Follow by Email

Tuesday, April 13, 2010

സഞ്ചാരത്തിന്റെ അച്ചായ രീതികള്‍ !

സാധാരണയായി ഏതൊരു യാത്രികനും തന്റെ യാത്രയ്ക്കായി ഒരു മുന്നൊരുക്കമുണ്ടാവും. ഒരു തയ്യാറെടുപ്പ്. പോവേണ്ട സ്ഥലങ്ങള്‍, കാണേണ്ട പ്രദേശങ്ങള്‍, അറിയേണ്ട വസ്തുതകള്‍, കരുതേണ്ട സാധനസാമഗ്രഹികള്‍ അങ്ങനെ അങ്ങനെ എന്തിനെക്കുറിച്ചും ഒരു മുന്നൊരുക്കമുണ്ടാവും. പക്ഷേ, തൊട്ടടുത്ത പെട്ടിക്കടയില്‍ അമ്മൂമ്മയ്ക്കായി മുറുക്കാന്‍ വാങ്ങാന്‍ നമ്മള്‍ പോവുമ്പോള്‍ ചീപ്പ്, കണ്ണാടി, ബ്രഷ്, പേസ്റ്റ് അല്ലെങ്കില്‍ ഉടുതുണിയ്ക്ക് മറുതുണി തുടങ്ങിയവയൊക്കെ അടങ്ങുന്ന പെട്ടിയുമായി പോവാറില്ലല്ലോ. പക്ഷേ, യാത്ര കുറഞ്ഞത് ഒരു 200-300 കിലോമീറ്റര്‍ അകലേയ്ക്കാവുകയും ഒന്നു രണ്ട് ദിവസം തങ്ങുകയും ചെയ്യേണ്ടി വരുമ്പോള്‍ അതിനായി നമ്മള്‍ ഒന്നൊരുങ്ങും. ഒരുങ്ങേണ്ടതാണ്. അതാണല്ലോ സാമ്പ്രദായികമായ യാത്രാരീതി. എന്നാല്‍ ബൂലോഗത്ത് ‘അച്ചായന്‍’ എന്ന് അറിയപ്പെടുന്ന, പ്രശസ്ത സഞ്ചാര സാഹിത്യകാരനായ ശ്രീ. സജി മാര്‍ക്കോസ് എന്ന സജിച്ചേട്ടന്റെ യാത്രാ രീതി വളരെയേറെ പ്രത്യേകത നിറഞ്ഞതായി എനിക്ക് തോന്നി. ഉടുതുണിയ്ക്ക് മറുതുണി ഇല്ലാതെ, ‘നില്‍ക്കുന്നിടത്തു‘ നിന്നും ‘തോന്നുന്നിട‘ത്തേയ്ക്കൊരു യാത്ര!- അതാണ് സഞ്ചാരത്തിന്റെ അച്ചായ രീതി.!!

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അച്ചായന്‍ ഉച്ചയ്ക്ക് 2 മണിയോടെ തൊടുപുഴയില്‍ നിന്നും എന്നെ വിളിക്കുന്നു. ബഹറിനില്‍ നിന്നും രണ്ട് ദിവസം മുന്‍പാണ് ആള്‍ നാട്ടിലെത്തിയത്. മെയില്‍ ചെക്ക് ചെയ്യാനായി അടുത്തുള്ള ബ്രൌസിങ്ങ് സെന്ററിലെത്തിയപ്പോളാണ് എന്നെ വിളിച്ചത്. ഞങ്ങള്‍ ശകലം കുശലത്തിലേര്‍പ്പെട്ടു.‘തിരുവനന്തപുരത്തേയ്ക്ക് വരാനുള്ള പദ്ധതിയുണ്ടോ‘ എന്ന ചോദ്യത്തിന് ‘ പ്രത്യേകിച്ച് ആവശ്യങ്ങളൊന്നുമില്ല പോങ്ങു, ഇനി കാരണമെന്തെങ്കിലും ഉണ്ടാക്കണം’ എന്നാണ് മറുപടി നല്‍കിയത്. ഏതാനും സമയത്തെ സംസാരത്തിനു ശേഷം ഞങ്ങള്‍ ഫോണ്‍ വെച്ചു.

ഏതാണ്ട് 7.30-ഓടുകൂടി അച്ചായന്റെ കോള്‍ വീണ്ടും. ഞാന്‍ ഫോണ്‍ എടുത്തു.

‘ പോങ്ങു, ഞങ്ങള്‍ തിരുവനന്തപുരത്ത് എത്തി. ഇപ്പോള്‍ മാസ്കറ്റ് ഹോട്ടലിനു മുന്നിലുണ്ട്. നീ ഇപ്പോള്‍ എവിടെയാണ്? ‘

വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന ഉഗ്രമൂര്‍ത്തിയാണ് അച്ചായനെന്ന് അറിയാതിരുന്നത് എന്റെ പിഴ.

ഞാന്‍ സ്റ്റാച്യുവിലുണ്ട് അച്ചായാ...

അപ്പോള്‍ ഞങ്ങള്‍ എങ്ങോട്ട് വരണം?

അച്ചായന്‍ ഒരു കാര്യം ചെയ്യ്. നേരേ മുന്നോട്ട് പോരുക. സെക്രട്ടറിയേറ്റ് കഴിഞ്ഞ് ആദ്യം കാണുന്ന ലെഫ്റ്റ് സൈഡിലേയ്ക്കുള്ള റോഡില്‍ വണ്ടി പാര്‍ക്ക് ചെയ്യാം.. ഞാന്‍ 5 മിനിറ്റുകൊണ്ട് അവിടെ എത്തും.

ശരി പോങ്ങു.

15 മിനിറ്റുകള്‍ക്ക് ശേഷവും അച്ചായനെ കാണാത്തതിനാല്‍ ഞാന്‍ വിളിച്ചു.

പോങ്ങു, ഞങ്ങളിപ്പം ആയുര്‍വേദ കോളേജിന്റെ വാതിക്കലെത്തി...

‘വലിപ്പക്കുറവുകൊണ്ടാവാം‘ സെക്രട്ടറിയേറ്റ് കെട്ടിടം അച്ചായന്റെ കണ്ണില്‍ തടഞ്ഞിട്ടില്ല. ആള്‍ കിലോമീറ്ററൊന്നര മുന്നോട്ട് പോയിരിക്കുന്നു. അവിടെത്തന്നെ നിലകൊള്ളാന്‍ അറിയിച്ച് ഞാന്‍ അവരുടെ അടുത്തേയ്ക്ക് പോയി.

അച്ചായനെ ആദ്യം കാണുന്നത് ചെറായി-ല്‍ വച്ചാണ്. അന്ന് ബഹറിന്‍ ബൂലോഗവാസികളുടെ ആശംസയുമായി മീറ്റില്‍ വന്ന് ഭേദപ്പെട്ടൊരു പ്രസംഗവും കാഴ്ചവച്ച് കക്ഷി മടങ്ങിയതാണ്. പിന്നെ ഇടയ്ക്ക് ഒന്നു രണ്ട് മൂന്ന് മെയിലുകള്‍. ഏതാനും സ്ക്രാപ്പ്സ്. ഇപ്പോള്‍ വീണ്ടും ഒരിക്കല്‍ക്കൂടി നേരില്‍ കാണാന്‍ പോവുന്നു.

ഇടുക്കി രജിസ്ട്രേഷനുള്ള അച്ചായന്റെ കാര്‍ വഴിയോരത്ത് പാര്‍ക്ക് ചെയ്തിരിക്കുന്നു. ഞാന്‍ ബൈക്കില്‍ നിന്നുമിറങ്ങി അതിനടുത്തേയ്ക്ക് നടക്കുമ്പോള്‍ കാര്‍ മൂന്നു പേരേ പ്രസവിച്ചു. ഒന്ന് അച്ചായനാണ്. മറ്റു രണ്ടു പേരേയും അച്ചായന്‍ പരിചയപ്പെടുത്തി.

ഉയരം കുറഞ്ഞ ആളെ ചൂണ്ടി അച്ചായന്‍ പറഞ്ഞു : ഇത് ബ്രഷ്നേവ്.

ആദരപൂര്‍വ്വം ഞാന്‍ ചോദിച്ചു : പണ്ട് കോള്‍ഡ് വാര്‍ നടന്ന സമയം സോവിയറ്റ് യൂണിയനെ നയിച്ച....?!!!

എന്റെ ചരിത്രബോധത്തില്‍ അതിശയം പൂണ്ട ആ തിരുദേഹം അരുളിച്ചെയ്തു : തന്നെ..തന്നെ..

‘തൊട്ട് പരിചയപ്പെടാന്‍‘ സാധിച്ചതില്‍ സന്തോഷം - ഞാന്‍ ആ കുഞ്ഞിക്കൈ കുലുക്കി വിട്ടു.

ഉയരക്കാരന്‍ സുനിലാണ്. ബഹറിനില്‍ തന്നെ ജോലി. വീട്ടിലിരുന്ന സുനിലേട്ടനെയും ഓഫീസില്‍ നിന്ന് ബ്രഷ്നേവേട്ടനെയും അച്ചായന്‍ ‘ഇപ്പോ വരാം‘ എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് വന്നതാണ് !!

