Follow by Email

Tuesday, October 20, 2009

കുമ്പസാരം

“ ഇംഗ്ലീഷ് ബ്ലോഗുകള്‍ സജീവമായി ഏറെ കഴിഞ്ഞാണ് മലയാള ഭാഷയുടെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് മലയാളത്തിലെ ‘ബ്ലോഗിങ് വിപ്ലവം’ അരങ്ങേറുന്നത്. ലോകത്തിന്റെ പലയിടങ്ങളില്‍ നിന്ന് പലരാല്‍ സംഭാവനചെയ്യപ്പെട്ട തികച്ചും സ്വാഭാവികമായ പ്രക്രിയയായിരുന്നു അത്. വളരെ വൈകി മാത്രം സംഭവിച്ച ഒരു പ്രക്രിയയായതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഭാഷയിലെ ബ്ലോഗുകളോട് താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും അത് രൂപമെടുത്ത പശ്ചാത്തലവും മറ്റും മലയാളം ബ്ലോഗിങ്ങിന്റെ വളര്‍ച്ചയെ സാരമായി ബാധിച്ചിട്ടുണ്ട്. ആദ്യകാല ബ്ലോഗര്‍മാരില്‍ ഭൂരിഭാഗവും വിശാലമനസ്കന്‍, സങ്കുചിതമനസ്കന്‍, ഇടിവാള്‍, കുറുമാന്‍, സു, വാപ്പ, തീപ്പൊരി, ഇഞ്ചിപ്പെണ്ണ് എന്നിങ്ങനെ ഓമനപ്പേരുകളുടെ മറയ്ക്കു പിന്നില്‍ നിന്ന് എഴുതിത്തുടങ്ങിവരുമായിരുന്നു. അതുകൊണ്ടുതന്നെ സ്വകാര്യത നല്‍കുന്ന സ്വാതന്ത്ര്യം മലയാളം ബ്ലോഗിങ്ങിന്റെ സ്വഭാവത്തെയും ഭാഷയെയും സ്വാധീനിച്ചു. മുന്‍‌കാല ബ്ലോഗര്‍മാരില്‍ പലരുടെയും പേരുപോലെ തന്നെ സരസമായിരുന്നു അവരുടെ ഭാഷയും. ഒട്ടും ഗൌരവമല്ലാത്ത സാഹചര്യത്തില്‍ മുഖ്യമായും വിദേശ മലയാളികളുടെ വികാരവിചാരങ്ങളായിരുന്നു ആദ്യകാല ബ്ലോഗുകളുടെ ഉള്ളടക്കം. പിന്നീടു വന്ന ബ്ലോഗര്‍മാരില്‍ വ്യാജപേരുകളുള്ളവരുടെ എണ്ണം കൂടിവരികയും ഒട്ടും ഗൌരവമല്ലാത്ത ഭാഷ തന്നെ രൂപപ്പെടുകയും ചെയ്തു. ബ്ലോഗിലെ കള്ളപ്പേരുകള്‍ നല്‍കുന്ന വന്യമായ സ്വാതന്ത്ര്യത്തിനു പിന്നില്‍ നിന്ന് ഒരു തരം കുളിമുറിയെഴുത്തായി ബ്ലോഗിനെ സമീപിച്ചവരും കുറവല്ല. അതുകൊണ്ടുതന്നെ നവമാധ്യമമെന്ന നിലയില്‍ മലയാളം ബ്ലോഗുകള്‍ ഇപ്പോഴും ശൈശവദശയിലാണെന്നു പറഞ്ഞാല്‍ തെറ്റില്ല. അതേ സമയം തുടക്കം മുതല്‍ തന്നെ സ്വന്തം പേരില്‍ എഴുതുന്നവരും വിളിപ്പേരുകള്‍ക്ക് പിന്നില്‍ മറഞ്ഞുനിന്നവരുമായി ഒരു ചെറിയ വിഭാഗം ഗൌരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തവരുമുണ്ടായിരുന്നു. അവരുടെ പാത പിന്തുടരാന്‍ അധികമാരുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല അത്തരം പോസ്റ്റുകള്‍ പ്രോത്സാഹിപ്പിയ്ക്കപ്പെട്ടതുമില്ല. മുന്‍കാല ബ്ലോഗര്‍മാരില്‍ പലരും സജീവമല്ലാതായി. പിന്‍‌മൊഴി പോലുള്ള ഏകീകൃതസ്വഭാവമുള്ള ബ്ലോഗ് അഗ്രഗേറ്ററുകള്‍ പലതും പിന്‍‌വലിയുകയും ബ്ലോഗ് കൂട്ടായ്മയുടെ പേരില്‍ കുറുമുന്നണികള്‍ രൂപപ്പെടുകയും ചെയ്തു. ഈ അടുത്തകാലത്തായി മലയാളം ബ്ലോഗുകളുടെ എണ്ണത്തിലും ഗുനനിലവാരത്തിലും ഇടിവുണ്ടായെന്ന ആ‍ാരോപണം ഈ പശ്ചാത്തലവുമായി ചേര്‍ത്തു വായിക്കാവുന്നതാണ്. “

