Follow by Email

Saturday, August 29, 2009

ഓണം; ചില അസ്വാഭാവിക ചിന്തകള്‍

സ്നേഹിതരേ,

ഇത് ‘ആല്‍ത്തറ‘യ്ക്കുവേണ്ടി എഴുതിയ പോസ്റ്റാണ്. ഇവിടെയും അതിന്റെ ഒരു പകര്‍പ്പ് കിടന്നുകൊള്ളട്ടെ.

ഓണത്തെക്കുറിച്ചുള്ള എതിര്‍ പ്രസ്താവനയല്ല ഈ പോസ്റ്റ്. എങ്കിലും ഞാന്‍ ഭയക്കുന്നു. ഓണം എന്റെ മനസ്സില്‍ നിന്നും മാഞ്ഞുപോവുന്നോ എന്ന്. ഈ ഓണക്കാലത്ത് പ്രത്യേകിച്ചൊരു സന്തോഷവും എന്റെ മനസ്സില്‍ തോന്നുന്നില്ല. ഓണമായെന്നുപോലും തോന്നുന്നില്ല. നിങ്ങള്‍ക്കോ? എന്റെ വിവരക്കേടില്‍ നിന്നുണ്ടാവുന്ന തോന്നലാവും ഇത്. അല്ലെങ്കില്‍ പഴയ ഓണക്കാലം എനിക്കിനി തിരികെ ലഭിക്കില്ലാ എന്ന തിരിച്ചറിവിന്റെ അസ്വസ്ഥതയുമാവാം. അതാവും ഇങ്ങനൊരു പോസ്റ്റ് ഞാന്‍ എഴുതാന്‍ കാരണം. എതിരഭിപ്രായമുള്ളവര്‍ പൊറുക്കുക.

------------------------------------

“ഇത്തവണത്തെ ഓണം ആല്‍ത്തറയില്‍”

അതെ. ഇത്തവണ ഈ ആല്‍ത്തറയിലിരുന്ന് ഓണമാഘോഷിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതൊരു ഭാഗ്യമായും ഞാന്‍ കരുതുന്നു. സൌഹൃദത്തിന്റെ തണലില്‍ സ്നേഹത്തിന്റെ ശുദ്ധവായു ശ്വസിച്ച് ഇവിടെയിരിക്കുമ്പോള്‍ ഓരോരുത്തരുടെയും മനസ്സില്‍ നന്മയുടെ പൂക്കള്‍ ധാരാളമായി വിരിയുന്നത് ഞാന്‍ കാണുന്നു. ആ പൂക്കള്‍കൊണ്ട് ഈ ആല്‍ത്തറയില്‍ നമുക്കൊരു കളമൊരുക്കാം. അവയില്‍ നിന്ന് സ്നേഹത്തിന്റെ സൌരഭ്യമുയരട്ടെ. ചങ്ങാത്തത്തിന്റെ നനുത്ത മഞ്ഞുകണങ്ങള്‍ വീഴ്ത്തി നമുക്കാപൂക്കളത്തിന് അമരത്വം നല്‍കാം.

* * *

ഓണം നമ്മുടെയൊക്കെ ഓര്‍മ്മകളില്‍ മാത്രമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് തോന്നുന്നില്ലേ?. എതിര്‍പ്പുള്ളവരുണ്ടാവാം, എങ്കിലും എനിക്കു തോന്നുന്നു ഇപ്പോള്‍ ഓണത്തെ ഏറ്റവും നന്നായി അറിയുന്നതും അനുഭവിക്കുന്നതും പ്രവാസി മലയാളികളാണെന്നാണ്. എന്റെ സ്കൂള്‍ കാലങ്ങളില്‍ ഞാന്‍ ഹിന്ദിക്ലാസ്സില്‍ ‘ ഓണം കേരളീയോ കാ എക് ദേശീയ് ത്യോഹാര്‍ ഹേ..’ എന്ന് തുടങ്ങുന്ന ഓണത്തെക്കുറിച്ചുള്ള ഉപന്യാസം പഠിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിയുമ്പോള്‍ പുതുതലമുറ ‘ഓണം, പ്രവാസി മലയാളിയോം കാ എക് ദേശീയ് ത്യോഹാര്‍ ഹേ ‘ എന്ന രീതിയില്‍ ഉപന്യാസം പഠിക്കേണ്ടി വരുമെന്ന് തോന്നുന്നു. സിലബസ് അനുവദിച്ചാല്‍.

ഞാനിത് പറയാന്‍ കാരണമുണ്ട്. കേരളത്തിന്റെ തലസ്ഥാന നഗരിയിലിരുന്ന് ഇതെഴുതുമ്പോള്‍ തിരുവോണത്തിന് ഇനി വെറും മൂന്ന് നാളുകള്‍ മാത്രം. ഇവിടെ ഓണമെത്തിയിട്ടില്ല. പ്രകൃതി പോലും ഓണത്തെ സ്വീകരിച്ചുതുടങ്ങിയിട്ടില്ല. നേര്‍ത്ത വെയിലും ശക്തമായ കാറ്റും തുമ്പികളും ശലഭങ്ങളും പൂക്കളുമൊക്കെ ഓണത്തിനു മുന്നോടിയായി വരുമായിരുന്നു. ഇന്നതില്ല.

