Follow by Email

Monday, May 19, 2014

മോദിഫോബിയ!

മലേറിയയോ ചിക്കൻ ഗുനിയയോ ജനിപ്പിക്കുന്ന ഭീതിപോലും എന്നിൽ മോദി ജനിപ്പിക്കുന്നില്ല. ഗുജറാത്തുകാരനായ ദാമോദർദാസ് മൂൽചന്ദ് മോദി എന്ന വ്യക്തിയാണ് നരേന്ദ്രമോദിയുടെ പിതാവ് എന്ന് പറയുമ്പോൾ, അല്ല, മനുഷ്യമാംസം രുചിയോടെ ആസ്വദിച്ചിരുന്ന ഉഗാണ്ടക്കാരൻ ഈദി അമീൻ ആണ് ആളുടെ അച്ഛൻ എന്ന് വിശ്വസിച്ചുവിറച്ച് മുട്ടുകൾ കൂട്ടിയിടിപ്പിച്ച് ഞാനെന്തിന് എന്റെ മുട്ടുചിരട്ടകൾക്ക് ഡിപ്രീസിയേഷൻ വരുത്തണം! എനിക്ക് മോദിയെ പേടിക്കേണ്ട കാര്യമേയില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ, മത വിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്നവരെ തീവണ്ടികളിൽ കുത്തിനിറച്ച് അടുത്ത 5 വർഷക്കാലം മോദിയും കൂട്ടരും ഫ്രൈ ചെയ്ത് ഭക്ഷിക്കും എന്ന് അലമുറയിടാൻ മാത്രമുള്ള ബുദ്ധികൂർമ്മതയും ദീർഘദൃഷ്ടിയും എനിക്കില്ല. (ഭയം ബുദ്ധിയുടെ ലക്ഷണമാണല്ലോ! )

രാഷ്ട്രീയപാർട്ടികൾ വെട്ടിയും കുത്തിയും ബോംബെറിഞ്ഞും രാഷ്ട്രീയവൈരികളെ ‘ഓർമ്മ’യാക്കുന്ന ‘കൊലാ’പരിപാടി വിജയകരമായി നടപ്പിലാക്കി വന്നിരുന്നത് കാര്യമായ ഭയപ്പാടോ പ്രതിഷേധമോ കൂടാതെ കണ്ടുവളർന്നവരാണ് നമ്മൾ കേരളീയർ. അങ്ങനെയുള്ള മലയാളികൾ മോദിയെപ്പോലൊരു മനുഷ്യനെ ഭയക്കുന്നു എന്ന് പറഞ്ഞാൽ അത് മലയാളക്കരയ്ക്കാകെ നാണക്കേടാണ്. രക്തസാക്ഷികളോടുള്ള അനാദരവാണ്. കൊലയ്ക്ക് ഗുജറാത്ത് മോഡൽ, കേരള മോഡൽ എന്നൊന്നുമില്ല. ഇരകൾ എവിടെയാണെങ്കിലും മരണവും മരണത്തോട് അനുബന്ധമായ വേദനയും വരിക്കണം. കേരളത്തിലെ ഇരകൾക്കുള്ള നേട്ടം അവർക്ക് അതാത് പാർട്ടിയുടെ രക്തസാക്ഷിയായി പുലരാം. ഗുജറാത്തിലെ അവസ്ഥ ഈ കുറിപ്പനൊട്ട് അറിയുകയുമില്ല.

ഫേസ്ബുക്കിയന്മാരായ മലയാളികൾക്കുള്ള ഭയം നാടൻ മലയാളികൾക്ക് ഉള്ളതായി കേൾക്കുന്നില്ല. അവർ മോദിയുടെ വിജയം അംഗീകരിക്കുന്നു. തങ്ങളുടെ പാർട്ടികൾക്ക് പറ്റിയ തോൽ‌വിയിൽ വ്യസനിക്കുന്നു. കേന്ദ്രത്തിൽ പ്രാതിനിധ്യമില്ലാത്തത് കേരളത്തിന് ഏതെങ്കിലും വിധത്തിൽ ദോഷമാകുമോ എന്ന് നാടിനോടുള്ള കൂറോടെ ചിന്തിക്കുന്നു. അതുകൊണ്ട് മോദി വരുന്നേയെന്ന് അലമുറയിട്ട് ഒളിച്ചിരിക്കുകയും ഇടയ്ക്ക് തലനീട്ടി ഫേസ്ബുക്ക് വാളിലേയ്ക്ക് ഭയം ഛർദ്ദിക്കുകയും ചെയ്യണോ?
ആ ഛർദ്ദിലുണ്ട് ആരെങ്കിലും കൂടെ ഭയക്കുന്നോ?

മൻ‌മോഹൻ സിംഗിനേക്കാൾ അപകടകാരിയാവാൻ മോദിക്കെന്നല്ല ഇന്ത്യയിൽ ഇനി വരാനിരിക്കുന്ന ഒരു പ്രധാനമന്ത്രിയ്ക്കും സാധിക്ക്ല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അമ്മ കുട്ടിച്ചോറാക്കിയ നാടിന് മകൻ ഉപ്പ് വിളമ്പി. തൊട്ടുനാക്കാനുള്ള അച്ചാർ വിളമ്പാൻ കോൺഗ്രസ്സുകാർ മകളെയും മരുമകനെയും ക്ഷണിച്ചിരിക്കുന്നു ഇപ്പോൾ! ഒറ്റയ്ക്ക് ഇന്ത്യഭരിയ്ക്കാൻ ബി.ജെ.പി യെ, മോദിയെ പ്രാപ്തമാക്കിയത് കോൺഗ്രസ്സിന്റെ ദുഷിച്ച ഭരണം മാത്രമാണ്. സഹികെട്ട ജനങ്ങൾ മാറി ചിന്തിച്ചു. അവർ വച്ചു പുലർത്തുന്ന പ്രതീക്ഷക്കൊത്ത് ഉയരാൻ മോദിക്കാവട്ടെ എന്ന് ആശംസിക്കുന്നു. അങ്ങനെയായാൽ അത് നാടിന് നല്ലതാവും. ആരു ഭരിച്ചാലും വേണ്ടില്ല, നാട് നന്നായാൽ മതി. (തന്റേതായ രഷ്ട്രീയകക്ഷികളിലൂടെ ഉണ്ടാവുന്ന വികസനം മാത്രമേ അനുഭവിക്കൂ എന്ന് വാശിയുള്ള ഒരുവനെങ്കിലുമുണ്ടോ?)

ജാതിമത ഭേദമെന്യേ ഇന്ത്യ മഹാരാജ്യത്തിലെ സകല ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് പോവും എന്ന് വിശ്വസിക്കാനാണ് ഞാൻ ഈ സമയം ഇഷ്ടപ്പെടുന്നത്. എക്കാലവും അങ്ങനെയാവണമെന്നാണ് ആഗ്രഹവും.. കോൺഗ്രസ്സിന് തെറ്റുകുറ്റങ്ങൾ തിരുത്തി മടങ്ങി വരാൻ കഴിയട്ടെ. ഭരണകക്ഷിയും പ്രതിപക്ഷവും തുല്യശക്തികൾ ആവുമ്പോൾ കുറ്റമറ്റ ഭരണം കൂടുതൽ സാധ്യമാവും.

പലായനങ്ങളും നരഹത്യകളും ഇന്ത്യയിൽ നടമാടുമെന്ന് ആരും കരുതേണ്ടതില്ല. എന്തുകൊണ്ടെന്നാൽ ഇത് ഇന്ത്യയാണ്. നമ്മുടെ സാമൂഹികവും സാംസ്കാരികവുമായ പരിസരം കലാപങ്ങൾക്ക് ഇണങ്ങുന്നതേയല്ല. ഇവിടെ മതേതരത്വം തകർന്നു, തകർക്കപ്പെടാൻ പോവുന്നു എന്നൊക്കെയുള്ള വേവലാതികൾ അസ്ഥാനത്താണ്. നിലനിൽ‌പ്പിന്റെ ഭാഗമാണ് അത്തരം പ്രചരണം. മോദിയെ ഒട്ടും ഭയക്കേണ്ടതില്ല. അദ്ദേഹം ഇന്ന് ഗുജറാത്ത് മുഖ്യമന്ത്രി അല്ല. ഇന്ത്യൻ പ്രധാനമന്ത്രിയാണ്. ഇനി മോദിയാണ് ഭയക്കേണ്ടത്. ഇന്ത്യൻ ജനതയെ! മതേതരത്വം കാത്തുസൂക്ഷിച്ച് വികസനോന്മുഖമായ ഒരു ഭരണം കാഴ്ചവയ്ക്കാൻ മോദിയ്ക്ക് ആവട്ടെ. നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാൻ സാധിക്കട്ടെ. ആശംസകൾ. അഭിനനന്ദനങ്ങൾ.

