Follow by Email

Tuesday, February 14, 2012

പ്രണയോർമ്മകൾ!

പ്രണയത്തിൽ നനഞ്ഞാണ് രാവിലെ പത്രം മുറ്റത്തെത്തിയത്. വാർത്തകളിലും പരസ്യത്തിലുമൊക്കെയായി പ്രണയം തളം കെട്ടിക്കിടക്കുന്നു. സ്വർണ്ണാഭരണശാലക്കാർ മുതൽ കീടനാശിനി കമ്പനികൾ വരെ ‘പരസ്യമായി’ പ്രണയത്തെ കൂട്ടുപിടിച്ചിരിയ്ക്കുന്നു. സോഷ്യൽ നെറ്റുവർക്കുകളും പിന്നോട്ടല്ല. ഇൻബോക്സ് പ്രണയദിനാശംസകൾ പുരണ്ട് പിങ്ക് നിറമായി.

ഞാൻ മാത്രം എന്തിന് കുറയ്ക്കണം? എനിയ്ക്കും പങ്കിടാനുണ്ടല്ലോ ചില പ്രണയ ചിന്തകൾ!
പഴയചില പ്രണയോർമ്മകൾ!!

തെറ്റില്ലാത്തവിധം പ്രണയബോധമുള്ള ഒരുവനാണ് ഞാനെന്നാണ് എന്റെ ധാരണ. വായന, എഴുത്ത്, ചിത്രം വരയ്ക്കൽ, പാട്ടുപാടൽ തുടങ്ങിയ സർഗാത്മകസംഗതികളോടാവാം ചിലർക്ക് പ്രണയം. സ്വാദിഷ്ടമായ ഭക്ഷണം, രുചികരമായ പാനീയങ്ങൾ തുടങ്ങി ആമാശയസംബന്ധി ആയവയോട് പ്രണയം പുലർത്തുന്നവരുമുണ്ട്. ലഹരി പദാർത്ഥങ്ങളോടും ദുശ്ശീലങ്ങളോടും മറ്റും പ്രണയബദ്ധരാവുന്നവരും ഇല്ലാതില്ല. പഠനം, യാത്രകൾ, സമ്പത്ത്, ജോലി, കച്ചവടം, ഭക്തി, രാഷ്ട്രീയം, മതം, തീവ്രമായ വാദങ്ങൾ, സിനിമ, പ്രകൃതി, കള്ളനോട്ടടി, മണലൂറ്റൽ, പീഢനം, ചതി, വിഭാഗീയത, സദാചാരം, അവിഹിതം, പൊതുജനസേവനം, കൈക്കൂലി, സ്വജനപക്ഷപാതം, മനുഷ്യദൈവങ്ങൾ, വ്യഭിചാരം, കുലുക്കിക്കുത്ത്, മുച്ചീട്ടുകളി, പാരവയ്ക്കൽ എന്നിങ്ങനെ ഒരുവന്റെ പ്രണയത്തിന് വിഷയങ്ങളാവാത്ത വിഭവങ്ങൾ പ്രപഞ്ചത്തിൽ കുറവാണ്.
എങ്കിലും എതിർലിംഗത്തിൽ പെട്ട മനുഷ്യജീവിയോട് തോന്നുന്ന ‘ഒരുതരം ഇതായ‘ സംഭവത്തെയാണ് പൊതുവേ പ്രണയദിനം സൂചിപ്പിയ്ക്കുന്നത്. എന്നിലെ പ്രണയവും അങ്ങനെതന്നെ. ചെറുപ്പകാലത്ത് എന്റെ ഹൃദയം എത്രയെത്ര പെൺകുട്ടികളോടുള്ള പ്രണയത്താൽ വീർപ്പ് മുട്ടിയിരുന്നു. അൽഫോൺസ, ലക്ഷ്മി, അനീറ്റ, സ്വപ്ന, ഫെബി എബ്രാഹം, സ്മിത, ഗൌരി, സൌ‌മ്യ നായർ, സിന്ധു, ബിന്ധു, വീണ, യമുന, ജിഷ, ഫാത്തിമ, സമീറ ബക്കർ....
അങ്ങനെ എത്ര പെൺ‌കുട്ടികൾക്ക് വേണ്ടിയും രാപകൽ മുട്ടാനുള്ള വീർപ്പ് എന്റെ ഹൃദയത്തിൽ ആറ്റടാതെ ഉണ്ടായിരുന്നു!!!

