Follow by Email

Friday, May 27, 2011

പ്രതിബദ്ധതയോടുള്ള വിശപ്പ്. തിരിച്ചും!

പ്രഭാതം സ്വയംപര്യാപ്തത നേടും മുൻപേ തന്നെ വിശപ്പെന്നെ വിളിച്ചുണർത്തി. പരിഭവമില്ല. അതു പതിവുള്ളതാണ്. അല്പം പോലും കലോറി അനാവശ്യമായി പാഴാവരുതെന്ന നിശ്ചയത്താൽ മിതമായ ശരീരചലനങ്ങളോടെ പ്രഭാത കൃത്യങ്ങൾ നിർവ്വഹിച്ചു. സശ്രദ്ധം ശരീരത്തെ സിറ്റ് ഔട്ടിലെ ചൂരൽക്കസേരയിൽ ചാരിവച്ചു. അപ്പോൾ, രാത്രി പ്രഭാതത്തിന്റെ ഉടലിൽനിന്നും ആലസ്യത്തോടെ വിടപറയുന്നതേ ഉണ്ടായിരുന്നുള്ളു.

പത്രക്കാരൻ നീട്ടിയെറിഞ്ഞ പ്രഭാതപത്രം മുറ്റത്തേയ്ക്ക് നെഞ്ചും തല്ലി വീണു. മൈൻഡ് ചെയ്തില്ല. സ്വജനപക്ഷപാതവും അസത്യവും സ്വാർത്ഥതയും സമം ചേർത്താണ് അച്ചടിമഷി ഉണ്ടാക്കുന്നതെന്ന് വൈകിയാണെങ്കിലും മനസ്സിലാക്കി കഴിഞ്ഞിരിയ്ക്കുന്നു. പത്രത്തിലെ വർത്തമാനങ്ങൾക്ക് കണ്ണുകൊടുക്കേണ്ടതില്ല. എന്റെ പ്രശ്നം വിശപ്പാണ്. വിശപ്പുമാത്രമാണ്. മൂക്ക് അനുവാദം ചോദിയ്ക്കാതെ അടുക്കളയിലേയ്ക്ക് പോയി വന്ന് വയറിന് എന്തൊക്കെയോ സന്ദേശങ്ങൾ നൽകി. വിശപ്പ് ആമാശയത്തെ തോണ്ടിവിളിയ്ക്കുന്നു. പല്ലുകൾ വായുവിനെ അല്പാല്പമായി ചവച്ച് ഉമിനീരുമായി കലർത്താൻ വൃഥാപാടുപെടുന്നു.

8.30നു പ്രാതൽ തരപ്പെട്ടു. കാസറോളിൽ ആവിപറക്കുന്ന തൂവെള്ള ഇഡ്ഡലികൾ മോക്ഷപ്രാപ്തി കാത്തുകിടക്കുന്നു. സ്ഫടിക പാത്രത്തിൽ ഒന്നാന്തരം തേങ്ങ ചട്ണി. കാസറോളിൽ നിന്നും ആയുസ്സുതീർന്ന 6 ഇഡ്ഡലികളെടുത്ത് അമ്മ പാത്രത്തിൽ നിരത്തി വെളുത്ത തേങ്ങചട്ണികൊണ്ട് പുതപ്പിച്ചു. കറുത്തനിറത്തിലെ കടുകുമണികൾ ചട്ണിയ്ക്കു കളങ്കമായി കിടക്കുന്നു.

അവഗണിച്ചു.

പൂർവ്വവൈരാഗ്യം തീർക്കും പോലെ ആറിനെയും ശാപ്പിട്ടു. തൃപ്തികിട്ടാത്ത നോട്ടം അമ്മയ്ക്ക് നൽകി.

പാത്രത്തിൽ 3 ഇഡ്ഡലികൂടി ചട്ണിപുതച്ച് നിരന്നു. നിമിഷാർദ്ധംകൊണ്ട് പാത്രമൊഴിഞ്ഞു.

തൃപ്തിയുടെ ഏമ്പക്കത്തിനായി കാതോർത്തു! ഇല്ല!!

അമ്മയുടെ സഹായം കൂടാതെ രണ്ട് ഇഡ്ഡലികളെ പാത്രത്തിലേയ്ക്ക് ക്ഷണിച്ചു. ചട്ണിയോടുള്ള മോഹം തീർന്നതിനാൽ രണ്ടിനെയും മുളകുപൊടിയുടെ സഹായത്തോടെ അപ്രത്യക്ഷമാക്കി.

എവിടെ? നിറവിന്റെ ഏമ്പക്കമെവിടെ?

4 ഇഡ്ഡലികൂടി നിരത്തി. മുളകുപൊടിയ്ക്കുപകരം പഞ്ചസാരകൂട്ടി നാലിനെയും നാമവശേഷമാക്കി.
ഏമ്പക്കം കാത്തിരിയ്ക്കുമ്പോൾ അമ്മ ചോദിച്ചു “മോനേ, ജോലി വല്ലതും ഉടനെ ആവുമോ? “ -മറുപടി പറഞ്ഞില്ല. ഡൈനിംഗ് ടേബിളിലിരുന്ന് ഏമ്പക്കം തേടുന്നത് ബുദ്ധിയല്ലെന്നു മാത്രം മനസ്സിലാക്കി എഴുന്നേറ്റു.

“രണ്ടെണ്ണം കൂടി കഴിയ്ക്കു മോനേ“ എന്നുപറഞ്ഞ അമ്മയോട് ‘ വേണ്ട..തൃപ്തിയായെന്ന് ’ നുണ പറഞ്ഞു. ‘ഊണിന്റെ കാര്യങ്ങൾ നോക്കിത്തുടങ്ങിയോ ’ എന്ന ചോദ്യം അമ്മയുടെ കണ്ണുകളെ തെറ്റില്ലാത്തവിധം പുറംതള്ളി. സാരമായിത്തന്നെ മിഴിഞ്ഞെന്നു സാരം!

ഇഡ്ഡലി ദഹിയ്ക്കും വരെ ടി.വി കാണാമെന്നുവച്ചു.