ആകെ ഓണത്തിന്റെ സാന്നിദ്ധ്യം അറിയുന്നത് അച്ചടി,ദൃശ്യ,ശ്രവ്യ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളിലൂടെ മാത്രം. ഞാനടക്കം പരസ്യരംഗത്ത് ജോലി ചെയ്യുന്നവരാണ് ഉപജീവനത്തിനായി ഇപ്പോള്‍ ഓണത്തെ കൃത്രിമമായി സൃഷ്ടിക്കുന്നത്. പ്രകൃതിപോലും കൈയ്യൊഴിഞ്ഞ ഓണം. പരസ്യക്കാര്‍ കൃത്രിമശ്വാസോച്ഛ്വാസം നല്‍കി ‘ഉപഭോക്താക്കളെ’ വഞ്ചിക്കാനായി പുനര്‍‌സൃഷ്ടിക്കുന്ന ഓണം.

പരസ്യക്കാരനെന്ന നിലയില്‍ എനിക്കു തോന്നുന്നു ‘കാണം വിറ്റും ഓണം ഉണ്ണണമെന്ന് ’ പ്രസ്താവിച്ച ആ മഹത് വ്യക്തിയാവാം ഏറ്റവും വലിയ കോപ്പി റൈറ്റര്‍ എന്ന്. മലയാളക്കരയിലെ ദരിദ്രനാരായണന്മാര്‍ അതനുസരിച്ച് ഉള്ളതു വിറ്റും ഓണമാഘോഷിച്ചു. ആര്‍ക്ക് നഷ്ടം? ഇനി ആരും അങ്ങിനെ ചെയ്യാന്‍ മുതിരരുതെന്നാണ് എന്റെ അഭിപ്രായം. ഇപ്പോഴത്തെ ഓണം ഉള്ളവന്റേതാണ്. ഉള്ളവര്‍ ഇല്ല്ലാത്തവന്റെ കൈയ്യിലുള്ളത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ആഘോഷമാണ് ഓണം.

തിരുവനന്തപുരത്ത് കിഴക്കേക്കോട്ട മുതല്‍ മ്യൂസിയം ജംഗ്ഷന്‍ വരെ നിങ്ങളൊന്ന് നടന്നാല്‍ കാണാം - ‘ഓണ സദ്യ വെറും 151 രൂപയ്ക്ക്. ടാക്സ് എക്സ്ട്രാ ‘ എന്ന പരസ്യം . ടാക്സ് കൊടുത്ത് ഓണസദ്യ കഴിക്കാനൊരു അവസരം മുന്തിയ ഹോട്ടലുകള്‍ നമുക്ക് തരുന്നു. ഡിസ്കൌണ്ട്, ഓഫര്‍ എന്നീ വാക്കുകള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നതും ഈ കാലത്തുതന്നെ. എല്‍.സി.ഡി ടിവി-യടക്കം കെയര്‍ഫ്രീ ഐറ്റങ്ങള്‍ക്ക് വരെ ഡിസ്കൌണ്ട്. ഓണമെന്നാല്‍ ഷോപ്പിങ്ങ്. പൂക്കളമെന്നാല്‍ വിമന്‍സ് ക്ലബ്ബിന്റെ കീഴില്‍ നടത്തുന്ന മത്സരം. പൂക്കള്‍ തമിഴന്മാര്‍ നമുക്കു നല്‍കും. അതിന് എക്സ്ട്രാ ടാക്സ് ഈടാക്കുന്നോയെന്ന് അറിയില്ല. മഹാ‍ബലി അന്താരാഷ്ട്ര കമ്പനികളുടെ അടക്കമുള്ള ‘ബ്രാന്‍ഡ് അമ്പാസിഡര്‍ ‘ മാത്രം. മലയാളികള്‍ക്ക് ഇനി മഹാബലിയില്‍ അവകാശമില്ല.

ഒക്കെ പോട്ടെ, എന്തായിരിക്കും ഈ ഓണത്തിന്റെ ഏറ്റവും വലിയ നഷ്ടം എന്ന് ചിന്തിച്ചിച്ചിട്ടുണ്ടോ?. എന്റെ തോന്നല്‍ മാധവിക്കുട്ടിയുടെ അഭാവമാവും ഈ ഓണം നേരിടുന്ന ഏറ്റവും വലിയ നഷ്ടമെന്ന്. ഞാന്‍ ജനിച്ച് ഇന്നേവരെ ഈ ലോകത്തില്‍ മാധവിക്കുട്ടിയില്ലാത്ത ഒരോണവും ഉണ്ടായിരുന്നില്ല. അവരുടെ കഥകളോ ഓര്‍മ്മക്കുറിപ്പുകളോ ഇല്ലാത്ത ഒരോണപ്പതിപ്പും ഉണ്ടായിരുന്നുമില്ല. സ്വര്‍ണ്ണവര്‍ണ്ണം വിതറുന്ന വെയിലും കാറ്റും പൂക്കളും ശലഭങ്ങളും തുമ്പികളുമൊന്നും ഇല്ലാതിരിക്കുന്നതിന്റെ കാരണവും ആ മഹതിയുടെ അഭാവംകൊണ്ടാവാ‍മെന്ന് വെറുതെ നമുക്ക് ചിന്തിക്കാം. എത്രയോ പ്രതിഭാധനന്മാരായ ആള്‍ക്കാരാണ് ഈ ഓണം കൂടാന്‍ നില്‍ക്കാതെ കടന്നുകളഞ്ഞത്. അവരുടെയൊക്കെ ഓര്‍മ്മകളില്‍ മനോഹരമായ ഓണക്കാലങ്ങളുണ്ടായിരുന്നു. അവരോടുകൂടി നഷ്ടപ്പെടുന്നത് ഓണത്തിന്റെ ഓജസ്സാണ്. അവശേഷിക്കുന്നത് കച്ചവട താല്പര്യങ്ങള്‍ നിറഞ്ഞ, കുത്തകകമ്പനികളുടെ കീശ വീര്‍പ്പിക്കാന്‍ പരസ്യക്കാര്‍ പടിച്ചുവിടുന്ന നിര്‍ജ്ജീവമായ ഓണം മാത്രം. വരും വര്‍ഷങ്ങളില്‍ നമുക്കത് തീര്‍ത്തും ബോധ്യമാവും. അതുതന്നെയാണ് ഓണത്തിന്റെ കഷ്ടവും.

