Follow by Email

Saturday, May 30, 2009

ആദ്യത്തെ മോഷണം; അവസാനത്തെയും !

നിങ്ങളൊരു കള്ളനാണോ?

ക്ഷമിക്കണം. മാന്യനായ നിങ്ങളോട് ഞാൻ അങ്ങനെയല്ല ചോദിക്കേണ്ടിയിരുന്നത്. ‘ആട്ടെ, ജീവിതപന്ഥാവിന്റെ ഏതെങ്കിലുമൊരു തിരിവിൽ വച്ച് അങ്ങേയ്ക്ക് അപരന്റെ ഭൌതികമായ എന്തെങ്കിലും വസ്തുവകകൾ അപഹരിക്കേണ്ടതായ സന്ദർഭം വന്നു ഭവിച്ചിട്ടുണ്ടോ? ‘ ഓക്കെ. ഇപ്പോൾ ചോദ്യത്തിനൊരു മാന്യത വന്നിരിക്കുന്നു. ഇനി ഉത്തരം മടിക്കാതെ നൽകൂ.

കാര്യമെന്തൊക്കെയായാലും ചോദ്യകർത്താവും മേപ്പടി ചോദ്യത്തിന് മേൽ ഉത്തരം നൽകാൻ ബാധ്യസ്ഥനാണ്.

അതെ. ഞാൻ ഒരു കള്ളനാണ്. ഒരിക്കൽ ഒരു തവണ ഞാനൊരു മോഷണം നടത്തിയിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ, എന്നു വച്ചാൽ ഏതാണ്ട് 11-12 വയസ്സ് പ്രായമുള്ള സമയത്ത് അയൽ‌വാസിയും ഞാൻ ‘വാനമ്മ‘ എന്ന് വിളിക്കുന്ന എന്റെ അമ്മയുടെ ചേച്ചിയുമായ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയുടെ പറമ്പിലെ തൈത്തെങ്ങിൽ നിന്ന് , ബീഡി വലിയുടെ ആവശ്യകതയിലേയ്ക്കായി , ഒരു തേങ്ങ മോഷ്ടിച്ചിട്ടുണ്ട്. നല്ല ഓറഞ്ച് കളറിൽ കൊഴുത്തുരുണ്ട ഒരു ഗൌളിപത്ര തേങ്ങ.

സംഭവബഹുലമായ ആ ഒരു ദിവസത്തെ എനിക്കത്ര എളുപ്പം മറക്കുവാൻ കഴിയുന്നതല്ല. അഭിനവ ‘കായകുളം കൊച്ചുണ്ണി‘യായി പേരെടുക്കേണ്ടിയിരുന്ന ഒരു കുരുന്നുപയ്യന്റെ പ്രതിഭയുടെ കൂമ്പ് നിർദ്ദയം നുള്ളിക്കളയപ്പെട്ടത് അന്നേ ദിവസമാണ്. ഇപ്പോഴെങ്കിലും ഞാനിത് കുറിച്ചില്ലെങ്കിൽ ‘അഭിനവ കൊച്ചുണ്ണിയുടെ നുള്ളപ്പെട്ട കൂമ്പ് ‘ എന്ന പേരിലോ മറ്റോ ഏതെങ്കിലും ഗവേഷകരോ ചരിത്രവിദ്യാർത്ഥികളോ വേണ്ടത്ര പഠനമോ ഗവേഷണമോ നടത്താതെ ഒരു പ്രബന്ധം തന്നെ തയ്യാറാക്കി ചരിത്രത്തെ പീഢിപ്പിക്കാൻ തുനിഞ്ഞേക്കും.

കൊല്ലൻ‌മാടത്തെ രാജമണി എനിക്ക് സതീർത്ഥ്യനും സഹപാഠിയും മാത്രമായിരുന്നില്ല, എന്റെ ബീഡി ദാതാവും ഒപ്പം എന്നെ ബീഡി വലി പഠിപ്പിച്ച ഗുരുനാഥനും കൂടിയായിരുന്നു. നിക്കർ ധരിച്ച, കറുത്തിരുണ്ട ശരീരവും ഉണ്ടക്കണ്ണുകളും ചെമ്പിച്ച തലമുടിയും ഏതാണ്ട് രണ്ടര സർവ്വേക്കല്ല് മാത്രം ഉയരത്തോട് കൂടിയവനുമായ ആ ഗുരുനാഥനിൽ നിന്നാണ് വളയങ്ങളായി പുക വിടാനുള്ള ഫോർമുല ഞാൻ സ്വായത്തമാക്കിയത്.

അവധി ദിവസങ്ങളിൽ രാവിലെ തന്നെ രാജമണി വീട്ടിലെത്തും. നിക്കറിന്റെ പോക്കറ്റിൽ അവന്റെ ചേട്ടൻ ശശിയുടെ ബീഡിക്കൂടിൽ നിന്ന് അടിച്ച് മാറ്റിയ 3-4 ബീഡികളും കാണും.
ആദ്യമായി ബീഡി വലിക്കാനുള്ള സാഹചര്യമാണ് ഞങ്ങൾക്കൊരുക്കേണ്ടിയിരുന്നത് . അത് വളരെ ശ്രമകരമായ ജോലിയാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ അതിശയിച്ചേക്കാം. കാര്യമുണ്ട്. വീടിന്റെ പടിഞ്ഞാറ് വശത്തെ പറമ്പിൽ പോയി നിന്ന് വലിക്കാമെന്ന് വിചാരിച്ചാൽ അവിടെ കിഴക്കേക്കുറ്റുകാരുറ്റെ കണ്ണെത്തും. കിഴക്കുവശത്താണെങ്കിൽ പുത്തുപ്പുള്ളിലുള്ളവരുടെ നോട്ടം, തെക്കുവശത്ത് ഇല്ലത്തുകാരുടെ ശ്രദ്ധ, മറുഭാഗത്ത് കൊല്ലമ്പടിയിലുള്ളവരുടെ കണ്ണുകൾ. പന്ത്രണ്ട് വയസ്സുകാരുടെ വായിൽ നിന്നല്ല എവിടെനിന്ന് പുക പോയാലും - ഇനിയത് പരിസരത്ത് കൂടിയാണെങ്കിൽ പോലും - അത് കൃത്യമായി വീട്ടുകാരോട് പറഞ്ഞ് കിട്ടേണ്ടത് വാങ്ങി തന്നിട്ട് മാത്രമേ നാട്ടുകാർ പുറത്തെടുത്ത ആത്മാർത്ഥത യഥാസ്ഥാനത്ത് തിരികെ വയ്ക്കുകയുള്ളു !!!. അതാണ് നാട്ടിൻ‌പുറം ശൈലി . അതിനാൽ ചുറ്റുവട്ടത്തെ ഭയക്കണം. “ എടാ ഉവ്വേ, നമ്മള് വലിക്കുന്ന പൊക രാവിലെ അപ്പീടെ കൂടെയാണ് പൊറത്ത് പോവുന്നേങ്കീ എന്ത് മാത്രം ബീഡി പേടിക്കാതെ വലിക്കാമായിരുന്നല്ലേ “ എന്ന ആത്മാർത്ഥമായ ചോദ്യം പോലും എന്റെ ഗുരുനാഥനിൽ നിന്നുണ്ടായത് ഈ ഒരു അവസ്ഥ കാരണമായിരുന്നു.

എന്നാൽ ഈ ദുരവസ്ഥയെ ഞങ്ങൾ നിഷ്പ്രയാസം മറി കടക്കാറുണ്ട്. അതിങ്ങനെയാണ്. വീടിന്റെ വലതുവശത്തെ പറമ്പിൽ വലിയൊരു ആനി മരം(ആഞ്ഞിൽ) നിൽ‌പ്പുണ്ട്. അതിന്റെ ചുവട്ടിൽ റെയ്നോൾഡ്സ് പേനയുടെ വണ്ണത്തിലും ചോക്കിന്റെ നീളത്തിലുമുള്ള കറുത്ത പതുപതുപ്പുള്ള ‘ആനിത്തിരി‘ ധാരാളമായി പൊഴിഞ്ഞ് കിടപ്പുണ്ടാവും. അതിലൊന്നെടുത്ത് ഞാൻ അടുക്കളയിൽ കയറി കത്തിച്ച് പുറത്ത് വരും. സാമ്പ്രാണിത്തിരി പോലെ തന്നെയാണ് ആനിത്തിരിയും നീറികത്തുന്നത്. - അക്കാലം അമ്മ ജോലി സംബന്ധമായി കാസർഗോഡും അച്ഛൻ രാവിലെ ഓഫീസിലും പോവുന്നതുകൊണ്ട് മുത്തശ്ശി മാത്രമേ വീട്ടിലുണ്ടാവൂ. - പിന്നീട് ആനിത്തിരിയുടെ കത്തിച്ച ഭാഗം മുത്തശ്ശിയുടെ മുന്നിൽ വച്ചുതന്നെ സൂക്ഷ്മതയോടെ വായിക്കുള്ളിൽ തിരുകി ചുണ്ടുകൾ കൊണ്ട് തിരിയെ ഭദ്രമായി പൊതിഞ്ഞ് ഏതാനും നിമിഷം വയ്ക്കുന്നു. പിന്നെ പുകയൂതുന്നു. സ്വാഭാവികമായും ആ പ്രവർത്തിയും മുത്തശ്ശിയിലെ രാക്ഷസിയെ ഉണർത്തും. എങ്കിലും അതിൽ പിടികൊടുക്കാതെ നേരേ ആഞ്ഞിലി ചിവട്ടിലെത്തി ബീഡികത്തിച്ച് ഞങ്ങൾ വലിക്കും. പിന്നെ പുക കണ്ടാലും മുത്തശ്ശിയുടെ ധാരണ അത് ആനിത്തിരിയുടെ പുകയാണെന്നാണ്. ഇനി നാട്ടുകാർ ‘ഒറ്റി’യാലും അതങ്ങനെ തന്നെ.

ഒരു ദിവസം രാജമണി ബീഡിയൊഴിഞ്ഞ പോക്കറ്റുമായാണ് വന്നത്. ചേട്ടന്റെ ബീഡിക്കൂടിൽ നിന്ന് അടിച്ച് മാറ്റാൻ കഴിഞ്ഞില്ലത്രെ. പൈസ കൊടുത്താൽ പാപ്പു ചേട്ടന്റെ കടയിൽ നിന്ന് ബീഡി വാങ്ങുന്ന കാര്യം അവൻ ഏൽക്കുകയും ചെയ്തു. പക്ഷേ, നയാ പൈസ കൈവശമില്ല. ബീഡി വലിക്കാനുള്ള ആവശ്യം നിവൃത്തികേടിനുമേൽ ഉയർന്ന് നിൽക്കുകയും ചെയ്യുന്നു. എന്തു ചെയ്യും? വഴി പറഞ്ഞ് തന്നതും രാജമണി തന്നെ. ഒരു തേങ്ങ ഞാൻ വീട്ടിൽ നിന്ന് എടുത്തുകൊടുക്കുക. അവൻ അത് വിറ്റ് ബീഡി വാങ്ങി വരും. കേട്ടപ്പോൾ സംഗതി കൊള്ളാമെന്ന് എനിക്കും തോന്നി.