ഇൻഡ്യാവിഷനിൽ ഉമ്മൻ ചാണ്ടി തല ഉയർത്തി കണ്ണടച്ചു വിക്കുന്നു. എന്തോ കടുത്ത പ്രസ്താവന നടത്താനുള്ള ശ്രമമാണ്. പാവം. അഞ്ചുവർഷം തികയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പ്രതാപം നഷ്ടപ്പെട്ട് ചാണ്ടി ചണ്ടിയാവുമല്ലോ എന്നു മനസ്സിൽ വിചാരിച്ച് ചാനൽ മാറ്റി.

കിരൺ ടി.വിയിൽ മീശമാധവനിലെ പാട്ട്.

കാവ്യമാധവനെ തള്ളിക്കൊണ്ട് ദിലീപ് നടക്കുന്നു. എത്ര നേരമായോ തുടങ്ങിയിട്ട്. പെട്ടെന്ന് ദിലീപ് കൈവലിച്ചതും കാവ്യ തിരിഞ്ഞ് കൂർത്ത ബ്രെസ്റ്റ് ദിലീപിന്റെ ചെസ്റ്റിൽ ഇടിപ്പിച്ചു. ഭയങ്കരി. ദിലീപിന് നൊന്തിരിക്കുമോ? ചാനൽ മാറ്റി. ഏഷ്യാനെറ്റ് ന്യൂസിൽ കാവ്യയുടെ വിവാഹമോചന വാർത്ത. ആകസ്മികം!

ഞാൻ വയറിനോട് ചോദിച്ചു.
“വിശക്കുന്നുണ്ടോ?“

“ഉം..“ വയർ മൂളി.
കുറേ ചിപ്സ് എടുത്തുകൊണ്ടുവന്ന് വയറിനു കൊടുത്തു.

“മോനേ, ഉടനെയെങ്ങാനും ജോലി ശരിയാവുമോടാ? “ - അമ്മയുടെ മറുപടിയർഹിക്കാത്ത ചോദ്യം. അവഗണിച്ചു.

ഇനിയുമിവിടെയിരുന്നാൽ ഭീഷ്മാരാവും. ചോദ്യങ്ങളുടെ ശരശയ്യയിൽ കിടക്കേണ്ടിവരും.

ശരീരത്തെ ഞാൻ കമ്പ്യൂട്ടർ ചെയറിലേയ്യ്ക്ക് എടുത്തുവച്ചു. അവിടുന്ന് നാരീമണികളുടെ ‘ബസ്സു‘(BUZZ)തിരഞ്ഞുപിടിച്ച് അതിൽ കയറി. വമ്പത്തികൾ! അവരുടെ ഭാഷയുടെ വന്യമായി ഒഴുകുന്ന സൌന്ദര്യം, പ്രയോഗത്തിലെ മികവ്, വായനക്കാരെ ബുദ്ധിയുടെ കൂർത്ത മുനയിൽ കോർക്കാനുള്ള വൈഭവം, ഒക്കെയും വിസ്മയിപ്പിച്ചു. വിസ്മയം ശക്തിപ്പെട്ടപ്പോൾ വിശന്നു. രണ്ടുകൂട് ക്രീം ബിസ്ക്കറ്റ് ഒറ്റവീർപ്പിൽ തീർത്തു. ക്രൂരബലാത്സംഗത്തിന് ഇരയായ പെൺ‌കുട്ടിയെപ്പോലെ കൂടുകൾ തളർന്ന് തറപറ്റി.

അല്പസമയം കിടക്കാം. കിടന്നുകൊണ്ട് കറങ്ങുന്ന പങ്കയുടെ ഇലയെണ്ണാൻ ശ്രമിച്ചു. അറിയാഞ്ഞിട്ടാണ്. നിസ്സാരമെന്നു തോന്നുമെങ്കിലും ഭാരിച്ച ശ്രദ്ധവേണ്ട ജോലിയാണത്.

അടുക്കളയിൽനിന്നും മീൻപൊരിച്ചമണം മൂക്കിനെ ചുംബിച്ചപ്പോൾ അർപ്പണബോധത്തോടെ ജോലിതീർത്ത നിർവൃതിയുമായി കിടക്ക വിട്ട് ഉയർന്നു. ഊണുമേശയിൽ വിഭവങ്ങൾ എന്നെക്കാത്തിരിയ്ക്കുന്നത് ആ‍ർത്തിയോടെ കണ്ടു. കൈയ്യും മുഖവും കഴുകിയിരുന്നു.

വട്ടമേറിയ പിഞ്ഞാണത്തിലേയ്യ്ക്ക് അമ്മ ചമ്പാവരി ചോറ് വിരിച്ചു. ഒരു ചോറുമണിയെടുത്ത് തള്ള,ചൂണ്ടുവിരലുകൾക്കിടയിലായി വച്ചു ഞെരിച്ചു. - ‘വേവ് ഇത്തിരി കുറഞ്ഞോ?‘

ചോറിനെ നെടുകെ രണ്ടായി പകത്തു. പിന്നെ വലതു ഭാഗത്തെ പകുപ്പിനെ കുറുകെയുമൊന്നു പകുത്തു. ഒരു പകുപ്പിലേയ്ക്ക് മോരുകറി ഒഴിച്ചു. പൊരിച്ച മീനിന്റെ പള്ളയിൽ നിന്നും പറിച്ച മാംസവും ചീരക്കറിയും കൂട്ടി ഒരുരുള ഉരുട്ടി അച്ചാറിലൊന്നുമുക്കി വായിലാക്കി. പിന്നെ സശ്രദ്ധം ചവച്ചരച്ച് കുഴമ്പുരൂപത്തിലാക്കി ഇറക്കി. സുഖം. ആനന്ദം. കണ്ണുകൾ നിറഞ്ഞു. മേപ്പടി ക്രിയ പലവട്ടം ആവർത്തിച്ചു. പലവട്ടം സുഖിച്ചു. പലവട്ടം ആനന്ദിച്ചു. പലവട്ടം കണ്ണുനിറഞ്ഞു. പകുപ്പുകൾ ഒഴിഞ്ഞ് പാത്രം തിളങ്ങി. ഞാൻ ശ്രദ്ധിച്ചു. എവിടെ? തൃപ്തിയുടെ ഏമ്പക്കം, നിർവൃതിയുടെ ഏമ്പക്കം, അതെവിടെ? രസവും മോരും കൂട്ടാനായി പാത്രത്തിൽ നിന്നും ചോറിനെ പിഞ്ഞാണത്തിലേയ്ക്ക് ആനയിച്ചു. എല്ലാത്തിനെയും രുചിച്ചു. എന്നിട്ടും നിറവിന്റെ ആ ഏമ്പക്കം എന്നോട് പിണങ്ങി നിൽക്കുന്നത് വേദനയോടെ ഞാൻ അറിഞ്ഞു.

