Follow by Email

Monday, May 9, 2016

കടുകവരാതം - 2


/ രണ്ടാം അവരാതം /

മേഘക്കാറിൽ നിന്നും ഇറങ്ങിയ പരമശിവൻ അയാൾക്കരികിലായി കശുവണ്ടിപ്പാറയിലേക്ക് പടിഞ്ഞു. കർത്താവ് കൈവെള്ളയിലെ മുറിവ് ഊതിക്കൊണ്ട് അല്പം മാറി നിന്ന് കണ്ണുകളെ കനൽക്കടലിലേക്ക് മേയാൻവിട്ടു. പടച്ചവൻ ഒരു ഹൂറിയുടെ കവിളിൽ നുള്ളി ശൃംഗാരം വിരൽത്തുമ്പിൽ പുരട്ടി. ആ വിരൽത്തുമ്പ് അയാളുടെ ചുട്ടനെറ്റിയിൽ തലോടൽ തീർത്തപ്പോൾ അയാൾക്ക് കുളിർന്നു. ശൃംഗാരപ്പുഴ അയാളുടെ ശരീരത്തിലൂടെ കൂലം‌കുത്തിയൊഴുകി അയാളെ തണുപ്പിച്ചു. കണ്ണുകളടച്ച് അയാൾ എന്റെ അല്ലാ എന്ന് പരവശൻ മട്ട് വിലാപം പൊഴിക്കുന്നത് പരമശിവൻ അടുത്തിരുന്ന് കണ്ടു. നീലകണ്ഠത്തിൽ ചുറ്റിയിരുന്ന പാമ്പിനെ അഴിച്ച് ശിവൻ പാറയിലേക്കിട്ടു. ഉഗ്രനായ ആ പാമ്പൻ പത്തി ഒതുക്കിക്കൊണ്ട് കശുവണ്ടിപ്പാറ ധരിച്ചിരുന്ന കീരിക്കാടൻ ബ്രാൻഡ് ചൂടിൽ നിന്ന് രക്ഷപരതി പടച്ചവന്റെ ഹിജാബിൻതണലിലേക്ക് ഇഴഞ്ഞു.
പാമ്പൊഴിഞ്ഞ കഴുത്തിൽ തടവിക്കൊണ്ട് ആ ഓം‌കാരമൂർത്തി അന്തരീക്ഷത്തിൽ ഉയരുന്ന മുരൾച്ചയിലേക്ക് കാതുകൾ തുറന്നിട്ടു.
‘സഖാവേ, ഇടതടവില്ലാതെ ഇങ്ങനെ ഓംകാരം മുഴക്കാൻ ഇത്രത്തോളം ഫാൻസ് നമുക്കിവിടെയുണ്ടോ? നമ്മിൽ അതിശയം ജനിപ്പിക്കുന്നവിധമാണല്ലോ അവറ്റകളുടെ പ്രകടനം. ‘ ശിവൻ ഇപ്രകാരം അരുളിച്ചെയ്തത് അയാളോടാണെങ്കിലും ഒരു മാത്രയ്ക്കെങ്കിലും ലുക്ക് കൊടുത്തത് പക്ഷേ കർത്താവിലായിരുന്നു. കർത്താവ് മറ്റൊന്നിലും ശ്രദ്ധിക്കാതെ ഏകസുഷിരവാദകനെപ്പോലെ അപ്പോഴും ഇരുകൈവെള്ളയിലെയും മുറിവ് മാറിമാറി ഊതിക്കൊണ്ടിരുന്നു.
വശത്തേക്ക് ചെരിഞ്ഞിരുന്ന് ഒരു ചന്തിയ്ക്ക് ചൂടിൽ നിന്നും അല്പനേരമോക്ഷം നൽകിക്കൊണ്ട് അയാൾ ശിവനോടായി പറഞ്ഞു - ഓംകാരമോ, പരമാ, അങ്ങ് സ്വയം മാർക്കറ്റിംഗ് നടത്തരുത്. അത് ഓംകാരമല്ല. ശീതീകരണികളുടെ മൂളക്കമാണ് സംഗതി. ആ കാണുന്ന കോൺക്രീറ്റ് കെട്ടിടങ്ങൾ കണ്ടില്ലേ? അതിലൊക്കെ സുഖിമാന്മാരായ ഭക്തമാനവർ ഉണ്ടുരമിച്ച്പാർത്തു വരികയാണ്. അവരനുഭവിക്കുന്ന കുളിർമ്മയാണ് - ഏറിയ കൂറും അങ്ങനെയാണ് - ഈ പ്രപഞ്ചത്തിന്റെ താപവും തപവും. പച്ചപ്പ് തിന്നും പ്രകൃതിയെ തിന്നും തണുപ്പ് തൂറുന്ന യന്ത്രങ്ങളാണ് ദൈവങ്ങളേ... ശീതീകരണികൾ. നെട്ടോട്ടമോടുന്ന ശകടങ്ങളിൽ വരെ ധാരാളമായുണ്ട് അവ! ഭൂമിയെ കരിക്കട്ടയാക്കും ഈ തണുപ്പുതൂറികളും കോൺ‌ക്രീറ്റുകുറ്റികളും ചേർന്ന്...
