Follow by Email

Wednesday, December 26, 2012

സമൂഹനന്മക്കായ് സ്വയംഭോഗം!

ഒരുവന്റെ ബൌദ്ധികനിലവാരവും ഭാഷയിലുള്ള സ്വാധീനവും സദാചാരബോധവും കൊണ്ട് കൊഴുക്കട്ടയുണ്ടാക്കി ഊട്ടിയാൽ തീരുന്നതല്ല മനുഷ്യർക്കു നേരേ മനുഷ്യർ ചെയ്യുന്ന അതിക്രമങ്ങൾ. മനുഷ്യർഎന്നാണ് ഞാൻ കുറിയ്ക്കുന്നത്. അവരുടെ ലിംഗം നോക്കിയുള്ള വേർതിരിയ്ക്കൽ ഞാനിവിടെ നടത്തുന്നില്ല. ശതമാനക്കണക്കിൽ വ്യത്യാസം അളക്കാതെനോക്കിയാൽ ഇവിടെ സ്ത്രീയും പുരുഷനും ഒരുപോലെ ദുരിതങ്ങൾ അനുഭവിയ്ക്കുന്നുണ്ട്. സ്ത്രീകളിൽ നിന്ന് സ്ത്രീകളും പുരുഷന്മാരിൽ നിന്ന് പുരുഷന്മാരും പീഢനങ്ങൾ ഏറ്റുവാങ്ങുന്നു. ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ ഇരയും ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ഇരയും ആവുന്നുണ്ടെന്ന് അർത്ഥം. എതിർലിംഗത്തിൽ പെട്ടവർ തമ്മിലുള്ള അതിക്രമങ്ങളാണ് ഏറിയപങ്കും നമ്മുടെ ശ്രദ്ധയിലും സ്വാഭാവികമായും മാധ്യമശ്രദ്ധയിലും പെട്ടുപോവുക. കച്ചവടസാധ്യത ഷക്കീലയുടെ മാറിടത്തോളം മുഴുപ്പിൽ അത്തരം ശ്രദ്ധയുടെ പിന്നിൽ ഉയർന്നുനിൽ‌പ്പുണ്ട്.
സത്യത്തിൽ എന്താണിവിടെ പ്രശ്നമാവുന്നത്? ലിംഗം ഛേദിച്ചാലോ വരിയുടച്ചാലോ ചുവന്നതെരുവ് വ്യാപകമാക്കിയാലോ ഇത്തരം പ്രശ്നങ്ങൾക്ക് അറുതിയാവുമോ? ഇന്ത്യഗേറ്റ് വളഞ്ഞും കാക്കിധാരികളെ ആക്രമിച്ചും പ്രതിഷേധക്കുറിപ്പിറക്കിയും ബലാത്സംഗവീരന്മാരോട് കൂട്ടുവെട്ടിയും പ്രശ്നം പരിഹരിയ്ക്കാനാവുമോ? സർക്കാരിനെ കുറ്റപ്പെടുത്തിട്ട് ഫലമുണ്ടോ? വായതുറന്ന് നല്ലവാക്ക് രണ്ടെണ്ണം മൊഴിയാൻ നല്ലേനേരം വന്നാലും സാധിക്കാത്ത മൻ‌മോഹനോട് പരിഭവിച്ചിട്ട് കാര്യമുണ്ടോ? വായതുറക്കാനുള്ള അനുമതി ഇറ്റലി പെറ്റിട്ട പെണ്ണുമ്പിള്ള നൽകണം. നൽകിയാലും ഓള് കുറിച്ചുകൊടുക്കുന്നതേ ആള് പറയാൻ‌പാടുള്ളു. ഇറ്റലിക്കാരി വരയ്ക്കുന്നിടത്തേ നമ്മുടെ ‘പ്രധാന‘പ്പെട്ടവന് പെടുക്കാനാവുകയുള്ളു. നാളിതേവരെയായും ആ പ്രധാനപ്പെട്ടവന്റെ ദൈന്യതകണ്ട് എത്രപേർ പ്രതിഷേധിച്ചു? എത്ര പേർ ഇന്ത്യഗേറ്റ് വളഞ്ഞു? എത്രപേർ ബ്ലോഗുകളിൽ പോസ്റ്റ് നാട്ടി?
ലക്ഷണമൊത്ത വെടികൾ മലയാളിമുക്കുവരുടെ നെഞ്ചിൽ ചാർത്തിയവർ ക്രിതുമസ് വൈനും കേക്കും ഞണ്ണാൻ ഇറ്റലിയ്ക്ക് പറന്നു. അതും കൊച്ചുവെളുപ്പാൻ‌കാലത്ത്. കവകൾക്കിടയിൽ പോലും ക്യാമറവെയ്ക്കുന്ന മാധ്യമപ്രവർത്തകർ പോലും വിവരമറിഞ്ഞത് സൂര്യൻ ഉഗ്രപ്രതാപം പൂണ്ടുനിൽക്കുന്ന പകൽ‌സമയത്ത് മാത്രം. അവന്മാർ തിരിച്ചു വരുമോ ജയിലിലെ ചപ്പാത്തിയും ചിക്കനും കഴിയ്ക്കാൻ?

