Follow by Email

Monday, October 25, 2010

A. Aiyyappan അഥവാ ഒരു ശല്യപ്പൻ?!

അയ്യപ്പൻ ചത്തു!

ചത്തു എന്ന പ്രയോഗം പലരിലും അലോസരമുണ്ടാക്കിയേക്കാം. എന്നാൽ അയ്യപ്പനെ അടുത്തറിയുന്നവർക്ക് ആ പ്രയോഗത്തിൽ അനാദരവിന്റെ അരുചി അനുഭവപ്പെടില്ല. അവർക്കറിയാം അയ്യപ്പന് ചാവനല്ലാതെ ദിംവഗതനാവാനോ നാടുനീങ്ങാനോ സമാധിയാവാനോ കാലംപൂകാനോ കാലയവനികയ്ക്കുള്ളിൽ ഒളിക്കാനോ ഒർമ്മയോ ചരിത്രമോ ആവാനോ എന്തിന് മരിക്കാൻ പോലുമോ കഴിയുമായിരുന്നില്ലെന്ന്!

അയ്യപ്പന്റെ മരണവാർത്ത കേട്ടപ്പോൾ ഹൃദയത്തിനുള്ളിൽ ഒരു മുള്ളൻപന്നി കൂർത്തുമൂർത്ത മുള്ളുകൾ വിരിച്ചോടുന്നത് ഞാനറിഞ്ഞു. തളരാത്ത കാലുകളോടെ ഉഗ്രവാശിയിൽ ഇപ്പോഴുമത് ഓടിക്കൊണ്ടിരിക്കുന്നതും എനിക്കറിയാനാവുന്നുണ്ട്. എ.അയ്യപ്പനെന്ന കവിയുടെയോ അദ്ദേഹത്തിന്റെ കവിതകളുടേയോ ഔന്നത്യം മനസ്സിലാക്കാനുള്ള പ്രാപ്തിയില്ലെങ്കിലും അയ്യപ്പേട്ടനെന്ന മനുഷ്യനെ കുറെനാളുകൾകൊണ്ട് കുറെയെങ്കിലും മനസ്സിലാക്കാനെനിക്ക് സാധിച്ചിരുന്നു. ഞാനൊരു കവിയല്ല. അയ്യപ്പേട്ടനൊരു ബ്ലോഗറുമല്ല. ലഹരിയാണ് ഞങ്ങൾ തമ്മിലുള്ള സൌഹൃദത്തെ വിളക്കിച്ചേർത്തത്.

ഏതാനും വർഷങ്ങൾക്കു മുൻപാണ്. തിരുവനന്തപുരത്തെ ഒരു ബാറിനു സമീപമുള്ള ഓടയിൽ നിന്ന് അപ്പോൾ പിറന്നുവീണ ഒരുപശുക്കുട്ടിയെപ്പോലെ വേച്ചുവേച്ച് പ്രാഞ്ചി പ്രാഞ്ചി നാലുകാലിൽ ഒരാൾ ഉദിച്ചുയരുന്നു. പിന്നെ, നാൽക്കാലിക്കിടാവ് ഇരുകാലിയായി നിന്നാടി. മുൻ‌കാലുകൾ ശോഷിച്ച രണ്ട് കരങ്ങളായി പരിണമിച്ച് ഉരിഞ്ഞുതൂങ്ങിയ ഉടുമുണ്ടിന്റെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടിരുന്നു. അന്ന് ഓടയിൽ നിന്ന് എന്റെ മുന്നിൽ ഉയർത്തെഴുന്നേറ്റ ആ ഇരുകാലി അയ്യപ്പേട്ടനായിരുന്നു. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള ആദ്യകൂടിക്കാഴ്ച. പിന്നീട് എത്രയോ തവണ പരസ്പരം കണ്ടിരിക്കുന്നു. മദ്യത്തിന്റെ രൂക്ഷഗന്ധം പേറുന്ന വഴുവഴുത്ത വാക്കുകളിൽ അദ്ദേഹത്തെ കേട്ടിരിക്കുന്നു. അഴുക്കുപുരണ്ട ശരീരം കൊണ്ട് ആശ്ലേഷിക്കാനും അതിരുകടന്ന സ്വാതന്ത്ര്യത്തോടെ കീശയിൽ കൈയ്യിടാനും ഒരു ഓടയിൽനിന്നും അയ്യപ്പേട്ടൻ ഇനി ഉദിച്ചുയരില്ലല്ലോ എന്നോർക്കുമ്പോൾ ഹൃദയത്തിലെ മുള്ളൻപന്നി വീണ്ടും ശക്തിയോടെ കുതറിയോടുന്നു.

* * *

ഈ കുറിപ്പ് എഴുതുമ്പോൾ അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ മോർച്ചറിയിൽ കേടാവാതെ സൂക്ഷിച്ചിരിക്കുകയാണ്. ആർക്ക് വിളമ്പുവാനായി? ജീവിതകാലം മുഴുവൻ ദു:ഖങ്ങളും ദുരിതങ്ങളും മാത്രമനുഭവിച്ച ഒരു മനുഷ്യന് മരണശേഷം പോലും നേരിടേണ്ടിവരുന്നത് അവഗണനയും അവഹേളനവും മാത്രം!!.
തിങ്കളാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാൽ സംസ്കാരം മാറ്റിവയ്ക്കാൻ അയ്യപ്പന്റെ സുഹൃത്തുക്കൾ നിരന്തരമായി ആവശ്യപ്പെട്ടതുകൊണ്ടാണ് ഇന്ന് നടക്കേണ്ടിയിരുന്ന ചടങ്ങ് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റിയതെന്നാണ് സാംസ്കാരിക വകുപ്പ് പറഞ്ഞിരുന്നത്. ഏത് സുഹൃത്തുക്കൾ? ആരോട് പറഞ്ഞെന്ന്?
ചൊവ്വാഴ്ചയാണ് സംസ്കാരത്തിന് പറ്റിയ ദിവസമെന്ന് ബന്ധുക്കൾ അറിയിച്ചതുകൊണ്ടാണ് അന്നേയ്ക്ക് മാറ്റിയതെന്നാണ് പുതിയ വർത്തമാനം. ഏത് ബന്ധുക്കൾ? ആരോട് പറഞ്ഞെന്ന്? കഷ്ടം.

