Follow by Email

Monday, May 19, 2014

മോദിഫോബിയ!

മലേറിയയോ ചിക്കൻ ഗുനിയയോ ജനിപ്പിക്കുന്ന ഭീതിപോലും എന്നിൽ മോദി ജനിപ്പിക്കുന്നില്ല. ഗുജറാത്തുകാരനായ ദാമോദർദാസ് മൂൽചന്ദ് മോദി എന്ന വ്യക്തിയാണ് നരേന്ദ്രമോദിയുടെ പിതാവ് എന്ന് പറയുമ്പോൾ, അല്ല, മനുഷ്യമാംസം രുചിയോടെ ആസ്വദിച്ചിരുന്ന ഉഗാണ്ടക്കാരൻ ഈദി അമീൻ ആണ് ആളുടെ അച്ഛൻ എന്ന് വിശ്വസിച്ചുവിറച്ച് മുട്ടുകൾ കൂട്ടിയിടിപ്പിച്ച് ഞാനെന്തിന് എന്റെ മുട്ടുചിരട്ടകൾക്ക് ഡിപ്രീസിയേഷൻ വരുത്തണം! എനിക്ക് മോദിയെ പേടിക്കേണ്ട കാര്യമേയില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയ, മത വിശ്വാസങ്ങൾക്ക് എതിരായി നിൽക്കുന്നവരെ തീവണ്ടികളിൽ കുത്തിനിറച്ച് അടുത്ത 5 വർഷക്കാലം മോദിയും കൂട്ടരും ഫ്രൈ ചെയ്ത് ഭക്ഷിക്കും എന്ന് അലമുറയിടാൻ മാത്രമുള്ള ബുദ്ധികൂർമ്മതയും ദീർഘദൃഷ്ടിയും എനിക്കില്ല. (ഭയം ബുദ്ധിയുടെ ലക്ഷണമാണല്ലോ! )

രാഷ്ട്രീയപാർട്ടികൾ വെട്ടിയും കുത്തിയും ബോംബെറിഞ്ഞും രാഷ്ട്രീയവൈരികളെ ‘ഓർമ്മ’യാക്കുന്ന ‘കൊലാ’പരിപാടി വിജയകരമായി നടപ്പിലാക്കി വന്നിരുന്നത് കാര്യമായ ഭയപ്പാടോ പ്രതിഷേധമോ കൂടാതെ കണ്ടുവളർന്നവരാണ് നമ്മൾ കേരളീയർ. അങ്ങനെയുള്ള മലയാളികൾ മോദിയെപ്പോലൊരു മനുഷ്യനെ ഭയക്കുന്നു എന്ന് പറഞ്ഞാൽ അത് മലയാളക്കരയ്ക്കാകെ നാണക്കേടാണ്. രക്തസാക്ഷികളോടുള്ള അനാദരവാണ്. കൊലയ്ക്ക് ഗുജറാത്ത് മോഡൽ, കേരള മോഡൽ എന്നൊന്നുമില്ല. ഇരകൾ എവിടെയാണെങ്കിലും മരണവും മരണത്തോട് അനുബന്ധമായ വേദനയും വരിക്കണം. കേരളത്തിലെ ഇരകൾക്കുള്ള നേട്ടം അവർക്ക് അതാത് പാർട്ടിയുടെ രക്തസാക്ഷിയായി പുലരാം. ഗുജറാത്തിലെ അവസ്ഥ ഈ കുറിപ്പനൊട്ട് അറിയുകയുമില്ല.