തമ്പാനൂരിലെ കീര്‍ത്തി ഹോട്ടലിലേയ്ക്ക് ഞാനവരെ കൊണ്ടുപോയി. റൂമെടുത്തു.റൂമിലെത്തിയപ്പോള്‍ സഖാവ് ബ്രഷ്നേവിന്റെ ഓഫീസ് ബാഗില്‍ നിന്നും ഒരു കുപ്പി ഉദിച്ചുയരുന്നു. ഞാന്‍ സൂര്യനമസ്കാരം ചെയ്ത് കുപ്പി കൈക്കലാക്കി ചുംബിച്ചു. സാധനം മാന്‍ഷന്‍ ഹൌസാണ്. ബ്രഷ്നേവ് ചേട്ടന്‍ വര്‍ഗപാനീയമായ ‘വോഡ്ക’ യെ മറന്നതില്‍ ഞാന്‍ പരിഭവിച്ചു. വിഭാഗീയത വോഡ്കയോട് പാടില്ലായിരുന്നു. വോഡ്ക കഴിച്ചാല്‍ സിരകളില്‍ വിപ്ലവവീര്യമൊഴുകുകയും ഹൃദയത്തില്‍ കമ്യൂണിസം നുരയുകയും ചെയ്യുമെന്ന് ഞാന്‍ പറഞ്ഞത് കേട്ട ഭാവം നടിക്കാതെ അദ്ദേഹം ജനല്‍ കര്‍ട്ടന്‍ അഴിച്ച് ഉടുമുണ്ടാക്കി.

സുനിലേട്ടന്‍ ഇതിനിടയില്‍ ഗ്ലാസും ഐസ്ക്യൂബും സോഡയും ഉപദംശകങ്ങളും ഓര്‍ഡര്‍ ചെയ്തു. അച്ചായന്‍ പാന്റ്സ് മാറ്റി ബെഡ് ഷീറ്റ് ഉടുത്തു. ഉടുതുണിയ്ക്ക് മറുതുണിയില്ലാതെയാണല്ലോ മഹാന്മാര്‍ തൊടുപുഴയില്‍ നിന്നും പോന്നിരിക്കുന്നത്. അതാണല്ലോ അതിന്റെ രീതി. ഏത്?ഓര്‍ഡര്‍ ചെയ്ത പ്രകാരം സാധങ്ങള്‍ വന്നു. അച്ചായനൊഴിച്ച് ഞങ്ങള്‍ മൂവരും മാന്‍ഷന്‍ ഹൌസില്‍ കയറി. അച്ചായന്‍ സുരപാനത്തിനു സുല്ലിട്ടിട്ട് വര്‍ഷം 12 കഴിഞ്ഞിരിക്കുന്നു. ഗതകാല സുരപാന സ്മൃതികളെ അയവിറക്കിയും കൊറിച്ചും അച്ചായന്‍ ഞങ്ങളോട് സഹകരിച്ചു.പരസ്പരം കോനയടിച്ചും തമാശകള്‍ പറഞ്ഞും ചിരിച്ചും രസിച്ചും 12 മണിവരെ ഞങ്ങള്‍ കൂടി. പിന്നെ പോവാനായി ഞാന്‍ എഴുന്നേറ്റു. ബൈക്കില്‍ എന്നെ ഈ അവസ്ഥയില്‍ തനിച്ച് വിടാന്‍ അച്ചായന് സമ്മതമല്ല. അദ്ദേഹം കാറെടുത്തു. മൂവരും ചേര്‍ന്ന് എന്നെ വീടെത്തിച്ചു. അവര്‍ മടങ്ങിയപ്പോഴാണ് സഞ്ചാര സാഹിത്യകാരനോട് ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയല്ലോ എന്നോര്‍ത്തത്.

ചോദ്യം ചെയ്യല്‍ നാളത്തേയ്ക്കാക്കാം.

*******

പിറ്റേന്ന് ഉച്ചയോടെ ഉണര്‍ന്നു. കുളിയും കാര്യങ്ങളും കഴിച്ച് ഒരു ഓട്ടോയില്‍ കയറി ഞാന്‍ കീര്‍ത്തിയിലേയ്ക്ക് പോയി. റൂമില്‍ മൂവരെയും കൂടാതെ ഒരു അപരിചിതന്‍ കൂടിയുണ്ട്. അച്ചായന്‍ ആളെ പരിചയപ്പെടുത്തി. ബിജുവെന്നാണ് പേര് . മൂവരുടെയും കൂട്ടുകാരിയുടെ ഭര്‍ത്താവാണ്. ബി.എസ്.എന്‍. എല്‍-ലില്‍ ജോലി നോക്കുന്നു.- പോങ്ങൂ, ഹാങ്ങ് ഓവര്‍ മാറ്റണ്ടേ? - ചോദ്യകര്‍ത്താവ് ബ്രഷ്നേവാണ്.

- ഇന്ന് ഡ്രൈ ഡേ അല്ലേ ബ്രഷേട്ടാ. നമുക്കൊന്ന് ഇന്നലെ തന്നെ കരുതേണ്ടതായിരുന്നു.

ബ്രഷ്നേവ് ചേട്ടന്‍ തലയിണ പൊക്കി. ‘ഹണി ബീ’ ഒന്ന് മൂളിപ്പറന്നുയര്‍ന്നു.

- ഇവന്‍ പട്ടാളക്കാരനാണ്. ബിജു കൊണ്ടു വന്നത്. ബ്രഷേട്ടന്‍ പറഞ്ഞു.

ബിജുവേട്ടനെ നന്ദി അറിയിച്ച് ‘പട്ടാളക്കാരന്‘സല്യൂട്ടും നല്‍കി ഞാന്‍ ഗ്ലാസ്സുകള്‍ നിരത്തി.


ഗ്ലാസ്സുകള്‍ നിറഞ്ഞു.
-----
ഗ്ലാസ്സുകള്‍ ഒഴിഞ്ഞു.


ഇതിനിടയില്‍ അച്ചായന്‍ യാരിദ്-നെ വിളിച്ചു. അവന്‍ അര മണിക്കൂറിനുള്ളിലെത്തും. അച്ചായന്‍ തന്റെ നിക്കോണ്‍ ക്യാമറയുടെ ഉടുപ്പൂരി. വെള്ളിവെളിച്ചം പലതവണ കുടിയന്മാരില്‍ പതിച്ചു.

ഹിമാലയന്‍ യാത്രയെക്കുറിച്ച് ഞാന്‍ അച്ചായനോട് ചോദിച്ചു. അച്ചായനും ബ്രഷും ഹിമാലയന്‍ യാത്ര നടത്തിയെന്നറിഞ്ഞ ബിജു ചേട്ടന്‍ വര്‍ദ്ധിച്ച കൌതുകത്തോടെ ചോദിച്ചു :

ഹിമാലയം, എവിടെ?

കല്പറ്റ കവലയില്‍ നിന്ന് ഒരു മൂന്നര കിലോമീറ്റര്‍ പോയാല്‍ ഹിമാലയമായി - എന്ന സുനിലേട്ടന്റെ മറുപടി ഒരു കൂട്ടച്ചിരിയ്ക്ക് കാരണമായി. ‘ അതല്ലടാ കൂക്കേ, ഹിമാലയത്തിലെവിടെ എന്നാണ് ചോദിച്ചത് ‘ എന്ന ബിജുച്ചേട്ടന്റെ തിരുത്ത് ചിരി ഉയര്‍ത്താനേ ഉപകരിച്ചുള്ളു.

ഇതിനിടയില്‍ ശരവേഗത്തില്‍ അകത്തേക്കു വന്ന യാരിദ് ആരോടും ഒരക്ഷരവും മിണ്ടാതെ നേരേ ഒരു കുപ്പി വെള്ളമെടുത്ത് വായിലേയ്ക്ക് കമഴ്ത്തി.

ഒന്നാമതേ ഈ ചൂട് സഹിക്കാനാവുന്നില്ല മനുഷ്യന്. അതിനിടയില്‍ ഹണിമൂണും. നിര്‍ജ്ജലീകരണം സ്വാഭാവികമായും തളര്‍ത്തും. പാവം. മതിവരുവോളം കുടിക്കട്ടെ. ടിയാന്റെ കല്യാണം കഴിഞ്ഞിട്ട് അധിക നാളായിട്ടില്ല. സ്വാഭാവികമായും ദാഹം കാണും.

യാരിദിനെ മനസ്സിലാവാതിരുന്ന ബ്രഷേട്ടന്‍ അച്ചായനോട് ചോദിച്ചു:

ആരിത്?

യാരിദ്!

ഉത്തരത്തില്‍ തൃപ്തനാവാത്ത ബ്രഷ് ശബ്ദം താഴ്ത്തി എന്നോടും ചോദിച്ചു.

ആ‍രിത്?

ഞാന്‍ പറഞ്ഞു : ഇത് യാരിദ്.