നിരാശയോടെ ഊണുമേശയോട് വിടപറയുമ്പോൾ അമ്മ ചോദിച്ചു - മക്കളേ, ഉടനെയെങ്ങാനും ജോലി വല്ലതും?
ഉത്തരം ഒരു മറുചോദ്യമായിരുന്നു - നാലു മണി കാപ്പിയ്ക്ക് കഴിയ്ക്കാൻ വല്ലതുമുണ്ടാവില്ലേ?

അമ്മ നിന്ന നിൽ‌പ്പിൽ പലവട്ടം സുല്ലിട്ടു.

ഞാൻ ‘കൈവായകൾ’ കഴുകി കിടന്നു. മയങ്ങി. മയക്കത്തിൽ കാച്ചിൽ പുഴുങ്ങിയത് വറ്റൽമുളക് ചുട്ട ചമ്മന്തിയും കൂട്ടി തിന്നുന്നതായി സ്വപ്നം കണ്ടു. കാന്താരിമുളകും ഉള്ളിചതച്ചതുമായിരുന്നു കൂടുതൽ നല്ലതെന്ന് സ്വപ്നത്തോട് പറഞ്ഞു. സ്വപ്നം അങ്ങനെകാട്ടി തന്നു. എന്നിട്ടും വന്നില്ല ഏമ്പക്കം! നിരാശയോടെ കിടക്കവിട്ടെഴുന്നേറ്റു. മണി നാലാവാറായിരിയ്ക്കുന്നു. ഊണുമേശയെ ചുറ്റിപ്പറ്റി നടന്നു. അടുക്കളവരെ ഒന്നെത്തി നോക്കി മടങ്ങി. എന്തൊക്കെയോ പെരുമാറ്റങ്ങൾ അടുക്കളയിൽ. പ്രതീക്ഷയ്ക്കു വകയുണ്ട്. ഞാൻ ഇരുന്നു. അമ്മ ചായ കൊണ്ടുവന്നു. കൂടെ അവൽ നനച്ചതും. തിന്നു. 2 പഴം കൂടി ഉണ്ടായിരുന്നെങ്കിൽ കുശാലായേനേ എന്നു ചിന്തിച്ചു. എണീറ്റ് സിറ്റ്‌ഔട്ടിലേയ്യ്ക്ക് നടക്കുമ്പോൾ അലമാരയിലെ പലഹാരപ്പാത്രത്തിൽ നിന്നും കുറേ എള്ളുണ്ടകളും കൈകളിലെടുത്തു.

എള്ളുണ്ടകൾ തിന്നുകൊണ്ടിരിയ്ക്കുമ്പോഴാണ് സാമൂഹികപ്രതിബദ്ധതയുള്ള ഒരു പൌരനാണ് താനെന്ന ഓർമ്മയെ മനസ്സ് രുചിച്ചത്. കുറച്ചു സമയം സമൂഹത്തിനുവേണ്ടി ക്രിയാത്മകമായി എന്തെങ്കിലും ചിന്തിക്കേണ്ടിയിരിയ്ക്കുന്നു. ചുമ്മാ ചിന്തിച്ചുകളയാം. എള്ളുണ്ട ചവച്ചുകൊണ്ട് , മനുഷ്യവിഭവശേഷിയെ പ്രയോജനകരമാംവിധം ചൂഷണം ചെയ്യാനുള്ള സർക്കാരുകളുടെ പ്രാപ്തിക്കുറവാകാം രാഷ്ട്രത്തിന്റെ വളർച്ച മന്ദഗതിയിലാവാൻ കാരണമെന്ന് ചിന്തിച്ചു. അതിനു പരിഹാരം കാണേണ്ടതുണ്ട്. മാറ്റങ്ങൾ അനിവാര്യമാണ്. ആരാണ് മാറ്റങ്ങൾ വരുത്തേണ്ടത്? തീർച്ചയായും ഞാനല്ലാതെ മറ്റാർ? അതിന് ഈ ചൂരൽക്കസേരയിൽ ഇങ്ങനെ ഇരുന്നാൽ‌ മതിയോ? പോരാ! .

എഴുന്നേറ്റു. ഉറച്ച കാൽ‌വയ്പ്പുകളോടെ നടന്നു.

സാമ്രാജ്യത്തിന്റെ കോട്ടവാതിലും കടത്തി കാലുകൾ എന്നെ അധികാരത്തിന്റെ സിംഹാസനച്ചുവട്ടിൽ എത്തിച്ചു. മുന്നിൽ അപ്പിൾ പച്ച നിറത്തിൽ തിളങ്ങുന്ന എന്റെ സിംഹാസനം. എന്റെ യൂറോപ്യൻ ക്ലോസ്സറ്റ് . സർവ്വപ്രതാപത്തോടെയും ഗർവ്വോടെയും ഞാനതിൽ അമർന്നിരുന്നു. ആരവങ്ങളുയർന്നു. ക്രിയാത്മകമായ പദ്ധതികൾ, ആശയങ്ങൾ ഒക്കെയും ഒന്നൊന്നായി ബഹിർഗമിച്ചു. പ്രതിബദ്ധതയ്ക്ക് കാര്യമായ തോതിൽ ശമനം വന്നു. അതിന്റെ നിർവൃതിയിൽ ബക്കറ്റ്, മഗ്, വാഷ് ബേസൻ, ഷവർ തുടങ്ങിയ നാനാജാതി പ്രജകളെ വിസ്തരിച്ചു ഭരിച്ചു. ഭരണം അതിന്റെ പാര‌മ്യതയിൽ എത്തിയപ്പോഴാണ് കോട്ടവാതിൽ കടന്ന് ആ ചോദ്യം മുഴങ്ങിയത് :

