Follow by Email

Tuesday, July 28, 2009

ചെറായി- ‘സ്വ.ലേ‘ മാര്‍ വിട്ടുപോയ കാര്യങ്ങള്‍!

ചെറായിലെ സുഹൃദ് സംഗമം എത്ര സന്തോഷകരമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാവുന്നതല്ല. വൈകുന്നേരം മീറ്റ് കഴിഞ്ഞ് മടങ്ങുമ്പോള്‍ മനസ്സിലുണ്ടായ നിരാശ ആത്മമിത്രങ്ങളെ പിരിയുന്നതിന്റെ മാത്രമായിരുന്നു. അത്രയേറെ അടുപ്പം പരസ്പരം ഉണ്ടാക്കുവാന്‍ ആ സംഗമത്തിനായി. സൌഹൃദം; അതെത്ര വേഗമാണ് നമ്മുടെയൊക്കെ മനസ്സില്‍ വേരാഴ്ത്തുന്നത് ...

തമാശ കളയാം. നേരേ കാര്യത്തിലേയ്ക്ക്.

ചെറായി മീറ്റ് നല്‍കിയ നല്ല അനുഭവങ്ങളെ ഒരു പോസ്റ്റിലേയ്ക്ക് ഒതുക്കാനാവുമോ എന്ന് ശ്രമിച്ചുകൊണ്ടിരിക്കെയാണ് എന്റെയൊരു സ്നേഹിതന്‍ ബൂലോകം ഓണ്‍ലൈന്‍, ബ്ലോത്രം എന്നീ ബ്ലോഗുകളുടെ ലിങ്ക് അയച്ചുതരുന്നത്. സംഗതി ഉശിരന്‍ സാധനങ്ങളാണ്. വായിച്ചുകഴിഞ്ഞപ്പോള്‍ ഇനി എന്റെ പോസ്റ്റിന് പ്രസക്തിയില്ലെന്ന് മനസ്സിലായി. അത്രയ്ക്ക് ആധികാരികമായി തന്നെ ഇരു ബ്ലോഗുകളും മീറ്റ് കവര്‍ ചെയ്തിരിക്കുന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മണ്ഡരി ബാധിച്ച തലയ്ക്ക് പോങ്ങുവിന്റെ പ്രണാമം.

ബൂലോകം ഓണ്‍ലൈനിന്റെയും ബ്ലോത്രത്തിന്റെയും സ്വ.ലേ മാര്‍ അശ്രദ്ധകൊണ്ടു വിട്ടുപോയ ചില കാര്യങ്ങള്‍ ഇത്തിരി വിശാലമായിത്തന്നെ പറയാം. സഹിക്കണം.

പോസ്റ്റൂകളിലൂടെ വായനക്കാരെ നിര്‍ദാക്ഷിണ്യം വധിച്ചുകൊണ്ടിരിക്കുന്ന ‘ഭീകരവാദി’കളെ നേരിടാന്‍ , നാവ് എ.കെ 47-ഉം തൊലിക്കട്ടി പ്രതിരോധകവചവുമാക്കി ഞാന്‍ ചെറായി തീരത്തേയ്ക്ക് ശനിയാഴ്ച രാവിലെതന്നെ വണ്ടികയറി. ശനിയാഴ്ചപ്പകലിന്റെ സിംഹഭാഗവും ഗായത്രി അശോകേട്ടന്‍, ഷിനോ, ദിപു എന്നീമിത്രങ്ങളോടൊപ്പം പങ്കുവച്ച് വൈകുന്നേരത്തോടെ ഹൈക്കോടതി നടയില്‍ നമസ്കരിച്ചു. (കള്ളുകുടിച്ച് മുഖമടിച്ച് വീണതാണെന്ന് പറയുന്നവരും കുറവല്ല.) നമസ്കാരത്തില്‍ സം‌പ്രീതയായ നീതിദേവത തല്‍ക്ഷണം ‘നിരക്ഷരനെ‘ന്ന മനോജേട്ടനെ അവിടെ പ്രത്യക്ഷപ്പെടുത്തി. വിത്ത് കാര്‍.

വഴിയ്ക്കുവച്ച്, നന്ദേട്ടനെയും കൂട്ടി അമരാവതിയിലെത്തുമ്പോള്‍ അവിടെ ലതികേച്ചിയും കുടുംബവും ഉണ്ടായിരുന്നു. പരിചയപ്പെട്ടു. സംസാരിച്ചുനില്‍ക്കുമ്പോള്‍ ‘ഡോക്ടര്‍ നാസും സാസിന്റെ ഡോക്ടറും‘കൂടി അവിടേയ്ക്കുവന്നു. ഇതിനിടയില്‍ ‘തോന്ന്യാസി‘യുടെ കോള്‍ വന്നതിനാല്‍ അയാളെ കൂട്ടിക്കൊണ്ടുവരുവാന്‍ ഞങ്ങള്‍ 3 പേര്‍ പോയി.

രാത്രി എട്ടരമണിയോടെ പാവപ്പെട്ടവന്‍, പകല്‍ക്കിനാവന്‍, മുള്ളൂര്‍ക്കാരന്‍, മനുജി, മാലോത്ത്, തോന്ന്യാസി, നന്ദേട്ടന്‍, നിരക്ഷരന്‍ തുടങ്ങിയ തീവ്രവാദികള്‍ ചേര്‍ന്ന് ‘സിഗ്നേച്ചറിന്റെ’ രക്തമൂറ്റിക്കുടിച്ചുകൊണ്ടിരുന്നു. തോന്ന്യാസിയുടെ ‘ഗദ്യാ‘ക്രമണത്തെ പാവപ്പെട്ടവന്‍ ‘പദ്യാ’ക്രമണം കൊണ്ടുതുരത്തി. കടലാക്രമണമായിരുന്നു ഇതിലും ഭേദമെന്ന ഭാവത്തില്‍ പകലന്‍ ആകാശത്തേയ്ക്ക് നോക്കി മൌനിയായി. രാത്രിയായതിനാ‍ല്‍ ഒന്നു കിനാവുകാണാന്‍ പോലുമാവാതെ പകല്‍ക്കിനാവന്‍ ഉറഞ്ഞു.

കണ്ണടവച്ച ‘തീവ്രവാദി‘ വരാന്തയിലിരുന്ന്, തന്റെ ദീക്ഷയിലൂടെ നീണ്ടുമെലിഞ്ഞ വിരലുകളോടിച്ചും തിരയൊഴിയാത്ത കടലിളേയ്ക്ക് കണ്ണുകളാഴ്ത്തിയും ഇങ്ങനെ പറഞ്ഞു തുടങ്ങി

- “ ഞാന്‍....ഒരു യാത്രികന്‍...., കയ്യില്‍ പാഥേയവുമായി മോക്ഷംതേടി യുഗങ്ങളായി പ്രപഞ്ചം മുഴുക്കെ അലയുന്നവന്‍..... “‘

ഓഹോ അപ്പോള്‍ ഇതാണോ യാത്രികന്‍!!

പുള്ളിക്കാരന്‍ തുടരുന്നു.

- “ഞാന്‍ ഏകാന്ത പഥികന്‍........ ഞാന്‍.....യാത്ര തുടരട്ടെ.... മുള്ളൂക്കാരന്‍....“

ആകെ കണ്‍ഫ്യൂഷനായല്ലോ! യാത്രികന്‍, ഏകാന്ത പഥികന്‍, മുള്ളൂക്കാരന്‍ ഇതിലാരാണ് ഇയാള്‍. ഞാന്‍ പകലന്റെ ചെവിയില്‍ ചോദിച്ചൂ.

- ഇതാണ് മുള്ളൂക്കാരന്‍.

- അപ്പോള്‍ ഈ പറഞ്ഞതൊക്കെ?

- എബൌട്ട് മീ

- പകലേട്ടന്റെ എബൌട്ടോ!!!

- അല്ല പോങ്ങൂസ്, പുള്ളിയുടെ സ്വന്തം.

- കഞ്ചനാണോ?

- അസാരം

മുള്ളുകാരനോട് ഒരു കൈയ്യകലം കാക്കുന്നതില്‍ യാതൊരു നാണക്കേടുമില്ലെന്നെനിക്കതോടെ ബോധ്യമായി.

ഞങ്ങള്‍ സംസാരിച്ചിരിക്കെ, അമരാവതി റിസോര്‍ട്ടിന്റെ പറമ്പില്‍ നില്‍ക്കുന്ന തെങ്ങിനു മറവില്‍ നിന്ന് ഒരു ഫ്ലാഷ് ലൈറ്റ് മിന്നിയതും പാവപ്പെട്ടവന്‍ ശരവേഗത്തില്‍ ആ തെങ്ങ് ലക്ഷ്യമാക്കി പാഞ്ഞതും ഒരുമിച്ചായിരുന്നു. നരിച്ചീറ് കീറുന്നപൊലെ ഒരുശബ്ദം ഉയര്‍ന്നുകേട്ടു. പിന്നെ, ‘ചലോ... ചലോ... ചേറായി‘ എന്ന് മുദ്രാവാക്യം വിളിച്ച് പാവപ്പെട്ടവന്‍ ഇരുളില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക്.. കയ്യില്‍ ഒരു ചെറിയ മനുഷ്യജീവി! ചാരനാണ്!! കഴുത്തില്‍ ഒരു ക്യാമറ തൂങ്ങിയാടുന്നു. പാ‍വപ്പെട്ടവന്‍ നേരേ കുശിനിയിലേയ്ക്ക് അയാളെ കൊണ്ടുപോയി. താമസിയാതെ വെറുംകൈയ്യോടെ മടങ്ങി വന്ന പാവപ്പെട്ടവന്റെ ചുണ്ടുകള്‍ 3 വരി കവിതയെ പ്രസവിച്ചു!!

“ചങ്ങലകള്‍ പൊട്ടിച്ചു
ചങ്ങാതിയെ തേടാം
ചാരനെവെട്ടി ചട്ടിയിലിട്ടു വറുക്കാം“

മനസ്സിലായി. നാളെ ഉച്ചയ്ക്ക് ‘ചാരക്കറി‘ കൂട്ടിയുണ്ണാം. ഈ മനുഷ്യന് പാവപ്പെട്ടവനെന്ന പേര്‌ ആരുപറഞ്ഞു കൊടുത്തോയെന്തോ?


അന്തരീക്ഷത്തില്‍ നിന്ന് മുല്ലപ്പൂവിന്റെ ഗന്ധമുയരുന്നില്ലേന്ന് ചോദിച്ചത് നിരക്ഷരനാണ് - നിരക്ഷരന്മാര്‍ മണമൊക്കെ തിരിച്ചറിയുന്നവരാണെന്ന് വ്യക്തമായി- ശരിയാണല്ലോ അതെന്ന് മാലോത്ത് വിസ്മയവും കൂറി.

-പോങ്ങൂസേ, നന്ദനെവിടെപ്പോയി?

മനുജി അത് ചോദിച്ചതും നന്ദേട്ടന്‍ മുറിയില്‍ നിന്ന് പുറത്തേയ്ക്ക് വന്നതും ഒരുമിച്ചായിരുന്നു. മുട്ടോളം മാത്രമെത്തുന്ന ഒരു ബര്‍മുഡയാണ് വേഷം. കൈയ്യില്‍ ‘മൂന്നുമുഴം മുല്ലപ്പൂ’ ചുറ്റിയിട്ടിരിക്കുന്നു. ഫ്രഞ്ച് താടി. പറ്റെ വെട്ടിയ മുടി. നിറംകൊണ്ടുമാത്രമല്ല വേഷഭൂഷാദികളിലൂം ആള് തനി കരീബിയന്‍ കുഞ്ഞായി മാറിയിരിക്കുന്നു!!

- എന്താ നന്ദേട്ടാ, ഈ മുല്ലപ്പൂമാ‍ലയൊക്കെ ചുറ്റി?

മാലോത്തിന്റെ ചോദ്യം.

- ഇയാളുടെ മാസ്റ്റര്‍ പീസ് പോസ്റ്റ് ‘ മൂന്നു മുഴം മുല്ലപ്പൂ’ അല്ലായിരുന്നോ മാലോത്തെ. അതിന്റെ ഹാങ്ങ് ഓവറില്‍ പുള്ളി ഇപ്പോ പത്താളു കൂടുന്നിടത്തിപ്പോ ഇതാ സ്റ്റൈല്.

ഉത്തരം മനുജിയുടേത്.

‘അപ്പോ ഇതാണ് അല്പത്തരത്തിന്റെ ഗന്ധം, അല്ലേ മനുജി‘ എന്നു പറഞ്ഞ എന്റെ തലമണ്ടയില്‍ സാമാന്യം ഭേദപ്പെട്ട ഒരു കൊട്ടുതന്ന് നന്ദേട്ടന്‍ പറഞ്ഞു.

-ടാ കോപ്പേ, അങ്ങേര് വല്ലതും പറഞ്ഞാ ഞാനങ്ങ് ക്ഷമിക്കും. കാരണം പുള്ളിക്കാരനാണല്ലോ എന്റെ രജിസ്ട്രേഷന്‍ ഫീസും തിരിച്ച് പോവാനുള്ള വണ്ടിക്കൂലിയും തരുന്നത്.

ഇതുകേട്ട് തുറിച്ച മനുജിയൂടെ കണ്ണുകളില്‍ ആകാശത്തിലെ ചന്ദ്രനും നക്ഷത്രങ്ങളും പ്രതിഫലിച്ചു. പിന്നെ കണ്ണ് യഥാ സ്ഥാനത്തേയ്ക്ക് മടങ്ങിയപ്പോള്‍ മനുജി എഴുന്നേറ്റ് പറഞ്ഞു.

- ഇനി ഞാന്‍ അല്പമൊന്ന് കിടക്കട്ടെ.

മനുജി പോയി. ഒഴിഞ്ഞ കീശേം ശൂന്യമാക്കിയ വയറുമായാണ് ‘പര്‍വ്വ‘മിങ്ങ് കെട്ടുകെട്ടിയതല്ലേയെന്ന ചിന്തയാണ് മനുജിയ്ക്ക് മുന്‍പേ നടക്കുന്നതെന്ന് ഞങ്ങള്‍ കണ്ടു.

അതൊരു കൂട്ടച്ചിരിയ്ക്ക് കാരണമായി. പിന്നെ ‘കൂര്‍ക്കം’ മീറ്റന്മാരായ ഞങ്ങള്‍ നിദ്രാ‍ദേവിയെ മാറിമാറി പൂശി ‘കൂര്‍ക്ക ക്രിയ‘യിലേയ്ക്ക് കടന്നു.

‘തൊട്ടി‘ലില്‍ കിടന്നുറങ്ങുന്ന തോന്ന്യാസിയുടെ കരച്ചില്‍ കേട്ടാണ് ഉണരുന്നത്. തോന്ന്യാസിയെ താരാട്ടുപാടിയുറക്കുമ്പോള്‍ അമരാവതിയുടെ പറമ്പിലാരോ ഒരു വലിയ കുഴി എടുക്കുന്ന ശബ്ദം കേള്‍ക്കാം. ഞാന്‍ ജനാലയിലൂടെ നോക്കി. നിരക്ഷരന്‍ മണ്‍‌വെട്ടിയുമായി ആഞ്ഞുവെട്ടുന്നു. എന്തിനാണാവോ? നിദ്രാദേവി അടുത്ത നേരമ്പോക്കിനായി വന്നതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കാതെ കിടന്നു.


* * *

രാവിലെ ഒന്‍പതരയോടെ തന്നെ ഒട്ടുമിക്കവരും എത്തിത്തുടങ്ങിയിരുന്നു. പിരിക്കുട്ടിയുടെ നേതൃത്വത്തില്‍ നിര്‍ദ്ദയം പിരിവുതുടങ്ങി. ഇവള്‍ ‍പിരിക്കുട്ടിയല്ല പിരിവുകുട്ടിയാണ്.

അപ്പോള്‍ രാത്രി അമരാവതിയുടെ പറമ്പു മുഴവന്‍ നിരക്ഷരന്‍ കുഴിച്ചുകൊണ്ടിരുന്നത് ഈ പണമൊളിക്കാനാണല്ലേ? ദുഷ്ടന്‍. ഇതിന്റെ പേരില്‍ അങ്ങേര് 10 രാജ്യങ്ങള്‍കൂടി കാണും.