വീടിന്റെ പുറകുവശത്തെ ചായ്പ്പിൽ നിന്ന് മുഴുത്ത ഒരു തേങ്ങ ഞാൻ അടിച്ച് മാറ്റിയെങ്കിലും രാജമണിയുടെ കൈവശം എത്തിക്കും മുൻപേ മുത്തശ്ശി തൊണ്ടി സഹിതം പിടിച്ചു.

ഇനി?

അടുത്ത വഴിയും ഗുരുനാഥൻ തന്നെ പറഞ്ഞു തന്നു. മോഷ്ടിക്കുക. തേങ്ങ മോഷ്ടിക്കുക.
പുത്തുപ്പുള്ളിലെ വാനമ്മയുടെ പറമ്പിൽ ഒരു തൈത്തെങ്ങ് കന്നി കായ്ച്ച് നിക്കുന്നു. അതിൽ നിന്ന് ഒരു തേങ്ങ പിരിക്കുക. വിൽക്കുക. വാങ്ങുക. വലിക്കുക.

പറയുന്നത്ര എളുപ്പമല്ല കാര്യങ്ങൾ. ആദ്യമായി മോഷ്ടിക്കാൻ പോവുന്നു. ചുരുക്കിപ്പറഞ്ഞാൽ കള്ളനാവുന്നു. മൂന്നാം ക്ലാസ്സിൽ പാപ്പച്ചൻ സാർ പറഞ്ഞുതന്നതാണ് മോഷണം പാപമാണെന്ന്. തെറ്റും കുറ്റവുമാണെന്ന്. അത് പറഞ്ഞു തരുമ്പോൾ ‘വലിയൻ‘ ഗുരുനാഥനും ബെഞ്ചിൽ എന്റെ തൊട്ടടുത്ത് ഉണ്ടായിരുന്നു. ഇനി അവനത് കേട്ടിരിക്കില്ലയോ? ടെൻഷൻ മൂത്ത് അപ്പിയിടാൻ വരെ തോന്നുന്നുണ്ട്. ബീഡീ വലിക്കണെമെങ്കിൽ തേങ്ങ മോഷ്ടിക്കണം. മോഷ്ടിച്ചാൽ കള്ളനാവും. കള്ളനായാൽ പാപം കിട്ടും. പാപം കിട്ടിയാൽ നരകത്തിൽ പോവും. നരകത്തിൽ പോയാൽ തിളച്ചയെണ്ണയിൽ പൊരിക്കും. പൊരിച്ചാൽ വീണ്ടും മരിക്കും. അപ്പോൾ? അപ്പോൾ വീണ്ടും മനുഷ്യനായി ജനിക്കും. അത് പൂരിപ്പിച്ചത് രാജമണിയാണ്. അതിനാണ് പുനർജന്മം എന്ന് പറയുന്നതെത്രെ!!! അങ്ങനെ വീണ്ടും ജനിച്ചാൽ വീണ്ടും ധാരാളം ബീഡി വലിക്കുകയും ചെയ്യാമല്ലോ. രാജമണി പറയുന്നതാണ് ശരി. എന്നിലെ കുറ്റബോധം ഉത്തമ ചങ്ങാതിയുടെ വാക്കുകളിൽ അലിഞ്ഞു.

കവളൻ മടൽ തെങ്ങിൽ ചാരി വലതുകാൽ അതിൽ കുത്തി തെങ്ങിൽ കയറാൻ ഞാൻ ശ്രമിച്ചു. രാജമണി ചന്തിയിൽ പിടിച്ച് തള്ളി എന്നെ മേൽ‌പ്പോട്ട് എത്തിക്കാൻ ഇരു കൈ സഹായവും ചെയ്തു. സാധിക്കുന്നില്ല. നെഞ്ചുരച്ച് ഞാൻ താഴേക്ക് പതിക്കുന്നു. നല്ല നീറ്റൽ. രണ്ടാവർത്തി ശ്രമിച്ചെങ്കിലും ഞാൻ പരാജയമടഞ്ഞു. അടുത്ത ഊഴം ഗുരുനാഥന്റെ വക. അണ്ണാൻ കുഞ്ഞ് കയറും പോലെ അവൻ ശരവേഗം തെങ്ങിന്റെ മേളിലെത്തി. തേങ്ങ ഒന്ന് പിരിച്ച് താഴെയിട്ടു. നല്ല ഒന്നാന്തരം ഗൌളിത്തേങ്ങ. കൊതിപ്പിക്കുന്ന ഓറഞ്ച് നിറം.

തേങ്ങയുമെടുത്ത് രാജമണി മുന്നിൽ നടന്നു. തൊട്ട് പിന്നിൽ നീറുന്ന നെഞ്ചുമായി ഞാനും ( കുറ്റബോധം കൊണ്ടല്ല ) . ചന്ദ്രത്തിൽ മാമിയുടെ വീടിനടുത്തെത്തിയപ്പോൾ രാജമണി പറഞ്ഞു. നേർ വഴി പോവേണ്ട. ആന വണ്ടി വരുന്ന സമയമാണ്. ആരെങ്കിലും കണ്ടാൽ പ്രശ്നമാവും. ഗുരുനാഥന്റെ ബുദ്ധികൂർമ്മതയിൽ ശിഷ്യന് മതിപ്പ് തോന്നിയ മറ്റൊരു നിമിഷം. ശരിയാണ്. ബസ്സിറങ്ങി ആരെങ്കിലും പരിചയക്കാർ വന്നാൽ തീർച്ചയായും കള്ളി വെളിച്ചത്താവും. മാത്രവുമല്ല നേർവഴി പരിചയക്കാർ കൂടുതലുമാവും.

ഞങ്ങൾ കുറുക്കുവഴി കടന്നു. പൈലോയുടെ വീടിനടുത്തുള്ള ഇടവഴി കടന്ന് തട്ടാൻ‌മാരുടെ പറമ്പിലൂടെ നടന്ന് മറ്റൊരു ഇടവഴിയിലേക്കിറങ്ങി കയറുന്നറ്റത് പാപ്പുചേട്ടന്റെ കടയ്ക്ക് പിന്നിലായാണ്. ചുരുക്കമായെ ആൾക്കാർ അതുവഴി പോവാറുള്ളു.

തട്ടാന്മാരുടെ പറമ്പിലേയ്ക്ക് കയറുന്ന സമയം ആനവണ്ടി( ട്രാൻസ്പോർട്ട് ബസ്സ് ) പോവുന്ന ശബ്ദം ഞങ്ങൾ കേട്ടു.

‘ഇതുവഴി പോന്നത് നന്നായി രാജമണിയേ, ചിലപ്പോൾ ഈ വണ്ടിക്ക് വിശ്വം ചേട്ടാൻ വരാൻ സാധ്യത ഉണ്ട്.‘ - ഞാൻ പറഞ്ഞു. അത് കേട്ട് രണ്ടര മൈൽക്കുറ്റി ഉയരമുള്ള രാജമണിയുടെ മുഖത്ത് അഭിമാനത്തിന്റെ തിരയിളക്കം അവൻ തിരിഞ്ഞ് നോക്കിയപ്പോൾ ഞാൻ കണ്ടു. സന്തോഷാധിക്യത്താൽ എന്ന പോലെ അവൻ തേങ്ങ വായുവിൽ ഉയർത്തി ഇട്ട് പിടിച്ച് നടന്നു.

വിശ്വം ചേട്ടൻ വാനമ്മയുടെ മകനാണ്. രാജമണി വായുവിലിട്ട് പിടിക്കുന്ന തേങ്ങയുടെ അവകാശി. എന്റെ ചേട്ടൻ.

തട്ടാന്മാരുടെ പറമ്പിൽ നിന്ന് അടുത്ത ഇടവഴിയിലേയ്ക്കിറങ്ങുമ്പോൾ ഭക്തിസീരിയലിൽ നിന്ന് ദേവഗണങ്ങൾ പ്രത്യപ്പെടും പോലെ തൊട്ടുമുന്നിൽ വിശ്വം ചേട്ടൻ. (ബാക്ക് ഗ്രൌണ്ട് മൂസിക്കിന്റെ ഒരു കുറവ് മാത്രം.)

“എങ്ങോട്ടാടാ?“ എന്ന് ചോദിച്ച ചേട്ടന്റെ കണ്ണുകൾ രാജമണിയുടെ കൈകളിലിരിക്കുന്ന തേങ്ങയിൽ. അല്ലെങ്കിൽ തന്നെ സ്വന്തം തേങ്ങ ഏതുറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽ‌പ്പിച്ച് കാണിച്ചാലും തിരിച്ചറിയാത്തതായി ആരുണ്ട്.

“ എവിടുന്നാട രാജമണീ ഈ തേങ്ങ “ ആദ്യ ചോദ്യത്തിന് മറുപടി കൊടുക്കും മുൻപ് അടുത്ത ചോദ്യം രാജമണിയോട്.

“ ഉമ്മച്ചൻ തന്നു വിട്ടതാ, പാപ്പുച്ചേട്ടന്റെ കടേൽ കൊടുക്കാൻ “ - ഉത്തരം കൊടുത്ത് ഒട്ടും അമാന്തം കൂടാതെ രാജമണി തേങ്ങയുമായി ഓടി. ‘സഹപ്രവർത്തകനെ’ ഒന്ന് തിരിഞ്ഞ് നോക്കുകപോലും ചെയ്യാതെ.

നേർക്കുനേർ ഞാനും തേങ്ങയുടെ അവകാശിയും.

“ കാപ്പിപ്പൊടി മേടിക്കാൻ മുത്തശ്ശി പറഞ്ഞു “ - പിന്നീടൊന്ന് ചോദിക്കും മുൻപേ ഞാൻ പറഞ്ഞു.

“ശരി നടന്നോ, ഞാനും വരാം കടയിലേയ്ക്ക് “ വിശ്വം ചേട്ടൻ കൂടെ കൂടി.

വീണ്ടും എനിക്ക് അപ്പി ശങ്ക. അന്നേവരെ വീട്ടിലേയ്ക്കുള്ള സാധനങ്ങൾ വാങ്ങാൻ എന്നെ പറഞ്ഞയക്കാറില്ല. അത് ചേട്ടനറിയാം. കുട്ടിച്ചേട്ടന്റെ കടയിൽ നിന്ന് അച്ഛൻ തന്നെയാണ് സാധനങ്ങൾ വാങ്ങുക. പാപ്പുച്ചേട്ടന്റെ കടയിൽ നിന്ന് കുറച്ച് അപ്പുറത്തായാണ് കുട്ടിച്ചേട്ടന്റെ കട. കാപ്പിപ്പൊടി വാങ്ങാമെന്ന് വച്ചാൽ പണവും കൈവശമില്ല.