ലിംഗപരമായ വേർതിരിവുകളെക്കുറിച്ചുള്ള ബോധം മനസ്സിൽ നിറയും മുൻപു തന്നെ പ്രണയചിന്ത എന്നിൽ കലശലായിരുന്നു. പ്രണയം പോലെ ഒരു ഭാവം ആദ്യമായി എനിയ്ക്ക് അനുഭവപ്പെട്ടത് നഴ്സറിയിൽ വച്ചാണ്. ഓർമ്മയുടെ ഒരു ചെറുതരിയിൽ ‘അപ്പോണി‘ എന്ന് അക്കാലം ഞാൻ വിളിച്ചിരുന്ന അൽഫോൺസയോടുള്ള എന്റെ അടുപ്പം ഇപ്പോഴും ചെറിയൊരു മിന്നലായി എന്നിൽ തെളിഞ്ഞുകത്തുന്നുണ്ട്. രണ്ടാം ക്ലാസ്സ് വരെ അവൾ എന്നോടൊപ്പം പഠിച്ചിരുന്നു. പിന്നെ, എവിടേയ്ക്കോ അവളുടെ കുടുംബം സ്ഥലം മാറിപ്പോയി. (എവിടെയാവും അപ്പോണീ നീ ഇപ്പോൾ? വിവാഹിതയായോ? നിന്റെ ഭർത്താവ് ആർ? മക്കൾ? അവർ എത്ര പേർ? ആണോ പെണ്ണോ? നിന്റെ ജീവിതം രസകരമായ ഒന്നാണോ പെണ്ണേ? നിന്നെയിനി മാതാപിതാക്കൾ മഠത്തിലെങ്ങാനും ചേർത്ത് കർത്താവിന്റെ മണവാട്ടിയാക്കിയോ എന്നും ഞാൻ ഉൽക്കണ്ഠപ്പെടുന്നു. എവിടെയാണെങ്കിലും അപ്പോണീ, നീ നന്നായിരിയ്ക്കുക. എന്നോടൊപ്പം കൂട്ടുകൂടി വളരാതെ പോയതാണ് നിന്റെ ഭാഗ്യം. നീ പുണ്യവതിയാണ്. ഓർക്കുന്നുണ്ടോ നീ‍ എന്നെ?)

അപ്പോണിയുമായുള്ള ആദ്യപ്രണയം കഴിഞ്ഞ് ഇത്തിരികൂടി പക്വതയും പാകതയും ആർജ്ജിച്ചതിനുശേഷമാണ് ഞാൻ അടുത്ത പ്രണയസംരഭത്തിലേയ്ക്ക് മുതലക്കൂപ്പ് കുത്തുന്നത്. അതായത് നാലാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ! സ്മിത എന്ന ഉണ്ടക്കണ്ണിയായിരുന്നു പ്രണയപങ്കാളി. രണ്ടായി പിന്നിയിട്ട നീണ്ട മുടിയിൽ മിക്കപ്പോഴും നീല റിബൺ കെട്ടിയായിരുന്നു അവൾ ക്ലാസ്സിൽ വരിക. അന്നുമുതൽ നീലയാണ് എന്റെ ദേശീയനിറം. നീലനിറമാർന്ന പ്രണയം. നീലനിറമേറിയ ജീവിതം. നീല നിറഞ്ഞ ചിന്തകൾ... സർവത്ര നീലമയും. ആവേശം കേറി ഒരുനേരം എന്റെ പേര് നീലൻ എന്നാക്കിയാലോ എന്നുപോലും ഞാൻ ചിന്തിച്ചു. അത്രയേറെ നീലിച്ച ഇഷ്ടമായിരുന്നു എനിക്കവളോട്.

അന്നൊക്കെ പ്രണയമെന്നാൽ നോട്ടമാണ്. നോട്ടം ഒരു ഭാഷയുമാണ്. പ്രണയിക്കുന്നവർക്ക് മാത്രം വായിച്ചെടുക്കാനാവുന്ന ഒന്ന്. ഒരു വാക്ക് പോലും പാഴാക്കേണ്ടതില്ല. അത്തരം നോട്ടപ്രണയങ്ങൾ ശബ്ദമലിനീകരണവും നടത്തുന്നില്ല. കണ്ണുകൾ, കൺപീലികൾ, കൺപോളകൾ, പുരികക്കൊടികൾ, മൂക്ക് ചുണ്ട്, നെറ്റി ഇവയൊക്കെയാണ് നോട്ടഭാഷയുടെ അക്ഷരങ്ങൾ. ഇവയെല്ലാം ചേർന്ന് വാക്കുകൾ ഉണ്ടാവുന്നു. ആശയങ്ങൾ പേറുന്ന, പ്രണയമൂറുന്ന വാക്കുകൾ. അവ നോ‍ട്ടങ്ങളിലൂടെ നമ്മോട് സ്വകര്യമായി ചില രസങ്ങൾ പറയും.