അങ്ങനെ ചിന്തിച്ചു നില്‍ക്കുമ്പോളാണ് ശക്തമായ ഭൂമികുലക്കം അനുഭവപ്പെട്ടുതുടങ്ങിയത്. മുന്തിയവന്‍ തന്നെ. റിച്ച്ടര്‍ സ്കെയിലില്‍ ദശാംശത്തോടുകൂടി രണ്ടക്കത്തിനടുത്തൊരു സംഖ്യ രേഖപ്പെടുത്താന്‍ പോന്നവന്‍. ‘പിരിക്കുട്ടികള്‍‘ കസേരയില്‍ നിന്ന് അടര്‍ന്നു വീണു. പല ‘സനോണി‘കളും പ്രാണരക്ഷാര്‍ത്ഥം നിലം പറ്റുന്നു. കസേരകള്‍ നാലുകാലില്‍ നൃത്തം ചെയ്യുന്നു. മണ്ഡരി പിടിച്ച തേങ്ങകള്‍ക്കൊപ്പം കരിക്കുകള്‍പോലും പൊഴിയുന്നു. തീര മേഘങ്ങളെ നക്കിയെടുത്ത് മടങ്ങുന്നു. ആകെ ഭീതി നിറഞ്ഞ നിമിഷങ്ങള്‍. അപ്പോഴാണ് ഞാനതുശ്രദ്ധിച്ചത്. വെള്ളമുണ്ടും കള്ളികളുള്ള കഴുകിയ ഇറച്ചിയുടെ നിറമുള്ള ഷര്‍ട്ടുമിട്ട് ‘സുസ്മേര ചീര്‍ത്ത വദനനായ ‘ നമ്മുടെ കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടന്‍ അടിവച്ചടിവച്ച് നടന്നുവരുന്നു. അന്തരീക്ഷമാകെ ‘ഹ ഹ ഹ’ എന്ന ശബ്ദം മുഴങ്ങുന്നു. വന്നപാടേ അദ്ദേഹം 5 അടി നീളവും 3 അടി വീതിയുമുള്ള വലിയൊരു ബഞ്ചിലേയ്ക്ക് ആസനസ്ഥനായി. തല്‍ക്ഷണം ഭൂമീദേവി അടങ്ങി. അദ്ദേഹത്തിന്റെ ആസനസ്പര്‍ശമേറ്റതും ബഞ്ചിന്റെ കാലുകള്‍ ഭൂമീദേവി കവരുകയാല്‍ ബഞ്ച് ഒരു പലകയായി പരിണമിക്കുകയും ചെയ്തു. ലക്ഷണമൊത്ത ഇരുപ്പ്. സിദ്ധന്‍ തന്നെ! ആരെങ്കിലും ഒരു പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിക്കൂ.!!

ഒട്ടും അമാന്തം കൂടാതെ ആരോ സജ്ജിവേട്ടന്റെ മുന്നിലേയ്ക്ക് ഇലയപ്പത്തിന്റെ കുട്ടകം നീക്കി വച്ചു. നിമിഷാര്‍ദ്ധം കൊണ്ട് അപ്പം നഷ്ടപ്പെട്ട ഇടനയിലകള്‍ സിദ്ധനുചുറ്റും കുമിഞ്ഞു കിടന്നു. കൊതിവിട്ടുനിന്ന എന്നെ സിദ്ധന്‍ കോപം ജ്വലിക്കുന്ന നോട്ടവുമായി ‘’ പോടാ.പോ..പോ.” എന്ന് മുദ്രകാണിക്കുന്നു. ഏതാണ്ടൊന്ന് തൃപ്തനായപ്പോള്‍ അധികം അനക്കാതെ അദ്ദേഹത്ത് വേദിയില്‍ കൊണ്ടെ ചാരി. അവിടെനിന്ന് മീറ്റുകഴിയും വരെ വരയോടുവര. ഓരോരുത്തരുടെയും തലേവര!!

മനുജി ഇടയ്ക്ക് ഫോണുമായി കറങ്ങി നടന്നു. രാത്രിയുടെ നാലാം യാമത്തില്‍ ഭാര്യയെ വിളിക്കുന്ന പേരുകളൊക്കെ ആരെയോ വിളിക്കുന്നുണ്ട്. ആരാധികമാരെയാവും. വയസ്സ് 52 ആയെങ്കിലും തലയും മീശയും കറിപ്പിച്ചവനാണെങ്കിലും ഇതിനുമാത്രം ഒരു കുറവുമില്ല. ഭാഗ്യവാന്‍. മനുജീ, അങ്ങും ബ്ലോ‍ഗര്‍ അടിയനും ബ്ലോഗര്‍!

ഉച്ചയൂണ് ഗംഭീ‍രമായി. പറയാതെ വയ്യ. പാവപ്പെട്ടവന്റെ ‘ചാരക്കറി‘യുടെ സ്വാദ് അപാരം തന്നെ.

ഉച്ചയൂണിനുശേഷം പ്രധാനമായും നടന്നത് ‘കോക്കസ് രൂപീകരണമായിരുന്നു.‘ മേഖലാടിസ്ഥാനത്തിലുള്ള കോക്കസ് രൂപീകരണത്തിനുശേഷം ‘മുക്കിയ’ സംഘാടകന്‍ ഹരീഷ് തൊടുപുഴയുടെ വെങ്കലത്തില്‍ തീര്‍ത്ത പൂര്‍ണ്ണകായ പ്രതിമയുടെ തുണിമാറ്റല്‍ കര്‍മ്മം നടന്നു.


തുടര്‍ന്ന് കര്‍ഷകേട്ടന്‍ റബ്ബര്‍ ഉല്പന്നങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി റബ്ബറില്‍ നിന്ന് ഭക്ഷ്യോല്പന്നങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചു. റബ്ബര്‍ക്കുരുകൊണ്ട് സ്വാദിഷ്ടമായ അച്ചാറും രസഗുളയും, കൂടാതെ ഒട്ടുപാലുകൊണ്ട് ന്യൂഡിത്സും പിണ്ടിപ്പാലുകൊണ്ട് ഇഡ്ഡലിയും പിന്നെ റബ്ബറിലത്തോരനുമൊക്കെ ഉണ്ടാക്കി പാചകബ്ലോഗിണിമാരെ ത്രസിപ്പിച്ചു.വെല്ലുവിളിച്ചു.പാചകബ്ലോഗുകളില്‍ കര്‍ഷകേട്ടന്റെ ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന തീരുമാനവും അവര്‍ കൈക്കൊണ്ടു. മനസ്സിലെപ്പോഴും (പശുവിന്റെ)അകിടുമായി നടക്കുന്ന ആ മനുഷ്യന്‍ കറക്കാന്‍ മുലകള്‍ കിട്ടാതെ വരുന്ന കരങ്ങളുടെ ദൈന്യതയും പാചകത്തിന്റെ ഇടവേളകളില്‍ വിവരിച്ചു. പലരുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. എങ്കിലെന്താ! കരയുന്നവര്‍ക്ക് ഒപ്പാന്‍ ടിഷ്യൂ പേപ്പര്‍ വരെ ഒരുക്കിയിരുന്നു ഹരീഷ്!!


കുറഞ്ഞത് പത്ത് ആരാധികമാരെയെങ്കിലൂം സൃഷ്ടിക്കണമെന്ന മോഹവുമായി ചെറായിലെത്തിയ പോങ്ങുമ്മൂടനെ സ്ത്രീജനങ്ങള്‍ അറപ്പോടെയും വെറുപ്പോടെയും കണ്ടതില്‍ മനം നൊന്ത ആ മാന്യദേഹം, കോടതി അനുകൂലമായി നില്‍ക്കുന്ന ഈ കാലത്ത് ,സ്വവര്‍ഗാനുരാഗത്തില്‍ ആണുങ്ങളുടെ പ്രാതിനിധ്യം കൂടുതല്‍ ഉയര്‍ത്തുന്നതിനും അവരോടുള്ള ആണുങ്ങളുടെ മനോഭാവത്തിന് കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിനുമൊക്കെയുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. പോങ്ങൂസ് ‘ശ്രീ.നന്ദനു‘മായി ചേറായികടപ്പുറത്ത് ‘വാത്സ്യായന മഹര്‍ഷിയുടെ‘ ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന ഏതാനും ചില മാതൃകകള്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്ത് കാണിക്കുകയുമുണ്ടായി. പകലക്കിനാവന്‍ തന്റെ ഒറ്റക്കണ്ണിലൂടെ അവയൊക്കെ പകര്‍ത്തുകയും ചെയ്തു. ഇതിലൊരു ചിത്രം ബൂലോകം ഓണ്‍ലൈനില്‍ കാണാവുന്നതാണ്. ‘ബൂലോകം ഓണ്‍ലൈനിന്റെ‘ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനായി ‘വാത്സ്യായന മഹിര്‍ഷിയുടെ‘ ഗ്രന്ഥത്തിലെ ന്യുനതകള്‍ പരിഹരിച്ചും അതില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തിയും 64-ന്റെ കൂടെ പുതുതായ 14‘വിധങ്ങള്‍‘ കൂടി ചേര്‍ത്തതുമായ പോങ്ങൂസിന്റെ ഗ്രന്ഥം ബൂലോകം ഓണ്‍ലൈന്‍ വഴി ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കണമെന്നുമുള്ള ആവശ്യം അപ്പോള്‍ തന്നെ ആ ബ്ലോഗിന്റെ അധികൃതര്‍ പോങ്ങൂസിനെ അറിയിക്കുകയുണ്ടായി.

വൈകിട്ട് 3 മണിയോടെ കാപ്പികുടിച്ച് ലാന്‍ഡ് നമ്പറും മൊബൈല്‍ നമ്പറുമൊക്കെ കൈമാറി എല്ലാവരും പിരിഞ്ഞു . കാപ്പികുടിച്ചാല്‍ ‘പിരിയു‘മെന്നതുകൊണ്ട് കാപ്പി കുടിക്കാതെ ഞാനും പിരിഞ്ഞു.

മേപ്പടി കുറിച്ചത്രയും കാര്യങ്ങളാണ് ‘സ്വ.ലേ’ മാര്‍ക്ക് വിട്ടുപോയത്. അത് കാര്യമാക്കേണ്ടതില്ല. തുടക്കമല്ലേ. തെളിഞ്ഞുവരാന്‍ ഇത്തിരിസമയം കൂടി എടുക്കും. കാത്തിരിക്കാം. :)

* * *

ബൂലോകം ഓണ്‍ലൈനില്‍ വന്ന ‘വാര്‍ത്ത‘(?) ഒരു തമാശ മാത്രമായിരിക്കാം.

എന്നാല്‍ ആ തമാശ വൈരാഗ്യബുദ്ധികൊണ്ടുനിറഞ്ഞ ഏതോ മനസ്സിന്റെ സൃഷ്ടിയാണ്. അതുകൊണ്ടാണ് അത് അരോചകമായി അനുഭവപ്പെടുന്നതും. ദയവായി ഇതു ചെയ്യുന്ന ആള്‍ ആരായാലും ഇത്തരം രീതി നമുക്ക് ഒഴിവാക്കിക്കൂടെ? ചെറായില്‍ പങ്കെടുത്ത ആരും ആ സംഗമം മോശമായ ഒന്നാണെന്ന് പറഞ്ഞിട്ടില്ല. പറയാനും വഴിയില്ല. കൂടുതല്‍ കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുക്കുന്ന സുഹൃത് സംഗമങ്ങള്‍ ഇനിയുമുണ്ടാവട്ടെ എന്നുതന്നെയാവാം പങ്കെടുത്തവരുടെയൊക്കെ ആഗ്രഹം.

ഇത്തരമൊരു സംഗമത്തിന് സമയവും സാഹചര്യവും ഒത്തുവന്നവര്‍ അതില്‍ പങ്കെടുത്തു. അല്ലാത്തവര്‍ വിട്ടുനിന്നു. അങ്ങനെ ലളിതമായി മാത്രം ഇതിനെയൊക്കെ കണ്ടാല്‍ പോരേ? പങ്കെടുക്കാന്‍ സാധിക്കാതെ പോയവരില്‍ ഭൂരിപക്ഷവും മനസ്സുകൊണ്ട് ഈ മീറ്റിനെ അനുഗ്രഹിച്ചവര്‍ തന്നെയാണെന്നെനിക്ക് വിശ്വാസം എനിക്കുണ്ട്. ബൂലോകം ഓണ്‍ലൈനിന്റെ ലേഖകനും അതറിയാം. എന്നിട്ടും എന്തിനാണ് മലര്‍ന്ന് കിടന്നിങ്ങനെ തുപ്പുന്നത്? എന്തിനാണ് അസ്വസ്ഥനാവുന്നത്?


നമുക്ക് വിട്ടുകളയാം സ്നേഹിതാ ഇതൊക്കെ. ഇതുപോലെ ഏതെങ്കിലും സുഹൃത് സംഗമത്തില്‍, അല്ലെങ്കില്‍ എവിടെയെങ്കിലും വച്ച് നമ്മള്‍ കണ്ടുമുട്ടും. അപ്പോള്‍ ആശ്ലേഷത്തോടെ പരസ്പരം സ്വീകരിക്കാനേ നമുക്കൊക്കെ ആവുകയുള്ളു. കാരണം, നേരില്‍ കണാത്തവരെങ്കിലും നമ്മള്‍ സ്നേഹിതരാണ്. നമ്മളെല്ലാം ഒരുകണക്കിന് നല്ലവര്‍ തന്നെ. കാരണം നമ്മള്‍ അക്ഷരങ്ങളെ സ്നേഹിക്കുന്നവരാണ്. നമുക്ക് ഉള്ളിന്റെയുള്ളില്‍ പരസ്പരം സ്നേഹവും ബഹുമാനവുമുണ്ട്. ചേരി തിരിയാതെ, വിദ്വേഷം പ്രചരിപ്പിക്കാതെ ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ടുപോവാം. എഴുതാനുള്ള നമ്മുടെ കഴിവുകള്‍ വായനക്കാരെ രസിപ്പിക്കാനും ചിന്തിപ്പിക്കാനുമായി നമുക്ക് ഉപയോഗിക്കാം. പരസ്പരം തോല്‍പ്പിക്കാനായുള്ള ആയുധമായി അക്ഷരങ്ങളെ നമുക്ക് ഉപയോഗിക്കേണ്ട. എനിക്കറിയാം. എന്റെ ശൈലിയും ഒരു പാട് മാറേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ മേപ്പടി ഞാന്‍ കുറിച്ച വരികള്‍ ഒരു വേശ്യയുടെ ചാരിത്ര പ്രസംഗമായേ എനിക്കുതന്നെ കാണാനാവൂ. നന്നാവാന്‍ ഞാന്‍ ശ്രമിക്കും. നിര്‍ത്താം. പരസ്പരം നമുക്കിനി പോസ്റ്റുകളിട്ട് മത്സരിക്കേണ്ടതില്ല. സ്നേഹപൂര്‍വ്വം ലേഖകാ, ഞാന്‍ നിങ്ങളെ ആലിംഗനം ചെയ്യുന്നു. നന്ദി .

* * *

ഈ മീറ്റിന്റെ സംഘാടകരോട്: ആരുടെയും പേരെടുത്തു പറയുന്നില്ല. എല്ലാവര്‍ക്കും നന്ദി. ഇതില്‍ പങ്കെടുത്ത ഓരോ വ്യക്തികള്‍ക്കും വേണ്ട സൌകര്യങ്ങള്‍ ഒരു കുറവുമില്ലാതെ ഒരുക്കുവാനായതിനുപിന്നിലുള്ള പ്രയത്നം ഞാന്‍ മനസ്സിലാക്കുന്നു. ഇനിയും ഇടയ്ക്കൊക്കെ ഇതുപോലെ ഒത്തുചേരാനാവട്ടെ.

(ഈ ബ്ലോഗിലെ തമാശകള്‍ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ക്ഷമിക്കുക. ചന്ദ്രേട്ടനോട് പ്രത്യേകമായി പറയട്ടെ, എന്നോട് പരിഭവം തോന്നരുത്.നേരമ്പോക്കായി എടുക്കുന്ന ആളാണെന്ന് തോന്നിയതിനാലാണ് അങ്ങനെ സധൈര്യം കുറിച്ചത്.)

എല്ലാവര്‍ക്കും എന്റെ സ്നേഹം.

Thursday, July 23, 2009

‘രതി’യ്ക്കുണ്ടോ ‘വർഗ്ഗ‘ഭേദം?

ഈ മാസമാദ്യം, കൃത്യമായി പറഞ്ഞാൽ ജൂലൈ 2-ന് ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ശ്രീ.ഷായും ശ്രീ മുരളീധറും പുറപ്പെടുവിച്ച, സ്വവർഗ്ഗരതി നിയമ വിധേയമാക്കിക്കൊണ്ടുള്ള വിധി കഴിഞ്ഞ ദിവസം വരെ നമ്മുടെ മാധ്യമങ്ങൾ സാമാന്യം ഭേദപ്പെട്ട നിലയിൽത്തന്നെ ആഘോഷിച്ചു. ചിലർ ഇപ്പോഴും ആഘോഷിക്കുകയും ചെയ്യുന്നു. അത്തരമൊരു ആഘോഷത്തിന്റെ ഭാഗമാവാനുള്ള എന്റെ ശ്രമമല്ല ഈ പോസ്റ്റ്.

ഓണക്കാലം അടുത്തതുകൊണ്ടുകൂടിയാവാം, ജൂലൈ 19-ലെ കലാകൌമുദി ആഴ്ചപ്പതിപ്പ് (ലക്കം 1767) ‘സ്വവർഗ്ഗരതി പതിപ്പു‘ തന്നെ ഇറക്കിക്കളഞ്ഞു. എ.രാജീവൻ, ജിഷ, ആഡ്വ.രാധിക എന്നിവരുടെ ലേഖനങ്ങൾ. പിന്നെ സ്വവർഗ്ഗരതി മാനസികരോഗമല്ലെന്ന വെളിപ്പെടുത്തലുമായി ഡോ.പ്രമോദും ‘സ്വ.ര’ക്കാരെ തെറ്റുകാരെന്ന് എങ്ങനെ പറയും എന്ന ചോദ്യവുമായി കെ. അജിതയും. കൂടാതെ ‘സ്വ.ര’ യുടെ ചരിത്രം വിശദീകരിക്കാനായി 2 പേജും കൂടി മാറ്റിവച്ചു കലാകൌമുദി.