- “മക്കളേ, ഉടനെയാങ്ങാനും ജോലി ശരിയാവാനുള്ള സാധ്യത വല്ലതും...?“

ആസനം കഴുകി, ചെങ്കോൽ ഭിത്തിയിൽ തൂക്കി നാം സിംഹാസനം വെടിഞ്ഞു. കോട്ടവാതിൽ തുറന്ന് ലേഡി ചോദ്യകർത്താവായ അമ്മയോട് പറഞ്ഞു. -

“ അമ്മയുടെ മകൻ ഇന്ന് കേവലം അമ്മയുടെ മകൻ മാത്രമാണെന്ന് ധരിയ്ക്കരുത്. നമ്മുടെ സേവനങ്ങൾ ഈ കുടുംബത്തിനു വേണ്ടി മാത്രം ഒതുക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് നമ്മെ ജോലിയ്ക്കു പറഞ്ഞുവിടാനുള്ള അമ്മയുടെ ഈ ശ്രമമെന്ന് നാം മനസ്സിലാക്കുന്നു. തിരിച്ചടി ശക്തമായിരിയ്ക്കും. നേരിടേണ്ടിവരുന്നത് ഒരു രാജ്യത്തിന്റെ തന്നെ പ്രതിഷേധമായിരിയ്ക്കും. ഈ പ്രായത്തിൽ അമ്മയ്ക്കത് താങ്ങാനാവില്ല. നമ്മെ വഴിതെറ്റിയ്ക്കാനുള്ള ഇത്തരം കുത്സിത ശ്രമങ്ങളിൽ നിന്നും അമ്മ പിൻ‌വാങ്ങുവാൻ നാം ആഞ്ജാപിക്കുന്നു. നാം രാഷ്ടത്തിന്റെ പുത്രനാണ്. നമ്മുടെ രാജ്യത്ത് ഏതെങ്കിലും രാഷ്ട്രസേവകൻ ജോലിയ്ക്കുപോയി കുടുംബം പോറ്റിയ ചരിത്രമുണ്ടോ? പുത്തൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്തുപണിയെടുത്താണ് മക്കളെയും ചെറുമക്കളെയും പോറ്റുന്നത്? നമ്മൾ പാലാക്കാരുടെ സ്വന്തം എം.എൽ.എ-യും പുത്തൻ ധനകാര്യമന്ത്രിയുമായ കെ.എം മാണിയോ? ജനിച്ചിട്ടുന്നുവരെ മേലനങ്ങി ഒരു പണി ചെയ്തതായി ചരിത്രത്തിലുണ്ടോ? ആ മാഹാത്മാവ് അല്പമെങ്കിലും വിയർപ്പൊഴുക്കി പണിചെയ്തത് അടുത്തതലമുറയെ സൃഷ്ടിക്കാൻ മാത്രമാണെന്ന സത്യം നാം കാണാതെ പോവരുത് . ബാക്കി ഊർജ്ജം മുഴുവൻ കുളിയ്ക്കാനും ജനസേവനത്തിനുമായി മാറ്റിവച്ചിരിയ്ക്കുകയാണ് ആ നിസ്വാർത്ഥൻ. പൂജനീയൻ. ഇപ്രകാരം ഇടതിലും വലതിലുമൊക്കെയായി നമുക്കുമുന്നിൽ എത്രയെത്രയോ ജീവിക്കുന്ന ഉദാഹരണങ്ങൾ. ഇല്ല അമ്മേ. അമ്മയുടെ മകൻ പിന്തുടരുന്നത് അവരുടെ പാതയാണ്. നമുക്കിനി ജനങ്ങളെ സേവിയ്ക്കണം. സേവിച്ചു സേവിച്ചു കൊല്ലണം. ഈ തടി സേവിയ്ക്കാൻ മാത്രമുള്ളതാണ്. നാം തീരുമാനിച്ചമ്മേ, മരണം വരെ സേവനം മാത്രം .എന്നെ തടയരുത്. അമ്മേ എന്നു വിളിച്ച നാവുകൊണ്ട് മാതാശ്രീ എന്നു വിളിപ്പിയ്ക്കരുത് “

“ഇല്ല മോനേ, അമ്മ ധന്യയായി.പാൽക്കഞ്ഞി എടുത്തുവച്ചിട്ടുണ്ട്. ചൂടാറുംമുൻപേ അതുകഴിച്ച് വിശ്രമിയ്ക്കൂ..”

“ ചൂടാറുംമുൻപേ അതു കഴിച്ച് വിശ്രമിച്ചോളാം അമ്മേ ” - ഞാൻ അമ്മയെ അനുസരിച്ചു.

പാൽക്കഞ്ഞി കുടിച്ച് ഏമ്പക്കവും കാത്ത് കിടക്കുമ്പോഴാണ് ഫോണിൽ അമ്മ ആരോടോ സംസാരിയ്ക്കുന്നത് കേട്ടത്.

- ഇന്നിത്തിരി കൂടുതലാണ് ശാരദേ... അതേ.. കൊണ്ടുപോയി കാണിയ്ക്കാം... നാണക്കേടൊന്നും ഇനി നോക്കാനില്ല. തുടക്കത്തിലേ ചികിത്സ കിട്ടിയാൽ ഭേദമായാല്ലോ...

പാവം അമ്മ. എനിയ്ക്ക് ഭ്രാന്താണെന്ന് കരുതുന്നു. കഷ്ടം. അല്ലെങ്കിലും പൊതുജനസേവനത്തിന് ഇറങ്ങുന്ന മക്കളെ വട്ടാ‍ക്കുന്നത് ഏത് അമ്മമാരുടേയും ഹോബിയാണല്ലോ. പുവർ മദേഴ്സ്. രാഷ്ടം ഇവരോട് ചോദിയ്ക്കട്ടെ. ഇവരോട് പൊറുക്കാതിരിയ്ക്കട്ടെ.