പിൻ‌കുറിപ്പ് : ഈ കുറിപ്പ് എഴുതിയ ആൾ സംഘി അല്ല. മോദിഫോബിയ ഇല്ലാത്ത ഒരു ‘ഇളം’ സഖാവാണ്.

Monday, April 28, 2014

കൂടിക്കാഴ്ച

ഞാൻ ചെല്ലുമ്പോൾ യോഗനിദ്രയ്ക്ക് അല്പമൊരു ഇടവേള കൊടുത്ത്, എണ്ണമറ്റ ‘അന്തംസും’ മറ്റും വിട്ടുകൊണ്ട് അനന്തനുമേൽ കൊടുകൈ കുത്തി ചെരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു പത്മനാഭൻ. അനന്തൻ അഞ്ചുപത്തിയിൽ നിന്നും ഒരുപോലെ ഇരട്ടനാവ് നീട്ടി കളിക്കുന്നു. പത്മനാഭൻ പരിചയഭാവത്തിൽ നോക്കിയപ്പോൾ ഞാൻ ഒരു സ്മൈലി കൊടുത്തു. മറു സ്മൈലി ഉപചാരമായി.

പത്മനാഭൻ ചോദിച്ചു - എന്താണ് നാമധേയം?
- ബ്ലോഗ് നാമം പോങ്ങുമ്മൂടൻ എന്നാണ് പത്മനാഭൻ ഈശ്വരാ.
അച്ഛൻ നൽകിയ പേർ ഹരീഷ് എന്നും... - ഞാൻ വിനയാന്വിതനായി വിശദീകരിച്ചു.
അച്ഛന്റെ പേർ?
- ശിവരാമൻ നായർ.
- നായരാണല്ലേ?
മാനം കളയരുത് തമ്പുരാൻ. അങ്ങനെയാണ് പിണഞ്ഞത്.
ഞാൻ 2 തുള്ളി കണ്ണുനീർ പാലാഴിയിലേയ്ക്ക് പൊഴിച്ചു.
അതിൽ മാനക്കേട് എന്തിരിക്കുന്നു?!!
പത്മനാഭൻ സംശയാലുവായി.
ഓ!! അങ്ങ് സോഷ്യൽ നെറ്റുവർക്കിലും മറ്റും സജീവമല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ചോദ്യം. നായന്മാരുടെ മാർക്കറ്റ് വാല്യു ഇപ്പോൾ പരിതാപകരമാണ് അങ്ങുന്നേ.. മതം മാറാനുള്ള ഓപ്ഷൻ മനുഷ്യർക്കുണ്ട്.. എന്നാൽ ജാതി മാറാനുള്ള സമ്പ്രദായം വിപണിയിൽ നടപ്പിലായിട്ടില്ല.
ഇപ്പോഴും ഇതൊക്കെയുണ്ടോടോ, ഈ ജാതിമതചിന്തകൾ?
-പത്മനാഭ പുരികങ്ങൾ ചോദ്യചിഹ്നം വരച്ചു.
സുലഭമാണ് സംഗതി ഈശ്വാരാ. ദൈവമായതുകൊണ്ട് അങ്ങ് അറിയാത്തതാണ്.

അനന്തൻ പാലാഴിയിൽ വാലിട്ടൊന്ന് കടഞ്ഞു. പത്മനാഭൻ എഴുന്നേറ്റ് അനന്തനുമേൽ ചമ്രം പടിഞ്ഞിരുന്നു. അനന്തന്റെ കണ്ണുകളിൽ ഇപ്പോൾ ചെറിയൊരു സ്മൈലി വിരിഞ്ഞിട്ടുണ്ട്. അനന്തൻ ചോദിച്ചു.

- വർഗപരമായി നാം ഒന്നാണല്ലേ?
- അതേ, പാമ്പങ്ങുന്നേ. വൈകുന്നേരമായാൽ ആട്ടവും ഇഴച്ചിലും അച്ചട്ടാണ്.

അനന്തൻ ചിരിച്ചു. പത്മനാഭൻ ചിരിച്ചെന്നു വരുത്തി.

ആട്ടെ, എന്താണ് ആഗമനോദ്ദേശ്യം? - പത്മനാഭൻ.
വെറുതേ, ഇതുവഴി പോയപ്പോൾ ഒന്ന് കയറിയെന്നേയുള്ളൂ. അങ്ങയുടെ സ്ഥിതി അറിയുന്നുണ്ട്.. ഖേദമുണ്ടല്ലോ ഈശ്വരാ...

പത്മനാഭൻ തിരുമുഖത്ത് വിഷാദം വിരിച്ചിട്ടു. ഞാൻ സാമാന്യമര്യാദയെ മാനിച്ച് ഭാവം അനുകരിച്ചു നിന്നു. പത്മനാഭൻ അരുളിച്ചെയ്തു..

- പരിതാപകരമാണ് മാനവാ അവസ്ഥ. ദൈവമാണെന്ന പരിഗണന പോലുമില്ല ഒരുത്തനും..അലക്കി വെളിപ്പിക്കുകയാണ്. കുറച്ച് ദിവസങ്ങളായി അമിക്യസ്‌കൂറി എന്നോ മറ്റോ പേരായ ഒരിനം മാനവന്റെ വിളയാട്ടമായിരുന്നു. ഈ ജാതി ഒന്നിനെ ഞാൻ സൃഷ്ടിച്ചതായേ ഒർക്കുനതേയ്യില്ല. സഹദൈവങ്ങളായി എത്രപേരുണ്ട്. അവരാർക്കെങ്കിലുമുണ്ടോടേ ഈ ഗതി. യോഗനിദ്രയിൽ പോലും ശ്രദ്ധചെലുത്താൻ ആവുന്നില്ലെടേ ഈ അലവലാതികളെക്കൊണ്ട്...

ദൈവം വിതുമ്പി. ഞാൻ വിതുമ്പലും അനുകരിച്ചു. അനന്തൻ നാവിളക്കി കളിയിൽ തന്നെ.

- ഈശ്വരൻ പറയുന്നതിൽ കാര്യമുണ്ട്. പക്ഷേ, ധർമ്മരാജാവിനും പണി കൊടുത്തിട്ടുണ്ടല്ലോ ആ മാഡം ക്യൂറി - ഞാൻ പറഞ്ഞു

വിഡ്ഡി. മാഡം ക്യൂറി അല്ല. അമിക്കസ്‌ക്യൂറി - ദൈവം തിരുത്തിക്കൊണ്ട് തുടർന്നു.. ധർമ്മരാജാവിനെപ്പറ്റി മിണ്ടിപ്പോവരുത്. ധർമ്മക്കാരൻ മാതിരി ആയിരുന്നു പ്രകടനമെന്ന് നാട്ടാരെക്കൊണ്ട് പറയിപ്പിച്ചില്ലേ ഓൻ! നമ്മുടെ കൂടി വില കളയാൻ..

ഉവ്വ! അറിവുകേടല്ലങ്ങുന്നേ വാപിശകാണ്. മുൻ‌കാലപ്രാബല്യത്തോടെ പൊറുക്കണം.

- പൊറുത്തിരിക്കുന്നു.

- ഈശ്വരോ, വിവരാവകാശ നിയമം കൈയ്യിലെടുത്തുകൊണ്ട് അടിയൻ ഒന്ന് ചോദിച്ചോട്ടെ... ഇക്കണ്ട സ്വത്തുക്കളൊക്കെ ശരിക്കും അങ്ങയുടേതാണോ രാജാവിന്റേതാണോ?

