Follow by Email

Saturday, February 13, 2010

ഒരു ചെറിയ ഇടവേള

എഴുതുവാന്‍ കഴിവുണ്ടാവുക എന്നത് അനുഗ്രഹമാണെങ്കില്‍ എഴുതാന്‍ ആഗ്രഹമുണ്ടാവുക എന്നത് ഭാഗ്യമാണ്. അനുഗ്രഹീതനല്ലെങ്കിലും ഞാന്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു. കഴിവിനേക്കാള്‍ ആഗ്രഹത്തിന്റെ പേരില്‍ എഴുതുന്ന ഒരുവന് പരിമിതികള്‍ ഉണ്ടാവുക തീര്‍ച്ചയാണ്.

1977 -ലെ ആഗസ്റ്റ് മാസത്തിലാണ് ഹരി എന്ന വ്യക്തിയുടെ ജനനം. 2007 - ലെ ആഗസ്റ്റുമാസത്തില്‍ പോങ്ങുമ്മൂടന്‍ എന്ന ബ്ലോഗറും ജനിച്ചു. സത്യത്തില്‍ രണ്ട് ജന്മങ്ങളും പാഴായി പോവുകയായിരുന്നുവെന്നാണ് ഇരുവരെയും അനുഭവിച്ചറിയുന്ന എനിയ്ക്കു തോന്നുന്നത്. ആ തോന്നല്‍ ശരിയാണെങ്കില്‍ പരിഹാരം കാണേണ്ടതും ഞാന്‍ തന്നെയാണ്. ഹരി എന്ന വ്യക്തി പാഴാവാതെ പോയാല്‍ എന്റെ കുടുംബത്തിനും സ്നേഹിതര്‍ക്കും നാട്ടുകാര്‍ക്കും നല്ലതായിരിക്കും. പോങ്ങുമ്മൂടന്‍ എന്ന ബ്ലോഗര്‍ നന്നായാല്‍ എന്നെ സ്ഥിരമായി വായിക്കുന്ന ഏതാനും വ്യക്തികള്‍ക്ക് അത് അസ്വാദ്യകരവുമാവും. എനിക്കു തോന്നുന്നു ഹരി എന്ന വ്യക്തിയില്‍ നിന്നും പോങ്ങുമ്മൂടനിലേയ്ക്കുള്ള അകലം വര്‍ദ്ധിപ്പിക്കയാണ് നന്നാവാനായി ഞാന്‍ ആദ്യം ചെയ്യേണ്ടതെന്ന്. പോങ്ങുമ്മൂടന്‍ എന്ന ബ്ലോഗര്‍ ഹരി എന്ന വ്യക്തിയുടെ തലച്ചോറിനെയും ഹൃദയത്തെയും വാടകയ്ക്കെടുത്താണ് ഇതുവരെ ജീവിച്ചു പോന്നിരുന്നത്. അതാണ് ബ്ലോഗര്‍ എന്ന നിലയിലുള്ള എന്റെ പരാജയവും പരിമിതിയും. എനിക്കൊരിക്കലും ഞാനെഴുതിയ വിഷയങ്ങളെ നിഷ്പക്ഷമായി സമീപിക്കാനായിട്ടില്ല. എഴുതുന്ന ഒരു വ്യക്തി തീര്‍ച്ചയായും നിഷ്‌പക്ഷന്‍ തന്നെയാവണം.

“എന്ത് എഴുതണമെന്ന്, എഴുതിക്കൊണ്ട് കണ്ടുപിടിക്കാമെന്ന തീരുമാനം പച്ചയായ ജീവിതത്തില്‍ നിന്നും കിട്ടുന്നതാണ്. പുസ്തകത്തില്‍ നിന്ന്‍ അത്തരത്തില്‍ യുക്തിരഹിതമായ ഒരു ഉപദേശം ലഭ്യമല്ല. എഴുതേണ്ടത് കണ്ടുപിടിയ്ക്കാനായുള്ള എഴുത്ത് ഏതിലൂടെ നടത്തും? ആരോ പണം മുടക്കി നടത്തുന്ന പത്രത്തില്‍വെച്ച് ഇത്തരത്തില്‍ രചനാപരീക്ഷണം നടത്താന്‍ പറ്റുകയില്ല. “

ഇതു പറഞ്ഞത് സുകുമാര്‍ അഴീക്കോട് ആണ്. തന്റെ ആത്മകഥയില്‍. എന്തെഴുതണമെന്ന് എഴുതിക്കൊണ്ട് കണ്ടുപിടിയ്ക്കണമെന്ന്. പത്രബാഹുല്യം ഇല്ലാതിരുന്ന പഴയകാലത്ത് അഭിലാഷപരീക്ഷണങ്ങള്‍ക്കുള്ള സാധ്യതയും കുറവായിരുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
നമ്മള്‍ ഭാഗ്യം ചെയ്ത തലമുറയാണ്. എഴുതി തെളിയാനുള്ള എല്ലാ സാഹചര്യങ്ങളും നമുക്കിന്നുണ്ട്. നമ്മുടെ എഴുത്തെന്ന അഭിലാഷം പരീക്ഷിക്കാനുള്ള ഏറ്റവും നല്ല മാധ്യമമാണ് ബ്ലോഗ്. ആ സൌകര്യം നമ്മളില്‍ പലരും ഭംഗിയായി ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ, ഞാന്‍ ആ സൌകര്യം ഏതുവിധമാണ് ഉപയോഗിച്ചു പോരുന്നതെന്ന കാര്യത്തില്‍ എനിക്ക് സംശയം തോന്നി തുടങ്ങിയിരിക്കുന്നു. എന്തെഴുതണം എന്നോ എങ്ങനെ എഴുതണമെന്നോ കാര്യമായ തിട്ടമില്ലാതെ പോവുന്നു.