തിരുവനന്തപുരം ഭാഗത്ത് , ആത്മാവിന് ആചാരവെടികൊള്ളാൻ ഭാഗ്യമുള്ള പ്രമുഖന്മാർ മരിച്ചാൽ അവരെ വി.ജെ.ടി ഹാളിൽ പൊതുദർശനത്തിന് വയ്ക്കുന്ന പതിവുണ്ട്. അയ്യപ്പന്റെ മൃതശരീരവും അവിടെ സാംസ്കാരികവകുപ്പ് ‘വിപുലമായ‘ രീതിയിൽ തീർത്തും സൌജന്യമായി പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ സംസ്കാരം മുൻ നിശ്ചയിച്ചപ്രകാരം തിങ്കളാഴ്ചയാക്കിയിരുന്നെങ്കിൽ അവിടെ അയ്യപ്പനെ പ്രദർശിപ്പിക്കാൻ സാംസ്കാരികമന്ത്രി ഇത്തിരി പുളിയ്ക്കും. കഴിഞ്ഞ 15-ആം തീയതി മുതൽ ഇന്നു(25-10-10) വൈകിട്ടുവരെ വി.ജെ.ടി ഹാൾ ‘ഹാൻഡിക്രാഫ്റ്റ്സ് മേള’ യ്ക്കായി വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. (കരകൌശല വസ്തുക്കൾക്ക് 10% വരെ കിഴിവുമുണ്ട്.) അതുമാത്രമോ പ്രശ്നം. മരുന്നിനുപോലും വെടിവെക്കാനുള്ള (ആചാരവെടി) പോലീസുകാരോ തോക്കോ ഉണ്ടയോ പ്രദേശത്തെങ്ങുമില്ല. ഒക്കെയും തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ ക്രമസമാധാനം പരിപാലിക്കുന്ന തിരക്കിലാണ്. അത്യാവശ്യം ഉണ്ടവേണമെങ്കിൽ പിണറായി സഖാവിന്റെ കൈവശം കണ്ടേക്കാം. പക്ഷേ തോക്കില്ലാതെ ഉണ്ടകൊണ്ടുമാത്രമെന്ത് പ്രയോജനം. ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കുറ്റം അയ്യപ്പന്റേത് മാത്രമാണ് . ഏതായാലും ചാവണം എന്നാപ്പിന്നെ ഇലക്ഷനും ഡിസ്കൌണ്ട് മേളയുമൊക്കെ കഴിഞ്ഞ് അടുത്തമാസം ആദ്യവാരത്തോടുകൂടിയെങ്ങാനും അയ്യപ്പേട്ടനത് ആവരുതായിരുന്നോ!!

* * *
പറയുമ്പോൾ എല്ലാം പറയണല്ലോ. എനിക്കു തോന്നുന്നു ഈ വിവാദങ്ങളൊന്നും അയ്യപ്പേട്ടന്റെ ആത്മാവിനെ ഒന്നു സ്പർശിക്കപോലുമില്ലെന്ന്. ജീവിച്ചിരിക്കെ അത്രയേറെ തിരസ്ക്കരിക്കലുകൾക്കും അവഹേളനങ്ങൾക്കും പാത്രമായിരുന്ന ഒരു മനുഷ്യന്റെ ആത്മാവ്‌ മരണാനന്തരാവഹേളനങ്ങളെ തൃണവൽക്കരിക്കാനും പ്രാപ്തമാണ്.

സാംസ്കാരികവകുപ്പ് ഒന്നോർക്കുക. അവനിയാണവന്റെ അന്ത്യശ്വാസം സ്വീകരിച്ചത് . ഇനിയവന്റെ ശരീരത്തിനവകാശി അഗ്നിയുമാണ്. എത്രയും വേഗം തണുത്തുറഞ്ഞ ഇരുളറയിൽ നിന്നും ആ തെരുവുജീവിയുടെ ദേഹം മോചിപ്പിച്ച് അഗ്നിയ്ക്ക് സമർപ്പിക്കാനുള്ള സംസ്കാരമെങ്കിലും സാംസ്കാരിക വകുപ്പ് ദയവായി കാണിക്കുക.

* * *


രണ്ടുമാസങ്ങൾക്കുമുൻപ് അയ്യപ്പേട്ടൻ വീട്ടിൽ വന്നപ്പോൾ കളിയായി ഞാനൊരു കാര്യം ചോദിച്ചിരുന്നു ‘അയ്യപ്പേട്ടൻ സമൂഹത്തിനാണോ സമൂഹം അയ്യേപ്പട്ടനാണോ ശല്യമാവുന്നതെന്ന്...!; ലഹരിയിൽ കൂമ്പിപ്പോയ ഒരു ചിരിയായിരുന്നു മറുപടി.

നിങ്ങൾക്കെന്ത് തോന്നുന്നു : അയ്യപ്പൻ സമൂഹത്തിനായിരുന്നോ സമൂഹം അയ്യപ്പനായിരുന്നോ ശല്യമായിരുന്നത്?!