
ദുഷിച്ച് നാറിയ രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് ഇനി ഒരു പോസ്റ്റും എഴുതേണ്ടതില്ല എന്ന് ഞാൻ വിചാരിച്ചിരിക്കുകയായിരുന്നു. പക്ഷേ സാധിക്കുന്നില്ല. ക്ഷമിക്കുക. വായനക്കാരിൽ ബഹുഭുരിപക്ഷത്തിനും ഇത്തരം കാര്യങ്ങളോട് താത്പര്യമില്ല എന്നെനിക്കറിയാം. പക്ഷേ, ഈ കേരളത്തിൽ ജനിച്ച് ജീവിക്കുന്ന എനിക്ക് പത്രത്താളുകളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ലഭിക്കുന്ന അറിവുകൾ നൽകുന്ന അസ്വസ്ഥത നിങ്ങളുമായെങ്കിലും പങ്ക് വച്ചില്ലെങ്കിൽ -സാധിക്കില്ലെങ്കിലും - ഒരുവേള ഞാൻ ഒരു നക്സലേറ്റായി നെറികെട്ട രാഷ്ട്രീയ നേതാക്കളുടെ ശിരസ്സ് ഉടലിൽ നിന്നങ്ങ് വേർപെടുത്തിയാലോ എന്ന് വരെ ചിന്തിച്ച് പോവാനിടയുണ്ട്. അങ്ങനെ 'സാധ്യമാവാത്ത' ആ ചിന്തയുടെ വേദനയിൽ നീറുന്നതിലും ഭേദമല്ലേ ഇങ്ങനെയൊന്ന് കുറിച്ച് എന്റെ ടെൻഷൻ കുറയ്ക്കുന്നത്. എന്നാൽ താത്പര്യമില്ലാത്തവർ ഇത് വായിച്ച് സമയം പാഴാക്കേണ്ടതില്ല എന്ന് സ്നേഹപൂർവ്വം ഞാൻ പറയുകയും ചെയ്യുന്നു.
ലാവ്ലിൻ കേസിൽ സഖാവ് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടതില്ല എന്ന് നിയമോപദേശം നൽകിയ അഡ്വക്കേറ്റ് ജനറൽ ശ്രീ. സി.പി സുധാകരപ്രസാദിന്റെ നിലപാട് മലയാളികൾക്ക് ഞെട്ടലുണ്ടാക്കിയ ഒന്നല്ല. ബഹുഭൂരിപക്ഷം മലയാളികളും പ്രതീക്ഷിച്ച നീക്കം തന്നെയാണ് എജിയുടെ ഭാഗത്തുനിന്നും വന്നത്. ഇന്ന് (06-05-09) വരാനിരിക്കുന്ന മന്ത്രിസഭാതീരുമാനവും എജിയുടെ ഉപദേശത്തിനനുസരിച്ചാവുമെന്നത് ഉറപ്പുള്ള കാര്യമാണ്. CPI -യും RSP -യും വിരുദ്ധനിലാപാട് എടുക്കില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. മന്ത്രിസഭാ തീരുമാനത്തിന് എതിരായ ഒരു നിലപാട് ഗവർണ്ണറുടെ ഭാഗത്തുനിന്ന് ഉണ്ടാവാനുമിടയില്ല്ല. അങ്ങനെ സംഭവിച്ചാൽ സി.ബി.ഐ-യ്ക്ക് ഇനി ഒന്നും ചെയ്യാനുമില്ല. പിന്നെ അവർക്ക് ആശ്രയിക്കാൻ കഴിയുന്നത് ആരെങ്കിലും നൽകുന്ന പൊതുതാത്പര്യഹർജികളെയാണ്. എത്ര പേർ അതിന് മുതിർന്നേക്കും? ചുരുക്കിപ്പറഞ്ഞാൽ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസ്സ് ഒന്നുമല്ലാതെ തീരും. പ്രതികൾ കൂടുതൽ ശക്തരും അഹങ്കാരികളുമാവും. അധികം താമസിയാതെ വി.എസിന്റെ തല ഉരുളും. അല്ലെങ്കിൽ തന്നെ പാർട്ടിക്കോ ജനങ്ങൾക്കോ കൂടെ നിൽക്കുന്ന വിശ്വസ്തർക്കോ എന്തിന് തനിക്ക്തന്നെയോ ഗുണമില്ലാത്ത ആ തല അവിടെ ഇരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം?
മുഖ്യമന്ത്രിയോട്...
പ്രിയപ്പെട്ട വി.എസേ.. നിങ്ങൾക്കിനി ഒന്നും ചെയ്യാനില്ല. അങ്ങ് കഴിവുകെട്ടവനാണെന്ന വിശ്വാസം ജനങ്ങൾക്കുണ്ടാവാനിടയില്ല. പക്ഷേ, അങ്ങയുടെ പാർട്ടിയിലെ മറ്റുള്ള തസ്കരവീരന്മാർക്ക് അങ്ങയേക്കാൾകഴിവുണ്ടായിപ്പോയി. അത് തെറ്റല്ല. നല്ലകാലമത്രയും പാർട്ടിക്ക് വേണ്ടി എത്രയോ കഷ്ടപ്പാടുകൾ സഹിച്ച ആളാണ് താങ്കൾ. അതിനു പരിഹാരമായി രണ്ട് വർഷം അങ്ങ് മുഖ്യമന്ത്രിക്കസേരയിലിരുന്ന് സുഖിച്ചില്ലേ? ആ കസേര പോലും അങ്ങയുടെ ആസനത്തിന് മൂട്ടിൽ കൊണ്ടിട്ടുതന്നത് പാർട്ടിക്കാരല്ല. ഞങ്ങൾ ജനങ്ങളാണ്. അങ്ങ് അതിലേയ്ക്ക് മുട്ട് വളച്ചിരുന്നു. പിന്നെ പാർട്ടിമുന്നിൽ തലകുമ്പിട്ട് നട്ടെല്ല് വളച്ച് വാലാട്ടി!!താങ്കൾക്കൊപ്പം എപ്പോഴും ജനങ്ങളുണ്ടായിരുന്നു. ഒരു പരിധി വരെ മാധ്യമങ്ങളുടെ പിന്തുണ ആർജ്ജിക്കാനും താങ്കൾക്ക് സാധിച്ചു. എന്നിട്ടും ഒന്നും ചെയ്യാൻ അങ്ങേയ്ക്ക് കഴിഞ്ഞില്ല. ഒന്നും ചെയ്യാൻ പാർട്ടി താങ്കളെ അനുവദിച്ചില്ല എന്നതാവും സത്യം..