ഫേസ്ബുക്കിയന്മാരായ മലയാളികൾക്കുള്ള ഭയം നാടൻ മലയാളികൾക്ക് ഉള്ളതായി കേൾക്കുന്നില്ല. അവർ മോദിയുടെ വിജയം അംഗീകരിക്കുന്നു. തങ്ങളുടെ പാർട്ടികൾക്ക് പറ്റിയ തോൽ‌വിയിൽ വ്യസനിക്കുന്നു. കേന്ദ്രത്തിൽ പ്രാതിനിധ്യമില്ലാത്തത് കേരളത്തിന് ഏതെങ്കിലും വിധത്തിൽ ദോഷമാകുമോ എന്ന് നാടിനോടുള്ള കൂറോടെ ചിന്തിക്കുന്നു. അതുകൊണ്ട് മോദി വരുന്നേയെന്ന് അലമുറയിട്ട് ഒളിച്ചിരിക്കുകയും ഇടയ്ക്ക് തലനീട്ടി ഫേസ്ബുക്ക് വാളിലേയ്ക്ക് ഭയം ഛർദ്ദിക്കുകയും ചെയ്യണോ?
ആ ഛർദ്ദിലുണ്ട് ആരെങ്കിലും കൂടെ ഭയക്കുന്നോ?

മൻ‌മോഹൻ സിംഗിനേക്കാൾ അപകടകാരിയാവാൻ മോദിക്കെന്നല്ല ഇന്ത്യയിൽ ഇനി വരാനിരിക്കുന്ന ഒരു പ്രധാനമന്ത്രിയ്ക്കും സാധിക്ക്ല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അമ്മ കുട്ടിച്ചോറാക്കിയ നാടിന് മകൻ ഉപ്പ് വിളമ്പി. തൊട്ടുനാക്കാനുള്ള അച്ചാർ വിളമ്പാൻ കോൺഗ്രസ്സുകാർ മകളെയും മരുമകനെയും ക്ഷണിച്ചിരിക്കുന്നു ഇപ്പോൾ! ഒറ്റയ്ക്ക് ഇന്ത്യഭരിയ്ക്കാൻ ബി.ജെ.പി യെ, മോദിയെ പ്രാപ്തമാക്കിയത് കോൺഗ്രസ്സിന്റെ ദുഷിച്ച ഭരണം മാത്രമാണ്. സഹികെട്ട ജനങ്ങൾ മാറി ചിന്തിച്ചു. അവർ വച്ചു പുലർത്തുന്ന പ്രതീക്ഷക്കൊത്ത് ഉയരാൻ മോദിക്കാവട്ടെ എന്ന് ആശംസിക്കുന്നു. അങ്ങനെയായാൽ അത് നാടിന് നല്ലതാവും. ആരു ഭരിച്ചാലും വേണ്ടില്ല, നാട് നന്നായാൽ മതി. (തന്റേതായ രഷ്ട്രീയകക്ഷികളിലൂടെ ഉണ്ടാവുന്ന വികസനം മാത്രമേ അനുഭവിക്കൂ എന്ന് വാശിയുള്ള ഒരുവനെങ്കിലുമുണ്ടോ?)

ജാതിമത ഭേദമെന്യേ ഇന്ത്യ മഹാരാജ്യത്തിലെ സകല ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് പോവും എന്ന് വിശ്വസിക്കാനാണ് ഞാൻ ഈ സമയം ഇഷ്ടപ്പെടുന്നത്. എക്കാലവും അങ്ങനെയാവണമെന്നാണ് ആഗ്രഹവും.. കോൺഗ്രസ്സിന് തെറ്റുകുറ്റങ്ങൾ തിരുത്തി മടങ്ങി വരാൻ കഴിയട്ടെ. ഭരണകക്ഷിയും പ്രതിപക്ഷവും തുല്യശക്തികൾ ആവുമ്പോൾ കുറ്റമറ്റ ഭരണം കൂടുതൽ സാധ്യമാവും.