ദില്ലി ഹൈക്കോടതി വിധിയ്ക്കുമുൻപും ‘സ്വ.ര‘ ഒരുതെറ്റാണെന്ന വിചാരം എനിക്കുണ്ടായിരുന്നില്ല. അതിനർത്ഥം ഞാനൊരു സ്വവർഗ്ഗാനുരാഗി ആണെന്നല്ല. രതി എന്നത് ഒരാളുടെ തീർത്തും വ്യക്തിപരമായ ഒരു കാര്യം മാത്രമാണെന്നും അതിൽ മറ്റൊരുവ്യക്തി ഇടപെടുകയോ അഭിപ്രായം പറയുകയോ എതിർക്കുകയോ എന്തിന്, അനുകൂലിക്കുക പോലുമോ ചേയ്യേണ്ടതില്ല എന്നതുമൊക്കത്തന്നെയാണ് വിധിക്കുമുൻപും അതിനു ശേഷവുമുള്ള വിചാരം.

സ്വവർഗ്ഗരതിയിലേർപ്പെടുന്നവർക്കു നേരേയുള്ള സമൂഹത്തിന്റെ ‘മനോഭാവത്തിന്‘ ഈ വിധിയിലൂടെ എത്രമാത്രം മാറ്റം വരുമെന്നത് കാത്തിരുന്നറിയേണ്ട കാര്യമാണ്. എങ്കിലും നിയമത്തിന്റെ പരിരക്ഷ അവർക്ക് ലഭ്യമാവുന്നു എന്നകാര്യത്തിൽ നമുക്കു സന്തോഷിക്കാം.
എന്നാൽ ചാനലുകളിലൂടെയും അച്ചടിമാധ്യമങ്ങളിലൂടെയും നടന്നുകഴിഞ്ഞതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ ചർച്ചകൾ സ്വവർഗ്ഗരതിയെ കൂടുതൽ ‘ജനകീയ’മാക്കാനേ ഉപകരിച്ചേക്കുകയുള്ളുവെന്ന് ഞാൻ വിചാരിക്കുന്നു.

ഒരു ചെറിയ ശതമാനം ആൾക്കാർ തങ്ങളുടെ സ്വകാര്യാനുഭൂതികൾക്കായി വളരെ ഗോപ്യമായി ഏർപ്പെടുന്ന ഒരു ക്രിയയെ സമൂഹത്തിന്റെയാകെ മുൻപിലേയ്ക്കിങ്ങനെ തട്ടിക്കുടഞ്ഞിട്ട് ചിക്കിചികയുന്നതുകൊണ്ട് ലഭിക്കുന്ന പ്രയോജനമെന്താണ്? ലൈംഗികതയെക്കുറിച്ചുള്ള അറിവുകൾ പൂർണ്ണമായും ലഭ്യമാവാത്ത ചെറുമനസ്സുകളിലേയ്ക്ക് ഒരു പുതിയ ‘സാധ്യത’കൂടി തുറന്നിടുന്നതിനായേക്കാം ഇത്തരം ചർച്ചകളും ലേഖനങ്ങളും കാരണമാവുന്നത്. എന്തും പരീക്ഷിച്ചറിയാൻ കൌതുകം കാണിക്കുന്ന ടീനേജു കാലത്ത് ലൈംഗികതെയെക്കുറിച്ചുള്ള തങ്ങളുടെ കൌതുകം പരീക്ഷിക്കാൻ ലഭ്യമായ ‘പുതിയൊരു സാധ്യതയിലൂടെ‘ കുമാരീകുമാരന്മാർ താന്താങ്ങളുടെ വർഗ്ഗത്തില്പെട്ടവരുമായി സുരക്ഷിതമായി ‘അവൈലബിൾ പിബി’ കൂടില്ലെന്നാരുകണ്ടു എന്ന ചോദ്യം ഞാൻ ചോദിച്ചാൽ പലരുമത് എന്റെ പേരിൽ പേറ്റൻഡ് എടുത്ത വിഡ്ഡിത്തമായി മാത്രമേ കാണുവെന്നെനിക്കറിയാം. പരിഭവമില്ല.

കലാകൌമുദിയിൽ ‘ഇണയായി ഇഷ്ടം പോലെ നടന്നോട്ടെ’ എന്ന പേരിൽ ജിഷ എഴുതിയ സ്വവർഗാനുരാഗത്തെ അനുകൂലിച്ചുകൊണ്ടെഴുതിയ ലേഖനമാണ് ഇങ്ങനൊരു പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. കഴിഞ്ഞയാഴ്ച വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മാധവിക്കുട്ടിയുടെ ചന്ദനമരങ്ങളെ ആസ്പദമാക്കി നാടകം അവതരിപ്പിച്ച് അഭിനന്ദനങ്ങൾ നേടിയ ഒരു മികച്ച കലാകാരികൂടിയാണ് ലേഖിക.

ജിഷയുടെ ലേഖനം സ്വവർഗരതി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതാണെങ്കിലും ആ ലേഖനം പ്രതിഫലിപ്പിക്കുന്നത് ലേഖികയുടെ മനസ്സിലുള്ള (?) പുരുഷവിദ്വേഷം മാത്രമാണ്. വായിക്കുന്ന ആർക്കും അത് വ്യക്തമായി മനസ്സിലാവും വിധം സുവ്യക്തമായിത്തന്നെ ലേഖിക തന്റെ മനസ്സ് കുറിച്ചു വയ്ക്കുന്നു. എന്നേപ്പോലെ ഇനിയുമെഴുതി തെളിയാനുള്ള ഒരു ബ്ലോഗർ വിഷയത്തെ വൈകാരികമായി സമീപിക്കുന്നതോ അല്ലെങ്കിൽ എഴുതാനുള്ള വിഷയത്തിൽ നിന്ന് വ്യതിചലിച്ച് കാടുകയറുകയോ ഒക്കെ ചെയ്താൽ മനസ്സിലാക്കാവുന്നതേയുള്ളു. എന്നാൽ,
സുന്ദരമായി ഭാഷ കൈകാര്യം ചെയ്യാനാവുന്ന ജിഷയേപ്പോലൊരാളിൽ നിന്നും പ്രതീക്ഷിക്കുന്നത് അതല്ല.

ആ രണ്ട് പെൺ‌കുട്ടികൾ നടന്നോട്ടെ. എന്തിനും ഏതിനും അന്യന്റെ സ്വകാര്യതയിളേയ്ക്ക് തലയിടണമെന്ന് എന്താ ഇത്ര നിർബന്ധം. ഇല്ല. സമ്മതിക്കില്ല. അതാണ് മലയാളി. സദാചാരത്തിന്റെ പൊൻ‌നൂലിഴകളാൽ പട്ടുടുപ്പിട്ട് നടക്കുമ്പോഴും ഒരു വിരൽത്തുമ്പിന്റെ മറവിൽ തുണിപൊക്കി നോക്കുന്ന സംസ്കാരബോധം പുലർത്തുന്നവർ “ ഇങ്ങനെയാണ് ജിഷ തുടങ്ങുന്നത്. കുഴപ്പമില്ല. ഇവിടെ കുറ്റം ആണുങ്ങൾക്ക് മാത്രമല്ല, ആകെമൊത്തമുള്ള മലയാളികൾക്ക് വീതം വച്ചുതന്നിരിക്കുന്നു ‘ജിഷ ലേഖിക‘. അതിൽ നിങ്ങളും ഞാനും ജിഷയുമടക്കം എല്ലാവരും പെടും. ഈ ഗണത്തിനിന്നും ഞാനൊഴിവാകുന്നു. ആ രണ്ട് പെൺകുട്ടികൾ നടന്നോട്ടെ. തുണിപൊക്കുന്ന പരിപാടി ഞാൻ നിർത്തുന്നു. നിങ്ങളുടെ കാര്യം നിങ്ങൾ നോക്കിക്കൊൾക.

തുടർന്ന് .. ‘ പരസ്യമായി സ്ത്രീയും പുരുഷനും നടന്നാൽ പോലും സംശയദൃഷ്ടിയോടെ നോക്കുന്നതാണ് നമ്മുടെ സമൂഹം’ എന്ന് ലേഖിക വിലപിക്കുന്നു. പിന്നെ, “ഒരു കൈക്കുഞ്ഞെങ്കിലുമില്ലാതെ സ്ത്രീയും പുരുഷനും ഹോട്ടലിൽ മുറിയെടുക്കാൻ ചെന്നാൽ മുറി തരാത്തതാണ് നമ്മുടെ സദാചാരബോധമെന്ന് എഴുത്തുകാരനായ സിവിക് ചന്ദ്രൻ അഭിപ്രായപ്പെട്ടതിനെപ്പറ്റിയും ലേഖിക നമ്മളോട് പറയുന്നു. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് ശ്രീ. സിവിക് ചന്ദ്രൻ അതുപറഞ്ഞതെങ്കിൽ എനിക്കതിൽ അഭിപ്രായമില്ല. എന്നാൽ ഈ ദുർഘട സന്ധിയ്ക്കൊരു പരിഹാരം നിർദ്ദേശിക്കാൻ പോങ്ങുവിനാവും. അതായത്, ‘തിരോന്തോരത്തെ‘ പത്മനാഭസ്വാമിക്ഷേത്രത്തിൽ പാന്റ്സ്, ചുരിദാർ മുതലായ വേഷങ്ങൾ ധരിച്ച് പ്രവേശിക്കാൻ പാടുള്ളതല്ല. മുണ്ട് മാത്രമേ അനുവദനീയമായുള്ളു. പാന്റ്സും ജീൻസും ചുരിദാറുമൊക്കെ ധരിച്ചുവരുന്ന ഭക്തർക്ക് ക്ഷേത്രത്തിനു പുറത്ത് വാടകയ്ക്ക് മുണ്ട് നൽകുന്ന ഒരേർപ്പാടുണ്ട്. അതുപോലെ, ഹോട്ടലുകൾക്കുവെളിയിൽ കൈക്കുഞ്ഞുങ്ങളെ വാടകയ്ക്കുകൊടുക്കുന്ന ഏർപ്പാട് തുടങ്ങിയാൽ, പട്ടിണികൊണ്ട് സ്വവർഗ്ഗം പോയിട്ട് എതിർവർഗ്ഗരതി പോലും ‘മറക്കുന്ന‘ നിർദ്ധനർക്ക് ഒരു വരുമാനവും പുതിയൊരു തൊഴിൽ മാർഗ്ഗവുമായി. എഴുത്തുകാർക്കും മറ്റുതല്പരകഷികൾക്കുമൊക്കെ യഥേഷ്ടം ആവുകയുമാവാം.


ആർക്കും അടിയറവ് വെയ്ക്കാതെയുള്ള ലൈംഗികതയുടെ സുഖപാര‌മ്യതകൾ ഇവിടെ പെൺകുട്ടികൾ സ്വയം പങ്കിട്ടെടുക്കുമ്പോൾ കർതൃത്വം പറയാൻ അധികാരമില്ലാതെ പോകുന്ന നോവിൽ പുരുഷ സ്വരങ്ങൾ ഇനിയും ഉയരും.

ലേഖികയുടെ ഈ വരികൾ എന്താണ് സൂചിപ്പിക്കുന്നത്? സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്കുനേരേ എന്തു സ്വരം പുരുഷൻ ഉയർത്തി എന്നാണ് ലേഖിക പറയുന്നത്? രണ്ട് പെണ്ണുങ്ങൾ താന്താങ്ങളുടെ ശരീരം പങ്കിട്ടനുഭവിക്കുമ്പോൾ അതിലൊരല്പം പോലും തൊട്ടുനക്കാൻ കിട്ടാത്തതിലുള്ള പുരുഷന്റെ കൊതിക്കെറുവിന്റെ സ്വരമാണതെന്നോ? അതോ, ‘പെണ്ണുങ്ങളെല്ലാം കൂടി ഈ പണീം കൊണ്ടിറങ്ങിയാൽ നമ്മുടെ കാര്യം ചുറ്റിപ്പോവുമല്ലോ തമ്പുരാനേന്ന‘ പുരുഷപ്രജകളുടെ ദീനരോദനത്തിന്റെ സ്വരമെന്നോ?

എടുത്തെഴുതുവാനാണെങ്കിൽ ഇതുപോലെ എത്രയോ വരികൾ. ഞാനതിനു മുതിരുന്നില്ല. എങ്കിലും ഒന്നറിയുക. സ്വവർഗരതിയെ എതിർക്കുന്നത് പുരുഷന്മാർ മാത്രമല്ല. ജിഷയ്ക്ക് അനുകൂലിക്കാനുള്ള അവകാശം പോലെ തന്നെ എതിർപ്പ് രേഖപ്പെടുത്തേണ്ടവർക്ക് അതിനുമൂള്ള സ്വാതന്ത്ര്യമുണ്ടല്ലോ? എന്റെ എതിർപ്പ് സ്വവർഗ്ഗാനുരാഗികളോടല്ല. അതിന്റെ പേരിൽ പുരുഷവിദ്വേഷം വിളമ്പിക്കൊടുക്കാനുള്ള ഭവതിയുടെ ശ്രമത്തോടാണ്. വിവരക്കേടിനോടാണ്. തന്റെ ലേഖനത്തിലെ സ്വവർഗരതി പോലും പെണ്ണും പെണ്ണും തമ്മിലുള്ള ഒന്ന് മാത്രമായി ചുരുങ്ങുന്നു. സ്വവർഗ്ഗാനുരാഗത്തെ എതിർക്കുന്നത് പുരുഷശിരോമണികൾ മാത്രമാണെന്ന് താങ്കൾ എഴുതിപ്പിടിപ്പിക്കുന്നു! എവിടെ നിന്ന് ലഭിച്ച അറിവാണിത്?

തിരുവനന്തപുരത്ത് ഏതാനും വർഷം മുൻപ് രണ്ട് പെൺകുട്ടികൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിരുന്നു. ജിഷയ്ക്ക് അറിവുള്ളകാര്യമായിരിക്കും. ശ്രീനന്ദ എന്ന പെൺ‌കുട്ടിയും അവളുടെ ‘ഭാര്യ‘ അല്ലെങ്കിൽ ഇണയായ മറ്റൊരു പെൺ‌കുട്ടിയും. ‘മൈത്രേയൻ’ എന്നോമറ്റോ പേരായ ഒരു സാമുഹ്യപ്രവർത്തകനാണ് വേണ്ട ഒത്താശ ചെയ്തുകൊടുത്തത്. സംരക്ഷണവും. പക്ഷേ, പിന്നീട് ശ്രീനന്ദുവെന്ന ‘ഭർത്താവി’യെ ഉപേക്ഷിച്ച് പങ്കാളി പോയതിനുപിന്നിലുള്ള കാരണം വിജൃംഭിച്ച് നിൽക്കുന്ന ഒരു ‘പുരുഷാവയവത്തിന് തികവൊത്ത ശില്പഭംഗിയുണ്ടെന്നവൾ തിരിച്ചറിഞ്ഞതാവാം‘ എന്നു ഞാൻ പറയുന്നില്ല. എന്റെ നിലവാരം അതിനനുവദിക്കുന്നതാണെങ്കിലും.

ഈ ‘ലെസ്സികളി‘യിലെ നായിക ശ്രീനന്ദ പേരുമാറ്റി ശ്രീനന്ദു എന്ന നായകനായി. മുടി ആണുങ്ങളുടേതുപോലെ വെട്ടിയൊതുക്കി. വസ്ത്രധാരണം ആണുങ്ങളുടേതുപോലെയായി. അവർ രതിയിലേർപ്പെടുമ്പോഴും തീർച്ചയായും ശ്രീനന്ദു മനസ്സുകൊണ്ട് ആണായി മാറിയിട്ടുണ്ടാവാം. ഏത് സ്വവർഗരതിയിലും ഇതുതന്നെ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതായത് രണ്ട് ആണുങ്ങൾ തമ്മിൽ രതിയിലേർപ്പെടുമ്പോൾ സ്ത്രൈണഭാവം കൂടുതലുള്ളവൻ പെണ്ണായും മാറുന്നു. ചുരുക്കിപ്പറഞ്ഞാൽ സ്വവർഗരതിയിലും എതിർവർഗരതിയുടെ നിഴൽ വീഴുന്നുവെന്നർത്ഥം. ശരിയല്ല്ലേ ജിഷ? ശരിയാണ് ജിഷ !

ഒരുപാട് കുറിച്ചു ലേഖികേ. ഇനി മതിയാക്കാം. തന്റെ ലേഖനത്തിലെ അവസാനവരിക്കൂടി ഞാനിവിടെയൊന്ന് കുറിയ്ക്കട്ടെ.