എനിക്ക് സംശയം. മഹാബലി ഇനി വരിക കേരളത്തിലേയ്ക്കാവില്ലേ?. പ്രവാസിമലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്താവും ഇനി അദ്ദേഹത്തിന്റെ സന്ദര്‍ശനമെന്ന് ഞാന്‍ വിചാരിക്കുന്നു. സ്വര്‍ണ്ണവെയിലും കുളിര്‍കാറ്റും തുമ്പിയും ശലഭങ്ങളുമൊക്കെ ഓരോ പ്രവാസിമലയാളികളെയും തേടിപോയിട്ടുണ്ടാവും. ഓണം ഇനി പ്രവാസ മനസ്സുകളില്‍ മാത്രമാവും. കേരളീയര്‍ ‘കാരി സതീഷിന്റെയും ഗുണ്ടുകാട് സാബുവിന്റെയും ഓം പ്രകാശിന്റെയും കേരളത്തിന്റെ സ്വന്തം ‘ഗുണ്ടി’യായ ശോഭാ ജോണിന്റെയുമൊക്കെ‘ വികൃതികള്‍ വായിച്ചു രസിച്ചു കഴിയട്ടെ. മഹാബലിയ്ക്ക് ‘പാതാളം മാവേലി’യെന്ന വിളിപ്പേര്‍ വീഴും മുന്‍പേ അദ്ദേഹം ഈ നാടും വിടട്ടെ.

എല്ലാവര്‍ക്കും നന്മവരണമേയെന്ന ആഗ്രഹത്തോടെ ആര്‍ക്കും ഓണാശംസകള്‍ നേരാതെ ഞാന്‍ മടങ്ങുന്നു. നാളെ ഒരു ചുരിദാര്‍ കമ്പനിയ്ക്കുള്ള ഓണപ്പരസ്യം തീര്‍ക്കേണ്ടതുണ്ട്. ഡിസ്കൌണ്ടുകളുടെ പൊടിപൂരത്തോടെ....


മനസ്സിലൊരു ഓര്‍മ്മത്തുമ്പി :

കുഞ്ഞുന്നാളില്‍ കൂട്ടുകാരുമൊത്ത് പൂപറിക്കാന്‍ പോവുന്ന സുന്ദരകാലം എന്റെ ഓര്‍മ്മയിലുണ്ട്. അതൊരു വാശിയേറിയ മത്സരം കൂടിയാണ്. കൂടുതല്‍ പൂ പറിക്കുന്നവര്‍ വിജയി. പെണ്‍കുട്ടികള്‍ക്ക് എത്തിവലിഞ്ഞാല്‍ കിട്ടാത്ത ഉയരങ്ങളില്‍ നില്‍ക്കുന്ന പൂക്കള്‍, നിക്കറിട്ട ഞങ്ങള്‍ ‘ പുരുഷന്മാര്‍’ പറിച്ചുകൊടുക്കും. ആരാധനയുടെ പുഷ്പങ്ങള്‍ അവരുടെ കണ്ണുകളില്‍ വിരിയുന്നത് കൌതുകത്തോടെ ഞങ്ങള്‍ അനുഭവിക്കും. പൂപറിക്കുന്നതിനിടെ രേവതിക്കുട്ടിയെന്ന സുന്ദരിക്കുട്ടിയുടെ വിരലില്‍ ഒരു മുള്ളുകൊണ്ടു. അവളുടെ നീണ്ടു മെലിഞ്ഞ ചന്ദനനിറമുള്ള വിരലിന്റെ അറ്റത്ത് കടുകുമണിയോളം വലിപ്പത്തില്‍ രക്തത്തിന്റെ ഒരു കുമിള. ഞാനാ‍ കുമിള എന്റെ ചുണ്ടുകള്‍കൊണ്ട് പൊട്ടിച്ചെടുത്തു. അവളുടെ കണ്ണുനീരൊപ്പി. ധാരാളം പൂക്കള്‍ പറിച്ച് അവളുടെ കൂട നിറച്ചു. അന്ന് ഏറ്റവും പൂക്കള്‍ കിട്ടിയത് രേവതിക്കുട്ടിയ്ക്കാണ്. സ്വാഭാവികമായും ഏറ്റവും കുറവ് എനിക്കും. പക്ഷേ, പിരിയുമ്പോള്‍ അവള്‍ എന്റെ കവിളില്‍ സ്നേഹത്തോടെ ഒരുമ്മ തന്നു. ഇന്നും അതെന്റെ കവിളില്‍ പൂത്തുനില്‍ക്കുന്നു.