ചുട്ട നോട്ടത്തോടെ പ്ലേറ്റില്‍ നിന്നും രണ്ടുകഷണം ബീഫെടുത്ത് വായിലിട്ട് ബ്രഷ് ചവച്ചു. പിന്നെ അരുചിയോടെ എന്നെയും അച്ചായനേയും മാറി മാറി നോക്കി - ചുടും വിധം തന്നെ. ആളെ കളിയാക്കിയതായാണ് പുള്ളിയുടെ ധാരണ.


വെള്ളം കുടി മതിയാക്കി യാരിദ് എല്ലാവരേയും നോക്കി പുഞ്ചിരിച്ചു. കൈകൊടുത്തു. പരിചയപ്പെട്ടു. സംസാരിച്ചു. ചിരിച്ചു. വലിച്ചു. കുടിച്ചില്ല.

അല്ല യാരിദേ, ശരിക്കും യാരിദ് എന്നുതന്നെയാണോ പേര്? - ബ്രഷേട്ടന് സംശയം അടങ്ങിയിട്ടില്ല.

അല്ല. ഇത് ബ്ലോഗ് നെയിമാണ്. - യാരിദ് പറഞ്ഞു

അപ്പോള്‍ ശരിക്കുള്ള പേര്. - ബ്രഷ്.

സോറി ഞങ്ങള്‍ ബോഗേഴ്സ് ശരിപ്പേര് പറയാറില്ല. അതാണ് കീഴ്വഴക്കം.

വീണ്ടും, ചുട്ട നോട്ടത്തോടെ പ്ലേറ്റില്‍ നിന്നും രണ്ടുകഷണം ബീഫെടുത്ത് വായിലിട്ട് ബ്രഷ് ചവച്ചു. പിന്നെ അരുചിയോടെ അച്ചായനേയും എന്നെയും യാരിദിനെയും മാറി മാറി നോക്കി - ചുടും വിധം തന്നെ.

വീണ്ടും ഗ്ലാസ്സുകള്‍ നിറഞ്ഞു.
-----
വീണ്ടും ഗ്ലാസ്സുകള്‍ ഒഴിഞ്ഞു.

സഭ പിരിയേണ്ട നേരമായി. മധുവിധു കാലമായതിനാല്‍ യാരിദിന് അടുത്ത ‘നിര്‍ജ്ജലീകണത്തി‘നുള്ള സമയമായിരിക്കുന്നു. അച്ചായനും കൂട്ടര്‍ക്കും നാട്ടിലേയ്ക്ക് പോവണം. അതിനു മുന്‍പ് ബ്ലോഗര്‍ ‘അങ്കിളി’നെ കാണേണ്ടതുണ്ട്. ബിജു ചേട്ടനും മറ്റെന്തൊക്കെയോ തിരക്കുകള്‍.


ഞങ്ങളിറങ്ങി. യാരിദ് ബൈക്കിലേറി. ബ്രഷേട്ടന്‍ യാരിദുമായി എന്തൊക്കെയോ സംസാരിക്കുന്നു. ചിലപ്പോള്‍ ‘ശരിപ്പേര്’ അറിയാനാവുമോയെന്ന് അവസാനമായി ശ്രമിക്കുന്നതാവാം. അച്ചായന്‍ അങ്കിളിന്റെ വീട്ടിലേയ്ക്കായി കാറെടുത്തു. സുനിലേട്ടന്‍ പിന്നിലായും ഞാന്‍ മുന്നിലായും കാറില്‍ കയറി. ബ്രഷേട്ടന്റെ ശബ്ദമുയര്‍ന്നതു കേട്ടാണ് ഞാന്‍ അവരെ ശ്രദ്ധിച്ചത്. യാരിദിനു നേരേ ബ്രഷ് വിരല്‍ ചൂണ്ടിയിരിക്കുന്നു. കോപം കൊണ്ട് ചൂണ്ടുവിരല്‍ വിറച്ച് വായുവില്‍ വൃത്തം വരയ്ക്കുന്നു. പിന്നെ വിരല്‍ ആകാശത്തേയ്ക്കുയര്‍ത്തി

‘യാരിദേ കാണുമ്പോള്‍ പറഞ്ഞേക്കൂ,, ഈ ബ്രഷ്നേവ് അവനെ തേടി വരുമെന്ന്. അറുപത് വയസ്സ് കഴിയുമ്പോള്‍ ഈ ഞാന്‍ വന്നിരിക്കുമെന്ന്.. സൂക്ഷിച്ചോളാന്‍ പറ...‘

ഇങ്ങനെ പറഞ്ഞ് ആകാശത്ത് കുത്തിവച്ചിരുന്ന വിരലുമെടുത്ത് ബ്രഷ്നേവേട്ടന്‍ കാറിനടുത്തേയ്ക്ക് നടന്നു. യാരിദ് ബൈക്കിന്റെ ഹാന്‍ഡിലിലേയ്ക്ക് തലചായ്ച്ച് ചിരിച്ചു. ആര്‍ക്കും ഒന്നും മനസ്സിലായില്ല. ഒന്നുമാത്രമറിയാം. ആരെയാണ് ഭീഷണിപ്പെടുത്തിയതെങ്കിലും ആ ഭീഷണിയില്‍ ഒരു പുതുമ ഉണ്ടായിരുന്നു. ഇത് ഭീഷണിയുടെ ബ്രഷ്നേവിയന്‍ രീതി!! ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞ് പകപോക്കാന്‍ ചെല്ലുമെത്രെ!! അതുവരെ ഇയാള്‍ കായകല്പ ചികിത്സ നടത്തി പോക്കാനുള്ള കായബലം ആര്‍ജ്ജിക്കുമായിരിക്കും.കാറില്‍ അങ്കിളിന്റെ വീട്ടിലേയ്ക്ക് പോവുമ്പോള്‍ കാര്യമറിയാന്‍ ഞാന്‍ യാരിദിനെ വിളിച്ചു. ഹിമാലയന്‍ യാത്രക്കിടയില്‍ ബ്രഷിനുണ്ടായ ഒരു ദുരനുഭവത്തെക്കുറിച്ച് അവര്‍ സംസാരിച്ചു നില്‍ക്കെ ബ്രഷ് വിളിക്കാനിടയായ എം.പി യെ തനിക്ക് പരിചയമുണ്ടെന്ന് യാരിദ് പറഞ്ഞപ്പോഴാണ് ബ്രഷ് വയലന്റായതും ഭീഷണിമുഴക്കിയതെന്നും അവന്‍ പറഞ്ഞു. ( അക്കാര്യം അച്ചായന്റെ ‘ഹിമാലയന്‍ യാത്ര’യുടെ അവസാന ഭാഗം എന്ന പോസ്റ്റില്‍ വിശദമായി കൊടുത്തിട്ടുണ്ട്. അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് അവിടെ വരെ പോവാം. )

അരമണിക്കൂറോളം അങ്കിളിന്റെ വീട്ടില്‍ ചിലവഴിച്ച് ഞങ്ങള്‍ ഇറങ്ങി.

പിരിയുവാനുള്ള നേരമാവുന്നു. ഒരു രാവും പകലും തമാശ പറഞ്ഞും ചിരിച്ചും രസിച്ചും കുടിച്ചും കൂട്ടുകൂടിയും ഞങ്ങള്‍ ആസ്വദിച്ചു . അവിസ്മരണീയമായ ആ രാവും പകലും എന്റെ സൌഹൃദ ശൃംഘലയില്‍ കുറേ കണ്ണികള്‍ കൂടിയാണ് വിളക്കിച്ചേര്‍ത്തിരിക്കുന്നത്....

കീര്‍ത്തിയുടെ മുന്നില്‍ കാറെത്തി. എല്ലാവര്‍ക്കും ശുഭയാത്ര നേര്‍ന്ന് ഞാന്‍ കാറില്‍ നിന്നിറങ്ങി. ഇനിയും വരുമെന്ന വാക്കോടെ അവര്‍ മടങ്ങാന്‍ തുടങ്ങുമ്പോഴാണ് അച്ചായനോട് ചോദിക്കാനുള്ള കാര്യം ഞാന്‍ ഓര്‍ത്തത്.

‘അച്ചായാ.. ഒരു നിമിഷം. ഒരു കാര്യം ചോദിക്കാനുണ്ട്.’

എന്താടാ?

അതേ, അച്ചായന്‍ കഴിഞ്ഞ ദിവസം ഈജിപ്ത് യാത്ര നടത്തിയിരുന്നല്ലോ. അതിനു മുന്‍പ് ഹിമാലയത്തിലും പോയി. വേറെയും എത്രയെത്രയോ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരിക്കുന്നു.. അല്ലേ?

ഉം...

അപ്പോള്‍ ഒരു പാട് പണം ചിലവാകുന്നുണ്ടാവുമല്ലോ?

പിന്നെ.. ഇഷ്ടം പോലെ. ന്റെ പൊന്നു പോങ്ങൂ ഇതായിരുന്നോ നിനക്ക് ചോദിക്കാനുണ്ടായിരുന്നത്?!

അല്ല..അച്ചായാ. ഇതല്ല. അടുത്ത മഴക്കാലത്തിനു മുന്‍പായി അച്ചായന്റെ കമ്മട്ടമൊന്ന് കടം തരാമോ? മഴക്കാലമാവുമ്പോ തിരിച്ച് തരാം. എന്തേ?