സ്വന്തം വികാരമൂ‍ർച്ഛ തീർക്കാനും, ഭക്ഷണം പാകം ചെയ്യാനും വിഴുപ്പലക്കാനും വില കുറഞ്ഞ ഒരു മെഷീനായി സ്ത്രിയെ കാണുന്നവർക്ക് പെൺപ്രണയങ്ങൾ തീർത്തും വേദനാജനകം തന്നെ. ആദ്യരാത്രിയിൽ കന്യാചർമ്മം പൊട്ടിയോ എന്ന് ടോർച്ചടിച്ചു നോക്കുന്ന പുരുഷമനസ്സുകൾക്ക് വാക്കുകളറ്റു പോവുന്നതും സ്വാഭാവികം

വിലകുറഞ്ഞ മെഷീനായി ഭാര്യയെ കാണുന്നവരും ടോർച്ചടിച്ച് നോക്കിയവരും ഒന്നു കൈപൊക്കിക്കേ. ഈ ഫെമിനിസ്റ്റ് പെങ്ങൾ അവരെയൊക്കെ ഒന്നുകാണട്ടെ. 4 വർഷം മുൻപ് ഈ ലേഖനം വായിച്ചിരുന്നെങ്കിൽ ഞാനുമൊന്ന് കൈപൊക്കിയേനേ. എന്റെ ആദ്യരാത്രിയിൽ തെളിക്കാതെ പോയ ആ ടോർച്ചിനെയോർത്ത് ഞാനിപ്പോൾ വിലപിക്കുകയാണ് ലേഖികേ...

നിർഭാഗ്യവശാൽ വ്യക്തിപരമായ പലവിധ ദുരനുഭവങ്ങളും പുരുഷന്മാരിൽ നിന്ന് താങ്കൾക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ടാവാം. അതാവും ആൺ വർഗത്തോടു തനിക്കു തോന്നുന്ന പകയ്ക്കു കാരണം. വിഷയം അതാവശ്യപ്പെടുന്നില്ലെങ്കിൽ പോലും ആ കെറുവാണ് തന്റെ ഈ ലേഖനത്തിൽ മുഴച്ചു നിൽക്കുന്നതും. എന്നാൽ ആണുങ്ങളിൽ ഭൂരിപക്ഷവും മോശക്കാരാണെന്ന വിശ്വാസത്തിൽ കഴമ്പില്ല ജിഷ. എത്രയും വേഗം തന്റെ മനോഭാവം മാറട്ടെ. ഇനി , പറയുന്ന വിഷയങ്ങളിൽ നിന്നും വ്യതിചലിച്ച്, കാട് കയറിപ്പോയാൽ അത് വായനക്കാരിൽ ഉണ്ടാക്കുന്ന അരുചി മനസ്സിലാക്കിത്തരാൻ ഒരുദാഹരണം താഴെച്ചേർക്കുന്നു. ഉപകാരപ്പെടും.


ഫെമിനിസ്റ്റുകൾക്കുമാത്രമായി നിലവാരം തീരെ കുറഞ്ഞ ഒരു നുറുങ്ങു കഥ:
(വെറുതേ പാഴാക്കാൻ സമയമുള്ളവർ മാത്രം ഇതു വായിച്ചാൽ മതി )

ഒരിടത്തൊരിടത്തൊരു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിൽ സന്തോഷമായി ജീവിച്ചുപോന്നിരുന്ന ഒരു ഭാര്യയും ഭർത്താവും.( ഫെമിനിസ്റ്റുകൾക്കായതുകൊണ്ടാണ് ഭാര്യ എന്നാദ്യം പറഞ്ഞത് ). ഭാര്യ തങ്കമ്മ. ഭർത്താവ് കുമാരൻ. കുമാരന് കൂലിപ്പണിയാണ്. വൈകുന്നെരം പണി കഴിഞ്ഞ് വീട്ടിലേയ്ക്കുള്ള സാധനങ്ങളും വാങ്ങി 2 കുപ്പി അന്തിയും കഴിച്ച് അയാൾ വീട്ടിലെത്തും. ഒരിക്കൽ അയൽ‌വാസിയും പൂനയിൽ സ്ഥിരതാമസവുമാക്കിയ സൂസൻ മേരി എന്ന സ്ത്രീ തങ്കമ്മയുടെ വീട്ടിലെത്തി അവളിൽ ഫെമിനിസത്തിന്റെ വിത്ത് പാകി. രണ്ടാഴ്ചക്കാലം കൊണ്ട് വിത്ത് ഒത്ത ചെടിയായി മാറി. കുമാരന് ഒരു പുണ്ണാക്കും മനസ്സിലായില്ല. തങ്കമ്മയോ കുമാനെ കാണുമ്പോൾ കാണുമ്പോൾ സമത്വം വേണം, സമത്വം വേണം എന്ന ഒരേ ആവശ്യം. ഇരുന്നും കിടന്നും നിന്നുമൊക്കെ സമത്വം കൊടുക്കാൻ കുമാരൻ ശ്രമിച്ചിട്ടും തങ്കമ്മ അടങ്ങിയില്ല.

അവസാനം കുമാരൻ തോമസുമാഷിനോട് വിവരം പറഞ്ഞു. മാഷിൽ നിന്നാണ് കുമാരൻ ആദ്യമായി ഫെമിനിസം എന്ന വാക്ക് കേൾ‌ക്കുന്നത്. ആ പാവം അതെന്തോ രോഗമാണെന്ന ധാരണയിൽ ചോദിച്ചു “ തോമസ്സുമാഷേ, എന്റെ തങ്കമ്മേ ഗവർമേന്റാശൂത്രി കൊണ്ടോയാൽ രക്ഷിക്കാനാവുമോ” എന്ന്. ഈ രോഗത്തിന് ഇന്നേവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നും എന്നുകരുതി തങ്കമ്മയ്ക്ക് ജീവാപായമൊന്നും സംഭവിക്കില്ലെന്നും മാഷ് പറഞ്ഞുകൊടുത്തു. പിന്നെ സമയാസമയത്ത് സമത്വം കൊറ്റുത്താൽ വയലന്റ് ആവാതിരിക്കുമെന്നും. അപ്പോൾ “അത് എല്ലാ രാത്രിയും മുടങ്ങാതെ കൊടുക്കുന്നുണ്ടെന്ന് “ ചെറുനാണത്തോടെ കുമാരൻ അരുളിച്ചെയ്തു.

* * *

കൃത്യമായി എല്ലാം പറഞ്ഞുമനസ്സിലാക്കി തോമസ് മാഷ് കുമാരനെ വീട്ടിലേയ്ക്ക് പറഞ്ഞുവിട്ടു. വീട്ടിലെത്തിയ കുമാരൻ തങ്കമ്മയ്യോട് അവൾക്കാവശ്യമുള്ളതെന്തൊക്കെയാണെന്ന് ചോദിച്ചു. അവൾ ആവശ്യങ്ങൾ ഓരോന്നായി പറഞ്ഞു. കുമാരനേക്കാൾ ഒട്ടും മോശമല്ല താനെന്നും നിങ്ങൾ ചെയ്യുന്ന എന്ത് പ്രവർത്തിയും പുല്ലുപോലെ ഞാൻ ചെയ്ത് കാണിച്ചുതരാമെന്നും വരെ പറഞ്ഞ് അവൾ അയാളെ വെല്ലുവിളിച്ചു. കൂടാതെ ഒരു കാര്യത്തിലെങ്കിലും നിങ്ങളെന്നെ തോൽ‌പ്പിച്ചാൽ പഴയതുപോലെ ജീ‍വിക്കാമെന്നും പറഞ്ഞു. അതുകേട്ടപാതി കുമാരൻ ഓടി ഒരു തെങ്ങിനു മുകളിലേയ്ക്കോടി കയറി. തൊട്ടുപുറകേ തങ്കമ്മയും. അടുത്തതായി അയാൾ കിണറ്റിലിറങ്ങി കയറി വന്നു. തങ്കമ്മയും നിഷ്പ്രയാസം അത് ചെയ്തു. അങ്ങനെയുള്ള എല്ലാ പരീക്ഷണത്തിലും നാണം കെട്ട തോൽ‌വി ഏറ്റുവാങ്ങിയ കുമാരൻ ഓടിപ്പോയി ഷാപ്പിൽ നിന്ന് 4 കുപ്പി കള്ളുവാങ്ങി വന്നു. പിന്നെ ഒറ്റനിൽ‌പ്പിൽ രണ്ടുകുപ്പി കുടിച്ചുതീർത്ത് ബാക്കി നിനക്കിതുപോലെ കുടിക്കാമോന്ന് ചോദിച്ചു. നിഷ്പ്രയാസം തങ്കമ്മ അതും ചെയ്തു.

കുമാരൻ ചെറിയൊരു ആലോചനയ്ക്കുശേഷം മുറ്റത്തേയ്ക്കിറങ്ങി. എന്നിട്ട് മൂത്രമൊഴിച്ചുകൊണ്ട് അയാൾ മുറ്റത്ത് ‘കുമാരൻ‘ എന്നെഴുതി. പിന്നെ ഭാര്യയെ വെല്ലുവിളിച്ചു. “ ചൊണയുണ്ടേ തങ്കമ്മേ ഇതുപോലെ മുറ്റത്തുനിന്ന് മൂത്രം കൊണ്ട് ‘തങ്കമ്മ‘ എന്നൊന്നെഴുതടീ “ എന്ന്. അവിടെ മാത്രം തങ്കമ്മ തോറ്റു. എങ്കിലെന്താ വീണ്ടും അവർ സന്തോഷത്തോടെ ജീവിച്ചു.

ഗുണപാഠം: മൂത്രംകൊണ്ട് സ്വന്തം പേർ നിലത്തെഴുതാൻ കഴിയാത്തവർ ഫെമിനിസം പറയരുത്.

ജിഷയോട്: മനസ്സിലായോ? എന്റെ പോസ്റ്റിന്റെ വിഷയവുമായി ബന്ധമില്ലാത്ത കാര്യം ഇവിടെ വന്നപ്പോളുണ്ടായ കല്ലുകടി. പോസ്റ്റിന്റെ പ്രസക്തിയേ നഷ്ടപ്പെട്ടു. ഇനി, ദക്ഷിണവച്ച് മടങ്ങിക്കോളൂ

ശുഭം

Saturday, July 18, 2009

നേടുന്ന കോടിയിൽ, കോടുന്ന ബന്ധങ്ങൾ !
സത്യമേവ ജയതേ.

പറയുന്നതെല്ലാം സത്യമാവണം, ഇല്ലെങ്കിൽ നരകത്തിലാവും ഭഗവതി നമ്മെ കൊണ്ടുപോവുക എന്ന ‘കള്ളം’ എന്നോടാദ്യം പറഞ്ഞുതന്നത് എന്റെ മുത്തശ്ശിയാണ് ! സത്യം പറഞ്ഞില്ലേൽ നിന്റെ കണ്ണ് പൊട്ടിപ്പോവുമെന്ന ‘കള്ളം‘ എന്നോടാദ്യം പറഞ്ഞതോ‍ എന്റെ കളരിയാശാനായ നാണുവാശാനും !!

സത്യം എന്ന സദ്ഗുണം എന്നിൽ നിറയ്ക്കാൻ ‘നരകത്തിൽ പോവുമെന്നും കണ്ണുപൊട്ടിപ്പോവുമെന്നു‘മൊക്കെ കള്ളം പറഞ്ഞ മുത്തശ്ശിയും നാണുവാശാനും. അതെ. ചിലപ്പോൾ ‘സത്യ‘ത്തെ രക്ഷിക്കാനായെങ്കിലും കുഞ്ഞുകുഞ്ഞുകള്ളങ്ങളെ കൂട്ടുപിടിയ്ക്കേണ്ടി വന്നേക്കാം. സാധ്യത മാത്രമാണ്.

എന്തായാലും ഇതുവരെ പലസന്ദർഭങ്ങളിലും ചെറിതും വലുതുമായ കള്ളങ്ങൾ എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്. എന്റെ കണ്ണുപൊട്ടിയിട്ടില്ല. ഇനി നരകത്തിൽ പോവുമോയെന്ന കാര്യം ഇപ്പോൾ പറയാനുമാവില്ല. മുത്തശ്ശി, കളരിയാശാൻ എന്നിവരെ ഒരു പ്രതീകമായെടുത്താൽ നമ്മുടെയൊക്കെ ജീവിതത്തിൽ സത്യത്തെ വളർത്താൻ ശ്രമിക്കുന്ന അത്തരം പ്രതീകങ്ങൾ ധാരാളമായി ചെറുപ്പകാലം മുതലേ നമ്മിൽ ഇടപെടുന്നുണ്ട്. എങ്കിലും പലസന്ദർഭങ്ങളിലും കള്ളങ്ങൾ പറയേണ്ട അവസ്ഥ നമുക്കുവന്നുചേരുന്നു. അങ്ങനെ നോക്കിയാൽ മുത്തശ്ശിമാരും നാണുവാശാന്മാരുമൊക്കെ തോറ്റുപോയിരിക്കുന്നു.

അവർ തോറ്റിടത്താണ് സ്റ്റാർ പ്ലസ്സ് എന്ന ടിവി ചാനൽ വിജയം നേടിയത്. ഇന്ത്യാമഹാരാജ്യത്തെ സകലജനങ്ങളെയും സത്യത്തിന്റെ അടുത്തേയ്ക്ക് അവർ നിഷ്പ്രയാസം കൂട്ടിക്കൊണ്ടുപോയി. കരഞ്ഞുനിലവിളിച്ച് സത്യം മാത്രം പറയുന്ന ജനത. ഞെട്ടിത്തരിച്ച് സത്യത്തെ കേൾക്കുന്ന മറ്റൊരു കൂട്ടർ. സത്യങ്ങൾ പലപ്പോഴും ഞെട്ടലുകളുണ്ടാക്കുമെന്നതെത്ര സത്യം! എന്നാൽ സ്റ്റാർ പ്ലസ്സിന്റെ ‘സത്യം‘ ഞെട്ടൽ മാത്രമല്ല കുടുംബബന്ധങ്ങളിൽ പൊട്ടലും സൃഷ്ടിക്കുന്നു.

ബിഗ് സിനേർജി ആഡ്‌ലാബിന്റെ പേരിൽ സിദ്ധാർത്ഥ ബസു നിർമ്മിച്ച് രാജീവ് ഖണ്ഡേൽ‌വാൽ അവതരിപ്പിക്കുന്ന ‘സച് കാ സാ‌മ്നേ’ എന്ന ടി.വി പ്രോഗ്രാമിനെക്കുറിച്ചാണ് ഞാൻ പറഞ്ഞുവന്നത്. സച്ചിൻ ‘പ്രതിസന്ധി ഘട്ടങ്ങളിലൊന്നും തന്നെ സഹായിച്ചിട്ടില്ലെന്ന’ സത്യം വിനോദ് കാംബ്ളി വിളിച്ചുപറഞ്ഞതോടെ പ്രസസ്തമായ ടി.വി ഷോ. 1 കോടി രൂപയാണ് എല്ലാ ചോദ്യങ്ങൾക്കും ‘സത്യം പറയുന്നതിനുള്ള കൂലി‘. ആൾക്കാർ സത്യസന്ധരാവാൻ വേറേ വഴിവല്ലതും വേണോ? കണ്ണുപൊട്ടുമെന്നും നരകത്തില്പോവുമെന്നുമൊക്കെ കേട്ട് കുലുങ്ങാത്തവർ ഒരുകോടിയുടെ കിലുക്കത്തിൽ ദുരയുടെ നുരയും പതയും ചുരത്തി ‘ഹോട്ട് സീറ്റി’ലേയ്ക്ക് സത്യം പറയാൻ കയറിയിരിക്കുന്നു.

ചോദിക്കുന്ന ചോദ്യങ്ങൾക്ക് സത്യസന്ധമായി ഉത്തരം നൽകിയാൽ മതിയല്ലോ എന്ന് ഇതിനെക്കുറിച്ച് ലളിതവൽക്കരിച്ച് ചിന്തിക്കേണ്ട. തന്റെ കുടുംബാംഗങ്ങളുടെയും ആത്മമിത്രങ്ങളുടെയും മുന്നിലിരുന്ന് മത്സരാർത്ഥി നേരിടുന്നത് തീർത്തും വ്യക്തിപരവും അസ്വസ്ഥജനകവുമായ ചോദ്യങ്ങളാണ്.

ഞാൻ കണ്ട ‘ഒരേയൊരു‘ എപ്പിസോഡിൽ, മത്സരിക്കുന്നത് ‘ശോഭന പാണ്ഢേ’ എന്ന സ്ത്രീ. ഭർത്താവ്, അമ്മായിയമ്മ, സഹോദരി, അവരുടെ ഭർത്താവ് തുടങ്ങിയവർ സന്നിഹിതരായിരിക്കുന്നു. ഒരോ ചോദ്യത്തിനും സത്യസന്ധമായി ‘കരഞ്ഞുകൊണ്ട്’ അതിനൊക്കെ ഉത്തരം നൽകുന്ന ആ പാവം സ്ത്രീയേ കണ്ടപ്പോൾ എനിക്കുതോന്നിയത് ‘ഒരു സ്ത്രീയ്ക്ക് സത്യം പറയുക എന്നത് പ്രസവവേദന പോലെ അസഹനീയമായ’ ഒന്നാണോയെന്നാണ്.