ആത്മസംതൃപ്തിക്കായാണോ വായനക്കാരുടെ തൃപ്തിക്കായാണോ ഒരുവന്‍ എഴുതേണ്ടത്? തീര്‍ച്ചയായും വായനക്കാര്‍ക്കു വേണ്ടി ആവണമെന്നാണ് തോന്നുന്നത്. ആത്മസംതൃപ്തിക്കായ്യിരുന്നെങ്കില്‍ വെള്ളക്കടലാസില്‍ കുറിച്ച് കീശയില്‍ സൂക്ഷിക്കുകയും ഇടയ്ക്ക് വായിച്ചു നോക്കി ആനന്ദിക്കുകയും ചെയ്താല്‍ മതിയല്ലോ.

കാര്യമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ മനസ്സില്‍ തോന്നുന്നവ എഴുതുകയും രണ്ടാമൊതരാവര്‍ത്തികൂടി വായിക്കാനും വേണ്ടമാറ്റങ്ങള്‍ വരുത്താനും ശ്രമിക്കാതെ അവ നിങ്ങള്‍ക്കായി വിളമ്പിയെന്നതും എന്റെ തെറ്റായി ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. എന്റെ വായനക്കാരുടെ വിലപ്പെട്ട സമയമാണ് ഞാന്‍ കാരണം പാ‍ഴായത്. 2010-ലെ കഴിഞ്ഞ രണ്ടുപോസ്റ്റുകള്‍ എനിക്കു നല്‍കിയത് നഷ്ടങ്ങള്‍ മാത്രമാണ്. എന്റെ ബുദ്ധിശൂന്യതയുടെ സമ്മാനം. പോങ്ങുമ്മൂടനുമേല്‍ ഹരിയ്ക്കുള്ള സ്വാധീനം വളരെ വലുതായിരുന്നു. ആ സ്വാധീനം എന്നെ തളര്‍ത്തുന്നു.ഒരു ഇടവേള അനിവാര്യമായി വരുന്നു. ബൂലോഗത്തുനിന്ന് എന്നെ താല്‍ക്കാലികമായി ഞാന്‍ തന്നെ മായ്ച്ചു കളയുന്നു. തിരിച്ചു വരികതന്നെ ചെയ്യും. ഒരു ഇടവേള എനിക്കു നല്ലതാണ്. നിങ്ങള്‍ക്കും. തിരികെ വരുമ്പോള്‍ പുതിയൊരു പോങ്ങു ആവും ഞാനെന്ന് ആരും കരുതേണ്ട. ഈ വിടവാങ്ങല്‍ പഴയ പോങ്ങുമ്മൂടന്‍ ആവാനാണ്. ഞാന്‍ അതിനായി നന്നായി ശ്രമിക്കും.

ഇതുവരെ എന്നെ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. എന്നെ ആശയപരമായി മാത്രമല്ല വ്യക്തിപരമായി എതിര്‍ത്തവരോടു പോലും എനിക്ക് സ്നേഹവും സൌഹൃദവുമുണ്ടെന്ന് ഞാനിപ്പോള്‍ അറിയിക്കുന്നു. ഏറെയെന്തിന്, സ്നേഹപൂര്‍വ്വം.. പോങ്ങു.

ചാറ്റ്, ഓര്‍ക്കൂട്ട് തുടങ്ങിയ സൌകര്യങ്ങള്‍ മുതലാക്കി ഞാന്‍ ചില സ്നേഹിതരെ ആക്രമിച്ചിരിന്നു. അവരെയും കുറച്ചുകാലം ഞാന്‍ രക്ഷപെടാന്‍ അനുവദിച്ചിരിക്കുന്നു. :) എന്റെ മനസ്സ് അലക്കി കുടഞ്ഞ് അയയില്‍ ഇട്ടിരിയ്ക്കുന്നു. വരാം. അതുണങ്ങി കിട്ടട്ടെ. അതുവരെ എന്നില്‍ നിന്നും രക്ഷപെട്ടോളൂ.... :)

Thursday, February 11, 2010

പറഞ്ഞാല്‍ വിശ്വസിക്കില്ല.

പ്രണയം കുത്തിനിറച്ചവയായിരുന്നു
എന്റെ വാക്കുകൾ.
ആരും കാണാതെയവളാ-
വാക്കുകൾ കടിച്ചീമ്പിയാവോളം
പ്രണയം രുചിച്ചു.
പിന്നെ, വാക്കുകളുടെ തോട്
അലക്ഷ്യമായെറിഞ്ഞു പറഞ്ഞു
ഹും, പൊള്ളയാ‍യ വാക്കുകളെന്ന്!

പൊളിവില്ലാത്ത,
പ്രണയം നിറച്ച
എന്റെ വാക്കുകൾ
പൊള്ളവാക്കായിരുന്നെന്ന്!

വിശ്വസിക്കാതെ തരമില്ല,
കാരണം അവൾ സത്യമാണ്.
എന്റെ പ്രണയവും.
സത്യം അസത്യത്തെ
പ്രസവിക്കില്ല.
മനുഷ്യസ്ത്രീകൾ
മുട്ടയിടില്ല;
നിഴല്‍ വീഴ്ത്തുന്ന
സൂര്യന്‍,
നിഴലിനെ സ്വീകരിക്കുന്നുമില്ല!

***
അമ്മയാണാദ്യം ചതിച്ചത്.
സ്നേഹവാത്സല്യങ്ങളോടെ
മാടി വിളിച്ച്,
മടിയിലിരുത്തി
അമ്മിഞ്ഞ തന്നു
ആര്‍ത്തിയോടെ തേടിചെന്ന
ഇളം ചുണ്ടുകളില്‍,
ചെന്നിനായകത്തിന്റെ കയ്പ്പ്,
മാതൃത്വത്തിന്റെ മധുരം!