കമ്മട്ടമെന്ന് കേട്ടതും കാര്‍ മിന്നല്‍ വേഗത്തില്‍ സ്ഥലം കാലിയാക്കി. അല്ലെങ്കിലും കമ്മട്ടം ചോദിച്ചാല്‍ ഏത് അച്ചായനും പറപറക്കും. ഒന്നോര്‍ത്തോ അച്ചായാ.. ചങ്ങാത്തത്തേക്കാള്‍ വലുതല്ല കേട്ടോ കമ്മട്ടം. ഹും.

----------------------------------------------------------------

യാത്ര അല്ലെങ്കില്‍ സഞ്ചാരം എന്നതും ഒരു വിദ്യാഭ്യാസ സമ്പ്രദായമായി കണക്കാക്കാം. അറിവും അനുഭവവും ആനന്ദവുമൊക്കെ ധാരാളമായി സമ്മാനിക്കുന്ന ഒരു പാഠ്യരീതി തന്നെയാണ് ഓരോ യാത്രകളും. യാത്രകളിഷ്ടപ്പെടാത്ത മനുഷ്യരുണ്ടാവില്ല. എന്നാല്‍ യഥേഷ്ടം സഞ്ചരിക്കാന്‍ സാഹചര്യങ്ങള്‍ പലപ്പോഴും പലര്‍ക്കും തടസ്സമാവുന്നു. സാഹിത്യശാഖകളില്‍ സഞ്ചാരസാഹിത്യം പ്രായഭേദമെന്യേ ഏവര്‍ക്കും പ്രിയപ്പെട്ടതാവുന്നതിന്റെ കാരണവും വായനക്കാരുടെ ഉള്ളിലെ ഈ സഞ്ചാരപ്രിയം തന്നെ ആയിരിക്കാം. ഞാനും ഒരു സഞ്ചാര സാഹിത്യ പ്രേമിയാണ്. അച്ചായനെയും നിരക്ഷരനെയുമൊക്കെ ധാരാളമായി വായിക്കാറുമുണ്ട്. ഇനിയും കൂടുതല്‍ കൂടുതല്‍ യാത്രകള്‍ നടത്തുവാനും അവയെല്ലാം ചൂടും ചൂരും ചോരാതെ നമുക്കായി വിളമ്പാനുമൊക്കെ ഇവര്‍ക്കെല്ലാം സാധിക്കട്ടെ.

Tuesday, April 6, 2010

A S L

അരണ്ടവെളിച്ചത്തില്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന എല്‍.സി.ഡി ടിവിയില്‍, മോഹന്‍ലാലും ഭാവനയും തലങ്ങും വിലങ്ങും നടക്കുന്നു. അഴീക്കോട് സുകുമാരന്റെ കാഴ്ചപ്പാടില്‍ ‘അശ്ലീലവും അരോചകവുമായ’ ആ കാഴ്ച കണ്ടുകൊണ്ട് ഞാന്‍ നാലാമത്തെ പെഗില്‍ രണ്ടാമത്തെ ബിയര്‍കുപ്പിയുടെ അവശേഷിപ്പൊഴിച്ച് രുചിച്ചു.

അപ്രതീക്ഷിതമായി കടന്നുവന്ന ‘സുകുമാരചിന്ത‘ മനസ്സിന്റെ ഭിത്തികളില്‍ ചൊറിച്ചിലായി. സൂര്യാഘാതത്തെ വെല്ലുന്ന ‘സുകുമാരാഘാതം’ ഏല്‍ക്കേണ്ടിവരുന്ന മലായാളികളുടെ ദുരവസ്ഥയെക്കുറിച്ചോര്‍ത്തപ്പോള്‍ ചൊറിച്ചില്‍ കലശലായി.

ചൊറിച്ചില്‍ മാറ്റാന്‍ ‘ആന്റിക്വിറ്റി‘ നല്ലതാണ് ! ഒന്നുകൂടി ചെലുത്താം !!

മനസ്സുവായിച്ച് ‘വിളമ്പുകാരന്‍‘ മെഴുകുപ്രതിമകണക്ക് മുന്നില്‍ വന്ന് ചലനമറ്റ് നിന്നു. ഒരു പെഗും ബിയറും ബില്ലിനൊപ്പം പറഞ്ഞു. മെഴുകുപ്രതിമ മടങ്ങിപ്പോയി.

മോഹന്‍ലാലും ഭാവനയും നടത്തമവസാനിപ്പിച്ചിരിക്കുന്നു.

പെഗും ബിയറും വന്നു. ഇരുവരെയും ഇണചേര്‍ത്ത് ഇത്തിരി രുചിച്ചു. പായ്ക്കറ്റില്‍ കിടന്ന സിഗരറ്റുകളിലൊന്നിന് ശാപമോക്ഷം നല്‍കി.

അടുത്ത ടേബിളിലിരിക്കുന്ന കൂട്ടുകാര്‍ പാട്ടുപാടിയും ഉറക്കെ ചിരിച്ചും സൌഹൃദത്തിന്റെ ലഹരി നുണയുന്നു.

കൂട്ടുകൂടി കുടിച്ചാല്‍ കൂടുതല്‍ കുടിക്കും എന്നതുകൊണ്ടല്ല കൂട്ടുകാരെ ഒഴിവാക്കിയത്. രണ്ടാഴ്ച പനിക്കിടക്കയിലായിരുന്നു. തുള്ളി തൊട്ടിട്ടില്ല. ആന്റിബയോട്ടിക്സ് ഇപ്പോഴും കഴിക്കുന്നു. കുടിക്കാന്‍ കൂട്ടുകാര്‍ അനുവദിക്കില്ലെന്നതുകൊണ്ടാണ് തനിയെ സാഹസത്തിനു മുതിര്‍ന്നത്. ഉച്ചക്കുകഴിച്ച ആനിബയോട്ടിക്സിനുമേളിലേയ്ക്ക് ‘ആന്റിക്വിറ്റി’കൂടി ചേര്‍ന്നപ്പോള്‍ ലഹരി ഉച്ഛസ്ഥായിയിലായി.

ഇനിയൊന്ന് ഉറങ്ങണം. ഈ രൂപത്തില്‍ വീട്ടിലെത്തി ഭാര്യയുടെ ക്ഷമ പരിശോധന നടത്തേണ്ട. ഉറങ്ങുവാന്‍ നല്ലത് മലയാള സിനിമ കളിക്കുന്ന ഏതെങ്കിലും തീയേറ്ററില്‍ പോവുന്നതാണ്. സമയം 6.10 ആ‍യിരിക്കുന്നു. 6.15-നു സിനിമ തുടങ്ങും. അല്ലെങ്കില്‍ തിരക്കിടുന്നതെന്തിന് ? ഉദ്ദേശം ഉറക്കമാവുമ്പോള്‍ സിനിമ തുടങ്ങിയെങ്കിലെന്ത്?! ബില്ലില്‍ കണ്ടതുകയും മെഴുകുപ്രതിമയ്ക്കുള്ളതും വച്ച് പുറത്തേയ്ക്ക് നടന്നു. കാലിനു വേദനയുണ്ട്. കാറില്‍ കയറി. കാലുകള്‍ പരിശോധിച്ചു. ഭാഗ്യം. പാദങ്ങളിലെ നീര് അവിടെത്തന്നെയുണ്ട്. നീര് കണ്ടപ്പോള്‍ വൃക്കയുടെ തകരാറാവാനുള്ള സാധ്യത ഒരു സ്നേഹിതന്‍ പ്രവചിച്ചതാണ്. ദ്രോഹിയുടെ പ്രവചനം ഫലിക്കുമോയെന്തോ?.

തീയേറ്ററില്‍ വണ്ടി പാര്‍ക്ക് ചെയ്ത് കൌണ്ടറിലേയ്ക്ക് നടന്നു. സിനിമ തുടങ്ങിയിരിക്കും. കൌണ്ടര്‍ ശുദ്ധശൂന്യം. ടിക്കറ്റൊന്നെടുത്ത് ബാക്കി ഉറപ്പുവരുത്തി തിരിഞ്ഞപ്പോള്‍ ആരുമായോ കൂട്ടിമുട്ടി. മുഖമുയര്‍ത്തി ഞാന്‍ ആ മാന്യദേഹത്തോട് ക്ഷമാപണം നടത്തി നടന്നു.

പത്ത് ചുവടു മുന്നോട്ട് വെച്ചില്ല. പിന്നില്‍ നിന്നും ഒരു ‘എക്സ്ക്യൂസ് മീ’ എന്റെ കാലുകള്‍ക്ക് കടിഞ്ഞാണിട്ടു. ഞാന്‍ തിരിഞ്ഞു നോക്കി. തൊട്ടുമുന്‍പ് കൂട്ടിയിടിച്ച മനുഷ്യന്‍ എന്റെ സമീപത്തേയ്ക്ക് നടക്കുന്നു. കൂടെ അദ്ദേഹത്തിന്റെ വാമഭാഗമെന്ന് തോന്നുക്കുമാറ്‌ ഒരു സ്ത്രീയും.