താങ്കൾ പലതും ചെയ്യാൻ കഴിവുള്ളവനാണെന്ന് അവർക്ക് അറിയാവുന്നതുകൊണ്ടാണല്ലോ ആഭ്യന്തരവും വിജിലൻസും അങ്ങയിൽ നിന്ന് മാറ്റിയത്. അധികാരവും ചെങ്കോലുമില്ലാത്ത അങ്ങേയ്ക്ക് മുഖ്യമന്ത്രി എന്ന നിലയിലുള്ള സൌകര്യങ്ങൾ അനുഭവിക്കാൻ മാത്രമാണ് യോഗം. അതിനുവേണ്ടി അങ്ങയേപ്പോലുള്ള ആൾക്കാർ ഇങ്ങനെ തരം താഴണോ?
താങ്കളെ ചവിട്ടിപ്പുറത്താക്കും മുൻപേ അവശേഷിക്കുന്ന മാനവുമായി ഇറങ്ങി വരൂ. പാർട്ടി എന്ന് പറയുന്നത് ഏതാനും വ്യക്തികളല്ല. ആശയവും ആദർശവും നിലപാടുകളുമാണ്. ഇന്ന് ആ പാർട്ടിയുടെ ആശയങ്ങൾ കുറെയെങ്കിലും സംരക്ഷിക്കുന്നത് താങ്കളാണ്. ആ യുക്തിവച്ച് നോക്കിയാൽ താങ്കൾ നിലകൊള്ളുന്നിടമാവും പാർട്ടി. അവിടേയ്ക്ക് യഥാർത്ഥ കമ്യൂണിസ്റ്റ് സ്നേഹികളും നിഷ്പക്ഷരായ ജനങ്ങളും അരക്ഷിതരായ അണികളും വരും. നല്ല ബുദ്ധി താങ്കൾക്ക് ലഭിക്കട്ടെ.
നമുക്ക് നഷ്ടപ്പെട്ടത് 374 കോടിയില്‍പരം രൂപയാണ്. നമ്മുടെ പണം. പിണറായി എന്ന വ്യക്തി മാത്രമാവില്ല അതിനു പിന്നിൽ. പാർട്ടി ഉൾപ്പെട്ടിരിക്കും. കോൺഗ്രസ്സുകാർക്കും പങ്കുണ്ടാവും. അഴിമതിയ്ക്ക് പാർട്ടിഭേദമൊന്നുമില്ലല്ലോ. അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷത്തിനും ഈ വിഷയത്തിൽ തണുപ്പൻ സമീപനം. LDF-ഉം UDF-ഉം ഒന്ന് തന്നെ. അവർ മിത്രങ്ങൾ. അവരുടെ കണ്ണിൽ ശത്രുക്കൾ നമ്മൾ ജനങ്ങളാണ്. രാഷ്ട്രീയക്കാർ, അവർ അവരുടെ വാക്സാമർത്ഥ്യമുപയോഗിച്ച് നമ്മെ ചേരി തിരിപ്പിക്കുന്നു. തമ്മിലടിപ്പിക്കുന്നു. നേട്ടങ്ങളെല്ലാം അവർക്ക്. വികസനവും വളർച്ചയും അവരുടെ കുടുംബത്തിന്. നിയമവും നീതിയും അവരുടെ സംരക്ഷണത്തിന്. നമുക്കുള്ളത് ദാരിദ്രവും കഷ്ടപ്പാടും ബുദ്ധിമുട്ടുകളും വോട്ടവകാശവും.
നമുക്കു മുന്നിൽ രണ്ട് വഴികളുണ്ട്. ഒന്നുകിൽ ജാതി,മത, രാഷ്ട്രീയ വേർതിരിവുകളില്ലാതെ നമുക്ക് ഒന്നുചേർന്ന് വിജയിക്കാം. അല്ലെങ്കിൽ മരണം വരെ നമുക്ക് തോറ്റുകൊടുക്കാം. മരണം വരെ മാത്രം. (അത് കഴിഞ്ഞാൽ എത്ര ശ്രമിച്ചാലും നമുക്ക് തോൽക്കാനും അവർക്ക് തോൽപ്പിക്കാനുമാവില്ലല്ലോ. )
32 comments:
നമുക്കു മുന്നിൽ രണ്ട് വഴികളുണ്ട്. ഒന്നുകിൽ ജാതി,മത, രാഷ്ട്രീയ വേർതിരിവുകളില്ലാതെ നമുക്ക് ഒന്നുചേർന്ന് വിജയിക്കാം. അല്ലെങ്കിൽ മരണം വരെ നമുക്ക് തോറ്റുകൊടുക്കാം. മരണം വരെ മാത്രം. (അത് കഴിഞ്ഞാൽ എത്ര ശ്രമിച്ചാലും നമുക്ക് തോൽക്കാനും അവർക്ക് തോൽപ്പിക്കാനുമാവില്ലല്ലോ. )
നന്നായിരിക്കുന്നു സുഹൃത്തെ
ഇനിയും വഴിയുണ്ട്,തോറ്റാലും ജയിച്ചാലും എനിക്കൊരു ചുക്കുമില്ലെന്ന് സ്വയം സങ്കൽപ്പിച്ച്,ആത്മനിന്ദയോടെ ജീവിച്ചുമരിക്കുക.