രേവതീ, നീ ഇത് വായിക്കുന്നുണ്ടാവുമോ‍? നീ നല്‍കിയ ആ ഉമ്മ ഇന്നും ഞാന്‍ എന്റെ കവിളില്‍ സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടെന്ന് നീ അറിയുക. പ്രണയത്തിന്റെയും കാമത്തിന്റെയും കറപുരളാത്തൊരു ഉമ്മ. എന്റെ മകന് അങ്ങനെയൊരു ഓണക്കാലം കിട്ടില്ലല്ലോ എന്നത് എന്നെ വേദനിപ്പിക്കുന്നുണ്ട്.

നിന്റെ മകള്‍ക്ക് സുഖമല്ലേ? നീ അവള്‍ക്ക് പറഞ്ഞുകൊടുക്കുക നമ്മുടെ ഓണക്കാലത്തേക്കുറിച്ച്.!!

36 comments:

പോങ്ങുമ്മൂടന്‍ said...

സ്നേഹിതരേ,

ഇത് ‘ആല്‍ത്തറ‘യ്ക്കുവേണ്ടി എഴുതിയ പോസ്റ്റാണ്. ഇവിടെയും അതിന്റെ ഒരു പകര്‍പ്പ് കിടന്നുകൊള്ളട്ടെ.

ഓണത്തെക്കുറിച്ചുള്ള എതിര്‍ പ്രസ്താവനയല്ല ഈ പോസ്റ്റ്. എങ്കിലും ഞാന്‍ ഭയക്കുന്നു. ഓണം എന്റെ മനസ്സില്‍ നിന്നും മാഞ്ഞുപോവുന്നോ എന്ന്. ഈ ഓണക്കാലത്ത് പ്രത്യേകിച്ചൊരു സന്തോഷവും എന്റെ മനസ്സില്‍ തോന്നുന്നില്ല. ഓണമായെന്നുപോലും തോന്നുന്നില്ല. നിങ്ങള്‍ക്കോ? എന്റെ വിവരക്കേടില്‍ നിന്നുണ്ടാവുന്ന തോന്നലാവും ഇത്. അല്ലെങ്കില്‍ പഴയ ഓണക്കാലം എനിക്കിനി തിരികെ ലഭിക്കില്ലാ എന്ന തിരിച്ചറിവിന്റെ അസ്വസ്ഥതയുമാവാം. അതാവും ഇങ്ങനൊരു പോസ്റ്റ് ഞാന്‍ എഴുതാന്‍ കാരണം. എതിരഭിപ്രായമുള്ളവര്‍ പൊറുക്കുക.

അരുണ്‍ കായംകുളം said...

ആല്‍ത്തറയില്‍ കണ്ടിരുന്നു
:)
ഓണാശംസകള്‍

junaith said...

പ്രിയനേ,
നീ പറഞ്ഞ പോലെ ഓണം എല്ലാം എവിടെയോ മറഞ്ഞു,ചിലപ്പോള്‍ പാതാളത്തില്‍ കാണുമായിരിക്കും.പോക്കറ്റിന്റെ കനം കൂടുന്നതുപോലെ പാക്കറ്റിന്റെ എണ്ണം കൂട്ടി ഓണം ആഘോഷിക്കാം,പേപ്പര്‍ വാഴയിലയില്‍ സദ്യ ഉണ്ണാം..പഴയ രേവതി കുട്ടികള്‍ തന്ന ഉമ്മയും,കൊടുത്ത പൂക്കളും ഗ്രിഹാതുരത്വത്തോടെ ഓര്‍ത്തു നിര്‍വൃതിയടഞ്ഞു രണ്ടെണ്ണം വിടാം(എന്താണെങ്കിലും).പിന്നെ സമയമുണ്ടെങ്കില്‍,പിള്ളാര്‍ക്ക് താല്പര്യമുണ്ടെങ്കില്‍ മാവേലിയെ കുറിച്ചും പഴയ ഓണത്തിനെ കുറിച്ചും പറഞ്ഞു കൊടുക്കാം..
ഓണാശംസകള്‍..അല്ലെങ്കില്‍ ഹാപ്പി ഓണം.

രഘുനാഥന്‍ said...

:)

ഓണാശംസകള്‍

നട്ടപിരാന്തന്‍ said...

Dear Hari,

Your inscription charisma in various subjects and your meaningful expressions from its grassroots’ level make "Pongumoodan" is the one and only best blog in Malayalam.
Happy Onam…….

Saju, Simy, Isabella & Gabriela

മുള്ളൂക്കാരന്‍ said...

പോങ്ങേട്ടാ... നഷ്ട്ടപ്പെട്ടു പോയ ഓണത്തിന്റെ വിശുദ്ധിയും ഓര്‍മ്മകളും ഓരോ മലയാളിയുടെയും മനസ്സിലുണ്ടാകും. നന്മനിറഞ്ഞ, മനസ്സില്‍ കറപുരളാത്ത ബാല്യകാലതിനൊപ്പം നഷ്ട്ടപ്പെട്ടത്‌...ഓണം മാത്രമല്ല , മറ്റുപലതുമാണ്. ഞാനടക്കമുള്ള മലയാളിയുടെ മനസ്സിന്റെ വിശുദ്ധി...സ്നേഹം...എല്ലാം ...എല്ലാം കച്ചവടവല്ക്കരിക്കപ്പെട്ടുകഴിഞ്ഞു...
എങ്കിലും...അവശേഷിക്കുന്ന നന്മയില്‍ പാതി ഞാന്‍ പകുത്തു നല്‍കുന്നു...പോങ്ങേട്ടന്...
സ്നേഹപൂര്‍വ്വം ഓണാശംസകള്‍...