ഹല്ലോ, പോങ്ങുമ്മൂടനല്ലേ? ഓര്‍ക്കൂട്ടിലെ ലഹരി? - അയാള്‍ ചോദിച്ചു.

അതേ, പോങ്ങുമ്മൂടന്‍ തന്നെ. ഞാന്‍ ലഹരിയിലുമാണ്. എനിക്ക് മനസ്സിലായില്ലല്ലോ!!

ഞാന്‍ പോസ്റ്റുകളൊക്കെ വായിക്കാറുണ്ട്. പക്ഷേ, ഓഫീസില്‍ നിന്നും കമന്റുകളിടാന്‍ സാധിക്കാറില്ല.

അയാള്‍ ചിരിച്ചുകൊണ്ട് കൈനീട്ടി. എന്റെ പോസ്റ്റുകള്‍ വായിക്കേണ്ടി വരുന്ന ആ ഹതഭാഗ്യന്റെ കരം ഞാന്‍ കവര്‍ന്നു . അയാള്‍ പേര് പറഞ്ഞു. ടെക്നോപാര്‍ക്കിലാണ് ജോലിയെന്നും അറിയിച്ചു. കൂടെയുണ്ടായിരുന്ന സ്ത്രീയെ / പെണ്‍‌കുട്ടിയെ എനിക്ക് പരിചയപ്പെടുത്തി. ഭാര്യയാണ്.

ഞാന്‍ അവരെ നോക്കി നമസ്കാരം പറഞ്ഞു.

ഹരി എന്നെ ഓര്‍ക്കുന്നുണ്ടോ? - അവള്‍.
ഭര്‍ത്താവിന്റെ മുഖത്ത് ആശ്ചര്യം.

ക്ഷമിക്കണം. നല്ല പരിചയം തോന്നുന്നു. പേര് പിടികിട്ടുന്നില്ല. നമ്മള്‍ പരിചയപ്പെട്ടിട്ടുണ്ടോ? - ഞാന്‍.

വര്‍ഷങ്ങള്‍ക്കു മുന്‍പ്.

ഓര്‍ത്തിരിക്കാന്‍ നല്ലതൊന്നും നല്‍കാത്ത ഇന്നലെകളെ മറക്കുന്നതാണ് ശീലം..വിരോധമില്ലെങ്കില്‍ തനിക്ക് ഒന്നുകൂടി വ്യക്തമാക്കാം സ്നേഹിതേ.

സംസാരത്തിലെ നാടകീയതയ്ക്ക് യാതൊരു മാറ്റവുമില്ലല്ലോ ഹരീ. നമുക്ക് ഫിലിം കഴിഞ്ഞ് സംസാരിക്കാം. മറവിയില്‍ നിന്ന് എന്നെ കണ്ടെത്താനാവുമോ എന്ന് ശ്രമിക്കൂ.

അവള്‍ കുസൃതി നിറഞ്ഞ ചിരിയോടെ നടന്നു. അയാള്‍ സ്നേഹപൂര്‍വ്വം എന്നെ ആശ്ലേഷിച്ച് അവളെ പിന്തുടര്‍ന്നു.

ആരാവും ഈ മഹിളാമണി? ഈ കരിക്കിന്‍ കഷണം? എവിടെ വെച്ചാണ് ഈ തങ്കമാനവളെ പരിചയപ്പെട്ടത്?

ഞാന്‍ കഴിച്ച അന്റിക്വിറ്റി , എന്റെ ഹേവാര്‍ഡ്സ് ഫൈവ് തൌസന്റേ, മറവിയുടെ ഇരുള്‍മുറിയില്‍ നിന്നും ഓര്‍മ്മയുടെ നടുമുറ്റത്തേയ്ക്ക് ഇവളെ നിര്‍ദ്ദയം നിങ്ങള്‍ വലിച്ചിടൂ. ശേഷം എനിക്കൊന്നുറങ്ങണം. തികച്ചും സമാധാനമായി.

* * *

ഒന്‍പതോ പത്തോ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, തിരുവനന്തപുരത്തെ ഒരു ഐ.ടി കമ്പനിയില്‍‍ വെബ് ഡിസൈനറായി ഞാന്‍ ജോയിന്‍ ചെയ്തു. പാലാക്കാരനും പിന്നീട് എന്റെ ആത്മമിത്രങ്ങളിലൊരുവനുമായി തീര്‍ന്ന സജീവേട്ടന്‍ എന്നെ സഹപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി. അനന്തരം അദ്ദേഹമെന്നെ എന്റെ ക്യുബിക്കിളിലേയ്ക്ക് ആനയിച്ചു. അബിന, അഞ്ജന എന്നീ നാരീമണികളുടെ ഇടയിലായാണ് എന്റെ സ്ഥാനം. ഇടത്തേയ്ക്ക് തിരിഞ്ഞാല്‍ കൈയ്യെത്തും ദൂരെ അബിന, വലതുവശത്തോ അഞ്ജന!! ആനന്ദലബ്ധിക്കിനി വേറെവേണോ എന്നതായിരുന്നില്ല എന്റെ ഭാവം. വഴിതെറ്റി, തിരക്കേറിയ ജനവാസപ്രദേശത്തകപ്പെട്ട കാട്ടുമൃഗത്തേപ്പോലെ ഞാന്‍ പരിഭ്രമിച്ചു. കൈവെള്ളകള്‍ വിയര്‍ത്തു. വലതുകൈയ്യിലൊളിപ്പിച്ച മൌസ് നനഞ്ഞ് കുതറി. അപരിചതത്വത്തെ പരിചിതമാക്കാനായി ഇരു മങ്കമാരും നല്‍കിയ പുഞ്ചിരികള്‍ക്ക് ഞാന്‍ മറുപടി നല്‍കിയില്ല. പെണ്‍കിടാങ്ങള്‍ മോണിറ്ററിലേയ്ക്ക് കണ്ണുകളെറിഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റ് ഇരിപ്പിടം മാറ്റണമെന്ന ആവശ്യം സജീവേട്ടനെ അറിയിച്ചു. സ്ത്രീജനങ്ങളുടെ ഇടയിലുള്ള ഇരിപ്പ് നമുക്ക് ശരിയാവില്ലെന്നും അറിയിച്ചു.

സ്ഥലം മാറ്റം കിട്ടി. സുബോധിനും റെജിനുമിടയില്‍ ഞാന്‍ ‘’കര്‍ത്താവായി‘. ഇരുവശവും ഭേദപ്പെട്ട കള്ളന്മാര്‍. ജോലി സമയത്തിന്റെ 80 ശതമാനവും അവര്‍ ചാറ്റ് ചെയ്യുന്നു. ഊറി ചിരിക്കുന്നു. ഞെളിപിരി കൊള്ളുന്നു. വെള്ളമിറക്കൂന്നു. ഇടയ്ക്കിടെ കണ്ണുകള്‍ കൂമ്പുന്നു !

ഉച്ച സമയത്ത് ‘പെണ്ണ്പേടി’യുള്ള അപൂര്‍വ്വ ജന്മത്തെ കാണാനായി സഹപ്രവര്‍ത്തകര്‍ എനിക്കു ചുറ്റും കൂടി. ചിലര്‍ ആശ്വസിപ്പിച്ചു. മറ്റു ചിലര്‍ ആക്ഷേപിച്ചു. അബിനയും അഞ്ജനയും പരിഹാസത്തിന്റെ കറയുള്ള ചിരി ചുണ്ടുകളില്‍ പുരട്ടിയിരിക്കുന്നു. താടകമാര്‍. രക്തരക്ഷസ്സുകള്‍. എത്രയും വേഗം അരഡസന്‍ പെണ്‍‌കുട്ടികളുടെയെങ്കിലും ചങ്ങാതിയായി ഈ നശൂലങ്ങളെ നാം നാണം കെടുത്തിയിരിക്കുമെന്ന് ശപഥം ചെയ്ത് ഞാന്‍ സുബോധിന് മുന്നില്‍ വഴികള്‍ ആരാഞ്ഞു. ‘ചാറ്റ് ചെയ്ത് കൂട്ട് കൂടുക’ എന്ന പദ്ധതി ആവിഷ്കരിച്ചു തന്നത് സുബോധാണ്. ടിയാന് രാജ്യാന്തര തലത്തില്‍ വരെ ഗേള്‍ഫ്രണ്ട്സുണ്ട്. നമുക്ക് രാജ്യാന്തരം പിടിക്കാന്‍ ഭാഷ സമ്മതിക്കില്ല. അതിനാല്‍ മലയാളദേശത്തുള്ള മങ്കമാരില്‍ കസര്‍ത്തൊതുക്കാന്‍ തീരുമാനിച്ചു.