ഞാൻ നടന്നു. തൊട്ടുപിന്നിൽ ജേതാവിന്റെ ഭാവത്തിൽ വിശ്വം ചേട്ടൻ. പാപ്പുച്ചേട്ടന്റെ കട എത്തിയപ്പോൾ ഞാൻ ഒന്ന് പാളി നോക്കി. രാജമണി തൊണ്ടി വിറ്റ് ബീഡി പോക്കറ്റിലുണ്ടെന്ന ഭാവത്തിൽ കണ്ണ് കാണിച്ചു.

കാപ്പിപ്പൊടി തരുമ്പോൾ കുട്ടിച്ചേട്ടന്റെ മുഖത്ത് വിരിഞ്ഞത് അതിശയമോ സംശയമോ? വീണ്ടും അപ്പി ശങ്ക. ‘ഇതിന്റെ പൈസ അച്ഛൻ തരും’ എന്ന് പറയുമ്പോൾ തന്നെ കാപ്പിപ്പൊടിയുടെ തുക വിശ്വൻ ചേട്ടൻ കൊടുത്തു.

വലതുകൈയ്യിൽ നേർത്ത പേപ്പർ കവറോട് കൂടിയ കാപ്പിപ്പൊടിയുമായി ഞാൻ വീട്ടിൽ കയറി ചെല്ലുമ്പോളും എന്റെ കൂടെ വിശ്വൻ ചേട്ടനുണ്ടായിരുന്നു.

“ വല്ലീറ്റേ, ഇവനോട് കാപ്പിപ്പൊടി വാങ്ങാൻ വല്ലീറ്റ പറഞ്ഞിരുന്നോ? “ ചേട്ടൻ ആത്മാർത്ഥത വെളിയിലെടുത്തു തുടങ്ങി.

“ ഇല്ല മോനേ. ഇവിടെ കാപ്പിപ്പൊടി ഇരിപ്പുണ്ടല്ലോ” - മുത്തശ്ശി.

“ ആ.. കൊല്ലൻ‌മാടത്തെ രാജമണീടെ കൂടെ ഒരു തേങ്ങയുമായി..... “ വിശ്വൻ ചേട്ടൻ സവിസ്തരം കാര്യങ്ങൾ പറഞ്ഞു കൊടുത്തു. തേങ്ങ പുള്ളിക്കാരന്റെയാണെന്നും ഞങ്ങൾ അവ മോഷ്ടിച്ചതാണെന്ന കാര്യവുമൊക്കെ പുള്ളി കൃത്യമായി മനസ്സിലാക്കിയെന്ന് എനിക്ക് പിടികിട്ടി. കൊണ്ടുവന്ന കാപ്പിപ്പൊടി മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞ് മുത്തശ്ശി കരഞ്ഞു. ഞങ്ങളുടെ കുടുംബത്തിൽ അതുവരെ കള്ളന്മാരൊന്നുമുണ്ടായിരുന്നില്ലെന്ന സത്യവും മുത്തശ്ശിയുടെ വിലാപത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി.

മണലിൽ ചിതറിക്കിടക്കുന്ന കാപ്പിപ്പൊടിയിലേയ്ക്ക് നോക്കി മുറ്റത്തെ മൂലയിൽ ഞാൻ നിന്നു.

എനിക്കറിയാം എന്റെ അച്ഛൻ വന്നതിനുശേഷം അച്ഛനോടും കാര്യങ്ങൾ അവതരിപ്പിച്ച് ‘എനിക്കർഹതപ്പെട്ടത് ‘ വാങ്ങി തന്നാലേ ചേട്ടന് തന്റെ ആത്മാർത്ഥത യഥാസ്ഥാനത്ത് മടക്കി വയ്ക്കാൻ കഴിയുമെന്ന്. അതാണ് ഞങ്ങളുടെ നാടിന്റെ ശൈലി. ആ ശൈലിയെക്കുറിച്ചുള്ള ഓർമ്മ വീണ്ടും എന്നിൽ അപ്പി ശങ്ക നിറച്ചു.

Wednesday, May 27, 2009

‘കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി‘

ആരോടും വിധേയത്വം പുലര്‍ത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നതിനാല്‍ ‘കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി‘ എന്ന് സുകുമാർ അഴീക്കോട് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഏതാനും മാസങ്ങളായി പ്രത്യേകിച്ച് കഴിഞ്ഞ ഒന്നുരണ്ട് ആഴ്ചകളായി അദ്ദേഹം നടത്തുന്ന പ്രസ്താവനകളും പ്രയോഗങ്ങളും കേട്ടാൽ ‘കേരളത്തിന്റെ സഞ്ചരിക്കുന്ന അവസരവാദി’ എന്ന നിലയിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എനിക്ക് തോന്നുന്നു.

പോലീസ്, ക്രൈം ബ്രാഞ്ച്, സി ബി ഐ എന്നിവയുടെ അന്വേഷണങ്ങൾ സത്യം കണ്ടുപിടിക്കാനല്ല, സത്യം മൂടി വെക്കാനാണ്. അഥവാ ഇക്കൂട്ടരിൽ ആരെങ്കിലും സത്യം കണ്ടുപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാ‍മെങ്കിൽ മന്ത്രിസഭ കൂട്ടായോ മുഖ്യമന്ത്രി ഒറ്റക്കോ ആ കേസ് മുന്നോട്ട് കൊണ്ടുപോവേണ്ടന്ന് വിലക്കുന്നു. “ ഈ വരികൾ ശ്രീ. സുകുമാർ അഴീക്കോട് ദേശാഭിമാനിയുടെ 2005 ഓണം വിശേഷാൽ പ്രതിയിൽ ‘അഴിമതിയുടെ പ്രച്ഛന്ന രൂപങ്ങൾ’ എന്ന തന്റെ ലേഖനത്തിൽ അന്നത്തെ കോൺഗ്രസ്സ് സർക്കാറിനെ വിമർശിച്ച് എഴുതിയവയാണ് ( പേജ് 21 ). സത്യത്തിൽ അദ്ദേഹത്തിന്റെ വരികൾ കുറിക്കപ്പെടേണ്ടിയിരുന്നത് ഇപ്പോളല്ലേ? പൊതു ഖജനാവിൽ നിന്ന് 400 കോടിക്കടുത്ത തുക നഷ്ടം വരുവാനിടയാക്കിയ ലാവ്‌ലിൻ കേസ് മൂടിവയ്ക്കാനായി മന്ത്രിസഭ കൂട്ടായി പരിശ്രമിക്കുന്ന ഈ കാലത്തല്ലേ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്തിയുണ്ടാവുന്നത്? എന്തേ തികഞ്ഞ അവസരവാദിയെപ്പോലെ അദ്ദേഹം മൌനം പാലിക്കുന്നു.? എവിടെപ്പോയി അദ്ദേഹത്തിന്റെ ധീരത? ആരോടാണ് അഴീക്കോട് മാഷേ താങ്കൾ വിധേയം പുലർത്തുന്നത്? എഴുതുന്നതൊന്ന് പറയുന്നത് മറ്റൊന്ന്. കഷ്ടം. താങ്കളുടെ ബുദ്ധിക്കും ‘തിമിരം‘ ബാധിച്ചോ?

2005-ൽ ‘അഴിമതിയുടെ പ്രഛന്ന രൂപ‘ങ്ങളെക്കുറിച്ച് വിഹ്വലതപൂണ്ട താങ്കൾ ഇപ്പോൾ ഭയക്കുന്നത് മുഖ്യന്റെ ‘ചിരി’യെക്കുറിച്ചാണ്. കോടികൾ നഷ്ടപ്പെടുത്താൻ കാരണമായ അഴിമതിയെക്കാൾ വലിയ തെറ്റാണോ സ്വാഭാവികമായ ഒരു ചിരി? അല്ലെങ്കിൽ തന്നെ ക‌മ്യൂണിസ്സ്റ്റ് പാർട്ടിയുടെ ഈ പരാജയത്തിൽ ഏറ്റവും അധികം സന്തോഷിച്ചിട്ടുണ്ടാവുക ആ പാർട്ടിയുടെ യഥാർത്ഥ അണികൾ തന്നെയാവും എന്നതാണ് സത്യം. സാധാരണ കമ്യൂണിസ്റ്റ് സ്നേഹികളുടെയും അനുഭാവികളുടെയും പ്രവർത്തകരുടെയും ഹൃദയവികാരത്തിന്റെ പ്രതിഫലനം മാത്രമാണ് മുഖ്യന്റെ മുഖത്ത് വിരിഞ്ഞത്. ഈ തെരഞ്ഞെടുപ്പിൽ തോറ്റത് ക‌മ്യൂണിസ്റ്റ് പാർട്ടിയല്ല. അണികളെ അറിയാതെ പോയ ഏതാനും നേതാക്കളുടെ ഹുങ്കാണ്. പരാജയത്തിൽ നിന്ന് പോലും ഈ നേതാക്കൾ പാഠം പഠിക്കുന്നില്ലെന്നതാണ് ഇപ്പോൾ വരുന്ന പ്രസ്താവനകളിൽ നിന്ന് മനസ്സിലാവുന്നത്. ഇനിയും അണികളുടെ മനസ്സറിയാൻ നേതൃത്വം ശ്രമിക്കുന്നില്ലെങ്കിൽ ആത്യന്തികമായി തൊറ്റുപോവുന്നത് മഹത്തായ ഒരു പ്രസ്ഥാനം തന്നെയാവും. അഴീക്കോടിനേപ്പോലുള്ള ബുദ്ധിജീവികൾ അഹങ്കാരം കൊണ്ട് കാഴ്ച മങ്ങിയ നേതാക്കളുടെ കണ്ണുകൾക്ക് ശരിയായ കാഴ്ച നൽകുവാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ‘ചിരിയുടെ സ്വഭാവ സവിശേഷതകൾ ‘ പഠിക്കുകയല്ല.

അയ്യഞ്ച് വർഷങ്ങൾ കൂടുമ്പോഴെങ്കിലും രാഷ്ട്രീയപ്രവർത്തകർക്ക് ജനങ്ങളെ ആശ്രയിക്കേണ്ടതുണ്ട്. അവർ ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷയും ശരികൾക്ക് തലോടലും നൽകാൻ ജനത്തിന് അപ്പോൾ അവസരവും ലഭിക്കുന്നു. എന്നാൽ അങ്ങയെ പോലെ ഉറഞ്ഞ് തുള്ളുന്ന ബുദ്ധിജീവി കോമരങ്ങളെ പിടിച്ച് കെട്ടാൻ ഞങ്ങൾക്കാവതില്ലല്ലോ. രാഷ്ട്രീയക്കാർ ജനത്തിന് മുന്നിൽ നിസ്സഹായരാവുമ്പോൾ ജനം ബുദ്ധിജീവികൾക്ക് മുന്നിൽ നിസ്സഹായരാവുന്നു. ഗതികേട് തന്നെയല്ലേ മാഷേ? അതുകൊണ്ട് ബഹുമാനപൂർവ്വം ഒന്ന് പറഞ്ഞോട്ടെ - ഇനി ഒരൊറ്റ വാക്ക് (വിവരക്കേട്) മിണ്ടിപ്പോവരുത്. ചുപ് രഹോ,

എന്ന് വച്ചാൽ അഴീക്കോട് വെറും പോങ്ങുമ്മൂടനാവരുതെന്ന് ചുരുക്കം. :)

ഹാഫ് സെഞ്ച്വറി !