5 ലക്ഷം രൂപ നേടുന്നതുവരെ താരത‌മ്യേന ലളിതമെന്ന് തോന്നാവുന്ന ചോദ്യങ്ങൾ. എന്നാൽ അവരുടെ അമ്മായി അമ്മയും സ്വന്തം അമ്മയും തമ്മിൽ കൊമ്പുകോർക്കാനും സഹോദരിയുമായി കോഴിപ്പോര് നടത്താനും അതുതന്നെ ധാരാളം. പിന്നീടുള്ള നാലുചോദ്യങ്ങൾ‌ക്ക് സത്യസന്ധമായ ഉത്തരം നൽകിയാൽ 1 കോടി രൂപ !! ഇല്ലെങ്കിൽ കിട്ടിയ 5 ലക്ഷവും പോകും. എങ്കിലും ആ ധീര വനിത മുന്നോട്ടുതന്നെ.

ആദ്യത്തെ ചോദ്യം : എപ്പോഴെങ്കിലും നിങ്ങൾ നിങ്ങളുടെ ഭർത്താവിനെ കൊല്ലണമെന്ന് വിചാരിച്ചിട്ടുണ്ടോ?

(സ്ത്രീയുടെ കരച്ചിൽ. മൂക്കുപിഴിച്ചിൽ. ഭർത്താവിന്റെ മുഖത്ത് തൊണ്ടയിൽ മീൻ മുള്ള് കുരുങ്ങിയ ഭാവം. പശ്ചാത്തലത്തിൽ ഹൃദയമിടിപ്പ് കൂട്ടുന്ന സംഗീതം)

ഉത്തരം: ഉണ്ട്.
(സമീപദൂര ദൃശ്യം .ഈ ഉത്തരം കേട്ട ഭർത്താവിന്റെ മുഖത്ത് നവരസങ്ങളിൽ പെടാത്ത പുതിയൊരു ഭാവം )

അശരീരി (ക‌മ്പ്യൂട്ടർ വകയാവും) : ഉത്തരം...... സത്യമാണ്.

അടുത്ത ചോദ്യം: ഭർത്താവിനെ വഞ്ചിക്കണമെന്ന് നിങ്ങൾ വിചാരിക്കാറുണ്ടോ?
(മധ്യദൂര ദൃശ്യം. പഴയപോലെ സ്ത്രീയുടെ കരച്ചിൽ. മൂക്കുപിഴിച്ചിൽ. ഉത്തരം കേൾക്കാനായി ശ്രദ്ധിക്കുന്ന ഭർത്താവിന്റെ മുഖം ക്യാമറ ഒപ്പിയെടുക്കുന്നു. മാങ്ങാണ്ടി വിഴുങ്ങിയവന്റെ പോലെ, കണ്ണുകൾ തുറിച്ച് )

ഉത്തരം: ഉണ്ട്.

അശരീരി (ഉറപ്പിച്ചു. ക‌മ്പ്യൂട്ടർ വകതന്നെ) : ഉത്തരം..... സത്യമാണ്.

അടുത്ത ചോദ്യം: ഭർത്താവ് അറിയാതിരിക്കുമെന്നുറപ്പുണ്ടെങ്കിൽ മറ്റൊരു പുരുഷന്റെ കൂടെ ഉറങ്ങാൻ നിങ്ങൾ തയ്യാറാകുമോ?
(ഇപ്പോൾ മീൻ‌മുള്ളു കുരുങ്ങിയ ഭാവം സ്ത്രീയ്ക്ക്. )

ഉത്തരം: ഇല്ല..

(ഭർത്താവിന്റെ മുഖത്ത് ആശ്വാസത്തിന്റെ മിന്നലാട്ടം. പിന്നെ അശരീരിയ്ക്ക് കാതോർക്കൽ.)

അശരീരി : ഉത്തരം തെറ്റാണ്.

( കരച്ചിൽ. മൂക്കുപിഴിച്ചിൽ.- ഇത്തവണയത് ഭർത്താവിന്റെ വകയായെന്നുമാത്രം. )

അശരീരി കേട്ടയുടൻ ആ സ്ത്രീ അവതാരകനോട് കരഞ്ഞുപറയുന്നു അങ്ങനെ അവർ ഒരിക്കല്പോലും ചിന്തിച്ചിട്ടേയില്ലെന്ന്.

എന്നാൽ പോളിഗ്രാഫിക് സാങ്കേതികവിദ്യയിലൂടെയാണ് നിങ്ങൾ പറഞ്ഞ ഉത്തരം കള്ളമാണെന്ന് സ്ഥിരീകരിച്ചതെന്നും, കള്ളങ്ങൾ പറയുമ്പോൾ ഹൃദയമിടിപ്പിലും രക്തസമ്മർദ്ധത്തിലും തലച്ചോറിലുണ്ടാവുന്ന ഉദ്ദീപനങ്ങളിലെ വ്യതിയാനങ്ങളിൽനിന്നുമൊക്കെയാണ് അത് മനസ്സിലാക്കുന്നതെന്നുമൊക്കെ ട്യൂഷൻ കൊടുത്ത് മറ്റൊരു ഹതഭാഗ്യനായ സത്യവാനുമായി അടുത്ത എപ്പിസോഡിൽ കാണാമെന്ന് പറഞ്ഞ് അവതാരകൻ മറഞ്ഞു.

ഞാൻ ടിവി ഓഫ് ചെയ്തു.

ആ ദമ്പതികളുടെ ജീവിതത്തിന്റെ താളക്രമം തെറ്റാൻ ഈ പരിപാടി കാരണമായിട്ടുണ്ടാവുമോ? ഭാര്യയെ സംശയത്തോടെ നോക്കിക്കാണാൻ ആ ഭർത്താവ് ഇനി ശീലിച്ചുതുടങ്ങുമോ? പെറ്റമ്മയോടുള്ളതിനേക്കാൾ സ്നേഹം അമ്മായിയമ്മയോടാണെന്ന സത്യം വിളിച്ചുപറഞ്ഞ മകളോട് എന്തു മനോഭാവമാവും ആ അമ്മയ്ക്കു തോന്നുക?

ബന്ധങ്ങളേക്കാൾ മൂല്യം പണത്തോടു കാണിക്കുന്ന മനുഷ്യന്റെ ആർത്തിയെ എത്ര ബുദ്ധിപൂർവ്വമാണ് ഒരുചാനൽ ചൂഷണം ചെയ്യുന്നത്. ഒപ്പം മറ്റുള്ളവരുടെ ജീവിതത്തിലേയ്ക്ക് ഉളിഞ്ഞുനോക്കി രസിക്കാൻ താല്പര്യമുള്ളവരുടെ കണ്ണുകൾക്കും കാതുകൾക്കും വിരുന്നുമാവുന്നു ‘സച്ച് കാ സാ‌മ്ന ‘ എന്ന പ്രോഗ്രാം എന്ന് പറയാതെ വയ്യ.

‘സത്യം‘ പറഞ്ഞ് കോടികൾ നേടാനിറങ്ങുന്നവർ സത്യത്തിൽ ‘സത്യ‘ത്തിന്റെ പ്രതീകങ്ങളല്ല. ഈ പരിപാടി സത്യത്തോട് നീതി പുലർത്തുന്നതോ സമൂഹത്തോട് കൂറു പുലർത്തുന്നതോ അല്ല. ചെറിയ ഒളിവുകളും കുഞ്ഞുകുഞ്ഞു കള്ളങ്ങളും വിജയിക്കുന്ന ദാമ്പത്യ,കുടുംബ ജീവിതത്തിനു പിന്നിലുണ്ടെന്നാണ് എന്റെ വിശ്വാസം.

കാരണം ഞാനൊരു നല്ല ഭർത്താവായി എന്റെ ഭാര്യ കരുതുന്നതിനുപിന്നിൽ എന്റെ ദോഷങ്ങളെ എനിക്കവളിൽ നിന്നും സമർത്ഥമായി ഒളിച്ചുവയ്ക്കാനാവുന്നു എന്നതുതന്നെയാണ്. അതിനായി എനിക്ക് ചില കള്ളങ്ങൾ പറയേണ്ടി വരാറുണ്ട്. ഞാൻ നല്ലവനാണെന്ന് ധരിക്കുക വഴി അവൾ സന്തോഷിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ അവളുടെ ധാരണ സത്യമായി നിലനിർത്തണമെങ്കിൽ വാക്കുകളിൽ കള്ളം ചാലിച്ചേ മതിയാവൂ.

ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും. ഞാനെത്ര മണ്ടനാണെന്നും ഇങ്ങനെ എഴുതിയാൽ പോങ്ങൂന്റെ ഭാര്യ ഇതൊക്കെഅറിയില്ലേയെന്നും. നിങ്ങൾക്ക് തെറ്റി. നിങ്ങളേപ്പോലെ എന്റെ പോസ്റ്റ് വായിക്കാനുള്ള മണ്ടത്തരം അവൾ കാണിക്കില്ല. :)

സത്യം വിജയിക്കട്ടെ. ഒപ്പം ആർക്കും ദോഷമില്ലാത്ത ബന്ധങ്ങളെ മുറിപ്പെടുത്താത്ത കൂടുതൽ ദൃഢമാക്കാൻ സഹായിക്കുന്ന കുഞ്ഞുകുഞ്ഞു നുണകളും.

Thursday, July 16, 2009

മരണഭയം

32 വയസ്സെന്നത് മരണത്തെക്കുറിച്ച് ചിന്തിക്കേണ്ട പ്രായമായിരിക്കില്ല. പക്ഷേ, ഇന്ന് ആദ്യമായി മരണത്തെക്കുറിച്ചുള്ള ഭയം എന്റെ മനസ്സിൽ കിളിർത്തു. പിന്നെ അതിവേഗം അതിന് തായ്‌വേരുണ്ടായി, തണ്ട് തടിയായി വളർന്നു. ശിഖരങ്ങൾ ശക്തിപ്രാപിച്ചു. അവയിൽ ഇടതൂർന്ന് കറുത്ത ഇലകൾ നിറഞ്ഞു. ശേഷം ഇലകളെ മൂടുംവിധം വെളുത്ത പൂക്കളുണ്ടായി. പൂക്കളിൽനിന്നും മരണത്തിന്റെ ഗന്ധമുയർന്നു. മനസ്സുനിറയെ മരണത്തിന്റെ ഗന്ധം. മനസ്സിന്റെ ഭിത്തികളിലൂടെ ഭയത്തിന്റെ കറുത്തുമെലിഞ്ഞ, തണുപ്പുള്ള വേരുകൾ പടർന്നുകയറുന്നു. ഭയംകൊണ്ട് , മഞ്ഞിൽ തീർത്ത തണുത്തുറഞ്ഞ ശില്പം പോലെ ഞാൻ. എത്രയും വേഗം എന്റെ മനസ്സിൽ നിന്നും മരണത്തിന്റെ ഗന്ധം വമിപ്പിക്കുന്ന ഭയത്തിന്റെ ആ കറുത്ത വൃക്ഷം അറുത്ത്മാറ്റണം. പിന്നെ ഒരിക്കലും പൊട്ടിമുളക്കാനാവാത്ത വിധം തായ്‌വേരും പിഴുതുകളയണം.

അടുത്തകാലത്തെപ്പോഴോ ഞാൻ തീരെ ഭയമില്ലാതെ ചിന്തിച്ചിട്ടുണ്ട് എങ്ങനെയായിരിക്കും എന്നിലേയ്ക്ക് മരണം കടന്നുവരികയെന്ന് ! ഹൃദയാഘാതം? അല്ലെങ്കിൽ അർബ്ബുദമോ ട്യൂമറോ ? അതുമല്ലെങ്കിൽ എലിപ്പനി, പന്നിപ്പനി അങ്ങനെയേതെങ്കിലും ‘മൃഗ‘പ്പനിയിലൂടെയോ‍? അതോ റോഡപകടത്തിലൂടെയോ? അല്ലെങ്കിൽ ഇങ്ങനെയൊന്നുമല്ലാത്ത അസാധാരണമായ, പുതുമയുള്ള മറ്റേതെങ്കിലും വിധമോ? അറിയില്ല.പക്ഷേ, ഒന്നറിയാം. ഞാൻ മരിച്ചിരിക്കും. ഉറപ്പായും. എങ്ങനെ, എപ്പോൾ, എവിടെവച്ച്? അതുമാത്രമേ അറിയേണ്ടൂ. എനിക്കുറപ്പിക്കാനാവുന്ന ഒന്നേയുള്ളു. ഒരിക്കലും എന്റെ മരണം ഒരു ആത്മഹത്യ ആവില്ലെന്നുമാത്രം.

എന്നാലീ നിമിഷം ഞാനറിയുന്നു അതൊരു അറ്റാക്കാവുമെന്ന്. എന്റെ ഹൃദയത്തെ സ്പന്ദിക്കാനാവാത്തവിധം കാലൻ തന്റെ ഉരുക്കുമുഷ്ടികളുപയോഗിച്ച് എന്റെ ഹൃദയത്തെ അമർത്തിപ്പിടിച്ചു തുടങ്ങിയത് ഞാനറിയുന്നു.

ശരീരത്തിനു ദോഷകരമായതുമാത്രമേ ഇതുവരെ ഞാൻ നൽകിയിട്ടുള്ളു. നന്നായി കുടിച്ചു. മതിയാവോളം തിന്നു. ഇഷ്ടം പോലെ പുകവലിച്ചു. പിന്നെ, മതിയാവോളം തിന്നു. ഇഷ്ടം പോലെ കുടിച്ചു. നന്നായി പുകവലിച്ചു. ശരീരം അതിന്റെ തോന്ന്യാസം വളർന്നു. ലവലേശം ഭയമില്ലാതെ ഹൃദയാഘാതത്തിനും ക്യാൻസറിനുമൊക്കെ എപ്പോൾ വേണമെങ്കിലും കടന്നുവരാൻ പാകത്തിന് അവർക്കുള്ള വഴികൾ ഞാൻ സസന്തോഷം ഒരുക്കിക്കൊടുത്തുകൊണ്ടിരുന്നു. ശരീരഭാരം 100-ഉം കഴിഞ്ഞ് കാൽഭാഗത്തോളം മുന്നോട്ടുപോയി. ബോഡി മാസ് ഇൻഡക്സ് 36-ൽ എത്തി ഇനിയെത്ര ഞാൻ ഉയരണമെന്ന് ചോദിച്ചുനിന്നു. ജീവിക്കാൻ അത്രവലിയ കൊതിയില്ലാതിരുന്ന കാലം. മരണത്തെ തെല്ലും ഭയമില്ലാതെ കാലനെ വെല്ലുവിളിച്ചുനടന്ന ബാച്ചിലർ കാലം. എത്രത്തോളമുയരാമോ നീ എന്റെ BMI അത്രത്തോളമുയർന്നോളൂ എന്ന് പറയുന്ന കാലം.

നെഞ്ചിന്റെ ശക്തമായ വേദനയിൽ ഞാനൊക്കെയും ഓർക്കുന്നു.

ആദ്യമായി എന്റെ മരണത്തെക്കുറിച്ച് ഉൽക്കണ്ഠപ്പെട്ടത് ഭാര്യയാണ്. ഭക്ഷണം നീയന്ത്രിക്കണമെന്നും തടികുറയ്ക്കണമെന്നും അല്ലെങ്കിൽ “ചീത്ത അസുഖം വല്ലതും” വരുമെന്ന് പറഞ്ഞതും അവളാണ്. അറ്റാക്ക്, ക്യാൻസർ തുടങ്ങിയ മുന്തിയവന്മാരുടെ പേരുപോലും എന്റെ വാമഭാഗം അവളുടെ നാവുകൊണ്ട് ഉച്ഛരിച്ചില്ല. ഒക്കെ ചീത്ത അസുഖങ്ങൾ. ഒരു പാവം നാട്ടിൻ‌പുറത്തുകാരിയുടെ ആത്മാർത്ഥതയോ അല്ലെങ്കിൽ എല്ലാ ഭാര്യമാരുടെയും പൊതുവായ ഭയമോ മാത്രമായികണ്ട് ഞാനതിനെ തള്ളിക്കളഞ്ഞു. വലി,കുടി,പിടി, തീറ്റ എന്നിവയുമായി നിർബാധം ഞാൻ മുന്നേറുകയും ചെയ്തു.