ആവി പറക്കുന്ന അയാളുടെ വാക്കുകൾ ദൈവങ്ങളെല്ലാം സങ്കടഭാവികളായിക്കൊണ്ട് കാതേറ്റു.
‘അതാണ് ഞാൻ പറഞ്ഞത്. ഭൂമി പച്ചയ്ക്കണം. ഹരിതാഭയിലാണ് മാനവസുഖം കുടികൊള്ളുന്നത്. അല്ലേ കർത്താവേ‘ - പടച്ചവൻ കർത്താവിനോട് ‘ശത്രുവിൻ ശത്രു മിത്രം‘ എന്ന ശാസ്ത്രമനുസരിച്ച് ചോദിച്ചു. കർത്താവ് ഒരിക്കൽക്കൂടി മുറിവൂതി. പിന്നെ ശിരസ്സിലെ മുൾക്കിരീടം ഒന്നിളക്കിയുറപ്പിച്ചു. ശേഷം മാനവൻ‌മാതിരി പറയുകയും ഒപ്പം ദൈവം‌ശൈലിയിൽ അരുളിച്ചെയ്യുകയും ചെയ്തു. അതിങ്ങനെയായിരുന്നു. ‘ഡിയർ പടച്ചോനെ സ്വയം വിൽപ്പനയിൽ താൻ പരമനെ കവയ്ക്കും. എന്നാൽ ഇരുവന്മാരും കേട്ടോ.. വിശ്വാസ, മത മാർക്കറ്റിംഗിൽ നമ്മുടെ പിള്ളേര് ഏറെ മുന്നാക്കമാണ്. നൂറ്റാണ്ടുകൾക്ക് തന്നെ മുൻപിൽ. പച്ചപ്പിലല്ല ശുഭ്രതയുടെ ശാന്തതയിലും സമാധാനത്തിലുമാണ് ലോകം കുളിർക്കുക. ചൂടെന്ന വ്യാധിയെ ഒറ്റ രോഗശാന്തി ശുശ്രൂഷകൊണ്ട് ഹാലേലൂയ പാടിക്കാൻ അറിയാവുന്ന ഉഗ്രനാണ് നമ്മുടെ ബ്രദർ ഉണ്ണിയവിരക്കോയപ്പിള്ള!! സ്വർഗ്ഗത്തിൽ വരെ നോട്ടീസ് കിട്ടിയിരിക്കുന്നു. കണ്ടില്ലായിരുന്നോ? – കർത്താവ് സഹ‌ദൈവങ്ങളോടായി ചോദിച്ചു. സഹദൈവങ്ങൾ ഇല്ലെന്ന മട്ടിൽ കർത്താവിന് തലയാട്ടൽ കൊടുത്തു.
അപ്പോൾ ഹിജാബിന്റെ തണലിൽ ചുരുണ്ടുകിടന്ന പാമ്പ് ആ കാഴ്ച കാണുകയുണ്ടായി. അഗ്നിയാളുന്ന കണ്ണുകളോടെ അയാൾ ദൈവങ്ങൾക്ക് നേരേ ഉയരുന്നു! കണ്ണുകളിൽ ജ്വലിക്കുന്നത് യഥാർത്ഥനെ നിലം‌പരിശാക്കുന്ന രണ്ട് സൂര്യന്മാർ. ഡബിൾ റോൾ ജ്വലനം! പുറത്തേക്ക് നീട്ടിയ ഇരട്ടവാലൻ നാവിൽ ചൂടുകൊത്തിയപ്പോൾ പാമ്പൻ നാവുവലിച്ച് ഒന്നുകൂടി ചുരുണ്ടുകൊണ്ട് അയാളുടെ നീക്കത്തിലേക്ക് കണ്ണാഴ്ത്തി.