ഇത്രയും കാര്യങ്ങളാണ് മലയാളം ബ്ലോഗിനെക്കുറിച്ച് ‘മാതൃഭൂമി ആഴ്ചപ്പതിപ്പ്’ 2009 ഒക്ടോബര്‍ 11 ലക്കത്തില്‍ ശ്രീ.ബി.എസ്. ബിമിനിത് എഴുതിയ ‘ഒന്നും സ്വകാര്യമല്ലാത്ത ഒരു ലോകം’ എന്ന ലേഖനത്തില്‍ പറഞ്ഞിരിയ്ക്കുന്നത്. ലേഖകന്റെ ഈ നിരീക്ഷണത്തെ തീര്‍ത്തും അവഗണിച്ചു കളയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. എന്നാല്‍ ആ‍ാധികാരികമായി അതിനെക്കുറിച്ച് മറുപടി നല്‍കാനോ അഭിപ്രായം പറയാനോ എന്നെക്കൊണ്ട് സാധിക്കില്ല എന്ന് തുറന്നു സമ്മതിച്ചുകൊണ്ടും ഈ വിഷയത്തില്‍ ഓരോ ബ്ലോഗറിന്റെയും ബ്ലോഗ് വായനക്കാരന്റെയും കാഴ്ചപ്പാടുകള്‍ അറിയാന്‍ എനിക്ക് താല്പര്യമുണ്ടെന്നറിയിച്ചുകൊണ്ടും ഞാനിത് ഒരു പോസ്റ്റാക്കുന്നു.

ഈ ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ ബ്ലോഗെഴുത്തുകാരന്‍ എന്ന നിലയില്‍ വായനക്കാരോടും ബൂലോഗത്തോടുമുള്ള എന്റെ കുമ്പസാരമാണ് ഈ പോസ്റ്റ്.

ഒരു കാര്യം സത്യമാണ്. പ്രതിഭാധനന്മാരായ പല ബ്ലോഗ് എഴുത്തുകാരും ഇന്ന് ബൂലോഗത്ത് സജീവമല്ല. അത് ഈ മാധ്യമത്തിന്റെ ശക്തിക്ഷയത്തിന് ഒരു കാരണമാവുന്നുണ്ട്. ബൂലോഗത്തെ രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയെ പ്രതിനിധീകരിയ്ക്കുന്ന ഞാന്‍ ബൂലോഗത്തിന്റെ അപചയത്തിന് കാരണമായവരെ പ്രതിനിധീകരീക്കുന്ന ഒരു വ്യക്തിയുമാണ്. എങ്കിലും ബ്ലോഗറെന്ന നിലയില്‍ ബ്ലോഗ് എന്ന മാധ്യമത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എന്നാലാവുന്നത് ഞാന്‍ ചെയ്യേണ്ടതുണ്ട്. ആ തിരിച്ചറിവുകൊണ്ടാണ് ഈ ലേഖനം വായിച്ചതിനുശേഷം ഞാന്‍ ഒരു പോസ്റ്റുപോലും കുറിയ്ക്കാതിരുന്നത്. എന്നേപ്പോലൊരുവന്‍ എഴുതാതിരിയ്ക്കുന്നതും ഒരു സാഹിത്യ പ്രവര്‍ത്തനമാണ്. ആണ്!!.