ഞാനതല്ല ആലോചിക്കുന്നത്. അതെവിടെപ്പോയി? നിറവിന്റെ, നിർവൃതിയുടെ, തൃപ്തിയുടെ ആ ഏമ്പക്കം, അതെവിടെ? ഹോ! ഞാൻ ഭയക്കുന്നു. ഏമ്പക്കരഹിതമായ ജീവിതം എത്ര അർത്ഥശൂന്യമാണ്!! ജീവിതവിജയത്തിന് ഏമ്പക്കം വഹിക്കുന്ന പങ്കിനെക്കുറിച്ച് നാളെയൊരു പോസ്റ്റ് എഴുതണം. പക്ഷേ അത് ആഹാരത്തിനു മുൻപ് വേണോ പിൻപുവേണോ എന്നുമാത്രമാണ് ശങ്ക. കാരണം ഞാൻ സാമൂഹികപ്രതിബദ്ധതയുള്ള ഒരു പൌരൻ മാത്രമല്ല വിശപ്പുള്ള മനുഷ്യൻ കൂടിയാണല്ലോ!

ഇരുളിൽ ഏമ്പക്കത്തെ കാത്തുകിടക്കുമ്പോൾ ആമാശയത്തിന്റെ ഭിത്തിയിൽ വിശപ്പിന്റെ കൈകൾ ഇഴഞ്ഞു തുടങ്ങിയിരുന്നു. അവൻ പിടിമുറുക്കും മുൻപേ എനിക്കുറങ്ങേണ്ടതുണ്ട്. ഞാൻ എനിയ്ക്ക് ശുഭരാത്രി നേർന്നു.

Tuesday, January 4, 2011

ദാരിദ്ര്യത്തിന്റെ പുതിയ മുഖം

നിലാവ് നിശബ്ദമായൊഴുകുന്ന ഇടവഴി താണ്ടി കുത്തുകല്ലുകളിൽ ചവിട്ടി നാനാജാതി മരങ്ങൾ ഒരുമയോടെ വസിക്കുന്ന മനയ്ക്കലെ പറമ്പും സർപ്പക്കാവും കടന്ന് സംഭ്രമം തുടിക്കുന്ന മനസ്സുമായി അതീവശ്രദ്ധയോടെ, തന്നെ പൊതിയുന്ന കൈതപ്പൂവിന്റെ ഗന്ധം പോലും നിഷ്കരുണം അവഗണിച്ചുകൊണ്ട് അയാൾ നടന്നു !

അവൾ വന്നിരിക്കുമോ? വന്നിരിക്കും. ചിലപ്പോൾ കാത്തിരുന്ന് മടുത്തപ്പോൾ തിരിച്ചു പോയെന്നും വരാം.

ഉറങ്ങണമെന്ന് കരുതിയതല്ല. ഉറങ്ങിയിട്ടുമുണ്ടാവില്ല. ഏറിയാൽ ഒന്നു മയങ്ങിയിരിക്കും. ഉറക്കവും മയക്കവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കാനുള്ള നേരമല്ലിത്. ഒന്നുണ്ട്. ഉറക്കമായാലും മയക്കമായാലും അത് തന്നെ ചതിച്ചിരിക്കുന്നു. ഇലഞ്ഞിച്ചുവട്ടിൽ അവൾ എത്തേണ്ട സമയത്തിനുള്ള അടയാളം രാത്രി വടക്കോട്ട് പോവുന്ന രണ്ടാമത്തെ ട്രെയിനിന്റെ ശബ്ദമാണ്. തെക്കോട്ട് പോവുന്ന ആദ്യ ട്രെയിനിന്റെ ശബ്ദം കേൾക്കുമ്പോൾ താൻ വീട്ടിൽ നിന്നിറങ്ങും. അരമണിക്കൂർ നടത്തം. രണ്ടാമത്തെ വടക്കോട്ടുള്ള വണ്ടിയുടെ ശബ്ദത്തിന് ഇലഞ്ഞിച്ചുവട്ടിൽ... ആ ആദ്യവണ്ടിയുടെ ശബ്ദത്തെയാണ് എന്റെ കാതിലെത്താതെ ഉറക്കമോ മയക്കമോ കട്ടെടുത്തത്...

അവളെകാണുവാനുള്ള തിടുക്കവും പ്രണയസുരഭിലമായ മനസ്സും സുന്ദരമായൊരു സുരതക്രിയ നൽകിയ ആലസ്യത്തിൽ കൂമ്പിപ്പോയ സുന്ദരിയെപ്പോലെ മയങ്ങുന്ന പ്രകൃതിയും അയാളുടെ കാലുകൾക്ക് അധിക കുതിരശക്തി നൽകി. അതിവേഗം അയാൾ നടന്നു. സുവർണ്ണശോഭയിൽ മയങ്ങുന്ന മനക്കലെ കൊയ്യാറായ പാടം നിലാവിന്റെ ചുംബനമേറ്റ് പുളയുന്നു.. അതിനുമക്കരെ തല ഉയർത്തി നിൽക്കുന്ന ഇലഞ്ഞിമരം അയാൾക്ക് മുന്നിൽ തെളിഞ്ഞു. അതിനു ചുവട്ടിൽ തന്റെ പ്രിയപ്പെട്ടവളുണ്ട്. വിശാലമായ പാടത്തിന്റെ ഞരമ്പുകളെപ്പോലെ തോന്നിച്ച വരമ്പുകളിലൊന്നിലൂടെ അയാൾ അക്കരയ്ക്ക് ഒഴുകി...

ഇലഞ്ഞിച്ചുവട്ടിൽ, നിലാവിൽ നനഞ്ഞ്, അവൾ. വർദ്ധിച്ച ആവേശത്തോടെ തന്റെ കൈകൾ കൊണ്ട് പരിഭപ്പൂവ് വിരിഞ്ഞ , നനഞ്ഞുകുതിർന്ന അവളുടെ മുഖം അയാൾ കോരിയെടുത്തു. നനവൂറുന്ന കീഴ്ചുണ്ടിൽ ചന്ദ്രബിംബം തിളങ്ങുന്നു. അയാൾ ആ ചന്ദ്രബിംബത്തെ കടിച്ചെടുക്കുമ്പോൾ പരിഭവപ്പൂവ് വാടിക്കൊഴിയുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു. അവളെ തന്റെ ശരീരത്തോട് ചേർത്തമർത്തി ഇലഞ്ഞിപ്പൂവിന്റെ സുഗന്ധമുള്ള അവളുടെ നിശ്വാസം ആസ്വദിച്ച് അയാൾ അവളുടെ കാതിൽ പതിയെ വിളിച്ചു…