വിശക്കുന്നല്ലോ
ഉണ്ണാന്‍
ചെന്നിനായകം തേയ്ക്കാത്ത
മുലയുണ്ടോ?
തന്നാല്‍, കണ്ണുനീരിന്റെ
ഉപ്പുചാലിച്ച് ഉണ്ണാം.!

പറഞ്ഞാല്‍ വിശ്വസിക്കില്ല.
അമ്മയും ചതിയും
ചെന്നിനായകത്തിന്റെ
മക്കളാണ്.!

***

കയ്പ്പും ഏകാന്തതയും മാറ്റാന്‍
പ്രണയം നല്ലതാണെത്രെ!
അതിന്,
പ്രണയിക്കാനൊരു
'ഇര' വേണം.
പോരായ്മകള്‍
ആവോളമുള്ളതിനാലാവും
ഇരകള്‍ വേട്ടക്കാരനെ തിരിച്ചറിയുന്നു.
പരാജയം ഭുജിച്ചു ചെകിടിച്ചപ്പോഴാണ്
കരുണ തോന്നിയ ദൈവം
ഒരിരയെ തന്നത്.
ഇര വേട്ടക്കാരനെ
വിശ്വസിക്കില്ലെന്ന
പ്രകൃതി നിയമം
മണ്ടന്‍ ദൈവം അറിയാതെ
പോയോ?

ഒഴിവാക്കാന്‍ ചെന്നിനായകമാണ്
ഉത്തമം,
ഇര വിഡ്ഡിയല്ല.
ചെന്നിനായകം തേച്ച ചുണ്ടുകള്‍
വേട്ടക്കാരന്റെ ചുണ്ടുകളെ തൊട്ടു.
അയാളുടെ ചുണ്ടുകളില്‍
ചെന്നിനായകത്തിന്റെ കയ്പ്പ്
പ്രണയത്തിന്റെ മധുരം!

പറഞ്ഞാല്‍ വിശ്വസിക്കില്ല.
അമ്മയും ചതിയും പ്രണയവും
ചെന്നിനായകത്തിന്റെ
മക്കളാണ്.!

***

തേടലുകള്‍ക്കൊടുവില്‍
ആവോളം തോല്‍‌വി
നേടിയപ്പോള്‍
വീടിനെ ഓര്‍മ്മവന്നു
ഇരുളില്‍ തന്റെ പെണ്ണിനോട്
പ്രണയം തോന്നി
കരഞ്ഞു തളരുകയും
വിശന്നുപൊരിയുകയും
ചെയ്തപ്പോള്‍
ചുണ്ടുകള്‍ പെണ്ണിന്റെ
മുലഞെട്ടുകള്‍ തേടി
അവിടെയും
ചെന്നിനായകത്തിന്റെ കയ്പ്പ്
‘മോന്‍ ചോരവരെ
ഊറ്റിക്കുടിക്കുന്നു
ചെന്നിനായകമാണ് രക്ഷ‘
പിന്‍‌വലിഞ്ഞ ചുണ്ടുകള്‍ക്ക്
പെണ്ണിന്റെ ഉത്തരം!
തളര്‍ന്നുറങ്ങുന്ന
മകന്റെ കവിളില്‍
കണ്ണീര്‍വറ്റിയ പുഴയുടെ
തിളക്കം!

മകനേ,
പറഞ്ഞാല്‍ നീയും വിശ്വസിക്കില്ല.
അമ്മയും ചതിയും പ്രണയവും
ജീവിതവും നീയും ഞാനും
എന്റെ വാക്കുകളും
ചെന്നിനായകത്തിന്റെ
മക്കളാണ്.!


ഇരുളിനെ ഇരട്ടിയാക്കാന്‍
കണ്ണുകളടച്ചപ്പോള്‍
മനസ്സു പറഞ്ഞു;
ഇളിഭ്യനാവാൻ ശീലിച്ചതുകൊണ്ട്
നാളെയും നീ ഉണരും!!


------------------------
ഈ കുറിപ്പിന് കവിത എന്ന ലേബല്‍ ചാര്‍ത്തുകവഴി കവിതയെയും കവികളെയും ആസ്വാദകരെയും ഞാന്‍ അപമാനിച്ചിരിക്കുന്നു. മാപ്പ്.

Monday, February 1, 2010

ഒരു പ്രണയം! ബഹുവിധം!!

പറയാനുള്ളതും അറിയാനുള്ളതും ഒന്നിനേക്കുറിച്ച് മാത്രമാവുന്നു. - പ്രണയത്തെക്കുറിച്ച്.
ഈ പുതുവത്സരം പിറന്നിട്ട് ഒരുപക്ഷേ ഞാനേറ്റവും അധികം ഉപയോഗിച്ച വാക്കും കൂട്ടുകാരുമായുള്ള സംസാരമധ്യേ ഏറ്റവുമധികം കേട്ട വാക്കും പ്രണയം എന്നതാവുന്നു.
എന്റെ ചിന്തകളുടെ ബഹുഭൂരിപക്ഷസമയം കവര്‍ന്നതും പ്രണയമാണ്. എന്റെ പ്രണയം കൊണ്ട് രക്ഷപ്രാപിച്ചവര്‍ തീര്‍ച്ചയായും ഒരു കൂട്ടര്‍ മാത്രമാണ്. എന്നെ വായിക്കുന്ന എന്റെ പ്രിയപ്പെട്ട വായനക്കാര്‍. കാരണം പ്രണയചിന്ത എഴുത്തിനോടുള്ള എന്റെ ആര്‍ത്തിയെ കുറെയൊക്കെ അടക്കി നിര്‍ത്തുന്നു. അങ്ങനെയെങ്കില്‍ , ആലോചിച്ചാല്‍ മലയാള ഭാഷയും വായനക്കാരോടൊപ്പം രക്ഷപെട്ടുവെന്നു കരുതാം.