ഞാനും ആദ്യകാലങ്ങളില്‍ നര്‍മ്മരസത്തെ കൂട്ടുപിട്ടിച്ച് പോസ്റ്റുകള്‍ എഴുതിയവനാണ്. ഒട്ടും ഗൌരവസ്വഭാവമില്ലാത്ത അറുവഷളന്‍ കുറിപ്പുകള്‍. വായനക്കാരെ ചിരിപ്പിക്കുന്നവര്‍ക്കും ചിരിപ്പിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൂം മാത്രമാണ് സ്വീകാര്യത ലഭിയ്ക്കുക എന്ന വിചാരത്തിലാണ് ഞാന്‍ അത്തരമൊരു ശ്രമത്തിന് മുതിര്‍ന്നത്. പേരും പ്രശസ്തിയും നേടുക എന്നതാണല്ലോ മിക്ക എഴുത്തുകാരുടെയും ബ്ലോഗര്‍മാരുടെയും ആഗ്രഹം. ഞാനും അങ്ങനെ ആഗ്രഹിച്ചിരുന്നു. ഈ നിമിഷം, ഇപ്പോള്‍ ഞാന്‍ പറയുന്നു അത്തരമൊരു ആഗ്രഹത്തെ ഞാന്‍ വെടിഞ്ഞിരിയ്ക്കുന്നുവെന്ന്. ഞാന്‍ പിന്‍‌വാങ്ങുന്നു. കാരണം ‘വിശാലമനസ്കനേക്കാള്‍’ നന്നായി തമാശ എഴുതാന്‍ ആവുന്നില്ലെങ്കില്‍ ‘നര്‍മ്മം’ എന്ന ലേബലില്‍ ഞാന്‍ ഒരു പോസ്റ്റ് ഇടുന്നതില്‍ അര്‍ത്ഥമില്ല എന്നു മാത്രമാണ് എന്റെ ചിന്ത. അതുപോലെ ആനുകാലിക സംഭവങ്ങള്‍ ആക്ഷേപഹാസ്യത്തിലൂടെയും അര്‍ഹിക്കുന്ന ഗൌരവത്തോടെയും സമീപിക്കുന്ന ബെര്‍ളി തോമസിനെ മാനിക്കാതിരിക്കുന്നതെങ്ങനെ? കുഴൂര്‍ വിത്സനെയും എതിരന്‍ കതിരവനെയും റാം മോഹന്‍ പാലിയത്തിനെയും കുറുമാനെയും നട്ടപ്പിരാന്തനെയും ഇടിവാളിനെയും അരവിന്ദനെയും മനുജിയെയും തമനുവിനെയുമൊക്കെ മറക്കാനാവുമോ? പേരെടുത്തുപറയാന്‍ നിന്നാല്‍ ഒരു അന്തവുമുണ്ടാവില്ല. (മേപ്പടി കുറിച്ച പേരുകള്‍ പെട്ടെന്ന് മനസ്സില്‍ വന്നവ മാത്രം. ഇതിലുമേറെ പ്രതിഭാധനന്മാര്‍ എത്രയോ!! ) ഇവരുടെയൊക്കെ എഴുത്തിലെ വശീകരണ ശക്തിയ്ക്ക് മുന്നില്‍ ഞാനാര് എന്ന തിരിച്ചറിവ് എന്നെ ഭയപ്പെടുത്തുന്നു. അപരാധബോധത്താല്‍ എന്റെ ശിരസ്സ് കുനിയുന്നു. എന്തിനുവേണ്ടി ഞാന്‍ എഴുതണം. എവിടെയാണ് എന്റെ സ്പേസ് എന്നൊന്നും തിരിച്ചറിയാനാവാതെ ഞാന്‍ ഉഴറുന്നു.

കവിത, കഥ, ലേഖനം, അനുഭവക്കുറിപ്പുകള്‍, യാത്രാവിവരണം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധ ശാഖകളില്‍ അസമാന്യമാം വിധം പ്രതിഭ പ്രകാശിപ്പിക്കുന്ന എത്രയോ പ്രഗത്ഭര്‍ ഈ ബൂലോഗത്തില്‍ നിലകൊള്ളുന്നു. യാഥാര്‍ത്ഥ പ്രതിഭകള്‍. എഴുത്തിനെ ഗൌരവത്തോടെ കാണുന്ന ഒരു എഴുത്തുകാരനും വേണ്ടത്ര പിന്തുണ നല്‍കാന്‍ ഇവിടെ ആരും ശ്രമിക്കുന്നില്ല. ഞാനടക്കമുള്ള വായനക്കാര്‍ ഇവരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. എന്നേപ്പോലുള്ള ചവറെഴുത്തുകാരനെയൊക്കെ വായനക്കാര്‍ പതിയെ അവഗണിച്ചു തുടങ്ങണം. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ബഹുമാനിയ്ക്കുകയും ഇഷ്ടപ്പെടുകയും യഥാര്‍ത്ഥ പ്രതിഭകള്‍ എന്നു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്ന പല എഴുത്തുകാരേക്കാളും കമന്റുകളും ഫോളോവേഴ്സും എനിയ്ക്കു ലഭിയ്ക്കുന്നു എന്നതില്‍ നിന്നുമാത്രം ഈ ബൂലോഗം നിലവാരത്തകര്‍ച്ച നേരിടുന്നുവെന്ന് ഞാന്‍ മനസ്സിലാക്കേണ്ടതാണ്. നിങ്ങളും. നന്നായി എഴുതാന്‍ കഴിവുണ്ടായിട്ടും ലാഘവബുദ്ധിയോടെ എഴുത്തിനെ സമീപിക്കുന്നവര്‍ എത്ര പ്രിയപ്പെട്ടവരായാലും അവരുടെ ചെവിയ്ക്കു കിഴുക്കി നേര്‍വഴിയ്ക്ക് നയിക്കാന്‍ ഒരോ ബ്ലോഗ് വായനക്കാരനും ശ്രമിയ്ക്കണം. അങ്ങനെ ശ്രമിക്കേണ്ടതല്ലേ?