പൊതുവേ താല്പര്യമില്ലാത്ത വിഷയമാ രാഷ്ട്രീയം.
പക്ഷേ ഇത് വായിച്ചു, നന്നായിരിക്കുന്നു
അതെ പോങ്ങുമ്മൂടന് പറഞ്ഞതാണു ശരി.. വിസ് എന്ന ജനനേതാവിന്റെ മനസില്‍ അല്പമെങ്കിലും ആദര്‍ശം, വിപ്ലവവീര്യം അവശേഷിക്കുന്നുണ്ടെങ്കില്‍..ജനങ്ങള്‍ക്കിടയിലേക്കിറങ്ങാന്‍ ഇതായിരിക്കും അവസാന അവസരം..
അടങ്ങ് പൊങ്ങൂ അടങ്ങ്. എല്ലാത്തിനും പരിഹാരമുണ്ടാകും. ഇല്ലെങ്കില്‍ ജനം പരിഹരിക്കും. പിന്നെ പൊങ്ങു പറഞ്ഞത്ര ലഘുവായി കാര്യങ്ങള്‍ കാണാനാവില്ല. വി എസ് പാര്‍ട്ടി വിട്ടതുകൊണ്ട് എന്തു മാറ്റമാണുണ്ടാകുക? പുറത്തുപോകല്‍ ഒരിക്കലേ നടക്കൂ. പുറത്തുവരുന്ന വി എസിനു പുറകേ പാര്‍ട്ടി അണികള്‍ അപ്പാടേ ഒഴുകിവരും എന്നത് വ്യാമോഹം മാത്രമാണ്. ഇതിലും വലിയ പെരുന്നാള്‍ വന്നിട്ട് പള്ളീ പോകാത്ത അണികളാണ് സി പി എമ്മില്‍ ഉള്ളതെന്ന് കാലം തെളിയിച്ചതാണ്. ആ ചരിത്രം ആവര്‍ത്തിക്കാനാണ് പല മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്. അല്ലാതെ വി എസിന്റെ അഴിമതിവിരുദ്ധ പോരാട്ടം കണ്ട് കുളിരു കോരിയിട്ടല്ല. വി എസും സമാനചിന്താഗതിക്കാരായ വലിയൊരു ശതമാനം പ്രവര്‍ത്തകരും സംഘടനക്കുള്ളില്‍ നിന്നുകൊണ്ട് നടത്തിവരുന്ന പോരാട്ടം തുടരുക തന്നെ വേണം. പര്‍ട്ടിയില്‍ പിണറായിയുടെ അപ്രമാദിത്തത്തിനു കാരണം അദ്ദേഹത്തിന്റെ ചില നെതൃഗുണങ്ങള് കൂടിയാണ്. ഒരു മികച്ച സംഘാടകനും നിശ്ചയദാര്ഡ്ഡ്യമുള്ള നേതാവുമാണ് പാര്‍ട്ടിയില്‍ പിണറായി. "മിടുക്കന് ചെക്കനാര്‍ന്നു പക്ഷെ കൊണം മുഴുവന്‍ മുക്കത്തെ ഭവാനിക്കാ" എന്നു പറഞ്ഞ പോലെ. എങ്കിലും സംഘടനാസംവിധാനം അപ്പാടെ പിണറായിയുടെ കൂടെ നില്‍ക്കുന്നതിന്റെ പ്രധാന കാരണം ഭരണം കൈയ്യിലുള്ളതുതന്നെയാണ്. പാര്‍ട്ടിക്ക് ഭരണവും ശക്തിയും നഷ്ടമാകുന്നു എന്നു കണ്ടാല്‍ കര്യങ്ങള്‍ മാറി മറിയും. ഇപ്പോഴത്തെ പോക്ക് പോയാല്‍ അതു സംഭവിക്കാന്‍ വലിയ താമസമില്ല. ഒരു ശുദ്ധീകരണത്തിന്റെ അനിവാര്യതയിലൂടെയാണ് കാലം കടന്നുപോകുന്നത്, പാര്‍ട്ടിയിലും മുന്നണിയിലും. മറ്റൊരു യു ഡി എഫ് അല്ല നാടിന്നാവശ്യം. സ്വന്തം ആശയങ്ങളോട് നൂറുശതമഅനവും പ്രതിബദ്ധതയുള്ള ഒരു ഇടതുപക്ഷമാണ്.