ഒരിയ്ക്കൽ വലതുവശത്തിരിയ്ക്കുന്ന ജയയുടെ തലയ്ക്കുപിന്നിൽ പാതിമുഖം ഒളിപ്പിച്ച് അവളെന്നെ നോക്കി.- വീട്ടിൽ നിന്നുകൊണ്ടുവന്ന ചാമ്പങ്ങയും ഉപ്പും കൂട്ടുകാർക്ക് പങ്കിട്ടപ്പോൾ ഒരു ചാമ്പങ്ങ സിനിയ്ക്ക് ഞാൻ കൂടുതൽ കൊടുത്തൂ - എന്ന പരിഭവമാണ് നോട്ടഭാഷയിലൂടെ അവളെന്നോടു പറയുന്നത്. ഞാനോ, മറുപടിയായി പുരികങ്ങളെ കൂട്ടി മുട്ടിച്ച് കൺപോളകളെ തളർത്തിയിട്ട് ചുണ്ടുകൾ താഴേയ്ക്കല്പം വക്രിച്ച് തലയല്പം ഇളക്കി അവളെ നോക്കി.- “എന്റെ പൊന്നേ, ഇനി ചാമ്പങ്ങയും ഉപ്പുകല്ലും നിനക്കു മാത്രമായി ഞാൻ നേദിയ്ക്കാം. മേപ്പടി സംഭവം ഒരു കൈയ്യബദ്ധം മാത്രമാണ്. സിനിയെ എന്റെ അമ്മ പ്രസവിച്ചില്ലെന്നേയുള്ളൂ.. അവൾ എനിയ്ക്ക് പെങ്ങളാണ്.. തെറ്റിദ്ധരിയ്ക്കരുത് നീ..എന്റെ വസന്തമേ “- എന്നാണ് എന്റെ നോട്ടത്തിന്റെ അർത്ഥം.

എന്റെ വിഷാദഭാവത്തിൽ സം‌പ്രീതയായ അവൾ ജയയുടെ തലമറവിൽ ഒളിപ്പിച്ചിരുന്ന മുഖത്തിന്റെ ബാക്കി ഭാവം കൂടി എനിക്ക് വെളിവാക്കി. അവിടെ പുഞ്ചിരിയുടെയും ആഹ്ലാദത്തിന്റെയും നിറശോഭ. ഗ്രഹണം കഴിഞ്ഞ ചന്ദ്രനെ ഞാൻ ഓർത്തു.

അവളുടെ വിടർന്ന മുഖത്തെ ഞാൻ കൌതുകത്തോടെ നോക്കിയിരിക്കുമ്പോഴാണ് കവിളിൽ ശക്തമായ ഒരു സൂചിക്കുത്തേറ്റത്. നോക്കിയപ്പോൾ ജ്വലിക്കുന്ന കണ്ണുമായി മേരിടീച്ചർ എന്റെ നേരേ നടന്നടുക്കുന്നു. ഞാൻ കവിളിൽ തലോടി. കൈവിരലിൽ ചോക്കുപൊടിയുടെ വെണ്മ. ചോക്കേറ് ഒളിമ്പിക്സിലെ ഒരു മത്സരയിനമായിരുന്നെങ്കിൽ മരണം വരെ സ്വർണ്ണമെഡൽ മേരി ടീച്ചർക്ക് ആകുമായിരുന്നു. എഴുന്നേറ്റ് ബോർഡിൽ എഴുതിയത് വായിക്കാൻ പറഞ്ഞു. ഞാൻ എഴുന്നേറ്റു. മകരവിളക്കു തൊഴുതുമടങ്ങുന്ന ഭക്തർ മലയിറങ്ങുന്ന പോലെ ബോർഡിന്റെ ഇടതുവവശത്തുനിന്ന് വലതുവശത്തേയ്ക്ക് ഒന്നൊന്നായി ചെരിഞ്ഞിറങ്ങുന്ന അക്ഷരങ്ങൾ. ടീച്ചർ ഒന്നുംതന്നെ നേരേ എഴുതാറില്ല. കുട്ടികളുടെ കുരുന്നുചിരികൾക്കിടയിൽ ഞാൻ തലചെരിച്ചു പിടിച്ച് വായിക്കാൻ ശ്രമിച്ചു. അവളും പരിഹസിച്ച് ചിരിയ്ക്കുന്നുണ്ടാവുമോ എന്നായിരുന്നു മനസ്സിൽ.