ഞാന്‍ പ്രണയാതുരനാണെന്ന് നിങ്ങളോട് പറഞ്ഞുവല്ലോ. പക്ഷേ, ആരോടാണ് അല്ലെങ്കില്‍ എന്തിനോടാണ് എനിയ്ക്കു പ്രണയം എന്ന് തിരിച്ചറിയാനാവുന്നില്ല എന്നുകൂടി എനിയ്ക്ക് കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നു. എന്റെ ഓര്‍ക്കൂട്ടുകാര്‍ വിശ്വസിക്കുന്നത് ചിലപ്പോള്‍ ‘ലഹരി’യോടാവും എനിയ്ക്കു പ്രണയമെന്ന്. എന്തുകൊണ്ടെന്നാല്‍ ഓര്‍ക്കൂട്ടില്‍ ‘ലഹരി പ്രണയം മാത്രമാണല്ലോ?’ സത്യത്തില്‍ മദ്യത്തോട് എനിക്കത്ര പ്രണയമില്ലെന്നതാണ് സത്യം. അടുത്തറിയുന്ന പലരും നന്നായി മദ്യപിക്കുന്നവരും എന്നാല്‍ അക്കാര്യം പുറത്ത് പറയാതിരുന്നും തക്കം കിട്ടിയാല്‍ മദ്യത്തെ തള്ളിപ്പറഞ്ഞും മാന്യന്മാരാവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കത്തരക്കാരുടെ സ്വഭാവം തീരെ രുചിക്കാറില്ല. എന്തോ മോശപ്പെട്ട സംഗതിയാണ് മദ്യപാനം എന്ന ധാരണയാണ് ഇക്കൂട്ടര്‍ക്കുള്ളത്. എന്നിട്ടും അവര്‍ അത് സേവിക്കുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒളി’സേവ’. തെറ്റാണെന്ന ധാരണ പുലര്‍ത്തിക്കൊണ്ട് അതേ കാര്യം ചെയ്യുന്നവനാണ് ഏറ്റവും വലിയ ക്രിമനല്‍.. അത്തരക്കാരോടുള്ള എന്റെ ഒരു പ്രതിഷേധമാണ് ശരാശരി കുടിയന്‍ മാത്രമായിരുന്നിട്ടും മുഴുക്കുടിയനാണെന്ന ധാരണ പരത്താനുള്ള എന്റെ ബോധപൂര്‍വ്വവും എന്നാല്‍ വിഡ്ഡിത്തം നിറഞ്ഞതുമായ ശ്രമം. ഞാന്‍ മദ്യത്തെ സേവിക്കുന്നുവെങ്കില്‍ അത് സ്നേഹത്തോടെ തന്നെയാണ്. എനിക്കെന്തെങ്കിലും നന്മയും നല്ല ശീലങ്ങളുമുണ്ടെങ്കില്‍ അതു പ്രകടിപ്പിക്കാന്‍ കാണിയ്ക്കുന്ന അതേ താല്പര്യത്തോടെ എന്റെ കുറവും ദു:ശ്ശീലങ്ങളും തുറന്നുപറയുവാനും ഞാന്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ തന്നെ പറയട്ടെ. മദ്യപാനം എനിക്കിഷ്ടപ്പെട്ട സംഗതിയെങ്കിലും എന്റെ പ്രണയം തീര്‍ച്ചയായും മദ്യത്തോടാവുന്നില്ല.

*****

പിന്നെ എന്തിനോട്, ആരോട് എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു. ജീവിതത്തോടോ? ഹേയ്, ഞാന്‍ ആവശ്യപ്പെടാതെ എനിക്കു ലഭിച്ചതാണ് എന്റെ ജീവിതം. സ്വന്തം പ്രയത്നത്താലല്ലാത്തെ സ്വന്തമാവുന്ന ഒന്നിനോടും ഒരു ശരാശരി മനുഷ്യന്‍ / മലയാളി നീതി പുലര്‍ത്തുന്നില്ല. എന്റെ അച്ഛനും അമ്മയും ഒരുമിച്ചു ചിലവഴിച്ച, ആസ്വദിച്ച നിമിഷങ്ങളുടെ അവശിഷ്ടമോ അനന്തരഫലമോ ആവുന്നു ഞാന്‍. അല്ലെങ്കില്‍ എന്റെ ജീവിതം. അതുകൊണ്ട് ജീവിതത്തോടും എനിക്കു പ്രണയമുണ്ടാവുന്നില്ല.

പിന്നെ എന്തിനോടാവും എനിക്കു പ്രണയം. ഒരു ബ്ലോഗറെന്ന നിലയില്‍, എഴുത്തിനോടോ എന്നു ചോദിയ്ക്കാം. അതുമല്ല. എഴുത്തിനോട് ലവലേശം എനിയ്ക്കു പ്രണയമില്ല. എഴുത്തുകാരനാവുക, ചിത്രകാരനാവുക അല്ലെങ്കിൽ ഗായകനാവുക എന്നൊക്കെ അഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു ചിന്ത മാത്രം. ഇത്തരം മേഖലകളില്‍ പ്രാവീണ്യമുള്ളവരെയാണ് സ്ത്രീരത്നങ്ങള്‍ക്ക് ഇഷ്ടമാവുക എന്ന ധാരണ. അപ്പോള്‍ പ്രണയം സ്ത്രീയോടാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.!!