സോറി. വെറുതെ പൊങ്ങൂനെ ഒന്നു ചൊറിഞ്ഞിട്ടു പോകാം എന്നു കരുതി കയറിയതാണ്. "ചൊറ" ആയി മാറിയെങ്കില്‍ ക്ഷമിക്കുക:)
“....താങ്കളെ ചവിട്ടിപ്പുറത്താക്കും മുൻപേ അവശേഷിക്കുന്ന മാനവുമായി ഇറങ്ങി വരൂ. പാർട്ടി എന്ന് പറയുന്നത് ഏതാനും വ്യക്തികളല്ല. ആശയവും ആദർശവും നിലപാടുകളുമാണ്. ഇന്ന് ആ പാർട്ടിയുടെ ആശയങ്ങൾ കുറെയെങ്കിലും സംരക്ഷിക്കുന്നത് താങ്കളാണ്. ആ യുക്തിവച്ച് നോക്കിയാൽ താങ്കൾ നിലകൊള്ളുന്നിടമാവും പാർട്ടി. അവിടേയ്ക്ക് യഥാർത്ഥ കമ്യൂണിസ്റ്റ് സ്നേഹികളും നിഷ്പക്ഷരായ ജനങ്ങളും അരക്ഷിതരായ അണികളും വരും. നല്ല ബുദ്ധി താങ്കൾക്ക് ലഭിക്കട്ടെ...”
ഈ വരികള്‍ ആവര്‍ത്തിക്കുന്നു...
ജന പക്ഷത്ത് നില്ക്കുന്ന നല്ല പോസ്റ്റ്
പ്രിയ ബിനോയ്,
"വി എസും സമാനചിന്താഗതിക്കാരായ വലിയൊരു ശതമാനം പ്രവര്‍ത്തകരും സംഘടനക്കുള്ളില്‍ നിന്നുകൊണ്ട് നടത്തിവരുന്ന പോരാട്ടം തുടരുക തന്നെ വേണം. " - താങ്കൾ ഇങ്ങനെ പറഞ്ഞു. ഒരു പരിധിവരെ അത് ശരിയാണ്. എന്നാൽ വി.എസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടക്കുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു. പാർട്ടി ചർച്ച തന്നെ അതിന്റെ പേരിൽ തുടങ്ങിയിരിക്കുന്നു. പുറത്താക്കും എന്നത് മൂന്നരതരമാണ് ബിനോയ്. അതിനുമുൻപ് പുറത്ത് ചാടിയാൽ ഒരു പരിധിവരെയെങ്കിലും മാനം രക്ഷിക്കാം.
“പര്‍ട്ടിയില്‍ പിണറായിയുടെ അപ്രമാദിത്തത്തിനു കാരണം അദ്ദേഹത്തിന്റെ ചില നെതൃഗുണങ്ങള് കൂടിയാണ്.“
നേതൃഗുണത്തേക്കാൽ തീർച്ചയായും വലിയ ഘടകം സമ്പത്തും മാഫിയാ ബന്ധവും തന്നെ എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ. എന്തെങ്കിലും ‘ഗുണം‘ കിട്ടാതെ ആരെങ്കിലും ആരെയെങ്കിലും പിന്തുണക്കുമോ? പണക്കൊതിയന്മാർ അദ്ദേഹത്തിന്റെ ചുറ്റും കൂടുന്നത് നേതൃഗുണം കൊണ്ടാവാൻ വഴിയില്ല.
ബിനോയ്, ഒരു കാര്യം ഞാൻ സമ്മതിക്കാം. വിജയം പിണറായി വിജയന്റെ കൂടെ തന്നെ. കാരണം ‘ലക്ഷീദേവിയും ചേട്ട‘യും ഒരുപോലെ പുള്ളിക്കാരന്റെ കൂടെ തന്നെ. തോൽക്കുന്നത് ജനങ്ങൾ തന്നെ.
നന്ദി
അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി. പരാജിതരുടെ കൂട്ടത്തിൽ നിന്ന് ഒരു വലിയ ഭീരുവിന്റെ നിലവിളി മാത്രമായി ഈ പോസ്റ്റ് കണ്ടാൽ മതി. സന്തോഷം.
അണികളും ആണികളും ചേര്‍ന്ന് ജനാധിപത്യത്തിന്റെ ശവപ്പെട്ടില് അവസാനത്തെ ആണി അടിക്കാന്‍ മത്സരിക്കുമ്പോള്‍, നെടുവീര്‍പ്പിടുക അല്ലാതെ എന്തു ചെയ്യാന്‍ പോങ്ങൂ....
ലാവലിനുമായി ലോ ലൈനിലൂടെ പോരു വിളിച്ച് വീണ്ടും നടക്കട്ടെ ലവന്മാര്.. :)
ഇനിമുതല്‍ വോട്ടിടുമ്പോള്‍ കറുത്ത മഷി കൈ വിരലില്‍ നിന്നു മാറ്റി മുഖത്തേയ്ക്കാക്കണം.. അതാ കൂടുതല്‍ മാച്ചിംഗ്...
മിസ്റ്റര്‍ പൊങ്ങുമൂടന്
എന്തൊക്കെ അബദ്ധങ്ങളാണ് എഴുതി വിട്ടേക്കണത്?
പിണറായിയെ ഒറ്റിയ ശര്‍മ്മയുടെ വായില്‍ പിണറായിയുടെ ജര്‍മ്മന്‍ നിര്‍മ്മിത റിവോള്‍വറില്‍ തിരുകി കാഞ്ചിയില്‍ ഒന്ന് വിരലമര്‍ത്താന്‍ ആഹ്വാനം ബ്ലോഗില്‍ വിപ്ലവ വീര്യക്കാര് ചെയ്തതെങ്കിലും ഒന്നോര്‍ക്കാമായിരുന്നു.
തോക്കില്‍ ഒന്നില്‍ കൂടുതല്‍ ഉണ്ട് കൊള്ളും എന്നറിയാമോ? മാത്രമല്ല, ചില പാര്‍ട്ടി അനുയായികള്‍ നല്ല വെടിക്കാരുമാണ്.