സ്നേഹിതരേ,

പോങ്ങുമ്മൂടന്റെ അൻപതാമത്തെ പോസ്റ്റാണിത്. 500 ലേറെ പോസ്റ്റുകൾ പൂർത്തീകരിച്ചവർ മേയുന്ന ഈ ബൂലോഗത്ത് എന്റെ ഹാഫ് സെഞ്ച്വറിക്ക് കാര്യമായ തിളക്കമൊന്നുമില്ലെന്നറിയാം. എങ്കിലും ഇക്കാര്യം നിങ്ങളെ അറിയിക്കാതിരിക്കുന്നതെങ്ങനെ?

ഈ സമയത്ത് ഒരു തിരിഞ്ഞ് നോട്ടം ആവശ്യമാണ് . അങ്ങനെ നോക്കിയാൽ പോങ്ങുമ്മൂടൻ എന്ന പേരിൽ ബ്ലോഗ് എഴുതുക വഴി ഞാൻ ഈ ബൂലോഗത്തിന് ക്രിയാത്മകമായി എന്ത് സംഭാവനകൾ നൽകി എന്ന ചോദ്യം കാണാം. ഒരു മണ്ണാങ്കട്ടയും ചെയ്തില്ല എന്നതാണ് ഉത്തരം. എന്തൊക്കെയോ എഴുതി. ശരാശരിക്ക് താഴെ നിൽക്കുന്നവയും ശരാശരിക്ക് തൊട്ട് മേളിൽ(?) നിൽക്കുന്നവയും. എന്റെ പോസ്റ്റുകൾ ആൾക്കാരെ രസിപ്പിച്ചവയോ മുഷിപ്പിച്ചവയോ എന്നെനിക്കറിയില്ല. രസിപ്പിച്ചിരിക്കാം മുഷിപ്പിച്ചിരിക്കാം. ഒക്കെയും ആപേക്ഷികം. എഴുത്ത് എന്നെ മുഷിപ്പിച്ചില്ല എന്ന് മാത്രം എനിക്കുറപ്പുണ്ട്. പക്ഷേ, അതുകൊണ്ടായില്ല. വായനക്കാരുണ്ടാവണം. എന്റെ ആത്മസംതൃപ്തിക്ക് മാത്രമായാണ് ഞാൻ എഴുതുന്നതെങ്കിൽ ഒരു വെള്ളപേപ്പറിലെഴുതി വീട്ടിൽ തന്നെ സ്വകാര്യമായി സൂക്ഷിക്കുകയും ഇടക്കൊക്കെ വായിച്ച് രസിക്കുകയും ചെയ്താൽ പോരെ. അപ്പോൾ എന്റെ പ്രസക്തി നിശ്ചയിക്കേണ്ടത് വായനക്കാരണ്. അത് നിങ്ങൾ വിലയിരുത്തുക.

എന്നാൽ ബ്ലോഗെഴുത്തുകൊണ്ട് വ്യക്തിപരമായി എനിക്കൊരുപാട് നേട്ടങ്ങളുണ്ടായിട്ടുണ്ട്. ധാരാളം ചങ്ങാത്തങ്ങൾ ലഭിച്ചു എന്നതാണത്. അതില്പരം മറ്റെന്ത് ഭാഗ്യമാണ് ഒരു ബ്ലോഗർ ആഗ്രഹിക്കേണ്ടത്?

എനിക്ക് ആത്മാർത്ഥമായ പ്രോത്സാഹനവും പിന്തുണയും സ്നേഹവും പരിഗണനയും തന്ന ധാരാളം ആൾക്കാരുണ്ട്. ഈ പോസ്റ്റ് അവസാനിപ്പിക്കണമെന്നതുകൊണ്ടുമാത്രം ഞാൻ അവരാരുടെയും പേരെടുത്ത് പറയുന്നില്ല. എങ്കിലും എല്ലാവരോടും എനിക്കുള്ള സ്നേഹവും കടപ്പാടും ഞാൻ അറിയിക്കുന്നു. നിങ്ങളുടെ സഹനശക്തിക്കുമുന്നിൽ നമസ്കരിച്ചുകൊണ്ട് ഞാൻ വിട പറയുന്നു, അടുത്ത പോസ്റ്റ് എഴുതുവാനായി. അനുഭവിക്കുക... നന്മ വരട്ടെ.

സ്നേഹപൂർവ്വം
പോങ്ങുമ്മൂടൻ

Saturday, May 9, 2009

വിനയന്റെ മാക്ട, ഉണ്ണികൃഷ്ണന്റെ ഫെഫ്ക, ദിലീപിന്റെ അമ്മ - ആരുടെ സിനിമ?

ഏറ്റവും ജനകീയമായ കലാരൂപമാണ് സിനിമ. മറ്റേത് കലാരൂപത്തേക്കാൾ ശക്തവും സ്വാധീനശക്തിയും ജനപ്രീതിയുമുള്ള കലാരൂപം. പണം, പ്രശസ്തി ഒക്കെയും ധാരാളമായി ലഭിക്കുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്. ചെറുപ്പകാലങ്ങളിൽ ഒരു സിനിമാ നടനോ നടിയോ ആകാൻ ആഗ്രഹിക്കാത്ത എത്ര വ്യക്തികളുണ്ടാവും നമുക്കിടയിൽ. എല്ലാം സിനിമയുടെ ജനപ്രീതി തന്നെയാണ് കാണിക്കുന്നത്.

സിനിമ എന്നത് ഒരു കലാരൂപം മാത്രമല്ല വ്യവസായം കൂടിയാണ്. 100 കണക്കിന് ആൾക്കാർ അതുവഴി ഉപജീവനം നടത്തുന്നു. എന്നാൽ വ്യവസായവും കലയും കൂടിക്കലുരുമ്പോൾ ഏതിന് പ്രാധാന്യം നൽകണമെന്ന അറിവില്ലായ്മയാണ് ഇപ്പോൾ സിനിമാലോകം നേരിടുന്ന പ്രധാന പ്രശ്നം. ഒരു സിനിമയുടെ കലാപരമായ കാര്യങ്ങളിൽ ഇടപെടുന്നവരാണോ അതോ ആ കലാസൃഷ്ടിയുടെ പൂർത്തീകരണത്തിനായി യത്നിക്കുന്നവരാണോ കൂടുതൽ ശ്രേഷ്ഠർ എന്ന മത്സരവും ഇതിനൊടോപ്പം നടക്കുന്നതായി തോന്നുന്നു.

ഇന്ന് മലയാള സിനിമാലോകത്തിൽ നിന്നുയർന്ന് കേൾക്കുന്നത് മികവിന്റെയോ ഒത്തിണക്കത്തിന്റെയോ കലാമേന്മയുടെയോ നേട്ടങ്ങളുടെയോ പേരിലുള്ള ആഹ്ലാദാരവങ്ങളല്ല മറിച്ച് ഒരുകൂട്ടം കലാകാരന്മാരും സാങ്കേതികപ്രവർത്തകരും ചേരിതിരിഞ്ഞ് പോർവിളിയും വെല്ലുവിളിയും നടത്തുന്നതിന്റെ ഹുങ്കാരമാണ്. രാഷ്ട്രീയപ്രവർത്തകരേപ്പോലെ കലാകാരന്മാർ(?) കൊടിയും മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങുന്നു. ചിത്രീകരണങ്ങൾ തടസ്സപ്പെടുത്തുന്നു. സംഘടനകൾ ട്രേഡ് യൂണിയനുകളുമായി സഖ്യം ചേരുന്നു. ഇവയൊക്കെ എങ്ങനെയാവും മലയാള സിനിമയുടെ വളർച്ചയ്ക്ക് കാരണമാവുക?

അല്പം ‘മാക്ട‘ ചരിത്രം.

മലയാള സിനിമാ ടെക്നീഷ്യന്മാരുടെ കൂട്ടായ്മയായ ‘മാക്ട’ 1993 ഓക്ടോബർ 10-നാണ് പ്രവർത്തനമാരംഭിച്ചത്. 39 അംഗങ്ങളുമായി തുടങ്ങിയ ഈ പ്രസ്ഥാനം 2008 ആയപ്പോഴേയ്ക്കും 1047 അംഗങ്ങളുടെ പിൻ‌ബലമുള്ള ബൃഹുത് സംരഭമായി മാറിക്കഴിഞ്ഞിരുന്നു. എന്നാലിപ്പോൾ മാക്ട പിളർന്ന് രണ്ട് ഗ്രൂപ്പായി മാറി. മാക്ടയുടെ തലപ്പത്ത് ശ്രീ. വിനയനും പുതിയ സംഘടനയായ ‘ഫെഫ്ക’യുടെ അമരക്കാരൻ ശ്രീ‍. ബി ഉണ്ണികൃഷ്ണനുമാണ്. പിളർപ്പിനു കാരണം വിനയന്റെ താൻപോരിമയാണെന്ന് ‘ഫെഫ്ക‘യും അതല്ല മാക്ടയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ‘മാക്ട’യും പറയുന്നു. സത്യമേതായാലും ഈ വിഴുപ്പലക്കുകൾ കൊണ്ട് മലയാള സിനിമയ്ക്ക് യാതൊരുവിധ പ്രയോജനങ്ങളും ലഭിക്കില്ല എന്നതാണ് യാഥാർത്ഥ്യം.