(തുടരും)

കടുകവരാതംഉച്ചിയിൽ ഉച്ചവെയിൽ തളം കെട്ടിയപ്പോൾ അയാൾ പുറത്തേക്കിറങ്ങി. മണ്ഡരി വിളഞ്ഞു കിടക്കുന്ന തെങ്ങിൻതോപ്പും വെയിൽ തിളച്ചുപൊങ്ങുന്ന പൊയ്യാനിക്കാരുടെ പറമ്പും കടന്ന് പനമൂട്ടിൽമുത്തിക്കാവിന്റെ മുറ്റത്തെത്തി.
നട്ടുച്ചയായിരുന്നതിനാൽ ഭക്തരുടെ ബാധയിൽ നിന്ന് മുക്തയായിരുന്നു മുത്തിയമ്മ. തന്നെ ചുറ്റും നിന്ന് ആക്രമിക്കുന്ന ചുട്ട ചൂടിനെ പനയോലകൊണ്ട് പറപ്പിച്ച് മുത്തിയമ്മ മുറ്റത്ത് കുത്തിയിരിപ്പുണ്ട്. അയാൾ നിർഭക്തമായ ഒരു പുഞ്ചിരി ആ ദൈവത്തായയ്ക്ക് നൽകിയിട്ട് ശ്രീഘ്രനായി മുറ്റം വെടിഞ്ഞു. മുത്തിയമ്മ ആ പുഞ്ചിരി കണ്ടില്ല. കഴുത്തുയർത്തി തിളച്ചു തുള്ളുന്ന സൂര്യനെ നോക്കി മുറ്റനൊരു തെറി തെറ്റിക്കുകയായിരു മുത്തിയപ്പോൾ.
അയാൾ കശുവണ്ടിപ്പാറ ലക്ഷമാക്കി കുതിച്ചു. തലച്ചോറ് വെന്ത് കുഴഞ്ഞിട്ടുണ്ടാവണം. ചെവികളിൽ നിന്ന് ചൂടുകാറ്റ് പ്രവഹിക്കുന്നു. താനൊരു ആവിയെഞ്ചിനുള്ള വണ്ടിയായി അയാൾക്ക് തോന്നി. ആ തോന്നലിനെ മാനിക്കാനെന്നവണ്ണം ചൂളം വിളിച്ചു കൊണ്ട് അയാൾ ഒരു പാച്ചില് പാഞ്ഞു. മണ്ണ് കനലായി മാറിയെന്ന പാദങ്ങളുടെ അറിയിപ്പ് ചെവി കടന്ന് വെന്തു കുഴഞ്ഞ തലച്ചോറിൽ തറഞ്ഞു.
പുല്ലാനിക്കാട്ടെ പറമ്പിൽ നിന്നിരുന്ന മരങ്ങളൊക്കെ തങ്ങളെ ഉപേക്ഷിച്ചു പോയ ഇലക്കുത്തുങ്ങളെ ഓർത്ത് കരയുന്നത് പാച്ചിലിനിടയിലും അയാൾ കണ്ടു. അയാളുടെ ചങ്കിൻകൂട്ടിൽ നിന്ന് ഒരു കരയൻ കിളി സങ്കടച്ചിറകടിച്ച് തൊണ്ട പൊട്ടിച്ച് പറന്നു പോയി.
ആഞ്ഞിലിക്കുട്ടാ കരയരുതേ,
അത്തിക്കുഞ്ഞേ കരയരുതേ
മരോട്ടിമോനേ കരയരുതേ
പ്ലാവിൻമുത്തേ കരയരുതേ
ഇലഞ്ഞിക്കുട്ടീ കരയരുതേ
പൊങ്ങല്യപ്പെണ്ണേ കരയരുതേ
തേന്മാവിൻചക്കരേ കരയരുതേ...