രഞ്ജിത്‌ വിശ്വം I ranjith viswam said...

എന്തും പഴയതാണ് നല്ലതെന്ന തോന്നല്‍ മലയാളിക്കു മാത്രമേ ഉള്ളോ..പഴയത് നല്ലതു തന്നെ.. എന്നാല്‍ ആ ഒരൊറ്റക്കാരണം കൊണ്ട് പുതിയതിനെയെല്ലാം കൊള്ളില്ല എന്നു പറഞ്ഞു പുച്ഛിച്ചു തള്ളാന്‍ പറ്റുമോ. കാലം മാറുന്നതിനനുസരിച്ച് ആഘോഷങ്ങളുടേയെന്നല്ല സമൂഹത്തിന്റെ തന്നെ രൂപവും ഭാവവും മാറും. മാറേണ്ടി വരും. തമ്പ്രാ എന്നു വിളിച്ച് കാഴ്ച്ചക്കുലയുമായി അടിയാന്മാര്‍ ഓണത്തിനെത്തുന്ന കാലമുണ്ടായിരുന്നു നമുക്ക്. അതൊക്കെ മാറിയില്ലേ. പിന്നെ തമിഴ്നാട്ടില്‍ നിന്നും പൂക്കള്‍ വരുന്നത്.. ജനസാന്ദ്രത ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഇനി ഓണത്തിനു പൂക്ക്രുഷി ചെയ്യുവാന്‍ കൂടി സ്ഥലമെ‌വിടെ പോങ്ങുമ്മൂടാ..

ഓണസദ്യ ഹോട്ടലുകളില്‍ വില്ക്കട്ടെ.. മറ്റെല്ലാമുണ്ടായിട്ടും ഓണത്തിനു സ്വന്തം വീട്ടില്‍ പോയി ഓണമുണ്ണാന്‍ സാഹചര്യങ്ങള്‍ അനുവദിക്കാതെ കേരളത്തില്‍ തന്നെ പ്രവാസികളായി കഴിയുന്ന അനേകരില്ലേ. അവരും ഓണം അങ്ങിനെയെങ്കിലും ഒന്നാഘോഷിക്കട്ടേന്ന്.

ഉത്തരേന്ത്യയില്‍ ദീപാവലിക്കോ, യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്തുമസിനോ, മദ്ധ്യേഷ്യന്‍ രാജ്യങ്ങളില്‍ റംസാനോ ഒക്കെയുള്ള മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളുടെ മിനിയേച്ചര്‍ രൂപം മാത്രമല്ലേ ഓണക്കച്ചവടത്തിനുള്ളൂ. അതിത്ര വലിയ കാര്യമാക്കണോ. അതും ആ പേരില്‍ സാധനങ്ങള്‍ ഒരു രൂപയെങ്കിലും വിലകുറച്ചു കിട്ടിയാല്‍.

പ്രവാസികളുടെ ഓണം എന്നു ആവേശത്തോടെ പറയുന്നുണ്ടല്ലോ..രണ്ടു വര്ഷത്തെ പരിമിതമായ പ്രവാസ ജീവിതം വെച്ചു പറഞ്ഞാല്‍ കേരളത്തിലേക്കാളും ഉപരിപ്ലവമായ നാട്യം മാത്രമാണത്. മലയാളിയുടെ പ്രവാസം എന്നാല്‍ പ്രധാനമായും ഗള്ഫ് ആണല്ലോ. ജീവിക്കാനായി കഷ്ടപ്പെടുന്നബഹുഭൂരിപക്ഷം വരുന്ന പാവം പ്രവാസി മലയാളികളുടെ സ്വപ്നങ്ങളില്‍ പോലും പോങ്ങുമ്മൂടന്‍ ഈ പറഞ്ഞ പ്രവാസി ഓണം ഇല്ല. ഓണം എന്നല്ല ഒരാഘോഷവും അവരെ കടന്നു പോകാറില്ല. ചാനലുകളില്‍ കൂടി നാം കാണുന്ന പ്രവാസത്തിന്റെ ആഘോഷങ്ങളൊക്കെ ക്രീമിലെയറിന്റെ പ്രവാസ നാട്യങ്ങളാണെന്നതാണ് സത്യം.

അപ്പോള്‍ ശരി .. ഈ നൊസ്റ്റാള്‍ജിയയൊക്കെ വിട്ട് അടിച്ചു പൊളിക്ക് പോങ്ങുമ്മൂടാ.. ഓണാശംസകള്‍
ഈയുള്ളവനും ഒരു പാലാക്കാരനാണേ..

വശംവദൻ said...

ഓണാശംസകള്‍

maithreyi said...

Nostalgia.....

കുമാരന്‍ | kumaran said...

ഓണാശംസകള്‍!

ചെലക്കാണ്ട് പോടാ said...

നേര്‍ത്ത വെയിലും ശക്തമായ കാറ്റും തുമ്പികളും ശലഭങ്ങളും പൂക്കളുമൊക്കെ ഓണത്തിനു

സത്യം....