പിളർപ്പിലേയ്ക്കുള്ള വഴി

ശരിക്കുള്ള പ്രശ്നത്തിന്റെ തുടക്കം സംവിധായകൻ തുളസീദാസ് ദിലീപിനെ നായകനാക്കി ‘ഉള്ളാട്ടിൽ ഫിലിംസ്’-നു വേണ്ടി ചെയ്യാനിരുന്ന ‘കുട്ടനാടൻ എക്സ്പ്രസ്സ് ‘ എന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറുന്നതുമുതലാണ്. 50000 രൂപ അഡ്വാൻസ് വാങ്ങിയതിനുശേഷം പടം ചെയ്യാതിരിക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് പറഞ്ഞ് തുളസീദാസ് ‘മാക്ട’ യിൽ പരാതി നൽകി. തുളസീദാസിന്റെ ചിത്രം ചെയ്തതിനുശേഷം മാത്രമേ ഇനി മറ്റ് സിനിമകളിൽ സഹകരിക്കാവൂ എന്ന നിർദ്ദേശം മാക്ട ദിലീപിന് നൽകുന്നു. തുളസീദാസിന്റെ സിനിമയിൽ അഭിനയിക്കാൻ താത്പര്യമില്ലെന്നും ആ പ്രോജക്ട് ദീപു കരുണാകരൻ എന്ന പുതുമുഖ സംവിധായകനെക്കൊണ്ട് ചെയ്യിച്ചാൽ സഹകരിക്കാമെന്ന് ദിലീപും വ്യക്തമാക്കുന്നു. തുളസീദാസിന്റെ മോഹൻലാൽ ചിത്രത്തിനേറ്റ പരാജയമാ‍ണ് ദിലീപിനെ ഇങ്ങനെ ഒരു നിലപാടെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ദിലീപ് തന്റെ നിലാപാട് ‘അമ്മ‘യെ അറിയിക്കുന്നു. അമ്മ ദിലീപിന് നിരുപാധിക പിന്തുണയും നൽകുന്നു. അങ്ങനെ പ്രശ്നം ‘മാക്ട’യും ‘അമ്മ’യും തമ്മിലായി മാറി. ചുരുക്കിപ്പറഞ്ഞാൽ അടി ടെക്നീഷ്യന്മാരും താരങ്ങളും തമ്മിലായി.

തുടർന്ന് മാക്ട അടിയന്തിരമായി വിളിച്ച് ചേർത്ത സംവിധായകരുടെ മീറ്റിങ്ങിനിടയിൽ വിനയൻ നടത്തിയ ഒരു പ്രസ്താവന സിദ്ദിഖ് എന്ന ഡയറക്ടറെ വേദനിപ്പിച്ചുവെന്നും പേറ്റുനോവിനേക്കാൾ അസഹനീയമായ ആ വേദന താങ്ങാൻ കെല്പില്ലാതെ സിദ്ദിഖ് ആ ചർച്ച വിട്ടിറങ്ങുകയും ചെയ്യുകയുമാണുണ്ടായത്. സിദ്ദിഖിനോട് കൂറുപ്രഖ്യാപിച്ച് പ്രമുഖ സംവിധായകരായ ഫാസിൽ, സത്യൻ അന്തിക്കാട്, കമൽ, റാഫി-മെക്കാർട്ടിൻ, ഷാഫി, ലാൽ ജോസ്, രഞ്ജിത്ത്, ജോഷി, സിബി മലയിൽ എന്നിവരൊക്കെ മീറ്റിംഗ് ബഹിഷ്കരിക്കുകയും ചെയ്തു. മാക്ട വിട്ടിറങ്ങിയവർക്ക് താര സംഘടന കൂറ് പ്രഖ്യാപിക്കുകയും ചെയ്തതോടെ പിളർപ്പ് പൂർണ്ണമായി.

മാക്ടയുടെ ‘കൊഴുപ്പും മുഴുപ്പും തിളക്കവു‘മായിരുന്നവരെല്ലാം ഫെഫ്ക-യിലേയ്ക്ക് ചേക്കേറി. താഴേക്കിടയിലുള്ള കുറേ തൊഴിലാളികളും അവസരങ്ങളില്ലാത്തെ ഏതാനും സംവിധായകരും മാത്രം വിനയന് പിന്നിൽ അണിനിരന്നു. അവരുടെ അവസാന അത്താണിയും ത്യാഗമൂർത്തിയുമായി വിനയൻ അവർക്കിടയിൽ നിലകൊള്ളുന്നു.

ശരി മതിയാക്കാം. മാക്ടയുടെ പിളർപ്പിന്റെ വഴിയും നമ്മളോർത്തു. ഇനി?

മാക്ട, ഫെഫ്ക, അമ്മ പിന്നെ നിർമ്മാതാക്കളുടെ സംഘടന. ഇവരെല്ലാം കൂടി മലയാള സിനിമയ്ക്ക് വേണ്ടി എന്ത് ചെയ്യുന്നു? ഇവരിൽ ആർക്കാണ് സിനിമയോട് കൂറ്‌? അല്ലെങ്കിൽ മലയാള സിനിമയ്ക്ക് ഇവരിൽ ആരോടാണ് മമത?

ഒരു സംഘടനയും സിനിമയുടെ വളർച്ചയ്ക്കായല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരു സംഘടനയും സിനിമയുടെ വളർച്ചയ്ക്കായല്ല നിലകൊള്ളുന്നതും. സംഘടനകൾ പരസ്പരം സംഘട്ടനം നടത്തുമ്പോൾ സങ്കടപ്പെടുന്നത് യഥാർത്ഥ സിനിമാ പ്രേമികളാണ്. നഷ്ടങ്ങൾ സംഭവിക്കുന്നത് പ്രേക്ഷകർക്ക്. തളർച്ച സംഭവിക്കുന്നത് സിനിമാ വ്യവസായത്തിന്. ചേരിതിരിഞ്ഞ്, പക്ഷം പിടിച്ച് തമ്മിലടിക്കുമ്പോൾ പട്ടിണിയാവുന്നത് പാവം തൊഴിലാളികൾ.

മാക്ട AITUC-യെ കൂട്ട് പിടിച്ചപ്പോൾ ഫെഫ്ക പിണറായിയോട് സഹായമഭ്യർത്ഥിച്ചിരിക്കുന്നു.
സിനിമാലോകവും രാഷ്ട്രീയകോമരങ്ങൾക്ക് മേയാനുള്ള പുറമ്പോക്കാവുന്നു. പ്രിയ സംവിധായകർ ഒന്നോർക്കണം. നിങ്ങൾ ട്രേഡ് യൂണിയൻ നേതാക്കളല്ല. രാഷ്ട്രീയവും കലയും ഒരിക്കലും യോജിച്ച് പോവുന്നതല്ല. കഴിവുണ്ടെങ്കിൽ നിങ്ങൾ മത്സരബുദ്ധിയോടെ സിനിമകൾ ചെയ്യൂ. അത് വിജയിപ്പിക്കാൻ ശ്രമിക്കൂ.

കഴിഞ്ഞ വർഷമിറങ്ങിയ 60-ല്പരം സിനിമകളിൽ എത്രയെണ്ണമുണ്ടായിരുന്നു നിർമ്മാതാവിന് കാശ് തിരിച്ച് നൽകിയത്? പ്രേക്ഷകർക്ക് തൃപ്തി നൽകിയത്. ?

‘പാണ്ടി‘കളെന്ന് വിളിച്ച് ആക്ഷേപിക്കുന്ന തമിഴർ സൃഷ്ടിക്കുന്ന പടങ്ങൾ നിങ്ങൾ കാണാറുണ്ടോ? പുതുമയുള്ള കഥയിലും പുതിയ അഭിനേതാക്കളെയും സംവിധായകരെയും കൊണ്ടുവരുന്നതിലും അവർ വിജയിക്കുന്നത് നിങ്ങൾ അറിയുന്നുണ്ടോ? ഇല്ലെങ്കിൽ, ‘പേപ്പർ വർക്കിനെന്ന്‘ പറഞ്ഞ് ശീതീകരിച്ച മുറികളിലിരുന്നും കിടന്നും തിന്നും കുടിച്ചും സിനിമാമോഹം മൂത്ത ഇളം പെണ്ണുങ്ങളുടെ തളിർമേനിയിലേയ്ക്ക് കൊഴുത്ത ശരീരമാഴ്ത്തിയും രസിക്കാതെ പുറത്തിറങ്ങി മറ്റ് ഭാഷാ ചിത്രങ്ങൾ പലതും എന്തുകൊണ്ട് പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാവുന്നുവെന്ന് മനസ്സിലാക്കാനെങ്കിലും ശ്രമിക്കൂ‍. ‘ഇല്ലെങ്കിൽ ഒരുകാലത്ത് മലയാളഭാഷയിലും സിനിമകൾ നിർമ്മിച്ചിരുന്നുവെന്ന്‘ വരും തലമുറ ചെറുക്ലാസ്സുകളിൽ പഠിക്കാനിടയാവും എന്നോർക്കുക. നിങ്ങളുടെയൊക്കെ നാറുന്ന വാചകമടി ചാനലുകളിൽ കാണുമ്പോൾ ടി.വി എറിഞ്ഞുടയ്ക്കാത്തത് അത് നിങ്ങളിലാരുടെയെങ്കിലും അച്ഛൻ വാങ്ങി തന്നതല്ലല്ലോ എന്നോർത്ത് മാത്രമാണ്. അത്രയെങ്കില്ലും വിവേകം ഞങ്ങൾ പ്രേക്ഷകർക്കുണ്ടെന്ന് നിങ്ങൾ ഓർക്കുക.

ജന്മനാ കുശാഗ്രബുദ്ധിക്കാരനായ ‘ഗോപാലകൃഷ്ണനും‘(ദിലീപ്) ‘പേരിൽ മാത്രമേ വിനയമുള്ളുവെന്ന് ശത്രുക്കൾ പറയുന്ന‘ വിനയനും അപ്പപ്പോൾ കാണുന്നവനെ അപ്പാപ്പായെന്ന് വിളിക്കുന്നവനെന്ന പേരുദോഷമുള്ള ( ചാർത്തിക്കൊടുത്തത് വിനയൻ ) ബി. ഉണ്ണികൃഷ്ണനും സമയാസമയത്ത് തരം പോലെ ‘തരത്തിലെപെട്ടവർക്ക് ‘ പിന്തുണ നൽകി എരിതീയിൽ എണ്ണ പകരുന്ന ‘അമ്മയു‘ മൊക്കെ ചേർന്ന് മലയാള സിനിമയെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളുകയാണോ?

ഇവിടെ പ്രേക്ഷകർ നിസ്സഹായരാണ്. നല്ല സിനിമകൾ കാണുവാനാണ് നമ്മുടെ ആഗ്രഹം. പക്ഷേ, നല്ല സിനിമകൾ നൽകേണ്ടവർ മറ്റെന്തൊക്കെയോ തിരക്കിലാണ്. പ്രശ്നങ്ങളൊഴിഞ്ഞ നല്ലകാലം മലയാള സിനിമയ്ക്ക് തിരികെ ലഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഏതാനും പേരുടെ വിവരോദഷങ്ങൾകൊണ്ട് ഈ വ്യവസായം നശിക്കാതിരിക്കട്ടെ.

ഇത്തിരി ഗോസിപ്പ്.