സുബോധ് യാഹൂ മെസ്സെഞ്ചറിലൂടെ കേരള റൂമില്‍ കയറുന്നതും അവിടെനിന്ന് പേരുകൊണ്ട് പെണ്ണെന്നു തോന്നിക്കുന്ന തങ്കമണികളെ തിരഞ്ഞ് വലയെറിയണമെന്നും പഠിപ്പിച്ചു. ചാറ്റില്‍ പലപ്പോഴും കുറുഭാഷയാണ് ഉപയോഗിക്കുന്നതെന്നും ഉദാ: brb, lol, tc തുടങ്ങിയ പ്രയോഗങ്ങളിലൂടെ എന്തൊക്കെയാണ് അര്‍ത്ഥമാക്കുന്നതെന്നും അവന്‍ പറഞ്ഞു തന്നു. അത്യാവശ്യം അടവുകള്‍ സ്വായത്തമാക്കി ഞാന്‍ കച്ച കെട്ടി അങ്കത്തിനിറങ്ങി.

അരമണിക്കൂറിന്റെ പയറ്റിയിട്ടും ഒന്നും തടയുന്നില്ല. അപ്പോഴാണ് അപ്രതീക്ഷിതമായി ഇങ്ങോട്ടൊരാക്രമണം വന്നത്.

kuttiyanadeeps : hi

കുട്ടിയാനദീപ്സ്’ എന്നാണ് ചാറ്റ് നെയിം. ലിംഗം ഏതോ എന്തോ? പെണ്ണെന്ന വിശ്വാസത്തില്‍ അവളുടെ ‘ഹായ്’-ക്ക് ഒരു മറുഹായ് ഞാനും നല്‍കി.

hari_pala: hi

kuttiyanadeeps : A/S/L

ASL-?? ഓ!! പെട്ടു മോനേ... പെട്ടു. എന്താവും ഇതിന്റെ അര്‍ത്ഥം? എന്റെ ബുദ്ധി പരമാവധി ഞാന്‍ കൂര്‍പ്പിച്ചു. ആദ്യമായി സംസാരിച്ചു തുടങ്ങുമ്പോള്‍ സ്വാഭാവികമായും ഇത് ഏതോ അഭിവാദ്യത്തിന്റെ ഷോര്‍ട്ട് ഫോം ആവണം. ഏതായാലും ‘നമസ്കാരമോ നമസ്തേയോ ഒന്നുമല്ല പിന്നെന്താവും? ആലോചനയ്ക്ക് അറുതിവരുത്തിക്കൊണ്ട് സംഗതി എന്റെ മുന്നില്‍ തെളിഞ്ഞു.

'അസ്സ്ലാമു അലൈക്കും’ എന്നതിന്റെ ഷോര്‍ട്ട് ഫോമാണ് ശിന്നപ്പെണ്ണ് വിട്ടിരിക്കുന്നത്. ഒട്ടും അമാന്തം കൂടാതെ ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു.

hari_pala: V/A/S/L

kuttiyanadeeps : V/A/S/L means???!!!!

മണ്ടി, അവള്‍ക്ക് മനസ്സിലായിട്ടില്ല. ചാറ്റില്‍ പുതുതാവും. പാവം. ഞാന്‍ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ അവളുടെ സംശയം നിവര്‍ത്തിച്ചു. ‘വ അലൈക്കും അസ്ലാം’ എന്നതിന്റെ ഷോര്‍ട്ട് ഫോമാണതെന്നറിഞ്ഞതും അപ്പുറത്തുനിന്ന് മഞ്ഞ ചിരിയുണ്ടകള്‍ അവള്‍ എനിക്കു നേരേ എറിഞ്ഞു

kuttiyanadeeps : :) :) :) :) :) :) :) :) :) :) :) :) :) :) :) :) :) :)

മഞ്ഞ ചിരിയുണ്ടകള്‍ ! ചിരിബോംബുകള്‍ !! അവ അസംഖ്യമായി എനിക്കുനേരേ അവള്‍ വര്‍ഷിക്കുന്നു.

പാട്ടുപുരയ്ക്കലമ്മേ, എന്റെ ചുവട് പാളിയിട്ടുണ്ട്. ഗുരുനാഥനെ ആശ്രയിക്കുന്നതാണ് ബുദ്ധി. ഞാന്‍ സുബോധിനെ ചാറ്റ് കാണിച്ചു.. മുഴുവന്‍ വായിച്ച അവന്‍, മോണിറ്ററില്‍ അവള്‍ എറിഞ്ഞ ചിരിബോബുകള്‍ക്ക് ശബ്ദം നല്‍കി. ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു പട്ടി. കാര്യമറിഞ്ഞ റെജിന്‍ ചിരി ഏറ്റെടുത്തു. പിന്നെ അവന്‍ ചിരിയുടെ ബാറ്റണ്‍ സജീവേട്ടന് കൈമാറി. സജീവേട്ടന്‍ റോജിയ്ക്ക്, റോജി റോബിന്, അവിടെ നിന്ന് അബിനയ്ക്കും അഞ്ജനയ്ക്കും...അവരിലൂടെ ഓഫീസ് മുഴുവന്‍. അപമാനിതനായ എന്റെ ഹൃദയത്തിന്റെ ദീനരോധനം അവരുടെ ചിരിമുഴക്കത്തില്‍ മുങ്ങിപ്പോയി.

* * *

ഒരു വിവരദോഷിയെ പച്ച ജീവനോടെ കാണാനുള്ള പൂതികൊണ്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണം കൊണ്ടേ എന്തോ രണ്ടാഴ്ചകള്‍ക്ക് ശേഷം നേരില്‍ കാണണമെന്ന ആഗ്രഹം കുട്ടിയാനദീപ്സ് പ്രകടിപ്പിച്ചു. കുശലപ്രശ്നത്തിനുള്ള വേദിയും സമയവും ആ മഹിളാമണിതന്നെ തന്നെ ഫിക്സ് ചെയ്തു. അനന്തപുരിയിലെ സാമാന്യം മുന്തിയൊരു ഹോട്ടല്‍! സമയം രാവിലെ 11 മണി!!

ജീവിതത്തിലന്നുവരെ അവിടെ കയറിയിട്ടില്ല. അവിടെയെന്നല്ല അത്തരം മുന്തിയിടത്തൊന്നും തന്നെ. മേപ്പടിയിടങ്ങളുടെ രീതികളോ ചിട്ടവട്ടങ്ങളോ പെരുമാറ്റമര്യാദകളോ നാട്ടുകലുങ്കിലിരുന്ന് വെടി പറഞ്ഞും കൂട്ടുകൂടി പിള്ളച്ചേട്ടന്റെ ചായക്കടയില്‍ പോയി ഉള്ളിവടയും തിന്ന് ചായയും കുടിച്ച് ശീലിച്ച എനിക്ക് ദഹിക്കുന്നതായിരുന്നില്ല. ഇന്നും അതങ്ങനെ തന്നെ.

പറഞ്ഞുറപ്പിച്ച പ്രകാരം കൃത്യം 11 മണിക്കുതന്നെ ഞാന്‍ ഹോട്ടലിനു മുന്നിലെത്തി. കുട്ടിയാനയോ അതിന്റെ പിണ്ടമോ എന്തിന് ചിന്നം വിളി പോലുമോ പരിസരത്തെങ്ങുമില്ല. കാപ്പിപ്പൊടികളര്‍ ജുബ്ബയിലും അതേ നിറത്തില്‍ വീതിക്കരയുള്ള മുണ്ടിലുമായി ഞാനവിടെ കാത്തു നിന്നു. കാലുകഴച്ചപ്പോള്‍ ആ പടിക്കെട്ടിലിരുന്നു. പരിഷ്കാരികളായ കാമുകീകാമുകന്മാര്‍ മുട്ടിയുരുമ്മി, ചിരിച്ചുല്ലസിച്ച്, വായില്‍ നിന്ന് ആംഗലേയം തെറുപ്പിച്ച് എന്നെ കടന്നുപോയി. വിവാഹദല്ലാളിന്റെ പരമ്പരാഗത വേഷത്തില്‍ വന്നതിന് ഞാന്‍ എന്നെ കാര്യമായൊന്ന് ശാസിച്ചു. കഷ്ടപ്പെട്ടുണ്ടാക്കിയ ആത്മവിശ്വാസം സൂചിക്കുത്തേറ്റ ബലൂണ്‍ പോലെ ചുരുങ്ങി ചുളുങ്ങി. അവശേഷിക്കുന്ന മാനവുമായി വേദിയൊഴിയാന്‍ തീരുമാനിച്ച് , എഴുന്നേറ്റ് പടിയിറങ്ങിയപ്പോള്‍ കറുത്ത കൈനറ്റിക് ഹോണ്ട കവിഞ്ഞൊഴുകി കുട്ടിയാന മുന്നിലെത്തി. തുമ്പിയുയര്‍ത്തി ചിന്നം വിളിച്ചു. രൂപഗുണത്തില്‍ സം‌പ്രീതനായ എന്റെ വായ അനുവാദം കൂടാതെ അരയിഞ്ച് വിടര്‍ന്നു.