(ബ്ലോഗിലെ ഏറ്റവും കോമഡി ആയി ഞാന്‍ ആ വാചകങ്ങളെ എന്നുമോര്‍ക്കും)
ഈ നാട് നന്നാവില്ല പൊങ്ങൂ... ഇതിങ്ങനെ മുടിച്ചു മുടിച്ച് രാഷ്രീയ ഹിജഡകൾ നശിപ്പിക്കും. നട്ടെല്ല് നിവർത്തി നിന്ന് അഴിമതി കാണിച്ചിട്ടില്ലെന്ന് പറയാൻ ചങ്കൂറ്റമുള്ള എത്ര രാഷ്ട്രീയ കോമാളികൾ കാണും ഇന്ന് കേരളത്തിൽ ?.. നാം ഇതെല്ലാം കണ്ടാലും പഠിക്കാറില്ലല്ലോ.. ഇലക്ഷൻ വന്നാൽ പിന്നേയും പൊക്കി വിടുമല്ലോ ... ഇവനൊക്കെ കൊടിപിടിക്കാൻ നടക്കുന്നവന്മാരെ വേണം പറയാൻ...
നല്ല പോസ്റ്റ്...
blogile prakyaapitha idathu paksha budhijeevikalonnum ee vazhi vannille pongu?
maanathinte avasaanthe fig ilayum parannu poya vaiklabyam kondaakum,alle?
atho ithum avar nyaayeekarikkumo?
പരിപ്പ് വടയും ചായയും മാത്രം വിറ്റ് അരിഷ്ടിച്ച് നടത്തിയിരുന്ന പഴയ ചായക്കട ചില മുതലാളിമാരുടെ സഹായത്തോടെ അതേ ആളുകള്‍ തന്നെ ബ്രോസ്റ്റെടും തന്ദൂരിയും ചൈനീസും ഒക്കെ കിട്ടുന്ന എസി ഫാസ്റ്റ് ഫുഡ് കമ്പനിയാക്കുന്നതില്‍ തെറ്റൊന്നുമില്ല . കാലത്തിനൊത്ത് കോലം മാറണ്ടേ ??? പക്ഷെ ....പേര് ......അത് പഴയത് തന്നെ ഉപയോഗിക്കുമ്പോഴാണ് പഴയ പറ്റുകാര്‍ക്ക് മനപ്രയാസമുണ്ടാകുന്നത് ..
നാണം കെട്ടും പണം കൊണ്ടാല്‍
നാണക്കേടാ പാര്‍ട്ടി നോക്കും ..
പോങ്ങൂസ്,
എല്ലാ കാര്യങ്ങളും നമ്മൾ ആഗ്രഹിച്ച വഴിയേ തന്നെ നടക്കണം എന്ന് മോഹിയ്ക്കരുത്.യാതൊരു തെളിവുമില്ലാതെ ,പിണറായി അഴിമതി ചെയ്തു എന്ന് വിശ്വസിച്ച് സുഖമായി ഉറങ്ങാൻ പോങ്ങുവിനുള്ള അവകാശം പോലെ,കാര്യങ്ങൾ പഠിച്ച് തീരുമാനം എടുക്കാനുള്ള അവകാശം എ.ജി യ്ക്കും ഉണ്ട്. എ.ജി എടുക്കുന്ന തീരുമാനങ്ങൾ തങ്ങൾ ആഗ്രഹിയ്ക്കുന്നത് പോലെ ആവണം എന്ന് ശഠിയ്ക്കാൻ എ.ജി എന്നു പറയുന്ന സ്ഥാനം കേന്ദ്രം ഭരിയ്ക്കുന്ന പാർട്ടിയുടെ ചൊൽപ്പടിയ്ക്കു നിൽക്കുന്ന സി.ബി.ഐ പോലെ ഒന്നല്ല എന്നോർക്കുന്നത് നന്ന്.
ജഗദീശ് ടൈറ്റലറേയും, പിന്നീട് ക്വത്തറോച്ചിയേയും സി.ബി.ഐ കുറ്റ വിമുക്താരായി പ്രഖ്യാപിച്ചു എന്ന വാർത്ത വന്നിട്ടു ഒരു മാസം പോലും ആയില്ല.ജനരോഷം പേടിച്ച് ടൈറ്റ്ലറുടെ സീറ്റ് നിഷേധിയ്ക്കേണ്ടിയും വന്നു കോൺഗ്രസിനു.അന്നു എന്തേ ഈ ആത്മരോഷം പോങ്ങൂസിന്റെ ബ്ലോഗിൽ കണ്ടില്ല?
ഒരു വരിയെങ്കിലും അന്ന് എഴുതിയിട്ട് ഇപ്പോൾ ഇതു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നേനേ...!
ഇത്ര നാൾ കോലാഹല എ.ജി റിപ്പോർട്ട് കൊടുക്കുന്നില്ല എന്ന് പറഞ്ഞായിരുന്നു.ഇപ്പോൾ കോലാഹലം തങ്ങളുടെ ഇഷ്ടം പോലെ കൊടുത്തില്ല എന്ന് പറഞ്ഞ്...കൊള്ളാം കൊള്ളാം....
ആത്മരോഷക്കാരുടെ രാഷ്ട്രീയം !!!!!!!!
aha aha nerathe vanna Anoni paranja
nyaayeekaranavum ethiyallo.
kashttam Mr.Sunil!
swathanthra chinthayum budhiyumokke partykku panayam vechavare patti ithallathe enthu parayanaa.