പറഞ്ഞത് സിനിമാക്കാരെക്കുറിച്ചാവുമ്പോൾ ഇത്തിരി ഗോസിപ്പുകൂടി ചേർക്കാതെ എങ്ങനെ പൂർണ്ണത വരും. ശ്രദ്ധിക്കുക. താഴെ കാണുന്ന വീടിന്റെ(?) ചിത്രം ആരുടേതെന്ന് പറയാൻ കഴിയുമോ?
അതെ. ഇത് വിനിയന്റെ വീടാണ്. കൊച്ചിയിൽ പാലാരിവട്ടത്ത് 8000ത്തിലേറെ ചതുരശ്ര അടിയിൽ തീർത്തിരിക്കുന്ന വിനയന്റെ കൊട്ടാരം. പാവപ്പെട്ടവരുടെയും വികലാംഗരുടെയും ദൈന്യത വിറ്റ കാശുകൊണ്ട് ഇത്രയധികം വലിയൊരു വീടും പറമ്പും സ്വന്തമാ‍ക്കാൻ ആർക്കെങ്കിലുമാവുമോ എന്നാണ് ശത്രുപക്ഷം ചോദിക്കുന്നത്. പാരമ്പര്യമായി സമ്പന്നമായിരുന്ന ഒരു കുടുംബത്തിലെ അംഗവുമായിരുന്നില്ല വിനയനെന്നും കേൾക്കുന്നു. ഒക്കെയും മലയാള സിനിമ നൽകിയതാണെത്രെ?! അപ്പോൾ മലയാള സിനിമയിലെ ഏറ്റവും വിലയേറിയ സംവിധായകൻ വിനയനാവണം. എന്തായാലും വിനയന്റെ പടങ്ങൾ നിർമ്മിച്ച ഒരു നിർമ്മാതാവും ഇപ്പോൾ ഈ ജീവിതസൌകര്യങ്ങൾ അനുഭവിക്കുന്നവരല്ലെങ്കിലും വിനയനോട് കൂറ് പുലർത്തി കൂടെ നിൽക്കുന്ന (കിടക്കുന്ന) നടികൾക്ക് എല്ലാവിധ സൌകര്യങ്ങളും ജീവിതനിലവാരം നിലനിർത്തിക്കൊണ്ട് പോവാൻ കഴിയുന്ന നല്ലൊരു ‘തൊഴിലും ‘ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട് വിനയൻ എന്ന് ശത്രുക്കൾ പറയുന്നത് ഒരു പക്ഷേ അസൂയകൊണ്ടാവാം. അതെന്ത് തന്നെയായാലും വിനയൻ ഒന്നോർക്കണം. ഈ സൌഭാഗ്യങ്ങൾ എല്ലാം നിങ്ങൾക്ക് നൽകിയത് സിനിമയാണ്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഈ പ്രതിസന്ധി പരിഹരിക്കാൻ ധാർമ്മികമായി ബാധ്യതയുണ്ട്. അതിന് താങ്കൾ മുൻ‌കൈ എടുക്കുക തന്നെ വേണം. മാക്ടയെ സഹായിക്കാനായി എല്ലാ ജില്ലകളിലും ‘സമരസമിതികൾ’ രൂപീകരിക്കുമെന്ന് കാനം രാജേന്ദ്രൻ ഇന്നലെ അറിയിച്ചിരിക്കുന്നു. മലയാള സിനിമയിൽ കാനം രാജേന്ദ്രനെന്ത് റോൾ? കഷ്ടം. വിനയാ, നിങ്ങളുടെ വ്യക്തിപരമായ താത്പര്യങ്ങൾ സംരക്ഷിക്കാൻ മലയാള സിനിമയെ നിങ്ങൾ കരുവാക്കരുത്.

അവസാനമായി ഒരു കാര്യത്തിൽ താങ്കളെ അഭിനന്ദിക്കാതെ വയ്യ. പാവപ്പെട്ട തൊഴിലാളികളുടെ രക്ഷാപുരുഷനാണ് താങ്കളെന്ന ഇമേജ് തൊഴിലാളികൾക്കിടയിൽ മാത്രമല്ല കുറെയേറെ സിനിമാപ്രേമികൾക്കിടയിലും സൃഷ്ടിക്കാൻ താങ്കൾക്ക് ചാനൽ ചർച്ചകൾ മുഖേന കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ.

Wednesday, May 6, 2009

തോൽ‌വി..മരണം വരെ മാത്രം.
ദുഷിച്ച് നാറിയ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് ഇനി ഒരു പോസ്റ്റും എഴുതേണ്ടതില്ല എന്ന് ഞാൻ വിചാരിച്ചിരിക്കുകയായിരുന്നു. പക്ഷേ സാധിക്കുന്നില്ല. ക്ഷമിക്കുക. വായനക്കാരിൽ ബഹുഭുരിപക്ഷത്തിനും ഇത്തരം കാര്യങ്ങളോട് താത്പര്യമില്ല എന്നെനിക്കറിയാം. പക്ഷേ, ഈ കേരളത്തിൽ ജനിച്ച് ജീവിക്കുന്ന എനിക്ക് പത്രത്താളുകളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ലഭിക്കുന്ന അറിവുകൾ നൽകുന്ന അസ്വസ്ഥത നിങ്ങളുമായെങ്കിലും പങ്ക് വച്ചില്ലെങ്കിൽ -സാധിക്കില്ലെങ്കിലും - ഒരുവേള ഞാൻ ഒരു നക്സലേറ്റായി നെറികെട്ട രാഷ്ട്രീയ നേതാക്കളുടെ ശിരസ്സ് ഉടലിൽ നിന്നങ്ങ് വേർപെടുത്തിയാലോ എന്ന് വരെ ചിന്തിച്ച് പോവാനിടയുണ്ട്. അങ്ങനെ 'സാധ്യമാവാത്ത' ആ ചിന്തയുടെ വേദനയിൽ നീറുന്നതിലും ഭേദമല്ലേ ഇങ്ങനെയൊന്ന് കുറിച്ച് എന്റെ ടെൻഷൻ കുറയ്ക്കുന്നത്. എന്നാൽ താത്പര്യമില്ലാത്തവർ ഇത് വായിച്ച് സമയം പാഴാക്കേണ്ടതില്ല എന്ന് സ്നേഹപൂർവ്വം ഞാൻ പറയുകയും ചെയ്യുന്നു.

ലാവ്‌ലിൻ കേസിൽ സഖാവ് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടതില്ല എന്ന് നിയമോപദേശം നൽകിയ അഡ്വക്കേറ്റ് ജനറൽ ശ്രീ. സി.പി സുധാകരപ്രസാദിന്റെ നിലപാട് മലയാളികൾക്ക് ഞെട്ടലുണ്ടാക്കിയ ഒന്നല്ല. ബഹുഭൂരിപക്ഷം മലയാളികളും പ്രതീക്ഷിച്ച നീക്കം തന്നെയാണ് എജിയുടെ ഭാഗത്തുനിന്നും വന്നത്. ഇന്ന് (06-05-09) വരാനിരിക്കുന്ന മന്ത്രിസഭാതീരുമാനവും എജിയുടെ ഉപദേശത്തിനനുസരിച്ചാവുമെന്നത് ഉറപ്പുള്ള കാര്യമാണ്. CPI -യും RSP -യും വിരുദ്ധനിലാപാട് എടുക്കില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. മന്ത്രിസഭാ തീരുമാനത്തിന് എതിരായ ഒരു നിലപാട് ഗവർണ്ണറുടെ ഭാഗത്തുനിന്ന് ഉണ്ടാവാനുമിടയില്ല്ല. അങ്ങനെ സംഭവിച്ചാൽ സി.ബി.ഐ-യ്ക്ക് ഇനി ഒന്നും ചെയ്യാനുമില്ല. പിന്നെ അവർക്ക് ആശ്രയിക്കാൻ കഴിയുന്നത് ആരെങ്കിലും നൽകുന്ന പൊതുതാത്പര്യഹർജികളെയാണ്. എത്ര പേർ അതിന് മുതിർന്നേക്കും? ചുരുക്കിപ്പറഞ്ഞാൽ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസ്സ് ഒന്നുമല്ലാതെ തീരും. പ്രതികൾ കൂടുതൽ ശക്തരും അഹങ്കാരികളുമാവും. അധികം താമസിയാതെ വി.എസിന്റെ തല ഉരുളും. അല്ലെങ്കിൽ തന്നെ പാർട്ടിക്കോ ജനങ്ങൾക്കോ കൂടെ നിൽക്കുന്ന വിശ്വസ്തർക്കോ എന്തിന് തനിക്ക്തന്നെയോ ഗുണമില്ലാത്ത ആ തല അവിടെ ഇരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം?

മുഖ്യമന്ത്രിയോട്...

പ്രിയപ്പെട്ട വി.എസേ.. നിങ്ങൾക്കിനി ഒന്നും ചെയ്യാനില്ല. അങ്ങ് കഴിവുകെട്ടവനാണെന്ന വിശ്വാസം ജനങ്ങൾക്കുണ്ടാവാനിടയില്ല. പക്ഷേ, അങ്ങയുടെ പാർട്ടിയിലെ മറ്റുള്ള തസ്കരവീരന്മാർക്ക് അങ്ങയേക്കാൾകഴിവുണ്ടായിപ്പോയി. അത് തെറ്റല്ല. നല്ലകാലമത്രയും പാർട്ടിക്ക് വേണ്ടി എത്രയോ കഷ്ടപ്പാടുകൾ സഹിച്ച ആളാണ് താങ്കൾ. അതിനു പരിഹാരമായി രണ്ട് വർഷം അങ്ങ് മുഖ്യമന്ത്രിക്കസേരയിലിരുന്ന് സുഖിച്ചില്ലേ? ആ കസേര പോലും അങ്ങയുടെ ആസനത്തിന് മൂട്ടിൽ കൊണ്ടിട്ടുതന്നത് പാർട്ടിക്കാരല്ല. ഞങ്ങൾ ജനങ്ങളാണ്. അങ്ങ് അതിലേയ്ക്ക് മുട്ട് വളച്ചിരുന്നു. പിന്നെ പാർട്ടിമുന്നിൽ തലകുമ്പിട്ട് നട്ടെല്ല് വളച്ച് വാലാട്ടി!!താങ്കൾക്കൊപ്പം എപ്പോഴും ജനങ്ങളുണ്ടായിരുന്നു. ഒരു പരിധി വരെ മാധ്യമങ്ങളുടെ പിന്തുണ ആർജ്ജിക്കാനും താങ്കൾക്ക് സാധിച്ചു. എന്നിട്ടും ഒന്നും ചെയ്യാൻ അങ്ങേയ്ക്ക് കഴിഞ്ഞില്ല. ഒന്നും ചെയ്യാൻ പാർട്ടി താങ്കളെ അനുവദിച്ചില്ല എന്നതാവും സത്യം..

താങ്കൾ പലതും ചെയ്യാൻ കഴിവുള്ളവനാണെന്ന് അവർക്ക് അറിയാവുന്നതുകൊണ്ടാണല്ലോ ആഭ്യന്തരവും വിജിലൻസും അങ്ങയിൽ നിന്ന് മാറ്റിയത്. അധികാരവും ചെങ്കോലുമില്ലാത്ത അങ്ങേയ്ക്ക് മുഖ്യമന്ത്രി എന്ന നിലയിലുള്ള സൌകര്യങ്ങൾ അനുഭവിക്കാൻ മാത്രമാണ് യോഗം. അതിനുവേണ്ടി അങ്ങയേപ്പോലുള്ള ആൾക്കാർ ഇങ്ങനെ തരം താഴണോ?