ഇന്ന് ഓണമായെന്നറിയാന്‍ റോഡിലെ തിരക്കറിഞ്ഞ് വേണം മനസ്സിലാക്കാന്‍...

അങ്ങനെയും പറയാന്‍ പറ്റില്ല PWDയുടെ റോഡ് പരിഷ്കാരത്തിന്‍റെ ഭാഗമായിട്ടുള്ള തിരക്കാണെന്ന് നാട്ടുകാര്‍ വിചാരിക്കുള്ളു.....

ഇത് വായിച്ചപ്പോള്‍ എന്‍റെ സുഹൃത്ത് രമേഷന്‍ എഴുതിയ ഒരു പോസ്റ്റ് ഓര്‍മ്മ വന്നു..

അതിവിടെ ഒന്ന് ലിങ്കിക്കോട്ടെ....(മുന്പ് വായിച്ചിട്ടുള്ളതായിരിക്കാം, അല്ലായിരിക്കാം)

http://remeshinteblog.blogspot.com/2008/04/blog-post_10.html

പോങ്ങൂസിനും കുടുംബത്തിനും ഇവിടെ വായിക്കാന്‍ വരുന്നവര്‍ക്കും ഓണാശംസകള്‍...

Deepu said...

'ഈ ഓണക്കാലത്ത് പ്രത്യേകിച്ചൊരു സന്തോഷവും എന്റെ മനസ്സില്‍ തോന്നുന്നില്ല. ഓണമായെന്നുപോലും തോന്നുന്നില്ല. നിങ്ങള്‍ക്കോ?'
സത്യം...
ആശംസകൾ

കൊട്ടോട്ടിക്കാരന്‍... said...

ആല്‍ത്തറയില്‍ പോകാന്‍ പറ്റിയില്ല...
അതിനും കൂടിച്ചേര്‍ത്ത്...

ഓണാശംസകള്‍....

ലതി said...

പോങ്ങുമ്മൂടാ, പറഞ്ഞതൊക്കെ ശരിയാ.
ആൽത്തറയിൽ പോയില്ല. ഇനി വേണം പോവാൻ.ഓണാശംസകൾ.

രഞ്ജിത് ആന്റണി said...

‘കാണം വിറ്റും ഓണം ഉണ്ണണമെന്ന് ’ പ്രസ്താവിച്ച ആ മഹത് വ്യക്തിയാവാം ഏറ്റവും വലിയ കോപ്പി റൈറ്റര്‍ എന്ന്

നല്ല ബ്രില്ലയന്റ് നിരീക്ഷണം

പ്രവാസി മലയാളികളുടെ ഇടയിലേ ോണമുള്ളൂ എന്നു പറഞ്ഞതു സത്യമാണ്. ഇവിടെ ഒരു മാസം മുന്നേ പാട്ടു പ്രാക്ടീസ്, ഡാന്സ് പ്രാക്ടീസ് എന്നൊക്കെ പറഞ്ഞു ോരോന്നു തുടങ്ങി വച്ചിട്ടുണ്ട്.

ശാരദനിലാവ്‌ said...

ഉള്ളവര്‍ ഇല്ല്ലാത്തവന്റെ കൈയ്യിലുള്ളത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ആഘോഷമാണ് ഓണം.

Really it is the trueth

ജിപ്പൂസ് said...

കോപ്പി റൈറ്ററെക്കുറിച്ചുള്ള നിരീക്ഷണം കലക്കി പോങ്ങ്സേ...

പൂക്കാന്‍ തുമ്പയും മുക്കുറ്റിയുമൊന്നും മുറ്റത്ത് ബാക്കിയില്ല.പൂവിറുക്കാനായി തൊടിയില്‍ ഓടി നടന്ന ആ കാലം മാത്രം ഓര്‍മ്മകളില്‍ അവശേഷിക്കുന്നു.ആ നല്ല കാലത്തെ ഓര്‍മ്മകളില്‍ പോങ്ങേട്ടനും പ്രിയ ബൂലോകര്‍ക്കും ജിപ്പൂസിന്‍റെ സ്നേഹത്തില്‍ പൊതിഞ്ഞ ഓണാശംസകള്‍ നേരുന്നു.

പയ്യന്‍സ് said...

എന്ത് പറയാനാ ഹരിയേട്ടാ.. നാടും നാട്ടുകാരും ഒക്കെ ഓരോ ദിവസവും പുതിയ മാറ്റങ്ങള്‍ക്കു വിധേയമാവുകയല്ലേ!

ഈ പയ്യന്‍സിന്റെ വക ഓണാശംസകള്‍ നേരുന്നു!

Anonymous said...

ഓണത്തെക്കുറിച്ചൊരു വ്യത്യത വീക്ഷണം ഇവിടെ

പാവപ്പെട്ടവന്‍ said...