ഉവ്വ്. ഇപ്പോള്‍ നിങ്ങളില്‍ പലരുടെയും നെറ്റി ചുളിയുന്നത് ഞാന്‍ കാണുന്നു. പുച്ഛം മുഖത്ത് തളം കെട്ടുന്നതും സംശയം കൊണ്ട് ചിലരുടെയെങ്കിലും പുരികം വക്രിക്കുന്നതും ഞാന്‍ അറിയുന്നു. അതിനു കാരണം പോങ്ങുമ്മൂടന്‍ എന്ന ഹരി വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണല്ലോ. ഇനിയും ഇയാള്‍ക്ക് പ്രണയമോ എന്ന വിചാരമാവും.

യാഥാര്‍ത്ഥ്യമാണ്. പ്രണയ കമ്പോളത്തില്‍ അല്ലെങ്കില്‍ ‘സദാചാരത്തിന്റെ വെള്ളിയാഴ്ച ചന്തയില്‍‘ വിവാഹിതനായ ഒരു പുരുഷന്റെയോ സ്ത്രീയുടെയോ പ്രണയം ഒരു മുടക്കാചരക്കായി മാറുന്നു. വിവാഹിതരില്‍ വിരിയുന്ന പ്രണയത്തിന് പാപത്തിന്റെ നിറവും അവിവേകത്തിന്റെ ഗന്ധവുമാണെന്നു പ്രചരിപ്പിച്ചത് ആരാണ്.

ഫിറമോണ്‍, സെറാടോണിന്‍, ഡോപമിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ് മനുഷ്യനെ പ്രണയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് വായിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെയെങ്കില്‍ ഒരുവന്‍ വിവാഹിതനാവുന്ന ശുഭമുഹൂര്‍ത്തത്തില്‍ ഈ ഹോര്‍മോണുകളുടെ ഉല്പാദനം നിലച്ചുവെങ്കില്‍ മാത്രമേ അവനില്‍ പ്രണയം പിന്നീട് ഉണ്ടാവാതിരിക്കുന്നുള്ളു. അങ്ങനെ സംഭവിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒരുവന്‍ വിവാഹിതനാവുമ്പോഴും പ്രണയമെന്ന മഹനീയാനുഭവം അവനെ വിട്ടൊഴിയുന്നില്ല. അപ്പോള്‍, അവനിലെ വിവേകം അവന്റെ പ്രണയത്തെ മൂടിവയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ തന്റെ ഭാര്യയിലേയ്ക്ക് ആ പ്രണയത്തെ ഒഴുക്കിവിട്ട് തന്റെ ഹൃദയഭാരം കുറയ്ക്കുന്നു. (തിരിച്ചും). എന്നേപ്പോലൊരു അവിവേകിയായ വിവാഹിതന്‍ അതിനൊന്നും മുതിരുന്നില്ല. പ്രണയത്തെ മൂടിവയ്ക്കുവാനോ, ഭാര്യയിലേയ്ക്ക് വഴിതിരിച്ചുവിട്ട് എന്റെ ഹൃദയഭാരം ലഘൂകരിയ്ക്കാനോ ഞാന്‍ ശ്രമിക്കുന്നില്ല. എന്റെ പ്രണയം എന്റെ പ്രണയിനിക്കുമാത്രമുള്ളതാണ്. എന്നു കരുതി ഭാര്യയോട് സ്നേഹമില്ലാത്ത കശ്മലനാണെന്ന ധാരണയും വേണ്ട.

ഞാന്‍ താലികെട്ടിയ, എന്റെ കുട്ടിയെ പ്രസവിച്ച, നിത്യജീവിത്തില്‍ എന്നെ സഹിക്കുന്ന , പരിഗണിക്കുന്ന, ബഹുമാനിക്കുന്ന, എന്നോട് കൂട്ടുകൂടുകയും എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്ന എന്റെ ഭാര്യയോട് സ്നേഹം മാത്രമല്ല ആദരവും എനിക്കുണ്ട്. എങ്കിലും നിര്‍ഭാഗ്യവശാല്‍ എനിക്കവളോട് പ്രണയം തോന്നുന്നില്ല. അത് എന്റെ കുറവും പരാജയവുമായിരിക്കാം. പക്ഷേ, അതാണ് സത്യം. അപ്രിയങ്ങളായ സത്യങ്ങള്‍ പറയേണ്ടതില്ലെന്നാണ്. എങ്കിലും മൂടിവച്ച് എന്റെ പ്രണയത്തെ ശ്വാസം മുട്ടിയ്ക്കാനും ഇരുട്ടിലാക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല.

*****

എന്നായിരിക്കും ഞാന്‍ ആദ്യമായി പ്രണയിച്ചിട്ടുണ്ടാവുക. തീര്‍ച്ചയായും അത് നഴ്സറി ക്ലാസ്സില്‍ വച്ചാവും. എന്റെ ആദ്യ കാമുകി ‘അപ്പോണി’യുമാവും. അപ്പോണി എന്നാല്‍ അല്‍ഫോണ്‍സ എന്ന ഗുണ്ടുമണിക്കുട്ടി. അക്കാലം എന്റെ നാവ് അവളെ ‘അപ്പോണി’ എന്നു വിളിക്കാനേ അനുവദിച്ചിരുന്നുള്ളു.