അഞ്ചാം ക്ലാസ്സിൽ വച്ചാണ് ഞാൻ ആ ഞെട്ടിയ്ക്കുന്ന സത്യം മനസ്സിലാക്കുന്നത്. അവളുടെ നോട്ടം വാസ്തവത്തിൽ എനിയ്ക്കുനേരേയുള്ളതല്ല. എന്റെ തൊട്ടടുത്തിരിയ്ക്കുന്ന ടി.യു ഉണ്ണിക്കൃഷ്ണനെയാണ്. അവൻ സ്കൂൾ ആനിവേഴ്സറിയ്ക്ക് പാടാറുള്ളവനാണ്. കുട്ടിക്കലോത്സവത്തിന് സമ്മാനങ്ങളും വാങ്ങിയിട്ടുളളവനാണ്. ഇനിയും വാങ്ങാനുള്ളവനുമാണ്. ഹൃദയത്തെ അമ്മിക്കല്ലിൽ വച്ച് അരയ്ക്കുന്നതുപോലെ ഒരു വേദന. ഞാൻ നൊന്ത കണ്ണുകളോടെ ഉണ്ണികൃഷ്ണനെ ഒളിഞ്ഞുനോക്കി. അവന്റെ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ കണ്ടപ്പോൾ ഞങ്ങൾ പഠിയ്ക്കുന്നത് കലാമണ്ഡലത്തിലാണോ എന്ന് ഒരു നിമിഷം ഞാൻ ശങ്കിച്ചു. ഒന്നൊന്നായി മിന്നിമറയുന്ന രസങ്ങൾ കണക്കുതെറ്റിച്ച് ‘നവ’ത്തിലും നിൽക്കാതെ പിന്നെയും പിന്നെയും പാഞ്ഞുപോവുന്നു. ഞാൻ അവളെ നോക്കി. അവളുടെ കവിളുകളിൽ നാണം കുഴികുത്തുന്നു. ഗായകനോടുള്ള ആരാധന തളം കെട്ടിയ ഉണ്ടക്കണ്ണുകൾ കായലുകൾ പോലെ. അകലെ എവിടെനിന്നോ ഒഴുകിയെത്തുന്ന ഒരു ഗാനം കേട്ടെന്ന പോലെ തല ചെറുതാളത്തിൽ അവൾ ആട്ടിക്കൊണ്ടിരുന്നു. കള്ളക്കണ്ണീ..നിനക്കുവേണ്ടിയാണല്ലോടീ ഞാനീ ചോക്കേറ് കൊണ്ടത്. നീ ഉപ്പുകല്ലുകൂട്ടി തിന്ന എന്റെ ചാമ്പങ്ങയ്ക്ക് കണക്കുണ്ടോടീ. ഓർത്തപ്പോൾ ചാമ്പയിലെ നീറിലൊരെണ്ണം എന്റെ കണ്ണിൽ കടിച്ചു. കണ്ണുനിറഞ്ഞു.

പ്രതിയോഗി പാട്ടുകാരനാണ്. പാട്ട് പഠിച്ച് അവനെ തോൽ‌പ്പിച്ചാൽ മാത്രമേ എനിയ്ക്കിനി നിലനിൽ‌പ്പുള്ളു. വീട്ടിലെത്തി മുന്നറിയിപ്പ് നൽകാതെ ഞാൻ വായതുറന്ന് കാറി. വായിൽക്കിടന്ന് ‘കുറുനാക്ക്’ കരച്ചിലിന്റെ ശക്തിയിൽ വൈബ്രേറ്റ് ചെയ്തുകൊണ്ടിരുന്നു. പാട്ട് പഠിപ്പിയ്ക്കാമെന്ന് സമ്മതിച്ചപ്പോൾ മാത്രമാണ് കരച്ചിൽ നിർത്തിയത്. ‘കൊച്ചിന്റെ മേത്ത് ഏതോ ഭാഗവതരുടെ ബാധകേറിയതാ കെട്ടോടാ ശിവ.. ഒരു രക്ഷ എഴുതിക്കെട്ടിക്കോ..അല്ലേൽ കൊച്ചിനെക്കുറിച്ച് നാളെ നാടുമൊത്തം പാടി നടക്കും’ മുത്തശ്ശി ചില സമയം രസികത്തിയുമാവറുണ്ട്.

പുലിയന്നൂർ വാമദേവൻ ഭാഗതരുടെ അടുത്താണ് പാട്ട് പഠിയ്ക്കാൻ പോയത്. ആൾ പ്രശസ്തനാണ്. ധാരാളം കുട്ടികൾ അദ്ദേഹത്തിന്റെ ശിഷ്യരായുണ്ട്. ഞാനും അതിലൊരുവനായി. ഭാഗവതരുടെ മകന്റെ മകളും പിൽക്കാലത്ത് എന്റെ സ്നേഹിതയുമായ ആര്യ അന്തർജ്ജനവും ശിഷ്യകളുടെ ഗണത്തിൽ ഉണ്ട്. ആര്യയെ കണ്ടമാത്രയിൽ എനിയ്ക്കുമുന്നേ എന്റെ ഹൃദയം പാടി തുടങ്ങിയിരുന്നു. കണ്ണിലെ ‘നീലിമ‘ മാറി സംഗീതമാണ് എന്റെ ദൈവം എന്ന ഭാവം എന്നിൽ ഉണർന്നു.