ചിരിപ്പിച്ച് നിങ്ങളുടെ വയര്‍ ഉളുക്കിപ്പിക്കുമെന്ന വാശിയില്‍, ഇല്ലാത്ത അനുഭവങ്ങളെ അല്പമാത്രമായ എന്റെ ഭാവനയില്‍ വിരിയിച്ച് ഒരു പോസ്റ്റാക്കി ഞാന്‍ വിളമ്പിയാല്‍ എന്നെ നിങ്ങള്‍ ചവിട്ടണം. (പോങ്ങു എന്ന ബ്ലോഗറോട് സ്നേഹമുണ്ടെങ്കില്‍) തമാശ നിലാവരമില്ലാത്തതാണ് എന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷേ, അത് വായനക്കാരനെ രസിപ്പിയ്ക്കുന്നതാവണം ശിക്ഷിയ്ക്കുന്നതാവരുത്. വായനക്കാരനെ രസിപ്പിയ്ക്കണമെങ്കില്‍ അത് സ്വയം രസിയ്ക്കുന്നതാവണം. സ്വയം രസിയ്ക്കണമെങ്കില്‍ എഴുത്തിനെ / വിഷയത്തെ ആത്മാര്‍ത്ഥമായി സമീപിയ്ക്കണം. ആത്മാര്‍ത്ഥമായി സമീപിയ്ക്കണമെങ്കില്‍ പറയാന്‍ എന്തെങ്കിലുമുണ്ടാവണം. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ അതു പറയുന്നത് ആരാധകരെ സൃഷ്ടിക്കണമെന്ന ഗൂഢലക്ഷ്യത്തോടെയുമാവരുത്. ഒരു ബ്ലോഗര്‍ കമന്റ് കൊടുത്ത് കമന്റ് വാങ്ങാനും ശ്രമിക്കേണ്ടതില്ല.

ഞാന്‍ ഉറപ്പു തരുന്നു. ഞാന്‍ ഇനി എഴുത്തിനെ ഗൌരവമായി കാണാം. എന്നുകരുതി മേലില്‍ എന്റെ കുറിപ്പുകള്‍ നിലവാരമുള്ളതാവുമെന്ന് ആരും ധരിയ്ക്കേണ്ട. കാരണം, നന്നാവാന്‍ നല്ല പ്രതിഭ വേണം. പോസ്റ്റാന്‍ വേണ്ടി ഞാന്‍ പോസ്റ്റില്ല എന്നുമാത്രമാണ് ഞാന്‍ പറഞ്ഞതിനര്‍ത്ഥം. എനിക്ക് കമന്റുകിട്ടണമെന്ന ഉദ്ദേശത്തോടെ ആസ്വദിയ്ക്കാനാവാത്ത ഒരു പോസ്റ്റിനും വെറുതേ ‘സ്മൈലി’യിട്ട് ഞാന്‍ സാന്നിദ്ധ്യമറിയിച്ചിട്ടില്ല. ഇനി അറിയിക്കുകയുമില്ല. ‘പുതിയ പോസ്റ്റിട്ടു, വായിക്കുമല്ലോ‘ എന്നു പറഞ്ഞ് ആര്‍ക്കും മെയില്‍ അയച്ച് ഉപദ്രവമുണ്ടാക്കാനും ശ്രമിക്കില്ല. ഒരു ബ്ലോഗറെന്ന നിലയില്‍ ബ്ലോഗ് എന്ന മാധ്യമത്തോടും എന്നെ വായിക്കുന്ന ഹതഭാഗ്യരോടും ഇത്രയെങ്കിലും നീതി ഞാന്‍ ചെയ്യേണ്ടതല്ലേ?