സമചതുരാകൃതിയിലുള്ള ക്ലാസ്സില്‍ മൂന്നു ചുവരുകളോടും ചേര്‍ത്തിട്ടിരിയ്ക്കുന്ന മഞ്ഞ കുഞ്ഞിക്കസേരകളിലൊന്നിലാണ് അവളിരിയ്ക്കുക.. അപ്പോണിയുടെ തൊട്ടടുത്ത് സീറ്റ് കിട്ടിയില്ലെങ്കില്‍ ഞാന്‍ ഉറക്കെ കരഞ്ഞിരുന്നു. അവളുടുടെ തുടുത്ത കൈകളിലും കവിളുകളിലും നുള്ളി നോവിച്ചിരുന്നതും ഞാന്‍ ഓര്‍ക്കുന്നു. നഴ്സറിക്കെട്ടിടത്തിന്റെ പിന്നിലെ പള്ളിപ്പറമ്പില്‍ അവള്‍ മൂത്രമൊഴിക്കാനിരിക്കുമ്പോള്‍ എന്റെ ചീര്‍ത്ത കവിള്‍ മണ്ണില്‍തൊടീച്ച് കൌതുകത്തോടെ അവളിരിക്കുന്നതും നോക്കി ഞാന്‍ കിടന്നതും അപ്പോള്‍ അവള്‍ കരഞ്ഞുകൊണ്ട് നിക്കര്‍ വലിച്ചിട്ടോടുമ്പോള്‍ കൂടെ പോയി അവളെക്കെട്ടിപ്പിടിച്ചു നിന്ന് ‘കരയാന്‍ കമ്പനി‘ കൊടുത്തതുമെല്ലാം പ്രണയം കൊണ്ടു തന്നെയായിരുന്നിരിക്കണം. അവളുടെ പിന്നാലെ നിഴലുപോലെ നടക്കാന്‍ കൊതിച്ചത് പ്രണയമല്ലാതെ മറ്റെന്താണ്? ഞാന്‍ ആ ഇഷ്ടത്തെ എന്റെ ആ‍ദ്യ പെണ്‍‌കൂട്ടിനെ പ്രണയമെന്ന് തന്നെ വിശേഷിപ്പിക്കുന്നു.

പിന്നെയും പ്രണയം തോന്നിയിരുന്നു പലരോടും. നാലാം ക്ലാസ്സുമുതല്‍ ഏഴാം ക്ലാസ്സുവരെ സ്മിത എസ്. കൈമളിനെ പ്രണയിച്ചു. നിര്‍ഭാഗ്യവശാല്‍ അവളതറിഞ്ഞില്ല. ഇപ്പോള്‍ അവളെ ഒരു സബ്ബ്. ഇന്‍സ്പെക്ടര്‍ വിവാഹം കഴിച്ചുവെന്നു കേട്ടു. അവര്‍ക്ക് രണ്ടു കുട്ടികള്‍.

എട്ടില്‍ സ്വപ്ന തോമസിനെ പ്രണയിച്ചു. റോഷന്‍ എന്ന കൂട്ടുകാരന്‍ എന്റെ കഴുത്തില്‍ കുറേനേരം അമര്‍ത്തിപ്പിടിച്ചപ്പോള്‍ അവളോടുള്ള പ്രണയം ശ്വാസം മുട്ടി മരിച്ചു. അവന്റെ കാമുകിയായിരുന്നെത്രെ അവള്‍. ആരറിഞ്ഞു അത്.

പിന്നെ ഫെബി എബ്രാഹമിനെ പ്രണയിച്ചു. മുടിഞ്ഞ ആത്മാര്‍ത്ഥതയോടെ, രാത്രി മുഴുവനെടുത്ത് എഴുതി തയ്യാറാക്കിയ പ്രണയലേഖനം അവള്‍ക്ക് കൈമാറുന്ന ശുഭമുഹൂര്‍ത്തത്തില്‍ ഒട്ടും അമാന്തം കൂടാതെ, ചില പുരാണ സിനിമകളില്‍ ദേവന്മാര്‍ പ്രത്യക്ഷപ്പെടും പോലെ (വിത്തൌട്ട് ബി.ജി മ്യൂസിക് ) ഹെഡ്മാസ്റ്റര്‍ മത്തായി സാര്‍ അവിടെ പ്രത്യക്ഷപ്പെടുകയും കത്ത് കൈക്കലാക്കുകയും ചെയ്തു. പിന്നെ ആദരപൂര്‍വ്വം എന്നെ അദ്ദേഹത്തിന്റെ റൂമിലേയ്ക്ക് ആനയിക്കുകയും അവിടെ വച്ച് ആ കത്ത് ഉറക്കെ വായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ വായിച്ചു. അനന്തരം അദ്ദേഹം മേശവലിപ്പില്‍ നിന്നും ചൂരലെടുത്ത് ചന്തിയ്ക്ക് സാമാന്യം ഭേദപ്പെട്ട നിലയില്‍ അഞ്ചാറ്‌ പൂശുതരികയും തദ്വാരാ നീറുന്ന ചന്തിയും കരിഞ്ഞ പ്രണയുവമായി ഞാന്‍ ക്ലാസ്സു പറ്റിയെന്നതും ചരിത്രം.

അവിടം കൊണ്ടും തോല്‍‌വി സമ്മതിക്കാന്‍ എന്നിലെ കാമുകന് കഴിഞ്ഞില്ല. അടുത്തതായി എന്റെ പ്രണയാക്രമണം തിരിഞ്ഞത് രമ്യ ജി. നായര്‍ക്ക് നേരേ ആയിരുന്നു. അമ്മയുടെ കൂട്ടുകാരിയുടെ മകള്‍. ഞാനന്ന് സെന്റ്. തോമസ് കോളേജില്‍ പ്രീഡിഗ്രിയ്ക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നു പോവുന്ന കാലം. കൃഷ്ണനോ മജ്നുവോ അല്ലെങ്കില്‍ ഷാജഹാനോ ഈ ഞാന്‍ എന്ന് സ്വയം സംശയിച്ചിരുന്ന സമയം. എന്നാല്‍ ഒരു ഞായറാഴ്ച ദിവസം അവളുടെ 2 ചേട്ടന്മാരും കൊയ്ത്തുകഴിഞ്ഞ പാടത്തിലൂടെ ഒരു കാരണവുമില്ലാതെ ഓടുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവര്‍ക്കു മുന്നിലായി ഞാനും ഓടുന്നുണ്ട്. ആ ഓട്ടം കണ്ടാല്‍ ആരും വിചാരിക്കും അവര്‍ എന്നെ ഓടിക്കുകയാണെന്ന്. എന്തായാലും അതോടെ ഒന്നെനിക്കു മനസ്സിലായി. ഞാന്‍ കൃഷ്ണനും മജ്നുവും ഷാജഹാനുമൊന്നുമല്ല വെറും ഹരിയാണെന്ന്. ഓട്ടത്തിനിടെ എന്റെ താജ്മഹല്‍ അവര്‍ തകര്‍ത്തുകളഞ്ഞിരുന്നല്ലോ.

