുറം ധാരാളം ചെന്നായ്ക്കളുണ്ടെന്നും അവർ നമ്മുടെ വാസസ്ഥലം കണ്ടെത്തിയാൽ പിന്നെ നമുക്ക് നിലനിൽ‌പ്പില്ലെന്നും ആരും അതിനാൽ അവിടേയ്ക്ക് പോവരുതെന്നും പറഞ്ഞ് നോക്കി. അച്ചുവാടിനെ പരിഹസിച്ച് ചിരിച്ച് അവർ യാത്രയായി.

മാസങ്ങൾക്ക് നീണ്ട യാത്രയ്ക്കൊടുവിൽ വിജയനാടും സംഘവും തിരിച്ചെത്തി. ഒപ്പം ഒരുപറ്റം ചെന്നായ്ക്കളും അവരോടൊപ്പം ഉണ്ടായിരുന്നു. ഒരു കാൽ നഷ്ടപ്പെട്ട ചെന്നായ് ആയിരുന്നു ചെന്നായ്ക്കൂട്ടത്തിന്റെ നേതാവ്. ഇത് കണ്ട മറ്റ് ആടുകൾ ഭയന്ന് കരഞ്ഞു. അവരെ നോക്കി വിജയനാട് കണ്ണുരുട്ടി. ബുദ്ധിജീവി ആടുകൾ വിജയനാടിനെ പിന്താങ്ങി. ബുജി ആടുകൾക്ക് വേണ്ട വെള്ളവും കാടിയും ടച്ചിംഗ്സും വിജയനാട് ധാരാളമായി അവറ്റകൾക്ക് നൽകി പോന്നു.

സം‌പ്രീതരായ ബുജിയാടുകൾ ആട്ടിൻപറ്റങ്ങളോട് കാലാനുസൃതമായി ലോക ആട് സമൂഹങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി. ഒരു കാൽ നഷ്ടപ്പെട്ട ചെന്നായ് നേതാവും കൂട്ടാളികളും പരമ്പരാഗത ചെന്നായ് സമൂഹങ്ങളിലോ അവരുടെ ഉപജീവനരീതികളോ പിൻ‌തുടരുന്നവരല്ലെന്നും അവരൊക്കെ രാസപരിണാമം വന്ന ചെന്നായ്ക്കളാണെന്നും പറഞ്ഞ് ഫലിപ്പിച്ചു. അവർ ഇപ്പോൾ കുക്ഷി നിറയ്ക്കുന്നത് പച്ചപ്പുല്ലും ക‌മ്യൂണിസ്റ്റ് പച്ചയും തിന്നാണെന്നും വരെ ബുജി ആടുകൾ പ്രഖ്യാപിച്ചു.

ആടുകളെ സഹായിക്കാനായി മുന്നിട്ടിറങ്ങുന്നത് ഏത് ചെന്നായ്ക്കളായാലും പുലികളായാലും അവർ നമ്മുടെ മിത്രങ്ങളാണെന്ന് വിജയനാട് പ്രഖ്യാപിച്ചു. ദിനം പ്രതി വിജയനാടിന്റെ വ്യക്തിപ്രഭാവം കൂടുതൽ കൂടുതൽ ശോഭയേറിയതായി.

ഇത്രകാലം ചെന്നായ്ക്കളിൽ നിന്ന് ആട്ടിൻ കൂട്ടങ്ങളെ അകറ്റി നിർത്തിയതിന് അച്ചുവാടിനെ കൂട്ടത്തിൽ നിന്ന് പുറത്താക്കുകയാണെന്നും വിജയനാട് പ്രഖ്യാപിച്ചു. പുറത്താക്കപ്പെട്ട അച്ചുവാട് ഏന്തിവലിഞ്ഞ് നിറകണ്ണുകളോടെ പുൽമേടിന്റെ അറ്റം തേടി നടന്നു.

അപ്പോൾ പുഴയും മലയും കടന്ന് രാസമാറ്റം വന്ന കൂടുതൽ ചെന്നായ്ക്കൾ ആട്ടിൻ‌കൂട്ടത്തെ വളയുകയായിരുന്നു.

-------------------------------------
ഈ കഥയും കഥയിൽ കഥാപാത്രമായ ആടുകളും ചെന്നായ്ക്കളുമൊക്കെ തികച്ചും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ ആടുകളും ചെന്നായ്ക്കളുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇനി എന്തെങ്കിലും ബന്ധം നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ ഞാൻ ഹാപ്പിയായി.