- ഡബിൾ വിഡ്ഡി.. നമ്മുടേതല്ല. നമുക്ക് പുലരാൻ സ്വത്തും പണവും വേണ്ട മാനവാ. പിന്നെ.. ഇക്കണ്ടതൊക്കെ സമ്പാദിക്കാൻ ധർമ്മന് കൈത്തൊഴിലോ കുലത്തോഴിലോ മറ്റോ ഉണ്ടായിരുന്നോ.. ഒക്കെ ഡാവിയതല്ലേടോ.. കുറ്റം പറയാൻ സാധിക്കുമോ, പ്രകൃതിയോടും സഹജീവികളോടും മറ്റു ജീവജാലങ്ങളോടുമൊക്കെയുള്ള ദയയും കരുണയും സ്നേഹവും സഹാനുഭൂതിയും സാധാരാണക്കാർക്ക് മാത്രമേ ഉണ്ടാവുകയുള്ളൂ.. സമ്പത്ത്, സ്വാധീനം, അധികാരം എന്നിവയൊക്കെ ജീവിതത്തിൽ വന്നുചേരുന്ന മാനവൻ നീചരിൽ നീചനാവുന്നു. കക്കൽ ആണ് അവറ്റകളുടെ കുലത്തൊഴിൽ. അവൻ രാജാവായാലും സാദാ / മുഖ്യ / പ്രധാന / മന്ത്രിയായാലും അങ്ങനെതന്നെ. അമിക്കസ്‌ക്യൂറിയാവട്ടെ, ജഡ്ജിയാവട്ടെ കഥ വ്യത്യസ്തമാകില്ല. രാജഭരണം മാറി ജനാധിപത്യം വന്നു. സ്വാഭാവികമായും മോഷ്ടിക്കാനുള്ള അവകാശം രാജാവിൽ നിന്ന് ജനപ്രതിനിധികളിലേയ്ക്ക് മാറുക തന്നെ വേണം. അതാണ് ന്യായം.

ദൈവം ചിരിച്ചു. തുടർന്നു

- നിധിയുണ്ടെന്ന വാർത്ത വന്നപ്പോൾ തന്നെ ഭക്തശിരോമണികളിൽ ഉണ്ടായി വർദ്ധന! ഉത്തരേന്ത്യയിൽ നിന്ന് വരെയാണ് പാരവശ്യത്തിൽ വന്ന് അവറ്റകൾ കുമ്പിടുന്നത്... ട്രൌസറിനും ചുരിദാറിനുമൊക്കെ മുകളിലായി മുണ്ടും ചുറ്റി മുന്നിൽ വന്ന് നിൽക്കുന്നവരെ കാണുമ്പോൾ ചിരിച്ച് എളി ഉളുക്കുകയാണെടോ... ആരാണ് ഈവിധ നിയമങ്ങളൊക്കെ ഉണ്ടാക്കിയതോ എന്തോ!!! പ്രാർത്ഥനയ്ക്ക് എന്ത് ചിട്ടവട്ടങ്ങൾ..വേഷം കെട്ടലുകൾ... ദൈവം തെളിഞ്ഞ് ചിരിച്ചു. അടിയൻ അതും അനുകരിച്ചു.

ദൈവം തുടർന്നു..

സമ്പത്തുള്ള ദൈവങ്ങളോടേ ഭക്തർക്ക് താല്പര്യമുള്ളൂ എന്ന് വേണം അനുമാനിക്കാൻ. താൻ അവിടേയ്ക്ക് നോക്കൂ... (ദൈവം വിരൽ ചൂണ്ടിയിടത്തേയ്ക്ക് ഞാൻ നോക്കി.. അകലെ പാലാഴി തീരത്തുകൂടി ചെമ്പട്ട് ചുറ്റി ഇടതൂർന്ന മുടിയുമായി നടന്നകലുന്ന രൂപം അവ്യക്തമായി ഞാൻ കണ്ടു. ) അതാണ് കുടമുട്ടേൽ അമ്മ. കേമിയാണ്. പക്ഷേ ദാരിദ്ര്യമായിപ്പോയി. അതുകൊണ്ടെന്താ.. ഒറ്റ ഭക്തനും തിരിഞ്ഞുനോക്കുന്നില്ല. അങ്ങനെ എത്രയെത്ര ദൈവങ്ങളാണ് ദാരിദ്ര്യരേഖയ്ക്ക് കീഴിലെന്ന് അറിയാമോ തനിക്ക്...
ഈജാതി ഭക്തരുള്ളപ്പോൾ ദൈവമായിട്ട് പുലരാൻ കടുപ്പമാണ് മാനവാ..കടുംകടുപ്പം!

ഈ പണ്ടം മുഴുവൻ ആരാച്ചാൽ എടുത്ത് ഭുജിക്കട്ടെ. ആയുധധാരികളായ കാവൽക്കാരിൽ നിന്നും സ്വാർത്ഥതയും വിഷചിന്തയും നിറച്ച മനസ്സുമായി നമ്മെ കുമ്പിട്ട് അപമാനിക്കുന്ന ഭക്തരക്ഷസ്സുകളിൽ നിന്നും നമുക്ക് രക്ഷ നൽകണേ എന്ന് സകലമാനവരോടും പ്രോട്ടോക്കോൾ മറന്ന് നാം പ്രാർത്ഥിക്കുന്നു...

ദൈവം കൈകൾ കൂപ്പി. അടിയൻ അതും അനുകരിച്ചു.

എല്ലാം ശരിയായി വരും പത്മനാഭദൈവമേ... വള്ളിക്കാവിലമ്മയെ മനസ്സുരുകി പ്രാർത്ഥിച്ചോളൂ... ഒരു വഴിക്കാക്കിയിരിക്കും. - ഞാൻ പറഞ്ഞു.

വള്ളിക്കാവിലമ്മയോ, അത് ആർ? - ദൈവം ചോദിച്ചു.

അങ്ങ് അതറിയാതെ പോയത് ദുരന്തമായല്ലോ ഭഗവാനേ... ഞങ്ങൾ ഹിന്ദുമനുഷ്യരുടെ ആ‍ൾ ദൈവമാണ് വള്ളിക്കാവിലമ്മ. അസ്സൽ ദൈവത്തോളമാണ് പ്രാപ്തി. ആലിംഗനപ്രിയയും സ്നേഹമയിയുമായ ഞങ്ങളുടെ അമ്മ! ദൈവമേ.. ഞാൻ ഭയക്കുന്നു.. അമ്മയെ അറിയില്ലെന്ന് ഭഗവാൻ പറഞ്ഞത് അമ്മയുടെ മക്കളെ വ്രണപ്പെടുത്തിയിരിക്കാം. അവരുടെ കോപാഗ്നി തടുക്കാൻ അങ്ങേയ്ക്ക് ആവതുണ്ടാവട്ടെ. എന്നാൽ ഞാനങ്ങോട്ട്...

ഞാൻ വിട ചോദിച്ചു.

ഭഗവാൻ പറഞ്ഞു.

അനന്തന് താങ്ങാനാവുമോ എന്ന് സംശയമുള്ളതുകൊണ്ടാണ് ഇരിക്കാൻ പറയാതിരുന്നത്. അപ്പോൾ ഇടയ്ക്കൊക്ക ഇങ്ങോട്ടേയ്ക്ക് ഇറങ്ങുക. പ്രാർത്ഥിച്ച് ഹിംസിക്കാതിരിക്കുന്ന നിങ്ങളെപ്പോലുള്ളവരാണ് ദൈവഗണങ്ങൾക്ക് ആശ്വാസം.

ദൈവം ചിരിച്ചു. അനന്തൻ ചിരിച്ചു. ഇരുവരെയും ഈ മാനവൻ അനുകരിച്ചു. പിന്നെ ഒരിക്കൽക്കൂടി യാത്ര പറഞ്ഞിറങ്ങി.

***

( നേരമ്പോക്കല്ലാതെ, ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തുക എന്നത് ഈ കുറിപ്പിന്റെ ലക്ഷ്യമല്ല. നേരമ്പോക്കായി അനുഭവപ്പെട്ടില്ലെങ്കിൽ അത് എന്റെ പരാജയമാണ്. അങ്ങനെയെങ്കിൽ സമയനഷ്ടം ഉണ്ടാക്കിയതിന് ക്ഷമ ചോദിക്കുന്നു. നന്ദി. )

Tuesday, April 1, 2014

ജയന്തി

കിളുന്ത് പ്രഭാതത്തിനുമേൽ ഉറക്കമുണർന്നു. വെണ്ണയുണ്ടു. തേങ്ങാചട്ണിയാവുന്ന കാളിന്ദിയിൽ ഫണംവിരിച്ച ഇഡ്ഡലിമേൽ ഏറെ നേരം കാളിയമർദ്ദനമാടി. ഇനി ഏതെങ്കിലും ഗോപികയുടെ വസ്ത്രാപഹരണം നടത്താനും പിന്നെ, ലീലയിലേർപ്പെടാനുമാണ് നീക്കം. അങ്ങനെ ഈ നാളിനെ ഫേമസാക്കിയ ആളുമായി താദാത്മ്യം പ്രാപിക്കണം. വെറുതെ മിത്രങ്ങൾക്ക് ആശംസ അർപ്പിച്ചുകൊണ്ട് മാത്രം അടങ്ങിയിരിക്കാൻ എന്നിലെ ക്രീഡാപ്രേമിക്ക് സാധിക്കില്ല. ഞാൻ എന്റെ കർത്തവ്യത്തിൽ മുഴുകട്ടെ...