“സ…രീ…ഗ“

ഗുരുനാഥൻ സംഗീതത്തിന്റെ തുള്ളികൾ ഞങ്ങൾ ശിക്ഷ്യഗണങ്ങളുടെ വായിൽ പോളിയോ മരുന്നുപോലെ ഇറ്റിച്ചു. ഞങ്ങൾ ഏറ്റുപാടി. ഞങ്ങളിൽ സ്വാഭാവികമായും ഞാനും പെടുമല്ലോ..
അതുകൊണ്ട് ഞാനും ആശ്ചര്യകരമാം വിധം തൊള്ള തുറന്നു… ‘കുറുനാക്ക്‘ ശക്തമായി വൈബ്രേറ്റ് ചെയ്തു.

സ..രീ…

എനിയ്ക്ക് ‘ഗ..’യിലേയ്ക്ക് കയറാൻ കഴിഞ്ഞില്ല. അതിനു മുൻപേ ഭാഗവതരുടെ വീട്ടിനുള്ളിൽ നിന്നും ആർത്തനാദം കേട്ടു. 99 വയസ്സിൽ എത്തിനിന്ന ഭാഗവതരുടെ അമ്മ സെഞ്ച്വറി തികയ്ക്കാതെ ജീവിതത്തിൽ നിന്നും മുങ്ങിയതാണ്. ആ കുരുന്നു പ്രായത്തിൽ ഞാൻ എന്റെ സംഗീതത്തിന്റെ ശക്തി അറിഞ്ഞു.

അച്ഛനോടൊപ്പം പാടവരമ്പ് മുറിച്ചു നടന്ന് ഞാൻ വീട് ലക്ഷ്യമാക്കി നീങ്ങി.

എരുമയുടെ കരച്ചിലും ശുദ്ധസംഗീതവും തമ്മിൽ അപാരമായ ‘സാമ്യം‘ കാണുന്ന ഞാൻ പാട്ടിലല്ല പകരം പ്രസംഗകലയിലാണ് ശ്രദ്ധ കേന്ദീകരിയ്ക്കേണ്ടതെന്ന വെളിപാട് ആ നടത്തത്തിനിടയിൽ എന്നിൽ ഉണർന്നു. രാജേഷ് ആർ. നന്നായി പ്രസംഗിയ്ക്കുമല്ലോ. അതുകൊണ്ടല്ലേ അവനെ പെൺപിള്ളേർക്ക് ഇത്ര ഇഷ്ടം. പ്രസംഗമാണ് എന്റെ തട്ടകം. ചാമ്പങ്ങ കൊടുത്തല്ല. പ്രസംഗപീഢത്തിൽ കയറി ചാമ്പങ്ങ പോലെ ചുവന്നു തുടുത്ത വാക്കുകൾ വർഷിച്ച് നൂറായിരം സ്മിതമാരുടെ സ്നേഹം കരസ്ഥമാക്കണം. എന്റേതായിരുന്ന ഉണ്ണികൃഷ്ണന്റെ സ്മിതയ്ക്ക് നാണം തോന്നണം. നഷ്ടബോധം തോന്നണം.

അടുത്ത കലോത്സവത്തിന് ഞാൻ പ്രസംഗ മത്സരത്തിൽ പങ്കെടുക്കും. അനീറ്റയാണ് ഇനി എന്റെ ലക്ഷ്യം… എന്റെ പ്രണയ പങ്കാളി…

(തുടരും)

33 comments:

പോങ്ങുമ്മൂടന്‍ said...

പ്രണയത്തിൽ നനഞ്ഞാണ് രാവിലെ പത്രം മുറ്റത്തെത്തിയത്. വാർത്തകളിലും പരസ്യത്തിലുമൊക്കെയായി പ്രണയം തളം കെട്ടിക്കിടക്കുന്നു. സ്വർണ്ണാഭരണശാലക്കാർ മുതൽ കീടനാശിനി കമ്പനികൾ വരെ ‘പരസ്യമായി’ പ്രണയത്തെ കൂട്ടുപിടിച്ചിരിയ്ക്കുന്നു. സോഷ്യൽ നെറ്റുവർക്കുകളും പിന്നോട്ടല്ല. ഇൻബോക്സ് പ്രണയദിനാശംസകൾ പുരണ്ട് പിങ്ക് നിറമായി.