ഓണം കേരളീയോ കാ എക് ദേശീയ് ത്യോഹാര്‍ ഹേ..’ ഹ ഹോ ഹൈം
പ്രവാസിമലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്നിടത്താവും ഇനി അദ്ദേഹത്തിന്റെ സന്ദര്‍ശനമെന്ന് ഞാന്‍ വിചാരിക്കുന്നു. സ്വര്‍ണ്ണവെയിലും കുളിര്‍കാറ്റും തുമ്പിയും ശലഭങ്ങളുമൊക്കെ ഓരോ പ്രവാസിമലയാളികളെയും തേടിപോയിട്ടുണ്ടാവും. ഓണം ഇനി പ്രവാസ മനസ്സുകളില്‍ മാത്രമാവും.
അത് ശരിയാണ് പ്രവാസികളിലാണ് ഇന്ന് ഓണം പൊങ്ങു നിനക്കൊരു ഓണ ചുംബനം
ഒപ്പം മധുരമായ ലഹരിയുള്ള ഒരു ഓണാശംസയും

EKALAVYAN | ഏകലവ്യന്‍ said...

Don't worry, be happy
ഓണാശംസകൾ

ഗന്ധർവൻ said...

ഓണം എന്നത് ചിലർക്ക് ഓർമ്മകളിലൂടെ സഞ്ചരിക്കാനുള്ള ഒരു വഴിയാണ്.ചിലർക്ക് അത് ആഘോഷമാമാങ്കവും.രണ്ടും അതിന്റേതായ രിതിയിൽ ശരിയാണ്.എന്തായാലും ഒന്നു ഉറപ്പിക്കാം.ഗൃഹാതുരമായ ഓണമൊന്നും ഇനി പ്രതീക്ഷിക്കണ്ട.കാലം മാറുകയല്ലേ.നിരാശപ്പെടാതെ അവനവൻ ആഗ്രഹിക്കുന്ന പോലെ ഓണം ആഘോഷിക്കുക.ചുറ്റും നടക്കുന്നതിനെ പറ്റി മറന്നുകള ഈ ഓണക്കാലത്തെങ്കിലും.

ചേട്ടനും കുടും‌ബത്തിനും എന്റെ ഓണാശംസകൾ.

...പകല്‍കിനാവന്‍...daYdreaMer... said...

പ്രിയ പോങ്ങാ.. ഓണാശംസകള്‍

Anonymous said...

മറുനാടന്‍ മലയാളീ ആയ ഞാന്‍ പലപ്പോഴും കേരളത്തിലെ ഓണത്തിനെ കുറിച്ച് സ്വപ്നം കണ്ടിട്ടുണ്ട്... ഈ പോസ്റ്റ്‌ വായ്ച്ചപ്പോള്‍ വല്ലാത്ത വേതന തോന്നി പൊയ്.....

കുറുപ്പിന്‍റെ കണക്കു പുസ്തകം said...

ഹരിയേട്ടാ നന്മയുടെ, സന്തോഷത്തിന്റെ, സമൃദ്ധിയുടെ ഓണം ആശംസിക്കുന്നു

നന്ദകുമാര്‍ said...

Nice pongu. a nostalgic one.


(wishing u a sHAPPY pONAM!!! ) :)

LOVE said...

Hariyetta,
Aru paranju pravasikalkku onam eenu .. nadum nattarum kudumbavum onnum ellatha onam oru onam akumo???? ottayakku enthu onam alle...... any way HAPPY OANM TO ALL...........

ഷാജി കൊക്കോടന്‍ said...

പൊങ്ങു ഞാന്‍ വായിച്ചു ഇഷ്ടപ്പെട്ടു ഞാന്‍ പോങ്ങുവിനെ കുറിച്ച് നമ്മുടെ പാവപ്പെട്ടവനില്‍ നിന്നാണ് അറിഞ്ഞത്
ഹൃദ്യമായ ഒരു ഓണാശംസകള്‍

മീര അനിരുദ്ധൻ said...

പോങ്ങുമ്മൂടന്റെ ഓണം ഓർമ്മകൾ രസകരമായി.നാളെ ഉത്രാടമാണ്.പക്ഷേ ഓണത്തിന്റേതായ ഉത്സാഹം എനിക്ക് ഇപ്പോളും തോന്നുന്നില്ല.മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമല്ലോ എന്ന ചിന്ത മാത്രം.

VEERU said...

കുഞ്ഞുണ്ണി മാഷ് പറഞ്ഞിരുന്നു...

“ പണ്ടോണം നല്ലോണം ..
ഇന്നോണം വല്ലോണം
ഇനിയങ്ങോട്ടെന്തോണം?”
ആ നല്ലോണത്തെ സ്മരിച്ചു കൊണ്ടു നമുക്കും ആഘോഷിക്കാന്നേയ്..

Typist | എഴുത്തുകാരി said...

പോങ്ങു പറഞ്ഞതൊക്കെ ശരിയാ. എന്നാലും നമുക്കാഘോഷിക്കാമെന്നേ.

ശ്രീ said...

അവസാനം എഴുതിയത് വായിയ്ക്കുമ്പോള്‍ തന്നെ മനസ്സു നിറയുന്നു മാഷേ. ശരിയാണ്. ഇന്നത്തെ തലമുറയ്ക്ക് അങ്ങനൊരു കാലം സ്വപ്നം കാണാന്‍ പോലും കഴിയുമെന്ന് തോന്നുന്നില്ല

ISOLATED said...