കൂട്ടമാനഭംഗത്തിനിരയായ ഡൽഹി പെൺ‌കുട്ടിയുടെ അവസ്ഥയിൽ എല്ലാ ചവറുകളും സ്വഭാവത്തിൽ പേറുന്ന എനിയ്ക്കുപോലും ദു:ഖമുണ്ട് സ്നേഹിതരേ. അപ്പോൾ പിന്നെ നിങ്ങളുടെ കാര്യത്തിൽ സംശയമുണ്ടോ? എങ്കിലും ഒന്ന് ചോദിയ്ക്കട്ടെ, കിളിരൂർ കേസിലെ ശാരിയെ ഓർമ്മയുണ്ടോ? ആ പെൺ‌കുട്ടി ഇഹലോകവാസം വെടിഞ്ഞിട്ട് നാള് കുറേയായി. സൂര്യനെല്ലിയിലും ഉണ്ടായിരുന്നു ഒരു പെൺ‌കുട്ടി. പീഢിപ്പിച്ചവരുടെ എണ്ണത്തിൽ ഹാഫ്‌സെഞ്ച്വറി നേട്ടം കൈവരിച്ചവളാണ് അവൾ. വിതുരയിലുമുണ്ടായിരുന്നു പ്രായപൂർത്തിയാവാത്ത ഒരു പെൺ‌താരകം. അവൾ ഏത് തമോഗർത്തത്തിലാണ് ആണ്ടുപോയത്. കോഴിക്കോട് ഭാഗത്ത് ഐസ്‌ക്രീമിൽ അലിഞ്ഞ് പോയ ഒരു പെൺ‌കിടാവുണ്ട്. ഓർക്കുന്നുണ്ടോ അവളെ? ഐസ്ക്രീമിന്റെ മധുരവും തണുവും പേറിയ ആ ഇളംപെൺജീവിതത്തിന് അലിഞ്ഞലിഞ്ഞ് ഇല്ലാതാവാനുള്ള ചൂടേകിയവരിൽ ഒരുവൻ നമ്മുടെ മന്ത്രിയായി വിലസുന്നു. നമ്മൾ അവന് കൊടിപിടിയ്ക്കുന്നു. അവനായി മുദ്രാവാക്യം വിളിയ്ക്കുന്നു. പഴയതെല്ലാം മറന്ന് നമ്മളാനീചനെ ഹൃദയത്തോട് ചേർക്കുന്നു. ജനം തോൽക്കുകയും ജനാധിപത്യം ജയിക്കുകയും ചെയ്യുന്നു!