ഞാൻ മാത്രം എന്തിന് കുറയ്ക്കണം? എനിയ്ക്കും പങ്കിടാനുണ്ടല്ലോ ചില പ്രണയ ചിന്തകൾ!
പഴയചില പ്രണയോർമ്മകൾ!!

---------------------

പലപ്പോഴും തുടരൻ എഴുതാൻ കഴിയാതെ പോയ ഒരാളാണ് ഞാൻ. പക്ഷേ ഇത് ഞാൻ പൂർത്തിയാക്കും. ഒന്നിനുമല്ല. എന്റെ പ്രണയങ്ങളോട് എനിയ്ക്കുള്ള പ്രണയം വെളിവാക്കാൻ ഇതല്ലാതെ മറ്റെന്താണ് ഒരു വഴി. പോങ്ങു.. പോംവഴി തേടുന്നില്ല :)

c.v.thankappan,chullikattil.blogspot.com said...

ആശംസകള്‍

നിര്‍മല്‍ ആനന്ദ്‌ said...

എന്റെ വക തേങ്ങ...ഠേ...

junaith said...

അപ്പോളിനി കാവിലെ, അല്ല സ്കൂളിലെ പ്രസംഗ മത്സരത്തിനു കാണാം...എല്ലാ പ്രണയങ്ങളും പറയാൻ തീരുമാനിച്ചുവെന്കിൽ ഉടൻ പ്രസിദ്ധീകരണം ആരംഭിക്കുന്നു.. ഇതാ വരുന്നു പോങ്ങണ്ഠേശ്വരന്റെ പ്രണയതാരാവലി....

nicelittlethings said...

Waiting, waiting....

Nambiar said...

പോന്നോട്ടെ...ഓരോന്നായി ഇങ്ങട് പോന്നോട്ടെ

.. said...

ഹഹ....പ്രണയ ദിനത്തിലെ ഈ ഉപഹാരം കലക്കി.... എന്താ ഞാന്‍ പറയുക... സുഖിച്ചു....ട്ടോ.. ആശംസകള്‍!!!!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഒരു പ്രണയച്ചെടി മുളച്ചുപൊന്തി വളർന്നുവലുതാകുന്ന കാഴ്ച്ച അതിമനോഹരമായി വർണ്ണിച്ചിരിക്കുന്നൂ...
ഇനിയത് പടർന്നുപന്തലിച്ച് പ്രണയത്തിലേർപ്പെട്ടിരിക്കുന്നവർക്ക് തണലേകുന്ന കാഴ്ച്ച കാണാൻ കാത്തിരിക്കുന്നൂ...

Anoop said...

ഹരീഷേട്ടാ ഇത് കലക്കി നന്നായുട്ടുണ്ട്

vettathan said...

ചടുലമായ ഭാഷ.രസകരമായ അവതരണം.ഭാവുകങ്ങള്‍.

റ്റോംസ്‌ || thattakam.com | snapsnshots.com said...

ഹരിയേട്ടാ...
"ചെറുപ്പകാലത്ത് എന്റെ ഹൃദയം എത്രയെത്ര പെൺകുട്ടികളോടുള്ള പ്രണയത്താൽ വീർപ്പ് മുട്ടിയിരുന്നു. അൽഫോൺസ, ലക്ഷ്മി, അനീറ്റ, സ്വപ്ന, ഫെബി എബ്രാഹം, സ്മിത, ഗൌരി, സൌ‌മ്യ നായർ, സിന്ധു, ബിന്ധു, വീണ, യമുന, ജിഷ, ഫാത്തിമ, സമീറ ബക്കർ...."

കാലം മായിക്കത്ത പ്രണയ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നമ്മള്‍ ഒന്നും ഒന്നുമല്ല.
പ്രസംഗത്തില്‍ മാറ്റുരയ്ക്കുന്ന പോസ്റ്റിനായി കാക്കുന്നു.

kARNOr(കാര്‍ന്നോര്) said...

തുടരുംന്ന് കണ്ടു.. തുടരണം.... പോരട്ടെ പഴയഫോമിലേക്ക് :)

yousufpa said...

പ്രസംഗം എവിടെ എത്തുമോ..എന്തോ..?

നന്ദകുമാര്‍ said...

നീ മതേതരനാണെന്നു മനസ്സിലായി :) ആദ്യകാല മൂക പ്രണയത്തിൽ നാനാജാതി മതസ്ഥരുമുണ്ട്.
സംഗീതം ഒരരുക്കായി. ഇനി പ്രസംഗം പോരട്ടെ. :) :)

(ബാംഗ്ലൂരിൽ വെച്ച് പ്രണയങ്ങളുടെ പാരിതോഷികങ്ങൾ അഗ്നിമുകുളങ്ങളിൽ ചാമ്പലായത് കണ്ടതോർമ്മയുണ്ടോ???) ;) :)

Lenin Kumar said...