എന്റെ ആ ഓട്ടം അവസാനിച്ചത് തിരുവനന്തപുരത്താണ്.

കഴിഞ്ഞ ദിവസം നാട്ടില്‍ ചെന്നപ്പോള്‍ എന്റെ അമ്മാവന്‍ ഒരു കത്തെനിക്കു നല്‍കി. വര്‍ഷങ്ങള്‍ പഴക്കമുള്ള കത്ത്. രമ്യ എനിക്കയച്ച കത്ത്. ബുധനാഴ്ച പാലാ പള്ളിയില്‍ ഉച്ചയ്ക്ക് 1 മണിയ്ക്ക് ഞാന്‍ ചെല്ലണമെന്നായിരുന്നു ഉള്ളടക്കം. കൃത്യമായി ചെന്നു. ഞാനായിരുന്നില്ല. എന്റെ അച്ഛനും അമ്മാവനും. അവിടെ വച്ച് എന്റെ പ്രണയത്തിനു കാണിക്കാനുള്ള പച്ചക്കൊടി എന്റെ അമ്മാവനും അച്ഛനും അവളുടെ കൈയ്യില്‍ നിന്നും വാങ്ങി കത്തിച്ചു കരിങ്കൊടിയാക്കി.

ഇന്നവള്‍ മൂന്ന് കുട്ടികളുടെ അമ്മയാണ്. വിവാഹം കഴിഞ്ഞ് 4 വര്‍ഷം തികഞ്ഞപ്പോളെ 3 കുട്ടികള്‍!!. അല്ലെങ്കില്‍ അവള്‍ക്കറിയാവുന്ന പണി വെടിപ്പായി അവള്‍ ചെയ്യുന്നു എന്ന് ആശ്വസിക്കുന്നതാണ് ബുദ്ധി.

അന്ന്, അവള്‍ എനിക്കയച്ച കത്ത് പോസ്റ്റുമാന്‍ ജോസേട്ടന്‍ എന്റെ അമ്മാവനെ ഏല്‍പ്പിച്ചില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഞാനിന്നൊരു കാമുകന്‍ ആവുമായിരുന്നു.

തിരികെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങാന്‍ കാറില്‍ കയറിയപ്പോള്‍ രശ്മി എന്റെ പോക്കറ്റില്‍ നിന്നും ആ കത്തെടുത്ത് അവളുടെ ബാഗില്‍ വച്ചു. പിന്നെ ചെറിയ ചിരിയോടെ പറഞ്ഞു. ‘ഈ കത്ത് ഇങ്ങനെ ഹൃദയത്തോട് ചേര്‍ന്നിരുന്നാല്‍ ചേട്ടന് ഡ്രൈവിങില്‍ ശ്രദ്ധ കിട്ടില്ലെന്ന്.’ - പിന്നെ, അവള്‍ സൂക്ഷിച്ചു കൊള്ളാമെന്നും, മകന്‍ വലുതാവുമ്പോള്‍ അവന് ഈ കത്ത് കാണിച്ചു കൊടുക്കാമെന്നും’.

ശരിയാണ്. അവനെ കാണിയ്ക്കണം.

പണ്ടുകാലത്തെ ടീച്ചര്‍ മാര്‍ ക്ലാസ്സില്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘വലുതാവുമ്പോള്‍ ആരാവണമെന്ന്?‘ ആറാം ക്ലാസ്സില്‍ പഠിച്ചപ്പോള്‍ മേരി ടീച്ചര്‍ എന്നോടും ഇതേ ചോദ്യം ചോദിച്ചിരുന്നു. അന്ന്, ‘ വലുതാവുമ്പോള്‍ എനിക്കൊരു കാമുകന്‍’ ആവണം എന്നുത്തരം നല്‍കി അവളുടെ ഉണ്ടക്കണ്ണില്‍ നക്ഷത്രങ്ങള്‍ വിരിഞ്ഞോ എന്നറിയാന്‍ ഞാന്‍ സ്മിതയെ നോക്കി. എന്റെ വലതു ചെവി മേരി ടീച്ചറിന്റെ കൈകളിലായി. എന്റെ കണ്ണുകള്‍ നൂറായിരം നക്ഷത്രങ്ങള്‍.

എന്റെ മകനോടും അങ്ങനെ ഒരു ചോദ്യം അവന്റെ ടീച്ചര്‍ ചോദിക്കുമോ? ചോദിച്ചാല്‍ ‘എനിക്കൊരു നല്ല കാമുകന്‍’ ആവണമെന്ന് അവന്‍ പറയുമോ? ഇല്ലായിരിക്കും. മനസ്സില്‍ പ്രണയം നഷ്ടപ്പെടുന്ന തലമുറയാണിപ്പോള്‍. പ്രണയത്തേക്കാള്‍ പ്രായോഗികതയ്ക്ക് പ്രാധാന്യം കൊടുക്കുന്നുവര്‍. ഹൃദയത്തേക്കാള്‍ തലച്ചോറിന് പ്രാധാന്യം കല്പിക്കുന്നവര്‍. അവരുടെ ചിന്തകള്‍ ജനിക്കുന്നത് തലച്ചോറിലാണ്. തലയില്‍ വിരിയുന്ന പ്രണയം ആസ്വാദനത്തിനും നേരമ്പോക്കിനും മാത്രമായി ചുരുങ്ങും. എങ്കിലും എന്റെ മകന്‍ ദൈവിക് നല്ലൊരു കാമുകന്‍ ആയിരുന്നെങ്കില്‍...