താങ്കളെ ചവിട്ടിപ്പുറത്താക്കും മുൻപേ അവശേഷിക്കുന്ന മാനവുമായി ഇറങ്ങി വരൂ. പാർട്ടി എന്ന് പറയുന്നത് ഏതാനും വ്യക്തികളല്ല. ആശയവും ആദർശവും നിലപാടുകളുമാണ്. ഇന്ന് ആ പാർട്ടിയുടെ ആശയങ്ങൾ കുറെയെങ്കിലും സംരക്ഷിക്കുന്നത് താങ്കളാണ്. ആ യുക്തിവച്ച് നോക്കിയാൽ താങ്കൾ നിലകൊള്ളുന്നിടമാവും പാർട്ടി. അവിടേയ്ക്ക് യഥാർത്ഥ ക‌മ്യൂണിസ്റ്റ് സ്നേഹികളും നിഷ്പക്ഷരായ ജനങ്ങളും അരക്ഷിതരായ അണികളും വരും. നല്ല ബുദ്ധി താങ്കൾക്ക് ലഭിക്കട്ടെ.

നമുക്ക് നഷ്ടപ്പെട്ടത് 374 കോടിയില്പരം രൂപയാണ്. നമ്മുടെ പണം. പിണറായി എന്ന വ്യക്തി മാത്രമാവില്ല അതിനു പിന്നിൽ. പാർട്ടി ഉൾപ്പെട്ടിരിക്കും. കോൺഗ്രസ്സുകാർക്കും പങ്കുണ്ടാവും. അഴിമതിയ്ക്ക് പാർട്ടിഭേദമൊന്നുമില്ലല്ലോ. അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷത്തിനും ഈ വിഷയത്തിൽ തണുപ്പൻ സമീപനം. LDF-ഉം UDF-ഉം ഒന്ന് തന്നെ. അവർ മിത്രങ്ങൾ. അവരുടെ കണ്ണിൽ ശത്രുക്കൾ നമ്മൾ ജനങ്ങളാണ്. രാഷ്ട്രീയക്കാർ, അവർ അവരുടെ വാക്‌‌സാമർത്ഥ്യമുപയോഗിച്ച് നമ്മെ ചേരി തിരിപ്പിക്കുന്നു. തമ്മിലടിപ്പിക്കുന്നു. നേട്ടങ്ങളെല്ലാം അവർക്ക്. വികസനവും വളർച്ചയും അവരുടെ കുടുംബത്തിന്. നിയമവും നീതിയും അവരുടെ സംരക്ഷണത്തിന്. നമുക്കുള്ളത് ദാരിദ്രവും കഷ്ടപ്പാടും ബുദ്ധിമുട്ടുകളും വോട്ടവകാശവും.

നമുക്കു മുന്നിൽ രണ്ട് വഴികളുണ്ട്. ഒന്നുകിൽ ജാതി,മത, രാഷ്ട്രീയ വേർതിരിവുകളില്ലാതെ നമുക്ക് ഒന്നുചേർന്ന് വിജയിക്കാം. അല്ലെങ്കിൽ മരണം വരെ നമുക്ക് തോറ്റുകൊടുക്കാം. മരണം വരെ മാത്രം. (അത് കഴിഞ്ഞാൽ എത്ര ശ്രമിച്ചാലും നമുക്ക് തോൽക്കാനും അവർക്ക് തോൽ‌പ്പിക്കാനുമാവില്ലല്ലോ. )

Monday, May 4, 2009

ഏവരും കാച്ചൂ...

പ്രിയപ്പെട്ടവരേ,

ബ്ലോഗറെന്ന നിലയിൽ കുറേനാളുകളായുള്ള ആഗ്രഹമായിരുന്നു ജനോപകാരപ്രദമായ ഒരു പോസ്റ്റെങ്കിലും കുറിക്കണമെന്നത്. ഇന്നത് ഞാൻ പൂർത്തീകരിക്കുന്നു. ഒപ്പം ബൂലോഗത്ത് ‘വറചട്ടിയുമായി‘ ( പാചകബ്ലോഗ് ) ഇറങ്ങിയിരിക്കുന്ന തരുണീമണികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുക എന്നതും എന്റെ ലക്ഷ്യമാണ്.

സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ‘കാച്ചാവുന്ന‘ ച്ചാൽ.. ഉണ്ടാക്കാവുന്ന ഒരു വിഭവമാണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത്. അതാണ് പപ്പടം കാച്ചൽ. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നാമെങ്കിലും ഈ വിഭവം ആർക്കുവേണ്ടിയാണ് കാച്ചുന്നതെന്ന് കാച്ചുന്നവർ ഉറപ്പായും അറിഞ്ഞിരിക്കണം. അതായത് കഴിക്കുന്നവരുടെ ഭാഷ അറിഞ്ഞ് വേണം കാച്ചാൻ. കാരണം മലയാളികൾ കൂടുതലായും ഇഷ്ടപ്പെട്ടുവരുന്നത് കാച്ചുമ്പോൾ നന്നായി കുമിളച്ച് വരുന്ന പപ്പടമാണെങ്കിൽ തമിഴന്മാർ കുമിളകൾ കുറഞ്ഞ കറുമുറാന്നിരിക്കുന്ന പപ്പടത്തോടാണ് പ്രിയം. ഹിന്ദിക്കാർക്ക് കാച്ചുന്നത് ഇഷ്ടമല്ല. അവർക്ക് പപ്പടം ചുട്ടുകഴിക്കുന്നതിനോടാണ് താത്പര്യം. ഒപ്പം പപ്പടത്തിൽ മുളകും മറ്റ് ചേരുവകളും ചേർക്കുകയും ചെയ്യും. ഇപ്പോൾ മനസ്സിലായില്ലെ വെറുതെയങ്ങ് കാച്ചിയാൽ പോരാ ഭാഷയറിഞ്ഞ് കാച്ചണമെന്ന്.
വേണ്ട സാധനങ്ങൾ

1. പപ്പടം.
2. എണ്ണ.
3. ചീനിച്ചട്ടി.
4. തീ .

മിനിമം ഈ 4 കാര്യങ്ങളെങ്കിലും വേണം നന്നായൊന്ന് കാച്ചാൻ.

കാച്ചുന്ന വിധം.

ആദ്യമായി അടുപ്പിൽ തീകൂട്ടണം. പിന്നെ വളരെ ശ്രദ്ധിച്ച് തീയിലേയ്ക്ക് ചീനിച്ചട്ടി വയ്ക്കണം. ഇവിടെ പ്രധാനമായും ഓർക്കേണ്ട കാര്യം ചീനിച്ചട്ടി അടുപ്പിൽ മലർത്തിവേണം വയ്ക്കാൻ. എന്നിട്ട് അതിലേയ്ക്ക് കഴുകി വൃത്തിയാക്കിയ ..സോറി.. ശുദ്ധമായ എണ്ണ ഒഴിക്കണം. എണ്ണ ഒന്ന് തിളച്ച് വരുമ്പോൾ അതായത് ബിയർ നുരയുന്നതുപോലെ എണ്ണ നുരഞ്ഞ് തുടങ്ങിയാൽ നമ്മൾ ഒരോ പപ്പടവും വലതുകൈയ്യിലെടുത്ത് -അറബിനാടുകളിലുള്ളവർ ഇടത് കൈ ഉപയോഗിക്കുന്നതാണ് ഉത്തമം - മറ്റേ കൈ നിവർത്തിപ്പിടിച്ച് ഉള്ളംകൈയ്യിലേയ്ക്ക് തിരിച്ചും മറിച്ചും 4 അടി അടിക്കുക. ശ്രദ്ധിക്കുക. അടി കൃത്യം 4. പപ്പടത്തോടുള്ള മുൻ‌വൈരാഗ്യം തീർക്കാനായല്ല പപ്പടത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉഴുന്നുപൊടി നീക്കം ചെയ്യുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി തിളച്ച എണ്ണയിലേയ്ക്ക് പപ്പടത്തെ മുക്കി ഇടുക. കാച്ചുന്നവർ ഒന്ന് മുക്കിയിട്ട് ഇടണം എന്നല്ല പപ്പടം എണ്ണയിൽ മുങ്ങിക്കിടക്കണം എന്നാണ് ഉദ്ദേശിച്ചത്. മലയാ‍ളഭാഷയുടെ ഒരു പരിമിതിയേയ്.. ഏതാനും നിമിഷത്തിനകം പപ്പടം പൊള്ളി കുമിളച്ച് ‘എന്നെ ഒന്ന് പൊക്കിയെടുക്കോ’ എന്ന മട്ടിൽ പുളഞ്ഞ് തുടങ്ങുമ്പോൾ നല്ല കൂർത്ത കമ്പികൊണ്ട് പപ്പടത്തിന്റെ പള്ളയ്ക്ക് കുത്തി പൊക്കി എടുക്കുക. ആവശ്യത്തിന് എണ്ണം പപ്പടം ആവുന്നവരേ ഈ പ്രക്രിയ തുടരാവുന്നതാണ്.

(ഞാൻ) ഭക്ഷിക്കുന്ന വിധം.
നിങ്ങളുടേതായ വിധത്തിൽ നിങ്ങൾക്കാവാം.

നല്ല തൂശനിലയിൽ ഒന്നാന്തരം കുത്തരിച്ചോറുകൊണ്ട് ഒരുകുഞ്ഞ് എവറസ്റ്റ് തീർത്ത് അതിന്റെ അഗ്രഭാഗത്തേയ്ക്ക് ചൂട് പരിപ്പുകറി ഒഴിച്ച് സ്വല്പം നെയ്യും ചേർത്ത് അതിനുമേളിലായി കാച്ചിയപപ്പടമൊന്ന് വച്ച് കുഞ്ഞുങ്ങളുടെ ചന്തിയിൽ സ്നേഹപൂർവ്വം അടിക്കുന്നപോലെ പപ്പടകുമിളയിൽ വാത്സല്യപൂർവ്വം ‘ഠപ്പേന്ന്’ ഒരടി നൽകി അഞ്ച് വിരലുകൾകൊണ്ട് നന്നായി കശക്കി ഉരുട്ടി വായപിളർന്ന് ഒരുളകളോരോന്നും അണ്ണാക്കിലേക്കെറിഞ്ഞുടച്ച് ഇടയ്ക്ക് ഉണ്ടെങ്കിൽ ഉപ്പിലിട്ട കണ്ണിമാങ്ങാ ഒന്ന് കടിച്ച് അങ്ങനെ...അങ്ങനെ...