പുതിയ ബ്ലോഗര്‍മാരേ, കമന്റുകളിലും ചതുരക്കൂട്ടില്‍ തളച്ചിട്ടിരിയ്ക്കുന്ന ഫോളോവേഴ്സിന്റെ തലയെണ്ണത്തിലും ഭ്രമിക്കാതെ നിങ്ങള്‍ സധൈര്യം പുതുമകള്‍ പരീക്ഷിയ്ക്കുക. ആരെയും അനുകരിയ്ക്കാതെ എഴുത്തിനെ അതിഗൌരവത്തോടെ സ്നേഹിയ്ക്കുക. നിങ്ങള്‍ക്ക് ബാധ്യതയാവുന്ന ആരാധകനോ, അസംഭ്യവര്‍ഷം ചൊരിയാനെത്തുന്ന അനോണിയായോ ഞാന്‍ വരില്ല. എന്റേതായ അഭിപ്രായങ്ങള്‍ പറയാന്‍, പ്രോത്സാഹനം നല്‍കാന്‍ നിങ്ങളുടെ സ്നേഹിതനായി, സനോണിയായി ഈ പോങ്ങു കാണും. ഒരു പക്ഷേ, ഞാനുള്‍പ്പടെ ബൂലോഗത്തിന് വരുത്തിവച്ച അപമാനങ്ങള്‍ക്ക് പരിഹാരമാവാന്‍ നിങ്ങള്‍ക്കായേക്കും.

പുലി എന്ന ഹിംസ്രജന്തുവിന്റെ പേരു പറയുന്നില്ല. എങ്കിലും ആദ്യകാല പ്രതിഭധനന്മാരായ ബ്ലോഗര്‍മാര്‍ ഈ ബൂലോഗത്ത് പഴയപോലെ സജീവമാകുകയും പുതിയ ബ്ലോഗെഴുത്തുകാര്‍ക്ക് ശരിയായ വഴിയും പ്രോത്സാഹനവും നല്‍കി നിലകൊള്ളുകയും ചെയ്തിരുന്നുവെങ്കിലെന്നും ഞാനിപ്പോള്‍ ആഗ്രഹിച്ചു പോവുന്നു. അങ്ങനെയങ്ങനെ ബൂലോഗത്തിനുണ്ടെന്ന് ചിലര്‍ പറയുന്ന ബാലാരിഷ്ടതകള്‍ പരിഹരിയ്ക്കാന്‍ നമുക്കൊരുമിച്ച് ശ്രമിച്ചു നോക്കാം.

അവസാനിപ്പിയ്ക്കുന്നതിനു മുന്‍പ് പുതിയ ബ്ലോഗെഴുത്തുകാരോടായി, 1988-ല്‍ ശ്രീ. ടി. പത്മനാഭന്‍ പറഞ്ഞ വാക്കുകള്‍ ഒന്നുകടമെടുത്ത് ഇവിടെ കുറിച്ചോട്ടെ?

അതിതാണ്: വായിക്കുക, നിരീക്ഷിക്കുക, ചിന്തിക്കുക. എഴുതിയേ കഴിയൂ എന്നു തോന്നുമ്പോള്‍ മാത്രം എഴുതുക. അങ്ങനെ ആദ്യമായി നിങ്ങള്‍ നിങ്ങളോടുതന്നെ നീതി പുലര്‍ത്തുക.

ഇതിനുസമാനമായ ഒരു ഉപദേശം(?) സാഹിത്യവാരഫലം കുറിച്ചിരുന്ന ശ്രീ. എം. കൃഷ്ണന്‍ നായരും നല്‍കിയിരുന്നു. ഞാനിതൊക്കെ പാലിയ്ക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് വ്യസനത്തോടെ സമ്മതിയ്ക്കട്ടെ. നിങ്ങളെങ്കിലും അങ്ങനെയാവരുത്.

( മാതൃഭൂമിയിലെ ലേഖനത്തെക്കുറിച്ച് ‘പപ്പൂസ് ‘ എന്നേക്കാള്‍ ആധികാരികമായും മനോഹരമായും കുറിച്ചിരിയ്ക്കുന്നു. പുതിയ ലക്കം ആഴ്ചപ്പതിപ്പിലെ ബ്ലോഗനയില്‍ ആ പോസ്റ്റ് ഇടം പിടിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു. ആശംസകള്‍ പപ്പൂസ് )