പണ്ട് സ്കൂള്‍ കാലത്തില്‍ യുക്തിവാദിയായ ഒരു സംസ്കൃതം സാറുണ്ടായിരുന്നു ഞങ്ങള്‍ക്ക് മൂപ്പരാണ് പറഞ്ഞത് ,

മിത്തുകളിലും ഐതിഹ്യങ്ങളിലും സാമാന്യബോധത്തെ കലര്‍ത്തി വിശ്വസിച്ചിരുന്നെങ്കില്‍ നമുക്ക് ഒരു ദേശീയോത്സവം നഷ്ടപ്പെടുമായിരുന്നു എന്ന് .മാവേലിയും വാമനനും കലര്‍ന്ന ആ മിത്തുകളില്‍ ദശാവതാരത്തില്‍ വാമനന്‍ കേരളം സൃഷ്ടിച്ച പരശുരാമനെക്കാള്‍ മുമ്പായിപ്പോയി , അങ്ങനെ കേരളം സൃഷ്ടിക്കുന്നതിന് മുമ്പ് മഹാബലി കേരളം ഭരിച്ചു , അത് ഓണത്തെക്കുറിച്ച് കേട്ട ഒരു വ്യത്യസ്ഥ ചിന്തയായിരുന്നു ,

ക്രൂരന്മാരായ അസുരന്മാരുടെ കഥകള്‍ കേട്ട് വെറുത്ത് പോകുന്ന ബാല്യത്തിലും പുതിയൊരു വ്യാഖ്യാനമായിട്ടായിരിക്കണം സന്തോഷവും സമാധാനവും കളിയാടുന്ന ഒരു അസുരരാജ്യവും അതില്‍ നീതിമാനായ മഹാബലിയെന്ന ചക്രവര്‍ത്തിയും കടന്ന് വന്നത് , ആ കഥകളിലൂടെ നമ്മള്‍ സ്വയം അസുരന്മാരായി പ്രതിഷ്ടിക്കപ്പെട്ടു , ഒരു പക്ഷെ ഉത്തരേന്ത്യന്‍ ആര്യസംസ്കൃതിയെ ദേവന്മാരും ദ്രാവിഡ ഗോത്രങ്ങളെ അസുരന്മാരുമായി ചിത്രീകരിക്കപ്പെ

ഓണത്തെക്കുറിച്ച് പഴമക്കാര്‍ പറഞ്ഞ ഓര്‍മ്മകളില്‍ സമൃദ്ധിയുടെയും സന്തൊഷത്തിന്റെയും നിറഞ്ഞ തുമ്പപ്പൂക്കളല്ല ഞാന്‍ കേട്ടത് , ദാരിദ്ര്യത്തിന്റെയും ക്ഷാമത്തിന്റെയും വറുതി നിറഞ്ഞൊരോണത്തെക്കുറിച്ചെന്റെ അച്ചമ്മ പറഞ്ഞപ്പോള്‍ ക്ഷാമ കാലത്ത് കൊള്ളിക്കിഴങ്ങും വാട്ടക്കെഴങ്ങും മാത്രം തിന്നാന്‍ കിട്ടിയിരുന്ന ഒരു നാളില്‍ കെഴക്ക് നിന്ന് അരി കടത്തിക്കൊണ്ട് വന്നിരുന്ന ഓണ നാളുകളിലെ സ മൃദ്ധിയെക്കുറിച്ച് അതാണോര്‍മ്മ .
പലരും പറയാറുണ്ട് കുറെ കാലം കഴിഞ്ഞാല്‍ ഓണമെന്നതൊക്കെ ഒരു ഓര്‍മ്മയുടെ അവശിഷ്ടമായി മാറുമെന്ന് , അതൊരു വെറും വാക്ക് മാത്രമാണ് മാര്‍ക്കറ്റ് എന്നും പുതിയ ആഘോഷങ്ങള്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഓണം അവശിഷ്ടമാകുമെന്ന് വിശ്വസിക്കാന്‍ ഞെരുക്കം ,
ഓരൊ ഓണക്കാലത്തും എത്ര കോടിയുടെ വിറ്റ് വരവാണ് കേരളമെന്ന കൊച്ച് സസ്ഥാനത്തില്‍ നടക്കുന്നത്
അക്ഷയതൃതീയയും കര്‍ക്കടക കഞ്ഞിയുമെല്ലാം മുമ്പെന്നത്തെക്കാളും പ്രസക്തി കൈവരുമ്പോള്‍ ഓണത്തിന്റെ പഴയ ലാളിത്യഭംഗി നഷ്ടമാകുമായിരിക്കും പക്ഷെ ആഘോഷം കൂടുകയെ ഉള്ളൂ . ഗൃഹാതുരത്ത്വം കൊണ്ട് കച്ചവടം നടത്താന്‍ ഏറ്റവും പറ്റിയത് ഓണമാണെന്ന് പഠിക്കാന്‍ ഒരു ബിസിനസ്സ് അനാലിസിസും വേണ്ടി വരുന്നില്ല , .


ഓണത്തെക്കുറിച്ചുള്ള വേറിട്ട ചിന്തകളായിരുന്നു , നല്ല നിരീക്ഷണങ്ങള്‍
നല്ലൊരു ഓണം ആശംസിക്കുന്നു

സജി said...

നിന്റെ മകള്‍ക്ക് സുഖമല്ലേ? ........

സര്‍ പോങ്ങന്‍!, ഇതിനു മറുമൊഴിയെഴുതാന്‍ കവിയാകണം!. കഷ്ടം- ഞാനതല്ലോ എന്നോര്‍ത്തു വേദനിക്കുന്നു....

ബാലു said...
This comment has been removed by the author.
e - പണ്ഡിതന്‍ said...

ഓണാശംസകള്‍ !!!!