ഊണിന്റെ ഒപ്പം മാത്രമല്ല, പുട്ടിനോടൂം പഴത്തോടുമൊപ്പവും പ്രഥമന്റെകൂടെയും എന്തിന് മദ്യത്തിനൊപ്പം ടച്ചിംഗ്സ് ആയി വരെ കഴിക്കാവുന്ന ഒന്നാന്തരം സംഗതിയാണ് നമ്മുടെ പപ്പടം.

MLA മാരുടെ ശ്രദ്ധയ്ക്ക്.

MLA മാർക്ക് ( പ്രത്യേകിച്ച് കണ്ണൂരിൽ നിന്നുള്ള ) വളരെ പ്രയോജനം ചെയ്യുന്ന ഒരു വിഭവം കൂടിയാണ് പപ്പടം. നല്ല വലിപ്പമുള്ള കുമിളകളോട് കൂടിയ പപ്പടം കാച്ചി MLA -മാരുടെ ആൺ‌മക്കൾക്ക് കൊടുത്താൽ ആ പിഞ്ച് കുഞ്ഞുങ്ങൾ വീട്ടിലിരുന്ന് പപ്പടം പൊട്ടിച്ച് കളിച്ചുകൊള്ളും. പിന്നെ വിഷുവിന് ശേഷം 2 ദിവസം കഴിഞ്ഞ് ഏതെങ്കിലും കലുങ്കിന് കീഴേ പോയി അവർ പടക്കമാണെന്ന് പറഞ്ഞ് ബോംബ് പൊട്ടിച്ച് കളിക്കുന്നതുപോലുള്ള സംഭവങ്ങൾ ഒഴിവാക്കാനുമാവും. സമൂഹവും രക്ഷപെടും MLA മാരുടെ ഇമേജും രക്ഷപെടും. ( ഈ പറഞ്ഞത് ശ്രീ. ജയരാജൻ MLA എങ്കിലും ഗൌരവമായി കാണുമെന്നെനിക്കുറപ്പാണ് ) :)

രുചിക്കുമപ്പുറം പപ്പടം നൽകുന്ന അനന്തസാദ്ധ്യതകൾ ഇനിയുമെത്രയേറെ. അവയൊക്കെ പിന്നീടൊരവസരത്തിൽ പറയാം. ഒരുകാര്യം മറക്കാതിരിക്കുക. ഈ രുചി നമുക്ക് നൽകിയത് നൂറ്റാണ്ടുകൾക്ക് മുൻപ് കൊങ്ങിണികളായിരുന്നുവന്നത്.

നന്ദി. :)

Saturday, May 2, 2009

അനോണിമാമയ്ക്കൊരു മറുപടി

ഇത് തീര ശരിയായില്ല. താങ്കള്‍ക്ക് മത്സരിക്കാമായിരുന്നില്ലേ? എന്തുകൊണ്ട് ചെയ്തില്ല. അല്ലെങ്കില്‍ താങ്കള്‍ക്ക് ഇഷ്ടമുള്ളവരെ ജയിപ്പിക്കാന്‍ നോക്കാമായിരുന്നില്ലേ? ആരെങ്കിലും അവര്‍ഡ് കിട്ടി (അതും ഒരു പെണ്ണ്) എന്നു കരുതി അസൂയപ്പെടേണ്ട കാര്യമുണ്ടോ?"

കിട്ടാത്ത മുന്തിരി പുളിക്കും. കനകമുന്തിരി ആക്കുമ്പോള്‍ കൂടുതല്‍ പുളിക്കും. അത്ര തന്നെ.( പ്രശസ്തിപത്രമേ, പൊറുക്കുക.. എന്ന എന്റെ പോസ്റ്റിൽ വന്ന ഒരു ‘അനോണി’ കമന്റ് ആണ് ഈ പോസ്റ്റിന് ആധാരം )

പ്രിയ അനോണി ‘മാമ‘,

താങ്കൾ ആരെന്ന് എനിക്കറിയില്ല. അല്ലെങ്കിൽ തന്നെ ആരെന്ന് അറിയാതിരിക്കാനാണല്ലോ താങ്കൾ അനോണിയായി മേപ്പടി കമറ്റ് പൂശിയത്? അല്ലേ? ഒരു കാര്യം ഞാൻ പറയാം. പോങ്ങുമ്മൂടന് ‘ആരാധകർ‘ ഇല്ല. എന്നാൽ പോങ്ങുമ്മൂടൻ എന്ന പേരിൽ ബ്ലോഗ്ഗ് എഴുതുന്ന ഹരിയെ ഇഷ്ടപ്പെടുന്ന ‘ചുരുക്കം’ ചിലർ ബൂലോഗത്ത് എഴുത്തുകാരായും വായനക്കാരായും ഉണ്ടെന്ന് മനസ്സിലാക്കിയ ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഇതിനൊരു മറുപടി നൽകിയില്ലെങ്കിൽ എന്നെ ഇഷ്ടപ്പെടുന്ന അപൂർവ്വം ചിലർക്കെങ്കിലും - ഒരു പക്ഷേ അത്തരം ഇഷ്ടക്കാർ വിരലിൽ എണ്ണാൻ കഴിയുന്ന ആൾക്കാർ മാത്രമേ ഉള്ളുവെങ്കിലും - അവരെ നിരാശപ്പെടുത്തുന്ന ഒരു കാര്യമാവുമെന്ന് ഞാൻ വിശ്വസിക്കുന്നു.

അനോണി, താങ്കൾ ചോദിച്ചു “ താങ്കള്‍ക്ക് മത്സരിക്കാമായിരുന്നില്ലേ? എന്തുകൊണ്ട് ചെയ്തില്ല.“ എന്ന്. ഇതിന് എന്റെ മറൂപടി, ഞാൻ ബ്ലോഗ് എഴുതാൻ തുടങ്ങിയത് ആരോടെങ്കിലും മത്സരിക്കാനോ അവാർഡുകൾ വാങ്ങാനോ ആയിരുന്നില്ല എന്നതാണ്. മാത്രവുമല്ല ഇപ്പോൾ ബ്ലോഗിൽ നിലനിൽക്കുന്ന ‘ശരിക്കും എഴുതാനാറിയാവുന്ന‘ വ്യക്തികളോടൊപ്പം എന്റെ പേരുകൂടി അവാർഡിന് വരികയായിരുന്നുവെങ്കിൽ എന്റെ വോട്ട് ഞാൻ ചെയ്യുക എനിക്കായിരിക്കുകയുമില്ല എന്ന് താങ്കളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ‘ഹരി‘ എന്ന വായനാക്കാരനെ തൃപ്തിപ്പെടുത്തുവാൻ ‘പോങ്ങുമ്മൂടൻ‘ എന്ന എഴുത്തുകാരന് ഇതുവരെ സാധിച്ചിട്ടില്ല. അത് വായനക്കാരൻ എന്ന നിലയിലുള്ള എന്റെ നിലവാരമായി ഞാൻ കണക്കാക്കുന്നു. എന്റെ പോസ്റ്റുകൾ നല്ലതോ‍ ചീത്തയോ എന്നതല്ല ഇവിടെ വിഷയം. പതിനായിരക്കണക്കിന് വരുന്ന ബ്ലോഗേഴ്സിൽ നിന്ന് ഏറ്റവും മികച്ച ബ്ലോഗറെ കണ്ടെത്തിയ വഴി തീർത്തും നിരാശജനകമായിരുന്നുവെന്നും അവരിൽ ഏറ്റവും മികച്ച ബ്ലോഗർ ഡോക്ടർ ധനലക്ഷ്മി അല്ലായിരുന്നുവെന്നതും എന്റെ വിശ്വാസം.

പിന്നെ പെണ്ണായി പോയതുകൊണ്ട് എതിരുപറയരുതെന്ന അങ്ങയുടെ നിലപാടിനോടും എനിക്ക് യോജിക്കാനാവില്ല. കാരണം സ്ത്രീകളെ അവർ അർഹിക്കുന്ന രീതിയിൽ മാനിക്കാൻ ഞാൻ തയ്യാറാണ്. എന്നാൽ എനിക്കവരോട് ഇന്നേ വരേ ‘സഹതാപം‘ തോന്നിയിട്ടില്ല. കാരണം പല കാര്യങ്ങളിലും അവർ പുരുഷന്മാരേക്കാൾ മേലിൽ തന്നെയാണ്.

താങ്കൾ തുടരുന്നു - “അല്ലെങ്കില്‍ താങ്കള്‍ക്ക് ഇഷ്ടമുള്ളവരെ ജയിപ്പിക്കാന്‍ നോക്കാമായിരുന്നില്ലേ?“ എന്ന്.

ഉത്തരം: “എനിക്കത്രക്ക് ഈ ബൂലോഗത്ത് സ്വാധീനമില്ല കൂട്ടുകാരാ..ഞാൻ ഇഷ്ടപ്പെടുന്ന ആൾക്ക് അവാർഡ് നൽകാൻ“ .

പിന്നെ താങ്കൾ പറഞ്ഞ അസൂയയുടെ കാര്യം. എനിക്ക് ഡോ. ധനലക്ഷ്മിയോട് എന്തിന് അസൂയ തോന്നണം? മിസ്റ്റർ ഇന്ത്യയ്ക്ക് മിസ്റ്റർ പടിഞ്ഞാറ്റിൻ‌കരയോട് അസൂയതോന്നുമോ? ഞാൻ ഡോക്ടർ ധനലക്ഷ്മിക്ക് മേളിൽ നിൽക്കുന്ന ആൾതന്നെ പ്രിയ അനോണി. ( വായനക്കാരേ, വാദഗതിക്കായി നിങ്ങൾ ഇത് അംഗീകരിച്ച് തരിക. ചിലവ് ചെയ്യാം ) :) അതുകൊണ്ട് അവരോട് എനിക്കസൂയ തോന്നേണ്ട കാര്യമില്ല.

പിന്നെയും താങ്കൾ തുടരുന്നു - “കിട്ടാത്ത മുന്തിരി പുളിക്കും. കനകമുന്തിരി ആക്കുമ്പോള്‍ കൂടുതല്‍ പുളിക്കും. അത്ര തന്നെ“
ഉത്തരം : കനകമുന്തിരിയോടുള്ള താങ്കളുടെ കൂറ് ഞാൻ മനസ്സിലാക്കുന്നു. ഒരു പ്രാർത്ഥന മ്മാത്രമേ എനിക്കുള്ളു. “ ഈശ്വരാ‍, അടുത്ത ജന്മം എങ്കിലും എന്നെ ഒരു ‘വെളുത്ത‘ സ്ത്രീ അക്കണേ.. “


പ്രിയ അനോണി, കൂടുതൽ ഞാൻ എഴുതുന്നില്ല. കാരണം സമയമില്ല എന്നത് തന്നെ. മറുപടി നൽകാൻ തോന്നുന്നുവെങ്കിൽ വിളിക്കുക. എന്റെ നമ്പർ : 94473 81100

നന്ദി

സ്നേഹപൂർവ്വം
പോങ്ങുമ്മൂടൻ