(ഫേസ്‌ബുക്കിൽ കുറിച്ചത്)

പീതാംബരത്വം!

ഓരോ പുരുഷനിലും ഏറിയും കുറഞ്ഞും ഒരു പീതാംബരക്കുറുപ്പ് കുടികൊള്ളുന്നുണ്ട്. തർക്കിക്കാൻ ആളുണ്ടാവാം. എങ്കിലും പറഞ്ഞത് തെറ്റാവുമെന്ന് തോന്നുന്നില്ല. അതുകൊണ്ടുതന്നെ പീതാംബരക്കുറിപ്പിനെ എറിയാൻ എടുത്ത കല്ല് എനിക്കുനേരേ തന്നെ എറിഞ്ഞുകൊണ്ട് ശ്രീമതി ശ്വേത മേനോന് നേരിടേണ്ടി വന്ന അപമാനത്തിൽ ഞാൻ പ്രതിഷേധിക്കുന്നു.

പീതാംബരക്കുറുപ്പ് എത്രമാത്രമാണോ ശ്രീമതി ശ്വേതയുടെ സ്ത്രീത്വത്തെ അപമാനിച്ചത് അതിലും പതിന്മടങ്ങായി അവരുടെ അവശേഷിക്കുന്ന മാനത്തെ മാധ്യമ ധർമ്മക്കാർ അപമാനിച്ചു എന്നാണ് കരുതേണ്ടത്. ഒരുപക്ഷേ, അധികമാരും അറിയാതെ പോവുമായിരുന്ന മാനക്കേടിനെ ചൂടാറാതെ രണ്ട് ദിവസം മലയാളികളുടെ സ്വീകരണ മുറികളിൽ വിളമ്പി അവർ ധർമ്മം പാലിച്ചു. ഇടത്തരവും മുന്തിയതുമായ പീതാംബരന്മാരെ മസാലക്കൂട്ടായി ചർച്ചയിൽ ചേർത്തത് വിഭവത്തിന്റെ ആസ്വാദ്യതയെ ഉയർത്തുന്നതായി. ഉണ്ടവർക്കും തൃപ്തി. ഊട്ടിയവർക്കും തൃപ്തി. മനസ്സിലാവാതെ പോവുന്നത് ഒന്നേയുള്ളു. വിളമ്പാനുള്ള വിഭവങ്ങളുടെ തിരഞ്ഞെടുപ്പിൽ മാധ്യമധർമ്മക്കാർ അനുവർത്തിക്കുന്ന മാനദണ്ഡം എന്താണ്? ശ്രീമതി ശ്വേതയുടെ മാനത്തകർച്ചയേക്കാൾ ഭീകരമായി മാനനഷ്ടം – ജീവനഷ്ടം പോലും - സംഭവിച്ച നിരവധി സ്ത്രീകൾ ആറിയ വാർത്താവിഭവമായി പോലും മാറുന്നില്ല. ഇരയും വേട്ടക്കാരനും സെലിബ്രിറ്റികളാവുമ്പോൾ അവർ സൃഷ്ടിക്കുന്ന വാർത്തകൾക്ക് ചൂടും രുചിയും ഏറുന്നതുകൊണ്ട് വിളമ്പുകാർക്ക് അത് ലാഭകരമാവുന്നു. ലാഭമുണ്ടാക്കുന്ന മാനക്കേടുകൾ തിരഞ്ഞ് ധർമ്മക്കാർ അലയുന്നു. നഗ്നയാക്കപ്പെട്ട് തെരുവിലൂടെ നടത്തപ്പെടുന്ന സ്ത്രീയും വെറിയുടെ രേതസ്സിൽ മുങ്ങി മരിച്ചു വീഴുന്ന പെൺകുട്ടിയുമൊക്കെ ക്യാമറയ്ക്ക് അരുചിയാവുന്നു. അവരുടെ മാനം എന്തുകൊണ്ടാണ് ഇത്ര വിലകെട്ടതായി മാറുന്നത്?

പീതാംബരന് എതിരെ ശ്വേത പരാതി കൊടുത്തത് സ്വമനസ്സാലെ ആയിരുന്നില്ലെന്നത് നിശ്ചയം. മാധ്യമങ്ങളുടെ ഇടപെടൽ തീർച്ചയായും അവരെ സ്വാധീനിച്ചിരിക്കുകയും നിവൃത്തിയില്ലാത്ത നിലയിൽ എത്തിക്കുകയും ചെയ്തിരിക്കാം. കൊടുത്ത പരാതി മണിക്കൂറുകൾക്കകം അവർ പിൻവലിച്ചതിന് ബാഹ്യഇടപെടലുകൾ അല്ല പകരം പീതാംബരൻ മാപ്പ് പറഞ്ഞതാണ് കാരണം എന്ന് കേൾക്കുന്നു. മാപ്പ് ചോദിക്കുന്നതും ചോദിച്ചാൽ കൊടുക്കുന്നതും നല്ല കീഴ്വഴക്കം തന്നെ. അനുകരണീയം. അതുവഴി പീതാംബരനും ശ്വേതയും മാത്രമല്ല കൊല്ലം കളക്ട്രറും രക്ഷപെട്ടു. മാപ്പ് കൊടുക്കാൻ കാണിച്ച മഹാമനസ്കത ശ്വേതയുടെ മിച്ചമിരിക്കുന്ന മാനത്തിന് കേടുപാട് വരുത്താൻ ഇടയാക്കിയേക്കും. കാരണം, ഈ മാനഭംഗം ശരിയാംവിധം മൂർച്ഛിക്കാതെ സ്ഖലിച്ചു തൂകിയതിൽ അതൃപ്തരായവർ ചില്ലറയാവില്ല.

ശ്വേത സംഭവസ്ഥലത്തുവച്ച് തന്നെ പ്രതികരിക്കാതിരുന്നതിന് കാരണമായത് അവരുടെ കറതീർന്ന പ്രൊഫഷണലിസമാണെന്ന് കേൾക്കുന്നു. തന്റെ മാനത്തേക്കാൾ വലുതാണ് താൻ മുഖ്യ അഥിതിയായി പങ്കെടുക്കുന്ന ചടങ്ങെന്ന് ഒരു സ്ത്രീ കരുതണമെങ്കിൽ അത് അത്രതന്നെ ശ്രേഷ്ഠമായ പ്രൊഫഷണൽ മനോഭാവം കൊണ്ട് തന്നെയാണ്. നന്നായി. എങ്കിലും ശ്വേത അറിയാതെ പോയ ഒരു ചെറുകാര്യമുണ്ട്. കുറുക്കനെ പേടിക്കാത്ത ഒരു കോഴിയും ഇല്ലെന്നത്. തന്റെ ശരീരത്ത് സ്പർശിക്കുന്ന പീതാംബരകരങ്ങളുടെ ‘കൈയ്യിലിരുപ്പ്’ ശരിയല്ലെന്ന് ബോധ്യമായ നിമിഷം പീതുവിന്റെ ഇരു ചെവികളിലും നന്നാല് സരസ്വതീകടാക്ഷമുള്ള വാക്കുകൾ വീതം നിക്ഷേപിച്ചിരുന്നെങ്കിൽ പീതു വള്ളപ്പാട് അകലെ മാറി നിൽക്കുമായിരുന്നു എന്നത് ഉറപ്പ്. കാരണം കോഴികൾ അങ്കവാലുള്ള ഭീരുക്കൾ കൂടിയാവുന്നല്ലോ! ചടങ്ങ് കായലാവാതെ, തന്റെ പ്രൊഫഷണലിസത്തിന് ഊനം തട്ടാതെ നാല് നല്ല വാക്കുകൾകൊണ്ട് തന്റെ സ്ത്രീത്വത്തെയും അത് പേറുന്ന മാനത്തെയും സംരക്ഷിക്കാൻ ശ്വേതയ്ക്ക് ആവുമായിരുന്നു എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. ചീത്തയെന്ന് നമ്മൾ കരുതുന്ന പല വാക്കുകളും പലപ്പോഴും കോഴികളിൽ നിന്ന് രക്ഷനേടാൻ സ്ത്രീകളെ സഹായിക്കും. ബീപ് ശബ്ദത്തിന്റെ കൂട്ടില്ലാതെ അവ കോഴിക്കാതുകൾ നോക്കി വർഷിക്കാനുള്ള ശേഷി സകല സ്ത്രീകൾക്കും ഉണ്ടാവട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.