“ എന്റെ പ്രിയേ..“

അപ്പോൾ,പരിഭവം കൊണ്ട് വക്കുപൊട്ടിയ വാക്കാൽ അവൾ പറഞ്ഞു

- “ ഞാൻ പ്രിയയല്ല…വാസന്തിയാണ് “

പതിറ്റാണ്ടുകൾക്കു മുൻപുണ്ടായിരുന്ന കാമുകിമാരുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വിറയാർന്ന ശബ്ദത്തിൽ ‘പ്രാണനാഥാ..’ എന്ന അവളുടെ മറുവിളി കേൾക്കാൻ കാത്തിരുന്ന അയാൾ ഇത്തരമൊരു മറുപടിയോടെ താൽക്കാലികമായുണ്ടായ പ്രണയചോർച്ചയാൽ അവളിൽ നിന്ന് അടർന്നുമാറി. മുന്നിലിരിക്കുന്ന കഞ്ഞിയിൽ പല്ലിമൂത്രം വീണാൽ വിശന്നുപൊരിഞ്ഞിരുന്നവന്റെ മുഖത്ത് വിരിയുന്ന നിസ്സഹായതയായിരുന്നു ആ നിമിഷം അയാളുടെ മുഖത്ത് നിലാവെളിച്ചം വരച്ചുചേർത്തത്...

ക്ഷണനേരം അയാൾ അവളെനോക്കി ചലനമറ്റു നിന്നു. പിന്നെ, ഞെരിച്ച പല്ലുകൾക്കിടയിലൂടെ ബുദ്ധഭഗവാനെപ്പോലും വിസ്മയിപ്പിക്കുന്ന ശാന്തതയോടെ പറഞ്ഞു

- “എടീ മൈനേ, മന്ദാകിനീ, വാസന്തിയെന്ന പേര് ഒരു കാമുകിക്ക് ഇണങ്ങുന്നത് അല്ലെന്നതുകൊണ്ടോ ഗോമതിച്ചേച്ചിയുടെ മകൾ പ്രിയയെ മനസ്സിൽ കണ്ടതുകൊണ്ടോ അല്ലല്ലോ താടകേ, ഞാൻ നിന്നെ അങ്ങനെ വിളിച്ചത്.. അരസികയായ കാമുകീ.. എന്റെ മൂഡും കൊണ്ടു വന്ന മൂഡ്സും പാഴാക്കും വിധം മൊഴിഞ്ഞതിന് നിന്നെ നാം ശപിച്ച് ശിലയാക്കേണ്ടതാണ്... അങ്ങനെ ചെയ്യാത്തത്.. നാഥാ.. എന്ന വിളിയോ ഒരു ചുംബനമോ ലഭിക്കാതെ എനിക്ക് മടങ്ങേണ്ടിവരുമല്ലോ എന്നോർത്ത് മാത്രമാണ്. “

അയാൾ തുടർന്നു...

“മങ്കേ.. കാലകാലങ്ങളായി കാമുകീകമുകന്മാർ ഇത്തരം സംഗമവേളകളെ കൊഴുപ്പിക്കാൻ പരസ്പരം ‘പ്രിയേ..നാഥാ’ വിളിവിളിച്ച് കളിക്കാറുണ്ടായിരുന്നു. കേട്ടിട്ടില്ല നീയ്യ്? ഈ സുന്ദരസംഗമരാത്രിയെ ഒറ്റവങ്കത്തരം കൊണ്ടല്ലേ ഭവതിയേ നീ നശിപ്പിച്ചു കളഞ്ഞത്.. “

തനിക്ക് പിണഞ്ഞ പിഴവിൽ ആത്മാർത്ഥമായി ഖേദിച്ചുകൊണ്ടും പരിഹാരമെന്നവണ്ണം ‘എന്റെ പ്രാണനാഥാ...” എന്നു വിളിച്ചുകൊണ്ടും ഒരുമുല്ലവള്ളികണക്കെ അവൾ അയാളിൽ പടർന്നു. ഇത്തരം സന്ദർഭങ്ങളിൽ ഒരു കാമുകൻ എവ്വിധം പെരുമാറണമെന്ന് അറിയാവുന്ന അയാൾ അവൾക്ക് പടരാൻ തേന്മാവായി നിന്ന് അഭിനയിച്ചു. അവളുടെ കണ്ണുകൾ നസീർ തൊട്ട ഷീലയുടേതുപോലെ പുളഞ്ഞു ചിമ്മിക്കൊണ്ടിരുന്നു.

മിഴിപൂട്ടി, സ‌മൃദ്ധവും സ്നിഗ്ധവുമായ അവളുടെ ശരീരത്തെ പുണർന്ന് നിൽക്കുമ്പോൾ അരക്കെട്ടിൽ ശക്തമായ കഴച്ചിൽ അയാൾക്ക് അനുഭവപ്പെട്ടു. മേമ്പൊടിയ്ക്ക് ഇത്തിരി അതിശയോക്തി തൂകിപ്പറഞ്ഞാൾ അരക്കെട്ടിൽ മദയാന ചവിട്ടി നിൽക്കുമ്പോലൊരു ഫീൽ. ഒപ്പം കഴുത്തിലാരോ നുള്ളുന്ന വേദനയും. അവളുടെ ചുണ്ടുകൾക്ക് സ്വാതന്ത്ര്യം നൽകി പ്രണയാതുരനായി, ഭേദപ്പെട്ട താളത്തിൽ പൂട്ടിയ മിഴികളോടുകൂടിത്തന്നെ അയാൾ ചോദിച്ചു.

“പെണ്ണേ, എന്തിനായി നീയെന്റെ കഴുത്തിലിങ്ങനെ നഖക്ഷതമേൽ‌പ്പിക്കുന്നു..”

അയാൾ വ്യാകരണശുദ്ധിയോടെ ചോദ്യം ആവർത്തിക്കാൻ തുനിഞ്ഞപ്പോഴേയ്ക്കും “ഞാനോ?!!“ എന്ന് ഹൂറി അത്ഭുതം കൂറി.