തകര്‍ത്ത് അണ്ണാ ..!!

ഞാന്‍:ഗന്ധര്‍വന്‍ said...

നന്നായി. ബാക്കി കൂടി പോരട്ടെ!!
ആശംസകള്!!

G.MANU said...

കാസനോവാ...മഗളാശംസകള്‍..ഒരു സംശയം ബാക്കി.. പാട്ടിനും പ്രസംഗത്തിനുമൊക്കെ ശേഷം, പ്രേമിക്കാന്‍ പറ്റിയ തട്ടകം ബ്ലോഗിംഗ് ആണെന്ന് ആരാണ് പറഞ്ഞു തന്നത് :)

രസികന്‍ said...

ഹഹ ... പോങ്ങു-ജീ ... ഒട്ടും ബാക്കിവയ്ക്കാതെ ബാക്കിയും പോന്നോട്ടെ.... ആശംസകള്‍

Villagemaan/വില്ലേജ്മാന്‍ said...

ഒരുപാട് ചിരിപ്പിച്ചല്ലോ മാഷെ...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

രാജീവ്‌ .എ . കുറുപ്പ് said...

കള്ളക്കണ്ണീ..നിനക്കുവേണ്ടിയാണല്ലോടീ ഞാനീ ചോക്കേറ് കൊണ്ടത്. നീ ഉപ്പുകല്ലുകൂട്ടി തിന്ന എന്റെ ചാമ്പങ്ങയ്ക്ക് കണക്കുണ്ടോടീ. ഓർത്തപ്പോൾ ചാമ്പയിലെ നീറിലൊരെണ്ണം എന്റെ കണ്ണിൽ കടിച്ചു. കണ്ണുനിറഞ്ഞു.

എത്ര മനോഹരമായി കുട്ടികാലത്തെ പ്രണയം വരച്ചിട്ടിരിക്കുന്നു, ഒരുപാട് കാര്യങ്ങള്‍ മനസിലൂടെ കടന്നു പോയി, അല്ല ഓരോന്നും ചിത്രങ്ങള്‍ ആയി തന്നെ തെളിഞ്ഞു.
ഹരിയേട്ടാ പെട്ടന്ന് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യൂ.

കുറുപ്പിന്റെ കണക്കു പുസ്തകം

രശ്മി മേനോന്‍ said...

:))

rajeevaran said...

ഹരി ചേട്ടാ, ആദ്യമായിട്ടാണ് ഒരു കമന്റ്‌ ഇടുന്നത്,ഇത് കലക്കി,ആ കുറുനാവ് പ്രയോഗം കൊള്ളാം. പിന്നെ ഏറ്റവും ഇഷ്ടപെട്ടത് 'വിശപ്പിനോടുള്ള പ്രധിബധത, തിരിച്ചും' എന്നാ പോസ്റ്റാണ് . എന്നെ ഫ്രണ്ട് ആക്കുമോ

ആള്‍രൂപന്‍ said...

പോങ്ങൂ, ഇതെല്ലാം പ്രണയത്തിൽ നിന്നുണ്ടാകുന്ന വരികളാണോ? അതോ "വെള്ള"ത്തിൽ നിന്നാണോ? ഏതായാലും പോങ്ങുവിന്റെ പ്രണയത്തോടുള്ള പ്രണയം കണ്ടില്ലെന്നു വയ്ക്കാനെനിക്കാവുന്നില്ല. അതുകൊണ്ടാ ഞാനിവിടെ കുത്തിക്കോറിയത്.ക്ഷമിക്കുമല്ലോ?

ചെലക്കാണ്ട് പോടാ said...

അന്നുമുതൽ നീലയാണ് എന്റെ ദേശീയനിറം

ഉം ഉം മനസ്സിലായി


പ്രണയ പരമ്പരയെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു

vaduthala vathsala said...

ഞാന്‍ ഒരു പുതിയ ബ്ലോഗര്‍ ആണ് താങ്ങളുട ബ്ലോഗെന് കമ്മന്റ് അടിക്കാന്‍ മാത്രം ബ്ലോഗ്‌ തുടഗിയതാണ് .അനുഗ്രഹിക്കുക ആശിറവധിക്കുക

ഉഷശ്രീ (കിലുക്കാംപെട്ടി) said...

അസ്സലായിരിക്കുന്നു ഹരീ. അടുത്തഭാഗം ഉടനെ പോരട്ട്.കുറെ ചിരിച്ചു. നീല നിറം ചോക്കേറു മൽസരം, അമ്മുമ്മയുടെ തമാശ, പിന്നെ പാട്ടുപഠിത്തം ...എല്ല്ലാം സൂപ്പർ.