A.G.thanne paranjirikkunnu rekhakal muzhuvan padhikkaan kittiyilla ennu.
athine patti sakhaavinu onnum prayaanille aavo!!
പക്ഷേ, ഈ കേരളത്തിൽ ജനിച്ച് ജീവിക്കുന്ന എനിക്ക് പത്രത്താളുകളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും ലഭിക്കുന്ന അറിവുകൾ നൽകുന്ന അസ്വസ്ഥത നിങ്ങളുമായെങ്കിലും പങ്ക് വച്ചില്ലെങ്കിൽ -സാധിക്കില്ലെങ്കിലും - ഒരുവേള ഞാൻ ഒരു നക്സലേറ്റായി നെറികെട്ട രാഷ്ട്രീയ നേതാക്കളുടെ ശിരസ്സ് ഉടലിൽ നിന്നങ്ങ് വേർപെടുത്തിയാലോ എന്ന് വരെ ചിന്തിച്ച് പോവാനിടയുണ്ട്.
Exactly right.
ഹ ഹ ഹ..സുനിലിന്റെ കമന്റ് വായിച്ച് സന്ദേശം സിനിമ ഓർത്തുപോയി..
"പോളണ്ടിലെന്തു സംഭവിച്ചു..നിക്വരുഗ്വയിലും സംഭവിച്ചത് മറ്റൊന്നല്ല"
കേരളത്തിലെ കാര്യം പറയുമ്പൊ എന്തിനാ സഖാവേ ഡൽ ഹിയിലും പൻ ജാബിലും പോന്നെ..
ഇതിപ്പൊ സി പി എമ്മൊ കോൺഗ്രസ്സൊ അതല്ലങ്കിൽ മറ്റേതു പാർട്ടിയും ചെയ്യുന്ന കാര്യമാണു..നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടം..
ഇ.എം.എസ്സിനെയൊ ആന്റെണിയൊ,പലോളിയോ
ന്രിപൻ ചക്രവർത്തിയെയൊ പോലുള്ള നേതാക്കളെ ജനങ്ങൾ എന്നും അഭിമാനത്തോടെ ഓർക്കും..പക്ഷെ അവരുടെ കുടുംബാങ്ങങ്ങൾ ആർക്കും വേണ്ടാതെ ജീവിക്കുന്നവരായിരിക്കും..
സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ എന്ന ലേബലിൽ ഇന്ന് കാണുന്ന മിക്ക നേതാക്കളുടയും ജാതകം മുകളിൽ പറഞ്ഞതിനു നേരെ എതിരായിരിക്കും..ആദർശ്ശ ധീരനായ ഒരു രാഷ്ട്രീയ നേതാവ് എന്നും ദരിദ്രനായിരിക്കും!!!
പോങ്ങുമ്മൂടന്
അതിന് ഇവിടെ എന്തു സംഭവിച്ചു?? കേരളത്തില്‍ സംഭവിച്ച പല അഴിമതി കഥകള്‍ പോലെ ഇതും. അത്രേയുള്ളൂ. അതിലിപ്പോ എന്താ ഇത്ര അത്ഭുതപ്പെടാന്‍? പാമോലിന്‍ കേസ് എന്നു കേട്ടിട്ടുണ്ടോ? അന്നത്തെ മുഖ്യമന്ത്രി കരുണാകരന് പങ്കാളിയായ കേസ്. അന്ന് കേരളകൌമുദിയും അച്ചുദാനന്ദനും പൊക്കികൊണ്ടുവന്ന കേസ്. അത് ഇപ്പോള്‍ എന്തായി?? എന്താ എല്‍ ഡി എഫ് നേതാക്കള്‍ അതിനെതിരെ ഇപ്പോള്‍ മുണ്ടാത്തത്? എന്താ അതിനെതിരെ ഒരു പ്രക്ഷോഭം സംഘടിപ്പിക്കാത്തത്? അപ്പോ എല്ലാം പങ്കുവെച്ച കളി തന്നെ ;) എനിക്കും നിനക്കും ലാഭം. കുരച്ചു ചാടുന്ന പൊതുജനം!! പോയി തൂങ്ങി ച്ചാവന് പറ. അല്ല പിന്നെ..
പിന്നെ പാര്‍ട്ടി ആഫീസില്‍ തലച്ചോറ് പണയംവെച്ച ചില സഗാക്കാള്, പാര്‍ട്ടി പറഞ്ഞാല്‍ മുള്ളും തൂറും അല്ലേല്‍ ഇല്ല എന്ന് കരുതുന്ന ചില ഒദ്ദണ്ഡന്മാര് അവന്മാര് ഇതിനു സത്യം കാണുകേല. അവന്മാര് കാലം കഴിയുന്ന വരേക്കും നേതാക്കന്മാരുടെ അടിയും കാലും പിന്നെ എന്തൊക്കെയോ നക്കും, അവര്‍ക്കു സ്തുതി പാടൂം. അവരെ ശ്രദ്ധിക്കേണ്ട. താങ്കള്‍ താങ്കളുടെ വിമര്‍ശനവുമായി മുന്നോട്ടു പോകുക. രാഷ്ട്രീയത്തില്‍ മനം മടുത്ത സ്വന്തമായി തലച്ചോറൂള്ള ഞങ്ങളെപ്പോലുള്ള പലരും താങ്കള്‍ക്കൊപ്പമുണ്ട്.
ലാല്‍ സലാം
പോങ്ങുമ്മൂടാ,
എ.ജിയുടെ ഉപദേശത്തോടൊപ്പം ചില ഒളിച്ചു കളികളും കൂടി അയാള്‍ നടത്തിയതിനെപറ്റി ഒരു വരിയെങ്കിലും എഴുതാതെ പോയത് ശരിയായില്ല.