സങ്കൽപ്പത്തെയും അനുമാനത്തെയുമൊക്കെ കൂട്ടുപിടിക്കുന്ന സ്വഭാവം വളർത്തിയാൽ ഇനിയുള്ള കാലത്ത് പീതാംബരക്കുറുപ്പിനും മാനക്കേടില്ലാതെ പുലരാം എന്നാണ് എന്റെ കണക്കുകൂട്ടൽ. ഉദാഹരണത്തിന് ആവശ്യത്തിന് മൈദ മാവ് വാങ്ങുക. വെണ്ണ ചേർത്ത് നന്നായി കുഴയ്ക്കുക. കൈയ്യിൽ ഒട്ടിപ്പിടിക്കാത്ത പരുവത്തിൽ കുഴച്ചെടുത്തതിനു ശേഷം കണ്ണുകൾ ഇറുക്കിയടച്ച് കുഴച്ച മൈദമാവിൽ കൈകൊണ്ട് അമർത്തുക. എന്നിട്ട് മടി കൂടാതെ സങ്കൽപ്പിക്കുക. അത് കൊതിതോന്നിപ്പിക്കുന്ന പെണ്ണാളിന്റെ ഇന്നയിന്ന ഭാഗങ്ങളാണെന്ന്. അതുവഴി കാര്യമായ തോതിൽ ആശ്വാസം കണ്ടെത്താനാവും. പുറം തോട് കളഞ്ഞ രണ്ട് വാഴത്തണ്ട് കൂട്ടിക്കെട്ടി അതിനുമേൽ കമിഴ്ന്ന് കിടന്ന് അനുമാനിച്ചാലും മാനം കളയാതെ ആശ്വാസത്തെ പൂർണ്ണാർത്ഥത്തിൽ പ്രാപിക്കാവുന്നതാണ്. എന്നിട്ടും നിലക്കുന്നില്ല ആവേശമെങ്കിൽ ഉത്തമം കടുക്ക വെള്ളമാണ്. ഫലം നിശ്ചയം.

അപമാനിക്കപ്പെട്ട ശ്വേത മേനോനും അപമാനിച്ചതുവഴി അപമാനിതനായ പീതാംബരക്കുറിപ്പിനും വന്ദനം.

ബസ്സിലും ട്രെയിനിലും തീയ്യേറ്ററിലും ആളൊഴിഞ്ഞ നിരത്തുവക്കിലും ആളുനിറഞ്ഞ ഉത്സവപ്പറമ്പിലുമൊക്കെ പീതാംബരമോഡൽ പീഢനത്തിന് ഇരയാവുന്ന സകല ശ്വേതമാരോടും പറയട്ടെ. നിങ്ങൾ തിരിഞ്ഞുനോക്കുമ്പോൾ കാണുന്ന പീതാംബരൻ ഞാൻ ആവില്ലെന്ന ഉറപ്പ് മാത്രമേ പുരുഷവർഗ്ഗത്തിൽ പെടുന്നവൻ എന്ന നിലയിൽ എനിക്ക് നൽകാനാവൂ.. മൈദമാവിനും വാഴത്തടയ്ക്കും തീർക്കാവുന്നത്ര കഴപ്പേ തന്നിലുള്ളുവെന്ന് വിശ്വസിക്കുന്ന ഏതൊരാണിനും മിച്ചമാവുന്ന ഒന്നുണ്ട്. നല്ല ഒന്നാന്തരം മാനം.

പുരുഷാ… നീ മൈദമാവിലൂടെ മാന്യനാവൂ.

എന്ന്,
പീതാംബരത്വം വെടിഞ്ഞ പോങ്ങ്സ്.
(ഒപ്പ്)

(ഫേസ്‌ബുക്കിൽ കുറിച്ചത്)

69% പോങ്ങൻ+31% മൂഢൻ = 100%പോങ്ങുമ്മൂടൻ!

“ തൊണ്ടമുതൽ നാവിൻ തുമ്പ് വരെയാണ് വാക്കുകളുടെ റൺ‌വേ ദൂരം. വാക്കുകൾ നാവിൻ തുമ്പിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത് അന്തരീക്ഷത്തിലൂടെ സഞ്ചരിച്ച് കേൾവിക്കാരന്റെ ചെവിയിൽ ലാൻഡ് ചെയ്യണം. അപ്പോൾ വാക് വിമാനത്തിന്റെ യാത്ര അർത്ഥപൂർണ്ണമാവും. ഒരു മനുഷ്യനിൽ നിന്നും ആശയങ്ങൾ മറ്റൊരു മനുഷ്യനിലേക്ക് എത്തിക്കുന്ന കാർഗോ വിമാനങ്ങളാണ് വാക്കുകൾ. അവയെ തൊണ്ടയിൽ നിന്നിറക്കി ഭക്ഷിക്കാൻ നിൽക്കരുത്. ഏത് കത്തിമുനയുടെ മുന്നിലും വാക്കുകളെ ടേക് ഓഫ് ചെയ്യാൻ അനുവദിക്കുക. വാക് വിമാനം പേറുന്ന ആശയങ്ങൾ പ്രതികൂല കാലാവസ്ഥയിൽ ലാൻഡ് ചെയ്യേണ്ട. ചെവികളിലെത്താതെ തകർന്നടിഞ്ഞാലും നിരാശപ്പെടേണ്ട. ആശയ നുറുങ്ങുകൾ അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചോളും. അത് ഗുണപരമാവാതെ പോവുകയുമില്ല. ”

69% പോങ്ങൻ+31% മൂഢൻ = 100%പോങ്ങുമ്മൂടൻ!

അലക്ഷ്യം!

മാസം തികയും മുൻപേ പിളർന്ന് വന്നു. ഭാവം, അച്ഛനുമുന്നേ അമ്മയെ അറിഞ്ഞവൻ എന്നതായിരുന്നു. പിച്ചവെക്കാൻ പഠിക്കും മുൻപേ പിഴച്ചുവടുകൾ സ്വായത്തമാക്കി. ഉച്ഛാരണശുദ്ധി കൈവരിക്കും മുൻപായി വാക്കുകളിൽ പുരട്ടാനുള്ള വിഷം നാവിൽ ഊറിയിരുന്നു.

ഊറ്റത്തോടെയാണ് തഴച്ചുവളർന്നത്. ചട്ടമ്പികൾക്ക് വഴികാട്ടിയായി കൌമാരം ആഘോഷിച്ചു. ജീവിതത്തിനു‌മേൽ തിന്മകൾ തിടമ്പേറ്റി. പാഠ്യവിഷയത്തിൽ ഉൾപ്പെടാത്തതിലൊക്കെ ഒന്നാമനായി. യൌവ്വനം പെണ്ണിറച്ചി തിന്ന് കൊഴുത്തു. ആദരിക്കാനും ആൾക്കാരുണ്ടെന്ന അത്ഭുതം വെളിപാടായി. മാന്യനും നിഷ്‌പക്ഷനുമായി അഭിനയിച്ചു. നിയമത്തെ ഒരു പാഠം പടിപ്പിക്കാനുറച്ച് ലോ കോളേജ് നിരങ്ങി. വക്കീലെന്ന് ചിലകാലം ചിലർ വിളിച്ചു. സാമൂഹ്യസേവകൻ എന്നവിധം കരുതാനും വിഡ്ഢികൾ ഉണ്ടല്ലോ എന്നത് വിസ്മയമായി.