‘പിടി‘യുടെ കാര്യത്തിലും ശുഷ്കാന്തിക്കുറവ് കാട്ടാതിരുന്നതിനാൽ ഭാര്യ ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചു. പൂയം നാളുകാരൻ. അച്ഛന് ‘കാലു’മായി ജനിച്ചവൻ. ശുഷ്കാന്തി എന്റേതുതന്നെ എന്നുതെളിയിക്കുമാറ് എന്റെ തനിപ്പകർപ്പായി ‘പൂയംകുട്ടി’ എന്ന് ഞാൻ വിളിക്കുന്ന എന്റെ ‘ദൈവിക് ദക്ഷ്‘. എന്റെ മകൻ. ഒരു ദുഷ്പേരേ അവനുണ്ടായിരുന്നുള്ളു. പൂയം നാളും ജനിച്ച സമയവും വെച്ച് അവന്റെ ‘കാല്’ എന്റെ മേലാണെത്രെ. ചുരുക്കിപ്പറഞ്ഞാൻ ഞാൻ പുകയാവാനുള്ള എല്ലാ സാധ്യതകളും അവനൊരുക്കിയിരിക്കുന്നു. ജാതകത്തിൽ തീരെ വിശ്വാസമില്ലാത്തതിനാൽ എനിക്കതിൽ യാതൊന്നും തോന്നിയില്ല. ജന്മനാ ഭക്തനായ എന്റെ അച്ഛന്റെ കാശ് ഇപ്പോഴും ഈ ‘കാലും‘ പറഞ്ഞ് ജ്യോത്സന്മാരും വഴിപാട് വകയിൽ ദേവസ്വവും പറ്റിക്കൊണ്ടിരിക്കുന്നു.

എന്നാൽ കഴിഞ്ഞമാസങ്ങളിൽ തുടർച്ചയായി അപകടങ്ങൾ സംഭവിച്ചപ്പോഴും ഞാൻ മരണമെന്ന ഭയത്തിന് അടിമപ്പെട്ടിരുന്നില്ല. ഒരു ഞായറാഴ്ച എന്റെ ബൈക്ക് ഇടിയ്ക്കുന്നു. അടുത്ത ഞായറാഴ്ച കാറിടിച്ച് തകരുന്നു. അതിനുശേഷം 3 ദിവസങ്ങൾ കഴിഞ്ഞ് സ്നേഹിതന്റെ ബൈക്കിനുപിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ സംഭവിച്ച ചെറിയൊരപകടം. ഈ മൂന്ന് അപകടങ്ങളിൽനിന്നും ആകെ പറ്റിയത് കുറച്ച് മണ്ണും ഇടതുകൈയ്യുടെ തള്ളവിരലിനൊരു ചതവും മാത്രം. എന്റെ പൂയംകുട്ടിയുടെ കുഞ്ഞിക്കാലിന് ഇത്രയ്ക്ക് ശക്തിയല്ലേ കാണൂവെന്ന് തമാശയോടെ ഞാനോർക്കുകയുംചെയ്തു. എന്നാൽ ഈ അപകടങ്ങൾകൊണ്ടൊക്കെയുണ്ടായ പരിക്ക് അച്ഛന്റെ പോക്കറ്റിനാണ്. ജ്യോത്സ്യന്റെ കീശയും ദേവസ്വംഭണ്ടാരവും കിലുങ്ങിക്കൊണ്ടേയിരിക്കുന്നു.

അവസാനിപ്പിക്കാനായി പറയട്ടെ. ഇന്ന് രാത്രി വീട്ടിലെത്തുമ്പോൾ മഴതകർത്തുപെയ്യുന്നുണ്ട്. ഡ്രെസ്സ് മാറി കുളി മഴയത്താക്കാനായി ഞാൻ മുറ്റത്തേയ്ക്കിറങ്ങി. 15 മിനിറ്റോളം മഴ നന്നായി നനഞ്ഞു കുളിച്ചു. വാമഭാഗവും അവളുടെ ഒക്കത്തിരുന്ന് 1 വയസ്സും ഏതാനും മാസങ്ങളും സ്വന്തമാ‍യി പ്രായമുള്ള പൂയംകുട്ടിയും എന്റെ കുളിസീൻ കണ്ടു. അവന് എന്നോടൊപ്പം മഴയിലേയ്ക്കിറങ്ങാൻ കുതറുന്നു. അടുത്തവർഷം മക്കളേ നിന്നേ മഴനനയ്ക്കാമെന്ന് പറഞ്ഞത് മനസ്സിലാക്കിയിട്ടെന്ന പോലെ അവൻ അടങ്ങി.

പിന്നെ അത്താഴം കഴിഞ്ഞ് കുറച്ചുസമയം വായിച്ചുകൊണ്ടിരുന്നു. അപ്പോളാണ് നെഞ്ചിനു നടുക്കായി ഒരുനിമിഷം ശക്തമായി വേദന തോന്നിയത്. കണ്ണുകളിൽ ഇരുട്ടുകയറുന്നപോലെ . കൈകളിൽ മരവിപ്പ്. ഉറപ്പിച്ചു അറ്റാക്കിന്റെ ലക്ഷണം. ദാ.. ഞാൻ മരിക്കാൻ പോവുന്നു. മുറ്റത്ത് ഒരു പോത്തിന്റെ കുളമ്പടി ശബ്ദവും മുക്രയിടലും കേൾക്കുന്നു. ഞാൻ വേഗത്തിൽ എഴുന്നേറ്റ് ഏറ്റവും പുതിയ ‘വാൻ ഹുസൈൻ‘ന്റെ (സത്യമായും)അണ്ടർവെയർ ധരിച്ചു. കണ്ണാടിയ്ക്കുമുന്നിൽ പോയി മുടി നന്നായി ചീകിയൊതുക്കി. ചത്തുകിടന്നാലും ചമഞ്ഞ് കിടക്കണമെന്നാണല്ലോ! താടിയിൽ നര കാണാം. ചാവും മുൻപ് ‘ഡൈ‘ ചെയ്യാനുള്ള സമയം കിട്ടുമോ എന്തോ? ഞാൻ എന്റെ തലയിൽ കൈയ്യൊന്നമർത്തി. പോസ്റ്റുമോർട്ടം ചെയ്യുമ്പോൾ തലയുടെ ഏതുഭാഗമായിരിക്കുമോ പൊട്ടിക്കുക. നെഞ്ചിൻ കൂടും വിടർത്തിമാറ്റുമായിരിക്കും. ദുഷ്ടന്മാർ. ആയ കാലത്തൊരു 6പായ്ക്ക് മസിലുണ്ടാക്കിയിരുന്നെങ്കിൽ പോസ്റ്റുമാർട്ടം ടേബിളിൽ അഭിമാനത്തോടെ കിടക്കാമായിരുന്നു. ഇതൊരുമാതിരി ചീർത്തുവീർത്ത പച്ചത്തവള ചത്തുമലച്ചപോലെ..


കണ്ണാടിക്കുമുന്നിൽ നിന്ന് ഞാൻ വേഗത്തിൽ കം‌മ്പൂട്ടർ റൂമിലെത്തി. സിസ്റ്റം ബൂട്ട് ചെയ്തു. മരിക്കും മുൻപേ ഈ പോസ്റ്റ് എഴുതിതീർക്കണം. അറ്റാക്ക് മൂലമുള്ള മരണത്തിനുകാരണം പൂയം കുട്ടിയുടെ കാലല്ല. അവന്റെ സമയദോഷവുല്ല. അച്ചടക്കമില്ലാത്ത എന്റെ ജീവിതശൈലി മാത്രമാണ് അതിനുത്തരവാദി എന്നൊക്കെ.

...ഇതൊരുമാതിരി ചീർത്തുവീർത്ത പച്ചത്തവള ചത്തുമലച്ചപോലെ - അതിവേഗം ഇത്രയും എഴുതിതീർത്തപ്പോഴേയ്ക്ക് രശ്മി മുറിയിലേയ്ക്ക് വന്നു.

“ഹരിയേട്ടൻ കമ്പ്യൂട്ടറും നോക്കി ഇരിക്കാൻ പോവുന്നോ? വാ ചേട്ടാ, എനിക്കുറക്കം വരുന്നു”

“മോളേ, നീ ഇനി തനിച്ചുറങ്ങി ശീലിക്കണം” - നെഞ്ച് തടവിക്കൊണ്ട് അവളുടെ മുഖത്തുനിന്നും കണ്ണുപറിച്ച് മോണിറ്ററിൽ നാട്ടി ഞാൻ പറഞ്ഞു.

“എന്താ?” - ആശ്ചര്യത്തോടെ അവൾ.

“ അല്ല. നീയൊക്കെ പറഞ്ഞ് പറഞ്ഞ് ആകെ ഒരു പേടി. മരിച്ചുപോവുമെന്നൊരു തോന്നൽ. ഇപ്പോൾ നെഞ്ചിനൊരു വേദനേം. വല്ലോ അറ്റാക്കും മറ്റും?...”

“ ചേട്ടന് വട്ടാ..”

“വട്ട് നിന്റെ അച്ഛന്. നീ ഒരു ഭാര്യയാണോടീ.. ചാകാൻ പോവുന്ന ഭർത്താവിന്റെ മുഖത്തുനോക്കി വട്ടാണെന്ന് പറയാൻ. രശ്മീ. ഞാനിപ്പോൾ ഇല്ലാതായാൽ പിന്നെ എന്റെ നെഞ്ചിൽ കെട്ടിപ്പിടിച്ച് കരഞ്ഞ് ഷോ കാണിച്ചിട്ടൊന്നും ഒരു കാര്യവുമില്ല.. നീ നീറും.നീറി നീറി ചാവും.”

അവൾ അമ്മയുടെ മുറിയിലേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു

“അമ്മേ ചേട്ടന് വട്ടായി “

അശരീരി പോലെ അമ്മയുടെ ശബ്ദം.

“ അവനാ മഴയത്തുനിന്ന് കുളിക്കുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായതാ അവന് വട്ടായെന്ന്...നീ ആ കതകൂ പൂട്ടിയിട്ട് പോയിക്കിടന്നുറങ്ങ്. രാവിലെ ചങ്ങലയ്ക്കിടാം “

അവളതുകേട്ട് ചിരിച്ചു. അവസാനമായി അവളുടെ ചിരി ഞാൻ ആവോളം കണ്ടു. ഇനി പറ്റില്ലല്ലോ. ഞാൻ വിതുമ്പി.

“ രശ്മീ, നീ പോയിക്കിടന്നോ. ഞാൻ എന്റെ മരണഭയം ഒന്ന് പോസ്റ്റാക്കി ഇടട്ടെ”

“ ചേട്ടനിത് പോസ്റ്റാക്കിയാൽ ഉറപ്പായും ചേട്ടന്റെ ഭയം സത്യമാവും”

“ എന്നുവച്ചാ...”

“ എന്നുവച്ചാൽ വായിക്കുന്നവരെല്ലാം കൂടി ചേട്ടനെ കൊല്ലുമെന്ന്. “

ഇതും പറഞ്ഞ് അവൾ കിടപ്പുമുറിയിലേയ്ക്ക് പോയി. ‘ഇത്രേം വലിയ ഒരാന മണ്ടനെയാണല്ലോ ഈശ്വരാ എനിക്ക് കിട്ടിയത്‘ എന്ന വാചകം കൂടി പോവും മുൻപേ അവൾ എന്റെ കാതുകൾക്ക് സമ്മാനിച്ചു.

ന്റെ..പാട്ടുപുരയ്ക്കലമ്മേ, വായനക്കാർ തച്ചുകൊന്ന ആദ്യ ബ്ലോഗറാവാനുള്ള ഭാഗ്യം പോലും എന്റെ ഹൃദയത്തിൽ പിടിമുറുക്കിയ ഈ കാലൻ സമ്മതിക്കില്ലല്ലോ!!! എന്തൊരു നെഞ്ചുവേദന.

അരസികകളായ ഭാര്യമാണ് ഒരോ ബ്ലോഗറുടെയും ശാപമെന്ന് എന്റെ പെണ്ണേ.. നീ എനിക്ക് മനസ്സിലാക്കിതരുന്നു. ഇവിടെ എങ്ങനെ നല്ല പോസ്റ്റുകളുണ്ടാവും? നല്ല വിഷയങ്ങൾ എങ്ങിനെ ഒരു ബ്ലോഗർ സധൈര്യം ആവിഷ്കരിക്കും?

പോസ്റ്റെന്നുകേട്ടാൽ ‘ഇലക്ട്രിക് പോസ്റ്റ്’ മാത്രം മനസ്സിൽ‌വരുന്ന നിന്നെപ്പോലുള്ള നാരിജനങ്ങളാണ് ബൂലോഗത്തിന്റെ ശുഷ്കാവസ്ഥയ്ക്ക് കാരണം. ‘മരണഭയം’ എന്ന ഈ പോസ്റ്റ് തന്നെ എത്ര ഉദാത്തമാവേണ്ടിയിരുന്നു. തകർത്തില്ലേ ഭാര്യേ നീ. ഇവിടെയ്ക്കിപ്പോൾ നീ കടന്നുവരാതിരുന്നെങ്കിൽ ഈ പോസ്റ്റ് എത്രമാത്രം... വയ്യ. ഇനി ഒന്നും ഓർക്കാനും എഴുതാനും വയ്യ..


സിസ്റ്റം ഡൌൺ ചെയ്ത് ഞാൻ കിടപ്പുമുറിയിലേയ്ക്ക് പോയി. പൂയം കുട്ടി ചെരിഞ്ഞുകിടന്നുറങ്ങുന്നു. ഞാൻ അവനോട് ചേർന്നുകിടന്നു. ഒരു കുഞ്ഞിക്കാൽ അവനെന്റെ നെഞ്ചിലേയ്ക്കെടുത്തുവച്ചു. അപ്പോൾ നെഞ്ചിൽ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നില്ല. ചിലപ്പോളത് ഗ്യാസിന്റെ ആയിരുന്നിരിക്കും. ഞാനവന്റെ നെറ്റിയിൽ ഒന്നു ചുംബിച്ചു. പിന്നെ കൈനീട്ടി രശ്മിയുടെ മുടിയിഴകളിൽ വിരളോടിച്ചു. അപ്പോൾ ഇരുളിൽ എന്റെ ചെവിയോട് ചേർന്ന് സ്വകാര്യമായി ഒരു പരുക്കൻ ശബ്ദം കേട്ടു “ അതേ, ഒരു കൈയ്യബദ്ധം പറ്റിപ്പോയി. തേക്കേതിലെ രാഘവൻ നായരാണെന്ന് വിചാരിച്ച് പിടിച്ചതാ. പേടിക്കേണ്ട. ഉറങ്ങിക്കോളൂ. ഞാൻ പോവുന്നു”

“നിങ്ങളാരാണ്? “ ഞാൻ ഉറക്കെ ചോദിച്ചു.

“ നിങ്ങടെ കെട്ടിയോളും കൊച്ചും.“ - ദേഷ്യത്തോടെയുള്ള രശ്മിയുടെ ശബ്ദം.
“ചേട്ടൻ പോയി ആ ക‌മ്പ്യൂട്ടർ റൂമിലെങ്ങാനും കിടന്നോ. ശബ്ദം വെച്ച് ആ കൊച്ചിനേകൂടി ഉണർത്തും “

ഞാൻ ഇളിഭ്യനായി ഇരുളിൽ പൂണ്ടു. പിന്നെ, അകന്നുപോവുന്ന പോത്തിന്റെ മുക്രയും കാലടി ശബ്ദവും കേട്ട് ആശ്വാസത്തോടെ കണ്ണുകളടച്ചു. ഇനിയും ഉണരാനായുള്ള ഉറക്കത്തിലേയ്ക്ക്.

Sunday, July 12, 2009

വേലിക്കകത്ത്, ഒറ്റപ്പെട്ട്...


വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് അച്യുതാനന്ദൻ അക്ഷരാർത്ഥത്തിൽ വേലിക്കകത്തു തന്നെയായി. തീർത്തും തനിച്ച്. ഇനി അദ്ദേഹത്തിനുകൂട്ട് സ്വന്തം നിഴൽ മാത്രമായിരിക്കാം. വി.എസിനെ സ്നേഹിക്കുന്നവർക്ക് ഇനിയുമൊരങ്കത്തിനുള്ള ബാല്യം അദ്ദേഹത്തിനുണ്ടെന്ന് വിശ്വസിക്കാം. എങ്കിലും സാമാന്യയുക്തിയനുസരിച്ചു ചിന്തിച്ചാൽ അതിനുള്ള സാധ്യത വിരളമാണ്. തോൽക്കാൻ മാത്രമായി കച്ചകെട്ടി വെല്ലുവിളിച്ചിറങ്ങിയിട്ട് കാര്യമില്ലല്ലോ? അങ്ങനെ ചെയ്താൽ അതിനെ ധീരതയായല്ല വിവരക്കേടായി മാത്രമേ ഇനി കാണാനാവൂ. ഇങ്ങനെ കുറിക്കുന്നതിൽ വ്യക്തിപരമായി എനിക്ക് ദു:ഖമുണ്ട്.