ഒരുമാസം കഴിഞ്ഞു ഇനി അടുത്തഭാഗം എഴുതണേ. മടിവേണ്ട...

Indutty said...

മാത്രുഭൂമിയിലൂടെയാണ് പോങ്ങുമ്മൂടന്‍ എന്ന പേര് പരിചിതമായത് ...ഒരിക്കല്‍ വേണു നാഗവള്ളിയുടെ ഒരു ലേഖനത്തില്‍ പറഞ്ഞിരുന്നു ..സ്കൂളില്‍ പഠിക്കുമ്പോള്‍ പ്രിയപ്പെട്ട പെണ്‍കുട്ടിയുടെ ശ്രദ്ധ കിട്ടാന്‍ പാട്ട് പാടിയതും നന്നായി പഠിച്ചു ക്ലാസ്സില്‍ ഒന്നാമന്‍ ആയതും ..തുടര്‍ച്ചയായി എന്താണ് സംഭവിച്ചത് എന്നറിയാന്‍ ആകാംക്ഷ .......പ്രസംഗം അതിന്‍റെ ലക്‌ഷ്യം കണ്ടോ ?കാത്തിരിക്കുന്നു .........

തമനു said...

വർഷങ്ങളായിട്ടും എന്റെ അസൂയ കുറയുന്നില്ല പോങ്ങൂ നിന്റെ എഴുത്തു കണ്ടിട്ട് .... :)

തുമ്പി said...

ഈ ശൈലിക്കണ്ടിട്ട് അസൂയ തോന്നുന്നൂ പോങ്ങാ.ചട്ടകവും,ചൂലും,സോപ്പും കയ്യീന്ന് ഒഴിഞ്ഞിട്ട് വേണ്ടെ ഇതൊക്കെ ഒന്ന് കാണാന്‍.നീലനെന്ന പേര് ,ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍,ബോര്‍ഡില്‍ മലയിറങ്ങുന്ന അക്ഷരങ്ങള്‍,നവത്തിലും നില്‍ക്കാത്ത ഭാവങ്ങള്‍,ചാമ്പയിലെ നീറ്,കുറുനാക്കിന്റെ വൈബ്രേഷന്‍,ഭാഗവതരുടെ ബാധ,സെഞ്വറി തികയ്ക്കാത്ത ജീവിതം,പോളിയോ മരുന്ന് ഈ പ്രയോഗങ്ങളൊക്കെ എന്നെ വളരെയേറെ ചിരിപ്പിച്ചു.ഞാന്‍ ആദ്യമായിട്ടാണ് ട്ടൊ ഒരു അഭിപ്രായം എഴുതുന്നത്.ഞന്‍ അപൂര്‍വ്വമായിട്ട് ചിരിക്കുന്ന ജീവിയണേ.ഇത് വായിച്ചത് അര്‍ദ്ധ രാത്രിയിലണ് .ഭര്‍ത്തവിനോട് ചേര്‍ന്ന് കിടന്നപ്പോള്‍ നെഞ്ചില്‍ പൊട്ടിയ ചിരി ഒതുക്കാന്‍ ഞാന്‍ ബദ്ധപ്പെട്ടു.കാരണം ചോദിച്ചാല്‍ പോങ്ങുമ്മൂടന്റെ ബ്ലോഗ് കണ്ട് ചിരിക്കാത്ത ഞാന്‍ ചിരിച്ചെന്നറിഞ്ഞാല്‍ പുറത്ത് കോരിച്ചൊരിയുന്ന മഴയത്തേക്ക് എന്നെ തള്ളി വിടുമെന്ന് ഭയന്നിട്ട്ല്ലല്ല.പക്ഷെ എന്റെ ഒതിക്കിയ ചിരിയുടെ പ്രതിഷേധം അദ്ദേഹത്തിന്റെ നെഞ്ചിനെ ഒന്ന് ഞെരിക്കിയപ്പോള്‍, എന്താ ചുമയാണോ എന്നൊരു ചൊദ്യം. വീണ്ടും എനിക്ക് ചിരി പൊ...തുടരൂ...

വെള്ളിക്കുളങ്ങരക്കാരന്‍ said...

തകര്‍ത്ത്‌ട്ട്ണ്ട്ട്ടാ..പുതിയത് ഒന്നുമില്ലേ?

kerala classifieds said...

കലക്കി മച്ചു ....

Find house in kerala

നിസാരന്‍ .. said...

കിടിലന്‍ .. അല്ല ഇത് തുടരും എന്ന് പറഞ്ഞിട്ട് ?? അടുത്ത പ്രണയ ദിനം വരെ കാത്തിരിക്കണോ??

സുധി അറയ്ക്കൽ said...

കൊള്ളാം.ബാക്കി വായിക്കട്ടെ.