റിപ്പർ ചന്ദ്രനായിരുന്നു ജീവിതത്തെ സ്വാധീനിച്ച വ്യക്തി. ആദരവിന്റെ മൂർച്ഛയിൽ കൊട്ടുവടി ഒന്ന് സദാ കൂടെക്കൂട്ടി. അതാണ് തമാശയായത്. ഇപ്പോൾ എമ്പോക്കികൾ എന്നെ ‘ജഡ്‌ജ്’ എന്നുവിളിക്കുന്നു. ‘അലക്ഷ്യമാവുമെന്ന’ പേരിൽ വിവരദോഷികൾ എന്നെ ആരാധിക്കുന്നു. ഭയക്കുന്നു. മറുവാക്ക് മറക്കുന്നു. ഭീരുക്കളാണ് ഏറ്റവും വലിയ അനുസരണക്കാർ എന്ന അറിവ് സുദീർഘമായ ഒരു കീഴ്‌ശ്വാസത്തിന്റെ അകമ്പടിയോടെ മുഴങ്ങുന്നു. മുഖ്യന്റെകൂടെയുള്ള ഉച്ചയൂണിന് കിഴങ്ങ് കറിയും ഉണ്ടായിരുന്നല്ലോ!!

(ഫേസ്‌ബുക്കിൽ കുറിച്ചത്)

ഉപസർഗം!

ഉപസർഗം!

ഒരു വാക്കിന്റെ മുന്നിൽ അതിന്റെ അർത്ഥത്തിന് വ്യത്യാസം വരുത്തികൊണ്ട് ഒട്ടി നിൽക്കുന്ന ശബ്ദമാണല്ലോ ഉപസർഗം.
ആ നിലയ്ക്ക് ‘പ്രതിപക്ഷം’ എന്ന വാക്കിൽ ഉപസർഗമായി നിൽക്കുന്നത് ‘പ്രതി’ ആണെന്ന് കാണാം. അത്രത്തോളം മലയാള വ്യാകരണം!

ഇനി വ്യാകരണം വിട്ട് രാഷ്ട്രീയത്തിലേക്ക് വന്നാലോ. മലയാളക്കരയിലെ പ്രതിപക്ഷം ‘ഉപസർഗങ്ങൾ’കൊണ്ട് പെട്ടുപോയത് നമുക്ക് കാണാനാവും.

ടി.പി. ചന്ദ്രശേഖരന്റെ വധമാണ് വിഷയം. വിഷയത്തിന്മേൽ അവശേഷിക്കുന്ന പ്രതികൾ അഥവാ ഉപസർഗങ്ങൾ മൊത്തമായും ചില്ലറയായും സി.പി.ഐ.(എം) അനുഭാവികൾ ആണെത്രെ. മൂന്ന് പേർ അനുഭാവത്തിൽ മാത്രം ഒതുങ്ങുന്നവരല്ല. അവർ പൊടിക്ക് നേതാക്കന്മാരുമാണ്. പി.കെ കുഞ്ഞനന്തൻ, കെ.സി. രാമചന്ദ്രൻ, ‘ട്രൌസർ’ മനോജൻ എന്നീ മൂവരാണ് ‘ഉപസർഗ’ നേതാക്കൾ എന്ന് അറിയാൻ കഴിഞ്ഞു. ആരെയും നേരിൽ കാണാനോ പരിചയപ്പെടാനോ ഇന്നേവരെ ഭാഗ്യം ലഭിച്ചിട്ടില്ല. പക്ഷേ, അതല്ല എന്റെ സങ്കടം. വോട്ടവകാശം ലഭിച്ച് നാളിതേ വരെയായിട്ടും ഇലക്ഷൻ വന്നാൽ അരിവാൾ ചുറ്റിക നക്ഷത്രത്തിനല്ലാതെ ഒരു വോട്ട് കുത്താത്ത ഈ കുറിപ്പൻ അറിയുകയാണ് - അവൻ പൊടിയനായാൽ പോലും - മ്മടെ നേതാവിൽ ഒരുവന്റെ പേര് ‘ട്രൌസർ മനോജൻ’ എന്നാണെത്രെ!

അങ്ങനെ ഒരു പേർ നേതാവിന് പോയിട്ട് എന്നേപ്പോലെ സാദാ അലവലാതി അനുഭാവിക്ക് പോലും പാടുണ്ടോ? ‘കൌപീനം ഗോപി’ എന്നോ ‘ഷഡ്ഡി വാസു’ എന്നോ പേരായോ ഒരുവൻ എത്ര യോഗ്യനാണെങ്കിലും അവനെ നേതാവായി അംഗീകരിക്കാൻ വിവരദോഷം പോലും മതിയാകാതെ വരില്ലേ?! അതുകൊണ്ട് ‘ട്രൊസർ മനോജൻ’ ഇതുവരെ ഞാൻ വോട്ട് ചെയ്ത എന്റ് പ്രസ്ഥാനത്തിന്റെ നേതാവായി ഞാൻ പരിഗണിക്കുന്നില്ല.

അല്ലെങ്കിൽ എന്തിനാണ് ഞാനിങ്ങനെ പറഞ്ഞ് ഏറുകയും സ്നേഹിതരുടെ ശത്രുതയും പുലഭ്യവും അതൃപ്തിയും സൌജന്യമായി നേടുകയും ചെയ്യുന്നത്. അതിന്റെ ആവശ്യമില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളത്തിൽ പുത്തരിയാവില്ല. അതുകൊണ്ടുതന്നെ ടി.പി.യുടെ രക്തത്തിനും രമയുടെ കണ്ണുനീരിനും മാത്രം എന്ത് പ്രസക്തി എന്ന് ചോദിച്ച് പരിഹസിക്കുന്ന എന്റെ സഖാക്കളോട് ഞാൻ ഒന്ന് പറയാം. ടി.പി.യുടെ വധത്തിൽ ഞാൻ ഇതുവരെ വോട്ട് ചെയ്ത എന്റെ പാർട്ടിയ്ക്ക് പങ്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കുത്തരിച്ചോറ് ഉരുളയുരുളയാക്കി വിഴിങ്ങിയതുകൊണ്ട് മാത്രമല്ല ഈ വെളിപാട്. അത് മനസ്സിലാക്കാൻ സാമാന്യബോധം പോലും വേണ്ട എന്നുള്ളടത്താണ് സംഗതിയുടെ കിടപ്പ് വശം.

അല്പമെങ്കിലും തിരിച്ചറിവ്‌ പാർട്ടിയുടെ മണ്ടയിൽ അവശേഷിക്കുന്നുണ്ടെങ്കിൽ ഒന്നേ ചെയ്യാനുള്ളു. പറ്റിയ തെറ്റ് മടി കൂടാതെ സമൂഹത്തോട് വിളിച്ച് പറയുക. ആവർത്തിക്കില്ല ഇത്തരം ഹീനകൃത്യങ്ങൾ എന്ന് ദൃഢനിശ്ചയം എടുക്കുക. ഗുണ്ടകളുടെ നിഴൽതണുവിൽ നിന്ന് അഹന്തയുടെ ശരീരഭാഷ നേതാക്കൾ ഉപേക്ഷിക്കുക. ദരിദ്രരും നിസ്സഹായരും തൊഴിലാളികളും ആകെമൊത്തം പാവപ്പെട്ടവരും പാർട്ടിയുടെ നിലനിൽ‌പ്പിനുള്ള അസംസ്കൃത വസ്തുക്കളാണെന്ന ധാരണ വെടിയുക. എത്ര മുന്തിയ നേതാവായാലും വെടിയുണ്ട ബാഗിൽ കരുതാതിരിക്കുക. ഒരുവൻ പാർട്ടിയോടുള്ള കൂറും വിധേയത്വവും പുലർത്തുന്നത് കലശലായ ബുദ്ധിമാന്ദ്യം ഉള്ളതുകൊണ്ടാണെന്ന് ധരിക്കാതിരിക്കുക. കള്ളം പച്ചയോ മറ്റേത് നിറത്തിലുൾലതോ ആവട്ടെ അത് പറയാൻ തോന്നുമ്പോൾ കാലം മാറിയെന്ന് ഓർക്കുക. നാവടക്കുക. വെളിവും വെള്ളിയാഴ്ചയുമുള്ള സഖാക്കളെ മാത്രം ചാനൽ ക്യാമറയ്ക്ക് മുന്നിൽ ഇരുത്തുക. എത്ര വലിയ ‘രാധാകൃഷ്ണ’നായാലും അവന്റെ ‘ചാക്കി’ൽ കയറി ഓടിക്കളിക്കാതിരിക്കുക. സഹിഷ്ണുതയും വിധേയത്വവും പുലർത്തുക. നേതൃനാവുകൾ പുലഭ്യം പുലമ്പാതിരിക്കുക. തിരിച്ചറിവുകൾ ഉണ്ടായിരിക്കുക. പാഠം പഠിക്കാനുള്ളതാണെന്ന് അറിയുക. തെറ്റുകൾ തിരുത്തേണ്ടവയാണെന്നും. പ്രതിപക്ഷം പരാജിതരുടെ ഒരു കൂട്ടമല്ല. അവർ പ്രതികളുടെ പക്ഷവും അല്ല. ജനാധിപത്യസംവിധാനത്തിൽ അവർക്കുള്ള പ്രസക്തിയും ചെറുതല്ല. കളിക്കൂ... കാലം മാറിയതറിഞ്ഞ്.
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 12 ൽ ഏറെ സീറ്റ് കോൺഗ്രസ്സ് നേടുമെന്ന് എക്സിറ്റ് പോൾ പ്രവചനം. മാസങ്ങൾക്ക് മുൻപ് സ്ഥിതി ഇതായിരുന്നില്ല. സോളാർ തൊട്ട് വിഷയങ്ങൾ പലതുണ്ടായിരുന്നു പ്രതിപക്ഷത്തിന്. 2014 ലും മുഖ്യമന്ത്രിക്കസേരയിൽ ഉമ്മൻ ചന്തിയാണ് അമർന്നിരിക്കുന്നതെങ്കിൽ... എന്റെ പാർട്ടിയേ.... നിങ്ങൾ എവിടെയാണ്?