“നീയല്ലാതെ പിന്നെ ആർ? “

“നുള്ളിയത് ഞാനാണ്.. “

അത് തന്റെ വാസന്തിയുടെ ശബ്ദമല്ല. അയാൾ കണ്ണുകൾ തുറന്നു. സീറോ ബൾബിന്റെ വെളിച്ചെത്തിൽ കണ്ടു, സൂര്യന്റെ തീക്ഷണത പേറുന്ന തന്റെ ഭാര്യയുടെ കണ്ണുകൾ! ഭാര്യ എന്റേതായിരുന്നെന്നും ‘അയാൾ’ ‘ഞാനാ‘യിരുന്നെന്നും കണ്ടത് സ്വപ്നമായിരുന്നെന്നും ഞൊടിയിടയ്ക്കുള്ളിൽ ‘എനിയ്ക്ക്’ മനസ്സിലായി. അരക്കെട്ടിലെ കഴച്ചിൽ മൂത്രശങ്കയുടേതായിരുന്നെന്നും.

“ആരാണ് വാസന്തി? ആരാണ് പ്രിയ? ജോലീം കൂലീം പോയിട്ടും നിങ്ങളുടെ അസുഖത്തിനുമാത്രം ഒരു കുറവുമില്ലല്ലോ ഈശ്വരാ. എന്റെ തലേലെഴുത്ത്. അല്ലാതെന്താ..“ - അവൾ

മനസ്സിലായി. കൊല്ലാനുള്ള പുറപ്പാടാണ്. വാസന്തിയായി നെഞ്ചിൽ പടർന്ന തലയിണയെ ശ്രദ്ധയോടെ കിടക്കയുടെ അവശേഷിപ്പിൽ വച്ച് ദയനീയനായി ഞാൻ പറഞ്ഞു .

- “മകനുണരും”

“ ഓഹോ! മകനെക്കുറിച്ചൊക്കെ വിചാരമുണ്ടോ. അതിശയം തന്നെ..”

കുത്തുവാക്കുകൾ ഉദാരമായി നൽകുമ്പോഴും ഭർത്താവിന്റെ സ്വപ്നത്തിലെ ജാരപ്രവർത്തനം കണ്ടുപിടിച്ച ആഹ്ലാദമാണ് അവളുടെ മുഖത്ത്. കുറ്റപ്പെടുത്തലും പരിഹാസവും വിമർശനവും നിറഞ്ഞ വാക്കുകൾക്കിടയിൽ നെഞ്ചുതിരുമ്മി വിഷണ്ണനായി ഞാൻ കിടന്നു. അപ്പോഴും എന്റെ ചിന്ത വാസന്തിയെക്കുറിച്ചായിരുന്നു. പാവം. ഇലഞ്ഞിച്ചുവട്ടിൽ അവളെ ഒറ്റയ്ക്കാക്കി ഞാനുണർന്നത് അക്ഷന്തവ്യമായ തെറ്റുതന്നെയാണ്.

ഭാര്യയുടെ ചോദ്യത്തിന് ഉത്തരമായി ലാക്ടോജന്റെയും നിഡോയുടെയും സ്നഗ്ഗിയുടേയുമൊക്കെ വില ആലോചിച്ച് പറയേണ്ടിവന്നത് ജാരപ്രവവർത്തനത്തെ ബലപ്പെടുത്തുന്നതിനും മകനോടുള്ള ഉത്തരവാദിത്തമില്ലായ്മയെ വെളിവാക്കുന്നതിനുമുള്ള മതിയായ തെളിവുകളുമായി.

‘ഏതൊരച്ഛനും മകന്റെ സ്നഗ്ഗിമാത്രമേ സ്വപ്നത്തിൽ കാണാവൂ‘ - അതെ. എത്ര പെട്ടെന്നാണ് മനുഷ്യർ ഓരോരോ പാഠങ്ങൾ പഠിയ്ക്കുന്നത്!! അടിവയറ്റിലെ കഴച്ചിൽ ശക്തമാവുന്നു. മൂത്രത്തിന്റെ ധാരമുട്ടി സൂത്രം വിറകൊള്ളുന്നു. അതവൾ കണ്ടുപോയാൽ സ്വപ്നത്തിന്റെ ആഫ്ടർ ഇഫക്ടാ‍യി ധരിക്കാനും മതി.

ബാത്ത് റൂമിലേയ്ക്ക് നടക്കമ്പോൾ തോന്നി ഒഴിപ്പ് ഓപ്പൺ എയറിലാക്കാമെന്ന്. ഫ്ലഷ് പ്രവർത്തിച്ചാൽ മോനുണരാനും സാധ്യതയുണ്ട്. ഞാൻ മുറ്റത്തിറങ്ങി. ക്ഷയിച്ചുപോയ തറവാട്ടിലെ വൃദ്ധകാരണവരെപ്പോലെ ശോഷിച്ച ചന്ദ്രനെ നോക്കി കാര്യം സാധിച്ച് തിരിഞ്ഞു നടക്കുമ്പോൾ പുരാണ സീരിയലിൽ ദേവി പ്രത്യക്ഷപ്പെടുമ്പോലെ ക്ഷണനേരം കൊണ്ട് അമ്മ സിറ്റ് ഔട്ടിൽ. മുറ്റത്ത് മൂത്രമൊഴിച്ചതിന് ഗെറ്റ് ഔട്ട് അടിക്കുമോ എന്ന് ശങ്കിച്ച് നടക്കുമ്പോൾ അശരീരി പോലെ അമ്മയുടെ ശബ്ദം

- “ ബാലൻസ് എത്രയുണ്ട് “

അന്ധാളിപ്പിൽ ബാലൻസ് നഷ്ടപ്പെട്ട എന്റെ നാവ് പറഞ്ഞു

-“ ഇല്ല.ഒരു തുള്ളി മിച്ചം വച്ചിട്ടില്ല. മുഴുവൻ ഒഴിച്ചു കളഞ്ഞു.. “

“ച്ചീ..വൃത്തികെട്ടവനെ, ചോദിച്ചത് ബാങ്കിൽ ഇനി എത്ര ബാലൻസ് ഉണ്ടെന്നാണ്.... “

ഒരമ്മയ്ക്ക് മകനോട് വെളുപ്പാൻ കാലം രണ്ടരമണിയ്ക്ക് ചോദിക്കാനാവുന്ന ഏറ്റവും മാന്യമായ ചോദ്യം ചോദിച്ച നിർവൃതിയിലാണ് അമ്മ.