പൊളിറ്റ്ബ്യൂറോയിൽ നിന്ന് തരം താഴത്തപ്പെട്ട വി.എസിന് ഇനി ഒരു ചുവടുപോലും മുന്നോട്ട് വയ്ക്കാനില്ല. അരിവാളും ചുറ്റികയുമായി താൻ വളർത്തിയ ശിഷ്യഗണങ്ങൾ തന്നെ അദ്ദേഹത്തെ വളഞ്ഞിരിക്കുന്നു. ഇനി തല കൊയ്യേണ്ട താമസം മാത്രമേയുള്ളു. അല്ലെങ്കിൽ സ്വയം തലയരിഞ്ഞിടുകയുമാവാം. അങ്ങനെ ചെയ്യുന്നതാവും അവശേഷിക്കുന്ന മാനമെങ്കിലും രക്ഷിക്കാൻ അദ്ദേഹത്തിനുമുന്നിലുള്ള ഏക വഴി. പൊളിറ്റ്ബ്യൂറോ ഇന്നെടുത്ത തീരുമാനത്തിനുപിന്നിലുള്ള ലക്ഷ്യവും അത്തരമൊരു സ്വയം ഹത്യയ്ക്ക് വി.എസിനെ പ്രേരിപ്പിക്കുക എന്നതാവും. പാർട്ടിയിൽ നിന്ന് പുറത്താക്കി വി.എസിനൊരു രക്തസാക്ഷി പരിവേഷം നൽകാൻ എന്തായാലും ക‌മ്യൂണിസ്റ്റ് പാർട്ടി മുതിരില്ലെന്നത് ഏവർക്കും അറിയാമായിരുന്നു. വി.എസിന്റെ വർദ്ധിച്ച ജനപ്രീതിയെ തെല്ലൊന്നുമല്ല കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും ഭയന്നത്. ഇപ്പോഴും ഭയക്കുന്നത്.

വി.എസിന്റെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധവും ജനങ്ങൾക്കും മാധ്യമങ്ങൾക്കുമിടയിലുള്ള പ്രീതി തന്നെ. ആ ആയുധത്തിന്റെ ശക്തിയെ വി.എസ് ശരിയായ അർത്ഥത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടോ? അല്ലെങ്കിൽ വി.എസിനേക്കാൾ അദ്ദേഹത്തിന്റെ എതിർപക്ഷം അത് മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് അതിന്റെ മൂർച്ച പരമാവധികുറയ്ക്കാനുള്ള ബുദ്ധിപൂർവ്വമായ നീക്കം എന്നും ഔദ്യോഗികപക്ഷം എന്ന് പറയപ്പെടുന്ന പിണറായിയുടെ ശിങ്കിടികളും അവർ വലിച്ചെറിയുന്ന എച്ചിൽ തിന്ന് ജീവിക്കുന്ന ബുദ്ധിജീവികളും(?) കൈക്കൊണ്ടുപോന്നിട്ടുള്ളത്. എന്നാൽ ‘ബഹുജനം കഴുത‘കളുടെ മുന്നിൽ ആ ബുദ്ധി വിലപ്പോയില്ലെന്നു മാത്രം. അല്ലെങ്കിൽ അവരുടെ ഗൂഢതന്ത്രത്തെ മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഇന്നത്തെ കഴുതകൾക്കുണ്ടായിരിക്കുന്നുവെന്നും മനസ്സിലാക്കാം.

ഇനി എന്താവും വി.എസിനു മുന്നിലുള്ള വഴി?

ഒന്നുകിൽ ഇന്നുവരെ അനുവർത്തിച്ചുപോന്ന ജനപ്രിയ ശൈലി വെടിഞ്ഞ് പഴയ മുരടനായ വി.എസ് ആയി ജീവിക്കാം.
അതുകൊണ്ടുള്ള ഗുണം: മരിക്കുമ്പോൾ ചെങ്കൊടി പുതച്ച് കിടക്കാം.

അല്ലെങ്കിൽ മുഖ്യമന്ത്രി പദം രാജിവെച്ച് പുറത്ത് പോവാം. അതുകൊണ്ടുള്ള ഗുണം: ചരിത്രത്തിന്റെ താളുകളിൽ നട്ടെല്ലുള്ള അഴിമതിക്കെതിരെ അന്ത്യം വരെ പോരാടിയ ഒരു ക‌മ്യൂണിസ്റ്റുകാരനെന്ന നിലയിൽ അറിയപ്പെടാം. ജനങ്ങളുടെ പ്രീതി കൂടുതൽ തിളക്കത്തോടെ നിലനിർത്താം.

രണ്ടാമത്തെ വഴി സ്വീകരിക്കാൻ വി.എസിനാവുമെന്ന് കരുതാൻ വയ്യ. കാരണം മേൽ സൂചിപ്പിച്ചപോലെ തന്റെ കൈവശമുള്ള ആയുധത്തിന്റെ ശക്തിയെക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മ.

ഏതായാലും ഇനി മുഖ്യമന്ത്രി പദത്തിലിരുന്ന് ഒന്നും ചെയ്യാൻ അദ്ദേഹത്തിനാവില്ല. വരിയുടച്ച് വേലിക്കകത്തിട്ട് മെരുക്കിയ വെട്ടുപോത്തിനെ എന്തിനുകൊള്ളാം? അഴിമതിയുടെ ഭാരം ചുമപ്പിക്കാം. കൈക്കഴപ്പ് തീരും വരെ അതിനെപുറത്തടിച്ച് കൊമ്പുകുത്തിച്ച് രസിക്കാം.

അങ്ങനെയൊരു ഗതികേട് പ്രിയ വി.എസേ അങ്ങേയ്ക്ക് വേണോ? പതിനഞ്ചാം വയസ്സിൽ അങ്ങ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുമ്പോൾ ഇന്നത്തെ ‘റാത്തൽ കണക്കിന് ദശയുള്ള‘ നേതാക്കളൊന്നും ജനിച്ചിട്ടുപോലുമില്ല. അവരാണ് അങ്ങയെ ഇന്ന് യൂദാസെന്ന് വിളിക്കുന്നത്. മതിയാക്കിക്കൂടേ ഇനിയെങ്കിലും? ജനങ്ങളെ സേവിക്കാൻ മുഖ്യമന്ത്രിക്കസേരയോ പാർട്ടിയുടെ തണലോ ഒന്നും വേണ്ട. മറ്റുള്ളവരുടെ വിശപ്പും ദുരിതവും കണ്ണിരും അവർനേരിടുന്ന അവഗണനയുമൊക്കെ കാണാനും തിരിച്ചറിയാനും അതിനെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാനുള്ള മനസ്സുണ്ടായാൽ മതി. അങ്ങേയ്ക്കതുണ്ട്.

പഴയ ക‌മ്യൂണിസ്റ്റ് പാർട്ടി മരിച്ചിരിക്കുന്നു. ഇപ്പോൾ ആ ശവത്തിനു ചുറ്റും കുറേ ശവംതീനി ഉറുമ്പുകൾ മാത്രമേയുള്ളു. അങ്ങതിന്റെ പങ്കു പറ്റരുത്. ഇറങ്ങിവരിക. ദരിദ്രനാരായണന്മാർക്കിവിടെ യാതൊരു പഞ്ഞവുമില്ല. അവർക്കിടയിലാണ് അങ്ങയുടെ സ്ഥാനം. ദുരിതം മാത്രം സ്വന്തമായുള്ള ലക്ഷക്കണക്കിനാൾക്കാരുടെ ശബ്ദമായി അങ്ങ് മാറുക. അവരുടെ മുൻപിൽ നിന്ന് മുഷ്ടി ആകാശത്തേയ്ക്കെറിഞ്ഞ് ഉറക്കെ പറയൂ.. “ ഇങ്ക്വിലാബ്..സിന്ദാബാദ് ‘ എന്ന്.


ഒരു പക്ഷവും ഇല്ലാതിരുന്ന ഒരു ക‌മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു ഞാൻ. ഇനി എന്റെ വോട്ട് അരിവാൾ ചുറ്റിക നക്ഷത്രത്തിനുണ്ടാവില്ല. നിരാശയോടെയും വേദനയോടെയുമാണ് ഞാനിത് പറയുന്നത്.

അവസാനമായി ഒരിക്കൽക്കൂടി.. ‘ലാൽ സലാം സഖാവേ’

Wednesday, July 8, 2009

സായീ... ബ്ബ ബ്ബ ബ്ബ

(തലക്കെട്ട് കണ്ട് കോഴിയെ വിളിക്കുന്നപോലെ തോന്നിയോ?

ഇല്ലേ? !!!

നിരാശയുണ്ട്.

തോന്നണം.)സായിബാബയെക്കുറിച്ച് ആദ്യമായൊരു എതിരഭിപ്രായം കേൾക്കുന്നത് കാലങ്ങൾക്കു മുൻപ് നാട്ടിൽ വച്ചാണ്. മനുഷ്യദൈവങ്ങളെ വെറുക്കുന്ന ഒരു ‘മനുഷ്യദ്രോഹി‘യിൽ നിന്ന്.

എന്നാൽ ബാബയെക്കുറിച്ച് ‘കാവി ചുറ്റിയ കുണ്ടനാണോ ഇയാൾ‘ എന്ന ശങ്ക മനസ്സിൽ ജനിപ്പിച്ചത് ഇന്നലെ ഒരു സ്നേഹിതൻ അയച്ച വീഡിയോ കണ്ടതിനുശേഷമാണ്.

(വിശദമായ കാഴ്ചയ്ക്കുള്ള ലിങ്കം താഴെ കൊടുത്തിട്ടുണ്ട്.)

നിങ്ങളിൽ പലരും അത് കണ്ടിരിക്കും. ഇതിനോടകം ചിലരെങ്കിലും അതൊരു പോസ്റ്റായി ബ്ലോഗിൽ എത്തിച്ചിട്ടുമുണ്ടാവും. എന്റെ വകയും കിടക്കട്ടെ ഒന്ന്.

ബി.ബി.സി സായിബാബയുടെ ‘കാപട്യങ്ങൾ‘ തുറന്നുകാട്ടിയെത്രെ. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ താറടിച്ചുകാണിക്കാൻ സായ്പ്പന്മാർ നടത്തിയ ശ്രമമായി ഇതിനെ കാണുന്നവരുമുണ്ടാവാം.

പുട്ടപർത്തിയിലെ ഒരു ‘കാവിക്കാരനു ‘ ബദലായി പോട്ടയിൽ ഡസൻ കണക്കിന് ‘വെള്ളക്കാർ’ ഇതിലും വലിയ കുണ്ട,വദന സുരത കേളികളാറാടുന്നത് ബി.ബി.സി കാണിക്കുവോടാ ഉവ്വേ എന്ന് വികാരപരവശരായി ചോദിക്കുന്നവരുമുണ്ടാവാം. അത്തരക്കോരോട് പറയട്ടെ. നിങ്ങൾക്ക് നിരാശ വേണ്ട. ‘വെള്ളക്കാർ‘ വാ പിളർന്ന് ലിംഗം സ്വീകരിക്കുമെങ്കിൽ ‘കാവിക്കാരൻ‘ സ്വീകരിക്കുക മാത്രമല്ല ഉദരത്തിൽ നിന്ന് വദനത്തിലൂടെ സുവർണ്ണലിംഗം പുറത്തെടുക്കുകയും ചെയ്യുന്നില്ലേ? അതും സാക്ഷാൽ പരമശിവന്റെ!! പോരാത്തതിന് 3 ടണ്ണോളം ലിംഗങ്ങൾ അദ്ദേഹത്തിന്റെ ഉദരത്തിലുമുണ്ടെത്രെ!! നമ്മൾ കാവിക്കാർ തന്നെ യോഗ്യർ. എടുത്താൽ കൊടുക്കും.


സന്മനസ്സുണ്ടെങ്കിൽ ദയവായി ഇത്തരം ആൾദൈവങ്ങളെ നമ്മുടെ വിശ്വാസങ്ങളിൽ നിന്ന് അകറ്റി നിർത്തൂ. അവരെ നമുക്ക് വെറുക്കേണ്ടതില്ലായിരിക്കാം. ജീവിക്കാൻ വേണ്ടി ഓരോരുത്തരും ഓരോരോ വേഷങ്ങൾ കെട്ടുന്നു. അത്രമാത്രം. എന്നാൽ നമ്മളിലെ വിശ്വാസത്തെ ചൂഷണം ചെയ്തുകൊണ്ടിനി അവരെ സുഖിക്കാൻ വിടരുത്.

ആൾദൈവങ്ങൾ ധാരാളം നല്ലകാര്യങ്ങൾ ചെയ്യുന്നുവെന്ന് വാദിക്കുന്നവരുണ്ടാവാം. എങ്കിലും അവർ ചെയ്യുന്ന തിന്മകൾക്കു മുന്നിൽ നന്മകൾ എത്രയോ അപ്രസക്തം. അല്ലെങ്കിൽ ആ നന്മകൾ തന്നെയല്ലേ ഈ വക കുണ്ടന്മാരുടെയും കുണ്ടികളുടെയുമൊക്കെ ‘രക്ഷാകവചം‘?


സായിബാബയുടെ കോടിക്കണക്കിനു വരുന്ന ആരാധകരെ അപമാനിക്കുക എന്ന ലക്ഷ്യം ഈ പോസ്റ്റിനില്ല. നിങ്ങളുടെ വിശ്വാസം നിങ്ങളെയും എന്റെ അവിശ്വാസം എന്നെയും രക്ഷിക്കട്ടെ.

( വിഷയത്തിന്റെ യോഗ്യത അനുസരിച്ചുള്ള ഭാഷയേ ഇവിടെ ഞാൻ കൈകാര്യം ചെയ്തിട്ടുള്ളു. സംസ്കാരസമ്പന്നർ വിട്ടുകള. വായിച്ചിട്ട് ചീത്ത പറയാൻ തോന്നുന്നവർ വീഡിയോ 4-ഉം കണ്ടിട്ട് പറയുക )

വിശദമായ കാഴ്ചയ്ക്കുള്ള ലിങ്കം

ഇവിടെ ചിതറിക്കിടക്കുന്നവർ ജീവിച്ചിരുന്നെങ്കിൽ അവർക്കും പലതും പറയുവാനുണ്ടായിരുന്നേനേ...

Thursday, July 2, 2009

‘ല’ പോയ ഹരി

മുൻ‌കൂർ ജാമ്യം: ഈ പോസ്റ്റ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനോ മദ്യപാനികളെ ന്യായീകരിക്കാനോ ഉള്ളതല്ല. ലഹരിയോടുള്ള എന്റെ കാഴ്ചപ്പാടുകൾ മാത്രം. സദാചാരികൾ എന്റെ മേൽ മെക്കിട്ടുകേറില്ലല്ലോ?

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ്: മദ്യപാനം ശരീരത്തിന്റെ ആരോഗ്യത്തിന് ഹാനികരം. എന്നാൽ മനസ്സിന്റെ ആരോഗ്യത്തിന് അത്യുത്തമം.
ലഹരി എനിക്ക് ഈശ്വരനെപ്പോലെയാണ്. അല്ലെങ്കിൽ ഈശ്വരൻ തന്നെയാണ്. വിസ്കി, ബ്രാണ്ടി, റം, വോഡ്ക, ജിൻ, ബിയർ എന്നിങ്ങനെ ഓരോ മദ്യവിഭാഗങ്ങളെയും വ്യത്യസ്തമായ മത വിഭാഗങ്ങളായും അബ്സൊല്യൂട്ട്, ബക്കാർഡി, സ്മിർണോഫ്, ബ്ലാക്ക് & വൈറ്റ്, സിഗ്നേച്ചർ, വൈറ്റ് മിസ്ചീഫ്, ഒസിആർ, ഒപിആർ, ബർമുഡ, 8 പി.എം, ഷാർക്ക് റ്റൂത്ത്, കല്യാണി, ഹേയ്‌വാർഡ്സ്, കിങ്ങ് ഫിഷർ ഇങ്ങനെയുള്ള ബ്രാൻഡുകളെയൊക്കെ ഓരോരോ‍ മതവിഭാഗങ്ങൾക്കു കീഴില്പെടുന്ന ജാതികളായും ഞാൻ പരിഗണിച്ചുപോരുന്നു. ഇതിലേതാണ് എന്റെ ജാതിയെന്നോ മതമെന്നോ ചോദിക്കരുത്. ഞാൻ എല്ലാത്തിലും വിശ്വസിക്കുന്നു. തരം കിട്ടുന്നതൊക്കെ സേവിക്കുന്നു. എനിക്കറിയാം ഏതിൽ വിശ്വസിച്ചാലും സേവിച്ചാലും ലഹരിയെന്ന ഈശ്വരനെ ഞാൻ കാണുന്നു, അനുഭവിക്കുന്നുവെന്ന്.

‘കുടിക്കുവാൻ ഓരോരുത്തർക്കും ഒരോ കാരണങ്ങളുണ്ട്.‘ എന്നാൽ മദ്യപിക്കുന്നത് നല്ലതോ ചീത്തയോ എന്നു ചോദിച്ചാൽ ഉത്തരമില്ല. കുടിയന്മാർ കുടി ആസ്വദിക്കുന്നു. അവർ നല്ലതു പറയുന്നു. കുടിക്കാത്തവർ കുടിയെയും കുടിക്കുന്നവരെയും വെറുക്കുന്നു. അവർ ചീത്ത പറയുന്നു.

ശരീരത്തിന്റെ ആരോഗ്യത്തിന് കുടി നല്ലതല്ലെന്ന് ഞാൻ സമ്മതിക്കും. പക്ഷേ, മനസ്സിന്റെ ആരോഗ്യത്തിനത് ‘മിതമായ‘ കുടി അത്രകണ്ട് അപകടകരമാണോ? അറിവില്ലായ്മകൊണ്ടാവാം. എനിക്ക് സംശയമുണ്ട്.