വണ്ടിയില്‍ നിന്നും അവള്‍ കാലു നിലത്തുകുത്തിയപ്പോള്‍ ഭൂകമ്പ മാപിനിയുടെ സൂചികള്‍ ഒരുവേള പ്രവര്‍ത്തനനിരതമായിരിക്കണം. ആസകലം കുലുക്കി അവള്‍ എനിക്കുനേരേ നടന്നു. അന്നനടയോ ആനനടയോ എന്നു സംശയം അവശേഷിപ്പിക്കുന്ന നടപ്പ്. നല്ല നടപ്പ്. അബദ്ധവശാലെങ്ങാനും ഇവളെന്റെ മേല്‍ വീണുപോയാല്‍ ഒരു കായകല്പചികിത്സ കൊണ്ടും ശരീരം പൂര്‍വ്വസ്ഥിതിയിലാക്കാനാവില്ല.

പാകത്തിന് സംശയത്തോടെ അവള്‍ ചോദിച്ചു : ഹരിയല്ലേ?

ഞാന്‍ പറഞ്ഞു: വളരെ ശരിയാണ്. ഒന്നര മാര്‍ക്ക് തന്നിരിക്കുന്നു.

ചിരിച്ചുകൊണ്ട് ‘ഞാന്‍ ദീപ്തി മേരി വര്‍ഗ്ഗീസ് എന്ന കുട്ടിയാന ദീപ്സ് ‘ എന്നു പറഞ്ഞവള്‍ കൈനീട്ടി. അവളുടെ കൈകളുടെ നൈര്‍മ്മല്യം അറിഞ്ഞ ശരീരം വസന്തകാലമായി. സ്വീകരിച്ച കൈ തിരിച്ചു കൊടുക്കും മുന്‍പായി ഞാന്‍ പറഞ്ഞു : കുട്ടിയാന എന്നു പേരിട്ടതില്‍ ദീപ്തിയോട് ഒരിക്കലും ഒരാനക്കുട്ടിയും പരിഭവിക്കില്ല. നല്ല യോജിപ്പുണ്ട്.

ഞങ്ങള്‍ അകത്തുകടന്ന് തിരക്കു കുറഞ്ഞ ഒരു മൂലയില്‍ ഉപവിഷ്ടരായി.

ചോക്ക്ലേറ്റ് കളര്‍ ഗാന്ധിത്തൊപ്പി വച്ച ഒരുവന്‍ സമീപത്തുവന്ന് ‘ഗ്രന്ഥം’ കൈമാറി. അവളുടെ തടിച്ചുനീണ്ട വിരലുകള്‍ പ്രിന്റ് ചെയ്ത വിഭവങ്ങളെ ഇക്കിളിപ്പെടുത്തിക്കൊണ്ട് പേജുകളില്‍ നിന്ന് പേജുകളിലേയ്ക്ക് നീങ്ങി. പിന്നെ, ആവശ്യാനുസരണം എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു. എല്ലാം കുറിച്ചെടുത്ത ഗാന്ധിയന്‍, അപമാനിക്കും വിധമുള്ള ബഹുമാനത്തോടെ എനിക്കുനേരേ തിരിഞ്ഞു. ഇവന്‍ കുറേയേറെ ‘ടിപ്സു’ന്ന ലക്ഷണമുണ്ട്.

അവിടുത്തെപ്പോലെ ഇവിടെയും - ഗാന്ധിയനെ നോക്കി ഞാന്‍ പറഞ്ഞു. അയാള്‍ പോയി.

ഞാന്‍ പോക്കറ്റ് പരതി തുക ഉണ്ടെന്ന് ഉറപ്പുവരുത്തി. മറ്റ് ഇരിപ്പിടങ്ങളില്‍ നിന്നും യുവമിഥുനങ്ങള്‍ ശ്രദ്ധിക്കുന്നതിനു കാരണം എന്റെ വേഷമോ കുട്ടിയാനയുടെ കായബലമോ ആവാം. ഇറങ്ങിത്തിരിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി. തങ്കമാനാവള്‍ വായ നിറയെ എന്തോക്കെയോ പറയുന്നുണ്ട്. കൃത്യമായ ഭാവങ്ങള്‍ യഥാസമയത്ത് നല്‍കി ഞാനവളെ കേള്‍ക്കുന്നുണ്ടെന്ന് വരുത്തി. ഭവതി പകല്‍ സമയം മേയുന്നത് വിമന്‍സ് കോളേജിലാണെന്നും സംസാരത്തില്‍ നിന്നും മനസ്സിലായി.

ഏതാണ്ട് പതിനഞ്ചു മിനിറ്റുകള്‍ക്ക് ശേഷം ലഘു, ഖര, ദ്രവ രൂപത്തില്‍ വ്യത്യസ്ഥമായ വിഭവങ്ങള്‍ മേശമേല്‍ നിരന്നു. പെണ്ണിന്റെ കണ്ണുകളില്‍ തിളക്കം. എന്റെ കൈ വീണ്ടും കീശയിലേയ്ക്ക് പോയി. പണം തികയുമോ എന്തോ. പെണ്ണ് ഈ രീതിയില്‍ ‘ഓര്‍ഡറി’ടുമെന്ന് കരുതിയില്ല. മുന്നിലിരിക്കുന്ന ഒരു വിഭവത്തെയും മുന്‍‌പരിചയമില്ല. പേരും നാളുമറിയില്ല. കഴിക്കാതെ തന്നെ വയര്‍ നിറഞ്ഞു. കണ്ണുകള്‍ നിറഞ്ഞു. ഇറങ്ങിത്തിരിക്കേണ്ടിയിരുന്നില്ലെന്ന് പിന്നെയും തോന്നി.

പെണ്ണ് വൃത്തിയായി കൃത്യം നിര്‍വ്വഹിക്കുന്നു. വിഭവങ്ങളെ നിമിഷാര്‍ദ്ധം കൊണ്ട് നിലം പരിശാക്കുന്നു. ക്ഷീണിതയാവുമ്പോള്‍ പാകത്തിന് വെള്ളം കുടിച്ച് ആവേശം നേടുന്നു. ഇടയ്ക്ക് തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് അവളെന്നെ തലോടി. പുഞ്ചിരിയുടെ ഒരു ദലം എനിക്കുനേരെ എറിഞ്ഞു.

വിഭവങ്ങള്‍ നഷ്ടപ്പെട്ട പ്ലേറ്റുകള്‍ ‘മൃതപാത്ര‘ങ്ങാളായി അവള്‍ക്കു മുന്നില്‍ നിരന്നു. തൊട്ടശുദ്ധമാക്കാതിരുന്ന എന്റെ വിഭവങ്ങളിലേയ്ക്ക് ചോദ്യരൂപത്തില്‍ അവള്‍ നോക്കി.

“വിരോധമില്ലെങ്കില്‍ ഇതുകൂടി....“ എന്നു പറഞ്ഞ് എന്റെ പങ്കും അവള്‍ക്കായി നേദിച്ചു.
എന്തു വിരോധമെന്ന് ഒരു പുഞ്ചിരിയിലൂടെ പറഞ്ഞ് അവള്‍ മേപ്പടി ക്രിയ ആവര്‍ത്തിച്ചു.

കുറച്ച് പനമ്പട്ട വെട്ടിക്കൊടുത്തിട്ട് ഈ കുട്ടിയാനയെ ഇവിടേയ്ക്ക് ക്ഷണിക്കാന്‍ തോന്നിയില്ലല്ലോ എന്ന് വിചാരിച്ചിരുന്നപ്പോള്‍ എന്റെ മൊബൈല്‍ പാടി. സുബോധാണ്. ഞാന്‍ ശബ്ദം താഴ്ത്തി അവനോട് പറഞ്ഞു : എന്റെ ബോധം മങ്ങിത്തുടങ്ങിയെടാ. ഏതു നിമിഷവും ഞാനിവിടെ തളര്‍ന്നുവീഴാന്‍ സാ‍ധ്യതയുണ്ട്. അങ്ങനെയെങ്കില്‍ നീ എന്നെ വന്ന് എടുക്കണം. കുറച്ചു നേരം കാത്തിട്ട് ബോധം വരികയാണെങ്കില്‍ എന്നെ വീട്ടില്‍ കൊടുത്തേക്ക്. ഇല്ലെങ്കില്‍ തൈക്കാട് വൈദ്യുതശ്മശാനത്തില്‍ കൊണ്ടെ എറിയണം. പിന്നെ അളിയാ.. നീ കുറച്ചു കാശുകൂടി കരുതിയേക്ക്...ഇല്ലെങ്കില്‍ നിനക്ക് ഇവിടെനിന്ന് എന്നെയുമെടുത്ത് ഇറങ്ങാന്‍ കഴിയില്ല. ഗാന്ധിയന്മാര്‍ ഏത് നിമിഷവും നക്സലൈറ്റുകളാവും.“

സംസാരമവസാനിപ്പിച്ച് ഞാന്‍ ഫോണ്‍ മേശപ്പുറത്ത് വച്ചു. കുട്ടിയാന കൃത്യനിര്‍വ്വഹണത്തിനുശേഷം നാപ്കിനില്‍ കൈകള്‍ തുടച്ച് വൃത്തിയാക്കിക്കൊണ്ട് എന്റെ മൊബൈല്‍ ഫോണില്‍ നോക്കി ചോദിച്ചു:

എന്തായിത് ?