1)മുന്‍ മന്ത്രിയുടെ കാര്യമല്ലേ ഉപദേശം ചോദിച്ചത്. പക്ഷേ രന്റു ഉദ്ദ്യോഗസ്ഥരേയും പ്രോസിക്കൂട്ട് ചെയ്യാണ്ടാന്നുപദേശിച്ചിരിക്കുന്നു.
2)നിര്‍ണ്ണയക രേഖകള്‍ കണ്ടില്ലെന്നെഴുതിപ്പിടിപ്പിച്ചിരിക്കുന്നു. എന്നിട്ട് പ്രസ കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടി പ്രധാന രേഖകളെല്ലാം കണ്ടെന്നു വാക്കാല്‍ വിളിച്ചു കൂവുന്നു.
ഞാനോ നിങ്ങളോ വാക്കാല്‍ പറഞ്ഞാലും മതി. ഈ വക്കീലമ്മാരുടെ വാക്കുകളെ ഈ ജന്മത്ത് വിശ്വസിക്കാമോ.
ബോഫോര്സിന്റെ കാര്യത്തിലായാലും, പാമോയിലിലായാലും അഭയ-രാജന് കൊലകളിലായാലുമെല്ലാം എല്ലാവര്‍ക്കുമറിയാം ആരോ ഒരുവന് ‘തെറ്റു‘ ചെയ്തുവെന്നു. എന്നാല്‍ അധികാരവും പണവും ഉള്ളവന് എന്തു ചെയ്താലും അവര്‍ രക്ഷപെടും. അന്വേഷണങള്വഴി വീണ്ടും കോടികള്‍ എങോട്ടൊക്കെയോ ഒഴുകുന്നു. ഒടുവില്‍ എല്ലാം പാഴ്. ഇതൊക്കെ വര്ഷങളായി കണ്ടിട്ടും പ്രതീക്ഷ പുലര്‍ത്തുന്ന നമ്മളൊക്കെ മുതുപാഴ്.
മനുജി : നന്ദി. ‘മുഖത്ത് കരിവാരി തെയ്ക്കുന്ന നിർദ്ദേശം കൊള്ളാം ‘ :)
അനോണിമാമാ: തുടർന്ന് അബദ്ധങ്ങളെഴുതാതിരിക്കാൻ നോക്കാം :)
ആർപീയാർ : നന്ദി
അനോണി: ന്യായീകരണങ്ങൾ തീർച്ചയായും വന്നേക്കും. ആ ന്യായീകരണങ്ങൾക്ക് എന്നെ തോല്പിക്കാനും കഴിഞ്ഞേക്കും. എന്നാൽ സമൂഹത്തെ കീഴടക്കാൻ ആ ന്യായീകരണങ്ങൾ തികയുമോ? :)
ജ്യോതിയേട്ടാ: അതെ, അത് തന്നെയാവും കാര്യം. നന്ദി
അനോണി: :)
സുനിലേട്ടാ :
സി.ബി.ഐ-യെ സ്വധീനിച്ച് മനപ്പൂർവ്വം കോൺഗ്രസ്സുകാർ പിണറായിയെയും ഒപ്പം പാർട്ടിയെയും തകർക്കാൻ ശ്രമിക്കുകയാണെന്ന് തന്നെ ഇരിക്കട്ടെ. എങ്കിൽ അതിനെ എതിർക്കേണ്ടത് ഈ വിധത്തിലാണോ? സധൈര്യം നിയമത്തിന് വിധേയനായി തന്റെ നിരപരാധിത്വം തെളിയിച്ച് കോടതിക്ക് വെളിയിൽ വരുന്നതല്ലേ അന്തസ്സ്? കമ്യൂണിസ്റ്റ് പാർട്ടി എന്തിനാണ് കോടതി നടപടികളെ ഭയക്കുന്നത്. പിണറായിയുടെ കരങ്ങൾ ശുദ്ധമാണെങ്കിൽ എന്തിന് അധികാരത്തിന്റെ പിൻബലമുപയോഗിച്ച് അദ്ദേഹത്തിന് സംരക്ഷണം നൽകണം? അത് ജനങ്ങളിൽ കൂടുതൽ സംശയം ജനിപ്പിക്കുകയല്ലേ ചെയ്യുകയുള്ളു?
പിണറായിയുടെ തകർന്നാൽ പാർട്ടി തകർന്നു എന്ന് നിലവിളിക്കേണ്ടതില്ല. കമ്യൂണിസ്റ്റ് പാർട്ടി വ്യക്തികളെ ആശ്രയിച്ചായിരുന്നില്ലല്ലോ ഇതുവരെ നിലനിന്നത്.
നന്ദി.
രണ്ട് അനോണികൾക്കും :)
ധൃഷ്ട്യുദ്യുമ്നൻ : നന്ദി :)
സന്തോഷ്: ആത്മാർത്ഥമായ പിന്തുണയ്ക്ക് നന്ദി.
അങ്കിൾ: അങ്ങ് പറഞ്ഞത് സത്യമാണ്. പെട്ടെന്ന് കുറിച്ചതിനാൽ ചില പോയിന്റുകൾ വിട്ടുപോയിരിന്നു. അവ ഇവിടെ സൂചിപ്പിച്ചതിൽ നന്ദി. സന്തോഷം.
പഥികൻ: അതെ. സത്യം.