(പ്രതിപക്ഷവും ഭരണപക്ഷവും ചേർന്ന് രൂപീകരിച്ച പരസ്പര സഹായസഹകരണ കമ്പനിയാണ് കേരളത്തിന്റെ ഭരണയന്ത്രം തിരിക്കുന്നതെന്ന് അറിയുമ്പോൾ തോന്നുന്ന ഒരു ഇണ്ടലുണ്ടല്ലോ...ഹോ!! )

ഓർക്കുക, നന്നായിരിക്കുന്നതിനേക്കാൾ നല്ലതാണ് കൂടുതൽ നന്നായിരിക്കുന്നത്!

(ഫേസ്‌ബുക്കിൽ കുറിച്ചത്)

സുരതേശ്വരിയും ക്ഷണികനും .

സുഭഗയും സുശീലയുമായ ഒരു നാരീരത്നത്തെ സുരേതേശ്വരിയെന്നുധരിച്ച് പുറത്ത് പറഞ്ഞാൽ മാലോകർ അസൂയപ്പെടുന്നതരം കേളികൾക്കായി ഹോട്ടൽ റൂമിലേയ്ക്ക് ക്ഷണിച്ച് , കോണ്ടവുമായി കാത്തിരുന്ന അബ്ദുല്ലക്കുട്ടി എന്ന മധ്യവയസ്‌കനോളം പോന്ന യുവാവിനെ ചാരിത്രവതിയും മറ്റുമൊക്കെയായ മേപ്പടിയാത്തി ചരിത്രമാക്കുകയും ‘ക്ഷണിച്ചവനെ ക്ഷണനം ചെയ്തവൾ’ എന്നവിധത്തിൽ ഖ്യാതി നേടുകയും ചെയ്തതതായി വാർത്ത.

‘ക്ഷണികൻ’ ജനപ്രതിനിധിയാണെന്നും മറ്റുമുള്ള ആരോപണം പരക്കെ ഉയർന്ന് കേൾക്കുന്നുണ്ട്. പതിവായി സേവിച്ചുകൊണ്ടിരുന്ന കടുക്കവെള്ളം കുറച്ചുകാലമായി ടിയാൻ കഴിക്കാറില്ലായിരുന്നു എന്ന് അടുപ്പമുള്ളവർ അറിയിക്കുകയുണ്ടായി. തന്മൂലം സംഭവിച്ച സടകുടഞ്ഞുള്ള ആഗ്രഹോദ്ധാരണമാണ് ക്ഷണകൃത്യത്തിന് പിന്നിലെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

മന്ത്രിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന നാലോളം എണ്ണം പുംഗന്മാർ മേപ്പടിയാളോടൊത്ത് ഊടുപാട് ശയിച്ചിട്ടും തങ്കമാനവൾ പിന്നെയും ചാരിത്ര്യവതിയായി നിലനിൽക്കുന്നതിനുപിന്നിലെ ഗുട്ടൻസ് തേടുകയാണ് ഈ ഞെട്ടിക്കുന്ന വാർത്തക്കിടയിൽ പോലും രാഷ്ട്രീയകേരളം. അക്കാര്യത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു. പ്രാഥമികാന്വേഷണത്തിൽ നാൽ‌വർ സംഘത്തിന്റെ അമിതമായ കടുക്കവെള്ളസേവയാണ് കാരണമായതെന്ന് അധികൃതർ.

ആദർശവതിയും സുധീരയും സുന്ദരിയും നിത്യകന്യകയുമായ പെൺപിറന്നവൾ നാവോങ്ങലിന് രണ്ടുനാൾ സമയം കൂടി അനുവദിച്ചിട്ടുണെന്നുള്ളത് വജ്രവനിതയുടെ നാവിൻ തുമ്പിലിരിക്കുന്ന മറ്റ് അബ്ദുള്ളക്കുണ്ടന്മാർക്ക് ആശ്വാസകരമായി. സം‌പ്രീതയാവും വരെ ഗാന്ധിത്തല പതിച്ച കടലാസ് കഷണങ്ങൾ നിത്യകന്യകയായ സുരതേശ്വരിയുടെ തൃപ്പാദങ്ങളിൽ ചൊരിഞ്ഞാൽ നാവിൻ തുമ്പിലിരിക്കുന്നവരെ വിഴുങ്ങി രക്ഷിച്ചുകൊള്ളും എന്നാണ് വമ്പത്തി പറയാതെ പറയുന്നതെന്ന് രാഷ്ട്രീയനിരീക്ഷകർ അനുമാനിക്കുന്നു.
വരും ദിവസങ്ങളിൽ നീലിമയാർന്ന വാർത്തകൾ കൊണ്ട് രാഷ്ട്രീയകേരളത്തെ കുളിരണിയിക്കുമെന്ന വാശിയിലാണ് കടുക്കവെള്ളപാനികളായ ജനസേവകരും നിത്യകന്യകയുമെന്നും രാഷ്ട്രീയനിരീക്ഷകർ ചെറുനാണത്തോടെ കൂട്ടിച്ചേർത്തു.

(ഫേസ്‌ബുക്കിൽ കുറിച്ചത്)

ഉയർത്തിക്കാട്ടാവുന്ന അസഭ്യം!

‘അമ്മയെ പ്രാപിച്ചവൻ’ എന്ന് അർത്ഥം പേറുന്ന, 3XL വലിപ്പത്തിലൊരു പുലഭ്യം നമ്മുടെ അസഭ്യപദാവലിയെ സമ്പന്നമാക്കി നിലകൊള്ളുന്ന വിവരം ഏവർക്കും അറിവുള്ളതാണല്ലോ. പ്രത്യേക ചില നിവൃത്തികേടുകളിൽ നമ്മുടെ നാവ് ആ മ്ലേച്ഛപദത്തെ തോണ്ടിയെറിയാൻ നിർബന്ധിതമാവും. എന്നാൽ ചിലർക്കെങ്കിലും ആ പദപ്രയോഗം മനസ്താപത്തിന് കാരണമാവാറുണ്ട്. ഇവിടെയാണ് ‘ഗെയ്‌ൽ ട്രെഡ്‌വെൽ’-ന് നന്ദി പറയേണ്ടത്. അർത്ഥം ചോരാത്തതും ആഢ്യത്വം ധ്വനിപ്പിക്കുന്നതുമായ ഒരു മറുവാക്ക് മലയാളത്തിന് സമ്മാനിച്ചതിന്.

അമൃതസ്വരൂപാനന്ദ!!! (100% അർത്ഥസം‌പുഷ്ടം)

ലിംഗഭേദമെന്യേ കൊച്ചുകുട്ടികൾ തുടങ്ങി പ്രായമായവർക്ക് വരെ ഉപയോഗിക്കാവുന്ന ഒന്നാന്തരം അസഭ്യം. അതും സഭ്യത തെല്ലും ചോരാതെ!!
നിനക്ക് നന്ദി ഗെയ്‌ൽ.