എന്നൊക്കെയാശ്വസിപ്പിച്ച് ഓരോ മരത്തിനെയും തലോടിക്കൊണ്ട് അയാൾ ഓടി. കണ്ണുകളിൽ നിറഞ്ഞ നീര് ആവിയായി പറന്നു. ഉഷ്ണം കവിളുകളിലൂടെയുള്ള ഒഴുക്കിനെ വരെ വറ്റിക്കുന്നല്ലോയെന്നോർത്ത് അയാൾ ഉറക്കെയുറക്കെ അലറി. കണ്ണുനീരാവി കരിമേഘമായി ഉരുണ്ടുകൂടി വടക്കോട്ട് നീങ്ങി. അയാൾ പടിഞ്ഞാറോട്ടോടി കശുവണ്ടിപ്പാറയുടെ തുഞ്ചത്ത് കയറി ഇരിപ്പുറപ്പിച്ചു. പാറ ഒരു തീക്കട്ട പോലെയായിരുന്നു. ചന്തി വെന്തത് വകവയ്ക്കാതെ അയാൾ അവിടെ അമർന്നിരുന്നു. ചുറ്റും കണ്ണെത്താത്ത ദൂരം കനൽ. ഉഷ്ണം തിരയിളക്കുന്ന കനൽ. ചുട്ടുപഴുത്ത മൺകടൽ. അതിൽ നങ്കൂരം ഇട്ടു നിർത്തിയിരിക്കുന്ന കപ്പലുകളെപ്പോലെ പടുകൂറ്റൻ കോൺക്രീറ്റ് കെട്ടിടങ്ങൾ. ജീവനുള്ള ഒരു ഭീകരമൃഗത്തെപ്പോലെ അത് സദാ മുരണ്ടുകൊണ്ടിരിക്കുന്നു.
പഞ്ചാഗ്നി മധ്യേയെന്നപോലെ അയാൾ പാറപ്പുറത്തിരുന്ന് അറബിയിലും സംസ്കൃതത്തിലും ലത്തീനിലും മാറി മാറി മുദ്രാവാക്യം മുഴക്കി. അപ്പോൾ ഉർവ്വശി രംഭ തിലോത്തമമാർ, മറ്റ് അപ്സര കന്യകകൾ, മാലാഖമാർ, ഹൂറികൾ - ഈ വിധം സ്വർഗസ്ഥമായ സ്ത്രീ വൈവിധ്യങ്ങൾ ഒരു ആഡംബര മേഘത്തിൽ അവിടേക്ക് വന്നിറങ്ങി. രംഭ ഓടി വന്ന് അയാളുടെ കീഴ്ചുണ്ടിൽ തന്റെ നാവിൻ തുമ്പുകൊണ്ട് ഒരു ഹലോ കുറിച്ചു. അയാൾ രംഭയുടെ മേൽചുണ്ടിൽ പ്രത്യുചാരമായി മറുഹലോ നാവിൻ തുമ്പാൽ തീർത്തു. പിന്നാലെ സകലമാന ഹൂറികളും അതാവർത്തിച്ചു. അപ്പോഴേക്കും അയാളുടെ അധരങ്ങൾ ഇഹമുഖവാസം വെടിഞ്ഞിരുന്നു. അധരശൂന്യനായിക്കൊണ്ട് അയാൾ ആലോചിച്ചു, ഇവൾകൾ അത്രയും വാത്സ്യായന ഗുരുക്കളുടെ സ്കൂൾ ഓഫ് നേരമ്പോക്കിൽ നിന്ന് അഭ്യാസം സിദ്ധിച്ചവരത്രെ! വമ്പത്തികൾ!
- തിലൂ, നിങ്ങളുടെ ബോസുമാർ വരാൻ വൈകുമോ? ആവശാലാണ് അവറ്റകളുടെ വരവെങ്കിൽ ഉച്ചച്ചൂടും അസംഖ്യം വരുന്ന ഈ 'ഹോട്ട്' ഹൂറികളും നമ്മെ ഭക്ഷിക്കാനിടയുണ്ടെന്ന സന്ദേഹം ഉള്ളിൽ ഉദ്ധാരണം പ്രാപിക്കുന്നുണ്ട് തിലൂ...
അയാൾ തിലോത്തമയുടെ ചെവിയിൽ മറ്റാരും കാണാതെ നാവിൻ തുമ്പു കൊണ്ട് രഹസ്യമിറ്റിച്ചു.
തിലോത്തമ്മ അയാളുടെ ഇടത് മുലക്കണ്ണിൽ അധരമമർത്തി ഹൃദയത്തോട് മന്ത്രിച്ചു. ദേ, ആകാശത്തേക്ക് നോക്കൂ.. അവരെത്തി. തിലോത്തമയുടെ അധരം കം നാവുവേലയിൽ ത്രസിച്ച മുലക്കണ്ണുകൾ കൊണ്ട് അയാൾ കണ്ടു തൂവെള്ള മേഘക്കാർ കശുവണ്ടിപ്പാറയിൽ ലാൻഡ് ചെയ്യുന്നത്.
ആ മേഘക്കാറിൽ നിന്ന് ആദ്യം ഇറങ്ങിയത് പരമശിവനാണ്. തൊട്ടു പിന്നിൽ കർത്താവ്. അതിനും പിന്നിലായി പടച്ചവൻ...
....
തുടരും..