സാധാരണക്കാരന്റെ പക്ഷത്തു നിന്നുള്ള നിന്റെ ചിന്തകള്‍ ആകുലതകള്‍ സത്യസന്ധം തന്നെ. പലപ്പോഴും നമ്മള്‍ക്കു തോന്നുന്നതു തന്നെ.. ഈ പ്രതികരണങ്ങള്‍ക്കും ചിന്തകള്‍ക്കും ഒരു സപ്പോര്‍ട്ട്.
@ ധൃഷ്ടദ്യുമ്നൻ
"പോളണ്ടിലെന്തു സംഭവിച്ചു..നിക്വരുഗ്വയിലും സംഭവിച്ചത് മറ്റൊന്നല്ല"
ധൃഷ്ടദ്യുമ്നൻ എല്ലായിടത്തും മനുഷ്യന്റെ കാര്യം ഒന്നനടോ.....
==================================
കോണ്ഗ്രസ്സ്കാര് പാമോയില്‍ കട്ടു, ബോഫോഴ്സ് കട്ടുതിന്നു, കാലിത്തീറ്റ തിന്നു ബി ജെ പിക്കാര്‍ ശവപ്പെട്ടിയും തിന്നു അപ്പോള്‍ പിന്നെ ഞങള്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് വെറുതെ ഇരിക്കാന്‍ പറ്റുമോ ........ ഞങ്ങള്‍ കരണ്ട് കട്ടുതിന്നു...അത്ര തന്നെ..... അല്ലപിന്നെ
എടൊ ഹരി, താനൊരു പൊങ്ങു വിചാരിച്ചാല്‍ തകരുന്നതന്നോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രിയ പാരമ്പര്യം.... കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ച താനൊക്കെ എന്താ വിചാരിച്ച് വെച്ചിരിക്കുന്നത് ? ആര്‍ക്കും കയറി ബ്ലോഗെഴുതി കമ്മന്റ് പെട്ടിനിറക്കാമെന്നോ ..........? ഞങ്ങള്‍ ദൈനംദിനം എഴുതികൂട്ടുന്ന ബ്ലോഗുക്കൂമ്പാരത്തിനോട് ചെറിയൊരു ബ്ലോഗുമായി മല്‍സരിക്കാന്‍ തനിക്ക് എങ്ങനെ ധൈര്യം വന്നു ?
ആരു എങ്ങനെ ഇടതുകക്ഷികള്ക്കെതിരെ കേസ് ഫ്രെയിം ചെയ്താലും അവരു പറയുന്ന പോലൊക്കെ ചെയ്ത് നിരപരാധിത്വം തെളിയിഛോണം. എ.ജിക്കൊന്നും രെഫര്‍ ചെയ്തൂകൂടാ. എ.ജി അനുമതി കൊടുത്തില്ലെങ്കില്‍ അത് തള്ളണം. എന്നിട്ട് സര്‍ക്കാര്‍ അനുമതി കൊടുക്കണം. ഇല്ലെങ്കില്‍ രാജഭവനത്തില്‍ ചെന്ന് ഗവര്‍ണ്ണര്‍ക്ക് പണി കൊടുക്കാന്‍ നോക്കും. ഒന്നു വെരട്ടി നോക്കും. ചുരുക്കിപ്പറഞ്ഞാല്‍ രാഷ്ട്രീയപ്രേരിതമായി ഇടാതുകക്ഷിക്കെതിരെ ഒരു കേസ് ഫ്രെയിം ചെയ്താല്‍ ശിക്ഷിക്കപ്പെട്ടോണം.നിയമപരമായി നിങ്ങള്ക്കവകാശമുള്ള പ്രതിരോധത്തിനു പോലും തുനിഞ്ഞാല്‍ നിങ്ങളെ എഴുതി നാറ്റിക്കും. മാധ്യമങ്ങള്‍ ഞങ്ങളല്ലേ..വിധിക്കുന്നതും ഞങ്ങളല്ലേ
വലതായാല് കൊയപ്പമില്ല. പണ്ട് തൊട്ടേ അവരുടെ കെടപ്പ് അങ്ങിനെ ആണ്. ..
രാഷ്ട്രിയം അധികം അറിയില്ല .. പക്ഷെ പോസ്റ്റും ..തുടരെ വന്ന കമന്റുകളും രസോണ്ടുട്ടോ..
അധികാരക്കണക്കുകൾ വെറുംജൽപ്പനം;ജന-
വിധിയെത്തടുക്കുവാൻ ഗ്രഹനിലക്കാവുമോ?
അധികാരമധുനുകരാനിനി കാക്കണമഞ്ചുവർഷം,
വിധിയോർത്തുവിലപിക്കുന്നു പാവമീതോറ്റവർ !
പോസ്റ്റ് പഴയതാണ് എന്നാലും ഇപ്പോള്‍, ഇവരുടെ ഹുങ്കിനു ജനം ചൂണ്ട് വിരലിലെ മഷി വഴി ഉത്തരം നല്കി കഴിഞ്ഞപ്പോള്‍, ഇടതു ഒന്നില്ലാതെ എല്ലാം പൊട്ടി. ഇനി ഈ അവസ്ഥയില്‍ വല്ല മാറ്റവും പൊങ്ങാശാന് പ്രതീക്ഷിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ എന്തു?
പോസ്റ്റ് അസ്സലായി. :)
തോൽക്കുന്നത് എപ്പോഴും ജനങ്ങൾ തന്നെ..
നന്നായിരിക്കുന്നു ഈ ലേഖനം.
ഈ മാറിയ കാലത്തും ഈടുറ്റ ലേഖനം.
Post a Comment