‘നിന്റെ അച്ഛന്റെ തേങ്ങ‘ എന്ന മറുപടി മനസ്സില്‍ തന്നെ സൂക്ഷിച്ച് ഞാന്‍ ചോദിച്ചു.

മൊബൈല്‍ ഫോണ്‍ ഇതിനു മുന്‍പ് കണ്ടിട്ടില്ലേ?

ഇത് മൊബൈലായിരുന്നോ. കണ്ടിട്ട് വാക്കി ടോക്കി പോലെയുണ്ട്. - ചിരി

തിന്നത് ആമാശയത്തിലെത്തിയിട്ടില്ല അതിനുമുന്‍പേ താടക തനിനിറം കാണിച്ചു തുടങ്ങി. ഞാന്‍ തെല്ല് വൈക്ലബ്യത്തോടെ മൊബൈലിലേയ്ക്ക് നോക്കി. പറമ്പില്‍ നിന്നും പറിച്ചെടുത്ത ഒരു സര്‍വ്വേക്കല്ല് മാതിരി അതവിടെ വിശ്രമിക്കുന്നു. അല്‍ക്കാടെല്ലേ..നീയും!!!!

ഞാന്‍ അതെടുത്ത് ജുബ്ബയുടെ പോക്കറ്റിലേയ്ക്കിട്ടു. ലക്ഷ്യം തെറ്റിയ മൊബൈല്‍ ഭേദപ്പെട്ട ശബ്ദത്തോടെ നിലത്തുവീണ് നാലായി ചിതറി. അത് വാരിക്കൂട്ടാന്‍ കുനിഞ്ഞതും പോക്കറ്റില്‍ നിന്നും കുറേ ചില്ലറകള്‍ നിലത്തുവീണ് ഉരുണ്ടു. എന്റെ കഥ കഴിഞ്ഞിരിക്കുന്നു. ഞാന്‍ മേശക്കടിയില്‍ നാലുകാലില്‍ ആനകളിച്ച് സിം കാര്‍ഡും കവറും ബാറ്ററിയും ബോഡിയും നാണയങ്ങളും വാരിക്കൂട്ടി. നാണയത്തുട്ടുകള്‍ കിലുങ്ങും പോലെ ചിരികള്‍ പലയിടങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. ഞാന്‍ ഉയര്‍ത്തെഴുന്നേറ്റു. അഴിഞ്ഞുപോയ മുണ്ട് ഒന്നുകൂടി മുറുക്കികുത്തി. അകന്നപോയ ഒരു നാണയത്തുട്ടെടുത്ത് എടുത്തുകൊണ്ടുവന്ന് ഗാന്ധിയന്‍ എനിക്കു നേരേ നീട്ടി. ഹിംസിക്കുന്ന ചിരി ഗാന്ധിയന്റെ മുഖത്ത്. അയാള്‍ നല്‍കിയ നാണയം വാങ്ങി പോക്കറ്റിലിട്ട് പക പുകയുന്ന സ്വരത്തില്‍ ഞാന്‍ പറഞ്ഞു : നന്ദിയുണ്ടേ...

തിരിഞ്ഞു നോക്കിയപ്പോള്‍ തങ്കമാനവളെ കാണുന്നില്ല. പാവം. കൈകഴുകാന്‍ പോയിരിക്കും. എങ്കിലും ദുഷ്ട..തുട്ടുകള്‍ പെറുക്കാന്‍ ഒന്നു സഹായിക്കുക കൂടി ചെയ്തില്ലല്ലോ ഭാരതസ്ത്രീ.

ഗാന്ധിയന്‍ ബില്ലുമായി വന്നു. ഭാഗ്യം. തുക തികയും. ഞാന്‍ പേ ചെയ്ത് അവളെ കാ‍ത്തിരുന്നു. 5 മിനിറ്റ് കഴിഞ്ഞും ആളെത്തിയിട്ടില്ല. ഗാന്ധിയന്‍ വിനയരഹിതമായ മുഖത്ത് ചിരി നിറച്ച് മുന്നില്‍ നിറഞ്ഞു പറഞ്ഞു : സാറിവിടെ കുനിഞ്ഞു നിന്ന സമയത്ത് കൂടെ വന്ന ആള്‍ പോയി കെട്ടോ.

ഉവ്വ !!!!

കുനിഞ്ഞുനിന്നതാണ് കുഴപ്പമായത്.

ഞാന്‍ പുറത്തേയ്ക്ക് നടന്നു. അപമാന ഭാരം കണ്ണുകളില്‍ ഇരുള്‍ വീഴ്ത്തുന്നു.

* * *

ആരോ ഒരാള്‍ തോളില്‍ തട്ടിയപ്പോഴാണ് കണ്ണുകള്‍ തുറന്നത്. സിനിമ കഴിഞ്ഞിരിക്കുന്നു. തട്ടിയുണര്‍ത്തിയ സഹൃദയനോട് ഞാന്‍ ചോദിച്ചു.

കഴിഞ്ഞോ?

കഴിഞ്ഞു.

ഏതായിരുന്നു പടം?

ദ്രോണ.

എങ്ങനെയുണ്ടായിരുന്നു?

ദ്രോഹാ...

അപ്പോള്‍ ഉറങ്ങിയതു ബുദ്ധിയായി.

ഞങ്ങള്‍ ചിരിച്ചു പിരിഞ്ഞു.

മുറ്റത്ത് ദീപ്തിയും ഭര്‍ത്താവും കാത്തു നില്‍ക്കുന്നു. ദീപ്തി നന്നായി മെലിഞ്ഞിരിക്കുന്നു. ഞങ്ങള്‍ സംസാരിച്ചു. മൊബൈല്‍ നമ്പറുകള്‍ കൈമാറി. അന്ന് ചിരി സഹിക്കാനാവാത്തതുകൊണ്ടാണ് ഇറങ്ങിയോടിയതെന്ന് അവള്‍ ക്ഷമാപണരൂപത്തില്‍ പറഞ്ഞു. പിന്നെ വിളിച്ചാല്‍ ഹരി എങ്ങനെ പെരുമാറുമെന്ന സംശയവുമുണ്ടായിരുന്നുവെന്നും. ഈ നുണകള്‍ ഞാന്‍ വിശ്വസിക്കുന്നതായി നടിക്കുന്നുവെന്ന് കളിയായി പറഞ്ഞ്, ആസ്വദിക്കാനാവുന്ന ഒരു തമാശയായി മാത്രമേ ഞാനതിനെ കണ്ടിരുന്നുള്ളുവെന്നും ജന്മസിദ്ധമായ അപകര്‍ഷതകൊണ്ടാണ് പിന്നീട് കുട്ടിയാനയെ കോണ്ടാക്ട് ചെയ്യാന്‍ സാധിക്കാതിരുന്നതെന്നും അറിയിച്ച് ഞാന്‍ അവളെ ആശ്വസിപ്പിച്ചു.

ഒന്നാലോചിച്ചാല്‍ എന്റെ ആദ്യ പെണ്‍ സുഹൃത്താവുന്നു ഈ രസികത്തി. കുസൃതിക്കാരി. എന്നോപ്പോലൊരു അരിസകന് പിന്നെയും നാലഞ്ച് സ്നേഹിതമാര്‍ കൂടി ഉണ്ടായി എന്നതും അതിശയത്തോടെ ഞാന്‍ ഓര്‍ത്തു.

പിരിയാന്‍ നേരം അവള്‍ ഓഫര്‍ ചെയ്ത ട്രീറ്റ് സ്നേഹപൂര്‍വ്വം നിരസിച്ചും വണ്ണം കുറയ്ക്കാനുള്ള ടിപ്സ് ആഹ്ലാദപൂര്‍വ്വം സ്വീകരിച്ചും ഞാന്‍ ഇരുവര്‍ക്കും കൈ നല്‍കി.

കാറിലേയ്ക്ക് കയറുമ്പോള്‍ ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു : ASL ദീപ്തി.

VASL ഹരീ... എന്നു മറുപടി തന്നവള്‍‍ പൊട്ടിച്ചിരിച്ചു.

അവളുടെ ചിരി എന്നിലേയ്ക്ക് പടര്‍ന്നു. ജോണ്‍ എന്ന അവളുടെ ഭര്‍ത്താവിന്റെ മുഖത്തും ആഹ്ലാദം. തിയേറ്ററില്‍ നിന്നിറങ്ങി ഞങ്ങളുടെ കാര്‍ ഇരുവശങ്ങളിലേയ്ക്കും പോയി. എനിക്കുറപ്പുണ്ട് ദീപ്തി എന്ന എന്റെ കുട്ടിയാനയുടെയും അവളുടെ പാപ്പാന്‍ ജോണിന്റെയും സൌഹൃദവലയത്തില്‍ എനിക്കുമുണ്ടൊരു സ്ഥാനം. അതെന്നും നിലനില്‍ക്കട്ടെ.

‘വന്ന വഴി മറക്കാത്ത എന്റെ കാര്‍‘ ബാര്‍ ലക്ഷ്യമാക്കി നീങ്ങി.
ലഹരീശ്വര സന്നിധിയിലേയ്ക്കൊരു മടങ്ങിപ്പോക്ക്....