പലായനങ്ങളും നരഹത്യകളും ഇന്ത്യയിൽ നടമാടുമെന്ന് ആരും കരുതേണ്ടതില്ല. എന്തുകൊണ്ടെന്നാൽ ഇത് ഇന്ത്യയാണ്. നമ്മുടെ സാമൂഹികവും സാംസ്കാരികവുമായ പരിസരം കലാപങ്ങൾക്ക് ഇണങ്ങുന്നതേയല്ല. ഇവിടെ മതേതരത്വം തകർന്നു, തകർക്കപ്പെടാൻ പോവുന്നു എന്നൊക്കെയുള്ള വേവലാതികൾ അസ്ഥാനത്താണ്. നിലനിൽ‌പ്പിന്റെ ഭാഗമാണ് അത്തരം പ്രചരണം. മോദിയെ ഒട്ടും ഭയക്കേണ്ടതില്ല. അദ്ദേഹം ഇന്ന് ഗുജറാത്ത് മുഖ്യമന്ത്രി അല്ല. ഇന്ത്യൻ പ്രധാനമന്ത്രിയാണ്. ഇനി മോദിയാണ് ഭയക്കേണ്ടത്. ഇന്ത്യൻ ജനതയെ! മതേതരത്വം കാത്തുസൂക്ഷിച്ച് വികസനോന്മുഖമായ ഒരു ഭരണം കാഴ്ചവയ്ക്കാൻ മോദിയ്ക്ക് ആവട്ടെ. നാടിനെ പുരോഗതിയിലേയ്ക്ക് നയിക്കാൻ സാധിക്കട്ടെ. ആശംസകൾ. അഭിനനന്ദനങ്ങൾ.

പിൻ‌കുറിപ്പ് : ഈ കുറിപ്പ് എഴുതിയ ആൾ സംഘി അല്ല. മോദിഫോബിയ ഇല്ലാത്ത ഒരു ‘ഇളം’ സഖാവാണ്.

9 comments:

Junaith Aboobaker said...

സാധാരണ ചിന്തിക്കുന്നവർ ഇതൊക്കെത്തനെയാണ് മനസ്സിൽ കരുതുന്നത്..നീ നന്നായി പറഞ്ഞെടാ..

Anonymous said...

നന്നായി ...

Shashi Chirayil said...

ഞാന്‍ പറയാന്‍ കരുതിയത് പറഞ്ഞ പോംങ്ങ്സ് ........താങ്ക്സ് ട്ടാ!

ajith said...

പീയെം ആരായാലും ഭരണം നന്നായാല്‍ മതി

Sudheesh Arackal said...

നൂറിലേക്ക്‌ കുതിച്ചിരുന്ന പെട്രോൾ വില ഇപ്പോൾ അറുപത്‌ ആക്കി തന്നല്ലോ.പതുക്കെ മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം.

പ്രദീപ്‌ said...

U said it .....

sreekumar g said...

nalladu aaru cheyyunnuvo avare budhajanam angeekarikkum....

ajai said...

മോഡി ഭരണം അതിന്റെ തനി സ്വഭാവം മെല്ലെ പുറത്തു കാണിച്ചു തുടങ്ങിയിരിക്കുന്നു. സ്ത്രീ സുരക്ഷ , വിലക്കയറ്റം, അഴിമതിരഹിത ഭരണം, വികസനം എന്നൊക്കെ പറഞ്ഞവർ ഇപ്പോൾ മുഖം മറയ്ക്കുനത് വർഘീയ വിഷം ഇളക്കി വിട്ടാണ്.

മൻമോഹൻ ഒക്കെ ചെറുത് എന്ന് ഇപ്പോൾ തോന്നുന്നുണ്ടോ?

Muralee Mukundan , ബിലാത്തിപട്ടണം said...

ജാതിമത ഭേദമെന്യേ ഇന്ത്യ
മഹാരാജ്യത്തിലെ സകല ജനങ്ങളും
ഒറ്റക്കെട്ടായി മുന്നോട്ട് പോവും എന്ന്
വിശ്വസിക്കാനാണ് ഞാൻ ഈ സമയം
ഇഷ്ടപ്പെടുന്നത്. എക്കാലവും അങ്ങനെയാവണമെന്നാണ്
ആഗ്രഹവും.. കോൺഗ്രസ്സിന് തെറ്റുകുറ്റങ്ങൾ തിരുത്തി മടങ്ങി
വരാൻ കഴിയട്ടെ. ഭരണകക്ഷിയും പ്രതിപക്ഷവും തുല്യശക്തികൾ
ആവുമ്പോൾ കുറ്റമറ്റ ഭരണം കൂടുതൽ സാധ്യമാവും.