( ഇനി, ഗെയ്‌ൽ ട്രെഡ്‌വെൽ പറഞ്ഞത് പച്ചക്കള്ളമാണെന്നോ മറ്റോ തെളിഞ്ഞാൽ(കിണ്ടിയാണ്) സുധാമണിയ്ക്കും ശിഷ്യനും അവരുടെ വിശ്വസ്ഥർക്കും വിശ്വാസികൾക്കും ഒന്നുചേർന്ന് എന്നെ നീട്ടി വിളിക്കാം.... ഡാ.... അമൃതസ്വരൂപാനന്ദേ... എന്ന്! )

(ദേവാലയങ്ങൾ, വായനശാലകൾ, ആശുപത്രി, ക്ലാസ്സ് റൂമുകൾ തുടങ്ങി നിശബ്ദത പാലിക്കേണ്ട ഇടങ്ങളിൽ വച്ച് ആരെയെങ്കിലും ‘ഒന്ന്’ വിളിക്കേണ്ടതായി വന്നാൽ അതിനും സൌകര്യമുണ്ട്. താഴെ കൊടുത്തിരിക്കുന്നപോലൊരു പടം പോക്കറ്റിൽ സ്ഥിരമായി സൂക്ഷിക്കുകയാണെങ്കിൽ ഒന്ന് ഉയർത്തിക്കാണിക്കുകയേ വേണ്ടൂ. അറിയേണ്ടവന് അർത്ഥം തിരിഞ്ഞോളും. ഫോട്ടോ കമന്റായും ഉപയോഗിക്കാനാവുന്നു എന്നതും ഇതിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. )


***
ഉച്ഛരിക്കാതെ ഉയർത്തിക്കാട്ടാവുന്ന അസഭ്യം!
കാലം പുരോഗമിക്കുമ്പോൾ അസഭ്യത്തിന്റെ പ്രയോഗസാധ്യതകളും വിശാലമാവുന്നു എന്നേ ഗണിക്കേണ്ടൂ. എല്ലാം മായ!

(ഫേസ്‌ബുക്കിൽ കുറിച്ചത്)

പുരുഷോത്തമ വിളി!

പേറുന്ന വികാരത്തിന്റെ ഭാരത്താൽ കുഴഞ്ഞും കിതച്ചുമാണ് ആ ശബ്ദം എന്റെ ചെവികളിലെത്തിയത്. ലിംഗനിർണ്ണയം സാധ്യമാക്കാത്ത വിധമാണ് ശബ്ദത്തിന്റെ സ്വഭാവം.

- ഇത്... ഹരീഷ് .. സദാശിവൻ ആണോ?
- ആദ്യ ഭാഗം അച്ചട്ടാണ്. എന്നാൽ നാം സദാ ശിവനല്ല.
ഇടയ്ക്ക് പാമ്പായും ആടും.
- ഓ.. ക്ഷമിക്കണേ.. ശിവരാമൻ...ഹരീഷ് ശിവരാമൻ അല്ലേ?
- അങ്ങനെയല്ലാതിരിക്കാൻ കാരണമൊന്നും കാണുന്നില്ല. ആരാണ് താങ്കൾ?
- ഞാൻ വെച്ചൂരീന്നാ.
- നന്ന്. ശേഷം?
- പേര് പുരുഷോത്തമൻ.
- ഉശിരനായിട്ടുണ്ട് പേർ. ആദ്യമായാണ് ഒരു പുരുഷോത്തമനോട് സംസാരിക്കാൻ ഇടവരുന്നത്. പറയൂ സുഹൃത്തേ...
- അതേ... എന്റെ ചങ്ങാതീടെ ഫ്രണ്ട്സ് ലിസ്റ്റിൽ അണ്ണനെ കണ്ടാരുന്നേ... അപ്പത്തന്നെ ഞാൻ റിക്വസ്റ്റ് വിട്ടു. അണ്ണൻ പക്ഷേ ഇതുവരെ എന്നെ ഫ്രണ്ടാക്കീട്ടില്ല. വിഷമം കേറീപ്പോ വിളിച്ചതാ...

പുരുഷോത്തമന്റെ കേറി നിൽക്കുന്ന വിഷമം ഇറക്കേണ്ട ബാധ്യത അങ്ങനെ ഇപ്പോൾ എന്റെ തലയിലായിരിക്കുന്നു. അദ്ദേഹത്തിന്റെ പേരിനോട് യാതൊരു കൂറും പുലർത്താതെ നിലകൊള്ളുന്ന ശബ്ദം എന്നാൽ, സകല വിഷമങ്ങളെയും പേറുന്നതാണല്ലോ!! ഈവിധമാണ് പുരുഷോത്തമന്റെ വിഷമവർഷമെങ്കിൽ കരയാതിരിക്കേണ്ട കാര്യമെന്തെന്ന് പോലും ഞാൻ ചിന്തിച്ചുപോവും.

- പുരുഷോത്തമന്റെ ഏത് സ്നേഹിതന്റെ ലിസ്റ്റിലാണ് ഞാനുള്ളത്?
പുരുഷോത്തമൻ പേര് പറഞ്ഞു. പക്ഷേ, അങ്ങനെയൊരാളെ എനിക്ക് മനസ്സിലാക്കാനായില്ല. പക്ഷേ, അത് പറഞ്ഞ് ആളെ കൂടുതൽ വിഷമത്തിലാക്കേണ്ടെന്ന് കരുതി ഞാൻ പറഞ്ഞു..
- സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം പുരുഷോത്തമാ... ഞാൻ താങ്കളുടെ റിക്വസ്റ്റ് വന്നിട്ടുണ്ടോ എന്ന് നോക്കട്ടെ. ഉണ്ടെങ്കിൽ ആഡ് ചെയ്തോളാം.

- എങ്കീ എന്റെ വിഷമം മാറുമണ്ണാ... അണ്ണനെ എനിക്ക് ഭയങ്കര ഇഷ്ടമാ...

ആവേശത്തോടെ വാക്കേറിൽ മുഴുകുകയാണ് പുരുഷോത്തമൻ!
പുളിവെള്ളം കുടിച്ചപോലൊരു അസ്വസ്ഥതയാണ് അയാളുടെ സംസാരശൈലിയും സ്വരവും എന്നിലുണ്ടാക്കുന്നത്.

- ശരി പുരുഷോത്തമാ... മറ്റൊന്നുമില്ലല്ലോ.
- അണ്ണാ, അണ്ണനെന്നോട് കെറുവാണോ? ഞാൻ വിളിച്ചത് ഇഷ്ടപ്പെട്ടില്ലേ..

പുരുഷോത്തമൻ കിതച്ചുതുടങ്ങി. സംസാരിക്കുന്നത് എന്നോടാണെങ്കിലും അയാളുടെ മനസ്സ് സണ്ണി ലിയോണിനൊപ്പം കിടപ്പുമുറിയിലാണെന്ന് ഞാൻ ഉറപ്പിച്ചു. മുതുമൈരന്റെ സ്വരസ്ഥാനങ്ങളെല്ലാം അച്ചട്ട്. വാവ് അടുത്തിരിക്കുന്നു എന്ന് കലണ്ടർ നോക്കാതെ മനസ്സിലായി. കൂടുതൽ കേൾക്കാൻ നിൽക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു.

പുരുഷോത്തമാ, താങ്കളുടെ റിക്വസ്റ്റ് ഞാൻ സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, താങ്കളുടെ സ്നേഹിതനേ ഞാൻ അൺ‌ഫ്രണ്ട് ചെയ്യുകയും ചെയ്യുന്നു. താങ്കളോട് എനിക്ക് നീരസമോ, പുച്ഛമോ ഇല്ല. സ്വവർഗ്ഗാനുരാഗം ആക്ഷേപകരമെന്ന് കാണുന്നുമില്ല. പുരുഷമാംസത്തിന്റെ രുചിയാണ് താങ്കൾക്ക് പ്രിയമെങ്കിൽ അതായിക്കൊൾക. എന്റെ മാംസദ‌ണ്ഡ് തനിക്ക് ഉണ്ണാൻ ഞാൻ തരില്ല. എന്തുകൊണ്ടെന്നാൽ ഞാൻ 100% Straight ആവുന്നു. അത്രമാത്രം.

* * *
ഇതൊരു ഔദ്യോഗിക അറിയിപ്പായി സകല പുരുഷോത്തമന്മാരും ദയവായി കണക്കാക്കുമല്ലോ. സഹകരിക്കുക. നന്ദി.

(ഫേസ്‌ബുക്കിൽ കുറിച്ചത്)