*****

പ്രണയമെന്നത് തീര്‍ത്തും സ്വകാര്യമായ ഒരുനുഭവം ആയിരിക്കെ എന്തിനാണ് ഞാനിത് പരസ്യമായി പറയുന്നതെന്ന് ആലോചിക്കുന്നുവോ? പ്രണയത്തെ ഞാന്‍ അത്രമേല്‍ പ്രണയിക്കുന്നു. ഞാനിന്നൊരു മകനാണ്, ഭര്‍ത്താവാണ്, ചേട്ടനാണ് , പലരുടെയും അനുജനാണ്, നേരിട്ടല്ലെങ്കിലും ഞാന്‍ അമ്മാവനും വലിയച്ഛനുമാണ്, അതിലെല്ലാമുപരി ഞാനിന്ന് ഒരുപാട് മിത്രങ്ങളുടെ സ്നേഹിതനാണ്. പക്ഷേ, ഞാന്‍ ഒരു കാമുകനല്ല. അതൊരു കുറവായി തന്നെ ഇന്നും ഞാന്‍ കാണുന്നു. തുറന്നുപറയാന്‍ ധൈര്യമില്ലാത്തതുകൊണ്ടു മാത്രമാണ് എനിക്കൊരു കാമുകനാവാന്‍ കഴിയാതെ പോയത്. ഭീരുവിന് കാമുകനാവാന്‍ യോഗ്യതയില്ല. ഇന്ന് എന്റെ പ്രണയം തുറന്നു പറയാന്‍ ധൈര്യം വന്നപ്പോള്‍ ആ പ്രണയത്തിന്റെ പ്രസക്തിയും മൂല്യവും നഷ്ടപ്പെട്ടിരിക്കുന്നു. വിവാഹിതനും അച്ഛനുമായി കഴിഞ്ഞിരിക്കുന്ന ഒരാളില്‍ വിരിയുന്ന പ്രണയത്തിന് നന്മയുടെ സൌരഭ്യം നല്‍കുവാന്‍ എത്ര വാക്കുകള്‍ പാഴാക്കിയാലും സാധിക്കുമോ? ഇല്ല. - ഇനി ഒന്നേ എനിക്കു ചെയ്യുവാനുള്ളു. പ്രണയത്തെ പ്രണയിക്കുക. അതെ പ്രണയത്തോടാണ് എനിയ്ക്കിപ്പോള്‍ പ്രണയം. (കിട്ടാത്ത മുന്തിരിങ്ങയ്ക്ക് വലിയ പുളിപ്പാണ് )

പ്രണയിക്കുകയും മനസ്സില്‍ പ്രണയം സൂക്ഷിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍.

--------

ഇനിയും ചില അരസികന്മാര്‍ ചോദിക്കാന്‍ സാധ്യതയുണ്ട്. ‘എന്നാപ്പിന്നെ കൂക്കേ, തനിക്ക് ആ പൊണ്ടാട്ടിയെ തന്നെ അങ്ങ് പ്രണയിച്ചാല്‍ പോരേന്ന് ‘ .

- സൌകര്യപ്പെടില്ല!!!

മേല്‍ശാന്തിക്കുള്ളത് മേല്‍ശാന്തിയ്ക്ക്, മാരാര്‍ക്കുള്ളത് മാരാര്‍ക്ക്. ഹല്ല പിന്നെ. :)

വിവാഹിതനായ ഒരു പുരുഷന്‍ അയാള്‍ പ്രണയിക്കുന്നത് തന്റെ ഭാര്യയെയാണെന്ന് പറഞ്ഞാല്‍ ആ മാതൃകാ ഭര്‍ത്താവിനെ മുള്ളുമുരിക്കില്‍ ബന്ധനസ്ഥനാക്കി പിന്‍‌ഭാഗത്ത് നായ്ങ്കരണപ്പൊടി തൂത്ത് ചാട്ടവാര്‍, വള്ളിച്ചൂരല്‍, തിരണ്ടിവാല്‍ ഇവയിലേതെങ്കിലുമുപയോഗിച്ച് നന്നായി ഭേദ്യം ചെയ്യണം. അത്രയ്ക്ക് ഹീനമായ കള്ളമല്ലേ ആ പുംഗന്‍ പറയുന്നത്. ഭാര്യയെ പ്രണയിക്കുമെന്ന്. അങ്ങനെ പറയാം. സമാധാനപരമായ കുടുംബജീവിതം ആഗ്രഹിക്കുന്ന ഒരു പുരുഷന്‍ അങ്ങനെ പറയുക തന്നെ ചെയ്യണം. പക്ഷേ...അത് സാധ്യമാവുമോ, സത്യമാവുമോ? അസാന്നിദ്ധ്യമാവില്ലെ ഒരു പ്രണയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നത്? ദാമ്പത്യജീവിതം സാധ്യമാക്കുന്ന നിത്യ സാന്നിദ്ധ്യം പ്രണയത്തെ തളര്‍ത്തുവാനല്ലേ കാരണമാവുന്നത്. ആര്‍ക്കറിയാം. പ്രണയം ഒരോരുത്തരുടെയും മനസ്സില്‍ ഓരോരോ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ബഹുജനം പലവിധം. ഒരു പ്രണയം ബഹുവിധം!! പ്രണയം ജയിക്കട്ടെ. ഞാനെന്റെ ലഹരിയിലേയ്ക്ക് മടങ്ങട്ടെ.