ഞാൻ : (മൌനം.) (രണ്ടുചുവട് പിന്നോട്ട്)


അമ്മ: “ മുഴുവൻ പൊടിച്ചു കളഞ്ഞോ നീയ് “


ഞാൻ: (കടുത്ത മൌനം) (നാലുചുവട് പിന്നോട്ട്)


അമ്മ: “പണയം വച്ച സ്വർണ്ണമൊക്കെ ഇനി എങ്ങനെ എടുക്കാമെന്നാ..“


ഞാൻ: (ഭീകരമായ മൌനം) (ഇപ്പോൾ നില്പ് മൂത്രമൊഴിച്ച സ്ഥലത്ത് )


അമ്മ: “ഇവിടെ വാടാ..നശിച്ചവനേ, എന്താ, നിന്റെ നാവിറങ്ങിപ്പോയോ. “


ഞാൻ: (മുടിഞ്ഞ മൌനം) (ഇപ്പോൾ നില്പ് ഗെയിറ്റിൽ ചാരി... )


അമ്മ മുടിയനായ പുത്രനെ രൂക്ഷമായി നോക്കിയിട്ട് അകത്തേയ്ക്ക് പോയി.


സിറ്റ് ഔട്ടിൽ നിന്നും വെള്ളനിറം പൂശിയ ഒരു ചൂരൽകസേര മുറ്റത്തിട്ട് ഞാൻ അതിൽ ഇരുന്നു. ചന്ദ്രൻ (എന്റെ പൂയംകുട്ടിയുടെ അല്ലെങ്കിൽ ഈ ലോകത്തെ എല്ലാ കുട്ടികളുടെയും ചന്ദ്രമ്മാമ ) എന്നെ നോക്കി പുഞ്ചിരിച്ചു. പരിഹസിച്ചു ചിരിച്ചു എന്നാണ് എനിക്ക് എഴുതാൻ തോന്നുന്നത്. കാരണം അത്രയേറെ എന്നെ ഈ നിമിഷം ഞാൻ വെറുക്കുന്നു. പ്രപഞ്ചത്തിലെ സകല തിന്മകളും കഴിവുകേടുകളും കാപട്യങ്ങളും അരച്ചുചേർത്ത് സൃഷ്ടിക്കപ്പെട്ട ഒരുവനാണ് ഞാനെന്ന ഭാവം എന്നിൽ നിറയുന്നു. ഞാൻ തിന്മയുടെ പ്രതീകമാണ്. ഞാൻ മനുഷ്യരൂപം പൂണ്ട തെറ്റിന്റെ ഒരു വിത്താണ്. ഞാൻ തെമ്മാടിയും മ്ലേച്ഛനുമാണ്. നിങ്ങൾക്ക് തോന്നാം, എന്തിനാണ് ഞാനിങ്ങനെ സ്വയം അപഹസിക്കുന്നതെന്ന്? എന്തുകൊണ്ടെന്നാൽ ഞാൻ സ്വയം തിരിച്ചറിയുന്ന ഒരു മനുഷ്യൻ കൂടിയാവുന്നു എന്നതാണ് ഉത്തരം.


മനസ്സറിഞ്ഞ് വിഴുങ്ങിയ ആത്മനിന്ദയുടെ മുള്ളാണി ദഹിക്കുന്നതും കാത്തിരിക്കുന്ന എന്നോട് ശോഷിച്ച ചന്ദ്രൻ നിസംഗനായി പറഞ്ഞു -


“ജീവിതം ജനനത്തിൽ നിന്നും മരണത്തിലേയ്ക്ക് ഒഴുകുന്ന ഒരു പുഴ മാത്രമാണ് ...”


രസകരവും തീർത്തും സത്യവുമായ പ്രയോഗം. ചിലർ സ‌മൃദ്ധിയുടെയും സമ്പന്നതയുടെയും തെളിനീർ പ്രവാഹത്തോടെ മരണത്തിലേയ്ക്ക് ഒഴുകുന്നു. മറ്റുചിലർ ഉണങ്ങിയുറഞ്ഞ ചെളിയും ഉരുളൻ കല്ലുകളും നിറഞ്ഞ വറ്റി വരണ്ടൊരു ചാലായി മാറിയ, പുഴയെന്ന മിഥ്യയിലൂടെ ഇഴഞ്ഞും കിതച്ചും നരകിച്ചും മരണത്തിലേയ്ക്ക് എത്തിപ്പെടുന്നു. സമ്പന്നരും ദരിദ്രരും സമന്മാരാവുന്ന് ഒരിടത്തു മാത്രമാണ്. മരണമെന്ന തണുത്തുറഞ്ഞ കരിങ്കടലിൽ മാത്രം.


എന്തിനെയും വിമർശനബുദ്ധിയോടെ നോക്കിക്കാണുകയും മറ്റൊരുവനെ അംഗീകരിക്കാൻ വിമുഖത പ്രകടിപ്പിക്കുകയും ചെയ്യുന്ന ശരാശരി മലയാളി മാത്രമാണ് ഞാനെന്നതുകൊണ്ടാവാം പൂർണ്ണയോജിപ്പുണ്ടായിട്ടും ചന്ദ്രന്റെ പ്രയോഗത്തെ നിന്ദിക്കുവാൻ എനിക്കായത്.

“ചാന്ദ്രാ, ജീവിതം ജനനത്തിൽ നിന്നും മരണത്തിലേയ്ക്ക് ഒഴുകുന്ന ഒരു പുഴമാത്രമാണെന്നോ? പ്രയോഗം മോഷണമുതലല്ലെങ്കിൽ ആശയം വിശദമാക്കാം.“

“ സ്വന്തം കൃതി തന്നെ. “ ഇങ്ങനെ പറഞ്ഞുകൊണ്ട് സാക്ഷാൽ ചന്ദ്രൻ മുറ്റത്തേയ്ക്ക് ഇറങ്ങി വന്നു. പിന്നെ, കൈയ്യിൽ കരുതിയിരുന്ന ഒരു തൂവെള്ള മേഘത്തെ എനിക്കു മുന്നിലായി വിരിച്ച് അതിൽ ഇരുന്ന് തുടർന്നു...

(തുടരും)