ഡെൽഹി പെൺകുട്ടീ.. നിന്നെ പെറ്റത് ഭാരതമാതാവാണ്. അതുകൊണ്ടുതന്നെ നീ ഈ വിധി സസന്തോഷം സ്വീകരിച്ചുകൊള്ളുക. ആന്തരികാവയവങ്ങളിൽ നിനക്ക് അണുബാധയേറ്റിട്ടുണ്ട്. അസഹനീയമാവും നീ അനുഭവിയ്ക്കുന്ന വേദന. ഈ കുറിപ്പെഴുതുന്ന പുംഗന് നിന്നോട് പ്രത്യേകിച്ചൊരു മമതയുമില്ല. കാരണം നീ ഇരകളിൽ ഒരുവൾ മാത്രമാണ്. നിന്നെപ്പോലെ അനവധി കുട്ടികൾ ഈ കേരളമണ്ണിലുണ്ട്. നീ ഒറ്റയ്ക്കല്ല. ഒറ്റപ്പെട്ടുപോവുന്നവർക്ക് നൽകാനുള്ളതാണ് എന്റെ മനസ്സിൽ അവശേഷിക്കുന്ന അല്പമാത്രമായ കരുണ. നിനക്കായി അതുമുഴുവൻ നൽകാൻ എനിയ്ക്ക് സാധ്യമല്ല. മനസ്സുകൊണ്ട് പോലും ഞാനൊരുവളെ ബലാൽക്കാരം ചെയ്തിട്ടില്ല. അതുമാത്രമാവാം എനിയ്ക്ക് നിന്നോട് രണ്ടുവാക്ക് പറയാനുള്ള എന്റെ യോഗ്യത.

എനിക്കുറപ്പുണ്ട്, ഏതൊരുവന്റെ പുരുഷത്വം ഒരുവളുടെ ഇംഗിതമില്ലാതെ അവളുടെ ജനനേന്ദ്രിയം വരെ നീളുന്നുവോ അവൻ പുരുഷനല്ല. സഹതാപം പോലും അർഹിയ്ക്കാത്ത ഹീനനാണവൻ.

സ്വാർത്ഥനായ മനുഷ്യരിൽ നിന്നാണ് സമൂഹം പലപ്പോഴും തിക്താനുഭവങ്ങൾ നേരിടുന്നത്. അവനവന്റെ നേട്ടം, അവനവന്റെ സുഖം, അവനവന്റെ വിജയം; അവരാ‍ണ് പാതകികൾ. ഒരുവൻ തന്നെത്തന്നെ സ്നേഹിച്ചു തുടങ്ങുമ്പോൾ അവൻ സമൂഹമെന്ന ചട്ടക്കൂടിന് വെളിയിലാവുന്നു. സമൂഹത്തിനവർ ബാധ്യതയാവുന്നു. സ്വയം സ്നേഹം തീരെ പാടില്ലെന്നല്ല. സ്വയംസ്നേഹം വേണം.
മിതമായതോതിൽ.

അവനവനെ സ്നേഹിക്കുന്നവർക്ക് മാത്രം ചെയ്യാവുന്ന ഒരു കർമ്മമുണ്ട് ലോകത്തിൽ. അത് സ്വയംഭോഗം ചെയ്യുക എന്നതാണ്. സ്വയംഭോഗം ചെയ്യാൻ പ്രാപ്തരാവൂ. അതിന്റെ സാധ്യതകളെ ചൂഷണം ചെയ്യൂ. ഭാവനയുള്ളവന് ഐശ്വര്യ റായിയെപ്പോലും കിടപ്പറയിലേയ്ക്ക് ആവാഹിക്കാനാവും. രമിയ്ക്കാനാവും. അന്യന്റെ ഭാര്യയെ മോഹിയ്ക്കരുതെന്ന പത്ത് കല്പനയിലൊന്ന് സമൂഹനന്മക്കായി വെടിയുന്നതിൽ തെറ്റില്ല. ഏറിയാൽ, ആ പാപം ഒരു കുമ്പസാരം കൊണ്ട് തീരുകയും ചെയ്യും. സ്വയംഭോഗം കൊണ്ട് പണച്ചിലവില്ലാതെ ഒരുവന്റെ മൃഗതൃഷ്ണ ശമിപ്പിയ്ക്കാനാവും.  സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ചുവന്നതെരുവ് അല്ല പരിഹാരം. (അങ്ങനെയൊരു അഭിപ്രായം ഒരു പോസ്റ്റിൽ ഞാൻ വായിയ്ക്കുകയുണ്ടായി.)

സമൂഹനന്മക്കായ് സ്വയംഭോഗം‘, അതാവട്ടെ നമ്മുടെ പുതുവർഷ പ്രതിഞ്ജ!  

പോങ്ങ്സ്.
(നന്ദി. ഒരുപാട് കാലങ്ങൾക്കുശേഷമാണ് ബ്ലോഗിൽ. ഇനിയിവിടെയൊക്കെ ഉണ്ടാവും. എന്നെ ഓർക്കുന്നുണ്ടോ നിങ്ങൾ?)