ജീവിതത്തിൽ ഈ നിമിഷം വരെ മദ്യപിക്കുന്നതിൽ എനിക്ക് കുറ്റബോധമോ അപമാനമോ തോന്നിയിട്ടില്ല. “ഹരി, മദ്യപിക്കുമോ“ എന്ന് ആരെങ്കിലും ചോദിച്ചാൽ “ ഉവ്വ്. നന്നായി ആസ്വദിച്ചു തന്നെ. “ എന്നുത്തരം നൽകാൻ എനിക്കു മടിയും തോന്നിയിട്ടില്ല. കാരണം മദ്യം എനിക്ക് നല്ലതുമാത്രമേ നൽകിയിട്ടുള്ളു. വളരെ സ്നേഹിച്ചുകൊണ്ടാണ് ഞാൻ മദ്യത്തെ സേവിക്കുന്നത്. ഇന്നേവരെ മദ്യപിച്ച് ഞാൻ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല. വഴിയരികിൽ കിടന്നുറങ്ങിയിട്ടില്ല. സമൂഹത്തിന് ശല്യമായിട്ടില്ല. വീട്ടുകാരെ കഷ്ടപ്പെടുത്തിയിട്ടില്ല. ആരെയും അസഭ്യം പറഞ്ഞിട്ടില്ല. ചുരുക്കിയാൽ, ‘മദ്യത്തിന് നാണക്കേട്‘ വരുത്തുന്ന ഒരുകാര്യവും ഞാൻ ചെയ്തിട്ടില്ലെന്ന് പറയാം.

മാത്രവുമല്ല മദ്യപിച്ചുകഴിഞ്ഞാൽ ക്ഷമ, സഹനശക്തി, സഹകരണമനോഭാവം, സ്നേഹം, കരുണ, ദയ, ഓർമ്മ, വിനയം, പ്രതിപക്ഷ ബഹുമാനം( ബഹുമാനിച്ചങ്ങപമാനിച്ച് കളേം ഞാൻ ) അങ്ങനെയെല്ല്ലാം വല്ലാതെകണ്ട് വർദ്ധിക്കുന്നതായും എനിക്കനുഭവപ്പെട്ടിട്ടുണ്ട്. മദ്യം വ്യക്തിപരമായി എനിക്ക് നല്ലതേ നൽകിയിട്ടുള്ളു. ആരൊക്കെ എതിർത്താലും മദ്യത്തെക്കുറിച്ചെനിക്ക് നല്ലതുമാത്രമേ ഓർക്കാനുമുള്ളു.
ഭാര്യ, മാസംതോറും അവൾക്ക് ശമ്പളം കിട്ടുമ്പോൾ ഒരു തുക എനിക്ക് ‘നിപ്പനടി’യ്ക്കാനായി തരുന്നുവെന്നത് ഞാനൊരു നിരുപദ്രവകാരിയായ കുടിയനാണെന്നതിനു തെളിവല്ലേ? :)

കുടിക്കുവാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളുണ്ട് എന്നതുപോലെതന്നെ ഒരുവന് കുടി നിർത്താനും തന്റേതായ കാരണങ്ങളുണ്ടാവും. ഞാൻ കുറേക്കാലത്തേയ്ക്ക് കുടി നിർത്താൻ പോവുന്നതിനും ഒരു കാരണമുണ്ട്. അത് അനാരോഗ്യം മൂലമോ, കുടുംബത്തിൽ നിന്നുള്ള സമ്മർദ്ധങ്ങളോ, കീശ അനുവദിക്കാത്തതുകൊണ്ടോ അല്ല. ലഹരീശ്വരന്റെ ഭക്തനായിരിക്കാനുള്ള യോഗ്യത ഞാൻ നഷ്ടപ്പെടുത്തി എന്നതിനാൽ മാത്രമാണത്. ചെയ്യാത്ത തെറ്റിന് ഞാൻ കാരണം ലഹരീശ്വരൻ പഴികേട്ടതിലുള്ള പ്രതിഷേധം അല്ലെങ്കിൽ എന്റെ അശ്രദ്ധകൊണ്ടുണ്ടായ ഒരപകടത്തിന്റെ ദോഷം അനുഭവിക്കേണ്ടി വന്നത് ലഹരീശ്വരനാണെന്നതിലെ വിഷമം. ഇതൊക്കെയാണ് എന്നെ കുടി നിർത്താൻ പ്രേരിപ്പിച്ച ഘടകം.കഴിഞ്ഞ ഞായറാഴ്ച എനിക്ക് പാലായിലുള്ള എന്റെ വീടുവരെ പോവേണ്ടി വന്നു. എന്റെ മകൻ ‘ദൈവിക് ദക്ഷിനെ’ കാണാൻ നാട്ടിൽനിന്നും വന്ന അച്ഛനെയും അനുജനെയും വീട്ടിലെത്തിച്ചു മടങ്ങുക എന്നതായിരുന്നു ഉദ്ദേശം. തിരികെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് ബോറഡിക്കേണ്ടതില്ലല്ലോ എന്നു കരുതി എന്റെ സ്നേഹിതൻ മോനിയെയും കൂടെ കൂട്ടി. കുറേയായി അവനെന്റെ നാടുകാണണമെന്ന ആഗ്രഹവും പറയുന്നു. രാവിലെ 11 മണിയോടെ പാലായിലെത്തി. ഊണുകഴിഞ്ഞ് സ്വല്പം വിശ്രമിച്ചതിനുശേഷം ഞാൻ മോനിയെയും കൂട്ടി നാട്ടുവഴികളിലൂടെ നടന്നു. പാടവും തോടും കാവും കുളവും കലുങ്കും പോരാഞ്ഞ് ഞാൻ പ്രേമലേഖനം കൊടുത്തതിന്റെ പേരിൽ പഴയ കാമുകിയുടെ ആങ്ങളമാർ എന്നെ ഓടിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ഉടുമുണ്ടുമുരിഞ്ഞ് കൈയ്യിൽ പിടിച്ച് ശരവേഗത്തിൽ ഓടി രക്ഷപെട്ട ഇടവഴിയും വരെ അവന് കാണിച്ചുകൊടുത്തു.

വൈകിട്ട് ഏഴര മണിയോടെ ഞങ്ങൾ തിരിച്ചു.

രസകരമായ ഞങ്ങളുടെ യാത്ര അവസാനിച്ചത് രാത്രി 11.45 ഓടെ കന്യാകുളങ്ങര എന്ന സ്ഥലത്തുവച്ച് എന്റെ കാർ ഒരു കരിങ്കൽ മതിലിൽ ഇടിച്ച് തകരുമ്പോഴാണ്. സീറ്റ് ബെൽറ്റിന് നന്ദി. ഞങ്ങൾക്ക് കുഴപ്പങ്ങളൊന്നുമില്ല. മുൻ‌വശം പാടേ തകർന്ന എന്റെ സുന്ദരിക്കുട്ടിയുടെ മുഖമാണ് എന്നെ വേദനിപ്പിച്ചത്. പിന്നെ, കാത്തുസൂക്ഷിച്ച ചാരിത്ര്യം തകരുമ്പോൾ ‘പഴയകാല‘ പെൺകുട്ടിയുടെ ഉള്ളിൽ തോന്നുന്ന ഒരുതരം വിവരിക്കാനാവാത്ത വികാരവും തോന്നി. ഏഴുവർഷക്കാലമായി ഒരപകടവും വരുത്താത്ത ഡ്രൈവർ എന്ന എന്റെ സൽ‌പ്പേര് അല്ലെങ്കിൽ ചാരിത്ര്യം ആ കരിങ്കൽ മതിൽ കവർന്നിരിക്കുന്നു.

ലഹരീശ്വരന്റെ കോപമാവാം ഈ ആക്സിഡന്റിനു പിന്നിലെന്നും ഒരുനിമിഷം ചിന്തിച്ചുപോയി. അടിച്ച് കോങ്കിയായും വാഹനമോടിച്ചിട്ടുണ്ടെന്നു പറയുന്നത് അഭിമാനത്തോടെയോ അഹങ്കാരത്തോടെയോ അല്ല. മദ്യപിച്ച് വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുവാകാറുണ്ട് ഞാൻ. സ്പീഡ് 60 -നു മേളിൽ പോയ സംഭവമേ ഉണ്ടായിട്ടില്ല. ജീവിക്കാനുള്ള കൊതികൊണ്ടു മാത്രമല്ല ഈ ശ്രദ്ധ. എന്റെ ലഹരീശ്വരന് പേരുദോഷമുണ്ടാക്കാരുതെന്ന ചിന്ത കൂടി അതിനുപിന്നിലുണ്ട്. എന്നാൽ അന്ന് ഒരു തുള്ളി കഴിക്കാതെ ഇത്തരമൊരു അപകടമുണ്ടാകുമ്പോൾ ....

ലഹരിയുടെ ബ്രാൻഡ് അംബാസിഡറായി സ്വയം വിശ്വസിക്കുന്ന ഞാൻ തുള്ളി കഴിക്കാതെയാണ് കാറോ‍ടിക്കുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിച്ചേക്കില്ല. എന്നാൽ അതാണ് സത്യം. ക്രെഡിറ്റ്സ് ഗോസ് ടു മോനി. അതെ മദ്യവിരോധിയായ ആ ദുഷ്ടനുതന്നെ. എങ്കിലും ആളൊരു സഹൃദയനും സ്നേഹസമ്പന്നനും പരോപകാരിയുമൊക്കെയാണ്. എന്നാൽ കട്ടയ്ക്കു കട്ട നിൽക്കുന്ന നല്ലൊന്നാന്തരം കുടിയൻ കൂട്ടുകാർ എനിക്കുണ്ടെങ്കിലും ഞായറാഴ്ച നാട്ടിലേയ്ക്ക് പോയപ്പോൾ മോനിയെക്കൂടി കൂട്ടിയതിനു പിന്നിൽ അവന്റെയീ സ്വർഗ്ഗത്തിലേയ്ക്ക് ഉടലോടേ പോവാൻ മാത്രമുള്ള യോഗ്യതകൾ കണ്ടല്ല. മറിച്ച് അവൻ നല്ലൊരു ‘കേൾവിക്കാരൻ’ കൂടിയാണെന്നതുകൊണ്ടാണ്. വായാടിയായ എനിക്കുകിട്ടിയ ശക്തനായ ഇര. കുടിയന്മാർക്കൊരിക്കലും കേൾവിക്കാരാവാൻ കഴിയില്ലല്ലോ?

“കുറഞ്ഞത് 3 കുപ്പി ഇളവനോ 4 പെഗ്ഗോ കഴിച്ചിരുന്നുവെങ്കിൽ ഞാൻ ഉണർന്നേനേ, സത്യമായും ഞാനുണർന്നേനേ മോനി “ എന്ന് എം ജി സോമൻ സ്റ്റൈലിൽ ഒരു കുറ്റപ്പെടുത്തൽ ഞാൻ മോനിക്ക് നൽകി. അവനാണല്ലോ മദ്യപിച്ച് വണ്ടിയോടിച്ചാൽ അപകടമുണ്ടാവുമെന്ന് പറഞ്ഞുപറ്റിച്ച നീചൻ.


ഏതായാലും മനസ്സില്ലാമനസ്സോടെ എന്റെ സുന്ദരിക്കുട്ടിയെ വഴിയിലുപേക്ഷിച്ച് ,ഓടിക്കൂടി ആശ്വസിപ്പിച്ച നാട്ടുകാരോട് നന്ദി പറഞ്ഞ് , ‘പച്ച ജീവനോടെ ‘ വീട്ടിലെത്തിയ ഞാൻ കേട്ടത് അമ്മയും വാമഭാഗവും മദ്യത്തെ കുറ്റപ്പെടുത്തുന്നതാണ്. മദ്യപിച്ചതുകൊണ്ടാവും വണ്ടി ഇടിച്ചതെത്രെ!!!! എന്റെ ഇടനെഞ്ച് തകർന്നുപോയി. ‘‘മണത്തുനോക്കമ്മേ, മണത്തുനോക്കടി ഭാര്യേ“ എന്നുപറഞ്ഞ് ഇരുവരുടെയും മുന്നിൽ ‘മണ്ണുതിന്ന കണ്ണൻ വായ പിളർന്നു നിൽക്കുമ്പോലെ‘ ഞാനും നിന്നു. അപ്പോൾ ഞാൻ കേൾക്കുന്നത് അമ്മ ഭാര്യയോട് പറയുന്നതാണ് - “ എടീ, കുടിച്ചാ മണിമറിയാതിരിക്കാനുള്ള വല്ല മരുന്നും ഇവൻ കഴിച്ചിരിക്കും. നീ അവന്റെ വായിൽ നോക്കി നിൽക്കാതെ പോയിക്കിടന്നുറങ്ങിക്കോ “

അതുകേട്ട് എന്റെ വായ കൂടുതൽ പിളരുകയും കണ്ണുകൾ മിഴിയുകയുമാണ് ചെയ്തത്. ഒറ്റയെണ്ണത്തിന് വിശ്വാസമില്ല. കുടിച്ചാൽ മണമില്ലാതിരിക്കുന്ന മരുന്നുണ്ടെത്രെ!!! ഇനി... അങ്ങനെയൊന്നുണ്ടാവുമോ?

പിറ്റേന്ന്, കൂട്ടുകാരും ചോദിച്ചു. “ മച്ചൂ, നീ ശരിക്കും കിന്റായിരുന്നല്ലേ”ന്ന് !!! അപ്പോൾ തകർന്നതെന്റെ വലനെഞ്ചാണ്. മദ്യപിച്ചിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നെടാ പുല്ലുകളേ എന്ന് പറയാനാണ് തോന്നിയത്.

ഒരുവൻ പോലും ഞാൻ മദ്യപിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നില്ല. അത്രയ്ക്ക് സല്പേർ എനിക്കുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഹരിയെ ‘ല’ഹരിയായി എന്റെ ഓർക്കൂട്ടുകാർ മാത്രമായിരുന്നല്ലോ കണ്ടിരുന്നത്.

ഏതായാലും ഈ അപകടം ലഹരീശ്വരനാണ് ദുഷ്പേരുണ്ടാക്കിയതെന്നാണ് എന്റെ വിശ്വാസം. എനിക്കതിൽ ഖേദമുണ്ട്. ലഹരീശ്വരന്റെ ഭക്തനാവാനുള്ള യോഗ്യത എനിക്കുണ്ടാവും വരെ ഞാനിനി കുടിക്കില്ല. മദ്യമാവുന്ന ജാതിമതങ്ങളിലൂടെയല്ലാതെ ലഹരിയെന്ന ഈശ്വരനെ പ്രാപിക്കാൻ എനിക്കാവുമെന്ന് ഞാൻ തെളിയിച്ചു കാണിക്കും. ശിഷ്ട ജീവിതം, ലഹരീശ്വരാ നിന്നെ മനസ്സാ പൂജിച്ച് ഞാൻ തള്ളി നീക്കും. “വല്ലപ്പോഴുമൊക്കെ ഇത്തിരി കുടിക്കു ചേട്ടാ“ എന്ന് ഭാര്യയെക്കൊണ്ട് പറയിപ്പിക്കും. അടുത്ത ശമ്പളദിവസം അവൾ ‘നിപ്പൻ’ കാശ് എനിക്ക് തരുമ്പോൾ ഇത് നിന്റെ അപ്പന് കൊണ്ടെക്കൊടീ എന്നു മുഖത്തു നോക്കി പറയും. അവളുടെ ചൂളുന്ന മുഖം കണ്ട് ഞാൻ ലഹരിയിലാറാടും.

(എന്റെ ഭാര്യേ, നമ്മുടെ മകൻ വളർന്നുവരുമ്പോൾ ഒരിക്കൽ നിന്നോടവൻ ചോദിക്കും, ‘നല്ലൊരു കുടിയനായിരുന്ന എന്റെ അച്ഛനെ നിങ്ങളെല്ലാം കൂടി കുടിക്കാതാക്കിയില്ലേന്ന് ’ അവന്റെ കുറ്റപ്പെടുത്തൽ കേട്ട് കരയുന്ന നിന്നെ ഞാനാശ്വസിപ്പിക്കുമെന്ന ധാരണ നീ വച്ചുപുലർത്തണ്ട. നീ നിന്റെ ‘അമ്മായിഅമ്മയുടെ‘ വാക്കുകേട്ട് ഒന്നു മണത്തുപോലും നോക്കാതെ പിൻ‌തിരിഞ്ഞവളല്ലേ? നീയും എന്റെ ലഹരീശ്വരനെ പഴിച്ചില്ലേ? മാപ്പില്ല പെണ്ണേ. തുള്ളികുടിക്കാതെ ഞാൻ പക പോക്കും നിന്നോട്.

പിന്നെ, ഞാൻ പറഞ്ഞെന്നുകരുതി നീ നിപ്പനടിക്കാനുള്ള കാശ് നിന്റെ അപ്പന് കൊടുത്തേക്കല്ല്. )


:)

എന്റെ ഓർക്കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്: ഓർക്കൂ‍ട്ടിൽ ഇനി ‘ല’ഹരിയില്ല. വെറും ഹരി മാത്രം

എന്ന്,
ല പോയ ഹരി

പടവരച്ചുതന്നത് ശ്രീ. സുനിൽ പണിക്കർ (പണിക്കരേട്ടൻ )